Thursday, November 8, 2012

ഒബാമയുടെ രണ്ടാമൂഴം

അമേരിക്കയില്‍ വീണ്ടും വന്ദ്യവയോധിക കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ടിക്ക് തോല്‍വി. ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയും പ്രസിഡന്റുമായ ബറാക് ഒബാമ എന്ന ആഫ്രിക്കന്‍ അമേരിക്കന് രണ്ടാമൂഴം ലഭിച്ചിരിക്കുന്നു. ഒബാമയുടെ വിജയം അമേരിക്കയുടെ നയസമീപനങ്ങളില്‍ വലിയ വ്യത്യാസമൊന്നും വരുത്തുന്നില്ലെങ്കില്‍പ്പോലും അമേരിക്കന്‍ജനതയെ സംബന്ധിച്ച് അത് പ്രതീക്ഷ നല്‍കുന്ന വിജയമാണ്. അത് മനസ്സിലാക്കിയാണ് "അമേരിക്കയുടെ നല്ലകാലം ഇനി വരാനിരിക്കുന്നതേയുള്ളൂ"വെന്ന് ചിക്കാഗോയില്‍ നടത്തിയ വിജയപ്രസംഗത്തില്‍ ബറാക് ഹുസൈന്‍ ഒബാമ പറഞ്ഞത്. തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ റിപ്പബ്ലിക്കന്‍ പാര്‍ടി പറഞ്ഞ കാര്യങ്ങളാണ് ജനങ്ങളെ കൂടുതല്‍ ഒബാമ പക്ഷത്തേക്ക് നയിച്ചത്.

വര്‍ണവ്യത്യാസത്തില്‍ ഊന്നിയുള്ള പ്രചാരണമാണ് മസാച്ചുസെറ്റ്സ് ഗവര്‍ണറായിരുന്ന മിറ്റ് റോംനി നടത്തിയത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ ബുദ്ധിജീവിയായി അറിയപ്പെടുന്ന പാറ്റ് ബുക്കാനന്‍ ഇറക്കിയ പ്രചാരണ പുസ്തകംതന്നെ ഇതിന് ഉദാഹരണമാണ്. അമേരിക്കന്‍ "സൂപ്പര്‍ പവറി"ന്റെ അന്ത്യമായിരിക്കും ഒബാമ തിരിച്ചു വന്നാല്‍ ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. സിറിയയിലും ഇറാനിലും മറ്റും സൈനികമായി ഇടപെടണമെന്ന വാദമാണ് റിപ്പബ്ലിക്കന്‍ പാര്‍ടി മുന്നോട്ട് വച്ചത്. എന്നാല്‍, അമേരിക്കയിലെ ജനങ്ങള്‍ യുദ്ധത്തെ വെറുക്കുകയാണെന്ന കാര്യം മനസ്സിലാക്കുന്നതില്‍ റിപ്പബ്ലിക്കന്മാര്‍ പരാജയപ്പെട്ടു. ഇറാഖില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും മൃതദേഹങ്ങള്‍ വരുന്നത് അമേരിക്കന്‍ ജനതയെ കണ്ണീരിലാഴ്ത്തിയിരുന്നു. അതുകൊണ്ടുതന്നെ സിറിയയിലും ഇറാനിലും സൈനികമായി ഇടപെടണമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും അറബ് രാജ്യങ്ങളുടെയും സമ്മര്‍ദത്തിന് വഴങ്ങാന്‍ ഇതുവരെയും ഒബാമ തയ്യാറായിരുന്നില്ല. അഫ്ഗാനിസ്ഥാനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന നയത്തില്‍ ഒബാമ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഒബാമയെ വീണ്ടും തെരഞ്ഞെടുത്താല്‍ "വെള്ളക്കാരുടെ അമേരിക്ക മരിക്കു"മെന്ന പ്രചാരണവും റിപ്പബ്ലിക്കന്മാര്‍ക്ക് കനത്ത തിരിച്ചടിയായി. ഒബാമ മുസ്ലിമാണെന്നും വേശ്യയുടെ മകനാണെന്നുംവരെ അവര്‍ പ്രചരിപ്പിച്ചു. ഇതുവഴി അമേരിക്കയില്‍ കറുത്തവനും വെള്ളക്കാരനും തമ്മിലുള്ള വിഭജനം ശക്തമാക്കി അനായാസ വിജയം നേടാമെന്ന കണക്കുകൂട്ടലാണ് പിഴച്ചത്. അമേരിക്കന്‍ ജനതയില്‍ 72.4 ശതമാനവും വെള്ളക്കാരാണ്. കറുത്തവര്‍ 12.6 ശതമാനം മാത്രമാണ്. ലാറ്റിനോസ് അഥവാ ഹിസ്പാനിക് വിഭാഗമാകട്ടെ ആറ് ശതമാനവും ഉണ്ട്. മിറ്റ് റോംനി വെള്ളക്കാരുടെ വോട്ടില്‍ കണ്ണുനട്ടപ്പോള്‍ മറ്റു വിഭാഗങ്ങളുടെ പ്രത്യേകിച്ചും കറുത്തവരുടെയും ലാറ്റിനോകളുടെയും ഏഷ്യക്കാരുടെയും മറ്റും വോട്ട് പൂര്‍ണമായും ഒബാമയ്ക്കു പിന്നില്‍ അണിനിരന്നു. "വര്‍ണയുദ്ധത്തിനുള്ള" റിപ്പബ്ലിക്കന്മാരുടെ ആഹ്വാനം അമേരിക്കയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒബാമ കൈക്കൊണ്ട പല നടപടികളും കോര്‍പറേറ്റുകളെ തലോടുന്നതും റിപ്പബ്ലിക്കന്മാരുടെ നയത്തിന് സമാനവുമായിരുന്നു. എങ്കിലും ചില നടപടികളില്‍ നേരിയ വ്യത്യാസം പ്രകടമായിരുന്നു. ആരോഗ്യ പദ്ധതിതന്നെ ഉദാഹരണം. എന്നാല്‍, ഇത്തരം പദ്ധതികള്‍പോലും വര്‍ണവിവേചനത്തിന്റെ കണ്ണിലൂടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ടി വീക്ഷിച്ചത്. വലതുപക്ഷ റേഡിയോ അവതാരകനായ റുഷ് ലാംബോഗ് ഈ പദ്ധതിയെ വിശേഷിപ്പിച്ചത് അടിമകളുടെ പിന്തുടര്‍ച്ചക്കാര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരമായാണ്. അതായത്, പദ്ധതിയുടെ ഗുണഭോക്താക്കള്‍ അടിമകളുടെ സന്തതിപരമ്പരകളാണെന്നര്‍ഥം. റിപ്പബ്ലിക്കന്മാരുടെ ഇത്തരം പ്രചാരണങ്ങള്‍ പണക്കാരും പാവങ്ങളുമെന്ന ഒരു വിഭജനവും അമേരിക്കയില്‍ ശക്തമാക്കി. ഓട്ടോവ്യവസായത്തെ രക്ഷിക്കാന്‍ പരിമിതമെങ്കിലും പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച ഒബാമയുടെ നടപടിയെയും റിപ്പബ്ലിക്കന്മാര്‍ രൂക്ഷമായി വിമര്‍ശിച്ചു. സ്വകാര്യമേഖലയില്‍ ഇടപെട്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒബാമ നടത്തിയ ചെറിയ ശ്രമങ്ങളെപ്പോലും അനാവശ്യമെന്നു പറഞ്ഞ് തള്ളിക്കളയുകയായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ടി. കാര്‍വ്യവസായത്തിന്റെ കേന്ദ്രമായ ഒഹയോവിലെ ജനങ്ങള്‍ വന്‍തോതില്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനുള്ള കാരണവും മറ്റൊന്നല്ല. ഒഹയോവില്‍ ജയിക്കാതെ റിപ്പബ്ലിക്കന്മാര്‍ക്ക് പ്രഡിഡന്റാകാന്‍ കഴിയില്ലെന്ന വിലയിരുത്തല്‍ വീണ്ടും ശരിയായി.

കറുത്തവരും ഹിസ്പാനുകളും മധ്യവര്‍ഗവും ഒബാമയെ പിന്തുണച്ചപ്പോള്‍ പണക്കാരും കോര്‍പറേറ്റുകളുമാണ് വര്‍ധിച്ച ആവേശത്തോടെ മിറ്റ് റോംനിയെ പിന്തുണച്ചത്. ഇത് പ്രചാരണത്തിന് കോടികള്‍ സമ്പാദിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ടിയെ സഹായിക്കുകയും ചെയ്തു. എന്നാല്‍, ഇത്തരമൊരു വിഭജനം സൃഷ്ടിച്ചത് റിപ്പബ്ലിക്കന്‍ പാര്‍ടിക്ക് വിനയായി. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തിന്റെ മുദ്രാവാക്യംതന്നെ ഞങ്ങള്‍ (ജനങ്ങള്‍) 99 ശതമാനവും നിങ്ങള്‍ (കോര്‍പറേറ്റുകള്‍) ഒരു ശതമാനവും എന്നായിരുന്നു. റിപ്പബ്ലിക്കന്മാര്‍ പാവപ്പെട്ടവരെ പുച്ഛത്തോടെ വീക്ഷിച്ചപ്പോള്‍ 99 ശതമാനം ഒബാമയ്ക്ക് അനുകൂലമായി നീങ്ങുന്നതിന് സഹായിച്ചു. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തില്‍നിന്ന് ഒരു പാഠവും ഉള്‍ക്കൊള്ളാന്‍ റിപ്പബ്ലിക്കന്‍ പാര്‍ടി തയ്യാറായില്ലെന്നര്‍ഥം. കടുത്ത കുടിയേറ്റ വിരുദ്ധ സമീപനം സ്വീകരിച്ച മിറ്റ് റോംനിക്ക് ഹിസ്പാനുകളുടെ വോട്ട് ഒന്നടങ്കം നഷ്ടമായി എന്നുവേണം കരുതാന്‍.

മിറ്റ് റോംനിയുടെ അവസാന പ്രതീക്ഷ സാന്‍ഡി ചുഴലിക്കാറ്റിലായിരുന്നു. നൂറോളം പേരുടെ മരണത്തിനിടയാക്കിയ, പതിനായിരക്കണക്കിനു കുടുംബങ്ങളെ ഭവനരഹിതരാക്കിയ സാന്‍ഡി തന്നെ വെള്ളക്കൊട്ടാരത്തിലേക്ക് നയിക്കുമെന്ന് മിറ്റ് റോംനി പ്രതീക്ഷിച്ചു. തെരഞ്ഞെടുപ്പിനുമുമ്പ് കനത്ത മഴയ്ക്കായി, പ്രകൃതി ദുരന്തങ്ങള്‍ക്കായി റിപ്പബ്ലിക്കന്മാര്‍ പ്രാര്‍ഥിക്കാറുണ്ടെന്നത് അമേരിക്കയിലെ സംസാരവിഷയമാണ്. ഗോമസ് ആന്‍ഡ് ഹാന്‍സ് ഫോര്‍ഡും പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയും മറ്റും, ആകസ്മികമായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ ഭരണകക്ഷിക്ക് ഒരു ശതമാനംമുതല്‍ ഒന്നര ശതമാനംവരെ വോട്ട് കുറയ്ക്കുമെന്ന് പ്രവചിച്ചപ്പോള്‍ മിറ്റ് റോംനിക്ക് സന്തോഷം അടക്കാനായില്ല. എന്നാല്‍, സാന്‍ഡി വീശിയടിച്ച ന്യൂജഴ്സിയിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി ഒബാമ സ്വീകരിച്ച നടപടികളെ വാനോളം പുകഴ്ത്തി. സാന്‍ഡി ദുരന്തം വിതച്ച ന്യൂജഴ്സിയിലും ന്യൂയോര്‍ക്കിലും ഒബാമതന്നെ വിജയം കൊയ്യുകയുംചെയ്തു.

ഒബാമയ്ക്ക് രണ്ടാമൂഴം ലഭിക്കുമ്പോള്‍ പല ചോദ്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. 7.9 ശതമാനം തൊഴിലില്ലായ്മ പരിഹരിക്കാന്‍ എന്ത് നടപടികളാണ് ഒബാമ സ്വീകരിക്കുക? സാമ്പത്തികച്ചെലവ് കുറയ്ക്കുകയെന്ന നയവുമായി മുന്നോട്ട് പോകുമോ? പ്രതിരോധ ബജറ്റ് കുറയ്ക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ? സൈനികമായി ഇടപെടുകയെന്ന നയത്തിലേക്ക് തിരിച്ചുപോകുമോ? ഇനി തെരഞ്ഞെടുപ്പിനെ നേരിടാനില്ലാത്തതിനാല്‍, പ്രതിപക്ഷ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസിനെ കൂടെ നിര്‍ത്താന്‍ ബറാക് ഒബാമയ്ക്ക് നയവ്യതിയാനവും ആകാം. ലോകത്ത് അമേരിക്കന്‍ ആധിപത്യം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഒബാമയുടെ അടുത്ത നാലുവര്‍ഷം പലതുകൊണ്ടും നിര്‍ണായകമാണ്. സാമ്രാജ്യത്വനയത്തിലേക്കുള്ള അമേരിക്കയുടെ തിരച്ചുപോക്ക് ലോകജനത ആഗ്രഹിക്കുന്നില്ലെന്ന് ഒബാമ മനസ്സിലാക്കുമെന്നു കരുതാം.


*****

 ദേശാഭിമാനി മുഖപ്രസംഗം 08-08-2012

No comments: