Sunday, November 4, 2012

കുഞ്ഞിപ്പെണ്ണേ" നിന്നെക്കാണാന്‍

  • മലയാളിയുടെ ശ്രവ്യബോധത്തില്‍ വെള്ളിടിവീഴ്ത്തിയ നാടന്‍പാട്ടാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ രചിച്ച "നിന്നെക്കാണാന്‍" അല്ലെങ്കില്‍ "കുഞ്ഞിപ്പെണ്ണ്" എന്ന രചന. വിവാഹക്കമ്പോളത്തില്‍ വില്‍പ്പനച്ചരക്കാകുന്ന മലയാളി ദരിദ്രപെണ്‍കൊടിയുടെ നീറിയുറയുന്ന ജീവിത ചിത്രീകരണമാണ് കുഞ്ഞിപ്പെണ്ണ്. നവോത്ഥാനപ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും കെട്ടിപ്പടുത്ത കേരളത്തില്‍ സ്ത്രീധന സമ്പ്രദായവും ആര്‍ഭാട വിവാഹാഘോഷവും തുടരുന്നത് പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതാണ്. സ്ത്രീതന്നെ ധനമായിരിക്കെ വിവാഹക്കമ്പോളത്തില്‍ സ്വര്‍ണവും പണവും ആധിപത്യം പുലര്‍ത്തുന്നതിന്റെ നൃശംസത തിരിച്ചറിയപ്പെടേണ്ടതാണ്.

    "നിന്നെക്കാണാന്‍ എന്നേക്കാളും
    ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ-
    എന്നിട്ടെന്തേ നിന്നെക്കാണാന്‍
    ഇന്നുവരെ വന്നില്ലാരും!

    എന്ന പൊള്ളുന്ന ചോദ്യം ഓരോ മലയാളി പൗരനോടുമുള്ള അവന്റെ മനഃസാക്ഷിയോടുള്ള വെല്ലുവിളിയാണ്. ചന്തമുണ്ടായിട്ടും എന്തേ വിവാഹംചെയ്യാന്‍ ഒരു യുവാവും വരുന്നില്ല എന്ന ചോദ്യം.

    "കാതിലൊരു മിന്നുമില്ല
    കഴുത്തിലാണേല്‍ അലക്കുമില്ല.
    കയ്യിലെന്നാല്‍ വളയുമില്ല,
    കാലിലാണേല്‍ കൊലുസുമില്ല.

    എന്നാലെന്തേ കുഞ്ഞിപ്പെണ്ണേ- നിന്നെ കാണാന്‍ ചന്തം തോന്നും. എന്നിട്ടെന്തേ നിന്നെ കെട്ടാന്‍- ഇന്നുവരെ വന്നിലാരും! കാതില്‍ മിന്നോ, കഴുത്തില്‍ അലുക്കോ, കൈയില്‍ വളയോ, കാലില്‍ കൊലുസോ ഇല്ലെങ്കിലും നിന്നെക്കാണാന്‍ ചന്തമുണ്ടല്ലോ. എന്നിട്ടെന്തേ നിന്നെ കാണാന്‍, കെട്ടാന്‍ ആരും വരാത്തതെന്തേ എന്ന ഹൃദയം പിളര്‍ക്കുന്ന ചോദ്യം ഒരു മിന്നല്‍പ്പിണരായി സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുണര്‍ത്തുന്നു. ഇവിടെ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്ന കവി വര്‍ത്തമാനകാല മനുഷ്യാവസ്ഥയെ തന്റെ രചനയിലൂടെ സ്ത്രീപക്ഷത്ത് നിലകൊള്ളുന്നുണ്ട്.

    "തങ്കംപോലെ മനസ്സുണ്ടല്ലോ
    തളിരുപോലെ മിനുപ്പുണ്ടല്ലോ.
    എന്നിട്ടെന്തേ കുഞ്ഞിപ്പെണ്ണേ-
    നിന്നെ കെട്ടാന്‍ വന്നില്ലല്ലോ!

    തങ്കംപോലെ മനസ്സുണ്ടായിട്ടും തളിരുപോലെ മിനുപ്പുണ്ടായിട്ടും നിന്നെ കെട്ടാന്‍ ആരും വന്നില്ലല്ലോ എന്ന ആശങ്ക പങ്കുവയ്ക്കുന്നുണ്ട് കവി.

    "എന്നെ കാണാന്‍ വന്നോരുക്ക്
    പൊന്നുവേണം പണവും വേണം
    പുരയാണെങ്കില്‍ മേഞ്ഞതല്ല.
    പുരയിടവും ബോധിച്ചില്ല!

    എന്നെ കാണാന്‍ വരുന്നോര്‍ക്ക് പൊന്നും പണവും വേണം. അല്ലാതെ പെണ്ണിനെ അല്ല ആവശ്യമെന്ന് യുവതിയുടെ ആത്മഗതത്തിലൂടെ കവി അടിവരയിടുന്നു. ഈ നാടോടിപ്പാട്ട് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

     "ആണൊരുത്തന്‍ ആശ തോന്നി-
     എന്നെ കാണാന്‍ വരുമൊരിക്കല്‍
    ഇല്ലേലെന്തേ നല്ലപെണ്ണേ-
    അരിവാളുണ്ട് ഏന്‍ കഴിയും!

    തന്നെ വേള്‍ക്കാന്‍ ആണൊരുത്തന്‍ വന്നില്ലേലും ഏന് അരിവാളുണ്ട്. ഏന്‍ അതുകൊണ്ട് കഴിയും എന്ന ധീരോദാത്തമായ പ്രഖ്യാപനം ഒരു കീഴാളപക്ഷ, സ്ത്രീപക്ഷ രചനയിലൂടെ എല്ലുറപ്പുള്ള കാവ്യഭാഷയും പോരാട്ടവീറും പങ്കുവയ്ക്കുന്നു ഈ രചനയിലൂടെ.


    ****

    എം സി പോള്‍, കടപ്പാട് :ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ് 

No comments: