Monday, November 19, 2012

ഇന്ത്യയും പലസ്തീനും

പ്രത്യക്ഷത്തില്‍ കാണുന്നതിനപ്പുറത്തെ മാനങ്ങളുള്ളതാണ് ഇപ്പോള്‍ ഗാസാചിന്തില്‍ നടക്കുന്ന വ്യോമാക്രമണങ്ങള്‍. പലസ്തീന്‍ ജനതയ്ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണം എന്നതിനപ്പുറം മിഡില്‍ ഈസ്റ്റ് സെറ്റില്‍മെന്റ് അപ്പാടെ പൊളിക്കാന്‍ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ആവിഷ്കരിച്ചിട്ടുള്ള വിശാലമായ ഒരു ഗൂഢതന്ത്രത്തിന്റെ പ്രാരംഭം എന്ന നിലയില്‍ ഇതിനെ കാണുന്നതാവും ഉചിതം.


ലോകത്തെ ഇന്ധനിക്ഷേപത്തിന്റെ 76 ശതമാനവുമുള്ളത് പശ്ചിമേഷ്യയിലാണ്. അത് തങ്ങള്‍ക്ക് സ്വീകാര്യമല്ല എന്ന് പണ്ടേ അമേരിക്കയും ബ്രിട്ടനും പറഞ്ഞിട്ടുണ്ട്. കോള്‍ഡ് വാര്‍ ഡോക്ട്റിനില്‍ ആവര്‍ത്തിച്ചുറപ്പിച്ചിട്ടുണ്ട്. ചര്‍ച്ചിലിന്റെയും റൂസ്വെല്‍റ്റിന്റെയും കാലംതൊട്ടേ ഒളിഞ്ഞും തെളിഞ്ഞും മിഡില്‍ ഈസ്റ്റ് സെറ്റില്‍മെന്റ് പൊളിക്കാന്‍ ശ്രമിച്ചുപോന്നിട്ടുണ്ട്.

ഈ ലക്ഷ്യം സാധിക്കാന്‍ ആ പ്രദേശത്തെയാകെ വളഞ്ഞുവച്ച് ആക്രമിക്കണം. അതിനു മൂന്ന് കേന്ദ്രങ്ങള്‍ വേണം. ഒന്നു തുര്‍ക്കി, രണ്ട് ഇസ്രയേല്‍, മൂന്നാമത്തേത് ഇന്ത്യ. തുര്‍ക്കിയും ഇസ്രയേലും ഇപ്പാള്‍തന്നെ സന്നദ്ധര്‍. ഇന്ത്യയുടെ പൂര്‍ണാനുമതികൂടി കിട്ടണം. ഇതിനാണ്, ഇറാനെ നിയന്ത്രിച്ചു നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയുടെ സഹകരണം വേണമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യാ സന്ദര്‍ശനവേളയില്‍ അഭ്യര്‍ഥിച്ചത്. ഇറാനുമായുണ്ടായിരുന്ന നിര്‍ദിഷ്ട വാതക പൈപ്പ്ലൈന്‍ കരാര്‍ പൊളിച്ച് ഇന്ത്യയെ ആണവായുധ കരാറില്‍ തളച്ചിട്ടതും ഇതേ ഉദ്ദേശ്യത്തോടെതന്നെ.

ഈ തന്ത്രത്തിലൂടെ പലസ്തീന്‍, സിറിയ, ഇറാഖ്, യുഎഇ, ഇറാന്‍ എന്നിവിടങ്ങളാകെ കൈയടക്കാമെന്ന ആഗ്രഹചിന്ത പണ്ടേ അമേരിക്കയ്ക്കുണ്ട്. സോവിയറ്റ് തകര്‍ച്ചയെത്തുടര്‍ന്ന് വിഘടിച്ചു മാറിയ ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, ഉക്രെയ്ന്‍, അര്‍മീനിയ, അസര്‍ബൈജാന്‍ എന്നീ റിപ്പബ്ലിക്കുകളെക്കൂടി അവര്‍ വരുതിയിലാക്കുന്നുണ്ട്. അങ്ങനെവരുമ്പോള്‍ പലസ്തീന്‍ മുതല്‍ പാക് അതിര്‍ത്തിയിലുള്ള ഹിന്ദുക്കുഷ് പര്‍വതനിരവരെയുള്ള വിശാലമായ എണ്ണപ്പാടലോകമാകെ കൈക്കലാക്കാനാവും.

ഇതിനാണ് ജോര്‍ജിയ, ഉക്രെയ്ന്‍, അര്‍മീനിയ എന്നിവിടങ്ങളില്‍ തങ്ങള്‍ക്ക് സ്വീകാര്യമായ ഭരണസംവിധാനമൊരുക്കിയെടുത്തത്; ഇറാഖില്‍ അല്‍ മലീഖിയുടെയും അഫ്ഗാനിസ്ഥാനില്‍ ഹമീദ് കര്‍സായിയുടെയും പാവഭരണങ്ങളെ സ്ഥാപിച്ച് സംരക്ഷിക്കുന്നത്, റഷ്യയെ ആക്രമിക്കാന്‍ ജോര്‍ജിയയെ പ്രേരിപ്പിച്ചത്, ലബനില്‍ ഇടപെട്ടത്, ഇന്ത്യയെ തുടര്‍ച്ചയായി 1-2-3 പ്രതിരോധ കരാറുകളില്‍ തളച്ചിടുന്നത്, ഇറാനെ ആക്രമിക്കാന്‍ കോപ്പുകൂട്ടുന്നത്, പലസ്തീനെ ആക്രമിക്കാന്‍ ഇസ്രയേലിന് വീറുപകരുന്നത്. ഈ പൊതുചിത്രത്തില്‍നിന്ന് അടര്‍ത്തിമാറ്റി കാണേണ്ട ഒന്നല്ല ഇപ്പോഴത്തെ ഇസ്രയേലിന്റെ ആക്രമണം.

ഭിന്നതയിലായ അറബ്ലോകം

ഇത് ഈ വിധത്തില്‍ വിലയിരുത്തപ്പെടുന്നില്ല എന്നത് അമേരിക്കയെയും ഇസ്രയേലിനെയും ഒരുപോലെ സന്തോഷിപ്പിക്കുന്നുണ്ട്. ഗാസാചിന്തില്‍ തുടര്‍ച്ചയായി അറബ് രക്തം ഒഴുകുമ്പോഴും അറബ്- ഇസ്ലാമിക ലോകം പിളര്‍ന്ന വീടായി നില്‍ക്കുകയാണ്. ഈജിപ്തും ട്യുണീഷ്യയും മാത്രമാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്. അറബ് ലോകത്തെ വിഭജിച്ചുനിര്‍ത്താന്‍ അമേരിക്കയ്ക്ക് കഴിയുന്നു. എണ്ണ ഉപരോധം പ്രഖ്യാപിക്കാനോ നയതന്ത്രബന്ധം വിച്ഛേദിക്കാനോ ഐക്യരാഷ്ട്രസഭ സമ്മേളിക്കണമെന്നാവശ്യപ്പെടാനോ കൂട്ടായി സാധിക്കാത്ത നിലയില്‍ അമേരിക്ക അറബ് ലോകത്തെ പിളര്‍ത്തി പല തട്ടിലാക്കി നിര്‍ത്തിയിരിക്കുന്നു.

മാന്‍ഡേറ്റ് സമ്പ്രദായപ്രകാരം ബ്രിട്ടീഷ് ഭരണത്തിലായിരുന്ന പഴയ ഒട്ടോമന്‍ അറബ് പ്രവിശ്യകളിലൊന്നായിരുന്നു പലസ്തീന്‍. ഇതര പ്രവിശ്യകളെല്ലാം സ്വതന്ത്രമായപ്പോഴും ഒഴിവായത് പലസ്തീന്‍മാത്രം. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭം അവിടെ ശക്തിപ്പെട്ടപ്പോള്‍ അത് തടയാന്‍കൂടിയാണ് രണ്ടാം ലോകമഹായുദ്ധകാലത്ത് പലായനത്തിലായ യഹൂദരെ പാര്‍പ്പിക്കാനായി ബ്രിട്ടനും അമേരിക്കയും യുഎന്നിനെ ഉപയോഗിച്ച് പലസ്തീനെ പിളര്‍ന്നു രണ്ടാക്കിയത്. അങ്ങനെയാണ് പലസ്തീന്റെ മധ്യധരണ്യാഴിത്തീര ഭാഗം ഇസ്രയേലായി രൂപംകൊണ്ടത്. ഗാസാചിന്തിലും ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറേ കരയിലുമായി പലസ്തീന്‍കാര്‍ക്ക് ഒതുങ്ങേണ്ടിവന്നത്.

എന്നാല്‍, അതുപോലും അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തിലായി ഇസ്രയേല്‍. പലസ്തീന്‍കാര്‍ക്കായി പരിമിതപ്പെടുത്തപ്പെട്ട പ്രദേശങ്ങളില്‍നിന്നുപോലും പലസ്തീന്‍കാര്‍ ഇസ്രയേല്‍ ആക്രമണഫലമായി പുറത്തായി. 1948ല്‍ തന്നെ ഇസ്രയേല്‍ പലസ്തീന്റെ 77 ശതമാനം കൈയടക്കി. 1967ലെ സപ്തദിന യുദ്ധവും 72ലെ യോം കിപ്പര്‍ യുദ്ധവും നാഴികക്കല്ലുകളായി. പലസ്തീന്‍ അപ്പാടെ ഇസ്രയേലിന്റെ അധീനത്തിലായി. സിറിയയുടെ ഗോലാന്‍ പീഠഭൂമിവരെ അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ കീഴടക്കി. പലസ്തീനെ ഭൂപടത്തില്‍നിന്നുതന്നെ അവര്‍ തുടച്ചുനീക്കി. പലസ്തീന്‍കാര്‍ മാതൃഭൂമി നഷ്ടപ്പെട്ട് അലയുന്ന അനാഥ ജനതയായി. ലോക പൊതുജനാഭിപ്രായത്തെ ഇസ്രയേല്‍ പുച്ഛിച്ചുതള്ളി. ഐക്യരാഷ്ട്രസമിതിയുടെ രക്ഷാസമിതി ഉന്നയിച്ച ആവശ്യങ്ങള്‍പോലും ഇസ്രയേല്‍ തള്ളി. പലസ്തീന്‍ ജനതയുടെ സ്വയംനിര്‍ണയാവകാശം ഉയര്‍ത്തിപ്പിടിക്കുന്ന ഐക്യരാഷ്ട്രസഭാ പ്രമേയം അവര്‍ വലിച്ചുചീന്തി. സായുധകലാപത്തിന്റെയും അന്താരാഷ്ട്ര സമ്മര്‍ദങ്ങളുടെയും ഫലമായാണ് ഗാസാചിന്തിലും മറ്റുമായി അല്‍പ്പാല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ പലസ്തീന്‍ ജനതയ്ക്ക് സാധിച്ചത്. അതുകൂടി തുടച്ചുനീക്കാനുള്ള ആക്രമണമാണിപ്പോള്‍ നടക്കുന്നത്.

മതപരമായ സ്വത്വബോധത്തെക്കുറിച്ചു പറയുന്ന ഒരു അറബ് രാജ്യവും പലസ്തീന്‍കാര്‍ തുടര്‍ച്ചയായി സ്വന്തം മണ്ണില്‍നിന്നു പറിച്ചെറിയപ്പെട്ട ഒരു ഘട്ടത്തിലും സഹായിക്കാനുണ്ടായില്ല. എന്നുമാത്രമല്ല, സൗദി അടക്കമുള്ളവ ഈ ഘട്ടത്തിലൊക്കെ അമേരിക്കയുമായി ചങ്ങാത്തം ദൃഢപ്പെടുത്തിപ്പോരുകയായിരുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമൊക്കെ പൗരജനങ്ങളെ അമേരിക്ക ചവിട്ടിയരച്ചപ്പോഴും സാമ്രാജ്യത്വത്തെ നേരിടാന്‍ കെല്‍പ്പുള്ള ഏകശക്തിയായി സ്വയം ചിത്രീകരിച്ചിരുന്ന സ്വത്വവാദരാഷ്ട്രങ്ങളെ സഹായത്തിനു കണ്ടില്ല. ആ പശ്ചാത്തലത്തില്‍ പുതിയ തന്ത്രങ്ങളെ ചെറുക്കാന്‍ അറബ് ലോകം ഒരുമിച്ചുനില്‍ക്കുമെന്ന് അമേരിക്ക ഭയപ്പെടുന്നുമില്ല. ഇന്നത്തെ ധാര്‍ഷ്ട്യത്തിന് ഇസ്രയേലിനും അമേരിക്കയ്ക്കും കരുത്തുപകരുന്ന പ്രധാന ഘടകങ്ങളിലൊന്ന് ഇതുതന്നെ.

ഭീകരപ്രവര്‍ത്തനമെന്ന വ്യാഖ്യാനം

പലസ്തീന്‍ വിമോചനപ്പോരാട്ടങ്ങളെ ഭീകരപ്രവര്‍ത്തനമെന്നു മുദ്രകുത്തി ചോരയില്‍ മുക്കിക്കൊല്ലുന്ന തന്ത്രമായിരുന്നു ഇസ്രയേലും അമേരിക്കയും എന്നും പ്രയോഗിച്ചത്. ഇന്നും അതുതന്നെ. ഹമാസിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രയേലിന് സ്വാതന്ത്ര്യമുണ്ടെന്നാണ് കഴിഞ്ഞദിവസവും യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞത്. ഐക്യരാഷ്ട്രസഭ നീക്കിവച്ച ഭൂവിഭാഗങ്ങളിലെങ്കിലും സ്വതന്ത്ര പരമാധികാര പലസ്തീന്‍ സ്ഥാപിക്കാന്‍ അല്‍ഫത്താ നേതാവ് യാസര്‍ അറഫാത്തിനെ പ്രസിഡന്റാക്കി പലസ്തീന്‍ വിമോചന സംഘടന രൂപീകരിച്ചപ്പോള്‍ ഇവര്‍ക്ക് അതും "ഭീകരസംഘട"യായിരുന്നു. അറബികള്‍ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് അഭിമാനപൂര്‍വം പറഞ്ഞ ഏരിയല്‍ ഷാരോണും ഇട്സാക് റബ്ബും ബെഞ്ചമിന്‍ നെതന്യാഹുവും ഒന്നുമല്ല, മാതൃഭൂമിക്കുവേണ്ടി പൊരുതുന്ന ജനങ്ങളാണ് ഇവര്‍ക്ക് ഭീകരവാദികള്‍!

1789ലെ ഫ്രഞ്ച് ജനാധിപത്യവിപ്ലവത്തെ അധിക്ഷേപിക്കാനായി ഇംഗ്ലീഷ് യാഥാസ്ഥിതിക സൈദ്ധാന്തികന്‍ എഡ്മണ്ട് ബര്‍ക് രൂപപ്പെടുത്തിയ പദമാണ് "ടെററിസം". ആ പദം അന്നും ഇന്നും മനുഷ്യത്വപരമായ വിമോചന മുന്നേറ്റങ്ങളെ കരിതേച്ചുകാട്ടാന്‍ ഉപയോഗപ്പെടുത്തുന്നു. പലസ്തീന്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുമേല്‍ സയണിസ്റ്റ് ഇസ്രയേല്‍ ഇന്ന് ചാര്‍ത്തുന്നതും ഇതേ പദംതന്നെ! ഇറാഖിലെ സദ്ദാം ഹുസൈന്‍ മുതല്‍ ലിബിയയിലെ മുഅമ്മര്‍ ഗദ്ദാഫിവരെ ഇവര്‍ക്കു ഭീകരരായിരുന്നു. 2006ലെ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ വിജയിച്ചുവന്നിട്ടും ഹമാസ് ഭീകരപ്രസ്ഥാനമായിത്തന്നെ ഇസ്രയേലിന്റെ പട്ടികയില്‍ തുടരുന്നു.

ഗാസാചിന്ത് എത്രയോ കാലമായി ഇസ്രയേലിന്റെ ഉപരോധത്തിന്‍ കീഴിലാണ്. ഭക്ഷണമോ ഔഷധമോ ഇന്ധനമോ അവിടേക്ക് കടക്കാന്‍ അനുവദിക്കുന്നില്ല. ഭക്ഷണം നല്‍കേണ്ട യുഎന്‍ റിലീഫ് വര്‍ക്ക് കമ്മിറ്റിയെപോലും വിലക്കി. വഴികളെല്ലാമടച്ചു. ബേക്കറി മുതല്‍ പവര്‍ സ്റ്റേഷന്‍വരെ അടച്ചുപൂട്ടി. ഇങ്ങനെ ആഹാരമില്ലാതെ, കുടിവെള്ളമില്ലാതെ വളഞ്ഞുവയ്ക്കപ്പെട്ട ജനതയ്ക്കുമേലാണിപ്പോള്‍ മിസൈല്‍ പ്രയോഗം. ഹമാസ് പോരാളികളെയാണ് തങ്ങള്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് ഇസ്രയേല്‍ പറയുന്നു. എന്നാല്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടശേഷവും തുടരുന്ന ആക്രമണങ്ങളില്‍ ഇപ്പോള്‍ മരിച്ചുവീഴുന്നത് ഗര്‍ഭിണികളും കുഞ്ഞുങ്ങളുമാണെന്നു ലോകം കാണുന്നു.

ഇന്ത്യന്‍ നിലപാടിലെ മാറ്റം

ഇന്ത്യന്‍ നിലപാടിലെ മലക്കംമറിച്ചിലാണ് ഏറ്റവും അപമാനകരം. നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യം, ഇസ്രയേല്‍ ഐക്യദാര്‍ഢ്യത്തിനു വഴിമാറിയിരിക്കുന്നു. ഒരിക്കല്‍ ഓരോ ഇന്ത്യക്കാരന്റെയും പാസ്പോര്‍ട്ടില്‍ "സന്ദര്‍ശിച്ചുകൂടാത്ത രാജ്യമാണ് ഇസ്രയേല്‍" എന്ന് വിദേശകാര്യവകുപ്പിന്റെ മുദ്ര പതിഞ്ഞിരുന്നു. വംശഹത്യ നടത്തുന്ന സയണിസ്റ്റ് നിലപാടുകളോടുള്ള വെറുപ്പിന്റെ ദൃഷ്ടാന്തമായിരുന്നു അത്. എന്നാല്‍, അതേ രാജ്യവുമായി ഇന്ത്യ ഇന്ന് നയതന്ത്രബന്ധം സ്ഥാപിച്ചിരിക്കുന്നു; ഇന്ത്യയില്‍ അവരുടെ നയതന്ത്രകാര്യാലയം പ്രവര്‍ത്തിക്കുന്നു. ഇസ്രയേലിന്റെ ചാര ഉപഗ്രഹം ഇന്ത്യന്‍ മണ്ണില്‍നിന്ന് വിക്ഷേപിച്ചുകൊടുക്കുന്നു. വൈകാരികപ്രാധാന്യമുള്ള കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഇസ്രയേലിന്റെ സൈന്യാധിപനു മുന്നില്‍ ചുവപ്പ് പരവതാനി വിരിക്കുന്നു.

ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിത്തുടങ്ങിയ തൊണ്ണൂറുകളുടെ തുടക്കത്തില്‍ത്തന്നെയാണ് ചേരിചേരാനയം ഉപേക്ഷിച്ചുകൊണ്ടുള്ള ഈ വിദേശനയമാറ്റം വന്നത് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഫ്രാന്‍സ് കുറഞ്ഞ വിലയ്ക്ക് തരുമായിരുന്ന തോക്കുകള്‍, മിസൈലുകള്‍, റഡാറുകള്‍, ആളില്ലാ വ്യോമവാഹനങ്ങള്‍ എന്നിവ കൂടിയ വിലയ്ക്ക് ഇസ്രയേലില്‍നിന്ന് ഇന്ത്യ വാങ്ങുന്നു. ഇസ്രയേലിന്റെ ഏറ്റവും വലിയ പടക്കോപ്പ് ഉപയോക്താവ് ഇന്ത്യയാണെന്നു വന്നിരിക്കുന്നു. ഇന്ത്യ നല്‍കുന്ന ഈ പണം ഇസ്രയേല്‍ പലസ്തീനെതിരായി നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള വെടിമരുന്നായി മാറുന്നു.

സാര്‍വലൗകികമായി അംഗീകരിക്കപ്പെട്ട അന്താരാഷ്ട്ര നിയമഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് പ്രശ്നം പരിഹരിക്കണമെന്നും പ്രസക്തമായ യുഎന്‍ പ്രമേയങ്ങള്‍, മാഡ്രിഡ് തത്വങ്ങള്‍, അറബ് സമാധാന മുന്‍കൈ എന്നിവ ആദരിക്കപ്പെടണമെന്നും പറയാനുള്ള ആര്‍ജവംപോലും ഇന്ത്യയ്ക്കില്ല എന്നു വന്നിരിക്കുന്നു. മധ്യധാരണ്യാഴി പ്രദേശത്തെ സംഘര്‍ഷ ലഘൂകരണത്തിനുള്ള ബ്രിക്സ് മുന്‍കൈകളില്‍നിന്നുപോലും ഇന്ത്യ ഒഴിഞ്ഞുനില്‍ക്കുന്നു.

ഇറാനെ ഒറ്റപ്പെടുത്താനുള്ള അമേരിക്കന്‍ നയത്തിന്റെ വക്താവായി അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ മാറി. അന്താരാഷ്ട്ര ആണവ ഏജന്‍സിയില്‍ ഇറാനെതിരെ അമേരിക്കന്‍പക്ഷത്തു നിലയുറപ്പിച്ചു. ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി റദ്ദാക്കാന്‍ ഇന്ത്യ തയ്യാറെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ പ്രഖ്യാപിക്കുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ ബാധ്യസ്ഥമായ രാഷ്ട്രമാണ് തങ്ങളുടേത് എന്നതായി ഇന്ത്യന്‍ ഭരണാധികാരികളുടെ നില. അതുകൊണ്ടുതന്ന ഇസ്രയേലിന്റെ ആക്രമണത്തെ അപലപിക്കുക എന്നത് ഇവരില്‍നിന്ന് പ്രതീക്ഷിച്ചിട്ടു കാര്യമില്ല.

പ്രഭാവര്‍മ

1 comment:

Stockblog said...

Now how this war was started..... Hamas stated the attach by striking rockets in densely populated Tel-Aviv.. there are so many causalities in Israel too.. but only Palestinian causalities are reported in our medias because of community appeasement tendency.