Tuesday, November 6, 2012

കുളിര്‍തെന്നലേറ്റ കുറെക്കാലം

'യേശുക്രിസ്തു മോസ്കോവില്‍' എന്ന് സഖാവ് മലബാര്‍ ദാമോദരന്‍ തറപ്പിച്ചു തന്നെ പറഞ്ഞത് ഫാദര്‍വടക്കനും, വെല്ലിങ്ടണും ആന്റണിവെട്ടിക്കാടനും ചേര്‍ന്ന് കമ്യൂണിസ്റ്റ് വിരുദ്ധമുന്നണി ഒരു ചൈനീസ് മതിലുപോലെ കെട്ടിപ്പടുത്ത ആയിരത്തിത്തൊള്ളായിരത്തി അന്‍പതുകളുടെ തുടക്കത്തിലാണ്. ഉടന്‍ വന്നു ഫാദര്‍വടക്കന്റെ മറുപടി 'യേശുക്രിസ്തു മോസ്കോവിലോ?' എന്ന ശീര്‍ഷകത്തില്‍. തിരിച്ചടിക്കുന്നതില്‍ കെ. ദാമോദരന്‍ ഒരു പിശുക്കും കാണിച്ചില്ല. ഒരു അജാതശത്രുവിന്റെ ഭാവത്തില്‍ അദ്ദേഹം ആര്‍ത്തിരമ്പി

'യേശുക്രിസ്തു മോസ്കോവില്‍ത്തന്നെ.'

കമ്യൂണിസ്റു പ്രത്യയശാസ്ത്രത്തെ മുച്ചൂടും എതിര്‍ക്കാന്‍ വേണ്ടി ആ തത്വശാസ്ത്രം അരച്ചു കലക്കിക്കുടിച്ച ഫാദര്‍വടക്കനും കമ്യൂണിസം എന്ന മഹത്തായ തത്വശാസ്ത്രം ജനഹൃദയങ്ങളില്‍ വിലയം പ്രാപിക്കണമെന്ന ചിന്താഗതിയോടു പ്രതിജ്ഞാബദ്ധത കാത്തുസൂക്ഷിച്ച കെ. ദാമോദരനും തമ്മിലുള്ള വാഗ്വാദങ്ങള്‍ ഏറെക്കാലം നീണ്ടുനിന്നു. അദ്ദേഹം പത്രാധിപരായ നവയുഗം താത്വികവാരികയും ഫാദര്‍വടക്കന്റെ ജീവനാഡിയായ തൊഴിലാളിദിനപത്രവും ഇതു സംബന്ധിച്ച പോരാട്ടങ്ങളുടെ ശ്രദ്ധിക്കപ്പെട്ട വേദികളായി. ഒടുവില്‍ ആരു ജയിച്ചുവെന്നും ആരു തോറ്റുവെന്നും ഉള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ഏകപക്ഷീയമായിരുന്നു. അറുപതുകളിലെ അമരാവതി കുടിയിറക്കിനെതിരെ എ.കെ. ഗോപാലന്‍ നടത്തിയ ജീവന്‍മരണ സമരത്തില്‍ എ.കെ.ജി.യുടെ വലംകൈയായി ഫാദര്‍ വടക്കനുണ്ടായിരുന്നു എന്നതാണ് ഈ വാഗ്വാദങ്ങളുടെ അനന്തരഫലം.

പിന്നീട് കുറെക്കഴിഞ്ഞ് കെ. ദാമോദരനും കെ. വിജയരാഘവനും തമ്മിലാരംഭിച്ച മറ്റൊരു പോരാട്ടത്തിന്റെ കഥയും അക്കാലത്തെ രാഷ്ട്രീയ വിദ്യാര്‍ഥികളുടെ വിപ്ളവാവേശം നിറഞ്ഞ മനസ്സുകളിലുണ്ട്. ബുഖാറിനും ബ്രയോബ്രാഷന്‍സ്കിയും ചേര്‍ന്ന് എഴുതിയ 'എ.ബി.സി. ഓഫ് കമ്യൂണിസം' എന്ന ഗ്രന്ഥം കമ്യൂണിസത്തിന്റെ അടിസ്ഥാനരേഖയാണെന്നു സ്ഥാപിച്ചുകൊണ്ട് കെ. വിജയരാഘവന്‍ ആര്‍.എസ്.പി. വാരികയായ 'സഖാവില്‍' എഴുതിയ ലേഖനം കെ. ദാമോദരന്റെ രൂക്ഷമായ പ്രതികരണത്തിനു വിധേയമായി. കമ്യൂണിസ്റ് വിരുദ്ധ ചിന്താഗതികളുടെ ഭണ്ഡാരമാണ് ആ പുസ്തകം എന്ന് ദാമോദരന്‍ വസ്തുതകളുടെ വെളിച്ചത്തില്‍ നവയുഗം വാരികയിലൂടെ സ്ഥാപിച്ചു. മാര്‍ക്സിസ്റു രേഖകള്‍ ഉദ്ധരിച്ചു കൊണ്ട് രണ്ടുപേരും കൂടി നടത്തിയ അന്തസുള്ള രാഷ്ട്രീയപോരാട്ടം അനവധി ആഴ്ചകള്‍ നീണ്ടുനിന്നു. സഖാവില്‍ വിജയരാഘവനും നവയുഗത്തില്‍ കെ. ദാമോദരനും എഴുതുന്ന ലേഖനങ്ങള്‍ രണ്ടും പ്രസിദ്ധീകരിച്ചുകൊണ്ട് അക്കാലത്ത് ഏറെ പ്രചാരമുണ്ടായിരുന്ന കെ. ബാലകൃഷ്ണന്റെ കൌമുദി വാരിക പത്രപ്രവര്‍ത്തനചരിത്രത്തില്‍ സവിശേഷമായ ഒരധ്യായം എഴുതിചേര്‍ത്തു.

രാഷ്ട്രീയ പ്രബുദ്ധതയും രാഷ്ട്രീയം പഠിക്കാനുള്ള അദമ്യമായ അഭിനിവേശവും ഉള്ള അന്നത്തെ യുവതലമുറയെ ഈ രാഷ്ട്രീയ വാഗ്വാദങ്ങള്‍ വളരെയേറെ ആകര്‍ഷിച്ചുവെന്നത് അനിഷേധ്യമായ സത്യം. അകൂട്ടത്തില്‍ ഇതെഴുതുന്നയാളും ഉള്‍പ്പെടുന്നു എങ്കിലും ആരാധ്യപുരുഷന്‍ കെ. ദാമോദരന്‍ തന്നെയായിരുന്നു.

തത്വചിന്താപരമായ വസ്തുതകള്‍ ചേതോഹരമായ ഭാഷയില്‍ എഴുതി അനുവാചകരെ പാട്ടിലാക്കാനും ലാളിത്യവും ആവേശകരവുമായ പ്രസംഗശൈലിയിലൂടെ അനുയായികളില്‍ ആധിപത്യം ഉറപ്പിക്കുകയും ചെയ്ത കെ. ദാമോദരനെ ഇതെഴുതുന്നയാള്‍ അടുത്തറിയുന്നത് 1965ല്‍. അന്നദ്ദേഹം രാജ്യസഭാ മെമ്പറായിരുന്നു. അതോടൊപ്പം നവയുഗം വാരികയുടെ പത്രാധിപരും. തമ്പാനൂരില്‍ സി.പി.ഐ. സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്‍പിലുണ്ടായിരുന്ന ഒരു ഇരുനില കെട്ടിടത്തിലായിരുന്നു നവയുഗം വാരിക പ്രവര്‍ത്തിച്ചിരുന്നത്. കെ. ദാമോദരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നവയുഗത്തില്‍ അദ്ദേഹത്തിന്റെ സഹപത്രാധിപന്മാര്‍ മാര്‍ക്സിസ്റു ആചാര്യന്‍ തന്നെയായ സി. ഉണ്ണിരാജയും പവനന്‍, എ.കെ. തങ്കപ്പന്‍ എന്നിവരും ആയിരുന്നു. അവരുടെ നിരയിലെ അശുവായിട്ടാണ് ഞാന്‍ ചെന്നുപെട്ടത്. നവയുഗത്തില്‍ ചേര്‍ന്നതിന്റെ മൂന്നാംദിവസമാണ് കെ. ദാമോദരന്‍ ഡല്‍ഹിയില്‍ നിന്നും വന്നത്. ആദ്യത്തെ പത്രാധിസമിതിയോഗത്തില്‍ നവയുഗം സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകളെപ്പറ്റി വിശദീകരിക്കുകയായിരുന്നു. 1964ലെ പാര്‍ടി ഭിന്നിപ്പിന്റെ പശ്ചാത്തലത്തില്‍ കല്ലുംനെല്ലും തിരിഞ്ഞുകഴിഞ്ഞിരുന്നു. സി.പി.എംനെ രാഷ്ട്രീയമായി എങ്ങനെ എതിര്‍ത്ത് തോല്‍പിക്കാം എന്നദ്ദേഹം വിസ്തരിച്ചു തന്നെ പറഞ്ഞു. എതിര്‍ത്തെഴുതുന്ന പ്രധാനജോലി ഉണ്ണിരാജയ്ക്കായിരുന്നു.

"നവയുഗം വെറും ഒരു പാര്‍ടി വാരികയായിട്ടല്ല ഇതുവരെ നടത്തിക്കൊണ്ടുപോന്നത് ഇനിയും ആ വഴിമാറി ചവിട്ടരുത്. സാഹിത്യരംഗത്ത് ഒരു പുതിയ തലമുറയെ കണ്ടെത്തുന്നതില്‍ നവയുഗം താങ്ങും തണലുമായി വര്‍ത്തിക്കണം.''

തുടര്‍ന്ന് കുറെ ദിവസങ്ങള്‍കൂടി അദ്ദേഹം നവയുഗത്തില്‍ ഉണ്ടായിരുന്നു. രാജ്യസഭാ സെഷന്‍ തുടങ്ങാന്‍ കുറെ വൈകും. ആ ദിവസങ്ങളില്‍ ഓഫീസിലെത്തുന്ന കെ. ദാമോദരന്‍ വിശ്രമമില്ലാതെ ജോലി ചെയ്തു. കൂട്ടത്തില്‍ എനിക്കുള്ള വകുപ്പും നിശ്ചയിച്ചു. "നമുക്ക് സിനിമാ നിരൂപണം സജീവമായി കൊടുക്കണം. ധാരാളം മലയാളചിത്രങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. അവയെപ്പറ്റിയുള്ള പാര്‍ടിയുടെ കാഴ്ചപ്പാട് എന്താണെന്ന് ജനങ്ങളറിയണ്ടേ?'' സാമൂഹ്യാധപതനത്തിനു ആക്കം കൂട്ടുന്ന ഒരു സിനിമയും നമ്മള്‍ പ്രോല്‍സാഹിപ്പിക്കരുതെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. "സിനിമ ജനങ്ങളുടെ മനസ്സു ശുദ്ധീകരിക്കാനുതകണം. വെറും വിനോദത്തിനുവേണ്ടി മാത്രമായി അതിനെ മൂലയിലൊതുക്കുന്നത് ശരിയല്ല''

അദ്ദേഹത്തിന് അതൊക്കെ പറയാന്‍ തികച്ചും അവകാശമുണ്ടെന്ന് പിന്നീടുള്ള നാളുകളിലാണ് ഞാനറിയുന്നത്.

"ബേബി തന്നെ സ്ഥിരമായി സിനിമയെപ്പറ്റി എഴുതണം. സെക്കന്റ് കവര്‍പേജില്‍ തുടങ്ങി അകത്തെ പേജുകളില്‍ അവസാനിപ്പക്കാം''

ഞാനുമതു സമ്മതിച്ചു. അടുത്ത ആഴ്ചമുതലെഴുതാമെന്ന് ഉറപ്പുകൊടുത്തു. അപ്പോഴാണ് മറ്റൊരു നിര്‍ദേശം. "ലോകമെമ്പാടും ഇപ്പോള്‍ കായികശാഖ വളരുകയാണ്. സോവിയറ്റ് യൂണിയനും ക്യൂബയും ജര്‍മനിയും ഒക്കെ സ്പോര്‍ട്സ് രംഗത്ത് കുതിച്ചുകയറ്റം നടത്തുന്നു. നമ്മളും രണ്ടുമൂന്നു പേജുകളില്‍ സ്പോര്‍ട്സ് കാര്യങ്ങള്‍ കൊടുക്കുന്നത് നല്ലതല്ലെ?''

ഞാന്‍ തലകുലുക്കിയെങ്കിലും എനിക്കതേപ്പറ്റി ഒരു പിടിയുമുണ്ടായിരുന്നില്ല. അതു മനസ്സിലാക്കിയ അദ്ദേഹം ആദ്യത്തെ ലേഖനത്തിനു വഴിമരുന്നിട്ടു.

1960ലെ റോം ഒളിമ്പിക്സില്‍ ഒരു ഇരുപതുകാരനാണ് ലോക ഹെവിവെയിറ്റ് ബോക്സിങ് കിരീടം പിടിച്ചെടുത്തത്. കറുത്തവര്‍ഗക്കാരനായ അയാളാണ് കാഷ്യസ്ക്ളേ. ആ ജയത്തോടുള്ള അമേരിക്കന്‍ അവഗണന കറുത്തവര്‍ഗക്കാര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ക്ളേയെ സഹായിച്ചു. അതിന്റെ പരിസമാപ്തിയിലാണ് 1964 അവസാനം മാഡിസണ്‍സ്ക്ക്വയര്‍ ഗാര്‍ഡനില്‍വച്ച് ഹെവിവെയിറ്റ് ബോക്സിങില്‍ നിലവിലുള്ള ലോകചാമ്പ്യനായ സോണിലിസ്റനെ ഇടിച്ചുവീഴ്ത്തി കാഷ്യസ്ക്ളേ ലോകചാമ്പ്യനായത്. ലോകമെമ്പാടും കൊട്ടിഘോഷിച്ച ആ വിജയത്തിന്റെ പിന്നാലെ അമേരിക്കന്‍ സര്‍ക്കാരിന്റെ കുല്‍സിത നയങ്ങളെ ചെറുക്കാനും ക്ളേ തയ്യാറായി. തുടര്‍ന്നാണ് അദ്ദേഹം ഇസ്ളാംമതത്തില്‍ ചേര്‍ന്നതും മുഹമ്മദലി എന്ന പേര്‍ സ്വീകരിക്കുന്നതും. കാഷ്യസ്ക്ളേ ആയിരുന്ന മുഹമ്മദാലിയെക്കുറിച്ച് ഞാനെഴുതിയ അഞ്ചുപേജ് നീണ്ട ലേഖനം കെ. ദാമോദരനെ സന്തുഷ്ടനാക്കി.

നവയുഗത്തില്‍ സ്ഥിരമായി സിനിമാനിരൂപണവും സ്പോര്‍ട്സും എഴുതി അങ്ങിനെ ഒരുവിധം തെളിഞ്ഞവരുന്ന കാലത്താണ് 1965 നവംബറില്‍ ഉദയാസ്റുഡിയോയില്‍ നിര്‍മിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ശകുന്തള എന്ന ചിത്രം പുറത്തിറങ്ങിയത്. തോപ്പില്‍ഭാസി സംഭാഷണവും തിരക്കഥയും രചിച്ച് ആ ചിത്രത്തില്‍ വയലാര്‍ - ദേവരാജന്‍ ടീമിന്റെ പത്തു നല്ല പാട്ടുകളാണുള്ളത്. ആ ചിത്രം കാണാന്‍പോയ പവനന്‍ തിരിച്ചു വന്നു പറഞ്ഞത്. 'ശകുന്തള ഞാന്‍ കണ്ടു. ആ ചിത്രത്തെപ്പറ്റി ഞാന്‍ നിരൂപണം എഴുതാ'മെന്നാണ്.

ശകുന്തള എന്ന ചിത്രം ഒരു ചലച്ചിത്രാഭാസമാണെന്നും ഇതിന്റെ സംവിധായകനും നിര്‍മാതാവുമായ കുഞ്ചാക്കോയെ കാളിദാസന്‍ കണ്ടിരുന്നുവെങ്കില്‍ അദ്ദേഹം കുതിരക്കവഞ്ചികൊണ്ട് വേണ്ടുവോളം തല്ലുമായിരുന്നുവെന്നും അത്രമാത്രം വൃത്തികെണ്ട സംവിധാനമാണ് ഈ ചിത്രത്തിലേതെന്നും പവനന്‍ എഴുതിയ നിരൂപണത്തില്‍ പറഞ്ഞിരുന്നു.

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ നവയുഗത്തിന്റെയും പവനന്റെയും പേരില്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം വേണം എന്നാവശ്യപ്പെട്ട് ഒരു മാനനഷ്ടക്കേസിന്റെ നോട്ടീസ് വന്നു. പാര്‍ലിമെന്റ് സെഷന്‍ കഴിഞ്ഞ് ഡല്‍ഹിയില്‍ നിന്നെത്തിയ കെ. ദാമോദരന്‍ കേസിന്റെ കാര്യമറിഞ്ഞപ്പോള്‍ ഒരു ചോദ്യമേ ചോദിച്ചുള്ളൂ.

"പവനന്‍ നിങ്ങള്‍ നിരൂപണത്തില്‍ എഴുതിയത് ഉത്തമബോധ്യത്തോടെ ഉള്ള വസ്തുതകളാണോ?''

ആണെന്ന് പവനന്‍ പറഞ്ഞപ്പോള്‍ ദാമോദരന്‍ തറപ്പിച്ചു പറഞ്ഞത്' "കീഴടങ്ങണ്ട കേസ് നമുക്ക് നേരിടാം'' എന്നാണ്. ഒടുവില്‍ ടി.വി. തോമസും ടി.കെ. വര്‍ഗീസ് വൈദ്യനും കൂടിയാണ് പ്രശ്നം രമ്യമായി പരിഹരിച്ചത്.

സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനും അവരുടെ രാഷ്ട്രീയവും സാമൂഹ്യവുമായ വികാസം സംരക്ഷിക്കാനും ശ്രദ്ധാപൂര്‍വം ഇടപെട്ട ഒരു നേതാവായിരുന്നു ദാമോദരന്‍. അദ്ദേഹത്തിനു ലോകരാഷ്ട്രീയം നന്നായി അറിയാമായിരുന്നു. ലോക കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെയും തളര്‍ച്ചയെയും അദ്ദേഹം തിരിച്ചറിഞ്ഞു.

ബ്രിട്ടണില്‍ ഹാരിപോളിറ്റ് എത്രപാടുപെട്ടിട്ടും കമ്യൂണിസം അവിടെ പച്ച പിടിക്കാത്തതിന്റെ കാരണം അദ്ദേഹം പറഞ്ഞുതന്നു. രജനി പാമി ദത്ത് (ബ്രിട്ടണ്‍) ഐദിത്ത് (ഇന്തോനേഷ്യ) മോറിസ്തോറെ (ഫ്രാന്‍സ്) പാല്‍മിറോ തോഗ്ളിയാത്തി (ഇറ്റലി) പീറ്റര്‍കെനമന്‍ (സിലോണ്‍) എന്നീ നേതാക്കള്‍ ലോക കമ്യൂണിസ്റുപ്രസ്ഥാനത്തിന്റെ തലമൂത്ത നേതാക്കളാണെന്ന് അദ്ദേഹം പഠിപ്പിച്ചുതന്നു. മലയയില്‍, തുങ്കു അബ്ദുല്‍ റഹിമാന്റെ സര്‍ക്കാരിനെതിരെ 16 വര്‍ഷമായി വനത്തിനുള്ളില്‍ കഴിഞ്ഞുകൊണ്ട് ആയുധം കൊണ്ട് പോരാടുന്ന ചിന്‍പെങ്ങിനെപ്പറ്റി ദാമോദരന്‍ വിവരിച്ചത് ഒരു അല്‍ഭുതകഥ കേള്‍ക്കും മട്ടില്‍ കേട്ടിരുന്ന രാഗം ഇന്നും ഓര്‍ക്കുന്നു.

കെ. ദാമോദരന്റെ എണ്ണമറ്റ രചനകളില്‍ കാലം എന്നും ഓര്‍ക്കുന്ന വിലപ്പെട്ട നിരവധി കൃതികളും ഉള്‍പ്പെടുന്നു.

******
  

വിതുരബേബി, കടപ്പാട് : ഗ്രന്ഥാലോകം

അധിക വായനയ്ക്ക്:
 
പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

വൈജ്ഞാനികതയും വിമതത്വവും

ദാമോദരേട്ടന്‍

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

ഓര്‍മകളിലെ ദാമോദരന്‍

കുളിര്‍തെന്നലേറ്റ കുറെക്കാലം

No comments: