Friday, November 2, 2012

എംപിയായാലും അക്രമി അക്രമിതന്നെ

ധിക്കാരരാഷ്ട്രീയത്തിന്റെ അത്യന്തം നികൃഷ്ടമായ ദൃശ്യങ്ങളാണ് വളപട്ടണം പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച അരങ്ങേറിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരുവന്‍ ഒരു അക്രമിസംഘത്തോടൊപ്പം പൊലീസ് സ്റ്റേഷന്‍ കൈയേറുക, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി ഉറഞ്ഞുതുള്ളുക; എസ്ഐയെ ഭീഷണിപ്പെടുത്തുക, സംസ്കാരം തൊട്ടുതെറിച്ചിട്ടില്ലാത്തവിധം അസഭ്യവര്‍ഷം ചൊരിയുക, മണല്‍ കള്ളക്കടത്തിന് പിടിയിലായവരെ രക്ഷപ്പെടുത്തിയെടുക്കാന്‍ ചെന്ന രാഷ്ട്രീയദല്ലാളിനെ ലോക്കപ്പില്‍നിന്ന് ഇറക്കിക്കൊണ്ടുപോകുക- ഇതൊക്കെയാണ് നടന്നത്. നിയമവാഴ്ചയെ തകര്‍ത്തെറിയുന്ന നിയമവിരുദ്ധ ഗുണ്ടാവാഴ്ച. അക്രമിസംഘത്തലവന്‍ കോണ്‍ഗ്രസ് നേതാവായ എംപിയാണ് എന്നതിന്റെ ആനുകൂല്യത്തില്‍ വകവച്ചുകൊടുക്കാവുന്നതല്ല ഈ അതിക്രമം. ഈ അക്രമിയെ അപ്പോള്‍ത്തന്നെ പിടിച്ച് ലോക്കപ്പിലടയ്ക്കുകയായിരുന്നു വളപട്ടണം പൊലീസ് ചെയ്യേണ്ടിയിരുന്നത്. ഇന്ത്യന്‍ പീനല്‍കോഡിന്റെയും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെയും വകുപ്പുകള്‍ എംപിക്ക് ബാധകമല്ല എന്ന നില ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടില്ല. നിയമത്തിനുമുന്നില്‍ മണല്‍കള്ളക്കടത്തുകാരനും അയാളുടെ വക്കാലത്ത് ഏറ്റെടുത്ത് നിയമവാഴ്ചയെ ധ്വംസിക്കുന്ന എംപിയും സമന്മാര്‍തന്നെയാണ്. ആ നിലയ്ക്കുള്ള നടപടി ഉണ്ടായില്ല എന്നതോ പോകട്ടെ അയാള്‍ക്കെതിരെ കേസെടുക്കാന്‍പോലും രാത്രി പതിനൊന്ന് മണിയാവേണ്ടിവന്നു; ജനവികാരമാകെ ഈ അതിക്രമത്തിന് എതിരാവുകയാണെന്ന് യുഡിഎഫ് രാഷ്ട്രീയനേതൃത്വത്തിന് ബോധ്യപ്പെടേണ്ടിവന്നു.

ജനപ്രതിനിധികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകേണ്ടിവരും; അറസ്റ്റിലാകുന്നവരുടെ പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശവും നിഹനിക്കപ്പെടാതെ നോക്കാന്‍ ഇടപെടേണ്ടിവരും. അതു മനസ്സിലാക്കാം. എന്നാല്‍, ജനപ്രതിനിധി എന്ന ലേബലില്‍ ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നത് ആരുടെയും പൗരാവകാശമോ ജനാധിപത്യ അവകാശമോ മനുഷ്യാവകാശമോ സംരക്ഷിക്കാനല്ല; നീതിയുടെ വഴി നേര്‍രേഖയിലാക്കാനുമല്ല. മറിച്ച് കള്ളക്കടത്തുകാരനെയും അയാളുടെ കൂട്ടാളിയായ തന്റെ അനുചരനെയും രക്ഷപ്പെടുത്തിയെടുക്കാനാണ്; നിയമത്തിന്റെ സ്വാഭാവികപ്രക്രിയയില്‍ ഇടപെട്ട് നിയമവിരുദ്ധമായി കുറ്റവാളികളെ വിടുവിച്ചെടുക്കാനാണ്. അതാകട്ടെ കുറ്റകൃത്യങ്ങളുടെ ഒരുപരമ്പരതന്നെ സൃഷ്ടിച്ചുകൊണ്ടായിരുന്നുതാനും. പൊലീസിന്റെ കൃത്യനിര്‍വഹണച്ചുമതല തടസ്സപ്പെടുത്താന്‍ ഇയാള്‍ക്ക് ആരാണ് അധികാരം കൊടുത്തത്? ലോക്കപ്പിലടയ്ക്കപ്പെട്ട കള്ളക്കടത്തുകാരനെ (മണല്‍ കള്ളക്കടത്തും കള്ളക്കടത്തുതന്നെയാണല്ലോ) ബലംപ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോകാന്‍ ഇയാള്‍ക്ക് ആരാണ് അവകാശം കൊടുത്തത്? അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും തെമ്മാടിത്തത്തിന്റെയും ആള്‍രൂപങ്ങള്‍ക്ക് പൊലീസിനെ ഭരിക്കാനുള്ള അവകാശം കൈമാറി കൊടുത്തിട്ട് കൈയുംകെട്ടിയിരിക്കുകയാണോ ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും? ഇങ്ങനെയാണെങ്കില്‍ പിന്നെ ഇവിടെ പൊലീസ് ഓഫീസര്‍മാര്‍ വേണ്ട; പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍മതി! പൊലീസ് സ്റ്റേഷനുകള്‍വേണ്ട; പ്രാദേശിക കോണ്‍ഗ്രസ് ഓഫീസുകള്‍ മതി! പക്ഷേ, അങ്ങനെയൊരു അവസ്ഥ അനുവദിച്ചുകൊടുക്കാന്‍മാത്രം മൗഢ്യമുള്ളവരല്ല കേരളജനത. മണല്‍ മാഫിയാസംഘവും ഭരണ- രാഷ്ട്രീയസംഘവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ വിളംബരംകൂടിയാണ് ഈ അക്രമിസംഘത്തലവന്റെ വാക്കുകളിലൂടെ വളപട്ടണം പൊലീസ്സ്റ്റേഷനില്‍ മുഴങ്ങിയത്. ഇത്ര നഗ്നമായി അധോലോകത്തിനുവേണ്ടി നിയമവാഴ്ചയില്‍ ഇടപെട്ട മറ്റൊരു രാഷ്ട്രീയനേതാവ് കേരളത്തില്‍ ഉണ്ടെന്നുതോന്നുന്നില്ല. ഇത്തരക്കാര്‍ ജനപ്രതിനിധിവേഷമിട്ട് നടക്കുന്നല്ലോ എന്നോര്‍ത്ത് പ്രബുദ്ധകേരളം ലജ്ജിച്ച് തലതാഴ്ത്തണം. ഇയാളുടെ കല്‍പ്പനകള്‍ക്ക് വഴങ്ങി കുറ്റവാളിയെ സ്റ്റേഷനില്‍നിന്ന് വിട്ടയക്കാന്‍ അനുവദിച്ച ആഭ്യന്തരമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനാണോ താനെന്ന് സ്വയം ചിന്തിക്കണം.

ഇത്തരമൊരു അവസ്ഥയില്‍ നിയമവാഴ്ച ഉറപ്പാക്കാന്‍ ഇടപെട്ടാല്‍ തങ്ങളുടെ സ്ഥിതി എന്താകുമെന്നാവും ഉത്തരവാദിത്തമുള്ള പൊലീസ് ഓഫീസര്‍മാര്‍ ചിന്തിക്കുക. അത്തരമൊരു ചിന്ത പൊലീസില്‍ പടര്‍ന്നാല്‍ അരാജകാവസ്ഥയാവും ഈ നാട്ടിലുണ്ടാവുക. പൊലീസ് സ്റ്റേഷനില്‍ അതിക്രമം കാട്ടിയ സംഘത്തിന്റെ തലവന്‍ കൃത്യമായ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ്. സംസ്ഥാനത്തെ പൊലീസ് അധികാരം തന്റെ പാര്‍ടിക്കാണെന്നത് ഇയാളെ ഉന്മത്തനാക്കിയിരിക്കുന്നുവെന്നുവേണം കരുതാന്‍. ഇയാളാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുദിവസം കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ പിടിയില്‍നിന്ന് സായുധ ക്വട്ടേഷന്‍സംഘത്തെ ഇറക്കിക്കൊണ്ടുപോയത്. ഇയാളാണ് ഇ പി ജയരാജനെ വധിക്കാന്‍ തോക്കുമായി ഗുണ്ടകളെ പറഞ്ഞയച്ച കേസില്‍ കൂട്ടുപ്രതിയായി നില്‍ക്കുന്നത്. ഇയാളാണ് അബ്കാരിക്കേസില്‍ ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്ന് പറഞ്ഞ് ജുഡീഷ്യറിയെയാകെ അപമാനിച്ചത്. ഇയാളെക്കുറിച്ചാണ് നാല്‍പ്പാടി വാസുവധക്കേസുള്‍പ്പെടെയുള്ള കണ്ണൂരിലെ നിരവധി കൊലപാതകസംഭവങ്ങളുടെ സൂത്രധാരനെന്ന് സ്വന്തം ഡ്രൈവറായിരുന്ന പ്രശാന്ത്ബാബുവിനുതന്നെ സത്യം പറയേണ്ടിവന്നത്. ഇയാളെക്കുറിച്ചാണ് കണ്ണൂരിലെ എല്ലാ അക്രമങ്ങളുടെയും താക്കോലെന്ന് ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണന് പറയേണ്ടിവന്നത്. ഇയാള്‍തന്നെയാണ് ആ ഡിസിസി പ്രസിഡന്റിനെ അനുചരന്മാരെ അയച്ച് ഘെരാവോ ചെയ്യിച്ച് അപമാനിച്ചയച്ചത്. ഇയാളുടെ വിളയാട്ടം പാര്‍ടി ഓഫീസില്‍നിന്നും തെരുവുകളില്‍നിന്നും പൊലീസ് സ്റ്റേഷനിലേക്കുകൂടി പടരുകയാണിപ്പോള്‍. ഇതനുവദിച്ചുകൊടുക്കാന്‍ പറ്റില്ല. പൊലീസ് സംവിധാനത്തെ അതത് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കീഴ്പ്പെടുത്തിക്കൊടുത്ത യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയങ്ങളാണ് ഇത്തരം അവസ്ഥകളുണ്ടാക്കുന്നത്. അതിന്റെ ദുരന്തമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്.
 
നിയമവിരുദ്ധമായി ഇടപെട്ട് സഹായിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടാണ് ഇയാള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നത്. ജഡ്ജിമാര്‍ കൈക്കൂലിവാങ്ങുന്നത് കണ്ടുവെന്ന തിരുവനന്തപുരം കോടതിയിലെ കേസ്, ഇതേ വിഷയത്തില്‍ സിബിഐ കേസുണ്ടെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇല്ലാതാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത് കോടതിതന്നെ പൊളിച്ചതാണ്. അതെന്തുമാകട്ടെ, ഇയാളുടെ പ്രത്യക്ഷവിളയാട്ടങ്ങള്‍ പ്രബുദ്ധകേരളം അവസാനിപ്പിച്ചേ പറ്റൂ.

*****


ദേശാഭിമാനി മുഖപ്രസംഗം നവംബർ 2, 2012 

No comments: