Sunday, November 11, 2012

മാധ്യമവിമര്‍ശനം ജനാധിപത്യാവകാശം, പക്ഷേ, പ്രചാരവേലയോ?

ജനാധിപത്യത്തിന്റെ നാലു സ്തംഭങ്ങളിലൊന്നായി കരുതപ്പെടുന്ന മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും മാധ്യമസ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ കൂടുതല്‍ വിപുലമാക്കാന്‍ പിന്തുണ നല്‍കുകയും ചെയ്യേണ്ട ഒരു പുരോഗമന ജനാധിപത്യപ്രസ്ഥാനം അകാരണമായി അവയോടു യുദ്ധം ചെയ്യാനൊരുങ്ങുന്നത് എന്തുകൊണ്ടാണ്?;.    

ടി. പി. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച മാധ്യമ പ്രചരണങ്ങളോട് സിപിഐഎം കൈക്കൊണ്ട സമീപനത്തെക്കുറിച്ചെഴുതിയ ലേഖനത്തില്‍ ഒ കെ ജോണി ഉന്നയിക്കുന്ന ചോദ്യമാണിത് (മാധ്യമങ്ങളാണോ ഈ പാതകങ്ങള്‍ ചെയ്തത്?, 2012, ജൂണ്‍ 8).

അദ്ദേഹം പ്രചാരവേലയുടെ ഭാഗമായിരുന്നില്ല. എന്നാല്‍ ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സിപിഐഎമ്മിനെതിരെ നടത്തിയ പ്രചാരവേലയില്‍ അദ്ദേഹം തെറ്റൊന്നും കാണുന്നുമില്ല. അദ്ദേഹം എഴുതുന്നു: രാഷ്ട്രീയപാര്‍ടികള്‍ സമൂഹമധ്യത്തില്‍ വിചാരണ ചെയ്യപ്പെടുക ജനാധിപത്യക്രമത്തില്‍ സ്വാഭാവികവും അനിവാര്യവുമാണ്. അതു പാര്‍ടിയെ തകര്‍ക്കാനുളള വലതുപക്ഷ മാധ്യമങ്ങളുടെ ഗൂഢാലോചനയാണെന്നു പ്രചരിപ്പിച്ചുകൊണ്ട് സ്വന്തം തെറ്റുകള്‍ മറച്ചുവെയ്ക്കാമെന്ന ഗീബല്‍സിയന്‍ തന്ത്രം ഫലിക്കാതെ വരുമ്പോഴാണ്, മാധ്യമങ്ങള്‍ക്കെതിരെ ഒരു രാഷ്ട്രീയപാര്‍ടിയ്ക്ക് യുദ്ധം പ്രഖ്യാപിക്കേണ്ടി വരുന്നത്. മാധ്യമവിമര്‍ശനമെന്നത് സ്വന്തം തെറ്റുകള്‍ മറച്ചുവെയ്ക്കാനുളള ഗീബല്‍സിയന്‍ തന്ത്രമാണോ? അതോ, മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇത്തരമൊരു വലതുപക്ഷ ഗൂഢാലോചനയെക്കുറിച്ച് ശങ്കിക്കുന്നതില്‍ ന്യായമുണ്ടോ? വിമോചന സമരത്തിനു പിന്നിലെ മാധ്യമഗൂഢാലോചനയെ ഒ. കെ. ജോണി നിഷേധിക്കുന്നില്ല. അദ്ദേഹത്തിന്റെ ആരോപണങ്ങളോടുളള പ്രതികരണം ഇവിടെ നിന്ന് ആരംഭിക്കാം.

വിമോചന സമരവും മാധ്യമങ്ങളും 

മുഖ്യധാരാ മാധ്യമങ്ങളുടെ പിന്തുണയോടെയല്ല ഇടതുപക്ഷം വളര്‍ന്നതെന്ന് അറിയാത്തവരില്ല. കേരളത്തിലെ കുപ്രസിദ്ധമായ വിമോചനസമരം എന്ന ജനാധിപത്യവിരുദ്ധ കലാപത്തില്‍ ഭൂരിപക്ഷം മാധ്യമങ്ങളും സ്വീകരിച്ച ഇടതുപക്ഷ വിരുദ്ധ പ്രത്യയശാസ്ത്രം തന്നെയാണ് ഇന്നും മാധ്യമവിപണിയെ നിയന്ത്രിക്കുന്നത്. പക്ഷപാതിത്വം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടായാലും നിഷ്പക്ഷത ഭാവിച്ചുകൊണ്ടായാലും ഏതു മാധ്യമവും അതിന്റെ പരിചരണരീതിയിലൂടെ വിനിമയം ചെയ്യുന്നത് സവിശേഷമായൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെയാണ്. അതൊരു അനിവാര്യതയാണ്.

1959 ലെ വിമോചന സമരത്തിലെ മാധ്യമപങ്കാളിത്തം വിമോചനസമരത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ അനാവരണം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ ഗ്വാട്ടിമാല, ബ്രിട്ടീഷ് ഗയാന, ബ്രസീല്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇടതുപക്ഷവിരുദ്ധ പട്ടാള അട്ടിമറികള്‍ നടന്നു. അതിന് പശ്ചാത്തലമൊരുക്കിയ മാധ്യമ ഇടപെടലുകള്‍ക്ക് സമാനമായ ശൈലിയിലായിരുന്നു അക്കാലത്തെ മാധ്യമ പ്രൊപ്പഗാന്‍ഡ. മറ്റുരാജ്യങ്ങളില്‍ പ്രചാരവേല കരുപ്പിടിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് സി ഐ എ തന്നെ സ്വയം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, സി ഐ എയുടെ പ്രത്യക്ഷമായ മാധ്യമ പങ്കാളിത്തം കേരളത്തിലുണ്ടായില്ല. കാരണം മേല്‍പ്പറഞ്ഞ ആ രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി താരതമ്യേന വളര്‍ച്ച പ്രാപിച്ച കമ്മ്യൂണിസ്റ്റു വിരുദ്ധ മാധ്യമങ്ങള്‍ അന്ന് മലയാളത്തില്‍ ഉണ്ടായിരുന്നു. പള്ളിയുടെയും മറ്റും നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങളും രൂപംകൊണ്ടിരുന്നു. വിമോചന സമരത്തെ സഹായിക്കുന്നതിന് പണം നല്‍കിയതായി അമേരിക്കന്‍ അമ്പാസഡര്‍മാരായ എല്‍സ്വര്‍ത്ത് ബങ്കറും പാട്രിക് മൊയ്നിഹാനും വെളിപ്പെടുത്തിയിട്ടുണ്ട്. "കേരളധ്വനി" പത്രം ആരംഭിക്കുന്നതിനും നടത്തുന്നതിനുമുള്ള പണം ക്രിസ്ത്യന്‍ ആന്റി കമ്യൂണിസ്റ്റ് ലീഗാണ് നല്‍കിയത്. പത്രങ്ങള്‍ക്കും പ്രസിദ്ധീകരണശാലകള്‍ക്കും കമ്യൂണിസ്റ്റ് വിരുദ്ധസാഹിത്യം എത്തിക്കുന്നതിന് യുണൈറ്റഡ് സ്റ്റേറ്റ് ഇന്‍ഫോര്‍മേഷന്‍ സര്‍വീസ്  പ്രധാന പങ്കുവഹിച്ചു.

അമേരിക്കന്‍പണം കൊണ്ട് ആരംഭിച്ച ദക്ഷിണ ഭാരത ബുക്ക്ട്രസ്റ്റായിരുന്നു സി ജെ തോമസിനെപ്പോലുള്ള ധിഷണാശാലികളായ കമ്യൂണിസ്റ്റ് വിരുദ്ധരുടെ ആസ്ഥാനം. വിമോചനസമരത്തിന്റെ ആദ്യഘട്ടങ്ങളില്‍ മാതൃഭൂമി കൂടൂതല്‍ നിഷ്പക്ഷമായ നിലപാടാണ് സ്വീകരിച്ചതെങ്കിലും പിന്നീട് നിലപാടു മാറ്റി സമരക്കാരുടെ ഒപ്പം ചേര്‍ന്നു. മനോരമയും ദീപികയുമായിരുന്നു പ്രചരണത്തിന്റെ മുന്‍പന്തിയില്‍. വിരുദ്ധ പ്രചരണം - വിമോചനസമരത്തിനു ശേഷം എന്നാല്‍, വിമോചനസമരകാലത്തെ കമ്യൂണിസ്റ്റ്വിരുദ്ധ ഹാലിളക്കം എന്നേക്കും നിലനിന്നില്ല. കേരളത്തിലെ സവിശേഷമായ സാംസ്കാരിക - ബൗദ്ധിക അന്തരീക്ഷമായിരുന്നു അതിനു കാരണം. പത്രവായനക്കാരില്‍ പകുതിയോ അതിലേറെയോ ഇടതുപക്ഷക്കാരോ അനുഭാവികളോ ആണല്ലോ. അതിനാല്‍, പൊതുവെ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാട് തുടരുന്നതോടൊപ്പം പക്ഷപാതപരമല്ലാത്ത റിപ്പോര്‍ട്ടുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാനും അവര്‍ നിര്‍ബന്ധിതരായി. അനിവാര്യമായ ചരിത്രഘട്ടങ്ങളില്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണം പ്രചണ്ഡമാവുകയും ചെയ്തു. തിരഞ്ഞെടുപ്പുവേളകളിലും ഇടതുപക്ഷം അധികാരത്തില്‍ വരുന്ന കാലഘട്ടങ്ങളിലും ശക്തമായ പ്രചാരവേലയുടെ നിലപാട് മാധ്യമങ്ങള്‍ തുടര്‍ന്നു. എന്നാല്‍, ആ ഇടവേളകളില്‍പ്പോലും വലതുപക്ഷ പിന്തിരിപ്പന്‍ നിലപാടുകളിലൂന്നി മാധ്യമങ്ങള്‍ നടത്തിയ കടന്നാക്രമണങ്ങള്‍ ഇടതുപക്ഷ ജനസാമാന്യത്തിനിടയില്‍ വളരെയൊന്നും ഏശിയില്ല. ജനകീയ പ്രശ്നങ്ങളുയര്‍ത്തി സംഘടിപ്പിച്ച പ്രക്ഷോഭ-പ്രചരണങ്ങളിലൂടെ ഇടതുപക്ഷത്തിന്റെ ജനകീയ പിന്തുണ കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍ കൂടുതല്‍ വിപുലപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷപിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞില്ല. ഇതിന്റെ മുഖ്യകാരണം മതന്യൂനപക്ഷങ്ങള്‍ക്കിടയിലെ ഇടതുപക്ഷത്തിന്റെ സ്വാധീനക്കുറവായിരുന്നു.

സോവിയറ്റ് യൂണിയന്റെ പതനത്തെത്തുടര്‍ന്നുള്ള ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍പോലും കേരളം ഇടതുപക്ഷത്തിന്റെ ശക്തിദുര്‍ഗമായി നിലനിന്നു. ആഗോളീകരണ നയങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിക്കുകയും ജനങ്ങളെ അണിനിരത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഇടതുപക്ഷ പാര്‍ട്ടികള്‍ മാത്രമാണ്. അമേരിക്കയുമായിട്ടുളള സൈനിക ബന്ധങ്ങള്‍ തുടര്‍ച്ചയായി തുറന്നു കാണിക്കുന്നതും ഇടതുപക്ഷമാണ്. ഏഷ്യയിലെ ഏറ്റവും സുശക്തമായ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ തകര്‍ക്കുന്നതില്‍ അമേരിക്കയുടെ താല്‍പര്യം നമുക്ക് ന്യായമായും ഊഹിക്കാം. ജന്മി-ബൂര്‍ഷ്വാ ഭരണവര്‍ഗങ്ങളും സാമ്രാജ്യത്വവും നടത്തുന്ന ഇത്തരം പരിശ്രമങ്ങളോട് ബന്ധപ്പെടുത്തിക്കൊണ്ട് വിമോചനസമരത്തിന്റെ മാധ്യമപാരമ്പര്യക്കാരെ വിശകലനം ചെയ്യുമ്പോള്‍, വലതുപക്ഷ മാധ്യമഗൂഢാലോചന മണക്കുന്നതില്‍ എങ്ങനെയാണ് തെറ്റുപറയാന്‍ കഴിയുക?

2000-2009 കാലത്ത് മലയാള മാധ്യമങ്ങള്‍ ഒരിക്കല്‍ക്കൂടി പ്രചണ്ഡമായ കമ്യൂണിസ്റ്റ്വിരുദ്ധ പ്രചരണത്തിലേക്ക് കടന്നുവെന്ന് സ്ഥാപിക്കുന്ന വ്യാജസമ്മതിയുടെ നിര്‍മ്മിതി - മാധ്യമവിമര്‍ശം 2000-2009 എന്ന ഗ്രന്ഥം ഞാനെഴുതിയിട്ടുണ്ട്. ജനകീയാസൂത്രണ - ലാവലിന്‍ വിവാദങ്ങള്‍ എങ്ങനെയാണ് മാധ്യമങ്ങള്‍ ആസൂത്രിതമായി കൊഴുപ്പിച്ചെടുത്തത് എന്നാണ് ഈ ഗ്രന്ഥം ചര്‍ച്ച ചെയ്യുന്നത്. മാധ്യമങ്ങള്‍ വാര്‍ത്ത മാത്രമല്ല, വീക്ഷണവും അനിവാര്യമായി പകര്‍ന്നു നല്‍കുന്നു. അതുകൊണ്ട് ഒരു പ്രത്യയശാസ്ത്ര നിലപാട് ഏതു മാധ്യമത്തിനും അനിവാര്യമാണ് എന്നു സമ്മതിക്കാം. പക്ഷേ, ഇത് നിഷ്കളങ്കമായ ഒരു പ്രത്യയശാസ്ത്ര മുന്‍വിധി മാത്രമായിരുന്നോ? പക്ഷംപിടിക്കല്‍, വക്രീകരണം, ന്യൂനീകരണം, തമസ്കരണം, പര്‍വതീകരണം, പെരുമ്പറയടിക്കല്‍, കുറ്റപ്പേരു വിളിക്കല്‍ തുടങ്ങി ചോംസ്കിയുടെയും മറ്റും നിശിതവിമര്‍ശനത്തിനു വിധേയമായിട്ടുളള എല്ലാ അടവുകളും മേല്‍പറഞ്ഞ വിവാദങ്ങളില്‍ മലയാളമാധ്യമങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. തീര്‍ന്നില്ല. നട്ടാല്‍ കുരുക്കാത്ത നുണകള്‍ വളരെ സംഘടിതമായി ദൃശ്യ- പത്ര മാധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പൊതുബോധത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന് ശ്രമിക്കുകയും ചെയ്തു.

വെറുപ്പിന്റെ പ്രചാരകരായി അവര്‍ മാറി. ഇതിനെതിരെ ശക്തമായ എതിര്‍പ്രചാരവേല സിപിഐ എമ്മും നടത്തി. മാധ്യമസിന്‍ഡിക്കേറ്റിനെ തുറന്നു കാണിച്ചു. സിപിഐഎമ്മിന്റെ എന്തു തെറ്റു മറച്ചുവെയ്ക്കുന്നതിനാണ് ഈ പ്രതിരോധം തീര്‍ത്തത്? മുഖം മോശമായതിന് കണ്ണാടി ഉടച്ചിട്ടെന്തു കാര്യം, തീയില്ലാതെ പുകയുണ്ടാകുമോ?, പ്രശ്നം സിപിഐഎമ്മിന്റെ അപചയമാണ്. അതുപരിഹരിക്കുകയല്ലാതെ മാധ്യമങ്ങള്‍ക്കുമേല്‍ കുതിരകയറുന്നത് ഫാസിസമാണ്;- ദൂരദര്‍ശന്‍ നടത്തിയ ഒരു സെമിനാറില്‍ ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഇങ്ങനെ പ്രതികരിച്ചപ്പോള്‍ ആ മാധ്യമസദസ്സില്‍ ഞാന്‍ ഇങ്ങനെയൊരു വെല്ലുവിളി നടത്തി.

അഞ്ചുവര്‍ഷം മുമ്പ് ജനകീയാസൂത്രണ വിവാദത്തില്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഒന്നെങ്കിലും ഇന്നുന്നയിക്കാന്‍ നിങ്ങളില്‍ ഒരാള്‍ക്കെങ്കിലും കഴിയുമോ? ഒരു മാധ്യമപ്രവര്‍ത്തകന്‍പോലും ഈ വെല്ലുവിളി ഏറ്റെടുക്കാനുണ്ടായില്ല. ലാവലിന്‍ സംബന്ധിച്ച് എന്തെല്ലാം ആരോപണങ്ങളാണ് ഉയര്‍ന്നത്? മാധ്യമങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഒന്നുപോലും സിബിഐയുടെ കുറ്റപത്രത്തില്‍ ഇടംപിടിച്ചില്ല. ആരോപണങ്ങള്‍ സാധൂകരിക്കാന്‍ വേണ്ടി എത്ര നുണക്കഥകള്‍ മാധ്യമങ്ങള്‍ പടച്ചുണ്ടാക്കി. അവയൊക്കെ "ഇനിയെന്തു ലാവലിന്‍" എന്ന ഗ്രന്ഥത്തില്‍ അക്കമിട്ടെഴുതിയിട്ടുണ്ട്. ഞങ്ങള്‍ മാവിലായിക്കാരാണ് എന്ന മട്ടിലാണ് നുണകള്‍ നിര്‍മ്മിച്ചവര്‍ ഇപ്പോള്‍ പെരുമാറുന്നത്.

ടി പി ചന്ദ്രശേഖരന്‍ വധത്തിനുശേഷമുണ്ടായ പ്രചാരവേലയെ മേല്‍പറഞ്ഞവയുടെ തുടര്‍ച്ചയായാണ് ഞങ്ങള്‍ കാണുന്നത്. സിപിഐഎമ്മിനെ സംശയിക്കുന്നതിന് ഒ കെ ജോണി പറയുന്നതു പോലെ മാധ്യമങ്ങള്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകാം. സിപിഐഎമ്മിന് അതിന്റെ നിലപാടുമുണ്ട്. പോലീസ് അറസ്റ്റു ചെയ്തതില്‍ സിപിഐഎമ്മിന്റെ പ്രവര്‍ത്തകരുണ്ട്. പോലീസ് കുറ്റപത്രം നല്‍കിയതുകൊണ്ട് ഇവരെ കുറ്റക്കാരെന്ന് ഞങ്ങള്‍ വിധിക്കുന്നില്ല. പക്ഷേ, പാര്‍ടി കേന്ദ്രക്കമ്മിറ്റി ഒരുകാര്യം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ടിതലത്തില്‍ അന്വേഷണമുണ്ടാകും. ഏതെങ്കിലും ഒരു പ്രവര്‍ത്തകന് വധത്തില്‍ ബന്ധമുണ്ടെങ്കില്‍ നടപടിയെടുക്കുകയും ചെയ്യും. ഇത്ര പോര എന്ന് ആഗ്രഹമുള്ളവര്‍ മാധ്യമപ്രവര്‍ത്തകരില്‍ ഉണ്ടാകും. അവര്‍ക്ക് സിപിഐഎമ്മിനെ വിമര്‍ശിക്കാം. എന്നാല്‍ മൂന്നുമാസക്കാലം കേരളത്തില്‍ നടന്ന മാധ്യമ പ്രചാരവേല ഇത്തരമൊരു വിമര്‍ശനമായിരുന്നുവോ? സിപിഐഎം എന്നാല്‍ കൊലയാളികളുടെ പാര്‍ടിയാണ്, ജനാധിപത്യവിരുദ്ധ പ്രസ്ഥാനമാണ്, ജനവിരുദ്ധരാണ് എന്നൊക്കെ സ്ഥാപിക്കാന്‍ ആസൂത്രിതമായ പ്രചാരവേലയായിരുന്നില്ലേ? ഇതിനെ ഞങ്ങള്‍ ചെറുക്കും. അതില്‍ ജനാധിപത്യവിരുദ്ധമായി ഒന്നുമില്ല.

മാധ്യമരംഗത്തെ ബഹുസ്വരതയെക്കുറിച്ച് വിമോചനസമരത്തിനു ശേഷം കേരളത്തിലെ മാധ്യമമേഖലയില്‍ ഉണ്ടായിട്ടുളള മാറ്റങ്ങള്‍ ജനാധിപത്യത്തിന്റെ നാലു സ്തംഭങ്ങളില്‍ ഒന്നായ പത്രമാധ്യമം സ്വീകരിക്കേണ്ടുന്ന പത്രധര്‍മ്മം നടപ്പിലാക്കാന്‍ പര്യാപ്തരാക്കുകയല്ല ചെയ്തിട്ടുളളത്. മറിച്ച് പത്രമാധ്യമങ്ങളെ മൂലധനത്തിന്റെ നിക്ഷിപ്തതാല്‍പര്യങ്ങള്‍ക്ക് കൂടുതല്‍ കീഴ്പ്പെടുത്തുകയാണ് ചെയ്തിട്ടുളളത്. അതോടൊപ്പം പത്രങ്ങളുടെ സ്വാധീനത്തിലും വിസ്മയകരമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. മൂന്നു ലക്ഷത്തില്‍ താഴെയായിരുന്ന പത്രപ്രചാരം ഇന്ന് 45 ലക്ഷത്തിനു മുകളിലായിട്ടുണ്ട്. അതോടൊപ്പം കുത്തകവത്കരണത്തിന്റെ പ്രവണത കൂടി ശക്തിപ്പെട്ടു. 1950കളുടെ അവസാനം പത്രസര്‍ക്കുലേഷനില്‍ മാതൃഭൂമിയുടെയും മനോരമയുടെയും വിഹിതം ഏതാണ്ട് 18 ശതമാനം വീതമായിരുന്നു. ഏതാണ്ട് 65 ശതമാനത്തോളം സര്‍ക്കുലേഷന്‍ മറ്റു ചെറുകിട പത്രങ്ങള്‍ക്കായിരുന്നു. എന്നാല്‍ പുതിയ നൂറ്റാണ്ട് ആരംഭിക്കുമ്പോള്‍ കേരളത്തിലെ പത്ര സര്‍ക്കുലേഷന്റെ 70 ശതമാനം ഈ രണ്ടു പത്രങ്ങളുടെ കൈവശമാണ് - മനോരമയ്ക്ക് 42 ശതമാനവും മാതൃഭൂമിയ്ക്ക് 28 ശതമാനവും. ഈ രണ്ടു പത്രങ്ങളും തികഞ്ഞ കമ്മ്യൂണിസ്റ്റുവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്ന് എന്നതില്‍ തര്‍ക്കമില്ല. മാധ്യമ ഉടമസ്ഥതയുടെ രാഷ്ട്രീയം തന്നെയാണ് പ്രധാന കാരണം. മാധ്യമ പ്രവര്‍ത്തകന്റെ സ്വാതന്ത്ര്യത്തിനു മേല്‍ ഉടമസ്ഥന്റെ രാഷ്ട്രീയം ആധിപത്യം പുലര്‍ത്തുന്നു. വീരേന്ദ്രകുമാര്‍ എല്‍ഡിഎഫ് ഉപേക്ഷിക്കുന്നതിനു മുമ്പുളള മാതൃഭൂമിയുടെ സമീപനത്തെ അതിനുശേഷമുളള കാലവുമായി താരതമ്യപ്പെടുത്തിയാല്‍ ഇത് ബോധ്യമാകാവുന്നതേയുളളൂ.

മാധ്യമങ്ങളുടെ വാണിജ്യവത്കരണവും പരസ്യത്തിന്മേലുളള ആശ്രിതത്വവും മൂലധനശക്തികളോട് കൈകോര്‍ക്കുന്നതിന് മാധ്യമങ്ങളെ നിര്‍ബന്ധിതരാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ പോലുളള പത്രങ്ങള്‍ ഇത് തങ്ങളുടെ ആദര്‍ശമായി പ്രഖ്യാപിച്ചിരിക്കുന്ന കാലമാണിത്. കമ്മ്യൂണിസ്റ്റുകാര്‍ ഇവരുടെ ശത്രുക്കളാകുന്നത് സ്വാഭാവികമാണ്. എങ്ങനെ നിക്ഷിപ്തതാല്‍പര്യങ്ങളുടെ ഈ മാധ്യമനിയന്ത്രണം ജനാധിപത്യത്തെ പൊളളയാക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് പാശ്ചാത്യരാജ്യങ്ങളിലെ ജനാധിപത്യവ്യവസ്ഥ. നിലനില്‍ക്കുന്ന വ്യവസ്ഥയ്ക്ക് അനുകൂലമായി ഇരകളെ പരുവപ്പെടുത്തിയെടുക്കുന്നു. അതിനുളള ഉപാധിയാണ് മുഖ്യധാരാ മാധ്യമം. കേരളത്തിലെയും ദിശ ഇതിലേയ്ക്കു തന്നെ. ടെലിവിഷന്‍ ചാനലുകളുടെ വരവോടെ ഈ സ്ഥിതി ദുര്‍ബലപ്പെട്ടുവെന്നാണ് ഒ കെ ജോണി നിരീക്ഷിക്കുന്നത്. അദ്ദേഹം എഴുതുന്നു: "സ്വകാര്യ ടെലിവിഷന്‍ ചാനലുകളുടെ വരവോടെ മാധ്യമമേഖലയിലുണ്ടായ ബഹുസ്വരത, മാധ്യമങ്ങളുടെ ജനാധിപത്യവത്കരണം എന്ന സങ്കല്‍പം അസാധ്യമായൊരു സ്വപ്നമല്ലെന്നാക്കിയിട്ടുണ്ട്. കേരളത്തിലും ടെലിവിഷന്‍, ജനങ്ങളുടെ അറിയുവാനുള്ള അവകാശം സാക്ഷാത്കരിക്കുന്നതില്‍ നിസ്സാരമല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. അവ്യക്തമായെങ്കിലും ജനകീയമെന്നു വിശേഷിപ്പിക്കാവുന്ന ഒരു നിലപാടും കാഴ്ചപ്പാടും പുലര്‍ത്താന്‍ അവയ്ക്കു കഴിയുന്നുമുണ്ട്".

പാശ്ചാത്യദൃശ്യമാധ്യമ മേഖലയിലെ സമകാലീനപ്രവണതകളുടെ പശ്ചാത്തലത്തില്‍ ദൃശ്യമേഖലയില്‍ ബഹുസ്വരത നിലനിര്‍ത്താമെന്ന് എങ്ങനെ കരുതാനാവും? നൂറിലധികം പത്രങ്ങളുടെ ഉടമയായ മര്‍ഡോക്കിന് "ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ്" സ്റ്റുഡിയോകള്‍ പോലുള്ള 20 സ്റ്റുഡിയോകള്‍. "സ്റ്റാര്‍ ടി വി" അടക്കം 10 സാറ്റലൈറ്റ് ടെലിവിഷന്‍ കമ്പനികള്‍, സ്പോര്‍ട്സ് ചാനലായ "ഇ എസ് പി എന്‍", "നാഷനല്‍ ജിയോഗ്രഫിക്", "ഫോക്സ് ന്യൂസ്" ഉള്‍പ്പെടെ 80 കേബിള്‍ കമ്പനികള്‍ എന്നിവ മര്‍ഡോക്കിന്റെ ടെലിവിഷന്‍ സാമ്രാജ്യത്തില്‍പ്പെടും. ഇന്റര്‍നെറ്റ് മേഖലയിലും മര്‍ഡോക്കിന്റെ ആധിപത്യമാണ്. "മൈ സ്പേസ്" പോലുള്ള ഇന്ററാക്ടീവ് മീഡിയ, "ഫോട്ടോബക്കറ്റ്" പോലുള്ള ഫോട്ടോഷെയറിങ് സൈറ്റ്, ഇന്‍ഡ്യാ ഡോട് കോം പോലുള്ള എന്റര്‍ടെയിന്‍മെന്റ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഈ മര്‍ഡോക്കിന്റെ പിടിയിലാണ് ഇപ്പോള്‍ ഏഷ്യാനെറ്റ്.

ദൃശ്യമാധ്യമ മേഖലയിലെ ബഹുസ്വരതയെ തകര്‍ക്കുന്ന പ്രവണതകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിതരണ ശൃംഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന അതിവേഗ കേന്ദ്രീകരണം. കേരളത്തിലെ ദൃശ്യമാധ്യമങ്ങളിലെ ബഹുസ്വരത നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് പ്രാദേശിക ചാനലുകള്‍ക്കുണ്ട്. നിര്‍ബന്ധിത ഡിജിറ്റലൈസേഷനും കേബിള്‍ വലിക്കാനുളള കടുത്ത ചെലവും അവരുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുകയാണ്. ഒരു സംശയവും വേണ്ട, ദൃശ്യമാധ്യമ മേഖലയിലും വലിയ തോതിലുളള കേന്ദ്രീകരണമാണ് വരാന്‍ പോകുന്നത്. ആ ഭാവിയെക്കുറിച്ചല്ല, ഇന്നത്തെ സ്ഥിതിയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത് എന്നു വേണമെങ്കില്‍ പറയാം. എങ്കില്‍ അതുതന്നെയാകട്ടെ. ഇടതുപക്ഷ ചാനലുകള്‍ക്കു പോലും മാറി നില്‍ക്കാനാവാത്ത കടുത്ത വാണിജ്യവത്കരണമാണ് ഇന്നത്തെ ചാനലുകളുടെ മുഖമുദ്ര. പരസ്യത്തെയും ടാം റേറ്റിംഗിനെയും മാത്രം ആശ്രയിച്ചു നില്‍ക്കുന്ന ചാനലിന് തനതായൊരു ദൃശ്യസംസ്ക്കാരം വളര്‍ത്തിയെടുക്കുന്നതിനുളള പരിമിതികള്‍ ബദല്‍ ചാനലുകള്‍ സൃഷ്ടിക്കുന്നതിലുമുണ്ട് എന്നു സമ്മതിക്കുന്നു. അപ്പോള്‍പ്പിന്നെ ബഹുസ്വരതയുടെ കാര്യം പറയാനുണ്ടോ?

വന്‍ മുതല്‍മുടക്കോടെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലും ഇനിയും കാലുറച്ചിട്ടില്ലാത്ത സ്ഥാപനങ്ങള്‍ നിലനില്‍പ്പിനുവേണ്ടി ജീവന്മരണ പോരാട്ടം നടത്തുന്ന മത്സരവേദിയായതുകൊണ്ടും വാര്‍ത്താചാനലുകള്‍ക്ക് ഹരംപിടിപ്പിക്കുന്ന വാര്‍ത്തകള്‍ വേണം. സംഭവങ്ങള്‍ക്ക് പിറകേ വിധിതീര്‍പ്പുമായി ചാടിയിറങ്ങേണ്ട വേഗം വാര്‍ത്താ ചാനലുകളുടെ അനിവാര്യതയാണ്. കല്‍പ്പിതകഥകള്‍ എത്തിക്കുന്ന തല്‍പ്പരകക്ഷികള്‍ക്കും ഉപജാപകര്‍ക്കും ഈ തിടുക്കം മികച്ച അവസരമായി. നോം ചോംസ്കി ബാന്‍ഡ് വാഗണ്‍ ഇഫക്ട് മലയാള ദൃശ്യമാധ്യമങ്ങളുടെ മുഖ്യശൈലിയാണ്. ഗൂഢാലോചനയില്‍ പങ്കാളിയല്ലാത്തവരും മുമ്പേ പോയവരുടെ പിന്നാലെ പോകാന്‍ നിര്‍ബന്ധിതരാകുന്നു. പൊതുമണ്ഡലവും മാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളുടെ കമ്മ്യൂണിസ്റ്റുവിരുദ്ധത ഒരു അനിവാര്യതയാണ് എന്ന തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ട്. ആ അനിവാര്യതയ്ക്കു മുമ്പില്‍ കീഴടങ്ങുകയല്ല, മറിച്ച് നിരന്തരമായ വിമര്‍ശനങ്ങളിലൂടെയും ഇടപെടലുകളിലൂടെയും മുഖ്യധാരാ മാധ്യമമേഖലയില്‍ എത്ര ചെറുതാണെങ്കിലും ഒരു ഇടം സൃഷ്ടിക്കുക, ബദല്‍ മാധ്യമങ്ങള്‍ വളര്‍ത്തിയെടുക്കുക, അവയുടെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ വര്‍ഗബഹുജന സംഘടനാശൃംഖല ഉപയോഗപ്പെടുത്തി ബൂര്‍ഷ്വാ പ്രചാരവേലയെ നേരിടുക - ഇതാണ് ഞങ്ങള്‍ അനുവര്‍ത്തിക്കുന്ന സമീപനം.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമീപനം സൂചിപ്പിച്ചു കൊണ്ടാണ് ജോണിയുടെ ലേഖനം അവസാനിക്കുന്നത്. "കമ്മ്യൂണിസ്റ്റ് പാര്‍ടി തന്നെയാണ് കേരളത്തിലെ ഏറ്റവും വലിയ ബഹുജനമാധ്യമം എന്ന ആത്മവിശ്വാസമായിരുന്നു, ഒരുകാലത്ത് ആ പാര്‍ടിയെ കേരളത്തില്‍ സ്വീകാര്യമാക്കിയത്. കേരളത്തെ ഒരു പരിഷ്കൃത ജനാധിപത്യസമൂഹമാക്കിയതില്‍ ആ പാര്‍ടി വഹിച്ച പങ്ക് നിസ്സാരവുമല്ല. ആ ആത്മവിശ്വാസവും പ്രസക്തിയും നഷ്ടമാകുമ്പോഴാണ് അന്യമാധ്യമങ്ങളെ ആശ്രയിക്കേണ്ടി വരുന്നതും കൂടെ നില്‍ക്കാത്തപ്പോള്‍ അവയോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്നതും. നിര്‍ഭാഗ്യകരമാണത്, ഭയാനകവും." വിമോചന സമരകാലത്തും പിന്നീടും മുഖ്യധാരാ മാധ്യമങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയെ ഫലപ്രദമായി ചെറുക്കാന്‍ കഴിഞ്ഞത് ബദല്‍ മാധ്യമങ്ങളിലൂടെ മാത്രമല്ല. ബദല്‍ പ്രസിദ്ധീകരണങ്ങളിലൂടെയും അതോടൊപ്പം തന്നെ പൊതുയോഗങ്ങളിലൂടെയും റിപ്പോര്‍ട്ടിംഗുകളിലൂടെയും ദശലക്ഷക്കണക്കിനു വരുന്ന പാര്‍ടി അംഗങ്ങളിലും വര്‍ഗബഹുജനസംഘടനാ അംഗങ്ങളിലും എത്തുന്ന സന്ദേശം ഫലപ്രദമായി ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് കേരളത്തിലെ സജീവമായ പൊതുമണ്ഡലം സഹായകമായി.

ഹേബര്‍മാസ് വിശദീകരിക്കുന്നതുപോലെ, ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന, ചിന്തിക്കുന്ന പൊതുമണ്ഡലമാണ് ഒരിക്കല്‍ ഉണ്ടായിരുന്നത്. പുതിയ സമൂഹത്തില്‍ ഈ സ്ഥാനം വ്യാവസായികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു. അതോടെ, സ്വന്തം സംസ്കാരത്തെക്കുറിച്ച് വിമര്‍ശനാത്മകമായി ചിന്തിക്കുന്ന സ്വഭാവം വിട്ട് അത് ഉപഭോഗം നടത്തുക മാത്രം ചെയ്യുന്ന സ്വഭാവത്തിലേക്ക് പൊതുജനം രൂപാന്തരപ്പെടുന്നു.

ചായക്കടയിലും ബാര്‍ബര്‍ഷോപ്പിലും ബീഡിതെറുപ്പു കേന്ദ്രങ്ങളിലും പത്രം വായിച്ച് തര്‍ക്കിക്കുന്ന സാധാരണക്കാരും വായനശാലകളിലെ ചെറുപ്പക്കാരും കേരളത്തിലെ സജീവമായിരുന്ന പൊതുമണ്ഡലത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. എന്നാല്‍ ടെലിവിഷന്റെ വരവോടെ ഈ പൊതുമണ്ഡലം ക്ഷയിക്കുകയും ജനങ്ങള്‍ സ്വീകരണമുറികളിലേക്ക് ഒതുങ്ങുകയും ചെയ്തു. ജാതിവ്യവസ്ഥയുടെ പരമ്പരാഗത ചട്ടക്കൂട്ടില്‍ നിന്ന് ആധുനികകേരളത്തിലേയ്ക്കുളള വളര്‍ച്ചയുടെ അഭേദ്യഭാഗമായിരുന്നു പൊതുമണ്ഡലത്തിന്റെ ആവിര്‍ഭാവം. എന്നാല്‍ അത് ഇന്ന് ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിശ്ചയമായും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അപചയങ്ങളും വിശ്വാസ്യതയില്‍ വരുന്ന ഇടിവും ഇതിലേയ്ക്കു സംഭാവന ചെയ്യുന്നുണ്ട്. പക്ഷേ, ഇതാണ് മുഖ്യഘടകം എന്ന ജോണിയുടെ വിലയിരുത്തലിനോട് യോജിപ്പില്ല.

ഹേബര്‍ മാസ് ചൂണ്ടിക്കാണിക്കുന്നതുപോലെ തന്നെ ആധുനിക മാധ്യമവ്യാപനത്തിന്റെ അനിവാര്യഫലമായി പാശ്ചാത്യരാജ്യങ്ങളിലും മറ്റും സംഭവിച്ച പ്രവണത കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മേല്‍പറഞ്ഞ പശ്ചാത്തലത്തില്‍ മുഖ്യധാരാ മാധ്യമങ്ങളുടെ അധീശത്വത്തിനെതിരായ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ടേ ഇടതുപക്ഷ പ്രസ്ഥാനത്തിനു മുന്നേറാനാവൂ. ഇത്തരമൊരു നിലപാടു സ്വീകരിക്കുമ്പോള്‍ അതു മാധ്യമങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായൊന്നും തെറ്റിദ്ധരിക്കേണ്ടതില്ല. ഒരു മാധ്യമത്തിനുനേരെയും ബലപ്രയോഗമോ ആക്രമണമോ കേരളത്തില്‍ സിപിഐഎം നടത്തിയിട്ടില്ല. പ്രചാരവേലയ്ക്ക് ചുട്ട മറുപടി നല്‍കിയിട്ടുണ്ട്. ഇനിയും അതു തുടരും.


******


ഡോ. ടി എം തോമസ് ഐസക്

No comments: