Wednesday, November 28, 2012

തകരുന്ന കറന്‍സി മാനേജ്മെന്റ്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആഗസ്തില്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2012 മാര്‍ച്ച് അവസാനം രാജ്യത്ത് പ്രചാരത്തിലുള്ളത് 69,328 ദശലക്ഷം ബാങ്കുനോട്ടുകളാണ്. നോട്ടുകളുടെ മൊത്തം മൂല്യമാകട്ടെ 10,52,300 കോടി രൂപയും. 2011ല്‍ 64,577 ദശലക്ഷം നോട്ടുകളും 2010ല്‍ 56,595 ദശലക്ഷം നോട്ടുകളുമാണ് പ്രചാരത്തിലുണ്ടായിരുന്നത്. രണ്ടുവര്‍ഷംകൊണ്ട് വര്‍ധിച്ചത് 12,787 ദശലക്ഷം നോട്ടുകളാണ്. 1934ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് രാജ്യത്തെ കറന്‍സി മാനേജ്മെന്റ് റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാണ്. ആക്ടിന്റെ 22-ാം വകുപ്പ് പ്രകാരം രാജ്യത്ത് നോട്ടുകള്‍ പുറത്തിറക്കുന്നതിനുള്ള അധികാരം റിസര്‍വ് ബാങ്കിനുമാത്രമാണ്. രാജ്യത്ത് ആവശ്യമായ അളവില്‍ നോട്ടുകള്‍ പുറത്തിറക്കേണ്ടതും, കീറിയതും ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്തതും മുഷിഞ്ഞതുമായ നോട്ടുകള്‍ പിന്‍വലിച്ച് പരിശോധിച്ച് നശിപ്പിക്കേണ്ടതും, നാണയങ്ങള്‍ മാറ്റി പകരം നോട്ടുകളും നോട്ടുകള്‍ മാറ്റി പകരം നാണയങ്ങളും നിയമം അനുവദിക്കുന്ന അളവില്‍ നല്‍കേണ്ട ഉത്തരവാദിത്തം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാണ്. വൃത്തിയുള്ള നോട്ടുകള്‍ ഉപയോക്താവിന് ലഭിക്കുന്നത് റിസര്‍വ് ബാങ്കിന്റെ സൗജന്യമോ, സൗമനസ്യമോ മൂലമല്ല എന്നതാണ് വസ്തുത. റിസര്‍വ് ബാങ്കിന്റെ ക്ലീന്‍ നോട്ട് നയത്തിന്റെ അടിത്തറ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ 27-ാം വകുപ്പിന്മേലാണ്. ജനങ്ങള്‍ക്ക് ലഭ്യമാകുന്ന നോട്ടുകളുടെ വൃത്തി റിസര്‍വ് ബാങ്കിന്റെ കറന്‍സി മാനേജ്മെന്റിലെ കാര്യക്ഷമതയുടെ പര്യായവും. വളരെ ലളിതമെന്ന് തോന്നുമെങ്കിലും 3.29 ദശലക്ഷം കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഭൂപ്രദേശത്തെ ജനങ്ങള്‍ക്ക് ദൈനംദിന ഇടപാടുകള്‍ക്ക് ആവശ്യമായ നോട്ടുകള്‍ എത്തിച്ച് കൊടുക്കേണ്ടതും പ്രചാരയോഗ്യമല്ലാത്ത നോട്ടുകള്‍ പിന്‍വലിച്ച് അവ പരിശോധിച്ച് നിയമാനുസൃതം നശിപ്പിച്ച് പകരം നോട്ടുകള്‍ നല്‍കേണ്ടതും വളരെ സങ്കീര്‍ണവും ശ്രമകരവുമായ തുടര്‍പ്രവര്‍ത്തനമാണ്. സാമ്പത്തികവളര്‍ച്ച, പണപ്പെരുപ്പം, വിലക്കയറ്റം എന്നിവയെല്ലാം കണക്കിലെടുത്ത് സമ്പദ്ഘടനയ്ക്ക് ആവശ്യത്തിന് നോട്ടുകള്‍ രാജ്യത്താകമാനം അതതുസമയത്ത് ലഭ്യമാക്കേണ്ടത് റിസര്‍വ് ബാങ്കിന്റെ നിയമപരമായ കര്‍ത്തവ്യമാണ്. നോട്ടുകളുടെ അച്ചടി, സൂക്ഷിപ്പ്, ഗതാഗതം, വിതരണം, സുരക്ഷ എന്നീ കര്‍ത്തവ്യങ്ങള്‍ ശ്രമകരവും വൈദഗ്ധ്യം ഉയര്‍ന്ന അളവില്‍ ആവശ്യമുള്ളതുമാണ്. നോട്ടുകള്‍ അച്ചടിക്കുന്ന പ്രസുകളുടെ ക്ഷമതയും സങ്കീര്‍ണമായ മറ്റൊരു ഘടകമാണ്. നോട്ടുകളുടെ പ്രചാരദൈര്‍ഘ്യം സാധാരണ ഗതിയില്‍ ആറുമാസം മുതല്‍ രണ്ടുവര്‍ഷംവരെ എന്നാണ് കണക്കാക്കിയിട്ടുള്ളത്. ചുരുക്കത്തില്‍ രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളെല്ലാം ആറ് മാസത്തിനും രണ്ടുവര്‍ഷത്തിനും ഇടയില്‍ പ്രചാരയോഗ്യമല്ലാതായിത്തീരുന്നു. ആവശ്യാനുസരണം നോട്ടുകള്‍ വിതരണ സ്രോതസ്സുകളില്‍ക്കൂടി ഉപയോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കുകയും, പ്രചാരയോഗ്യമല്ലാത്ത നോട്ടുകള്‍ പിന്‍വലിച്ച് പകരം പുതിയവ പ്രചാരത്തിലിറക്കേണ്ടതും അനുസ്യുതമായി തുടരേണ്ട പ്രവര്‍ത്തനമാണ്. തടസ്സമുണ്ടായാല്‍ പ്രചാരത്തിലുള്ള നോട്ടുകളുടെ വൃത്തി ക്രമേണ കുറയും. മുഷിഞ്ഞതും, കീറിയതുമായ നോട്ടുകള്‍കൊണ്ട് മാര്‍ക്കറ്റ് നിറയും. പുതിയ നോട്ടുകള്‍ പ്രചാരത്തിലിറക്കുകയും ആനുപാതികമായി പഴയതും പ്രചാരയോഗ്യമല്ലാത്തതുമായ നോട്ടുകള്‍ പിന്‍വലിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനത്തിനുണ്ടാകുന്ന തടസ്സം പ്രചാരത്തിലുള്ള നോട്ടുകളുടെ വൃത്തിയെയും വെടിപ്പിനെയും പ്രതികൂലമായി ബാധിക്കും.

ഇന്നത്തെ നിലയില്‍ 35,000 ദശലക്ഷം നോട്ടുകള്‍ 2011- 12 ല്‍ പുറത്തിറക്കേണ്ടിയിരുന്നു. പുറത്തിറക്കിയതാകട്ടെ, 17,800 ദശലക്ഷം നോട്ടുകളും. 2012- 13 ല്‍ 38,000 ദശലക്ഷം നോട്ടുകള്‍ പുറത്തിറക്കേണ്ടിവരും. 2011- 12 ല്‍ പിന്‍വലിച്ചത് 13,773 ദശലക്ഷം നോട്ടുകളാണ്. പിന്‍വലിക്കേണ്ടിയിരുന്നത് 28,000 ദശലക്ഷമായിരുന്നു. ഈ ചേര്‍ച്ചയില്ലായ്മ ഇനി തുടര്‍ന്നാല്‍ വൃത്തിയുള്ളനോട്ടുകള്‍ പ്രചാരത്തില്‍ കുറയുകയും വൃത്തിഹീനമായ നോട്ടുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയുംചെയ്യും. കറന്‍സി മാനേജ്മെന്റിന്റെ തകര്‍ച്ചയുടെ ആക്കം കൂട്ടുന്ന വിധത്തിലാണ് രാജ്യത്ത് കള്ളനോട്ടുകള്‍ പെരുകുന്നത് എന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ കാണാന്‍ കഴിയും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ട്് പ്രകാരം 2011 ഏപ്രില്‍മുതല്‍ 2012 മാര്‍ച്ച് 31 വരെ കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകളുടെ എണ്ണം 5,21,155 ആണ്. റിസര്‍വ് ബാങ്കിന്റെ 20 ഇഷ്യൂ ഓഫീസുകളിലും രാജ്യത്തെ ബാങ്ക് ശാഖകളിലുംമാത്രം കണ്ടുപിടിക്കപ്പെട്ട കള്ളനോട്ടുകളാണ് ഇവയത്രയും. പൊലീസും മറ്റ് അന്വേഷണ ഏജന്‍സികളും കണ്ടുപിടിച്ച കള്ളനോട്ടുകളുടെ എണ്ണം ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പരിശോധിക്കുന്ന നോട്ടുകളില്‍ ഉണ്ടാകാവുന്ന കള്ളനോട്ടുകളുടെ സഹന പരിധി (ടോളറന്‍സ് ലെവല്‍) പൂജ്യം ആയിരിക്കണം എന്നതാണ് റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപിത നയം. അതായത്, പരിശോധിക്കുന്ന നോട്ടുകളില്‍ കള്ളനോട്ട് ഇല്ലാതിരിക്കണം എന്ന്. ഈ നയം പ്രാബല്യത്തിലായ സാഹചര്യത്തിലാണ് കള്ളനോട്ടുകളുടെ തുടര്‍ച്ചയായ വന്‍ വര്‍ധന. റിസര്‍വ് ബാങ്കിലും ബാങ്ക് ശാഖകളിലും പരിശോധനയില്‍ കണ്ടുപിടിക്കപ്പെടുന്ന കള്ളനോട്ടുകള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ എപ്പോള്‍ കടന്നു എന്നോ അവ എത്ര തവണ കൈമാറ്റം ചെയ്യപ്പെട്ടു എന്നോ തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് അവ സമ്പദ്ഘടനയില്‍ ഏല്‍പ്പിച്ചിട്ടുള്ള ആഘാതം കണക്കാക്കുന്നതുപോലും ശ്രമകരമാണ്. കണ്ടുപിടിക്കപ്പെടുന്ന കള്ളനോട്ടുകളുടെ ഈ വന്‍ വര്‍ധന തുടങ്ങുന്നത് 1999 ന് ശേഷമാണ്. 100ന്റെയും 500ന്റെയും നോട്ടുകള്‍ വിദേശത്ത് അച്ചടിച്ച് ഇന്ത്യയില്‍ ഇറക്കുമതിചെയ്തത് 1998 മുതലാണ്. നോട്ടുകള്‍ വിദേശത്ത് അച്ചടിച്ചതിനുശേഷമാണ് കള്ളനോട്ടുവ്യാപനത്തിലുണ്ടായ വന്‍ വര്‍ധന. ദേശീയ അതിര്‍ത്തി കടന്ന് കള്ളനോട്ടുകള്‍ വ്യാപകമായി നമ്മുടെ രാജ്യത്തെത്തുന്നു എന്ന വസ്തുത ദേശീയ അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചുകഴിഞ്ഞ ദേശീയ സുരക്ഷ പ്രശ്നവുമാണ്. 1949 ലെ ബാങ്കിങ് റഗുലേഷന്‍ ആക്ടിന്റെ 35 എ വകുപ്പ് പ്രകാരം റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് രാജ്യത്തെ ബാങ്കുകള്‍ അവയിലെത്തുന്ന ഉയര്‍ന്ന മൂല്യശ്രേണിയിലുള്ള നോട്ടുകളില്‍ കള്ളനോട്ട് ഇല്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിമാത്രമേ വീണ്ടും പ്രചാരത്തിലേക്ക് നല്‍കാവൂ. ഇപ്രകാരം നോട്ടുകള്‍ പരിശോധിക്കുന്നതിന് രാജ്യത്താകമാനം ബാങ്ക് ബ്രാഞ്ചുകളില്‍ 10,394 നോട്ട് പരിശോധനായന്ത്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാണ് എന്നാണ് വാര്‍ഷിക റിപ്പോര്‍ട്ടിലുള്ളത്. നോട്ടുകളുടെ അനിയന്ത്രിതമായ വളര്‍ച്ചയും, കള്ളനോട്ടുകള്‍ ക്രമാതീതമായി പെരുകുന്നതും രാജ്യത്തെ കറന്‍സിമാനേജ്മെന്റ് സംവിധാനത്തെ ആകെ തകര്‍ച്ചയിലേക്ക് നയിക്കാതിരിക്കാന്‍ അടിയന്തര ശ്രദ്ധയും സത്വര നടപടികളും അനിവാര്യമാക്കുന്നു. നോട്ടുകളുടെ വ്യാപ്തി, അച്ചടി, വിതരണം, സൂക്ഷിപ്പ്, നോട്ടുഗതാഗതം, സുരക്ഷ എന്നിവയ്ക്കുള്ള എല്ലാ സംവിധാനങ്ങളും പുനഃപരിശോധിക്കപ്പെടണം.

പ്രചാരയോഗ്യമല്ലാത്ത നോട്ടുകള്‍ പിന്‍വലിച്ച് റിസര്‍വ് ബാങ്കില്‍ എത്തിച്ച് അവയെല്ലാം പരിശോധിച്ച് നശിപ്പിക്കുന്ന സംവിധാനം വിപുലപ്പെടുത്തണം. പരിശോധനാ സംവിധാനം കുറ്റമറ്റതാക്കി എല്ലാ നോട്ടുകളും അവസാന ഓഡിറ്റില്‍ റിസര്‍വ് ബാങ്കിന്റെ യന്ത്രസംവിധാനത്തിലെങ്കിലും പരിശോധിക്കപ്പെടണം. നോട്ടുകള്‍ സാധാരണക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. അത്യാധുനിക സാങ്കേതികവിദ്യ നല്‍കിയ മറ്റ് സൗകര്യങ്ങളെല്ലാം സ്വായത്തമായിട്ടും ദൈനംദിന പണം ഇടപാടുകള്‍ക്ക് നോട്ടുകളോടു തന്നെ ആഭിമുഖ്യം പുലര്‍ത്തുന്ന ഇന്ത്യയിലെ സാധാരണക്കാരുടെ കൈവശം ദിവസേന വന്നുചേരുന്ന വൃത്തിഹീനമായ നോട്ടുകളും കള്ളനോട്ടുകളും പൗരനുമുന്നില്‍ റിസര്‍വ് ബാങ്ക് എന്ന മഹദ്സ്ഥാപനത്തിന്റെ മുഖം വികൃതമാക്കും

*
ടി കെ തങ്കച്ചന്‍ (ആള്‍ ഇന്ത്യാ റിസര്‍വ് ബാങ്ക് എംപ്ളോയീസ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ആണ് ലേഖകന്‍)

അധികവായനയ്ക്ക്

കള്ളനോട്ട് വ്യാപനം അവഗണിക്കാവുന്നതോ; അപകടകരമോ?

കള്ളനോട്ട് - റിസർവ് ബാങ്ക് കറന്‍സി പരിശോധന സമഗ്രമാക്കണം

മൂന്നുമാസം കൊണ്ട് റിസര്‍വ് ബാങ്കിലെത്തിയത് ഒന്നേകാല്‍ ലക്ഷത്തിന്റെ കള്ളനോട്ട് : മാതൃഭൂമി വാര്‍ത്ത

1 comment:

വര്‍ക്കേഴ്സ് ഫോറം said...

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആഗസ്തില്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2012 മാര്‍ച്ച് അവസാനം രാജ്യത്ത് പ്രചാരത്തിലുള്ളത് 69,328 ദശലക്ഷം ബാങ്കുനോട്ടുകളാണ്. നോട്ടുകളുടെ മൊത്തം മൂല്യമാകട്ടെ 10,52,300 കോടി രൂപയും. 2011ല്‍ 64,577 ദശലക്ഷം നോട്ടുകളും 2010ല്‍ 56,595 ദശലക്ഷം നോട്ടുകളുമാണ് പ്രചാരത്തിലുണ്ടായിരുന്നത്. രണ്ടുവര്‍ഷംകൊണ്ട് വര്‍ധിച്ചത് 12,787 ദശലക്ഷം നോട്ടുകളാണ്.