Friday, November 16, 2012

ഭൂസമരം അതിജീവനത്തിനായി

ഭൂപരിഷ്കരണ നിയമം അട്ടിമറിക്കുന്നതിനെതിരെ 2013 ജനുവരി ഒന്നുമുതല്‍ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ആദിവാസി- പട്ടികജാതി ജനവിഭാഗങ്ങളും പ്രത്യക്ഷ സമരത്തിനിറങ്ങുകയാണ്. സമരത്തില്‍ പങ്കെടുക്കുന്ന ഒരു ലക്ഷത്തിലേറെ വളന്റിയര്‍മാരെ റിക്രൂട്ട് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഭൂപരിഷ്കരണം അട്ടിമറിച്ച് അനധികൃതമായി കൈവശം വയ്ക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെങ്കില്‍ അത്തരം ഭൂമിയില്‍ ഭൂരഹിതരെ അണിനിരത്തി കുടില്‍കെട്ടി താമസിച്ചുള്ള സമരം തുടങ്ങി വിവിധ രൂപത്തിലുള്ള പ്രക്ഷോഭ പരിപാടികളാണ് സമരസമിതി പ്രഖ്യാപിച്ചിട്ടുള്ളത്. 1970കള്‍ക്ക് ശേഷം കേരളത്തിലെ കാര്‍ഷികമേഖലയില്‍ നടക്കുന്ന ഏറ്റവും ശക്തമായ ഭൂസമരമായിരിക്കും ഇത്.

1957ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാരാണ് എല്ലാവിധ കുടിയൊഴിപ്പിക്കലും നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. അതിലൂടെ കുടിയാന്മാര്‍ക്ക് ഭൂമിയുടെ അവകാശം ലഭിക്കുന്നതിനും കുടികിടപ്പുകാര്‍ക്ക് കുടികിടപ്പവകാശം ലഭ്യമാകുന്നതിനും പട്ടികജാതി ജനവിഭാഗങ്ങള്‍ക്കും മറ്റു പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും ഭൂമിയുടെ ഉടമാവകാശം ലഭിക്കുന്നതിനുമുള്ള നിയമ നടപടികള്‍ക്ക് തുടക്കംകുറിച്ചു. 1959ല്‍ കേരളഭൂപരിഷ്കരണ ബില്‍ നിയമസഭ പാസാക്കി പ്രസിഡന്റിന്റെ അംഗീകാരത്തിന് അയച്ചു. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആ ബില്ലിന് അംഗീകാരം കൊടുക്കാതെ തിരിച്ചയക്കുകയും 1959 ജൂലൈ 31ന് ഇ എം എസ് സര്‍ക്കാരിനെ പിരിച്ചുവിടുകയുമാണ് ചെയ്തത്. തുടര്‍ന്ന് സംസ്ഥാനത്ത് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍, ഭൂപരിഷ്കരണ നിയമത്തെ വികലമാക്കിയുള്ള ബില്ലവതരിപ്പിച്ച് പാസാക്കുകയും മിച്ചഭൂമി തിരിമറി നടത്തുന്നതിനുള്ള അന്തരീക്ഷം ഒരുക്കുകയും ചെയ്തു. 1957ലും 60നുമിടയില്‍ നടന്ന 10 ലക്ഷം കൈമാറ്റങ്ങളടക്കം ഭൂപരിധി വ്യവസ്ഥയെ അട്ടിമറിക്കാന്‍ നടത്തിയിട്ടുള്ള നടപടികള്‍ക്കെല്ലാം നിയമപ്രാബല്യം നല്‍കുകയാണ് ആര്‍ ശങ്കര്‍ മന്ത്രിസഭ ചെയ്തത്. ഇഷ്ടദാന വ്യവസ്ഥ ഉപയോഗിച്ച് ഭൂമി തിരിമറിചെയ്യുന്നതിന് അന്നത്തെ സര്‍ക്കാര്‍ കൂട്ടുനിന്നു. പിന്നീട് വന്ന ഇ എം എസ് സര്‍ക്കാരാണ് ഇതിന് മാറ്റം വരുത്തിയത്.

1967ലെ ഇ എം എസ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമഭേദഗതി വഴി 28 ലക്ഷം കുടിയാന്മര്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശവും 5.3 ലക്ഷം പേര്‍ക്ക് കുടികിടപ്പവകാശവും ലഭിച്ചു. 2,99,569 കുടുംബത്തിന് ഭൂമിയുടെ പട്ടയം സ്വന്തമായി. ഇതില്‍ 58,923 കുടുംബം പട്ടികജാതി വിഭാഗത്തില്‍ പെട്ടവരായിരുന്നു. ഭൂപരിഷ്കരണ നടപടിയുടെ ഭാഗമായി ജന്മിത്വഭൂപ്രഭുത്വം ഇല്ലാതാക്കി. കര്‍ഷക ജനസാമാന്യത്തിന്റെ വരുമാനത്തെ ഗണ്യമായി ഉയര്‍ത്തുന്നതിനും ജാതിമേധാവിത്വത്തിന്റെ അടിത്തറ ഇളക്കുന്നതിനും ഇത് സഹായകമായി. സാമൂഹ്യമായ ഉച്ചനീചത്വം ഒരു പരിധിവരെ കുറയ്ക്കുന്നതിനും ഭൂപരിഷ്കരണ നിയമഭേദഗതി നിമിത്തമായി. ഇതിന് നേതൃത്വം നല്‍കിയ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിച്ച് 1969ല്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപംകൊണ്ട് സര്‍ക്കാര്‍ ഭൂപരിഷ്കരണ നിയമത്തില്‍ പ്രതിലോമകരങ്ങളായ നിരവധി ഭേദഗതികള്‍ വരുത്തി. 1980ല്‍ ഇ കെ നായനാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ മിച്ചഭൂമി തിരിമറി നടത്തുന്നതിനും കാര്‍ഷിക ഭൂപരിഷ്കരണ നടപടികളെ തകര്‍ക്കുന്നതിനുമാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

ഭൂപരിഷ്കരണ നിയമംവഴി ഇ എം എസ് സര്‍ക്കാര്‍ ലക്ഷ്യമിട്ടകാര്യങ്ങള്‍ പൂര്‍ണതയിലെത്താതെ പോയതിനുകാരണം ഇടയ്ക്കിടെ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ വഴിവിട്ട ഇടപെടലുകളായിരുന്നു. 1959ല്‍ 7.5 ലക്ഷം ഏക്കര്‍ മിച്ചഭൂമി ഉണ്ട് എന്ന് കണക്കാക്കിയ സ്ഥാനത്ത് ഒന്നര ലക്ഷത്തോളം ഏക്കര്‍ഭൂമി മാത്രമാണ് ഏറ്റെടുക്കാന്‍ സാധിച്ചത്. അവശേഷിക്കുന്ന ഭൂമിയെല്ലാം തിരിമറി നടത്താനും കോടതിയില്‍ കേസുകളിലൂടെ ചോദ്യംചെയ്യാനുമുള്ള അവസരമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സൃഷ്ടിച്ചത്. 57ന് ശേഷമുള്ള 55 വര്‍ഷത്തിനിടയില്‍ 20 വര്‍ഷം മാത്രമാണ് ഇടതു സര്‍ക്കാരുകള്‍ കേരളം ഭരിച്ചത്. 35 വര്‍ഷം ഭരണം നടത്തിയ വലതുപക്ഷ സര്‍ക്കാരിന്റെ ബോധപൂര്‍വമായ ഇടപെടലുകളാണ് ഭൂപരിഷ്കരണംവഴി ലഭ്യമാകേണ്ട നേട്ടങ്ങള്‍ പട്ടികജാതി- വര്‍ഗ ജനവിഭാഗങ്ങള്‍ക്ക് നഷ്ടമാക്കിയത്.

മുന്നോക്ക, പിന്നോക്ക ജനവിഭാഗത്തില്‍പ്പെട്ടവരും വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരുമായ മൂന്നു ലക്ഷത്തോളം കുടുംബം ഇപ്പോഴും ഒരുതുണ്ട് ഭൂമിപോലും കൈവശമില്ലാത്തവരാണ്. ഇവര്‍ക്കെല്ലാം ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടിയാണ് 2006-11ലെ വി എസ് സര്‍ക്കാര്‍ തുടക്കംകുറിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഭാഗമായി 25,500 ആദിവാസി കുടുംബത്തിന് 30,000 ഏക്കര്‍ഭൂമി വിതരണംചെയ്തു. അവശേഷിക്കുന്ന ഭൂമിയില്ലാത്ത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനായി പൊന്നിന്‍ വിലയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ 50 കോടി രൂപ അനുവദിച്ചു. കേന്ദ്ര വനാവകാശ നിയമപ്രകാരം 6800 കുടുംബത്തിന് ഭൂമി നല്‍കി. 2011ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നോട്ടുവച്ച പ്രകടനപത്രികയില്‍, ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി നല്‍കുന്നതിനുള്ള ക്രിയാത്മകമായ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഭൂമിയും വീടും വെള്ളവും വെളിച്ചവും റോഡ് സൗകര്യവും എല്ലാവര്‍ക്കും ലഭ്യമാക്കത്തക്ക വിധത്തിലുള്ള പദ്ധതിയാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചത്. എന്നാല്‍, അധികാരത്തില്‍വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് വേണ്ടി സംസാരിക്കുകയും ഭൂമിവാങ്ങി കൂട്ടുന്നവരെ സഹായിക്കുകയുമാണ് ചെയ്യുന്നത്. കേരളത്തിലെ ഭൂവ്യവസ്ഥയില്‍ മുതലാളിത്ത കേന്ദ്രീകരണം നടത്താനാണ് യുഡിഎഫ് പരിശ്രമിക്കുന്നത്. ധനമൂലധന ശക്തികള്‍ കേരളത്തിലെ ഭൂമി കൈവശമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇതുവഴി നാട്ടിന്‍പുറങ്ങളിലെ വര്‍ഗബന്ധങ്ങളില്‍ത്തന്നെ മാറ്റങ്ങള്‍ വരും. ജന്മിത്വ ഭൂപ്രഭുത്വത്തിനു പകരം മുതലാളിത്ത ഭൂപ്രഭുത്വം സ്ഥാപിക്കപ്പെടും.

ഭൂപരിഷ്കരണ നിയമപ്രകാരം ഒരു കുടുംബത്തിന് പരമാവധി 15 ഏക്കര്‍ ഭൂമി മാത്രമേ കൈവശംവയ്ക്കാന്‍ പാടുള്ളൂ. എന്നാല്‍, പലരും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടുകയാണ്. ഇങ്ങനെയുള്ള അനധികൃത ഭൂമി കണ്ടെത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളെല്ലാം യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചു. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കുന്നവരുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. അനധികൃതമായി കൈവശംവയ്ക്കുന്ന തോട്ടഭൂമികളും പിടിച്ചെടുക്കണം. പാട്ടത്തിനെടുത്ത ഭൂമിയില്‍ തോട്ടക്കൃഷി ചെയ്യാതെ മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് കണ്ടെത്തണം. അവ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറായാല്‍ കേരളത്തില്‍ ഭൂരഹിതരായിട്ടുള്ള എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കാന്‍ സാധിക്കും. രണ്ടും മൂന്നും സെന്റിലായി കോളനികളില്‍ തളച്ചിടപ്പെട്ട കുടുംബങ്ങള്‍ക്ക് സൈ്വര്യമായി താമസിക്കാനുള്ള സ്ഥലവും വീടും നല്‍കാന്‍ കഴിയും. ഇതിനുള്ള നടപടി സ്വീകരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പകരം ഭൂപരിഷ്കരണനിയമത്തില്‍ ഭേദഗതി വരുത്തി തോട്ടംഭൂമിയില്‍ അഞ്ചുശതമാനം ടൂറിസം ഉള്‍പ്പെടെയുള്ള ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കി. ഇതിന്റെ ഭാഗമായി ഒരു ലക്ഷത്തോളം ഏക്കര്‍ ഭൂമിയാണ് റിയല്‍ എസ്റ്റേറ്റുകാരുടെ കൈവശം എത്താന്‍ പോകുന്നത്. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശംവയ്ക്കുന്നവര്‍ക്ക് ഭൂപരിധി നിയമത്തില്‍ ഇളവ് ലഭിക്കുന്നതിന് കാഷ്യു എസ്റ്റേറ്റുകള്‍ ഭൂപരിധി നിയമത്തില്‍നിന്ന് ഒഴിവാക്കി നിയമഭേദഗതി ചെയ്തു. ഇതിന്റെ ഫലമായി ഒരു ഹെക്ടര്‍ ഭൂമിയില്‍ 150 കശുമാവിന്‍ തൈ വച്ചുപിടിപ്പിച്ച് ഭൂപരിധി നിയമത്തെ മറികടക്കാന്‍ ഭൂഉടമകള്‍ക്ക് സാധിക്കും. ഈ നിയമ ഭേദഗതി റദ്ദാക്കാനാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തുടര്‍ച്ചയായി ഇടപെടുന്നത്. എന്നാല്‍, പ്രഖ്യാപിത നടപടികളുമായി മുന്നോട്ടുപോകുമെന്ന ധിക്കാരപരമായ സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിന് 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. ആ നിയമത്തിനു വിരുദ്ധമായി 2005ന് മുമ്പ് വയല്‍ നികത്തി കരഭൂമിയാക്കിയതിനെല്ലാം അംഗീകാരം നല്‍കി യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അതോടെ ഏകദേശം 50,000 ഏക്കര്‍ ഭൂമി റിയല്‍ എസ്റ്റേറ്റുകാരുടെ കൈവശം എത്തും. അവശേഷിക്കുന്ന നെല്‍വയലുകള്‍ ഇതിന്റെ മറവില്‍ വ്യാപകമായി നികത്തുക എന്നതാണ് ഭൂമാഫിയയുടെ ലക്ഷ്യം.

വയലുകള്‍ നികത്തുന്നതും കുന്നുകളും മലകളും ഇടിച്ചുനിരത്തുന്നതും തോട്ടംഭൂമിയില്‍ റിസോര്‍ട്ടുകള്‍ പണിയുന്നതും വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടവ്യവസ്ഥ ലംഘിച്ചതുമായ തോട്ടങ്ങള്‍ നിലവിലുള്ള തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കോടതിയിലുള്ള കേസുകളെല്ലാം ഉടമകള്‍ക്കുവേണ്ടി തോറ്റുകൊടുക്കുന്നു. ഇത്തരത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നിലപാടുകളും നടപടിക്രമങ്ങളും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സ്വന്തമായ ആവാസകേന്ദ്രങ്ങളില്ലാത്ത സ്ഥിതിയിലേക്ക് കേരളത്തെ എത്തിക്കും. നിര്‍ദിഷ്ട ഭൂവിനിയോഗ ഭേദഗതി ബില്‍ നിയമമാക്കിയാല്‍ ഏത് കൃഷിഭൂമിയും വ്യവസായ-ടൂറിസം ആവശ്യങ്ങള്‍ക്കായി സര്‍ക്കാരിന് ഏറ്റെടുത്ത് വ്യവസായ സംരംഭകര്‍ക്ക് ഏല്‍പ്പിക്കാന്‍ കഴിയും. ഈ പശ്ചാത്തലത്തിലാണ് ഭൂപരിഷ്കരണത്തിന്റെ കടമകള്‍ പൂര്‍ത്തീകരിക്കുന്നതിനും ഭൂപരിഷ്കരണത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിനും സംഘടിതമായ ജനകീയ സമരം കേരളത്തില്‍ ആരംഭിക്കുന്നത്.

ഭൂരഹിതര്‍ക്ക് സമയബന്ധിതമായി ഭൂമി നല്‍കുക, ഭൂവിതരണത്തില്‍ പട്ടികജാതിവിഭാഗത്തിന് മുന്‍ഗണന നല്‍കുക, പട്ടികവര്‍ഗകുടുംബത്തിന് ഒരേക്കര്‍ ഭൂമിയെങ്കിലും നല്‍കുക, കെട്ടിക്കിടക്കുന്ന മിച്ചഭൂമിക്കേസ് തീര്‍ക്കാന്‍ പ്രത്യേക കോടതികളെ ചുമതലപ്പെടുത്തുക, പാട്ടവ്യവസ്ഥ ലംഘിച്ചതും പാട്ടക്കാലാവധി കഴിഞ്ഞതുമായ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തൊഴിലാളികളെ സംരക്ഷിക്കുക, എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശംവച്ച ഭൂമിയും കൃഷിചെയ്യാതെ കൈവശംവച്ച തോട്ടഭൂമിയും ഏറ്റെടുക്കുക, നാമമാത്രഭൂമിയില്‍ കൃഷിചെയ്ത് ഉപജീവനം നടത്തുന്ന കര്‍ഷകര്‍ക്ക് ഭൂമിക്ക് പട്ടയം നല്‍കുക, 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തടസംരക്ഷണനിയമം കര്‍ശനമായി നടപ്പാക്കുക, വയല്‍നികത്തല്‍ തടയുക, നെല്ലിന് താങ്ങുവിലയും കൃഷിക്ക് സബ്സിഡിയും ഉറപ്പാക്കുക, ഭൂമി തരിശ്ശിടാതിരിക്കുക, പരിസ്ഥിതിയെ ഹനിക്കുംവിധം ഭൂഘടന മാറ്റാതിരിക്കുക, കശുവണ്ടിത്തോട്ടങ്ങളെ പ്ലാന്റേഷന്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭൂപരിഷ്കരണ നിയമഭേദഗതി റദ്ദാക്കുക, ബിനാമിപ്പേരില്‍ റിയല്‍എസ്റ്റേറ്റ് കച്ചവടക്കാരും കോര്‍പറേറ്റുകളും വാങ്ങിയ ഭൂമി മിച്ചഭൂമിയായി കണക്കാക്കി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭൂപ്രക്ഷോഭത്തിലൂടെ ഉന്നയിക്കുന്നത്. ഈ പ്രക്ഷോഭം ആധുനിക കേരളത്തില്‍ നടക്കുന്ന ഒരു വര്‍ഗസമരമാണ്. പരിസ്ഥിതി സംരക്ഷണവും ഇന്നത്തെ കാലഘട്ടത്തില്‍ ഏറ്റെടുക്കേണ്ട ഒരു പ്രധാനപ്പെട്ട സാമൂഹ്യ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവും ഭൂപ്രക്ഷോഭത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കും. ഭൂസമരത്തിന്റെ പ്രചാരണാര്‍ഥം ഡിസംബര്‍ 10ന് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് സംഘടിപ്പിക്കുന്ന പ്രചാരണ ജാഥയിലൂടെയും ഇതിന്റെ ഭാഗമായി വില്ലേജ് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന പദയാത്രകള്‍ വഴിയും കേരളത്തിലെ ജനങ്ങളിലാകെ സമരസന്ദേശം എത്തിക്കാനാണ് സമരസമിതി തീരുമാനിച്ചിട്ടുള്ളത്. ഈ സമരം അതിജീവനത്തിനായുള്ള സമരമാണ്. ഭാവിതലമുറയെ വിനാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്നതിനെതിരായ ഈ ഭൂസമരം ഐതിഹാസിക വിജയമാക്കാന്‍ മണ്ണിനെയും മനുഷ്യരെയും സ്നേഹിക്കുന്ന എല്ലാവരും അണിചേരേണ്ടതുണ്ട്.

*****

കോടിയേരി ബാലകൃഷ്ണന്‍

No comments: