Tuesday, November 6, 2012

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

കേരളത്തിന് പുറത്ത് ഏറ്റവുമധികം അറിയപ്പെടുന്ന രണ്ടു കമ്യൂണിസ്റ് നേതാക്കള്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടും കെ. ദാമോദരനുമാണ്. അതിനിടയാക്കിയ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് അവര്‍ ധൈഷണിക സൈദ്ധാന്തികമണ്ഡലങ്ങളില്‍ ചെയ്ത സംഭാവനകളാണ്. കേരളചരിത്രവും - ഇടതുപക്ഷപ്രസ്ഥാനവും - ആഗോളമുതലാളിത്തവ്യവസ്ഥയില്‍ നിരന്തരം വന്നുകൊണ്ടിരുന്ന മാറ്റങ്ങളും സോഷ്യലിസം നേരിട്ടിരുന്ന വെല്ലുവിളികളുമൊക്കെ അവരുടെ ഗഹനമായ പഠനത്തിനും വിശകലനത്തിനും വിഷയീഭവിച്ചു. പക്ഷെ അവര്‍ തമ്മില്‍ അടിസ്ഥാനപരമായ അന്തരമുണ്ടായിരുന്നു.

ഇ.എം.എസ്. പ്രസ്ഥാനത്തില്‍ വളര്‍ന്നുവന്ന വൈരുധ്യങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതിലാണ് വ്യാപൃതനായിരുന്നത്. പാര്‍ടിയുടെ സൈദ്ധാന്തിക പ്രശ്നങ്ങളില്‍ മാത്രമല്ല സംഘടനാപരമായി എല്ലാ പ്രശ്നങ്ങളിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. അതുകൊണ്ടുതന്നെ പാര്‍ടിയുടെ ഭരണവ്യവസ്ഥയിലെ എല്ലാതലങ്ങളിലും വിജയകരമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. പാര്‍ടിയുടെ ഏറ്റവും സ്വീകാര്യമായ മുഖമായിരുന്നു ഇ.എം.എസ്. എന്നു പറയാം.

ദാമോദരന്‍ ഇതില്‍ നിന്ന് തികച്ചും വിഭിന്നനായിരുന്നു. പ്രസ്ഥാനത്തില്‍ വിവിധഘട്ടങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന വൈരുധ്യങ്ങളുടെ നിശിത വിമര്‍ശകനായിരുന്നു ദാമോദരന്‍. സോവിറ്റ് യൂണിയനില്‍ ഉണ്ടായ മാര്‍ക്സിസ്റ് വ്യതിയാനങ്ങള്‍ മുതല്‍ കേരളത്തിലെ കമ്യൂണിസ്റ് ഭരണത്തിന്റെ ദൌര്‍ബല്യങ്ങള്‍ വരെയുള്ള പ്രശ്നങ്ങളോടു വിമര്‍ശനാത്മകമായ നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ അനിവാര്യവും അത്യന്തം ആവശ്യമാണെന്നുമായിരുന്നു ദാമോദരന്റെ വിശ്വാസം. സോവിയറ്റു യൂനിയന്റെ ഹംഗറിയിലേയും ചെക്കോസ്ളാവാക്കിയിലേയും ഇടപെടലുകളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ഒരു ഗ്രന്ഥം രചിക്കുകയുണ്ടായി. തല്‍ഫലമായി അദ്ദേഹം ശിക്ഷിക്കപ്പെടുകയും ചെയ്തു. അതിനുശേഷം ഇന്ത്യന്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തെക്കുറിച്ച് പലഘട്ടങ്ങളിലായി വിമര്‍ശനാത്മകമായ ചോദ്യങ്ങള്‍ ഉന്നയിച്ചതായി കാണാം. തല്‍ഫലമായി പടിപടിയായി അദ്ദേഹം പ്രസ്ഥാനത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണുണ്ടായത്. അവസാനകാലങ്ങളില്‍ പാര്‍ടിയുടെ വേദികളില്‍ അഭിപ്രായം പറയാനുള്ള അവസരം നിഷേധിക്കുന്ന അവസ്ഥ പോലും സംജാതമായിരുന്നു. ഈ അവഗണന ദാമോദരനെ വളരെയേറെ വേദനിപ്പിച്ചിരുന്നു.  ഇ.എം.എസും ദാമോദരനും സഞ്ചരിച്ച ഈ വ്യത്യസ്ഥപാതകള്‍ ഇന്ത്യന്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നിലനിന്നിരുന്ന പ്രവണതകളെ പ്രതിനിധാനം ചെയ്യുന്നു.

ഈ വ്യത്യാസം ചൂണ്ടികാണിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. ഇ.എം.എസിനും ദാമോദരനും ഉണ്ടായിരുന്ന പാര്‍ടിപ്രതിബദ്ധത. ഇ.എം.എസ്. പ്രതിബദ്ധതയെ പാര്‍ടിയുടെ വിവേകവുമായി ബന്ധപ്പെടുത്തി. ദാമോദരനാകട്ടെ പ്രതിബദ്ധതയെ പാര്‍ടിയെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനുമുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമായാണ് കണ്ടത്. അത്തരമൊരു കാഴ്ചപ്പാടായിരുന്നു ദാമോദരന്റെ പാര്‍ടിയുമായുള്ള ബന്ധത്തെ സ്വാധീനിച്ചത്. ഈ കാഴ്ചപ്പാട് പ്രകടമാകുന്ന പല സന്ദര്‍ഭങ്ങളും ദാമോദരന്റെ രാഷ്ട്രീയജീവിതത്തില്‍ അടയാളപ്പെടുത്താന്‍ കഴിയും.

രണ്ടാംലോകമഹായുദ്ധകാലത്ത് പാര്‍ടി സ്വീകരിച്ച നയത്തോടുള്ള ദാമോദരന്റെ പ്രതികരണം അദ്ദേഹത്തിന്റെ പാര്‍ടി പ്രതിബദ്ധതയുടെ സ്വഭാവത്തെ വ്യക്തമാക്കുന്ന ഒരു സംഭവമായിരുന്നു. ഇംഗ്ളണ്ടും ഫ്രാന്‍സും ഒരുവശത്തും ജര്‍മനിയും ഇറ്റലിയും മറുവശത്തുമായി ആരംഭിച്ച യുദ്ധം സാമ്രാജ്യത്വശക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള യുദ്ധമാണെന്നായിരുന്നുവെന്നായിരുന്നു പാര്‍ടിയുടെ വിലയിരുത്തല്‍. അതുകൊണ്ട് ഇന്ത്യ അന്ന് അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ എതിര്‍ ക്കുക എന്ന നയം സ്വീകരിക്കപ്പെട്ടു. പക്ഷെ ജര്‍മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോള്‍ യുദ്ധത്തിന്റെ സ്വഭാവത്തില്‍ മാറ്റം വന്നതായി പാര്‍ടി വിലയിരുത്തി. സോവിയറ്റ് യൂണിയന്‍ പങ്കാളിയായതിലൂടെ സോഷ്യലിസ്റ് പ്രസ്ഥാനം ഭീഷണി നേരിടുന്നുവെന്നും യുദ്ധത്തിന്റെ സ്വഭാവം ജനകീയമായി രൂപാന്തരപ്പെടുമെന്നുമുള്ള നിഗമനത്തില്‍ പാര്‍ടി ശക്തിചേര്‍ന്നു. അതുകൊണ്ട്, ബ്രിട്ടീഷ് കൊളോണിയന്‍ ഭരണത്തെ എതിര്‍ക്കുന്നതിനുപകരം ബ്രിട്ടനെ സഹായിക്കുകയാണ് പുരോഗമനശക്തികളുടെ കടമയെന്ന നിലപാട് പാര്‍ടി സ്വീകരിച്ചു. ഈ സമീപനത്തെ നഖശിഖാന്തം എതിര്‍ത്ത വ്യക്തിയായിരുന്നു ദാമോദരന്‍. പാര്‍ടി എടുക്കേണ്ട നയം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും ഫാഷിസത്തേയും ഒരുമിച്ച്, എതിര്‍ക്കുന്നതായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിമതം. പക്ഷെ ഈ അഭിപ്രായത്തോട് യോജിപ്പ് പ്രകടിപ്പിച്ചവര്‍ ചുരുക്കമായിരുന്നു. അതുകൊണ്ട് ജനകീയയുദ്ധം എന്ന ആശയം സ്വീകരിക്കപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കപ്പെടുകയും ചെയ്തു. ഈ നിലപാട് പാര്‍ടിക്ക് സംഭവിച്ച ഒരു വലിയ തെറ്റായിരുന്നു എന്ന് വിശ്വസിക്കാത്തവര്‍ ഇന്ന് ചുരുക്കമാണ്. ഇന്ത്യന്‍ ദേശീയ സമരത്തിന്റെ അന്ത്യത്തില്‍ കമ്യൂണിസ്റ് പ്രസ്ഥാനം ഒറ്റപ്പെട്ടുപോകാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു യുദ്ധകാലത്തെടുത്ത സമീപനം.

ദാമോദരന്‍ ഈ വിഷയത്തില്‍ ഭിന്നാഭിപ്രായക്കാരനായിരുന്നുവെങ്കില്‍ കൂടി യുദ്ധത്തിന്റെ മാറിയ സ്വഭാവത്തെക്കുറിച്ച് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ പാര്‍ടി നിയോഗിച്ചത് ദാമോദരനെയായിരുന്നു. പാര്‍ടിയോടുള്ള പൂര്‍ണമായ പ്രതിബദ്ധതയുള്ള ഒരു അംഗമെന്ന നിലയ്ക്ക് ഈ ദൌത്യം അദ്ദേഹം നിറവേറ്റി. അത് തന്റെ കടമയാണെന്ന് അദ്ദേഹം വിശ്വസിച്ചു. പക്ഷെ ഉല്‍ക്കടമായ മാനസികപിരിമുറക്കം തല്‍ഫലമായി അദ്ദേഹം അനുഭവിക്കുകയുണ്ടായി. താന്‍ സ്വയം വിശ്വസിക്കാത്ത വാദങ്ങള്‍ ജനങ്ങളോട് പറയേണ്ടിവന്ന ദുരന്തം അനുഭവിച്ച അദ്ദേഹം ഓരോ പ്രസംഗത്തിനുശേഷവും ഉറക്കം വരാതെ രാത്രികള്‍ കഴിച്ചിട്ടുണ്ടെന്ന് പല തവണ പറയുകയുണ്ടായിട്ടുണ്ട്. പക്ഷെ ആ കാലത്ത് അദ്ദേഹത്തിന്‍ രൂഢമൂലമായിരുന്ന പ്രതിബദ്ധത വ്യക്തിയുടെ അഭിപ്രായങ്ങളെ പാര്‍ടി തീരുമാനങ്ങള്‍ക്ക് വിധേയമാക്കുക എന്ന ആശയം ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിച്ചിരിക്കണം. അതുകൊണ്ടുതന്നെയാണ് പല പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട് അദ്ദേഹം ജീവാവസാനം വരെ പാര്‍ടിയുടെ അംഗത്വം നിലനിര്‍ത്തിയത്. കൊച്ചിയില്‍ വച്ചുനടന്ന ഒരു പാര്‍ടി സമ്മേളനത്തില്‍ നിന്ന് ഹതാശനായി മടങ്ങിവന്ന അദ്ദേഹത്തോട് ഒരു വിദ്യാര്‍ഥി സുഹൃത്ത് താങ്കള്‍ എന്തുകൊണ്ട് പാര്‍ടി വിടുന്നില്ല എന്ന് ചോദിക്കുകയുണ്ടായി. 'പാര്‍ടി വിടുകയോ, പാര്‍ടി എന്റെ ജീവനാണ്' എന്നായിരുന്നു ക്ഷുഭിതനായ ദാമോദരന്റെ മറുപടി. പാര്‍ടിയോടുള്ള ഈ താദാത്മ്യമാണ് പ്രതിബദ്ധതയുടെ ചാലകശക്തി. ദാമോദരന്റെ രാഷ്ട്രീയ ജീവിതാനുഭവങ്ങള്‍ പാര്‍ടി പ്രതിബദ്ധതയുടെ സ്വഭാവത്തെയും അതിന്റെ ഭാഗമായി അവശ്യം ഉണ്ടാകേണ്ട ജനാധിപത്യരീതികളെയും കുറിച്ച് ഒരു തുറന്ന ചര്‍ച്ചയ്ക്കുള്ള അവസരം സൃഷ്ടിക്കുന്നു. ഒരു പക്ഷെ ദാമോദന്റെ ജീവിതത്തിന്റെ ഒരു പുനര്‍വായനയിലൂടെ അതിന്റെ തുടക്കം കുറിക്കാവുന്നതാണ്.

*****

ഡോ. കെ.എന്‍. പണിക്കര്‍, കടപ്പാട് :ഗ്രന്ഥാലോകം മാസിക


അധിക വായനയ്ക്ക്:

പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

വൈജ്ഞാനികതയും വിമതത്വവും

ദാമോദരേട്ടന്‍

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

ഓര്‍മകളിലെ ദാമോദരന്‍

കുളിര്‍തെന്നലേറ്റ കുറെക്കാലം

No comments: