Friday, November 30, 2012

ജനറിക് മരുന്ന് കുറിക്കാത്തതെന്ത്?

സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക് ജനറിക് മരുന്ന് നല്‍കാനുള്ള പരിപാടി വിജയിക്കാത്തത് കഴിഞ്ഞദിവസം വാര്‍ത്തയായല്ലോ. മരുന്നു കുറിക്കുമ്പോള്‍ ബ്രാന്‍ഡ് നാമം എഴുതാന്‍പാടില്ല എന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ വ്യവസ്ഥ നേരത്തേ നിലവിലുണ്ട്. പാലിക്കപ്പെടാറില്ലെന്നുമാത്രം. ജനറിക് ആണെങ്കിലും അല്ലെങ്കിലും മരുന്നുകള്‍ കുറിക്കുന്നതുമുതല്‍ വില്‍ക്കുന്നതില്‍വരെ അശാസ്ത്രീയത ഏറെ നിലനില്‍ക്കുന്നു. ഇതേപ്പറ്റി

മരുന്ന് എന്താണെന്നും അവയുടെ ബ്രാന്‍ഡ് നാമം, മരുന്നിന്റെ ഉള്ളടക്കം (generic name ഒടുവിലുള്ള പദസൂചിക കാണുക), ഡോസ് എന്നിവ എന്താണെന്നും എത്ര മണിക്കൂര്‍ ഇടവിട്ടു കഴിക്കണമെന്നും കൃത്യമായി അച്ചടിച്ചോ, എഴുതിയോ കൊടുക്കണമെന്നാണ് ലോകത്തെവിടെയുമുള്ള നിയമം. ഇന്ത്യയിലും നിയമങ്ങള്‍ വ്യത്യസ്തമല്ല. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശം അനുസരിച്ച് ഡോക്ടര്‍മാര്‍ ബ്രാന്‍ഡ് നാമം എഴുതാന്‍പാടില്ല. മരുന്നിന്റെ സജീവ ഘടകത്തെ (active ingredient)  സൂചിപ്പിക്കുന്ന ജനറിക് നാമമേ എഴുതാന്‍ പാടുള്ളൂ. എന്നാല്‍ മെഡിക്കല്‍ കോളേജുകളില്‍പ്പോലും ഇതു നടക്കുന്നില്ല. ഇനി ബ്രാന്‍ഡ് എഴുതിയേ തീരൂവെങ്കില്‍ അതോടൊപ്പം മരുന്നിന്റെ ഉള്ളടക്കം എന്താണെന്നും എഴുതണം. മരുന്നിന്റെ പേര് പ്രിന്റ്ചെയ്ത് കൊടുക്കുന്നില്ലെന്നതൊക്കെ പോട്ടെ, വായിക്കാനാകുംപോലെ എഴുതുകയെങ്കിലും ആവാം. അതും ഇല്ല.

മരുന്നു കുറിക്കുന്നതോടൊപ്പം മരുന്നിന്റെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ശ്വഫലങ്ങളും അവ കണ്ടാല്‍ എന്തു ചെയ്യണമെന്നും രോഗിക്ക്/കൂട്ടിരിപ്പുകാര്‍ക്ക് വിശദീകരിച്ചുകൊടുക്കണം. അത് ഡോക്ടര്‍ ചെയ്തില്ലെങ്കില്‍ മരുന്ന് എടുത്തുകൊടുക്കുന്ന ഫാര്‍മസിസ്റ്റിന്റെ ഉത്തരവാദിത്തമാണ്. തനിക്ക് വിശദീകരിച്ചു നല്‍കിയിട്ടില്ലാത്ത ഒരു പാര്‍ശ്വഫലംമൂലം ദുരിതം അനുഭവിക്കേണ്ടിവന്നാല്‍ അതെത്ര ചെറുതാണെങ്കിലും കേസിനു പോകാന്‍ രോഗിക്ക് ധാര്‍മികമായി അവകാശമുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ന്യായമായ കേസുകളില്‍പ്പോലും രോഗിക്ക് നഷ്ടപരിഹാരം അപൂര്‍വമായേ ലഭിക്കുന്നുള്ളൂ.

ചിലയിടത്ത് രോഗവിവരം കാണിക്കുന്ന ഒപി ചീട്ടും മരുന്നിന്റെ കുറിപ്പടിയും കൊടുക്കില്ല. എന്തു മരുന്നാണ് കഴിക്കുന്നതെന്നും പറയില്ല. കുറേ ബ്രൗണ്‍കവറില്‍ പച്ചഗുളിക പത്തെണ്ണം, വെള്ള ഗുളിക ആറെണ്ണം, നീളമുള്ള ഗുളിക ഇരുപതെണ്ണം എന്ന കണക്കില്‍ പാക്കിങ്ങില്‍നിന്നു പൊട്ടിച്ച് വെവ്വേറെയാക്കി കൊടുക്കും. കവറിനുപുറത്ത് 1-0-1 എന്നോ 1-1-1 എന്നോ എഴുതി രണ്ടുനേരം, മൂന്നുനേരം എന്നുപറഞ്ഞ് രോഗിക്ക് കൊടുത്തു വിടുന്നു. മരുന്നിന്റെ പേരുമില്ല, ബ്രാന്‍ഡുമില്ല, അതിന്റെ ഫോയില്‍ പോലും ഇല്ല.
 
 ഫാര്‍മസിസ്റ്റില്ലാതെ മരുന്നുവില്‍പ്പന തോന്നിയപോലെ നടത്താന്‍ സൗകര്യം ചെയ്തുകൊടുക്കുന്ന നാടാണ് നമ്മുടേത്. രേഖകളില്‍ മാത്രമാകും പലയിടത്തും ഫാര്‍മസിസ്റ്റ്. മരുന്ന് എടുത്തുകൊടുക്കാന്‍ നില്‍ക്കുന്നത് മരുന്നുകളുമായി ഒരു ബന്ധവും പരിചയവും ഇല്ലാത്ത ആരെങ്കിലുമാകാം. മരുന്നുകളെ വര്‍ഗീകരിച്ച് ഇത് ബിപിക്കുള്ളവ, ഇത് പ്രമേഹത്തിനുള്ളവ, ഇത് വേദനസംഹാരികള്‍ എന്നൊക്കെ ഷെല്‍ഫുകളില്‍ ലേബലടിച്ചും മരുന്നുപെട്ടിക്കു പുറത്ത് കുറിച്ചിട്ടും ഒരു അഡ്ജസ്റ്റ്മെന്റിലാണ് വില്‍പ്പന. ഇങ്ങനെ കടയിലിരുന്ന് പഴക്കംവരുന്നവര്‍ കുറേ പ്രിസ്ക്രിപ്ഷനുകള്‍ കണ്ട് തഴമ്പിക്കുമ്പോള്‍ സ്വയം ഡോക്ടര്‍ ചമയാന്‍ തുടങ്ങുന്നതാണ് അടുത്ത ദുരന്തം. ഇവയെക്കാള്‍ വലിയ ദുരന്തമാണ് മൂന്നാമത്തേത്. പ്രിസ്ക്രിപ്ഷനില്ലാതെ മരുന്നെടുത്തുകൊടുക്കുന്ന പതിവ്. മൂക്കൊലിപ്പിന് മരുന്നു ചോദിച്ച് കടയില്‍ ചെല്ലുന്നയാള്‍ക്ക് ഏതെങ്കിലും ഡീകണ്‍ജസ്റ്റന്റ് മരുന്ന് കോമ്പിനേഷന്‍ എടുത്തു കൊടുക്കും. ഡീകണ്‍ജസ്റ്റന്റ് മരുന്നുകള്‍ രക്തസമ്മര്‍ദം കൂട്ടുന്നവയാണെന്നും അത് ഹൃദ്രോഗമോ മസ്തിഷ്കാഘാത സാധ്യതയോ ഉള്ളവരില്‍ പ്രയോഗിക്കുമ്പോള്‍ സൂക്ഷിച്ചുവേണം എന്ന അടിസ്ഥാനപാഠമൊന്നും എടുത്തുകൊടുക്കുന്നയാള്‍ അറിയേണ്ട കാര്യമില്ല. കഴിച്ചയാള്‍ മൂന്നാം ദിവസം കാഷ്വാലിറ്റിയില്‍ എത്തിയെന്നുവരാം.

300 മരുന്നിന് 80,000 ബ്രാന്‍ഡ്

ലോകരാജ്യങ്ങളെ പൊതുവില്‍ ബാധിക്കുന്ന രോഗ/രോഗാവസ്ഥകളില്‍ചികിത്സക്ക്ഉപകരിക്കുന്ന അവശ്യമരുന്നുകളുടെവര്‍ഗീകരിച്ച പട്ടിക ലോകാരോഗ്യസംഘടന 1970കളുടെ ഒടുക്കംമുതല്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കി ഇറക്കാറുണ്ട്. പ്രതിരോധകുത്തിവയ്പുകളും സിരകളിലൂടെ കുത്തിവയ്ക്കാവുന്ന ഗ്ലൂക്കോസ്, ഉപ്പുവെള്ളം ആദിയായ ഡ്രിപ്പ് മരുന്നുകളും മുറിവും മറ്റും അണുവിമുക്തമാക്കാന്‍ ഉപയോഗിക്കുന്നവയുമടക്കം ഏതാണ്ട് മുന്നൂറ്റമ്പതോളം മരുന്നുകളേ ഈ ലിസ്റ്റിലുള്ളൂ. ഇതുകൊണ്ട് 90 ശതമാനത്തോളം രോഗ/ രോഗാവസ്ഥകളെയുംചികിത്സിക്കാം. പിന്നെയും ബാക്കിയാവുന്നത് ചില "ഹൈടെക്" മരുന്നുകളാണ്. ഹൃദ്രോഗത്തില്‍ സ്റ്റെന്റ് ഇടുന്നതിനു മുന്നോടിയായി ഉപയോഗിക്കുന്ന എപ്റ്റിഫബറ്റൈഡ് (Eptifibatide), രക്തക്കൊഴുപ്പു കുറയ്ക്കാന്‍ ഉപയോഗിക്കുന്ന സ്റ്റാറ്റിനു(Statins)കളൊഴിച്ചുള്ള മരുന്നുകള്‍, ഇമ്യൂണോ മോഡുലേറ്റര്‍ വിഭാഗത്തിലെ ചിലത് എന്നിങ്ങനെ.

ഈ ഭഹൈടെക് മരുന്നുകളെ മാറ്റിനിര്‍ത്തിയാല്‍ ലോകാരോഗ്യസംഘടനയുടെ ഈ മാതൃകാലിസ്റ്റിലെ മുന്നൂറിലധികം മരുന്നുകള്‍കൊണ്ട് ശരാശരി ജനതയുടെ, വിശേഷിച്ച് ഇന്ത്യയെപ്പോലുള്ളരാജ്യത്തിന്റെ മഹാഭൂരിപക്ഷം ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. എന്നാല്‍ ഈ ജനറിക് മരുന്നുകള്‍ക്കെല്ലാംകൂടി ഇന്ത്യയില്‍ ലഭ്യമായ ബ്രാന്‍ഡുകള്‍ ഏകദേശം 80,000 വരും.

ഉദാഹരണത്തിന് അമിത ബിപിക്കുള്ള ആംലോഡിപിന്‍ (Amlodipine) എന്ന മരുന്നിനു മാത്രം ഇന്ത്യയില്‍ 140നടുത്ത് ബ്രാന്‍ഡുണ്ട്. വയറ്റിലെ അസിഡിറ്റിമൂലം പുളിച്ചുതികട്ടലും നെഞ്ചെരിച്ചിലും ഉണ്ടാകുന്ന അവസ്ഥയ്ക്ക് കൊടുക്കാറുള്ള പാന്റോപ്രസോള്‍, ഡോംപെരിഡോണ്‍ (Pantoprazole,Domperidone) എന്നീ മരുന്നുകളുടെ കൂട്ടുചേരുവയുണ്ട്. ഈ കോമ്പിനേഷനു മാത്രം ഇന്ത്യയില്‍ 200ല്‍ കൂടുതല്‍ ബ്രാന്‍ഡുണ്ട്. അപ്പോള്‍ ഈ മരുന്നുകള്‍ക്ക് വെവ്വേറെയുള്ള ബ്രാന്‍ഡുകളെപ്പറ്റി പറയേണ്ടല്ലോ.

ഇന്നേവരെ ഒറ്റ കമ്പനിയും തുടക്കംമുതല്‍ ഒടുക്കംവരെ പരിപൂര്‍ണാര്‍ഥത്തില്‍ ഒരു മരുന്ന് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്തിട്ടില്ല. പിന്നെങ്ങനെയാണ് ഒരു മരുന്നിന് 100 ബ്രാന്‍ഡ് എന്ന ഈ കണക്കു വരുന്നത്? ഇന്ത്യന്‍ പേറ്റന്റ് രീതിയില്‍ ഒരു മരുന്ന് ഉല്‍പ്പാദിപ്പിക്കാനുള്ള രാസപ്രക്രിയക്കാണ് പേറ്റന്റ് നല്‍കുക. അതായത് ഒരേ മരുന്ന് (മരുന്നു കണിക) വ്യത്യസ്തമായ രണ്ടു രീതിയില്‍ വ്യാവസായികമായി നിര്‍മിക്കാനായാല്‍, രണ്ടു രീതിക്കും പേറ്റന്റ് അഥവാ ഉല്‍പ്പാദനാവകാശം ലഭിക്കും. രണ്ട് ഉല്‍പ്പാദനരീതികളും തമ്മില്‍ വളരെ ചെറിയൊരു വ്യത്യാസമുണ്ടായാല്‍ മതി എന്നതിനാല്‍ അപേക്ഷിക്കുന്ന എല്ലാ കമ്പനികള്‍ക്കും യഥേഷ്ടം പേറ്റന്റുകള്‍ ലഭിക്കുമെന്ന അവസ്ഥയുണ്ട്, ഇന്ത്യയില്‍. അങ്ങനെയാണ് ഒരേ മരുന്നിന് നൂറുകണക്കിന് ബ്രാന്‍ഡുകള്‍ ഉണ്ടാവുന്നത്. ഫലത്തില്‍ എല്ലാ ബ്രാന്‍ഡിലും ഉള്ളത് ഒരേ സാധനംതന്നെയാണ്. ഒരുതരം ഫോട്ടോസ്റ്റാറ്റ് കോപ്പിയടിക്കല്‍ പ്രക്രിയയാണ് യഥാര്‍ഥത്തില്‍ നടക്കുന്നത്.

വിദേശകമ്പനികള്‍ ഇറക്കുന്ന മരുന്നുകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ മാത്രം അടിച്ചുമാറ്റി, സ്വന്തമായി ഒരു ഗവേഷണമോ നിലവാരമുള്ള പരീക്ഷണങ്ങളോ നടത്താതെ, വില്‍ക്കുന്ന ചില കമ്പനികളുമുണ്ട്.. ഏതെങ്കിലും പ്ലാന്റുകളില്‍ ഉണ്ടാക്കുന്ന ഗുളികകളെ എഡിബിള്‍ ഡൈ ചേര്‍ത്ത് പല നിറത്തിലാക്കി ഫോയിലുകളിലും ബ്ലിസ്റ്റര്‍ പാക്കുകളിലും പൊതിഞ്ഞ് പല പേരിട്ട് വില്‍ക്കുക എന്നതുമാത്രമാണ് അവരുടെ ഉദ്ദേശ്യം. പലപ്പോഴും എക്സ് കമ്പനിയും വൈ കമ്പനിയും ഇറക്കുന്ന ഒരേ മരുന്നിന്റെ രണ്ട് ബ്രാന്‍ഡുകള്‍ തമ്മില്‍ എന്താണ് മൗലികവ്യത്യാസം എന്ന ചോദ്യത്തിന് പ്രസക്തിയേ ഇല്ലാതാകുന്നു. രണ്ടാമത്തെ കുഴപ്പം, വിലകുറച്ചുകൊണ്ട് മാര്‍ക്കറ്റ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കമ്പനികള്‍ പ്രേരിതരാകുന്നു എന്നതാണ്. സര്‍ക്കാര്‍ ഏജന്‍സികള്‍ വലിയ അളവുകളില്‍ വാങ്ങി സ്റ്റോക് ചെയ്യുന്ന ആന്റിബയോട്ടിക് വിഭാഗത്തിലെയും മറ്റും മരുന്നുകളുടെ പല ബാച്ചുകളിലും രാസപരിശോധന നടത്തുമ്പോള്‍ അതില്‍ നിഷ്കര്‍ഷിക്കുന്നതിന്റെ പകുതിയോളം മരുന്നേ കാണാറുള്ളൂ എന്ന് പലവട്ടം തെളിഞ്ഞിട്ടുണ്ട്.

ഈ രംഗത്തെ ചൂഴുന്ന പ്രശ്നങ്ങള്‍ അനവധിയാണ്. പരിഹാരം പലതലത്തില്‍ ഉണ്ടാവേണ്ടതും. അധികൃതരോ കോടതിയോ വൈദ്യസംഘടനകളോ ഒക്കെ എന്തെങ്കിലും നടപടിയെടുത്തു വരുമ്പോഴേക്കും ലോകാവസാനമായെന്നിരിക്കും. അതുകൊണ്ട് നാം സൂക്ഷിക്കാനുള്ളത് സൂക്ഷിക്കുക. (ചികിത്സക്കുമുമ്പ് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍... അടുത്തലക്കം)

അവലംബം:

1. Essential Medicines WHO Model List: 16th edition (March 2009)
2. Confronting Commercialization of Health Care: Jana Swasthya Sabha National Co-ordination Committee, 2001.

പദസൂചിക

ജനറിക് നാമവുംബ്രാന്‍ഡും ജനറിക് നാമവും (International Nonproprietary Name) ബ്രാന്‍ഡ് നാമവും (Proprietary Name) എന്താണ്? ഒരു മരുന്ന് അതിലടങ്ങിയ പ്രവര്‍ത്തനശേഷി കാണിക്കുന്ന മുഖ്യകണികയുടെ പേരില്‍ അറിയപ്പെടുമ്പോഴാണ് അതിനെ ജനറിക് മരുന്ന് എന്നു വിളിക്കുക. ഉദാഹരണത്തിന് സര്‍വ സാധാരണയായി ഉപയോഗിക്കുന്ന ക്രോസിന്‍ (Crocin) എന്ന ബ്രാന്‍ഡില്‍ അറിയുന്ന മരുന്നിന്റെ ജനറിക് നാമം എന്നത് അതിലടങ്ങിയ കണികയുടെ പേരാണ് അസീറ്റമിനോഫെന്‍ (Acetaminophen). ഇതിനെത്തന്നെയാണ് ബ്രിട്ടീഷ് രീതിയില്‍ പാരസെറ്റമോള്‍ (Paracetamol) എന്നു വിളിക്കുന്നതും (അസീറ്റമിനോഫെന്‍ എന്നത് അമേരിക്കന്‍ ചിട്ടയില്‍ വിളിക്കുന്ന ജനറിക് പേരാണ്). മറ്റൊരു ഉദാഹരണമാണ് ആസ്പിരിന്‍ (Aspirin). ഇതിന്റെ ജനറിക് നാമം അസെറ്റില്‍ സാലിസിലിക് ആസിഡ് (Acetyl Salicilic Acid  അഥവാ ASA)എന്നാണ്. ആസ്പിരിന്‍ എന്നത് ബേയര്‍ എന്ന ജര്‍മന്‍കമ്പനി ഇറക്കുന്ന എഎസ്എയുടെ ബ്രാന്‍ഡ് നാമമാണെങ്കിലും ഉപയോഗംകൊണ്ട് നാം ഇപ്പോള്‍ ആസ്പിരിനെന്ന പേരുതന്നെ ജനറിക് നാമമായി പ്രയോഗിക്കാറുണ്ട്.

ചികിത്സക്കു പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മരുന്ന് ജനറിക് ആയാലും അല്ലെങ്കിലും അവ കഴിക്കുന്ന രോഗികള്‍ അറിയേണ്ട പല കാര്യങ്ങളുമുണ്ട്.

1. നിങ്ങളുടെ രോഗത്തെപ്പറ്റി അറിഞ്ഞുവയ്ക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്നു ധരിക്കുക. രോഗത്തിന് പേരുണ്ടെങ്കില്‍ അത് കുറിപ്പായി എഴുതിവാങ്ങുക. ആശുപത്രിരേഖകള്‍ പുറത്തുകൊടുക്കില്ലെങ്കില്‍ ഫോട്ടോകോപ്പിയെങ്കിലും തരാന്‍ ആവശ്യപ്പെടുക. രോഗത്തിന് ഒറ്റപ്പേരില്ല എന്നതിനാല്‍ പല രോഗങ്ങളുടെ ലക്ഷണങ്ങള്‍ക്കായാണ് നിങ്ങള്‍ക്ക് ചികിത്സയെങ്കില്‍ ആ അവസ്ഥകള്‍ മനസ്സിലാക്കുക.

2. കഴിക്കുന്ന മരുന്നുകളുടെ പട്ടിക സൂക്ഷിക്കുക. സ്ഥിരമായി കഴിക്കുന്ന (ബിപി, ഹൃദ്രോഗം, പ്രമേഹം) മരുന്നുകള്‍ക്കും ചെറിയ അസുഖങ്ങള്‍ക്കും വെവ്വേറെ പട്ടിക ഉണ്ടെങ്കില്‍ നല്ലത്. ഓരോ മരുന്നും എന്തിനു കഴിക്കുന്നു എന്ന് എഴുതിവയ്ക്കുക.

3. മരുന്നുകടയില്‍നിന്നോ ക്ലിനിക്/ആശുപത്രി എന്നിവയില്‍നിന്നോ മരുന്നു വാങ്ങുമ്പോള്‍ മരുന്നിന്റെ പേരും ബ്രാന്‍ഡും അച്ചടിച്ച കമ്പനിപ്പാക്കറ്റില്‍ത്തന്നെ മുറിച്ചു വാങ്ങുക. പാക്കറ്റില്‍നിന്നു പൊട്ടിച്ചാണ് തരുന്നതെങ്കില്‍ അതിന്റെ പേരും ഡോസും പൊതിക്കു പുറത്ത് എഴുതി ലേബല്‍ചെയ്തു തരാന്‍ നിര്‍ബന്ധിക്കുക.

4. ഡോക്ടറുടെ കുറിപ്പടിയിലെ മരുന്നിന്റെ പേരും മരുന്നുകടയില്‍നിന്നു വാങ്ങിയ മരുന്നിന്റെ പേരും ഒന്നാണോ എന്ന് ഉറപ്പുവരുത്തുക. ബ്രാന്‍ഡുകള്‍ വ്യത്യസ്തമാണെങ്കിലും ഉള്ളടക്ക മരുന്ന് ഒന്നാണെന്ന് തീര്‍ച്ചയാക്കുക (ജനറിക് നാമം). ഇത് ഉറപ്പുവരുത്താതെ മരുന്നു കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്യരുത്.

5. ഡോക്ടറുടെ ഉപദേശമോ പ്രിസ്ക്രിപ്ഷനോ ഇല്ലാതെ കടയില്‍ പോയി മരുന്നുവാങ്ങുന്ന രീതി അപകടമാണ്. നിങ്ങള്‍ മരുന്നുവിഷയത്തില്‍ എത്ര വിജ്ഞാനമുള്ള ആളാണെങ്കിലും മരുന്നിലെ ഘടകങ്ങള്‍ നിങ്ങള്‍ അറിയാത്തതരത്തില്‍ റിയാക്ട് ചെയ്യാം.

6.;മരുന്നു കഴിച്ചാലും ആദ്യം രോഗലക്ഷണങ്ങള്‍ കൂടുന്നതായി തോന്നും, എന്നിട്ടേ കുറയൂ എന്ന് ഉപദേശിച്ച് മരുന്നു നല്‍കുന്ന വ്യാജവൈദ്യന്മാരുണ്ട്. ഇത് സത്യമാണെന്നു കരുതി മരുന്നു കഴിച്ചിട്ടും രോഗലക്ഷണങ്ങള്‍ കൂടുന്നത് കാര്യമാക്കാത്തവരുണ്ട്. അത് അബദ്ധമാണ്. ഒന്നുകില്‍ നിങ്ങള്‍ക്ക് ശരിയായ ചികിത്സ കിട്ടുന്നില്ല, അല്ലെങ്കില്‍ മതിയായ ഡോസിലല്ല മരുന്ന് കിട്ടുന്നത്.

7. മരുന്നുകളുടെ പ്രധാന പാര്‍ശ്വഫലങ്ങള്‍ അറിയുക എന്നത് നിങ്ങളുടെ അവകാശമാണ്. പാര്‍ശ്വഫലങ്ങള്‍ ഫാര്‍മസിസ്റ്റിന്റെ അടുത്തുനിന്നോ കുറിപ്പടിതന്ന ഡോക്ടറില്‍നിന്നോ അന്വേഷിക്കുക. ഉദാഹരണത്തിന് ചുമ മരുന്നുകളിലെ സാല്‍ബ്യൂട്ടമോള്‍ ഉണ്ടാക്കുന്ന നേരിയ കൈവിറയല്‍, മൂക്കൊലിപ്പു തടയാന്‍ നല്‍കുന്ന മരുന്നുകള്‍ ഉണ്ടാക്കുന്ന മയക്കവും മന്ദതയും, ചില ബിപി മരുന്നുകള്‍മൂലം കൂടുതല്‍ മൂത്രം പോകുക, തലകറക്കം ഉണ്ടാകുക, ചില ഹൃദ്രോഗ/മസ്തിഷ്കാഘാത മരുന്നുകള്‍മൂലം രക്തം കട്ടപിടിക്കുന്നത് വൈകുക, ചില ആന്റിബയോട്ടിക്കുകള്‍മൂലം വയറിളകുക, വേദനസംഹാരികള്‍മൂലം നെഞ്ചെരിച്ചില്‍ ഉണ്ടാകുക എന്നിങ്ങനെ. അലര്‍ജിക് ശരീരപ്രകൃതിയുള്ളവര്‍ക്ക് ഏതാണ്ട് എല്ലാ മരുന്നിനോടും അലര്‍ജി ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതും ശ്രദ്ധിക്കണം.

8. ഒന്നില്‍ക്കൂടുതല്‍ മരുന്ന് ഒരേസമയത്ത് കഴിക്കാന്‍ എഴുതിയാല്‍ അവ തങ്ങളില്‍ പ്രതിപ്രവര്‍ത്തിച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ, അത് ശരീരത്തിന് ദോഷമുള്ളതാണോ എന്നൊക്കെ അന്വേഷിക്കേണ്ടതും മരുന്നുകഴിക്കുന്ന രോഗിയുടെ ബാധ്യതയാണ്. ഭക്ഷണത്തിനു മുമ്പ്/ശേഷം എന്നിവയും പഥ്യങ്ങളും ചില മരുന്നുകളുടെ കാര്യത്തില്‍ (പ്രമേഹത്തിനു കഴിക്കുന്ന ഗുളികകള്‍, ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍, മൂത്രത്തിലെ കല്ല്, ഹൃദ്രോഗം എന്നിവയില്‍) പ്രധാനമാണെന്ന് ഓര്‍ക്കുക.

9. മരുന്നുകളെപ്പോലെത്തന്നെ പാര്‍ശ്വഫലം ഉണ്ടാക്കാവുന്നവയാണ് രോഗനിര്‍ണയ പരിശോധനകള്‍. രക്തമെടുക്കാന്‍ കുത്തുന്ന സൂചിയില്‍നിന്ന് അണുബാധ വരാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എക്സ്റേ ദുര്‍ബലമായ റേഡിയേഷനാണെങ്കിലും അതിനും പാര്‍ശ്വഫലമുണ്ട്. പ്രത്യേകിച്ച് കുട്ടികളിലും ഗര്‍ഭിണികളിലുമൊക്കെ. ഓരോ ടെസ്റ്റും എന്തിനാണ് ചെയ്യുന്നത്, ടെസ്റ്റ്കൊണ്ട് രോഗത്തിന്റെ എന്തു വശമാണ് മനസ്സിലാകുക എന്നൊക്കെ സാധിക്കുമെങ്കില്‍ ചോദിക്കുക. ചെലവുകൂടിയ ടെസ്റ്റുകളാണെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെകൂടി അഭിപ്രായം തേടുന്നതില്‍ തെറ്റില്ല.

10. ആവശ്യത്തിനു മാത്രം ഡോക്ടറെ കാണുക, അത്യാവശ്യമുണ്ടെങ്കില്‍ മാത്രം മരുന്നു കഴിക്കുക, സാദാ ജലദോഷപ്പനിക്കും വൈറല്‍പനിക്കും മൂക്കടപ്പിനുംവരെ ഓടി മരുന്നുവാങ്ങുന്ന രോഗീസമൂഹംതന്നെയാണ് പല വഴിവിട്ട കച്ചവടങ്ങള്‍ക്കും വളംവച്ചുകൊടുക്കുന്നത്. ഓര്‍ക്കുക ഈ കച്ചവടവ്യവസ്ഥയില്‍ വൈദ്യനെയും മരുന്നു വില്‍ക്കുന്നവരെയും സംബന്ധിച്ചിടത്തോളം നിങ്ങള്‍ ഒരു വിപണി മാത്രമാണ്, ശരീരം നിങ്ങളുടേതാണ്.

പരിഹാരമെന്ത് ?

ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകള്‍ മാത്രമേ എഴുതാന്‍ പാടുള്ളൂ എന്ന നിയമം മരുന്നിന്റെ പേരിലുള്ള കൊള്ളയടി തടയാനുള്ള ഒറ്റമൂലിയല്ല. മരുന്നുകമ്പനികളെ നിയന്ത്രിക്കാനും മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുമുള്ള ഇച്ഛാശക്തി കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ കാണിച്ചാല്‍ മാത്രമേ ഈ രംഗത്തെ അരാജകത്വം അവസാനിപ്പിക്കാനും രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള മരുന്നുകള്‍ എത്തിച്ചുകൊടുക്കാനും സാധിക്കുകയുള്ളു.

1. പ്രധാന ഉല്‍പ്പാദകരില്‍നിന്ന് ജനറിക് മരുന്നുകള്‍ ഫാര്‍മസികളില്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുക. പേറ്റന്റ് അനുവദിക്കുന്ന പ്രക്രിയയില്‍ത്തന്നെ പിടിമുറുക്കിയാല്‍ സര്‍ക്കാരിനിത് നടപ്പാക്കാവുന്നതേയുള്ളു.

2. ജനറിക് മരുന്നുകള്‍ ശേഖരിക്കുകയും വില്‍ക്കുകയും ചെയ്യുന്ന നീതി സഹകരണ സ്റ്റോറുകള്‍ വ്യാപിപ്പിക്കുക.

3. വാരിവലിച്ച് ബ്രാന്‍ഡുകള്‍ ആരംഭിക്കുന്നതിലും പാക്കിങ്വിതരണ പ്ലാന്റുകള്‍ സ്ഥാപിച്ച് വ്യവസായം നടത്തുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തുക. ഒരു മരുന്നിന് അനുവദിക്കാവുന്ന ബ്രാന്‍ഡുകളുടെ എണ്ണം നിജപ്പെടുത്തുക. ഇങ്ങനെ വരുന്ന മരുന്നുകളുടെ ഗുണനിലവാരംഉറപ്പുവരുത്തുക.

4. അവശ്യമരുന്നുകളെന്ന് ലോകാരോഗ്യസംഘടന നിശ്ചയിച്ച പട്ടികയിലെ മരുന്നുകളെല്ലാം സര്‍ക്കാരിന്റെ വിലനിയന്ത്രണത്തില്‍ കര്‍ക്കശമായി കൊണ്ടുവരിക.

5. ഡോക്ടര്‍മാരുടെ മരുന്നെഴുത്തു രീതികളെ പരിശോധിക്കാനും , അനാശാസ്യവും ശാസ്ത്രതെളിവുകളില്ലാത്തതുമായ മരുന്നെഴുത്ത് ചികിത്സാ പ്രവണതകള്‍ നിയന്ത്രിക്കാനും പൗരപ്രതിനിധികളെ ഉള്‍പ്പെടുത്തി ഏജന്‍സികള്‍ സ്ഥാപിക്കുക.

"മരുന്നു"ണ്ടാക്കുന്ന മറിമായം

അറുപത്തി രണ്ടായിരം കോടി രൂപയുടെ ആഭ്യന്തര വിപണിയും 42,000 കോടി രൂപയുടെ വിദേശ കച്ചവടവുമായി ലോക മരുന്നുവിപണിമൂല്യത്തിന്റെ 1.4 ശതമാനം കൈയാളുന്ന ഇന്ത്യന്‍ മരുന്നുവിപണിയില്‍ 24,000ത്തോളം കമ്പനികളുണ്ടെന്നാണ് കണക്ക്. നമ്മുടെ പേറ്റന്റ് വ്യവസ്ഥയുടെ പ്രത്യേകതമൂലം സ്വന്തമായി മരുന്നുകളൊന്നും ഗവേഷണം ചെയ്തു വികസിപ്പിക്കാത്തവര്‍ക്കും ഇന്ത്യയില്‍ മരുന്നുല്‍പ്പാദനം നടത്താം. ഇതുമൂലം വികസിതരാജ്യങ്ങളെ അപേക്ഷിച്ച് മരുന്നുവില കുറേയൊക്കെ താഴ്ന്നുനില്‍ക്കും. അത് നല്ലത്; പക്ഷേ 300ല്‍പ്പരം മരുന്നുകള്‍ക്ക് ഒരുലക്ഷത്തിനടുത്ത് ബ്രാന്‍ഡാകുമ്പോഴുണ്ടാകുന്ന അനാശാസ്യപ്രവണത എത്രമാത്രമാകുമെന്ന് ഊഹിക്കാം.

ഈ രംഗത്തുള്ളവര്‍ക്കെല്ലാം അറിയാവുന്നതും പൗരസമൂഹം അധികം തിരിച്ചറിയാത്തതുമായ അതിപ്രധാനമായൊരു സംഗതിയാണ് കൂണുപോലെ മുളച്ചുപൊങ്ങുന്ന വിതരണക്കമ്പനികളുടെ പിന്നാമ്പുറ കഥ. പേരിനു ചില തട്ടിക്കൂട്ട് കടലാസുപണികളും ഓഫീസും ഉണ്ടെങ്കില്‍ ഇന്ത്യയില്‍ ആര്‍ക്കും മരുന്നുവിതരണ കമ്പനി തുടങ്ങാമെന്ന അവസ്ഥ നിലനില്‍ക്കുന്നു. ഉദാഹരണത്തിന് ഏതൊക്കെ മരുന്നുകള്‍ നിങ്ങള്‍ ഇറക്കണമെന്ന് തീരുമാനിക്കുക. കമ്പനിക്കു പേരിടുക. മരുന്നിന്റെ ജനറിക് നാമവുമായി സാമ്യമുള്ള ബ്രാന്‍ഡ് പേരും ഇടുക. കമ്പനിയുടെ പേര് "സാന്‍ഡി" എന്നും പാരസെറ്റമോള്‍ മരുന്നിന് "സാന്‍ഡോമോള്‍"എന്നോ ഇതുപോലെ ഇല്ലാത്ത മറ്റെന്തെങ്കിലുമോ ബ്രാന്‍ഡ് പേരിട്ടുവെന്നിരിക്കട്ടെ.

പല സംസ്ഥാനങ്ങളിലും കുടില്‍വ്യവസായംപോലെയാണ് മരുന്നുനിര്‍മാണം. സ്റ്റാര്‍ച്ച്പോലുള്ള ഭക്ഷ്യയോഗ്യമായ മിശ്രിതങ്ങളില്‍ മരുന്നിന്റെ രാസകണികകളും ഭക്ഷ്യവര്‍ണങ്ങളും  ചേര്‍ത്താണ്  ഉല്‍പ്പാദനം. ആവശ്യമുള്ള മരുന്നിന്റെ അളവും പളപളപ്പുള്ള പൊതിയലും നിര്‍ദേശിച്ചാല്‍ അതുപോലെ ഉണ്ടാക്കിത്തരും. ഒരു സ്ട്രിപ്പ് പാരസെറ്റമോള്‍ നിങ്ങള്‍ 50 പൈസയ്ക്കു വാങ്ങി സ്വന്തം ബ്രാന്റ് ആക്കി വില്‍ക്കുന്നത് അഞ്ചു രൂപയ്ക്കാവും. കടയില്‍ അത് 10 രൂപയ്ക്കുവരെ വില്‍ക്കാം. എഴുതുന്നവര്‍ക്കും എടുത്തുകൊടുക്കുന്നവര്‍ക്കുമെല്ലാം കമീഷനും ആകര്‍ഷക സമ്മാനങ്ങളും വാഗ്ദാനംചെയ്താല്‍ വില്‍പ്പന ഉറപ്പ്. ചില ഡോക്ടര്‍മാരെങ്കിലും ഇത്തരം തട്ടിക്കൂട്ട് കമ്പനികളില്‍ ഓഹരിയുള്ളവരോ കമ്പനികളുമായി സഹകരിച്ച് മരുന്നുവില്‍പ്പന കൂട്ടിക്കൊടുക്കുന്നവരോ ഒക്കെയാകുമ്പോള്‍ ദുരന്തം ഇതിലും വലുതാകും.

*
ഡോ. സൂരജ് രാജന്‍ (യുസിഎല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജി, ക്വീന്‍ സ്ക്വയര്‍, ലണ്ടന്‍)

Courtesy: Deshabhimani

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക് ജനറിക് മരുന്ന് നല്‍കാനുള്ള പരിപാടി വിജയിക്കാത്തത് കഴിഞ്ഞദിവസം വാര്‍ത്തയായല്ലോ. മരുന്നു കുറിക്കുമ്പോള്‍ ബ്രാന്‍ഡ് നാമം എഴുതാന്‍പാടില്ല എന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ വ്യവസ്ഥ നേരത്തേ നിലവിലുണ്ട്. പാലിക്കപ്പെടാറില്ലെന്നുമാത്രം. ജനറിക് ആണെങ്കിലും അല്ലെങ്കിലും മരുന്നുകള്‍ കുറിക്കുന്നതുമുതല്‍ വില്‍ക്കുന്നതില്‍വരെ അശാസ്ത്രീയത ഏറെ നിലനില്‍ക്കുന്നു. ഇതേപ്പറ്റി