Wednesday, May 26, 2010

ബ്രസീല്‍ എന്ന അനുഭവം

ആദ്യ ഭാഗം - ലോക കപ്പ് ഫുട്ബോള്‍ - വിവാദങ്ങളിലൂടെ; ദുരന്ത സ്മൃതികളിലൂടെ ഇവിടെ

1982 സ്പെയിന്‍ ലോകകപ്പിന്റെ രണ്ടാം റൌണ്ടില്‍ ബ്രസീല്‍ - ഇറ്റലി പോരാട്ടം. അഞ്ചുമിനിറ്റ് എണ്ണിതീര്‍ന്നതേയുള്ളു. പോളോറോസ്സിയുടെ ഗോള്‍ ഇറ്റലിയെ മുന്നിലെത്തിച്ചു. സടകുടഞ്ഞെഴുന്നേറ്റ മഞ്ഞപ്പട ഏഴ് മിനിറ്റിനകം സോക്രട്ടീസിന്റെ അതിമനോഹരമായ ലോങ്റേഞ്ചറിലൂടെ സമനിലകണ്ടു. എന്നാല്‍ വീണ്ടും കടന്നാക്രമണം നടത്തിയ റോസ്സി 25-ാം മിനിറ്റില്‍ തന്റെ രണ്ടാം ഗോളിലൂടെ ബ്രസീലിനെ വീണ്ടും ഇരുത്തിക്കളഞ്ഞു. കൊണ്ടും കൊടുത്തും നീങ്ങിയ ബലാബലത്തില്‍ ഫല്‍ക്കാവൊയുടെ ഗോളിലൂടെ ബ്രസീല്‍ ഒരിക്കല്‍കൂടി ഒപ്പമെത്തിയെങ്കിലും അവസാനചിരി ഇറ്റലിയുടേതായിരുന്നു. എഴുപത്തിയഞ്ചാം മിനിറ്റില്‍ ബ്രസീലിന്റെ സകല മോഹങ്ങളും തകര്‍ത്ത തന്റെ മൂന്നാമത്തെ ഗോളിലൂടെ റോസ്സി ഇറ്റലിയെ സെമിഫൈനലിലേക്കു നയിച്ചു.

അങ്ങനെ ബ്രസീലിനെതിരെ ചരിത്രത്താളുകളില്‍ കുറിച്ച അസുലഭ ധന്യമായ ഹാട്രിക്കിന്റെ നിറവില്‍ റോസ്സിയുടെ ഇറ്റലി ബര്‍ണാബുവിലെ ന്യൂകാംബ് സ്റ്റേഡിയത്തില്‍ ജയഭേരി മുഴക്കുമ്പോള്‍ മഞ്ഞയും നീലയും കലര്‍ന്ന വസ്ത്രങ്ങളണിഞ്ഞ ബ്രസീലിന്റെ എണ്ണമറ്റ ആരാധകര്‍ അവിശ്വസനീയതയോടെ കണ്ണീര്‍വാര്‍ക്കുകയായിരുന്നു. ടിവിയില്‍ ആ ദൃശ്യങ്ങള്‍ കണ്ട എച്ചിരിയോ പോര്‍ത്തയ്ക്ക് വല്ലാത്തൊരു നഷ്ടബോധം തോന്നി. പിന്നെയൊന്നും ആലോചിച്ചില്ല. മെക്സിക്കോവിലെ പാമ്പാസില്‍ നിന്ന് ബൊളിവിയയിലെ ലാപാസില്‍ കുടിയേറിയ ആ ദന്തഡോക്ടര്‍ മേശവലിപ്പ് തുറന്ന് പിസ്റ്റളെടുത്ത് നിറയൊഴിച്ചു; സ്വന്തം നെഞ്ചിലേക്ക്. ബ്രസീലുകാരനല്ലായിരുന്നിട്ടും പോര്‍ത്ത താന്‍ ഹൃദയത്തോടുചേര്‍ത്തു പിടിക്കുന്ന നെരൂദയുടെ കവിതകളെപ്പോലെ സാംബസോക്കറിനെയും സ്നേഹിച്ചു. അതുകൊണ്ട് 50കാരനായ പോര്‍ത്തയ്ക്ക് ആ തോല്‍വിയുടെ ആഘാതം കനത്തതായിരുന്നു.

ലോകമെമ്പാടും പോര്‍ത്തയെപ്പോലുള്ള ആരാധകരുള്ള ഏക ഫുട്ബോള്‍ രാഷ്ട്രമാകുന്നു ബ്രസീല്‍. ബ്രസീല്‍ ഫുട്ബോള്‍ യുദ്ധങ്ങളില്‍ ജയിക്കുമ്പോഴെന്നപോലെ പരാജിതരായി പിന്‍വാങ്ങുമ്പോഴും ഈ എണ്ണമറ്റ അജ്ഞാതരായ കാണികളുടെ മനസ് നിറയുകയോ വിതുമ്പുകയോ ചെയ്യും. കാരണം അവരുടെ ഫുട്ബോള്‍ നിഘണ്ടുവിലെ അവസാനവാക്ക് ബ്രസീലാകുന്നു. ഫുട്ബോളിന്റെ പരമപീഠമായ ലോകകപ്പ് ഏറ്റവും കൂടുതല്‍ തവണ ജയിച്ചു. എക്കാലത്തെയും കിടയറ്റ കളിക്കാരെ സൃഷ്ടിച്ചു. കാലദേശാതിര്‍ത്തികളില്ലാതെ ലോകത്തെങ്ങും ആരാധകരെ നേടിയെടുത്തു. ബ്രസീലിന്റെ നേട്ടങ്ങളെല്ലാം ഫുട്ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. എന്തുകൊണ്ട് ബ്രസീല്‍? എന്താണവരെ വ്യത്യസ്തരാക്കുന്നത്; അജയ്യരാക്കുന്നത്.

ബ്രസീലിന്റെ ഫുട്ബോള്‍ പെരുമകളെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ അത് അവസാനിപ്പിക്കാനാവില്ല. അഞ്ച് ലോകകപ്പ്, എട്ട് കോപ്പ, കോണ്‍ഫെഡറേഷന്‍ കപ്പുകള്‍... ഈ കണക്കുകള്‍ കൊണ്ടുമാത്രം അവരുടെ ഫുട്ബോള്‍ ചരിത്രത്തെ വരച്ചുകാട്ടാനാവില്ല. ഈ വിജയങ്ങള്‍ക്കെല്ലാം അപ്പുറം കളിയുടെ ശൈലിയും സൌന്ദര്യവുമാണ് ബ്രസീലിനെ വേര്‍തിരിച്ചുനിര്‍ത്തുന്നത്. മറ്റേതെങ്കിലും സ്പോര്‍ട്സ് ടീമുകളോ, ഗായകനൃത്തസംഘങ്ങളോ ഒന്നും ഈ ജനപിന്തുണയിലും സ്വീകാര്യതയിലും ബ്രസീല്‍ ടീമിനോളം വരില്ല. ശാസ്ത്രസാങ്കേതിക രംഗത്തുണ്ടായ വന്‍ പുരോഗതി കളിക്കാരുടെ പരിശീലനരീതിയിലും ജീവിതക്രമങ്ങളിലും ഗണ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും ഫുട്ബോളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ ഇന്നും ജന്മസിദ്ധമായ കഴിവും ബുദ്ധിയും തന്ത്രങ്ങളുമൊക്കെ തന്നെയാണ്. പന്തിനെ മാന്ത്രികനെപ്പോലെ പരിലാളിക്കുന്ന ബ്രസീലുകാരുടെ സിദ്ധിയും നൈപുണിയും അഭിനിവേശവും സൌന്ദര്യാത്മകമായ കേളീശൈലിയും ജന്മസിദ്ധമായ വരങ്ങളാണ്.

ഫുട്ബോളിനും സാംബാനൃത്തത്തിനും പുറമെ പുറംലോകം അധികമറിയാത്ത ഒരു വലിയ രാജ്യമാണ് ബ്രസീല്‍. പ്രപഞ്ചരഹസ്യങ്ങളുടെ നിഗൂഢകേന്ദ്രമെന്ന വിശേഷണമുള്ള ആമസോണ്‍ മേഖലയിലെ നിബിഡവനങ്ങള്‍ ബ്രസീലിന്റെ ആത്മാവ് മാത്രമല്ല പ്രകൃതിയുടെ അമൂല്യസമ്പത്തും ശ്വാസകോശവും കൂടിയാണ്. ബ്രസീലിന്റെ ചരിത്രമന്വേഷിക്കുന്ന ഒരു ഗവേഷണവിദ്യാര്‍ഥിക്ക് അത്ഭുതകരമായ രഹസ്യങ്ങള്‍ ഇവിടെ നിന്നു ലഭിക്കും. ആമസോണ്‍ എന്ന മണ്‍സൂണ്‍ വനം ലാറ്റിനമേരിക്കയുടെ മൊത്തം അഭിമാനമായി നിറഞ്ഞുനില്‍ക്കുമ്പോള്‍ അത് പൂര്‍ണമായി നശിപ്പിക്കാനും ധനശേഷി കവര്‍ന്നെടുക്കാനുള്ള ലക്ഷ്യവുമായി വിദേശരാഷ്ട്രങ്ങള്‍ കടന്നുവന്നു. 1500ലാണ് വിദേശികള്‍ ആദ്യമായി ബ്രസീലിലേക്ക് വന്നത്. വന്നു, കണ്ടു, കീഴടക്കി എന്ന പ്രയോഗം ശരിയെന്നു തെളിയിക്കുംവിധമായിരുന്നു പിന്നീടുള്ള കാലഘട്ടം. 1808ല്‍ ബ്രസീലില്‍ ആസ്ഥാനമാക്കി ഭരണം നിര്‍വഹിച്ചിരുന്ന പോര്‍ച്ചുഗീസുകാര്‍ 1889ല്‍ പിന്‍മാറിയെങ്കിലും അവരുടെ ഒരുതരം നിയന്ത്രണം 20-ാം നൂറ്റാണ്ടിന്റെ ആദ്യംവരെയുണ്ടായിരുന്നു. എന്നാല്‍ ആധുനിക ജീവിതശൈലിക്ക് വേണ്ടതൊക്കെ ബ്രസീലിലെത്തിച്ചത് പോര്‍ച്ചുഗീസുകാരായിരുന്നുവെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്.

ആ പോര്‍ച്ചുഗീസ് ഇറക്കുമതിയുടെ ഭാഗമായാണ് കാല്‍പന്തുകളിയും ബ്രസീലിലെത്തിയത്. ഫുട്ബോളിന് നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്തി ആധുനിക വിനോദമാക്കി മാറ്റിയത് ഇംഗ്ളണ്ടാണെങ്കില്‍ ആ കായികവിനോദത്തിന് ആസ്വാദ്യമധുരിമ നല്‍കിയത് ബ്രസീലും അര്‍ജന്റീനയും ഉറുഗ്വായ്യും ഉള്‍പ്പെടെ ലാറ്റിന്‍ രാജ്യങ്ങളാണ്. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ അധിനിവേശം നടത്തുമ്പോള്‍ ബ്രസീലിലെ വളരെ കുറച്ചുവരുന്ന ജനസംഖ്യ ചിതറിക്കിടക്കുകയായിരുന്നു. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് അടിമകളും ഉടമകളുമായി വലിയൊരു ജനസഞ്ചയം ബ്രസീലിലെ കരിമ്പിന്‍തോട്ടങ്ങളിലും കാപ്പിത്തോട്ടങ്ങളിലും മറ്റു പണിയിടങ്ങളിലുമെത്തി. ഇതിനിടെ ചാള്‍സ്മില്ലര്‍ എന്ന ഇംഗ്ളീഷുകാരന്‍ 1885ല്‍ ബ്രസീലിലെത്തിച്ച പന്തുകളി 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് സാധാരണക്കാര്‍ക്കിടയില്‍ പ്രചരിച്ചത്.

താളാത്മകമായ ബ്രസീലുകാരുടെ സാംബാ ചുവടുകള്‍ക്കു മുമ്പിലേക്ക് ഉരുളുന്ന പന്തെത്തിയതോടെ കളിക്ക് പുതിയ സൌന്ദര്യവും ശോഭയും കൈവന്നു. പട്ടിണിയെയും പരാധീനതകളെയും അതിജീവിക്കാന്‍ ഭാവനയുടെയും സര്‍ഗാത്മകതയുടെയും പുതിയ ശരീരഭാഷ അവര്‍ ഫുട്ബോളിലൂടെ കണ്ടെത്തുകയായിരുന്നു. നാട്ടിന്‍പുറങ്ങളിലും സ്കൂളുകളിലും കടല്‍ത്തീരങ്ങളിലും ഫാക്ടറികളിലും പന്തുകളി വ്യാപകമായി. പന്തിന് ചുറ്റും ആരവം മുഴക്കി ഒരു ജനത സഞ്ചരിച്ചു. ഈ കളിയിലെ എല്ലാ നിനവുകളും ആ മണ്ണിലേക്ക്, അവരുടെ കാലുകളിലേക്ക് ഒഴുകിയിറങ്ങി. അത് ഇന്നും തുടരുന്നു. പെലെയും ദീദിയും വാവയും ഗരിഞ്ചയും റൊമാരിയോയും സീക്കോയും സോക്രട്ടീസും റൊണാള്‍ഡോയും റൊണാള്‍ഡിന്യോയും ഒക്കെ പിറന്നു. അവരുടെയൊക്കെ പിന്‍മുറക്കാരും ഫുട്ബോളിന്റെ ലളിത വൃത്തത്തില്‍ തീക്ഷ്ണവും സുന്ദരവുമായ കവനങ്ങള്‍ രചിച്ച് ലോകം കീഴടക്കിക്കൊണ്ടിരിക്കുന്നു.

1930ലെ ആദ്യ ലോകകപ്പില്‍ തപ്പിത്തടഞ്ഞ കാനറിപക്ഷികള്‍ നാലുകൊല്ലത്തിനുശേഷം ഇറ്റലിയിലും ഫുട്ബോളിന്റെ ഗണിതശാസ്ത്രങ്ങളും വ്യാകരണങ്ങളും കൃത്യമായി പഠിച്ചിരുന്നില്ല. എന്നാല്‍ 1938ല്‍ ലിയോണിഡസ് ഡാസില്‍വ എന്ന സെന്റര്‍ ഫോര്‍വേഡിന്റെ കീഴില്‍ ഉജ്വലമായ ഒരു ടീം ഉദയംചെയ്തു. ഫ്രാന്‍സിലെ മൈതാനങ്ങളില്‍ മികച്ച കളിയിലൂടെ അവര്‍ സെമിയില്‍ കടന്നെങ്കിലും ഇറ്റലിയോട് 2-1ന് കീഴടങ്ങി. പിന്നീട് സ്വീഡനുമായി പ്ളേ ഓഫ് കളിച്ച് മൂന്നാംസ്ഥാനം നേടി. 1950ല്‍ സ്വന്തം നാട്ടില്‍ ഉറുഗ്വായ്യോട് തോറ്റതിനുശേഷം അഞ്ചുതവണ ജേതാക്കളായി. 1958 സ്വീഡന്‍, 1962 ചിലി, 1970 മെക്സിക്കോ, 1994 യുഎസ്എ, 2002 ജപ്പാന്‍ - കൊറിയ. 2006ലെ ലോകകപ്പ് മറക്കാനാണ് ബ്രസീല്‍ ആഗ്രഹിക്കുന്നതെങ്കിലും തങ്ങളുടെ അഞ്ച് കിരീടത്തിനുമേല്‍ ഒരു രത്നംകൂടി ചാര്‍ത്താനുള്ള ഉല്‍ക്കടമായ അഭിലാഷത്തോടെയാണ് മഞ്ഞക്കിളികള്‍ ദക്ഷിണാഫ്രിക്കയിലിറങ്ങുന്നത്.

ഫുട്ബോളില്‍ വിജയം ബ്രസീലിന് ഒരു ജീവിതചര്യയായി മാറിയിരിക്കുന്നു. ബുദ്ധിപൂര്‍വമായ ആസൂത്രണവും വേഗമേറിയ മുന്നേറ്റങ്ങളും അപകടകരമായ സ്ഥാനചലനങ്ങളും കിടയറ്റ ഷൂട്ടിങ്ങുമാവുമ്പോള്‍ അവരെ പിടിച്ചുനിര്‍ത്തുക പ്രയാസം. തങ്ങളുടേതായ ദിവസങ്ങളില്‍ കൊടുങ്കാറ്റായി മാറുന്ന ബ്രസീലിനുമുമ്പില്‍ നിലനില്‍ക്കുക മറ്റ് ശക്തികള്‍ക്കു ദുഷ്കരംതന്നെ. 2002ലെ ലോകകപ്പ് ഫൈനലില്‍ എന്താണ് സംഭവിച്ചത്. യൂറോപ്പിന്റെ കരുത്ത് മുഴുവന്‍ ആവാഹിച്ചെടുത്ത ജര്‍മനിയുടെ പൊടിപോലും ബാക്കിയുണ്ടായില്ല. ലാറ്റിനമേരിക്കയുടെ സഹജമായ കലാവാസനയോടെ ബ്രസീല്‍ അത് നിസ്സാരമാക്കി. ജര്‍മന്‍ മനുഷ്യമതിലായ ഒളിവര്‍ഖാനും ബ്രസീലിയന്‍ ഗോളടിയന്ത്രം റൊണാള്‍ഡോയും തമ്മിലായിരുന്നു കടശ്ശിക്കളി. ഒരു സ്ട്രൈക്കറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയതായിരുന്നു ഖാന്റെ പോസ്റ്റില്‍ ഗോളടിക്കുകയെന്നത്. പക്ഷേ റൊണാള്‍ഡോയുടെ ബൂട്ടുകള്‍ ഒന്നല്ല, രണ്ടുവട്ടം ആ കോട്ട ഭേദിച്ചു. നാലുവര്‍ഷംമുമ്പ് ഫ്രാന്‍സില്‍ നേരിട്ട ദുരന്തത്തിന് റൊണാള്‍ഡോയും ബ്രസീലും അതേ ചരിത്രപഥത്തില്‍ യൂറോപ്യന്‍മാരോട് പകവീട്ടിയത് ആധികാരികമായി തന്നെയായിരുന്നു.


ബ്രസീലിന്റെ ഇന്നത്തെ കേളീശൈലി വര്‍ഷങ്ങളിലൂടെ വികസിപ്പിച്ചെടുത്തതാണ്. ബ്രസീലുകാരുടെ പ്രധാന ഉല്‍പന്നം ഫുട്ബോള്‍ താരങ്ങളാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അതാണ് ബ്രസീലും മറ്റു രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം. ഫുട്ബോളില്‍ വളരെ വേഗത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. അതിനനുസരിച്ച് തങ്ങളുടെ ശൈലി ചിട്ടപ്പെടുത്താന്‍ ബ്രസീലിനു കഴിഞ്ഞിട്ടുണ്ട്. യൂറോപ്പിന്റെ അതിജീവനതന്ത്രങ്ങളെ എങ്ങനെ മറികടക്കണമെന്നതില്‍ ബ്രസീലിന്റെ പരിശീലകര്‍ വിജയിക്കുന്നുവെന്നതിന്റെ സാക്ഷ്യപത്രങ്ങളാണ് തൊണ്ണൂറുകള്‍ മുതലുള്ള അവരുടെ ലോകകപ്പിലെയും മറ്റും പ്രകടനം.

ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഒരു വിശിഷ്ടരാജ്യമാണ് ബ്രസീല്‍. ഫുട്ബോള്‍ ആ നാടിന്റെ മജ്ജയും മാംസവുമാകുന്നു. അപ്പവും വീഞ്ഞുമാകുന്നു. അപ്രതീക്ഷിതമായി ബ്രസീല്‍ തോല്‍ക്കുമ്പോള്‍ അതൊരു ദേശീയ ദുരന്തമായി മാറുന്നു. വിജയങ്ങള്‍ ആ ജനതക്ക് ഒലിവിലകളും അവസാനിക്കാത്ത രാത്രികളും സമ്മാനിക്കുന്നു. ചരിത്രത്തില്‍ ഒട്ടേറെ വിപര്യങ്ങള്‍ ബ്രസീലിനെ കാത്തുനിന്നിട്ടുണ്ടെങ്കിലും പന്തുകളിയില്‍ ബ്രസീലുകാര്‍ക്ക് പകരക്കാരില്ല. അതേ, ബ്രസീല്‍ ഒരു അനുഭവമാണ്.

*
എ എന്‍ രവീന്ദ്രദാസ് കടപ്പാട്: ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഒരു വിശിഷ്ടരാജ്യമാണ് ബ്രസീല്‍. ഫുട്ബോള്‍ ആ നാടിന്റെ മജ്ജയും മാംസവുമാകുന്നു. അപ്പവും വീഞ്ഞുമാകുന്നു. അപ്രതീക്ഷിതമായി ബ്രസീല്‍ തോല്‍ക്കുമ്പോള്‍ അതൊരു ദേശീയ ദുരന്തമായി മാറുന്നു. വിജയങ്ങള്‍ ആ ജനതക്ക് ഒലിവിലകളും അവസാനിക്കാത്ത രാത്രികളും സമ്മാനിക്കുന്നു. ചരിത്രത്തില്‍ ഒട്ടേറെ വിപര്യങ്ങള്‍ ബ്രസീലിനെ കാത്തുനിന്നിട്ടുണ്ടെങ്കിലും പന്തുകളിയില്‍ ബ്രസീലുകാര്‍ക്ക് പകരക്കാരില്ല. അതേ, ബ്രസീല്‍ ഒരു അനുഭവമാണ്.