Wednesday, November 14, 2012

ദളിതരുടെ ദയനീയാവസ്ഥയ്ക്ക് അറുതിവേണം

തമിഴ്നാട്ടിലെ ധര്‍മപുരിയില്‍ സവര്‍ണവിഭാഗത്തില്‍പെട്ട വണ്ണിയര്‍, ദളിതരെ ആക്രമിക്കുകയും നൂറുകണക്കിന് കുടിലുകള്‍ കത്തിക്കുകയുംചെയ്ത വാര്‍ത്ത മനുഷ്യഹൃദയമുള്ള ഏതൊരാളെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചതാണ്്. സ്വാതന്ത്ര്യം ലഭിച്ച് 65 വര്‍ഷം കഴിഞ്ഞ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ഇപ്പോഴും ദളിതര്‍ക്ക് സ്വതന്ത്രമായും സൈ്വരമായും നിര്‍ഭയമായും ജീവിക്കാന്‍ കഴിയുന്നില്ലെന്നു വരുന്നത് രാജ്യത്തിനാകെ അപമാനമാണ്. തമിഴ്നാട് സര്‍ക്കാര്‍ ദളിതരുടെ കാര്യത്തില്‍ കാണിക്കുന്ന അനാസ്ഥ തികച്ചും അക്ഷന്തവ്യമാണ്. ദുരഭിമാനഹത്യ തടയാനുള്ള ജാതി പഞ്ചായത്തിന്റെ തീരുമാനം ചോദ്യം ചെയ്തതിനാണ് ദളിതരെ ആക്രമിച്ചതും കുടിലുകള്‍ കത്തിച്ചതും എന്ന് ദേശീയ പട്ടികജാതി കമീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നു. മേല്‍ജാതിക്കാരായ വണ്ണിയര്‍ സമുദായത്തിലെ പെണ്‍കുട്ടി ദളിത് സമുദായത്തിലെ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് ദളിതര്‍ ചെയ്ത "മഹാപരാധം".

തമിഴ്നാട്ടിലെ മാത്രമല്ല, രാജ്യത്താകെ പൊതുവായുള്ള അവസ്ഥയാണിത്. ജനസംഖ്യയില്‍ 16.2 ശതമാനം വരുന്ന പട്ടികജാതിക്കാര്‍ ജാതീയമായ മര്‍ദനത്തിനും മനുഷ്യാവകാശധ്വംസനത്തിനും ഇരയാകുന്നു. ഭൂമി, ശുദ്ധജലം, പൊതുറോഡുകള്‍, ഇതര സേവനങ്ങള്‍ എന്നിവയൊക്കെ നിഷേധിക്കപ്പെടേണ്ട വിഭാഗമായി ദളിതരെ കണക്കാക്കുന്ന അവസ്ഥ പ്രാകൃതമാണ്. നിയമപരമായ നിരോധനമുണ്ടായിട്ടും 10 ലക്ഷത്തിലധികം ദളിതര്‍ തോട്ടികളായി ജോലിചെയ്യാന്‍ നിര്‍ബന്ധിതരാണിന്ന്. നാത്തമിലും അണ്ണാനഗറിലും ധര്‍മപുരിയിലും വണ്ണിയരുടെ പറമ്പുവഴിയില്‍ ദളിതര്‍ നടക്കുന്നത് തടഞ്ഞതും കോടാമ്പട്ടിയിലെ ദളിത് വംശത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ സ്കൂളില്‍പോകാന്‍ വണ്ണിയരുടെ ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്നത് തടഞ്ഞതും കലാപകാരണമായി എന്നറിയുമ്പോള്‍, ഇന്ത്യയുടെ സാംസ്കാരിക ശോച്യാവസ്ഥയെക്കരുതി ലജ്ജിക്കുകയല്ലാതെ തരമില്ല. അയിത്തത്തിനും ദളിതരെ ജാതീയമായി അടിച്ചമര്‍ത്തുന്നതിനും എതിരെയുള്ള പോരാട്ടം തമിഴ്നാട്ടില്‍ സിപിഐ എം ആണ് ഏറ്റെടുത്തിട്ടുള്ളത്. കേരളത്തിന്റെ തൊട്ടടുത്തുള്ള സംസ്ഥാനത്താണ് നാം എന്നോ പറിച്ചെറിഞ്ഞ ദുരാചാരങ്ങള്‍ ഫണംവിടര്‍ത്തിയാടുന്നത് എന്നോര്‍ക്കുമ്പോള്‍, നവോത്ഥാന മൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും അതിന്റെ പിന്‍തുടര്‍ച്ച ഏറ്റെടുത്ത ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനുമുള്ള കടമ ആത്മാഭിമാനമുള്ള ഓരോ കേരളീയന്റേതുമാവുകയാണ്.

*
ദേശാഭിമാനി  മുഖപ്രസംഗം 15 നവംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...