Monday, November 19, 2012

മാധ്യമവിചാരണയ്ക്കെതിരെ സുപ്രീംകോടതി

ഒരു ക്രിമിനല്‍കേസില്‍ അവസാനവിധി വരുന്നതിനു മുമ്പ് വിചാരണ നടപടികള്‍ പത്ര ദൃശ്യമാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്, ചില പ്രത്യേക സാഹചര്യങ്ങളില്‍ റിട്ട് അധികാരമുള്ള കോടതികള്‍ക്ക് തടയാം എന്ന സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലാണ്. ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് 2012 സെപ്തംബര്‍ 11നാണ് ഈ വിധി പ്രസ്താവിച്ചത്. സഹാറ കമ്പനിയും സെബിയും (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) തമ്മിലുള്ള ഒരു കേസില്‍ കക്ഷികള്‍ തമ്മിലയച്ച കത്തിലെ വിവരം ഒരു ദൃശ്യമാധ്യമം പുറത്തുവിട്ടു. സഹാറ ഗ്രൂപ്പിലെ ചില നിക്ഷേപങ്ങള്‍ തിരിച്ചുനല്‍കുന്നതിനുള്ള കരുതല്‍ നിക്ഷേപങ്ങളുടെ കാര്യത്തെപ്പറ്റിയായിരുന്നു ഇത്. തുടര്‍ന്ന്, പത്രദൃശ്യ മാധ്യമങ്ങള്‍ക്ക് കോടതി നടപടികള്‍ പ്രസിദ്ധീകരിക്കുന്നതിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് പറഞ്ഞ് സഹാറയും സെബിയും മൂന്ന് ഉപഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ഫയല്‍ചെയ്തു. ഈ ഉപഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. 
 
ക്രിമിനല്‍ നടപടി നിയമപ്രകാരം ക്രിമിനല്‍ കേസില്‍ രണ്ട് ഘട്ടങ്ങളുണ്ട്. ഒന്നാംഘട്ടത്തില്‍, പൊലീസ് കേസന്വേഷിക്കുകയും പ്രതി കുറ്റംചെയ്തു എന്ന് ബോധ്യപ്പെട്ടാല്‍ പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുന്നു. രണ്ടാം ഘട്ടത്തില്‍,കോടതി ഒരു കുറ്റപത്രം തയ്യാറാക്കി വിചാരണ നടത്തിയശേഷം പ്രതി കുറ്റക്കാരനാണോ അല്ലയോ എന്ന വിധി പ്രസ്താവിക്കുന്നു. ഈ രണ്ടാംഘട്ടത്തില്‍ വിചാരണയുടെ ചില ഘട്ടങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് പത്ര-ദൃശ്യ മാധ്യമങ്ങളെ വിലക്കാന്‍ റിട്ട് കോടതികള്‍ക്ക് അധികാരമുണ്ട് എന്നാണ് സുപ്രീംകോടതി പറഞ്ഞത്. 
 
ക്രിമിനല്‍ കേസില്‍ കുറ്റപത്രം തയ്യാറാക്കിയതിന് ശേഷം സാക്ഷികളെ വിസ്തരിക്കുക എന്നതാണ് പ്രധാനപ്പെട്ട വിചാരണ നടപടി. സാക്ഷിവിസ്താരത്തില്‍ ആദ്യവിസ്താരം, എതിര്‍വിസ്താരം, പുനര്‍വിസ്താരം എന്നിങ്ങനെ മൂന്ന് ഘട്ടമാണുള്ളത്. ആദ്യ വിസ്താരത്തില്‍ സാക്ഷികള്‍ക്ക് കേസിനോട് അനുബന്ധിച്ച് അറിയാവുന്ന കാര്യങ്ങള്‍ പറയാന്‍ അവസരം നല്‍കുന്നു. എതിര്‍ വിസ്താരത്തില്‍ സാക്ഷി പറഞ്ഞ കാര്യങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്യാന്‍ പ്രതിക്ക് അവസരം നല്‍കുന്നു. പുനര്‍വിസ്താരത്തില്‍, സാക്ഷികള്‍ തെറ്റ് വരുത്തിയിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ പ്രോസിക്യൂഷന് അവസരം നല്‍കുന്നു. 
 
ഈയിടെ ഉണ്ടായ പല കൊലപാതക കേസുകളിലും രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടുത്തുകയും അവര്‍ പൊലീസിന് നല്‍കിയ മൊഴി എന്നു പറഞ്ഞ് പത്ര ദൃശ്യമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച് അവരെയും അവരുടെ രാഷ്ട്രീയ പാര്‍ടിയെയും തേജോവധം ചെയ്യുന്ന സ്ഥിതിയുണ്ടായി. ഈ കേസുകള്‍ കോടതിയില്‍ വിചാരണയ്ക്ക് വരികയാണ്. അവിടെ, സാക്ഷികള്‍ ആദ്യ വിസ്താരത്തില്‍ പറഞ്ഞകാര്യം മാത്രം പ്രസിദ്ധീകരിച്ച് കേസിലെ പ്രതികളെയും അവര്‍ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയപ്പാര്‍ടികളെയും തേജോവധംചെയ്യാന്‍ സാധ്യതയുണ്ട്. ഇതിന് തടയിടാന്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി സഹായകമാണ്. 1967ല്‍ നരേഷ് ശ്രീധര്‍ മിറാജ്കര്‍ (AIR1967 SC1) കേസില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞ കാര്യം ഇവിടെ പ്രസക്തമാണ്. ഈ വിധിയിലെ 30-ാം ഖണ്ഡികയില്‍ സുപ്രീംകോടതി പറയുന്നത്, ഒരു സാക്ഷി കോടതിയില്‍ പറയുന്ന മൊഴി അമിതപ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചാല്‍ ആ സാക്ഷി അമിത പ്രാധാന്യത്തോടെയുള്ള പ്രസിദ്ധീകരണത്തെ പേടിച്ച് സത്യം പറയാതെ വരും എന്നാണ്. 
 
ക്രിമിനല്‍ കേസിലെ സാക്ഷികള്‍ കോടതിയില്‍ നല്‍കുന്ന മൊഴി പിറ്റേദിവസം പത്ര-ദൃശ്യമാധ്യമങ്ങളില്‍ വരും എന്ന് കണ്ടാല്‍ അവര്‍ ഭയചകിതരാകാം, അതോടെ അവര്‍ സത്യത്തെ വളച്ചൊടിച്ച് പറഞ്ഞേക്കാം. ഇതൊഴിവാക്കാന്‍ പ്രധാനപ്പെട്ട ക്രിമിനല്‍ കേസുകളില്‍ സാക്ഷി വിസ്താരം പ്രസിദ്ധീകരിക്കുന്നത് തടയേണ്ട കാലം അതിക്രമിച്ചു. മാത്രമല്ല, ഇത്തരം പ്രസിദ്ധീകരണങ്ങള്‍ കോടതികളെ അനാവശ്യ സമ്മര്‍ദത്തിലേക്ക് നയിക്കാനും ഇടവന്നേക്കാം. ഭരണഘടനയുടെ 19-ാം അനുഛേദം മാധ്യമ സ്വാതന്ത്ര്യം അംഗീകരിക്കുന്നുണ്ടെങ്കിലും അനുഛേദം 19(2) പ്രകാരം മാധ്യമ സ്വാതന്ത്ര്യം പ്രതികളുടെ അവകാശങ്ങളെ ഹനിക്കുന്നുണ്ടെങ്കില്‍ കോടതികള്‍ക്ക് വിചാരണനടപടികള്‍ ഒരു പ്രത്യേക കാലയളവില്‍ പ്രസിദ്ധീകരിക്കുന്നത് തടയാം എന്നാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പറഞ്ഞത്. റിട്ട് കോടതികള്‍ക്ക്, നേരിട്ടോ അല്ലെങ്കില്‍ കീഴ്കോടതിയുടെ അപേക്ഷ പ്രകാരമോ ഇത്തരം ഉത്തരവുകള്‍ പ്രസ്താവിക്കാവുന്നതാണ് എന്നും സുപ്രീംകോടതി പറയുന്നു.
 
 ഈയിടെ നടന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസ്, ഷുക്കൂര്‍ വധക്കേസ് തുടങ്ങിയ കേസുകളില്‍ രാഷ്ട്രീയ നേതാക്കളെ രാഷ്ട്രീയ വിരോധംവച്ച് പൊലീസ് പ്രതികളാക്കുമ്പോള്‍, വലതുപക്ഷ മാധ്യമങ്ങള്‍ അത് ആഘോഷമാക്കി അന്വേഷണത്തെ വഴിതെറ്റിക്കുന്ന അവസ്ഥയുണ്ടാക്കിയിട്ടുണ്ട്. ഇനി ഇത്തരം കേസുകള്‍ വിചാരണയ്ക്ക് വരുമ്പോള്‍, ഭരണഘടനാബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ വിചാരണ സമയത്തെ സാക്ഷിമൊഴികള്‍ അവസാനവിധി പ്രസ്താവിക്കുന്നതിനു മുന്‍പേ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ കോടതിക്ക് നടപടിയെടുക്കാം. ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ 43-ാം ഖണ്ഡിക പറയുന്നത്, ഒരു ക്രിമിനല്‍ കേസിലെ പ്രതിക്കോ അന്യായക്കാര്‍ക്കോ റിട്ട് കോടതികളെ സമീപിച്ച് വിചാരണയുടെ ചില ഘട്ടങ്ങള്‍, പത്രദൃശ്യ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയാന്‍ അപേക്ഷ നല്‍കാം എന്നതാണ്. ഇത് ഭരണഘടനയുടെ അനുഛേദം 19ന്റെ ലംഘനമാകില്ല എന്ന് മാത്രമല്ല, ഇത്തരം ഉത്തരവുകള്‍ സാഹചര്യങ്ങളുടെ ആവശ്യത്തിനുസരിച്ച് പാസാക്കേണ്ടതാണ് എന്നും, അനുഛേദം 19 (2) പ്രകാരം ഇത് സാധ്യമാണ് എന്നും സുപ്രീം കോടതി പറയുന്നു. 
 
ക്രിമിനല്‍ കേസിലെ പ്രതി കോടതിവിധി വരുന്നതുവരെ നിരപരാധി ആണെന്നാണ് ഇന്ത്യന്‍ ജുഡീഷ്യല്‍ വ്യവസ്ഥ പറയുന്നത്. വിചാരണസമയത്ത് സാക്ഷികള്‍ പറയുന്ന ചില കാര്യങ്ങള്‍മാത്രം പെരുപ്പിച്ച് പ്രസിദ്ധീകരിച്ചാല്‍ അത് പ്രതികള്‍ക്ക് മാത്രമല്ല, കോടതികള്‍ക്കും കേസ് തീരുമാനമെടുക്കുന്നതിന് പ്രതിബന്ധമായേക്കാം. കോടതികളെ ഇത്തരം മാധ്യമവിചാരണകള്‍ സ്വാഭാവികമായും സ്വാധീനിച്ചേക്കാം എന്ന് കോടതികള്‍തന്നെ പല വിധികളിലും പ്രസ്താവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രധാനപ്പെട്ട ക്രിമിനല്‍ കേസുകളിലെ സാക്ഷിവിസ്താരം, കേസിലെ വിധി പ്രസ്താവിക്കുന്നതിന് മുമ്പേ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തലാക്കേണ്ടതാണ്. ഭരണഘടനാ ബെഞ്ച് പറഞ്ഞതുപോലെ റിട്ട് കോടതികള്‍ സ്വമേധയാ ഇത്തരം മാധ്യമ വിചാരണയെ വിലക്കേണ്ടത് നീതിന്യായ വ്യവസ്ഥയുടെ സംരക്ഷണത്തിനും വിശ്വാസ്യതയ്ക്കും ആവശ്യമാണ്. 
 
 ****
 
അഡ്വ. പി വി കുഞ്ഞികൃഷ്ണന്‍

No comments: