Saturday, November 3, 2012

എട്ടു കേന്ദ്രമന്ത്രിമാരുണ്ടായിട്ട് കേരളത്തിനെന്ത്?

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തിന് അധികമായി രണ്ടു മന്ത്രിമാരെ ലഭിച്ചതാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. ശശി തരൂരും കൊടിക്കുന്നില്‍ സുരേഷും മന്ത്രിമാരായതോടെ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ എണ്ണം എട്ടായി. രണ്ടു ക്യാബിനറ്റ് മന്ത്രിമാരും ആറു സഹമന്ത്രിമാരും. കേന്ദ്രമന്ത്രിമാരുടെ എണ്ണം വര്‍ധിക്കുന്നത് കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തുപകരുമെന്നും സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സഹായകരമാകുമെന്നും പ്രതീക്ഷിക്കുന്നവരുണ്ട്. മന്ത്രിമാരുടെ എണ്ണം കൂടുന്നത് കേരളത്തിന്റെ വികസനത്തിന് സഹായകരമാകുമെന്ന് കോണ്‍ഗ്രസ് നേതാക്കളും ഒരുകൂട്ടം മാധ്യമങ്ങളും ആവര്‍ത്തിച്ച് പറയുന്നു. ഈ വാചക കസര്‍ത്തു കേട്ടാല്‍ തോന്നുക, കൊടിക്കുന്നില്‍ സുരേഷും ശശി തരൂരും മന്ത്രിമാരാകാതിരുന്നതുകൊണ്ടാണ് കേരളത്തില്‍ വികസനം വരാതിരുന്നതെന്നും ഇനി വികസനം വളരെവേഗം കേരളത്തില്‍ എത്തുമെന്നുമാണ്.

മന്ത്രിസഭാ വികസനം കേരളത്തിന് എന്തെങ്കിലും നേട്ടം സമ്മാനിക്കുമോ? ഇതുവരെയുള്ള നമ്മുടെ അനുഭവംവച്ച് ഇല്ലെന്നുതന്നെ പറയേണ്ടി വരും. രണ്ടാം യുപിഎ സര്‍ക്കാര്‍ മൂന്നുവര്‍ഷം പിന്നിട്ട ഘട്ടത്തിലാണ് മന്ത്രിസഭ അഴിച്ചുപണിതത്. മൂന്നു വര്‍ഷത്തെ അനുഭവങ്ങള്‍ പരിശോധിക്കുക- ആറു മന്ത്രിമാരുള്ള കേരളത്തിന്റെ ഏത് പ്രധാന വികസന ആവശ്യത്തിനാണ് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാരിനായത്. ഭക്ഷ്യവകുപ്പ് കൈകാര്യംചെയ്യുന്നത് കേരളത്തില്‍നിന്നുള്ള പ്രൊഫ. കെ വി തോമസാണ്. കേന്ദ്രം നല്‍കിവന്ന അരിയുടെയും ഗോതമ്പിന്റെയും ക്വോട്ട പടിപടിയായി വെട്ടിക്കുറച്ചു. കേരളത്തിനുള്ള പഞ്ചസാരവിഹിതം വെട്ടിക്കുറച്ചു. ഏറ്റവും ഒടുവിലായി സംസ്ഥാനത്തിനുള്ള റേഷന്‍ മണ്ണെണ്ണയുടെ വിഹിതവും വെട്ടിക്കുറച്ചു. എപിഎല്‍ വിഭാഗത്തിനുള്ള അരിയുടെ കേന്ദ്രവിഹിതം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചതിനെതിരെ വലിയ പ്രക്ഷോഭം നടക്കുമ്പോഴും പുനഃസ്ഥാപിക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല.

കേരളത്തിന്റെ റെയില്‍വേ വികസനം എന്നും ഗൗരവമുള്ള ചര്‍ച്ചാവിഷയമാണ്. റെയില്‍വേ സോണ്‍ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അത് യാഥാര്‍ഥ്യമാക്കാന്‍ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ചെയ്തസേവനം എന്താണ്? പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി എന്ന കേന്ദ്ര വാഗ്ദാനത്തിന് കാല്‍ നൂറ്റാണ്ടിലധികം പഴക്കമുണ്ട്. അതിനുള്ള സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എല്‍ഡിഎഫ് ഭരണകാലത്ത് പൂര്‍ത്തിയാക്കി. ഫാക്ടറി ഇപ്പോഴും കടലാസില്‍ത്തന്നെ. ചേര്‍ത്തലയില്‍ വാഗണ്‍ ഫാക്ടറി വരുമെന്ന് പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായി. മന്ത്രിമാരുടെ സ്വന്തം തട്ടകമായാണ് ചേര്‍ത്തല അറിയപ്പെടുന്നത്. വാഗണ്‍ ഫാക്ടറി ഇപ്പോഴും സ്വപ്നം. പാത ഇരട്ടിപ്പിക്കലും സ്റ്റേഷനുകളുടെ നവീകരണവും പുതിയ തീവണ്ടികളും അടക്കമുള്ള ആവശ്യങ്ങളൊന്നും കേന്ദ്രം കേട്ടതായിപ്പോലും ഭാവിക്കുന്നില്ല. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ച് കേരളത്തിന്റെ റെയില്‍വേ വികസനത്തിന് തുരങ്കംവയ്ക്കാന്‍ കേന്ദ്രം ശ്രമിച്ചപ്പോഴും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ നിശബ്ദരായിരുന്നു.

കേരളം സ്വപ്നപദ്ധതിയായി അവതരിപ്പിച്ചതാണ് വിഴിഞ്ഞം തുറമുഖം. ചെയ്യാവുന്ന എല്ലാ നടപടികളും എല്‍ഡിഎഫ് സര്‍ക്കാര്‍പൂര്‍ത്തിയാക്കി. വിഴിഞ്ഞം പദ്ധതി ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്. കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെതന്നെ വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന വിഴിഞ്ഞംപോലൊരു ബൃഹത് പദ്ധതി, പലവിധ പ്രശ്നങ്ങളില്‍പ്പെട്ട് അനിശ്ചിതത്വത്തിലാകുമ്പോള്‍ സത്വര ഇടപെടല്‍ നടത്താന്‍ കേന്ദ്രമന്ത്രിമാരെ ആരെയും കണ്ടില്ല.

മെട്രോ റെയില്‍ പദ്ധതിതന്നെ ഇല്ലാതാകുമോ എന്ന ആശങ്ക ശക്തമാകുകയാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനും ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഒഴിവാക്കാനും ശ്രമം നടത്തുന്ന ലോബികളെ നിലയ്ക്കു നിര്‍ത്താന്‍ ഒരു കേന്ദ്രമന്ത്രിയെയും കാണുന്നില്ല. മുഖ്യമന്ത്രിയുടെ നിലപാടുതന്നെ ഇക്കാര്യത്തില്‍ സംശയമുയര്‍ത്തുന്നു.

പ്രവാസികള്‍ ഉള്‍പ്പെടെയുള്ള മലയാളി വിമാനയാത്രക്കാരെ ചൂഷണംചെയ്യുന്ന വിമാനക്കമ്പനികള്‍ക്കെതിരെ കേന്ദ്രമന്ത്രിമാര്‍ എന്തെങ്കിലും ചെയ്യുന്നുണ്ടോ? വിമാനയാത്രക്കാരായ മലയാളികള്‍ കൊടിയ പീഡനം നേരിടുമ്പോള്‍ പ്രവാസിവകുപ്പ് ഭരിക്കുന്ന മലയാളിയായ വയലാര്‍ രവിക്ക് ഒന്നും ചെയ്യാനായില്ല. കേരളം ജീവന്മരണ പോരാട്ടം നടത്തുന്ന പ്രധാന വിഷയമായ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍പ്പോലും കേരളത്തിന് അനുകൂലമായി ചെറുവിരല്‍ അനക്കാന്‍ ആന്റണി അടക്കം ഒരു കേന്ദ്രമന്ത്രിയെയും കണ്ടില്ല.

മന്ത്രിപദവി ആസ്വദിച്ച് കേരളത്തില്‍ ചുറ്റിത്തിരിഞ്ഞ് നിലവാരമില്ലാത്ത രാഷ്ട്രീയ കവലപ്രസംഗങ്ങളുമായി കാലംകഴിക്കുന്നവരാണ് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരില്‍ മിക്കവരും. തിരുവനന്തപുരത്തെ ഹൈക്കോടതി ബെഞ്ച്, കേരളത്തിന്റെ ചിരകാല സ്വപ്നമായ ഐഐടി തുടങ്ങി എത്രയെത്ര ആവശ്യങ്ങളാണ് കടലാസില്‍ വിശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തിന് ഐഐടി പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ആസൂത്രണ കമീഷന്‍ വ്യക്തമാക്കികഴിഞ്ഞു.

ക്യാബിനറ്റിലെ മുഖ്യ നടത്തിപ്പുകാരനായി മാധ്യമങ്ങളും കോണ്‍ഗ്രസും വാഴ്ത്തുന്ന എ കെ ആന്റണി അടക്കം ആറു മന്ത്രിമാര്‍ മൂന്നു വര്‍ഷത്തിലധികം ഭരിച്ചിട്ടും കേരളത്തിന് ദുരിതംമാത്രമേ ബാക്കിയുള്ളൂ. കുട്ടനാട്- ഇടുക്കി പാക്കേജുകളുടെ കാര്യത്തില്‍ കേരളം ഇപ്പോഴും നിന്നിടത്തുതന്നെ നില്‍ക്കുന്നു. തൊഴില്‍വകുപ്പിലും മാനവ വിഭവശേഷിവകുപ്പിലും ഓരോ സഹമന്ത്രിമാര്‍കൂടി വരുന്നതോടെ കേരളത്തിന്റെ ഏത് സ്വപ്നമാണ് സഫലമാകാന്‍ പോകുന്നത്. സോണിയയുടെയും രാഹുലിന്റെയും കിച്ചന്‍ സിന്‍ഡിക്കറ്റിലെ അടുപ്പക്കാര്‍ക്ക് കിട്ടിയ ഈ മന്ത്രിപദവികള്‍ക്ക് ഒരു വിലയും പ്രസക്തിയും ആരും കല്‍പ്പിക്കുമെന്നു തോന്നുന്നില്ല.
 
 
*****
 
സി എന്‍ ചന്ദ്രന്‍

 

No comments: