ഈ വര്‍ഷത്തെ സി വി ശ്രീരാമന്‍ അനുസ്മരണ പരിപാടികളുടെ ഭാഗമായി വി കെ ശ്രീരാമന്‍ സംവിധാനം ചെയ്ത "ഒനുജാത്രിക്" എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം തൃശൂരില്‍ നടന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. നിര്‍ഭാഗ്യവശാല്‍ ആ ചടങ്ങില്‍ സംബന്ധിക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഉദ്യോഗ സംബന്ധമായി തിരുവനന്തപുരത്തു തങ്ങേണ്ടി വന്നു. അനുസ്മരണ പരിപാടിയുടെ പത്രവാര്‍ത്ത പിറ്റേ ദിവസം ഞാന്‍ ആകാംക്ഷയോടെ വായിച്ചു. കാരണം പ്രകാശനച്ചടങ്ങിലെ പിണറായിയുടെ പ്രസംഗം സി വി ശ്രീരാമനെക്കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണങ്ങള്‍ അടങ്ങുന്നതായിരുന്നു എന്ന് തൃശൂരില്‍നിന്ന് സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച കഥാകൃത്തിനെക്കുറിച്ച് കേരളത്തിലെ ഏറ്റവും സമുന്നതനായ ഇടതുപക്ഷ രാഷ്ട്രീയ നേതാവ് പറയേണ്ട വാക്കുകള്‍ തന്നെയാണ് അദ്ദേഹം പറഞ്ഞതെന്ന് പ്രസംഗത്തിന്റെ ചുരുക്കം ദേശാഭിമാനി പത്രത്തില്‍ വായിച്ചപ്പോള്‍ എനിക്കു തോന്നി.
മേധാവി വര്‍ഗം ജനങ്ങളെ സാംസ്കാരികമായി കടന്നാക്രമിക്കുന്ന ഈ കാലത്ത് ജനനേതാക്കള്‍ കലയെക്കുറിച്ച് നടത്തുന്ന നിരീക്ഷണങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. രണ്ടു കാര്യങ്ങളാണ് പ്രധാനമായി സി വി ശ്രീരാമന്‍ എന്ന എഴുത്തുകാരനെക്കുറിച്ച് പിണറായി വിജയന്‍ പറഞ്ഞതായി വാര്‍ത്തയില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയത്. ഒന്ന് അചഞ്ചലമായ കമ്യൂണിസ്റ്റ് രാഷ്ട്രീയാവബോധമുള്ള എഴുത്തുകാരനായിരുന്നു ശ്രീരാമന്‍. അതുകൊണ്ട് വസ്തുതകളെ പ്രത്യക്ഷ യാഥാര്‍ഥ്യത്തിനപ്പുറം കടന്നു പരിശോധിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. രണ്ട്, താന്‍ അടിയുറച്ചു നില്‍ക്കുന്ന കേരളത്തിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനത്തിന് അപചയമുണ്ടായപ്പോള്‍ അതിനെ സര്‍ഗാത്മകമായി വിമര്‍ശിക്കാനും ശ്രീരാമന്‍ തയ്യാറായി. "പൊന്തന്‍മാട"യെ മുന്‍നിര്‍ത്തി കേരളത്തിലെ ഭൂപരിഷ്ക്കരണ നടപടികളില്‍ സംഭവിച്ച പിഴവിനെക്കുറിച്ചുള്ള വിമര്‍ശനം ഉദാഹരണം. ആരോഗ്യകരമായിരുന്നു ആ വിമര്‍ശനങ്ങള്‍. അത്തരം വിമര്‍ശനങ്ങള്‍ പാര്‍ടിക്കും സമൂഹത്തിനും ഒരുപോലെ ഗുണകരമായി.
സി വി ശ്രീരാമനെ ഏതാണ്ടു മുഴുവന്‍ പലവട്ടം വായിച്ചറിഞ്ഞതിന്റെ ഒരഹങ്കാരം ഈ ലേഖകനുണ്ടെന്നു പറയട്ടെ. ഒപ്പം ആ നിത്യ സഞ്ചാരിയോടൊപ്പം കുറച്ചൊന്ന് അലഞ്ഞുനടക്കാനും കഴിഞ്ഞു. എന്റെ ഇരുതോളിലും ആ സ്പര്‍ശം ഇപ്പോഴും പതിഞ്ഞു കിടപ്പുണ്ട്. സാഹിത്യ അക്കാദമിയിലെ മീറ്റിങ്ങിനിടയില്‍ ഡോക്ടറെ കാണുന്നതിനു വേണ്ടി പുറത്തേക്ക് ഇറങ്ങിയപ്പോള്‍ യാത്ര ചോദിച്ചുകൊണ്ട് അദ്ദേഹം എന്റെ തോളില്‍ മെല്ലെ അമര്‍ത്തിയതാണ്. തുടര്‍ന്ന് തൃശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ കിടക്കുന്ന അദ്ദേഹത്തെ ചെന്നു കണ്ടപ്പോള്‍ എന്നോടു പറഞ്ഞു: "അശോകന്‍, അടങ്ങിയൊതുങ്ങി ഇങ്ങനെ കിടക്കുകയാണെങ്കില്‍ എനിക്ക് ഇനിയും പത്തെഴുപതു വയസ്സു വരെയൊക്കെ ജീവിക്കാനാവും എന്നാണ് ഡോക്ടര്‍ പറയുന്നത്." താന്‍ പറഞ്ഞത് വല്ലാതെ രസിച്ച് അദ്ദേഹം ചിരിച്ചു. കാരണം അപ്പോള്‍ത്തന്നെ അദ്ദേഹത്തിന് എഴുപത്തിയഞ്ചു വയസ്സു പിന്നിട്ടിരുന്നു. ഈ കഥാകൃത്തിനെ നേരില്‍ കാണുമ്പോഴൊക്കെ ജീവിതത്തില്‍ ഇത്രമാത്രം ഉദാസീനത പുലര്‍ത്തുന്ന മറ്റൊരാളെ കാണില്ല എന്നു നമ്മള്‍ കരുതും.
എഴുപത്തഞ്ചിലോ, എഴുപത്താറിലോ ആണ് (എന്തായാലും അടിയന്തരാവസ്ഥാ കാലത്താണ്) ഞാന്‍ അദ്ദേഹത്തെ ആദ്യം കാണുന്നത്. തന്റെ കഥാപാത്രങ്ങളേപ്പോലെ സുന്ദരനായിരുന്നു അദ്ദേഹം. നല്ല കളര്‍ഫുള്ളായ ഷര്‍ട്ടുകള്‍ ധരിക്കും. പക്ഷേ പറഞ്ഞിട്ടെന്ത്? എവിടെയോ ഇരുന്നും കിടന്നും ആ വസ്ത്രങ്ങള്‍ അലങ്കോലപ്പെട്ടിരിക്കും. ഷേവു ചെയ്തിട്ടുണ്ടാവില്ല. മുടി ചീകാന്‍ മറന്നിരിക്കും. ഒട്ടു മിക്കപ്പോഴും കൈയിലോ കാലിലോ ഒരു ബാന്റേജും കാണും. പക്ഷേ എഴുത്തില്‍ ഇത്രമാത്രം സൂക്ഷ്മത പുലര്‍ത്തിയ മറ്റൊരാളെ നാം കാണുകയില്ല. എഴുത്തില്‍ പുലര്‍ത്തിയ അതേ സൂക്ഷ്മതയും ജാഗ്രതയും തന്റെ രാഷ്ട്രീയ ബോധത്തിലും അദ്ദേഹം പാലിച്ചു. ഒരു പക്ഷേ രണ്ടും ഒരു നാണയത്തിന്റെ ഇരുപുറങ്ങള്‍ ആയിരിക്കും. മലയാളത്തിലെ ഏറ്റവും മികച്ച കഥാകൃത്ത് ഏറ്റവും കമ്മിറ്റഡായ കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു എന്ന സംഗതി സാഹിത്യചരിത്രത്തില്‍ ജ്വലിക്കുന്ന അക്ഷരങ്ങളില്‍ തെളിഞ്ഞുകിടക്കും. സനാതനികളെ അലോസരപ്പെടുത്തിക്കൊണ്ട്.
ശ്രീരാമേട്ടന്‍ ജീവിച്ചിരിക്കുന്ന കാലത്ത് ഞാന്‍ അദ്ദേഹത്തെക്കുറിച്ചെഴുതിയ ഒരു ലേഖനത്തിലെ ഒരു ഭാഗം ഉദ്ധരിക്കട്ടെ: "എഴുത്തുകാരുടെ കൂട്ടത്തില്‍ മാത്രമല്ല, എനിക്കറിയാവുന്ന കമ്യൂണിസ്റ്റ് പ്രവര്‍ത്തകരിലും നേതാക്കളിലും ഇത്രയും അര്‍പ്പണബോധമുള്ള ഒരു പാര്‍ടി സഖാവിനെ ഞാന്‍ വേറെ കണ്ടിട്ടില്ല. ഇക്കാലത്ത് കഥകളില്‍ മാത്രം ആവിഷ്ക്കരിച്ചും വായിച്ചും കാണാനാവുന്ന പഴയ കമ്യൂണിസ്റ്റിന്റെ ജീവിക്കുന്ന രൂപം." ( ശ്രീരാമന്റെ പടിപ്പുര- കഥയുടെ മറുകര എന്ന പുസ്തകം) യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പറാക്കാത്തതിന് പാര്‍ടി വിടുകയും ശത്രുതകൊണ്ട് പിന്നീട് നിലപാടുകളും സ്വന്തം ജീവചരിത്രം തന്നെയും തിരുത്തിയെഴുതുകയും ചെയ്യുന്ന സാഹിത്യകാരന്മാരുടെ കാലമാണ് ഇത്. ഞാന്‍ ആലോചിക്കാറുണ്ട്, രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനുമായി നീണ്ടകാലം പിന്നിട്ട ഒരാളെന്ന നിലയില്‍ ശ്രീരാമേട്ടന്‍ കാലികമായ എത്രയെത്ര പ്രതിസന്ധികളെ അഭിമുഖീകരിച്ചു കാണും.
ഒഴുക്കിനെതിരെ നീന്തുന്ന പ്രസ്ഥാനങ്ങള്‍ക്ക് പ്രതിസന്ധിയൊഴിഞ്ഞ നേരം ഉണ്ടാകാനിടയില്ലല്ലോ. കടന്നാക്രമണങ്ങളും തിരിച്ചടികളും കനത്ത പരാജയവുമെല്ലാം സ്വാഭാവികം. നാല്‍പ്പത്തെട്ടിലെ കല്‍ക്കത്താ തിസീസ്സിന്റെ കാലത്ത് ഡി എം പൊറ്റക്കാടിന്റെ കഥയും കൊണ്ട് "ഡെമോക്രാറ്റ്" മാസികയുടെ ആപ്പീസില്‍ പോയതിന്റെ ഓര്‍മ ശ്രീരാമന്‍ പറയാറുണ്ട്. പാര്‍ടിക്കൊപ്പംനിന്ന എഴുത്തുകാര്‍ പ്രത്യേകിച്ചും ഭാവഗായകരും മറ്റും അങ്ങേയറ്റം ആത്മസംഘര്‍ഷം അനുഭവിച്ച ഘട്ടമാണത്. പിന്നീട് ഇന്ത്യയിലെ സാധാരണ മനുഷ്യന്റെ ആവേശവും പ്രതീക്ഷയുമായ കമ്യൂണിസ്റ്റു പാര്‍ടിയില്‍ പലഘട്ടങ്ങളില്‍ നടന്ന പിളര്‍പ്പുകള്‍. അഗ്നിപരീക്ഷകളെ ഒന്നിച്ച് അഭിമുഖീകരിച്ച് ഒരു കുടുംബം പോലെ ഒന്നിച്ചുണ്ട് കഴിഞ്ഞവര്‍ അകലുന്നു. സ്നേഹബന്ധങ്ങള്‍ ശിഥിലമാകുന്നു. ഒരു വിഭാഗം ചൈനാച്ചാരന്മാരും രാജ്യദ്രോഹികളുമായി മുദ്ര കുത്തപ്പെടുന്നു. ജയിലുകള്‍ക്ക് അകത്താകുന്നു. അക്കാലത്ത് ദേശാഭിമാനി ഓണം സ്പെഷലിന് കവിത ചോദിച്ച പത്രാധിപര്‍ എം എന്‍ കുറുപ്പിനോട് ഒരു കവി പറഞ്ഞ മറുപടി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്: "കുറുപ്പേ, ഞാന്‍ വിഷപ്പാമ്പിനെ സ്നേഹിക്കും. പക്ഷേ ദേശാഭിമാനിക്കു കവിത തരില്ല."
സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ ഒരിക്കലും ഋജുവും ലളിതവും സുഗമവുമല്ല. ഇതു തിരിച്ചറിയുന്നതിന്റെ പേരാണ് രാഷ്ട്രീയാവബോധം എന്നത്. എഴുത്തുകാരന്റെ രാഷ്ട്രീയം ചില്ലറ ചിണുങ്ങലുകള്‍ക്ക് അടിപ്പെടാനുള്ളതല്ല. പ്രത്യക്ഷ യാഥാര്‍ഥ്യത്തിനപ്പുറം കാണാന്‍ കണ്ണുള്ളവന്റെ രാഷ്ട്രീയം സമഗ്രമായ ദര്‍ശനത്തില്‍ ഊന്നിക്കൊണ്ടാവണം പരിവര്‍ത്തനം ചെയ്യപ്പെടേണ്ടത്. "കുടിയൊഴിക്കലി"ന്റെ കവി തന്റെ ജീവിതത്തിലുടനീളം പുലര്‍ത്തിയ രാഷ്ട്രീയ ജാഗ്രത ഇതിനു തെളിവാണ്.
സത്യധര്‍മാദികളെക്കുറിച്ചുള്ള ലളിത വ്യാഖ്യാനങ്ങളില്‍ അഭിരമിക്കാന്‍ എഴുത്തുകാരന് നിവൃത്തിയില്ല. ന്യായാസനങ്ങളുടേയും മാധ്യമങ്ങളുടേയും വിധി തീര്‍പ്പുകള്‍ക്കു വേണ്ടി അവന്‍ കാത്തുനില്‍ക്കുകയില്ല. ഇത് സത്യമെന്നു പറയുമ്പോള്‍ ഈ സത്യത്തിനപ്പുറം എന്ത് എന്ന് അവന്‍ അന്വേഷിക്കുന്നു. "ഈ വെള്ളി മെഴുകുതിരിക്കാലുകള്‍ ഞാന്‍ ജീന്‍ വാല്‍ജീന് സമ്മാനമായി നല്‍കിയതാണ്" എന്ന ഡി യിലെ മെത്രാന്റെ പ്രസിദ്ധമായ പ്രസ്താവനയെ സത്യത്തേക്കാള്‍ വിശുദ്ധമായ നുണ എന്നാണ് സര്‍ഗാത്മക ലോകം വ്യാഖ്യാനിച്ചത്. സത്യത്തേക്കാള്‍ വിശുദ്ധമായ അസത്യവും ധര്‍മത്തേക്കാള്‍ വിശുദ്ധമായ അധര്‍മവും ചിലപ്പോഴെങ്കിലും ഉണ്ടാകും.
ടി വി യില്‍ അന്നന്നു വരുന്ന "ബേക്കിങ്" ന്യൂസുകളെ ഉപജീവിച്ച് നിലപാട് സ്വീകരിക്കുന്ന സാഹിത്യ നായകരുടെ കാലത്ത് സി വി ശ്രീരാമന്‍ പിണറായി വിജയനേപ്പോലുള്ള ജനനേതാക്കളുടെ ഓര്‍മയില്‍ വരുന്നത് തികച്ചും സ്വാഭാവികം എന്നു പറയട്ടെ. അടിയുറച്ച ഈ രാഷ്ട്രീയബോധം തന്നെയാണ് ജനകീയ പ്രസ്ഥാനങ്ങളെ വിമര്‍ശനാത്മകമായി അഴിച്ചു പരിശോധിക്കാനുള്ള ത്രാണിയും ശ്രീരാമനു നല്‍കുന്നത്. രക്തസാക്ഷിയുടെ കുടുംബത്തെപ്പോലും തിരിച്ചറിയാനാവാത്ത യാന്ത്രിക പൊതു പ്രവര്‍ത്തനത്തെ കുത്തിനോവിക്കുന്ന ഒരു കഥ ശ്രീരാമന്‍ എഴുതിയിട്ടുണ്ട്. "അണിയണിയായി." ദേശാഭിമാനിയില്‍ തന്നെയാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്. ശസ്ത്രക്രിയാ വിദഗ്ദന്‍ മനുഷ്യശരീരത്തിലുണ്ടാക്കുന്ന മുറിവുകള്‍പോലെയാണ് സര്‍ഗാത്മകമായ ആ വിമര്‍ശനങ്ങള്‍.
കേരള കര്‍ഷകസംഘത്തിന്റെ ഒരു സജീവ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് അദ്ദേഹം ഭൂപ്രശ്നം കണ്ടെത്തുന്നത് എന്നോര്‍ക്കണം. കേരളത്തിലെ ഭൂപരിഷ്ക്കരണത്തെക്കുറിച്ചുള്ള പ്രസിദ്ധമായ ദളിത് അപഗ്രഥനങ്ങള്‍ ആരംഭിക്കുന്നതിന് എത്രയോ മുമ്പ്, സിവിക് ചന്ദ്രന്റെ "നിങ്ങളാരെ കമ്യൂണിസ്റ്റാക്കി" അരങ്ങിലെത്തി പരാജയപ്പെടുന്നതിനും ഏറെ കാലംമുമ്പ് "പൊന്തന്‍ മാട"യെ മുന്‍നിര്‍ത്തിയുള്ള ഗോപിത്തമ്പുരാന്റെ ഈ സംഭാഷണം എഴുതപ്പെട്ടു കഴിഞ്ഞു.
"ഇമ്പടെ നെലോ? തനിക്കുണ്ടെടോ നെലം? ഇവിടെ നേമങ്ങളൊക്കെ ഇതുവരേ വന്നുള്ളു. വീട്ടില്‍ കെടന്ന് ഉറങ്ങി കഴിഞ്ഞുകൂടിയവന്റെ നെലം എടുത്ത് വരമ്പത്ത് നടന്നവന് കൊടുത്തു. കണ്ടത്തില്‍ എറങ്ങി പണീടുത്തവന് എന്തെങ്കിലും നെലം കിട്ടിയോ? ഒരു ജീവിതം മുഴുവന്‍ പായലിലും വെള്ളത്തിലും ഇഴഞ്ഞ ഈ ജലജീവി പൊന്തന്‍മാടക്ക് എന്തേ സര്‍ക്കാര് ഒരു പത്തുപറക്ക് നെലം കൊടുക്കാതിരുന്നത്?" (പൊന്തന്‍മാട)
മുപ്പതുകളില്‍ ആരംഭിച്ച പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് നിരവധി വഴിത്തിരിവുകള്‍ ഉണ്ടായിട്ടുണ്ട്. രൂപഭാവങ്ങളെ സംബന്ധിച്ചും പ്രതിബദ്ധതയെ സംബന്ധിച്ചും പണ്ഡിതരും വിമര്‍ശകരും ധാരാളം സംവാദങ്ങള്‍ നടത്തിയിട്ടുണ്ട്. പിന്നിട്ട വഴികളിലെ തെറ്റും ശരിയും വിലയിരുത്തിയിട്ടുണ്ട്. പുതിയ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. സി വി ശ്രീരാമന്‍ ഇതിനൊക്കെ സാക്ഷിയായിരുന്നു. അതിലൊന്നും അദ്ദേഹം അത്ര കണിശമായി ഇടപെട്ടില്ല എന്നു വേണമെങ്കില്‍ പറയാം. പക്ഷേ തന്റെ അതി സൂക്ഷ്മമായ രചനകള്‍ കൊണ്ട് ശ്രീരാമന്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തില്‍ എഴുതിച്ചേര്‍ത്ത പുതിയ അധ്യായം നമ്മുടെ വിമര്‍ശകര്‍ വേണ്ടത്ര പരിശോധിച്ചുവോ എന്നു സംശയം തോന്നുന്നു. ആരെയോ ഉദ്ധരിച്ച് ശ്രീരാമേട്ടന്‍ എന്നോട് ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള ഒരു രചനാ തന്ത്രം ഉണ്ട്. അതിങ്ങനെയാണ്.
"ഭൂമുഖത്ത് കഥകള്‍ എല്ലായ്പ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നു. അതു പകര്‍ത്താനുള്ള ക്ഷമയോടെ കഥാകൃത്ത് ഉണര്‍ന്നിരിക്കുമ്പോള്‍ കഥ രചിക്കപ്പെടുന്നു."
പുറത്തു മാത്രമല്ല ആത്മാവിനകത്തും കഥകളുണ്ടെന്ന് ശ്രീരാമേട്ടന് നിശ്ചയമുണ്ടായിരുന്നു. സാമൂഹ്യാവബോധമുള്ള കഥകളുടെ ഒരു നീണ്ട കാലം മലയാളത്തിന് സ്വന്തമായുണ്ട്. സാമാന്യ മനുഷ്യന്റെ ജീവിതത്തെ കഥയില്‍ സ്ഥാപിച്ചുകൊണ്ട് നമ്മുടെ നവോത്ഥാന കഥാകൃത്തുക്കള്‍ ആ സംരംഭം തുടങ്ങിവച്ചു. അധഃസ്ഥിതന്‍ കടന്നു വന്നതോടെ അവന്റെ വീറും വാശിയും രോഷവും കഥയുടെ രൂപഘടനയെ മാറ്റിമറിച്ചു. അപ്പോള്‍ രൂപത്തെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ ഉണ്ടായി. കേവലമായ തലത്തില്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിലെ ശരാശരി മനുഷ്യന്‍ എന്ന നിലയില്‍ മധ്യവര്‍ഗത്തിന്റെ ആത്മസംഘര്‍ഷങ്ങളെയാണ് പിന്നീടു വന്ന എം ടി യുടെ തലമുറ കഥാസാഹിത്യത്തില്‍ ഉപയോഗിച്ചത്. തൊട്ടു പിറകെ വന്ന "ആധുനികരാ"ണ് ശ്രീരാമന്റെ സമകാലികര്‍ എന്നു പറയാം. പക്ഷേ കൊട്ടും കുരവയുമായി വന്ന അവരുടെ ഭാവുകത്വത്തെ അദ്ദേഹം ഗൗനിച്ചതേയില്ല. മദ്രാസില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന "അന്വേഷണം" മാസിക കഥ ചോദിച്ച കാര്യം ശ്രീരാമേട്ടന്‍ തമാശയായി പറയാറുണ്ട്. "വായിച്ചാല്‍ കഥ ആര്‍ക്കും മനസ്സിലാവരുത്" എന്നായിരുന്നു അവരുടെ ഡിമാന്റ്. ഭാഷകൊണ്ട് സൃഷ്ടിക്കപ്പെട്ട ആധുനികതയുടെ അസ്തിവാരമായിരുന്നത് ഫ്യൂഡല്‍ മൂല്യവ്യവസ്ഥയായിരുന്നു എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
നിലനില്‍ക്കുന്ന ഏതെങ്കിലും മൂല്യവ്യവസ്ഥയേയോ സദാചാര സങ്കല്പങ്ങളേയോ പിന്‍പറ്റിക്കൊണ്ടല്ല ഈ കഥാകൃത്ത് മനുഷ്യനെ വ്യാഖ്യാനിച്ചത്. കഥകളിലെ സ്ത്രീപരുഷ ബന്ധങ്ങളെ അപഗ്രഥിച്ചാല്‍ അക്കാര്യം ബോധ്യമാവും. സാമൂഹ്യാവബോധമുള്ള ആത്മപരിശോധനകളായിരുന്നു ശ്രീരാമന്റെ ഉപാധി. സമൂഹത്തെ സമഗ്രം കണ്ടറിഞ്ഞവന്റെ ആത്മാന്വേഷണങ്ങള്‍ എന്നു പറയാം. പ്രത്യയശാസ്ത്രങ്ങളുടെ സാംസ്കാരിക വ്യാഖ്യാനങ്ങളോ ലാവണ്യാത്മക വിവര്‍ത്തനമോ അല്ല ഇവിടെ കഥ. ദര്‍ശനങ്ങളെ സാധൂകരിക്കാനുള്ള ജീവിത സന്ദര്‍ഭങ്ങളുടെ ആഖ്യാനവുമല്ല. അവ ഓരോന്നും സ്വന്തം നിലക്കു തന്നെ ദര്‍ശനങ്ങളാണ്. സാമാന്യ മനുഷ്യന്റെ നെടുവീര്‍പ്പുകളില്‍ വ്യവസ്ഥക്കും ജീവിതാവസ്ഥക്കും ബദലായ ദര്‍ശനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതു കണ്ടെത്തുന്നത് പ്രധാനമായും എഴുത്തുകാരാണ്. ഇതെഴുതുന്നയാള്‍ ഇതുവരെ വായിച്ചിട്ടുള്ളവയില്‍ വച്ച് ഏറ്റവും മൗലികമായ ഒരു ദര്‍ശനം ഉന്നയിച്ചിട്ടുള്ളത് ബഷീറിന്റെ നിരക്ഷരയായ ഉമ്മയാണ്. "എടാ കപ്പക്കെഴങ്ങു തിന്നാല് കൊറച്ച് കഞ്ഞെള്ളം കുടിക്കണം. നിനക്കറിയോ അത്?" (പാത്തുമ്മയുടെ ആട്)
വിഭജനമാണ് ഇന്ത്യ അഭിമുഖീകരിച്ച ഏറ്റവും തീവ്രമായ അനുഭവം. ഉത്തരേന്ത്യന്‍ സാഹിത്യം പ്രത്യേകിച്ചും നോവല്‍ ആ അനുഭവത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ലോകോത്തരമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു നോവല്‍ അതിനെ മുന്‍നിര്‍ത്തി നമുക്കുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ഒരു കഥ ഉണ്ടെന്ന് മലയാളത്തിന് നിശ്ചയമായും അഹങ്കരിക്കാം. വാസ്തുഹാര. പലവിധ അകലങ്ങള്‍ ഉള്ളതുകൊണ്ട് വിഭജനം ഒരു അനുഭവമായി മലയാളി ഉള്‍ക്കൊണ്ടിട്ടില്ല. മേല്‍ത്തരം ശില്പികള്‍ ബാക്കിവച്ചുപോയ കളിമണ്ണു കുഴച്ച് ഒരു കുട്ടി ഉണ്ടാക്കിയ ശില്പം പിന്നീട് വിശ്വോത്തരമായതുപോലെയാണത്. വിഭജനത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ശ്രീരാമന്‍ ആ കഥ രചിക്കുന്നത്. വ്യവസ്ഥിതിയുടേയും അതുണ്ടാക്കുന്ന സാമൂഹ്യ സംഘര്‍ഷങ്ങളുടെയും ഇരയായി തീരുന്ന സാമാന്യ മനുഷ്യന്റെ ചേഷ്ടകളിലൂടെയാണ് ആ അനുഭവത്തെ ദാര്‍ശനികവല്‍ക്കരിക്കുന്നത്.
റെഫ്യൂജികളെ കയറ്റിയ കപ്പല്‍ കല്‍ക്കത്താ തുറമുഖം വിടുന്നു. ബങ്കില്‍ കോവണിപ്പടിയിലിരുന്ന് ബിബാദ് ബിശ്വാസ് സാധു ശംഖു വിളിക്കുന്നു. അനാകര്‍ഷകമായ ആ ശംഖധ്വനിയില്‍ മുറിയുന്ന ബംഗാളിന്റെയും വ്രണപ്പെടുന്ന ഇന്ത്യയുടേയും ആത്മരോദനം ഉണ്ട്. മനുഷ്യന്റെ ഹതാശമായ യാത്രകള്‍. നദിക്കക്കരെ വിട്ടു പോന്ന കൃഷിയിടങ്ങള്‍. മുന്നില്‍ നഗരം. ജനസഞ്ചയം. ചേരികള്‍, ചുവന്ന തെരുവുകള്‍, അധോലോകം.
ഓര്‍മകളുടേയും യാത്രകളുടേയും കഥാകൃത്തെന്ന് ശ്രീരാമന്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇവിടെ തൃശൂരില്‍ ഞങ്ങളുടെ അടുത്തിരിക്കുമ്പോഴും അദ്ദേഹം യാത്ര ചെയ്യുകയാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ആത്മപരിശോധനയുടെ ഭാഗമാണ് ശരീരംകൊണ്ടും അതിലേറെ മനസ്സുകൊണ്ടും അദ്ദേഹം നടത്തിയ യാത്രകള്‍. സമകാലിക സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട് ആശാന്തമായ മനസ്സുമായി അലയുന്ന ഒരാള്‍ ശ്രീരാമന്റെ പ്രിയപ്പെട്ട കഥാപാത്രമാണ്. പ്രസിദ്ധമായ ഈ കഥാപാത്രം തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ അലയുന്നതു കണ്ട് കഥാകൃത്തിന് ആത്മീയഭാവം കല്പിച്ചു കൊടുക്കുന്ന അതീവ നിഷ്ക്കളങ്കരായ നിരൂപകരുണ്ട്. ഇരിക്കപ്പിണ്ഡം, ചിദംബരം, ക്ഷുരസ്യധാര, ഋഷികേശ് തുടങ്ങിയ ചില കഥാനാമങ്ങളും അവരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടാവാം. കഥയുടെ പേരും പുറംചട്ടയിലെ ബ്ലര്‍ബും വായിച്ച് നിരൂപണം നടത്തുന്നവരാണല്ലോ പലരും.
ശാന്തിതേടി തീര്‍ത്ഥാടന കേന്ദ്രങ്ങളിലും, സ്നാനഘട്ടങ്ങളിലും, ആശ്രമങ്ങളിലും ചെന്നുപെടുന്ന ഒരാള്‍ക്കും മനഃശാന്തി ലഭിക്കുന്നില്ല. മാത്രമല്ല ലൗകികതയുടെ കമ്പോളലോകത്ത് ചെന്നുപെട്ട അനുഭവമാണ് അവര്‍ക്ക്. മുണ്ഡനം ചെയ്തിട്ടും കാഷായ വസ്ത്രം ധരിച്ചിട്ടും സൂനിമയുടെ കണ്ണൂകളിലെ മോഹാഗ്നി കെട്ടുപോകുന്നില്ല. ആര്‍ത്തിപിടിച്ച ധനമോഹത്തിന്റേയും വിപണനത്തിന്റേയും അടങ്ങാത്ത കാമത്തിന്റെയും സാംസ്കാരിക ജീര്‍ണതയുടേയും ആവാസ കേന്ദ്രങ്ങളാണ് നമ്മുടെ ആത്മീയ കേന്ദ്രങ്ങളെന്ന് ശ്രീരാമന്‍ കണ്ടെത്തുന്നു. യാത്രകളെന്നാല്‍ ഇവിടെ വ്യക്തി അയാളുടെ ആത്മാവിലേക്കു നടത്തുന്ന പര്യടനങ്ങളാണ്. ഇഹലോക ജീവിതം ഒരു പാപമാണെന്ന ആശയവാദം ഇവിടെ ചോദ്യംചെയ്യപ്പെടുന്നു.
ആത്മപരിശോധന യൂദ്ധാനന്തരമുള്ള ലോക സാഹിത്യത്തിലെ ഏറ്റവും ചേതോഹരമായ ഒരു കൈവഴിയാണ്. സാമ്രാജ്യത്ത ആഗോളവല്‍ക്കരണത്തിന്റെ ഈ കാലത്ത് മലയാളകഥയില്‍ ശ്രീരാമന്‍ തുടങ്ങിവച്ച ആത്മപരിശോധനകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. ഇക്കാലത്ത് ഒരു മനുഷ്യന്‍ തന്റെ ആത്മാവിലേക്ക് ചുഴിഞ്ഞു നോക്കുന്നതും വിലയിരുത്തുന്നതും അഴിച്ചു പരിശോധിക്കുന്നതും വിചാരണ ചെയ്യുന്നതും സ്വയംവിമര്‍ശനം നടത്തുന്നതും ഉല്‍ക്കൃഷ്ടമായ രാഷ്ട്രീയപ്രവര്‍ത്തനമാണ്. വ്യക്തികള്‍ മാത്രമല്ല പ്രസ്ഥാനങ്ങളും ഇടക്കിടെ ആത്മപരിശോധന നടത്തേണ്ടി വരും.
പുതിയ സാമ്രാജ്യത്തം അതിന്റെ മാരകായുധങ്ങളും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളും ഒന്നും ഉപേക്ഷിച്ചിട്ടില്ല എന്നു നിശ്ചയം. ഏതു നിമിഷവും അതു പുറത്തെടുക്കാം. പക്ഷേ ഇന്ത്യയെപ്പോലെ ചരിത്രം ഉറങ്ങുന്ന ജനസമൂഹങ്ങളില്‍ അവര്‍ സാംസ്കാരിക യുദ്ധമാണ് അഴിച്ചു വിട്ടിരിക്കുന്നത്. ഇരയുടെ ആത്മാവില്‍ അതു സൈനികത്താവളങ്ങള്‍ നിര്‍മിക്കുന്നു. കംപ്യൂട്ടര്‍ വൈറസിനേപ്പോലെ വ്യക്തിയുടെ ബോധാബോധങ്ങളില്‍ കടന്നുകൂടി അവനെ തന്റെ തന്നെ ശത്രുവാക്കുന്നു. മനുഷ്യര്‍ അവരുടെ പ്രതിരോധത്തിന്റെ ഭാഗമായി നിര്‍മിച്ചെടുത്ത കലാരൂപങ്ങളും മതവും സംഘങ്ങളും അധിനിവേശത്തിന്റെ ഭീഷണിയിലാണ്. അതുകൊണ്ട് പുതിയ കാല പുരോഗമന സാഹിത്യം ആത്മപരിശോധനയുടെ സാഹിത്യമായിരിക്കും. മലയാള കഥയിലൂടെ സി വി ശ്രീരാമന്‍ തുറന്നുവച്ച നടപ്പാതകള്‍ ഇനി ജനസമൂഹത്തിന്റെ രാജവീഥികളായി മാറുമെന്നതില്‍ സംശയമില്ല.
*****
അശോകന്‍ ചരുവില്‍

No comments:
Post a Comment