അയ്യപ്പപ്പണിക്കരുടെ കവിതകളെ മുന്‍നിര്‍ത്തി ഒരു വിചാരം
".............................എന്തെല്ലാം കാര്യങ്ങളിലൂടെ ഞാന്‍ കടന്നുപോയി! എന്തെല്ലാം കാര്യങ്ങള്‍ എന്നിലൂടെ കടന്നുപോയി! ആദര്‍ശങ്ങള്‍ക്കുവേണ്ടി ആളുകള്‍ മരിക്കുന്നു; കൊല്ലുന്നു. ആദര്‍ശങ്ങളെ കമ്പോളത്തിലും കടത്തിണ്ണയിലും വിറ്റുകാശാക്കി സുഖമന്വേഷിച്ചു നടക്കുന്നു. വിശ്വാസത്തിന്റെ പേരില്‍ മറ്റെല്ലാം നഷ്ടപ്പെട്ടതുകൊണ്ട് നിത്യവൈരാഗികളായി മാറുന്നു. ഏതെങ്കിലും ഒരു ചട്ടക്കൂട്ടില്‍ ജീവിതം മുഴുവന്‍ ഒതുക്കാമെന്നു വ്യാമോഹിക്കുന്നു; വ്യാമോഹിപ്പിക്കുന്നു. നന്മയെപ്പറ്റിയും തിന്മയെപ്പറ്റിയും തിസീസും എതിര്‍തിസീസും കൈമാറുന്നു. കക്ഷി മാറി കുക്ഷി നിറയ്ക്കുന്നു. എല്ലാം എന്റെ ബോധമണ്ഡലത്തിലും അബോധമണ്ഡലത്തിലും അനുരണനങ്ങള്‍ ഉണ്ടാക്കി .''
....അയ്യപ്പപ്പണിക്കര്‍
"ആളുതിക്കിത്തിരക്കിയേറുന്ന-
താണു ചന്തയതാണെന്‍ പ്രപഞ്ചം
വില്‍പനയ്ക്ക് ചരക്കുകളും പേറി
വില്‍പനക്കാര്‍ വരുന്നു; പോകുന്നു,
തങ്ങളെത്തന്നെ വില്‍ക്കുന്നു, വീണ്ടും
തങ്ങള്‍തന്നെ വിലപേശി നില്‍പൂ.''
കുരുക്ഷേത്രം
ടി.എസ്. എലിയറ്റിനെപ്പോലെ ഒരു ക്രൂരകാലത്തിന് താനും സാക്ഷിയായി എന്നതിന്റെ സാക്ഷ്യപത്രമാണ് ഗദ്യത്തിലും കവിതയിലുമായി അയ്യപ്പപ്പണിക്കര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കണ്‍മുന്നില്‍ ആളുകള്‍ മരിക്കുന്നു. കൊല്ലുന്നു. ആദര്‍ശങ്ങള്‍ കമ്പോളത്തിലും കടത്തിണ്ണയിലും വിറ്റുകാശാക്കുന്നു. കക്ഷിമാറി കുക്ഷി നിറയ്ക്കുന്നു. മനുഷ്യമനസ്സ് സ്നേഹവും കാരുണ്യവും വറ്റി വിണ്ടുകീറിയ തരിശുനിലമായി മാറി എന്നര്‍ഥം. ഇത്തരം കാഴ്ചകളാണ് 'കുരുക്ഷേത്രം' എന്ന കാവ്യത്തിന്റെ രചനയ്ക്ക് അയ്യപ്പപ്പണിക്കര്‍ക്ക് പ്രേരണയായത്. കുരുക്ഷേത്രത്തില്‍ ആ അനുഭവം അദ്ദേഹം അങ്ങനെതന്നെ ആവിഷ്കരിച്ചിരിക്കുന്നു. ലോകം ചന്തയായി മാറി. അവിടേക്ക് വില്‍പനക്കാര്‍ വരുന്നു, പോകുന്നു. തങ്ങളെത്തന്നെ വില്‍ക്കുന്നു. തങ്ങള്‍ക്കുതന്നെ വിലപേശുന്നു. മനസ്സിലാകെ മണല്‍ക്കാലം.
ഇതല്ലാതെ ഏതാണ് ഏറ്റവും ക്രൂരമായകാലം. ടി.എസ്. എലിയറ്റും അയ്യപ്പപ്പണിക്കരും അതുപോലുള്ളവരും നമുക്ക് കാണിച്ചു തന്ന ആ കമ്പോളം ഇന്ന് ആഗോളകമ്പോളമായി വളര്‍ന്ന് പന്തലിച്ച് മറ്റൊരു ലോകമായി മാറിയിരിക്കുന്നു. ലോകം കമ്പോളമായെന്നും മനുഷ്യന്‍തന്നെ വില്‍പനച്ചരക്കായെന്നുമുള്ള യാഥാര്‍ഥ്യം കാവ്യവസ്തുവാക്കിയപ്പോള്‍ തന്റെ കാലത്തെ മാത്രമല്ല വരാനിരിക്കുന്ന കാലത്തേയും അയ്യപ്പപ്പണിക്കര്‍ കവിതയില്‍ അടയാളപ്പെടുത്തകയായിരുന്നു. അതാണ് സമകാലികത. കാലത്തിന്റെ സ്പന്ദനങ്ങളെ /തരിശുനിലങ്ങളെ ദീര്‍ഘദര്‍ശനം ചെയ്യുന്ന രീതി. അതുകൊണ്ട് അയ്യപ്പപ്പണിക്കരുടെ കാവ്യശിരസ് എല്ലാക്കാലത്തും ഉയര്‍ന്നുതന്നെ നില്‍ക്കും. അയ്യപ്പപ്പണിക്കരുടെ മാത്രമല്ല ക്രാന്തദര്‍ശികളായ എല്ലാ കവികളുടേയും.
കാലത്തിന്റെ ക്രൌര്യം തിരിച്ചറിയുന്ന കവികള്‍ക്ക് പഴയമട്ടില്‍ എഴുതിക്കൊണ്ടിരിക്കാനാകില്ല.
"ഓളം തല്ലുമിക്കായലില്‍ നമ്മുടെ
ഓടമൊഴുകി നടക്കും
ഓടത്തിനുള്ളിലൊരോണം രചിച്ചെ-
ന്നൊമനെ, നമ്മളിരിക്കും
ദിവ്യാനുരാഗകഥകള്‍ കോര്‍ത്തുള്ള നിന്‍
സൌവര്‍ണഗീതികള്‍ പാടി''
ഈ വരികള്‍ ആരുടേതാണ്? ചങ്ങമ്പുഴയുടേത്? ഓളംതല്ലുന്ന കായലും ഒഴുകുന്ന ഓടവും ഓടത്തിലെ ഓമനയും അവള്‍ പാടുന്ന ദിവ്യാനുരാഗത്തിന്റെ സൌവര്‍ണഗീതികളും അതിന്റെ സംഗീതാത്മകമായ അവതരണവുമെല്ലാം ചങ്ങമ്പുഴമട്ടിലുള്ളതാണ്. എന്നാല്‍ ഇത് ചങ്ങമ്പുഴയുടേതല്ല. അയ്യപ്പപ്പണിക്കരുടേതാണ്. 'മഞ്ഞിന്റെ മകള്‍' എന്ന കവിതയിലേത്. എന്നാല്‍ കാലത്തിന്റെ ആഘാതങ്ങളേറ്റുവാങ്ങിയ അയ്യപ്പപ്പണിക്കര്‍ ഇത്തരം കാല്‍പനിക കാവ്യപ്രപഞ്ചത്തില്‍നിന്ന്, 'ആളുതിക്കിത്തിരക്കിയേറുന്ന/താണു ചന്തയതാണെന്‍ പ്രപഞ്ചം' എന്ന യാഥാര്‍ഥ്യത്തിലേക്ക് വന്നു. അന്നുമുതലാണ് അദ്ദേഹത്തിന്റെ കാവ്യലോകത്തിന്റെ അലകും പിടിയും മാറുന്നത്. അതാകട്ടെ മലയാളകവിതയ്ക്ക് ഒരു പുതിയമുഖം നല്‍കാനുള്ള പരിശ്രമത്തിന്റെ ഭാഗമായിത്തീര്‍ന്നു. ആംഗലേയ കവിതയില്‍ തരിശുനിലങ്ങളുടെ ചുഴികളും മലരികളും കണ്ടെടുത്ത എലിയറ്റിന്റെ കവിതകളുമായുള്ള പരിചയവും എലിയറ്റിനുതന്നെ മാതൃകകളായിരുന്ന യൂറോപ്യന്‍ കവികളുടെ കവിതകളുമായുള്ള സഹവാസവും മലയാളകവിതയ്ക്ക് പുതിയ മുഖം നല്‍കണം എന്ന ചിന്തയിലേക്ക് അയ്യപ്പപ്പണിക്കരെ നയിച്ചിരിക്കണം. തരിമണലുകളിളക്കി 'വേസ്റ്ലാന്‍ഡ്' അയ്യപ്പപ്പണിക്കര്‍ സ്വാംശീകരിച്ചിരുന്നു എന്നതിന് തെളിവാണ് മലയാളത്തിലേക്ക്, 'തരിശുഭൂമി' എന്ന പേരില്‍ നടത്തിയ മൊഴിമാറ്റം. അല്ലെങ്കില്‍ ഇത്ര അര്‍ഥവത്തായ മൊഴിമാറ്റത്തിന് അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. എലിയറ്റിന്റെ കാവ്യസ്വത്വം അനാവരണം ചെയ്തുകൊണ്ട് എഴുതിയ ലേഖനവും ശ്രദ്ധേയമാണ്. എലിയറ്റ് ആധുനികകാവ്യസരണിക്ക് മാര്‍ഗമൊരുക്കി സൈദ്ധാന്തികലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതുപോലെ അയ്യപ്പപ്പണിക്കരും ആധുനികകവിതയെപ്പറ്റി സൈദ്ധാന്തികലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
എലിയറ്റിനെപ്പോലെ അയ്യപ്പപ്പണിക്കര്‍ കാവ്യവസ്തു എന്ന നിലയില്‍ സമകാലികയാഥാര്‍ഥ്യത്തെ സ്വീകരിക്കുകയും പാരമ്പര്യഘടകങ്ങളെ പ്രതിഷ്ഠിച്ചുകൊണ്ട് ആ യാഥാര്‍ഥ്യത്തെ ആവിഷ്കരിക്കുകയും ചെയ്തു. കാല്‍പനികതയിലെപ്പോലെ കവിതയെ ആത്മാവിഷ്കാരം എന്ന നിലയില്‍ നിന്ന് മാറ്റി അവനവനില്‍ നിന്നുള്ള പലായനമാക്കി. ഇത് എലിയറ്റിന്റെ നിര്‍വ്യക്തിവാദം എന്ന കാവ്യസിദ്ധാന്തത്തെയാണ് ഓര്‍മിപ്പിക്കുന്നത്. അന്തര്‍ഭാവത്തിലെന്നപോലെ ഭാഷ, രൂപം എന്നിവയിലും എലിയറ്റിന്റെ രീതികളോട് അയ്യപ്പപ്പണിക്കര്‍ക്ക് മമതയായിരുന്നു. എലിയറ്റിനെപ്പോലെ "മലയാളകവികളും നിഷ്കൃഷ്ടവൃത്ത നിബന്ധനകള്‍ ഉപേക്ഷിച്ച് താളാനുസൃതമായ സ്വതന്ത്രപദ്യരചനയില്‍ താല്‍പര്യം കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു'' എന്ന് അദ്ദേഹം എഴുതുന്നുണ്ട്. അയ്യപ്പപ്പണിക്കര്‍ ഇത് സ്വന്തം കവികര്‍മംകൊണ്ട് സാക്ഷാല്‍കരിച്ചിട്ടുണ്ട്.
ഭാഷയിലും രൂപത്തിലും അഴിച്ചുപണിനടത്തിയ അയ്യപ്പപ്പണിക്കര്‍ കവിതയ്ക്ക് പുതിയ അന്തര്‍നാദം നല്‍കി എല്ലാത്തരം ഗതാനുഗതികത്വത്തിനും എതിരായി നിന്നു. കവിതയില്‍ ഭാഷ കേവലമായ ആചരണത്തിനുവേണ്ടിയുള്ളതല്ല; കവിതയുടെ മൊത്തത്തിലുള്ള ആന്തരികനാദം ധ്വനിപ്പിക്കുന്നതിനുവേണ്ടിയാണ്. അതിനാല്‍ പൊരുത്തപ്പെടാത്ത പദങ്ങളും ചേര്‍ത്ത് പ്രയോഗിക്കാന്‍ കഴിയും. ഇങ്ങനെ ഭാഷയെ കവിതയില്‍ സ്വതന്ത്രമായി ഉപയോഗിക്കുമ്പോള്‍ കാലത്തിന്റെ യാഥാര്‍ഥ്യങ്ങളെ കവിക്ക് കാവ്യാത്മകമായി അവതരിപ്പിക്കാന്‍ കഴിയും. അയ്യപ്പപ്പണിക്കര്‍ കവിതയില്‍ ചെയ്തതതാണ്. അധികപദങ്ങളൊഴിവാക്കി, വാക്കിന്റെ തെരഞ്ഞെടുപ്പിലൂടെയും അതിന്റെ ശരിയായ വിന്യാസത്തിലൂടെയും കവിതയെ ഉന്മിഷത്താക്കി, കാലത്തിന്റെ യാഥാര്‍ഥ്യങ്ങളാവിഷ്ക്കരിക്കാന്‍ കഴിയുന്ന ഭഗ്നബിംബങ്ങളെ കവിതയുടെ സമഗ്രാനുഭൂതിയുടെ ഭാഗമാക്കി പുതിയൊരനുഭൂതി സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. ഭാഷയെ മെറ്റഫറുകളിലൂടെ വളര്‍ത്തി പാരമ്പര്യത്തിന്റെ പ്രതീകങ്ങളെ സമര്‍ഥമായി അദ്ദേഹത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞു. ഭാഷയുടെ സ്വതന്ത്രപ്രയോഗത്തിലൂടെയാണ് പുതിയ പദരചനയ്ക്കും ശിഥിലബിംബപ്രയോഗത്തിനും മുക്തഛന്ദസ്സിനും ദാര്‍ശനികഗരിമയ്ക്കും കറുത്ത ഫലിതപരിഹാസങ്ങള്‍ക്കും പ്രതിഷ്ഠകിട്ടുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ കവിതയുടെ കാതലായിരുന്നത് യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള അവബോധമാണ്.
ബഹുസ്വരതയുടെ സമന്വയം -
പകലുകള്‍ രാത്രികള്‍
അന്തര്‍ഭാവത്തിലും ആവിഷ്കാരത്തിലുമുള്ള ബഹുത്വത്തിന് അയ്യപ്പപ്പണിക്കരുടെ കാവ്യലോകത്തെ നല്ല പ്രത്യക്ഷം 'പകലുകള്‍ രാത്രികള്‍'എന്ന കവിതയാണ്. 1969ല്‍ ഡയറിക്കുറിപ്പിന്റെ രൂപത്തിലെഴുതിയ ഈ കവിതയില്‍ അയ്യപ്പപ്പണിക്കരുടെ വ്യത്യസ്തമായ കാവ്യരീതികളുടെ സമന്വയം കാണാം; പകലിന്റെയും രാത്രിയുടെയും സമന്വയം പോലെ. ആധുനികമായ അന്തര്‍ഭാവവും അതിനിണങ്ങിയ ഭാഷയും ഛന്ദസും രൂപവും സമന്വയിക്കുന്ന ഈ കവിതയില്‍ 'കുരുക്ഷേത്രം', 'മൃത്യുപൂജ', 'അഗ്നിപൂജ' തുടങ്ങിയ മട്ടിലുള്ള കവിതകളില്‍ നിന്ന് വ്യത്യസ്തമായി കവിത കൂടുതല്‍ സ്വതന്ത്രമാകുന്നു. ദാര്‍ശനികതയും ഭാവഗീതസ്വഭാവത്തിലേക്ക് വഴുതിപ്പോകാത്ത മുക്തഛന്ദസില്‍ കോര്‍ത്തെടുത്ത ഗാനാത്മകതയും ഗദ്യത്തിന്റെ മുറുകിയ പ്രയോഗവും ഫലിതപരിഹാസവും ഇടകലര്‍ന്ന് വരുന്ന 'പകലുകള്‍ രാത്രികള്‍' 26 ദിവസങ്ങളിലായിട്ടാണ് എഴുതിയിരിക്കുന്നത്. 21 ഖണ്ഡങ്ങളായിട്ടാണ് ഇത് വിഭജിക്കപ്പെട്ടിട്ടുള്ളത്.
"വിളംബിതകാലത്തില്‍ തുടങ്ങുകയും ദ്രുതത്തിലൂടെ വീണ്ടും വിളംബിതങ്ങളിലെത്തിച്ചേരുകയും അതിദ്രുതത്തിലവസാനിക്കുകയും ചെയ്യുന്ന സിംഫണിയുടെ ഘടന 'പകലുകള്‍ രാത്രിക'ളില്‍ പെട്ടെന്നു തന്നെ കണ്ടെത്താനാവും''എന്ന പി.കെ.രാജശേഖരന്റെ അഭിപ്രായത്തിലുള്ളത് ഈ കാവ്യത്തിന്റെ വൈവിധ്യമേളനമാണ്.
"മനസൊരു പാഴ്വേലയാണ്
ചിന്ത ഒരു തന്ത്രവും
എന്നിട്ടും
സന്ധ്യകളൊഴുകുന്ന രാജവീഥികളിലും
രാത്രികളിഴുകുന്ന
അഴുക്കുചാലുകളിലും. മനുഷ്യന്റെ ചിന്ത
അശ്രാന്തമായി പരതി നടക്കുന്നു
ഈ പാഴ്വേല അവസാനിക്കുമ്പോഴേക്കും
ജീവിതം അവസാനിക്കുന്നു.
അതും ഒരു തന്ത്രമാവാം''
എന്ന ആദ്യത്തെ ഖണ്ഡത്തില്‍ത്തന്നെ വൈരുധ്യങ്ങളുടെ സമന്വയമാണ് കവി ആവിഷ്കരിക്കുന്നത്. സാമാന്യാവസ്ഥയില്‍ മനസ്സ് പാഴ്വേലയോ ചിന്ത തന്ത്രമോ അല്ല. പക്ഷേ അങ്ങനെയാണെന്ന സമര്‍ഥനമാണ് കവിതയുടെ കാതല്‍. ജീവിതത്തിന്റെ ആധുനികനഗരസ്വഭാവങ്ങളില്‍ എല്ലാം പാഴ്വേലകളും തന്ത്രങ്ങളുമായി മാറുന്നതിന്റെയും ആ പാഴ്വേലകളും തന്ത്രങ്ങളുമായുള്ള പരക്കംപാച്ചിലിനിടയില്‍ ജീവിതം അവസാനിച്ചുപോകുകയും ചെയ്യുന്നതിന്റെ ചിത്രം ഇവിടെയുണ്ട്. മരണം എന്ന അനിവാര്യതയിലേക്ക് അറിയാതെ എത്തിച്ചേരുകയും അപ്പോള്‍ അതുവരെ അനുവര്‍ത്തിച്ച തന്ത്രങ്ങളൊന്നും പ്രയോഗിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നതാണ് മനുഷ്യാവസ്ഥ. അങ്ങനെ ജീവിതം അവസാനിക്കുന്നു. ഇത്തരമൊരു ചിത്രം അവതരിപ്പിച്ചശേഷം കവി എഴുതുന്നത്, 'അതും ഒരു തന്ത്രമാവാം' എന്നാണ്. കവിത സൃഷ്ടിച്ച ഗൌരവചിത്രം. തലതിരിച്ചുവച്ച് ചിരിക്കുന്ന ഈ രീതിയില്‍ മരണത്തെ അല്ലെങ്കില്‍ ദുരന്തത്തെ നിസാരവല്‍കരിക്കുന്ന സ്വഭാവമാണുള്ളത്. അങ്ങനെ എല്ലാം തന്ത്രങ്ങളായി മാറുന്ന ലോകത്തിന്റെ ധ്വനിചിത്രം കവിത നല്‍കുന്നു. ലോകത്തിന്റെ ആന്തരികസ്വഭാവത്തെ ആന്തരികമായിത്തന്നെ കവിതയില്‍ ആവിഷ്കരിക്കുന്ന ഈ രീതിയില്‍ നിന്ന് വ്യത്യസ്തമാണ് അടുത്ത ഖണ്ഡം.
"ഇന്നലെ തെരുവിന്റെ
മൂലയില്‍ സന്ധ്യാദീപ്തി
മങ്ങിയ കവലയില്‍
ചിന്തതന്‍ വലകളില്‍
കുടുങ്ങിക്കിടപ്പോരെ-
കണ്ടുഞാന്‍....ഇന്ത്യക്കാരെ
ചുരുങ്ങിപ്പോയീലോകം
വേറൊരിന്ത്യയെന്‍ മുന്നില്‍!''.
ലോകയാഥാര്‍ഥ്യത്തെ അതുപോലെതന്നെ കവിതയാക്കിയിരിക്കുകയാണ് ഇവിടെ. വ്യക്തമായ ഈ ചിത്രത്തിനു പിന്നാലെ വരുന്ന വരികളില്‍ കുസൃതിച്ചിരിയോടെ, ഇപ്പോള്‍ ഇന്ത്യക്കാര്‍ ഇവരാണ് എന്ന് ആതിഥേയ പറയുന്നു. അതും വാസ്തവികത നിറഞ്ഞ പ്രസ്താവം തന്നെയാണ്. തുടര്‍ന്നുള്ള വരികളില്‍ ക്രമേണ കവിത ധ്വനിഭദ്രമായി മാറുന്നു.
"വെള്ളക്കാര്‍ ചുവന്നോരെ,
ചുവന്നോര്‍ വെള്ളക്കാരെ.
കൊന്നതാര്‍? ആരെ?
ഭൂതം വര്‍ത്തമാനത്തെകൊന്നു''.
തുടര്‍ന്ന് കാവ്യത്തിന്റെ രൂപശില്‍പം തന്നെ മാറ്റിയെഴുതിക്കൊണ്ടാണ് ആവിഷ്കാരം ധ്വനിഭംഗി നേടുന്നത്.
"രണ്ടുലോകങ്ങള്‍ രണ്ടുകാലങ്ങള്‍ ദുഃഖത്തിന്റെ
രണ്ടു ദ്വീപുകള്‍ രണ്ടുദീപങ്ങള്‍ ചിറകറ്റ
രണ്ടുപക്ഷികള്‍ രണ്ടുനിറങ്ങള്‍-ഇന്നത്തെയീ
സന്ധ്യയിലവയുടെ ചോരവാര്‍ന്നൊലിക്കുന്നു!''
സാല്‍വദോര്‍ ദാലിയുടെ ഉരുകിയൊലിക്കുന്ന വാച്ചിന്റെ ഓര്‍മയുണര്‍ത്തുന്നു, കവിതയുടെ അവസാനഭാഗത്തെ 'ചോരവാര്‍ന്നൊലിക്കുന്നു!' എന്ന പ്രയോഗം. രണ്ടുലോകങ്ങള്‍, രണ്ടുകാലങ്ങള്‍, ദുഃഖത്തിന്റെ രണ്ടുദ്വീപുകള്‍, രണ്ടുദീപങ്ങള്‍, ചിറകറ്റ രണ്ടുപക്ഷികള്‍, രണ്ടുനിറങ്ങള്‍ എന്ന ദ്വന്ദ്വത്തിന്റെ സമന്വയത്തിലൂടെയാണ് ആ ചോര വാര്‍ന്നൊലിക്കുന്നതിന് ശക്തികിട്ടുന്നത്. വിഭജനത്തിന്റെ ചോരവാര്‍ന്നൊലിക്കല്‍. യഥാര്‍ഥത്തില്‍ ലോകം വിഭജിക്കപ്പെട്ട തുരുത്തുകളാണ്. മനുഷ്യര്‍തന്നെയും വിഭജിക്കപ്പെട്ടവര്‍. എല്ലാ വിഭജനങ്ങളും തരിശില്‍ നിന്നാണ് ഉദയം ചെയ്യുന്നത്. വിഭജിക്കപ്പെട്ട മനുഷ്യരുടെ കവിതയാണ് ആധുനിക കവിത. ഇങ്ങനെ ഒട്ടേറെ ആലോചനകളിലേക്ക് ഈ കാവ്യഖണ്ഡം പ്രേരണ നല്‍കുന്നു. ഈ രണ്ടുകാവ്യഖണ്ഡങ്ങളില്‍നിന്നും
ഭിന്നമായിട്ടുള്ളതാണ് അടുത്തത്.
"ഈച്ച
ഈച്ചയ്ക്ക് മണക്കാനുള്ള
കഴിവ് നഷ്ടപ്പെട്ടപ്പോള്‍
അത് ഒരാനയുടെ തുമ്പിക്കൈയില്‍
താവളമടിച്ചു.
ഇനി ആനമണക്കുമ്പോള്‍
തനിക്കും മണംകിട്ടും:
ഈച്ച ആശ്വസിച്ചു''.
"ഒരീച്ചക്ക് മണക്കാനുള്ള കഴിവുനഷ്ടപ്പെട്ടപ്പോള്‍ ഒരാനയുടെ തുമ്പിക്കൈയില്‍ താവളമടിക്കുകയും ആന മണക്കുമ്പോള്‍ തനിക്കും മണം കിട്ടുമെന്ന് ആശ്വസിക്കുകയും ചെയ്തു.'' എന്ന രീതിയില്‍ ഇത് പരാവര്‍ത്തനം ചെയ്യാം. കവിതയെന്ന് രൂപംകൊണ്ട് തോന്നലുണ്ടാകാന്‍ വേണ്ടിയാകാം വാക്കുകളും വാചകങ്ങളും തിരിച്ച് എഴുതിയിരിക്കുന്നത്. തനിഗദ്യത്തിലേക്കും സുതാര്യമായ ആഖ്യാനത്തിലേക്കുമുള്ള മാറ്റമാണിവിടെ സംഭവിച്ചത്. ഇത്തരമൊരു മാറ്റത്തോടൊപ്പം നിശബ്ദമായ ചിരിസൃഷ്ടിക്കുന്ന രീതിയിലേക്ക് ഈ കാവ്യഭാഗത്തിന്റെ
അന്തര്‍ഭാവം തുടര്‍ന്ന് വികസിക്കുന്നു:
"അങ്ങനെയിരിക്കുന്ന അവസരത്തില്‍
ആനയുടെ തുമ്പികൈയില്‍ വ്രണംപൊട്ടി
അവിടെയെല്ലാം ദുര്‍ഗന്ധമായി.
ആന ഒന്നു തുമ്മിയപ്പോള്‍
ഈച്ച വെളിയിലായി!
തനിക്ക് മണക്കാനുള്ള
കഴിവ് നഷ്ടപ്പെട്ടത്
എത്രനന്നായി.
അപ്പോഴും ഈച്ച ആശ്വസിച്ചു''.
പലതരത്തില്‍ വ്യാഖ്യാനിക്കാവുന്ന ഭാഗമാണിത്. വ്യാഖ്യാനഭേദങ്ങള്‍ എന്തായാലും കവിതയുടെ അന്തര്‍ഭാവം നല്‍കുന്ന ചിരിയാണ് യഥാര്‍ഥത്തില്‍ ഇതിലെ കവിത. ഇവിടെ ഗദ്യത്തിന്റെ ലളിതമായ പ്രയോഗത്തിലൂടെ അന്തര്‍ഭാവത്തെ നല്ലപോലെ വ്യക്തമാക്കാന്‍ കഴിയുന്നു. ഇവിടെയും ഭാവത്തിനനുരൂപമായ ആവിഷ്കാരമാണ് കവി നടത്തുന്നത്.
പുരൂരവസ്', ‘'മൃത്യുപൂജ' എന്നീ കാവ്യങ്ങളിലെപ്പോലെ ഗാനാത്മകമായ രീതിയിലാണ് അടുത്ത ഖണ്ഡം. ഇവിടെ വര്‍ത്തമാനയാഥാര്‍ഥ്യങ്ങള്‍ സൂക്ഷ്മ സ്വഭാവത്തോടെ വര്‍ണിക്കുകയും ലഘുവായി ഭൂതകാലചിഹ്നങ്ങളെ ആവിഷ്കരണോപാധിയാക്കുകയും ചെയ്യുന്നു. ഒപ്പം ഹാസ്യത്തിന്റെ മേമ്പൊടിയുമുണ്ട്.
"ചിറ്റുപാവാട ഞെറിഞ്ഞുയര്‍ന്നാലതി-
ലിറ്റും മധുര മധു സ്വേദബിന്ദുക്കള്‍
വറ്റി ലവണ കണികകളായതില്‍
പറ്റിനില്‍ക്കുന്നു യുവാവും യുവതിയും.
ഭൂമി വിളിക്കുന്നു പച്ചവിരിപ്പുമായ്
ദൂതികയെപ്പോലെ, 'നീ വരൂ, നീ വരൂ!'
ആദവും ഹവ്വയുമാപ്പിള്‍ വിഴുങ്ങുന്നു
തേടുന്നു ദൈവം തൊഴില്‍ പരസ്യം വഴി''
ശരിക്കുമൊരു നഗരചിത്രമാണിത്. പരസ്യമായുള്ള രതിപ്രകടനങ്ങളെയും രതിയുമായി ബന്ധപ്പെട്ട കച്ചവടത്തിന്റെ പരസ്യതന്ത്രങ്ങളെയും ചിത്രണം ചെയ്തുകൊണ്ട് സ്ത്രീ-പുരുഷബന്ധത്തിന്റെയും അതില്‍ രതിസങ്കല്‍പത്തിനുണ്ടായ മാറ്റത്തിന്റെയും ചിത്രം കവി പ്രത്യക്ഷമാക്കുന്നു. ദൈവം പരസ്യം വഴി തൊഴില്‍ തേടുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. കുരുക്ഷേത്രത്തിലെ ആ ഇമേജ് ഓര്‍ക്കുന്നില്ലേ- വില്‍പനയ്ക്ക് ചരക്കുകളും പേറി വില്‍പനക്കാര്‍ വരികയും പോകുകയും ചെയ്യുന്നത്. ആ കിടമല്‍സരത്തില്‍ പരസ്യം അനിവാര്യമെന്നത് സത്യം. കമ്പോളത്താല്‍ ചുറ്റിവരിയപ്പെട്ട മനുഷ്യാവസ്ഥതന്നെയാണ് കവി പ്രത്യക്ഷമാക്കുന്നത്. സരസമായി കവി കാലത്തിന്റെ മാറ്റം തന്നെയാണ് അടയാളം ചെയ്യുന്നത്.
"പണ്ടൊരു ദൈവം ശപിച്ചുപോലും സര്‍പ-
സന്താനഭാരം വഹിക്കുവാന്‍ പെണ്ണിനെ
വാരിയെല്ലില്‍ തീര്‍ന്നമാരിവില്ലെങ്കിലും
സ്വാതന്ത്ര്യമെന്നറിഞ്ഞില്ലിതേവരെ
ഇപ്പോള്‍ നിരോധഗുളികയും ഭക്ഷിച്ചു
സര്‍പവളയംധരിച്ചു നില്‍ക്കുന്നവള്‍
വെല്ലുവിളിപ്പൂ വിധിയെ, പരാധീന
രല്ലോ, വിധിനിഷേധങ്ങളീ സന്ധ്യയില്‍'' .
നിരോധഗുളികയും ഭക്ഷിച്ച് സര്‍പവളയം ധരിച്ചു നില്‍ക്കുന്ന നില്‍പാണ് ഇവിടെ കാലത്തിന്റെ കീഴ്ക്കാം തൂക്കായ മാറ്റത്തെ വിളംബരം ചെയ്യുന്നത്. വിധിനിഷേധങ്ങള്‍തന്ന പരാധീനരായിത്തീര്‍ന്നിരിക്കുന്ന മൂല്യനിരാസത്തിന്റെ കാലസ്വരൂപം. എന്താണ് മൂല്യം എന്താണ് അമൂല്യം എന്നിങ്ങനെ മൂല്യവുമായി ബന്ധപ്പെട്ട ദീര്‍ഘമായ സംവാദം തന്നെ വേണ്ടി വന്നേക്കാം മൂല്യനിരാസത്തിന്റെ യാഥാര്‍ഥ്യം തീര്‍പ്പാക്കാന്‍. എന്നാല്‍ കുരുക്ഷേത്രത്തിലെ ആളുതിക്കിത്തിരക്കിയേറുന്നതാണു ചന്തയതാണെന്‍ പ്രപഞ്ചം എന്ന കല്‍പന ഇവിടെ ആലോചിക്കുക. ആ ചന്തയില്‍ തങ്ങളെത്തന്നെ വില്‍ക്കുന്നു, വീണ്ടും തങ്ങള്‍തന്നെ വിലപേശി നില്‍ക്കുന്നു. ഇതാണ് ഇവിടെയും സ്ഥിതി. കാലത്തിന്റെ തരിശുനിലങ്ങളിലേക്കുള്ള ഊളിയിടലാണ് മറ്റൊരു ഭാഷയില്‍ മറ്റൊരു രൂപത്തില്‍ അരങ്ങേറുന്നത്. വര്‍ത്തമാനകാലത്തിലേക്ക് ഭൂതകാലസ്മൃതിചിത്രങ്ങള്‍ കവി സന്നിവേശിപ്പിക്കുന്നു. ആദം, ഹവ്വ, ആപ്പിള്‍വിഴുങ്ങല്‍, ശാപം എന്നിവ സ്ത്രീപുരുഷ ബന്ധത്തിന്റെ ബൈബിള്‍പുരാവൃത്തം ഓര്‍മിപ്പിക്കുന്നു. അതുപോലെ വാരിയെല്ലില്‍ തീര്‍ന്ന മാരിവില്ല് എന്ന പ്രയോഗം പുരുഷന്റെ വാരിയെല്ലൂരിയെടുത്താണ് സ്ത്രീയെ സൃഷ്ടിച്ചതെന്ന പുരാവൃത്തം പ്രത്യക്ഷമാക്കുന്നു. ഇത്തരം സ്മൃതിചിത്രങ്ങള്‍, ഗര്‍ഭനിരോധനഗുളികയും സര്‍പവളയും ധരിച്ച് വിധിയെ വെല്ലുവിളിച്ചു നില്‍ക്കുന്ന സ്ത്രീചിത്രങ്ങളുമായി സമന്വയിപ്പിക്കുന്നു. ഇതിനോട് ചേര്‍ത്ത് വായിക്കണം 'പണ്ഡിതന്റെ സത്യന്വേഷണം'.
"സത്യമെ,ങ്ങന്വേഷിച്ചു പണ്ഡിതനവളുടെ
നെറ്റിയില്‍, ചുണ്ടില്‍, മാറില്‍ നാഭിയില്‍, തുടകളില്‍
ഒന്നിലാവില്ലാസത്യം, രണ്ടായി മുറിഞ്ഞുപോം;
രണ്ടുകള്‍ ചേരുന്നേടത്തിരിപ്പൂ സത്യം, സത്യം!''
അന്വേഷിച്ചന്വേഷിച്ച് പണ്ഡിതന്‍ അങ്ങനെ രണ്ടുകള്‍ ചേരുന്നിടത്തിലേക്ക് പോകുകയാണ്. സ്ത്രീയെന്നാല്‍ ശരീരം മാത്രമാണെന്നും ഉപഭോഗവസ്തുവാണെന്നുമുള്ള ഉറപ്പിക്കാലാണ് ഇവിടെയും തെളിയുന്നത്. എല്ലാം വറ്റിവരണ്ടുണങ്ങിയതരിശുഭൂമിയില്‍ സ്നേഹസ്പര്‍ശം എവിടെയാണ് ? സ്നേഹം വരണ്ടുപോയ സ്പര്‍ശം കാമവൈകൃതമാണ്; കാമത്തിന്റെ കളത്തിലെ ചതുരംഗക്കളിയാണ്. ഇത്തരം സമകാലിക മുഹൂര്‍ത്തങ്ങളിലൂടെ ജീവിതമെന്ന പരമയാഥാര്‍ഥ്യത്തിന്റെ പൊള്ളത്തരങ്ങളെ മറനീക്കിക്കാണിക്കുകയാണ് അയ്യപ്പപ്പണിക്കര്‍. അത് സൃഷ്ടിക്കുന്ന (നിശബ്ദമായ) ചിരി വേദനയില്‍ നിന്ന് ഉയിരുപറിച്ചുയരുന്നതാണ്. ഇവിടെയെല്ലാം മരണമെന്ന ജീവതയാഥാര്‍ഥ്യത്തെ മനുഷ്യന്‍ മറന്നുപോകുന്നു (അവന്‍ വലിയ പണ്ഡിതനാണല്ലോ). പക്ഷേ കവിക്ക് ആ യാഥാര്‍ഥ്യത്തിനുനേരെ കണ്ണടയ്ക്കാനാകില്ല.ജീവിതത്തെ മരണത്തിനഭിമുഖം നിര്‍ത്തുന്ന കാവ്യനിമിഷങ്ങള്‍ നോക്കുക.
"നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെയിരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ''
ഇവിടെ പ്രണയിനിയും പ്രണയവുമാണ് സന്ധ്യ. സ്വപ്നവും മറ്റൊന്നല്ല. അതുമറയുമ്പോള്‍, സ്മരണയായും സന്ധ്യവരുന്നു. സ്വപ്നാവസ്ഥയുടെ സന്ധ്യപൊലിയുമ്പോള്‍, നരേന്ദ്രപ്രസാദിന്റെ ഭാഷയില്‍പ്പറഞ്ഞാല്‍ കവി മരണത്തിന്റെ പൂജാരിയായി മാറുന്നു. ജീവിതത്തെയും മരണത്തെയും പകലിനെയും രാത്രിയെയും പോലെ ഉള്‍ക്കൊള്ളുന്ന സ്വപ്നാവസ്ഥയുടെ ഉപാസകനാണ് കവി. സ്വപ്നാവസ്ഥ ജീവിതത്തിന്റെ ആകെത്തുകയാണ്. എന്നാല്‍, അതേസമയം അതിന്റെ ചുണ്ടില്‍ നിബിഡാന്ധകാരം നിറഞ്ഞുകൊണ്ടിരിക്കുന്നു. ഏതു സ്വപ്നവും പൊലിഞ്ഞുകഴിയുമ്പോഴാണ് അന്ധകാരം വരുന്നത്. പക്ഷേ അതിനെയും കവി ഉപാസിക്കുന്നു. എന്തെന്നാല്‍, പ്രഭാതവും അഗ്നിയുതിരുന്ന പ്രകാശസമയങ്ങളും അതോടൊപ്പം തമോമയമായ രാത്രിയും ഈ സന്ധ്യയുടെ അനിവാര്യമായ ഫലങ്ങളും കാരണങ്ങളുമാണ്. ഇങ്ങനെ വിരുദ്ധഭാവങ്ങളുടെ സംഗമനിമിഷങ്ങളെ അന്വര്‍ഥമാക്കുന്ന ഈ കാവ്യഖണ്ഡം മനുഷ്യാവസ്ഥയുടെ പ്രസാദവും വിഷാദവും ധ്വനിപ്പിച്ചുകൊണ്ട് അസ്തിത്വത്തിന്റെ സ്വസ്ഥതയില്ലായ്മയെ പ്രത്യക്ഷമാക്കുന്നു. ഇതാകട്ടെ അടിസ്ഥാനപരമായി ഒരു വിധുരന്റെ വിഹ്വലതകളുടെ സാത്മീകരണം കൂടിയാണ്. 'കുടുംബപുരാണ'ത്തില്‍ കവി എഴുതിയത് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്:
"വിധുരര്‍, വിരഹികള്‍ നാമെല്ലാം; ചിര-
വിരഹികളല്ലൊ പാരും വാനവു;-
മുരുകുന്നുരുളുന്നവരും പണ്ടൊരു
വിരഹം ചേര്‍ത്തവിഷാദച്ചൂടാല്‍
ഉരുകുന്നുരുളുന്നൊഴുകുന്നീ-
മണിമാലകള്‍ കോര്‍ക്കും താരകള്‍
തടിനികള്‍, സന്ധ്യകളെല്ലാം വിരഹികളല്ലോ.''
പ്രപഞ്ചത്തിന്റെ സ്വഭാവംതന്നെ വിധുരന്റേതാക്കി മാറ്റുകയാണ്. 'നീ തന്നെ ജീവിതം സന്ധ്യേ' യിലും ഇത്തരമൊരന്വയമാണുള്ളത്. അതാകട്ടെ മനുഷ്യാവസ്ഥയുടെ സാര്‍വജനീനമായ വ്യസനത്തെയാണ് സാക്ഷാല്‍കരിച്ചുകാണിക്കുന്നത്. ഇതിനെ അതിജീവിക്കാന്‍ കവി ഉഴറുന്നു. സാര്‍വജനീനമായ ആത്മീയാവസ്ഥയുടെ പുനഃസൃഷ്ടിക്കുവേണ്ടിയാണ് ആ ഉഴറല്‍. ഇത്തരമൊരു പുനഃസൃഷ്ടി എന്തിനുവേണ്ടിയാണ്. മുനുഷ്യനെ മൂടിയിരിക്കുന്ന മഹാശൂന്യതയില്‍ (തരിശില്‍) നിന്ന് രക്ഷപെടാന്‍. എല്ലാ ശൂന്യതകളേയും ഉള്‍ക്കൊള്ളുകയും തിരസ്കരിക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്യുന്നത് പ്രപഞ്ചം തന്നെയാണ്. ഋതുഭേദങ്ങളുടെ മാഹാസ്ഥലി. ഓരോ ഋതുവിന്റെയും സൂക്ഷ്മമായ പരിണാമബിന്ദുവാണ് യഥാര്‍ഥത്തില്‍ സന്ധ്യ. ആ സന്ധ്യയെയാണ് കവി ജീവിതവുമായി കൂട്ടിവിളക്കുന്നത്. സന്ധ്യ ജീവിതവും മരണവുമാണ്. ഉഷസന്ധ്യയും സായം സന്ധ്യയും പോലെ. അതുകൊണ്ടാണ്
"നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ
യിരുളുന്നു
നീ തന്നെ
മറയുന്നു നീ തന്നെ
നീ തന്നെ
സന്ധ്യേ''
എന്ന് ഉറപ്പിക്കുന്നത്. അങ്ങനെ ജീവിതം മരണമായി മരണം ജീവിതമായി പകലുകളും രാത്രികളുമായി മിന്നി മറിയുന്നു/മാറിമറയുന്നു. പകലുകളും രാത്രികളും ഒന്നുചേരുന്ന പ്രകൃതി എമേഴ്സണ്‍ പറഞ്ഞ പോലെ ആത്മചൈതന്യത്തിന്റെ പ്രതീകമാണ്. പ്രകൃതിയില്‍ ദൃശ്യമാകുന്ന വസ്തുക്കളുടെ അര്‍ഥം കണ്ടെത്തുകയാണ് ഭാഷയില്‍ കവിതയുടെ ധര്‍മം. അതാണ് അയ്യപ്പപ്പണിക്കര്‍ ഇവിടെ ചെയ്യുന്നത്. ഇത്തരം രചനാസ്വാതന്ത്ര്യം ആധുനികമായ അന്തര്‍ദര്‍ശനത്തിന്റെ പ്രത്യക്ഷമാണ്. മറ്റൊരു മുഹൂര്‍ത്തം നോക്കുക-
ബിഥോവന്റെ എട്ടാം സിംഫണി നടക്കുമ്പോള്‍ രണ്ടാംവയലിന്‍ നിരയില്‍ ഏറ്റവും പിന്നിലിരിക്കുന്നവളുടെ വലംകൈപ്പത്തിയിലെ നീലഞരമ്പുകള്‍ പിടഞ്ഞു പിടഞ്ഞുതിരുന്ന നാദമാധുരി മറ്റുവാദ്യങ്ങള്‍ക്കിടയില്‍ ലയിച്ചുപോകുന്ന കഥ അവള്‍ പോലും അറിയുന്നില്ല. ഇത്തരമൊരു കാഴ്ചയിലൂടെ അവളുടെ ജീവിതവും അതുപോലെ ശ്രദ്ധിക്കപ്പെടാതെ മറഞ്ഞുപോകുമല്ലോ എന്ന അര്‍ഥത്തിലേക്ക് കവി എത്തിച്ചേരുന്നു. ഇതൊക്കെ ജീവിത ത്തെക്കുറിച്ചുള്ള സൂക്ഷ്മാവബോധത്തിന്റെ പ്രത്യക്ഷമാണ്. ജീവിതം മരണം കൂടിയാണ്. മരണത്തിന്റെ മസ്തകത്തില്‍ കാലുവച്ച് പൊട്ടിച്ചിരിച്ച് ഇരമ്പാന്‍ വിശ്വാത്മാവിന് (ജി.ശങ്കരക്കുറുപ്പ്, ശിവതാണ്ഡവം) മാത്രമേ കഴിയൂ. അയ്യപ്പപ്പണിക്കരുടെ കാലദര്‍ശനം മറ്റൊരു രീതിയിലാണ് അതിനെ നേരിടുന്നത്,
"സൂക്ഷിക്കൂ സെക്കന്‍ഡിനെ!
പ്പിന്നെ നീ ഭയക്കേണ്ട
രാത്രിയെ, പ്പകലിനെ,
ജീവനെ, മരണത്തെ.''
ഇത് സ്വയം പൂര്‍ണ്ണതയുള്ള കാവ്യഖണ്ഡമായി നിന്നുകൊണ്ട് കവിമനസ്സിന്റെ കാലാവബോധത്തെ എടുത്തുകാണിക്കുകയാണ്. മനുഷ്യാസ്തിത്വത്തിന്റെ വലിയഭീതി സമയബോധവുമായി ബന്ധപ്പെട്ടാണ് രൂപപ്പെടുന്നത്. കാരണം, മനുഷ്യപ്രജ്ഞക്ക് നിയന്ത്രിക്കാന്‍ കഴിയാത്തൊരു ചലനാത്മകതയാണ് സമയം. അതറിഞ്ഞുകൊണ്ടുതന്നെയാണ് സമയത്തിന്റെ ചെറിയഘടകമായ സെക്കന്റിനെ സൂക്ഷിക്കാന്‍ കവി പറയുന്നത്. ഋതുചക്രങ്ങളുടെ ആരക്കാലുകളെ/ പകലുകളെ രാത്രികളെ ആര്‍ക്കാണ് ബന്ധിച്ചുനിര്‍ത്താന്‍ കഴിയുക? സൂക്ഷിക്കാനും കഴിയുമോ? അങ്ങനെ ചെയ്താല്‍ രാത്രിയെ, പകലിനെ, ജീവനെ, മരണത്തെ ഒന്നും ഭയക്കേണ്ട. ഇവിടെ മുഴങ്ങുന്ന മരണാവബോധവും ജീവിതത്വരയും അടുത്തഖണ്ഡത്തില്‍ മറ്റൊരു രീതിയിലാണ് അവതരിപ്പിക്കുന്നത്.
"മെഴുകുതിരി കത്തുന്നു
കണ്ണുകള്‍ കത്തുന്നു
ചുണ്ടുകള്‍ കത്തുന്നു
തൊണ്ടകത്തുന്നു, ഹേ
യുദ്ധമേ, നിന്നെ
വകവരുത്തായ്കിലോ
നീ ഞങ്ങളെ വകവരുത്തും''.
യുദ്ധത്തെ വകവരുത്തിയില്ലെങ്കില്‍ അത് മനുഷ്യനെ വകവരുത്തും. യുദ്ധത്തെ വകവരുത്തേണ്ടതിന്റെ അനിവാര്യതയും ആ അനിവാര്യതയിലേക്ക് നീങ്ങിയ കാലത്തിന്റെ ദുരന്തഭാവവും പ്രധാനമാണ്. യുദ്ധമാണ് ഏറ്റവും വലിയ തരശുനിലങ്ങള്‍ സൃഷ്ടിക്കുന്നത്.
"നമുക്ക് ഈ മിഥ്യയില്‍ വിശ്വസിക്കാം
സത്യം-അതാര്‍ക്കുവേണം''.
സത്യത്തില്‍ മിഥ്യയാണ് മനുഷ്യന്റെ ഏറ്റവും വലിയ ശത്രു. പക്ഷേ ആ ശത്രുവിനെയാണ് മനുഷ്യന്‍ നെഞ്ചിലേറ്റുന്നത്. അങ്ങനെ മണലാരണ്യങ്ങളിലൂടെയുള്ള മനുഷ്യന്റെ പോക്ക് അവന് സ്വയം തിരിച്ചറിയാന്‍ കഴിയാതെ വരുന്നു. അനുദിനം മരുഭൂമികള്‍ ഉണ്ടാകുന്നു. തരിശുനിലങ്ങള്‍ മണ്ണിലും മനസിലും പെരുകുന്നു.
കാലം നടത്തുന്ന അഴിച്ചുപണി കവിതയുടെ അന്തര്‍ഭാവത്തിലെന്നപോലെ രൂപഘടനയിലും നിരന്തരം സംഭവിക്കുകയാണ്. യാഥാര്‍ഥ്യത്തിന്റെ പരിചിതഭാവങ്ങളെ ആവിഷ്കാരത്തിന്റെ സ്വരവിശേഷംകൊണ്ട് എടുത്തുകളഞ്ഞ് കവിതയെ ഗദ്യാത്മകതയിലേക്ക് കൂടുതല്‍ അടുപ്പിച്ചുനിര്‍ത്തുന്ന രീതിയുടെ ശക്തിസ്വരൂപങ്ങള്‍ ശരിക്കും പ്രകടമാകുന്നത് 'കാര്‍ട്ടൂണ്‍കവിതകള്‍', 'മഹാരാജകഥകള്‍' എന്നിവയിലാണ്. കവിതയെ കഥയുടെ ആഖ്യാനസ്വരത്തിലേക്ക് മാറ്റി ഗദ്യകവിതയുടെ സാമ്പ്രദായിക രൂപം തന്നെ തകര്‍ക്കുകയാണ് 'മഹാരാജകഥകള്‍'. 'കുരുക്ഷേത്രം', 'മൃത്യുപൂജ', 'അഗ്നിപൂജ'എന്നിവയിലെയും അവയുടെ സ്വഭാവ രീതികള്‍ അനുവര്‍ത്തിക്കുന്ന കവിതകളിലെയും വിഷാദമോ ഇരുണ്ടഭാവമോ ഈ സമാന്തരകാവ്യധാരയില്‍ പ്രത്യക്ഷമാകുന്നില്ല. നരേന്ദ്രപ്രസാദ് എഴുതിയത് പ്രസക്തമാകുന്നു: "മൃത്യുപൂജയെ ഒരു രാത്രിക്കവിതയെന്നു വിളിക്കുമ്പോള്‍ പകല്‍ക്കവിതകളെന്നു വിളിക്കാവുന്ന കവിതകള്‍ പണിക്കര്‍ എഴുതിയിട്ടുണ്ടെന്ന് പറയാമോ? പണിക്കരുടെ കവിതകളില്‍ കൂടുതലും പകല്‍ക്കവിതകളാണ്. അവയുടെ ആകര്‍ഷണശക്തി ഹാസ്യത്തെയും പ്രജ്ഞാപരമായ ജീവിതവിമര്‍ശനത്തെയും ആശ്രയിച്ചു നില്‍ക്കുന്നു. 'കാര്‍ട്ടൂണ്‍കവിതകള്‍' 'മഹാരാജകഥകള്‍' എന്നിവയാണ് ഇവയില്‍ ഏറ്റവും ശ്രദ്ധേയം. രാഷ്ട്രീയമായ അടിയൊഴുക്കുള്ള ഹാസ്യകവിതകളാണവ. ശക്തമായ വിരുദ്ധോക്തി, നിര്‍ദ്ദോഷമായ ഫലിതം, ഭാഷാപരമായ കുസൃതികള്‍, ശൈലീപരമായ പുതുമകള്‍ ഇവ വിവിധരീതികളില്‍ നിറഞ്ഞ ഈ കവിതകള്‍ പണിക്കരുടെ കാവ്യവ്യക്തിത്വത്തിലെ മറ്റൊരു ഗണനീയമായ അംശത്തിന്റെ ആവിഷ്കാരങ്ങളാണ്.'' അതാകട്ടെ അയ്യപ്പപ്പണിക്കരുടെ കവിതകളിലെ ആധുനികതയുടെ പരിണാമഭാവങ്ങളെ പ്രത്യക്ഷപ്പെടുത്തുകയും ചെയ്യുന്നു.
*****
ഡോ. ടി.കെ. സന്തോഷ്കുമാര്‍ , കടപ്പാട് : ഗ്രന്ഥാലോകം മാസിക ജൂലായ് 2012 ലക്കം
No comments:
Post a Comment