Tuesday, November 6, 2012

പണക്കൊഴുപ്പിന്റെ ജനാധിപത്യം

സാന്‍ഡി ചുഴലിക്കാറ്റിനെത്തുടര്‍ന്ന്, അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ദശലക്ഷക്കണക്കിനുപേര്‍ ഇരുട്ടില്‍ കഴിയുമ്പോഴാണ് രാജ്യം ചൊവ്വാഴ്ച (നവംബര്‍ ആറ്) പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. സാമ്പത്തികപ്രതിസന്ധിയും രാഷ്ട്രീയമായ ആശയക്കുഴപ്പങ്ങളും രാജ്യത്തെ ഉലയ്ക്കുമ്പോഴാണ് അമേരിക്കയില്‍ 57-ാം പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രസിഡന്റ് ബറാക് ഒബാമയും റിപ്പബ്ലിക്കന്‍ എതിരാളി മിറ്റ് റോംനിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. സാമ്പത്തികപ്രതിസന്ധി നേരിടാനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനും ഒബാമ സ്വീകരിച്ച നടപടികളാണ് പ്രചാരണത്തില്‍ കൂടുതലായും ചര്‍ച്ച ചെയ്യപ്പെട്ടത്. ഒബാമ തന്റെ അഭിമാനപദ്ധതിയായി പ്രചരിപ്പിച്ച ആരോഗ്യരക്ഷാ പദ്ധതിയെ റോംനിയും കൂട്ടരും പുച്ഛിച്ചു. ഉള്ളവന്റെ ചെലവില്‍ ഇല്ലാത്തവന് കഴിയാനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് ഒബാമ ശ്രമിക്കുന്നതെന്ന ആരോപണം ഉയര്‍ന്നു. അതിസമ്പന്നര്‍ക്ക് നികുതി ചുമത്താനുള്ള ഒബാമയുടെ നടപടികളെയും റിപ്പബ്ലിക്കന്മാര്‍ ചോദ്യംചെയ്തു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ശതകോടി ഡോളറുകള്‍ വേണമെന്നിരിക്കെ ഒബാമയെ സാധാരണക്കാരുടെ പ്രതിനിധിയായി മുദ്രകുത്താന്‍ റിപ്പബ്ലിക്കന്മാര്‍ ശ്രമിച്ചത് ഫലം കണ്ടു. തെരഞ്ഞെടുപ്പ് ഫണ്ടിന്റെ മുഖ്യദാതാക്കളായ കോര്‍പറേറ്റുകള്‍ സ്വാഭാവികമായും റിപ്പബ്ലിക്കന്‍പക്ഷത്തെ കാര്യമായി സഹായിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒബാമയെ സഹായിച്ചവര്‍പോലും ഇക്കുറി കളംമാറി. സാമ്പത്തികനയത്തെച്ചൊല്ലി നടന്ന ആദ്യസംവാദത്തില്‍ ഒബാമ പതറുകയും ചെയ്തു. എന്നാല്‍, വിദേശനയം വിഷയമാക്കിയ രണ്ടാം സംവാദത്തോടെ ഒബാമ നില മെച്ചപ്പെടുത്താന്‍ തുടങ്ങി. കാരണം, അഫ്ഗാനിസ്ഥാനിലും ഇറാഖിലുമായി 6000 അമേരിക്കന്‍ സൈനികരുടെ ജീവനാണ് നഷ്ടപ്പെട്ടത്. 24 മണിക്കൂറില്‍ ഒന്ന് എന്ന തോതില്‍ രണ്ടിടത്തും അമേരിക്കന്‍ സൈനികരുടെ ആത്മഹത്യാശ്രമങ്ങളും നടക്കുന്നു. സ്വകാര്യകരാറുകാരുടെ കീഴില്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും ജോലി നോക്കുന്ന അമേരിക്കന്‍ സൈനികരുടെ മരണങ്ങള്‍ ഈ കണക്കില്‍പെടുന്നില്ല. അതുകൊണ്ടുതന്നെ വീണ്ടുമൊരു അധിനിവേശയുദ്ധം സാധാരണ അമേരിക്കക്കാര്‍ക്ക് ചിന്തിക്കാനാകില്ല. അതേസമയം, മാന്ദ്യം നേരിടുന്ന അമേരിക്കന്‍ സൈനികവ്യവസായ ശൃംഖലയ്ക്ക് യുദ്ധം അനിവാര്യവുമാണ്.

യുദ്ധത്തിനുവേണ്ടി വാദിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ആയുധനിര്‍മാണ കമ്പനികള്‍ 2001നുശേഷം സംഭാവനയായി നല്‍കിയത് 53 ലക്ഷം ഡോളറാണ്. ഇറാനുമേല്‍ അമേരിക്ക കണ്ണുവച്ചിരിക്കുന്നത് ഈ സാഹചര്യത്തിലാണ്. എന്നാല്‍, ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങള്‍ക്കായി ഇതുവരെ ചെലവിട്ടത് നാല് ലക്ഷം കോടിയോളം ഡോളറാണ്. അമേരിക്കയുടെ മൊത്തം ദേശീയ കടം 16 ലക്ഷം കോടി ഡോളറും. സൈനികച്ചെലവ് നിയന്ത്രിക്കുമെന്നതാണ് ഒബാമയുടെ പ്രഖ്യാപിതനയം. അത് ഉയര്‍ത്തുമെന്ന് റോംനിയും പറയുന്നു. അതിനാല്‍ത്തന്നെ വിദേശനയം ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ റിപ്പബ്ലിക്കന്മാര്‍ പരുങ്ങുന്നത് സ്വാഭാവികം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പണക്കൊഴുപ്പിന്റെ മേളയാണെന്ന ആരോപണത്തില്‍ പുതുമയില്ല. രാജ്യത്തെ 51 സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്മാര്‍ക്കും പരമ്പരാഗത ശക്തികേന്ദ്രങ്ങളുണ്ട്. ഉറച്ച വോട്ടര്‍മാരെ മറുപക്ഷത്തിന് അങ്ങനെയൊന്നും സ്വാധീനിക്കാനാകില്ല. ആടിക്കളിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇരുപാര്‍ടികളും പണമൊഴുക്കിയത്. അമേരിക്കയെ വിറപ്പിച്ച് സാന്‍ഡി വീശിയടിച്ചത് ഈ സന്ദര്‍ഭത്തിലാണ്. ചുഴലിക്കാറ്റ് സൃഷ്ടിച്ച ദുരന്തം ഇരുകൂട്ടരും പ്രചാരണത്തിനുള്ള അവസരമാക്കി. സമ്പന്നരെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ പ്രചരിപ്പിച്ചുവന്ന റോംനി റാലികളില്‍ ദുരിതാശ്വാസപാക്കറ്റുകള്‍ വിതരണം ചെയ്തു. വന്‍ദുരന്തം ബാധിച്ച സ്ഥലങ്ങളിലെ പ്രചാരണപരിപാടികള്‍ റദ്ദാക്കി. പ്രകൃതിദുരന്തങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്ന പ്രവണതയെ അപലപിക്കുകയും അതേസമയം എതിര്‍പക്ഷം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി പരോക്ഷമായി സൂചിപ്പിക്കുകയുംചെയ്തു.

സാന്‍ഡിയുടെ വരവിനുമുമ്പ് പരിസ്ഥിതിവിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നില്ല. സാന്‍ഡി ഏറ്റവുമധികം നാശം വിതച്ച ന്യൂയോര്‍ക്കിലെ മേയര്‍ മൈക്കള്‍ ബ്ലൂംബര്‍ഗ് ആദ്യമായി ഈ വിഷയം എടുത്തിട്ടു. സാന്‍ഡി ആഗോളകാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമാണെങ്കിലും അല്ലെങ്കിലും കാലാവസ്ഥാപ്രശ്നങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് ബ്ലൂംബര്‍ഗ് പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ നേരിടാന്‍ ഏറ്റവും കഴിവുള്ള സ്ഥാനാര്‍ഥി ഒബാമയാണെന്നും ബ്ലൂംബര്‍ഗ് പറഞ്ഞുവച്ചു. ഇതോടെ ഒബാമയുടെ പ്രസംഗങ്ങളില്‍ കാലാവസ്ഥയും കടന്നുവന്നു. അമേരിക്കന്‍ കുട്ടികളുടെ ഭാവിക്കായി കാലാവസ്ഥ സംരക്ഷിക്കണമെന്നും ഇതിനായി സര്‍ക്കാര്‍ ഫണ്ട് ചെലവിടണമെന്നും ഒബാമ അഭിപ്രായപ്പെട്ടു. ഒബാമയുടെയും കൂട്ടരുടെയും ഈ നീക്കം റോംനിക്ക് തിരിച്ചടിയായെന്ന് ന്യൂജേഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയുടെ വാക്കുകള്‍ വെളിപ്പെടുത്തുന്നു. ദുരന്തം നേരിടാന്‍ പ്രസിഡന്റ് സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ചതായി റിപ്പബ്ലിക്കന്‍ പാര്‍ടിക്കാരനായ ക്രിസ്റ്റി വാഴ്ത്തി.

പ്രസിഡന്റില്‍നിന്നുള്ള കൂടുതല്‍ ദുരിതാശ്വാസഫണ്ട് വീണ്ടും ഗവര്‍ണര്‍സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന ക്രിസ്റ്റിക്ക് ആവശ്യമാണ്. അതുകൊണ്ടാണ് റോംനിയെ തല്‍ക്കാലം കൈവിട്ട് ഒബാമയെ പുകഴ്ത്താന്‍ ക്രിസ്റ്റി തയ്യാറായത്. ഇത്തരം നാടകങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക ബൂത്തിലേക്ക് നീങ്ങുന്നത്. അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രവും ഒബാമയ്്ക്ക് പ്രതീക്ഷ നല്‍കുന്നു. 112 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ നാല് പ്രസിഡന്റുമാര്‍ മാത്രമാണ് രണ്ടാമൂഴം തേടിയപ്പോള്‍ പരാജയപ്പെട്ടത്. 1932നുശേഷം രണ്ടുപേര്‍ മാത്രവും. 1980ല്‍ ജിമ്മി കാര്‍ട്ടറും 1992ല്‍ ജോര്‍ജ് എച്ച് ഡബ്ല്യു ബുഷും. അതേസമയം, സംസ്ഥാനങ്ങളില്‍നിന്നുള്ള ഇലക്ടറല്‍ കോളേജുകളുടെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന സംവിധാനം നിലനില്‍ക്കുന്ന അമേരിക്കയില്‍ ജനകീയവോട്ടുകള്‍ അപ്രസക്തമാകുന്ന നിലയും ഉണ്ടായേക്കാം.


*****

സാജന്‍ എവുജിന്‍, ദേശാഭിമാനി

No comments: