Tuesday, November 6, 2012

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

കെ. ദാമോദരന്റെ 'പാട്ടബാക്കി'യും തോപ്പില്‍ഭാസിയുടെ 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യും അതാത് കാലഘട്ടത്തിന്റെ സ്വാധീനശക്തിയായതിനെ കുറിച്ച് ഇ.എം.എസ്. എഴുതിയ നീണ്ട ലേഖനത്തിന്റെ പ്രസക്തഭാഗം.

കേരളത്തിലെ തൊഴിലാളികളിലും കൃഷിക്കാരിലും കര്‍ഷകത്തൊഴിലാളികളിലും പൊളിഞ്ഞ ജന്മികളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്; വന്നുകൊണ്ടിരിക്കുന്നുണ്ട് എന്ന് നമുക്കെല്ലാമറിയാം. ഈ മാറ്റങ്ങളുടെ മഹത്തായ ചിത്രം സമ്മേളനങ്ങളിലും റാലികളിലും പ്രകടനങ്ങളിലും തിരഞ്ഞെടുപ്പുഫലങ്ങളിലും പണിമുടക്കുകളിലും കര്‍ഷകസമരങ്ങളിലുമൊക്കെ നാം കണ്ടിട്ടുണ്ട്.

പക്ഷേ, ഈ മൊത്ത ചിത്രത്തില്‍ നാം കാണുന്ന ഈ വിഭാഗത്തില്‍പെട്ട വ്യക്തികളായ മനുഷ്യര്‍ - ആണുങ്ങളും പെണ്ണുങ്ങളും വൃദ്ധന്മാരും യുവാക്കന്മാരും കുട്ടികളും തള്ളമാരുമൊക്കെ - തങ്ങളുടെ നിത്യജീവിതത്തില്‍, ദൈനംദിന ജോലികളിലും സമരങ്ങളിലും എങ്ങനെയിരിക്കുമെന്ന് സമ്മേളനങ്ങളും റാലികളുമൊക്കെ കാണുന്നതുകൊണ്ടു മാത്രം നമുക്ക് മനസ്സിലാകുകയില്ല. മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പിക്കറ്റുചെയ്യുകയും പോലീസ് ആക്രമണങ്ങളെ ചെറുക്കുകയും മറ്റും ചെയ്യുന്ന മനുഷ്യരായല്ലാതെ, മക്കളോട് വാല്‍സല്യവും അച്ഛനമ്മമാരോട് ബഹുമാനവും ഭാര്യയോട് (ഭര്‍ത്താവിനോട്) സ്നേഹവും മറ്റുമുള്ള കുടുംബാംഗങ്ങളെയോ, സ്നേഹിതന്മാരോട് ചിലപ്പോള്‍ സ്നേഹവും ചിലപ്പോള്‍ വെറുപ്പും ഉള്ള സാധാരണക്കാരായോ നമുക്കവരെ ഇത്തരം രംഗങ്ങളില്‍ കാണാന്‍ കഴിയില്ല.

ഇരുവശത്തേക്കും സാമൂഹ്യപരിവര്‍ത്തനനാടകകൃത്ത് തന്റെ കലാപരമായ കഴിവുകളുപയോഗിച്ചുകൊണ്ട്, വെളിച്ചം വീശുന്നു. നാം സമ്മേളനങ്ങളിലും റാലികളിലും മറ്റും കാണുന്ന തൊഴിലാളികളുടെയും കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും മറ്റും വ്യക്തിജീവിതവും കുടുംബജീവിതവും ചിത്രീകരിച്ചു കാണിച്ചു, സമ്മേളനാദി സന്ദര്‍ഭങ്ങളില്‍ ഒരു വശത്തിലൂടെ മാത്രം പ്രത്യക്ഷപ്പെടുന്ന അവരുടെ വ്യക്തിത്വത്തിന്റെ നാനാവശങ്ങളിലേക്ക് നമ്മെ പിടിച്ചുകൊണ്ടുപോയി, ജീവനുള്ള വ്യക്തികളെന്ന നിലയ്ക്ക് അവര്‍ നയിക്കുന്ന ജീവിതത്തെ പൂര്‍ണമാക്കി നമുക്ക് കാണിച്ചുതരുകയാണ് സാമൂഹ്യപരിവര്‍ത്തന നാടകകൃത്ത് ചെയ്യുന്നത്.

'പാട്ടബാക്കി'യിലെ കിട്ടുണ്ണിയുടെ കുടുംബത്തിനു നേരിടേണ്ടിവരുന്ന ദുരിതങ്ങള്‍ മറ്റു ചില സാമൂഹ്യ നാടകകൃത്തുക്കളും ചിത്രീകരിച്ചെന്നു വരും. കക്കുകയോ, കക്കാതിരിക്കുകയോ ചെയ്യേണ്ടത് എന്നാലോചിക്കുന്ന കിട്ടുണ്ണിക്കും അനുജനെ പോറ്റാന്‍ വേണ്ടി വ്യഭിചാരിണിയായി മാറുന്ന കുഞ്ഞുമാളുവിനും നേരിടേണ്ടി വരുന്നതുപോലുള്ള മാനസികക്കുഴപ്പങ്ങള്‍ ചില 'മാനസികാപഗ്രഥന' നാടകങ്ങളിലും കണ്ടേക്കും. പക്ഷേ, ഇത്തരം ദുരിതങ്ങളുടെയും മാനസികകുഴപ്പങ്ങളുടെയും നടുവിലൂടെ ഒരു സാധാരണകൃഷിക്കാരന്‍, നാം കാണാറുള്ള 'ചുവപ്പു കൊടിക്കാര'നായി, സമ്മേളനങ്ങളിലും പ്രകടനങ്ങളിലുമൊക്കെ വന്ന് മുദ്രാവാക്യം വിളിക്കുന്നയാളായി മാറുന്നത് സഖാവ് ദാമോദരനാണ് നമുക്കാദ്യം കാണിച്ചുതന്നത്. ഇതാണ് അദ്ദേഹത്തിന്റെ പാത്രനിര്‍മാണകാര്യത്തിലുള്ള വിജയം.

'പാട്ടബാക്കി' എഴുതിക്കഴിഞ്ഞതില്‍ പിന്നീടുള്ള 16 കൊല്ലക്കാലത്ത് 1936നും 1952നും ഇടയ്ക്ക് - ഇത് കുറെക്കൂടി പുരോഗമിച്ചു. അതിന്റെ ഫലമായി സാമൂഹ്യപരിവര്‍ത്തന നാടകങ്ങളിലും, അതിപ്രധാനമായ മാറ്റങ്ങള്‍ വന്നു. അതിന്റെ ഫലം 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യില്‍ നമുക്കു കാണാം.

ഒന്നാമത്, 'പാട്ടബാക്കി'യിലെന്നതുപോലെ മനയ്ക്കലെ ജന്മിയുമായി അടുത്തുബന്ധപ്പെട്ട് നില്‍ക്കുന്ന ഉയര്‍ന്നജാതിക്കാരനായ ഒരു കുടിയാന്റെ കുടുംബമല്ല 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യുടെ കേന്ദ്രം. പിന്നെയോ? കേശവന്‍ജന്മിയുടെ കാമഭ്രാന്തിനും അതില്‍ നിന്നും ജന്മമെടുത്ത മൃഗീയത്വത്തിനും ഇരയായി അടിച്ചുകൊല്ലപ്പെട്ട ഒരു കര്‍ഷകത്തൊഴിലാളി സ്ത്രീയുടെ ഭര്‍ത്താവിന്റെയും മകളുടെയും ജീവിതവും സമരങ്ങളുമാണ്. കക്കണോ കക്കാതിരിക്കണോ എന്ന് സംശയിച്ച്, അവസാനം കക്കാന്‍തന്നെ നിശ്ചയിച്ച്, ജയിലിലെത്തി, ക്രമേണക്രമേണയായി സംഘടനാബോധമുള്‍ക്കൊള്ളുന്ന കിട്ടുണ്ണി മലബാറിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ ആദ്യഘട്ടത്തെയാണ് കുറിക്കുന്നത്. ഈ പ്രസ്ഥാനത്തിന്റെ തന്നെ വളര്‍ന്നുവന്ന രൂപമായ വടക്കെമലബാര്‍ സമരങ്ങളില്‍ നിന്നും, അതോടൊപ്പംതന്നെ വളര്‍ന്ന ആലപ്പുഴ തൊഴിലാളി സമരങ്ങളില്‍നിന്നും ആവേശമുള്‍ക്കൊണ്ട് ഒരു വ്യാഴവട്ടത്തിനുശേഷം മധ്യതിരുവിതാംകൂറിലുയര്‍ന്നുവന്ന കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തെയാണ് 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യിലെ കറുമ്പനും മാലയും കുറിക്കുന്നത്. കിട്ടുണ്ണി കാര്യസ്ഥന്‍ രാമന്‍നായരെ അടിക്കുന്നതുപോലെ മാല കേശവന്‍നായരെയും പപ്പു വേലുവിനെയും മറ്റും എതിര്‍ക്കുന്നു. പക്ഷേ, കിട്ടുണ്ണിയെപ്പോലെ ഒരു വ്യക്തിയെന്ന നിലയ്ക്ക് ജന്മിയെയും കാര്യസ്ഥനെയും എതിര്‍ത്ത്, പിന്നീട് സംഘടനയില്‍ വരികയല്ല മാലയും പപ്പവും ചെയ്യുന്നത്. പിന്നെയൊ? സംഘടനയില്‍ വന്നുകഴിഞ്ഞ് അതില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ്. മറ്റൊരുവിധത്തില്‍ പറയാനാണെങ്കില്‍, ഉയര്‍ന്ന ജാതിക്കാരായ കുടിയാന്മാര്‍ ക്രമേണ ക്രമേണ സംഘടനയില്‍ വന്നുതുടങ്ങുന്നൊരു ചിത്രമാണ് 'പാട്ടബാക്കി'യില്‍നിന്ന് നമുക്കു കിട്ടുന്നതെങ്കില്‍ ഏറ്റവും താണ പടിയില്‍കിടക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ സംഘടിതരായി പടവെട്ടുന്നതാണ് 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യിലുള്ളത്.

രണ്ടാമത്, 'പാട്ടബാക്കി'യിലേതിനേക്കാള്‍ പൂര്‍ണവും, അതുകൊണ്ടുതന്നെ കൂടുതല്‍ സങ്കീര്‍ണവുമാണ് 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'. ജന്മിയും കുടിയാനും തമ്മിലുള്ള വൈരുധ്യം, ആ വൈരുധ്യത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കുടിയാന്റെ കുടുംബജീവിതം, ആ കുടുംബജീവിതം കിട്ടുണ്ണിയുടെയും കുഞ്ഞിമാളുവിന്റെയും ജീവിതത്തിലും മാനസിക വ്യാപാരങ്ങളിലും വരുത്തുന്ന മാറ്റം - ഇത്രയേ 'പാട്ടബാക്കി'യിലുള്ളൂ. 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യിലാകട്ടെ, ജന്മിയും കുടിയാനുമുണ്ട്; ജന്മിയും കര്‍ഷകത്തൊഴിലാളിയുമുണ്ട്; പൊളിഞ്ഞ ജന്മിയും ക്രമേണ ശക്തിപ്പെട്ടുവരുന്ന ജന്മിയുമുണ്ട്, ജന്മികുടുംബങ്ങളില്‍തന്നെ നവീനാശയമുള്‍ക്കൊള്ളുന്നവരും അവയെ എതിര്‍ക്കുന്നവരുമുണ്ട്; എല്ലാറ്റിലും മീതെ 'പാട്ടബാക്കി' സ്പര്‍ശിക്കുകപോലും ചെയ്യാത്ത പ്രേമവും അതില്‍നിന്നുണ്ടാവുന്ന വൈരുധ്യങ്ങളുമുണ്ട്. മേന്മയുടെ കാരണം സാങ്കേതികങ്ങളല്ല.

ഇങ്ങനെ 'പാട്ടബാക്കി'യിലേതിനെ അപേക്ഷിച്ച് കൂടുതല്‍ ജീവനുള്ള പാത്രങ്ങളെ സൃഷ്ടിക്കാന്‍, 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'ക്കു കഴിഞ്ഞിട്ടുള്ളതിന്റെ കാരണം ദാമോദരനെക്കാളുയര്‍ന്ന കലാകാരനാണ് ഭാസിയെന്നതല്ല, 'പാട്ടബാക്കി'യില്‍ ഇല്ലാത്ത സവിശേഷതകളിലൊന്നായ ഗാനങ്ങള്‍ 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യില്‍ ഉണ്ടെന്നതുമല്ല, 'പാട്ടബാക്കി'യിലഭിനയിച്ച നടന്മാരേക്കാള്‍ കലാപരമായി ഉയര്‍ന്നവരാണ് 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യിലെ നടീനടന്മാരെന്നതുമല്ല. പിന്നെയോ?

1936ല്‍ ദാമോദരന്‍ ജീവിച്ചിരുന്നതും കലാരൂപത്തില്‍ ചിത്രീകരിച്ചതും പ്രായോഗികജീവിതത്തില്‍ രൂപപ്പെടുത്താന്‍ ശ്രമിച്ചിരുന്നതുമായ ബഹുജനപ്രസ്ഥാനം 1952 ആയപ്പോഴേക്ക് എത്രയോ കൂടുതല്‍ ശക്തിപ്പെടുകയും ബഹുമുഖമായിത്തീരുകയും ചെയ്തുവെന്നതാണ്.

കുടിയായ്മ നിയമത്തില്‍ മാറ്റം വരുത്താനാഗ്രഹിക്കുന്ന കുടിയാന്മാരെ സംഘടിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന സോഷ്യലിസ്റു പ്രവര്‍ത്തകരിലൊരാളായിരുന്നു 1936ല്‍ 'പാട്ടബാക്കി' എഴുതിയ ദാമോദരന്‍. 1952ല്‍ നിങ്ങളെന്നെ കമ്യൂണിസ്റാക്കി' എഴുതിയ ഭാസിയാകട്ടെ കുടിയാന്മാരെയും, കര്‍ഷകത്തൊഴിലാളികളെയുമെന്നുവേണ്ട, വന്‍കിട ഭൂവുടമകളുടെ മര്‍ദനചൂഷണങ്ങളില്‍നിന്ന് മോചനം നേടാന്‍ ശ്രമിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും ഒരൊറ്റ - ഉറച്ച - സമരസഖ്യമാക്കി ഉയര്‍ത്താന്‍ ശ്രമിക്കുന്ന ഒരാളാണ്.

1936ല്‍ 'പാട്ടബാക്കി' എഴുതിയ ദാമോദരന്‍ തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കുംവേണ്ടി പോരാടാന്‍ സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച ഒരു യുവബുദ്ധിജീവിയാണ്. സമ്മേളനങ്ങളിലും ഘോഷയാത്രകളിലും വരുന്ന തൊഴിലാളികളെയും, കൃഷിക്കാരെയുമല്ലാതെ ഫാക്ടറിയിലൊ, വയലിലൊ, വാടകകെട്ടിടങ്ങളിലൊ താമസിക്കുന്ന കര്‍ഷകതൊഴിലാളി സ്ത്രീപുരുഷന്മാരെ അവരുടെ യഥാര്‍ഥവും പൂര്‍ണവുമായ ജീവിതത്തില്‍ അദ്ദേഹം കണ്ടിട്ടില്ല. ഭാസിയാകട്ടെ, അര വ്യാഴവട്ടത്തോളംകാലം ചെറുകൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കുടിലുകളില്‍ മാറി മാറി താമസിച്ചും അവരുടെ നിത്യജീവിതത്തിലെ സുഖദുഃഖങ്ങളില്‍ പങ്കുകൊണ്ടും അവരെ സംഘടിപ്പിച്ചും കഴിഞ്ഞതില്‍പിന്നീടാണ് നാടകമെഴുതുന്നത്.

ഇതാണ് 'പാട്ടബാക്കി'യും 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യും തമ്മിലുള്ള വ്യത്യാസമെങ്കില്‍, ഈ രണ്ട് നാടകങ്ങള്‍ക്ക് മറ്റു സാമൂഹ്യനാടകങ്ങളില്‍നിന്നും മുഖ്യമായ ഒരു വ്യത്യാസമുള്ളതും ഇതുതന്നെയാണ്. തൊഴിലാളിയുടെയും കൃഷിക്കാരുടെയും കാര്‍ഷികതൊഴിലാളുകളുടെയും സംഘടിതസമരങ്ങള്‍ വളര്‍ത്താന്‍, വളരുമ്പോള്‍ അവയെ നയിക്കാന്‍, ശ്രമിക്കുന്നതിനിടയ്ക്ക് തങ്ങള്‍ കാണുന്ന സാമൂഹ്യയാഥാര്‍ഥ്യങ്ങളെ ജീവനുള്ള കഥാപാത്രങ്ങളും അവരുടെ പരസ്പരബന്ധങ്ങളുമായിക്കണ്ട് ചിത്രീകരിക്കുകയാണ് ദാമോദരനും ഭാസിയും ചെയ്യുന്നത്. ഇങ്ങനെ അവര്‍ നിര്‍മിക്കുന്ന പാത്രങ്ങളില്‍ കിട്ടുണ്ണിയെയും കുഞ്ഞുമാളുവിനെയും ബാലനെയുംകാള്‍ കൂടുതല്‍ കറമ്പനെയും മാലയെയും വേലുവിനെയും മീനയെയും നിങ്ങള്‍ ഇഷ്ടപ്പെടുന്നുവെങ്കിലതിനു കാരണം ഭാസി സ്വന്തമാക്കിയ ബഹുജനജീവിതം ദാമോദരന്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതിനേക്കാള്‍ പൂര്‍ണമായതാണെന്നതാണ്. മറ്റൊരു വിധത്തില്‍ പറയുകയാണെങ്കില്‍, ജനങ്ങളുടെ ജീവിതം പഠിച്ചതാണ്, ദൈനംദിനസമരങ്ങള്‍ നടത്തുന്ന ബഹുജനങ്ങളുടെ കൂടെ നിന്ന് അവരുടെ ജീവിതം സൂക്ഷ്മമായി പഠിച്ച് അവരിലോരോ സന്ദര്‍ഭങ്ങളില്‍നിന്ന് വരുന്ന മാറ്റങ്ങള്‍ മനസ്സിലാക്കി, അവരുടെ ഇടയില്‍നിന്ന് കഥാപാത്രങ്ങളും സംഭവങ്ങളും നിര്‍മിക്കാന്‍ ശ്രമിച്ചതാണ് 'പാട്ടബാക്കി' യുടെയും 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി' യുടെയും വിജയം.

ഈ പരമാര്‍ഥം മറന്ന്, കാമ്പിശേരിയുടെയും സുധര്‍മയുടെയും മറ്റും നടനസാമര്‍ഥ്യവും ഒ.എന്‍.വി.യുടെ ഗാനരചനയും കെ.എസ്. ജോര്‍ജിന്റെയും സുലോചനയുടെയും ഗാനങ്ങളുമാണ് 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യുടെ മേന്മകള്‍ക്കടിസ്ഥാനമെന്ന് ചിലര്‍ പറഞ്ഞുപരത്തുന്നുണ്ട്. അവരൊരു ചോദ്യത്തിനു മറുപടി പറയണം: ഇത്തരം സാങ്കേതികവശങ്ങളെടുത്തു നോക്കിയാല്‍ 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യേക്കാൾഒരു നിലയ്ക്കും താഴെയല്ലാത്ത മറ്റു നാടകങ്ങള്‍ എന്തുകൊണ്ടാണിത്തരത്തിലുള്ള ബഹുജനാസ്വാദനത്തിന് വിധേയമാകാത്തത്?

മറുപടി വ്യക്തമാണ്. തൊഴിലാളിയും കൃഷിക്കാരനും കര്‍ഷകത്തൊഴിലാളിയും ഒരു സംഘടിത സാമൂഹ്യശക്തിയായി ഉയരുന്നതിനുമുന്‍പ് - സാമൂഹ്യജീവിതമെന്നാല്‍ ഒരു പിടി ഉയര്‍ന്ന വര്‍ഗക്കാരുടെ മാത്രം സാമൂഹ്യജീവിതമായി കരുതപ്പെട്ടിരുന്ന കാലഘട്ടത്തില്‍ - അത്തരം സാമൂഹ്യ ജീവിതത്തെ ആസ്പദമാക്കി പാത്രങ്ങളെയും സംഭവങ്ങളെയും രചിക്കാനാണ് മറ്റു സാമൂഹ്യനാടകങ്ങള്‍ ശ്രമിക്കുന്നത്. അതുകൊണ്ടവയില്‍ പുതുതായി ഉയര്‍ന്നുവരുന്ന ഈ വര്‍ഗങ്ങളുടെ ഹൃദയത്തുടിപ്പുകള്‍ പ്രതിഫലിക്കുന്നില്ല; അവയില്‍നിന്നുയര്‍ന്നു വരുന്ന ജീവനുള്ള കഥാപാത്രങ്ങളുണ്ടാവുന്നില്ല; അതുകൊണ്ട് അത്തരക്കാര്‍ ഭൂരിപക്ഷമായ സദസുകള്‍ക്ക് ഈ നാടകങ്ങള്‍ ആസ്വാദ്യമാകുന്നില്ല. നേരെ മറിച്ചാണ് 'പാട്ടബാക്കി'യുടെയും 'നിങ്ങളെന്നെ കമ്യൂണിസ്റാക്കി'യുടെയും 'നമ്മളൊന്നി'ന്റെയും മറ്റും സ്ഥിതി.


*****


ഇ.എം.എസ്., കടപ്പാട് : ഗ്രന്ഥാലോകം

അധിക വായനയ്ക്ക്:
 
പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

വൈജ്ഞാനികതയും വിമതത്വവും

ദാമോദരേട്ടന്‍

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

ഓര്‍മകളിലെ ദാമോദരന്‍

കുളിര്‍തെന്നലേറ്റ കുറെക്കാലം

No comments: