Thursday, May 8, 2014

ബംഗാളും അസമും നല്‍കുന്ന പാഠം

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് മെയ് 12ന് നടക്കാനിരിക്കെ അസ്വസ്ഥതയുളവാക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. ബിജെപിയും ആര്‍എസ്എസും ബോധപൂര്‍വം ഉയര്‍ത്തിവിട്ട വര്‍ഗീയപ്രചാരണത്തിലൂടെ വര്‍ഗീയച്ചൂട് ദിനംപ്രതി വര്‍ധിക്കുകയാണ്. പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലും ബിഹാറിലും. തീവ്ര ഹിന്ദുത്വശക്തികള്‍ക്കുവേണ്ടി കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ബോംബുസ്ഫോടനങ്ങള്‍ ആസൂത്രണംചെയ്ത ഇന്ദ്രേഷ്കുമാര്‍ അടുത്തിടെ നല്‍കിയ മുഖാമുഖത്തില്‍ പറഞ്ഞത് ഉത്തര്‍പ്രദേശില്‍ ബിജെപിക്കുവേണ്ടി പ്രചാരണം നടത്തുന്നത് ആര്‍എസ്എസ് കേഡര്‍മാരാണെന്നാണ്. തുറന്ന ന്യൂനപക്ഷവിരുദ്ധതയും ഹിന്ദു ഏകീകരണത്തിനുള്ള ആഹ്വാനവും നിറഞ്ഞതാണ് ഈ പ്രചാരണം.

നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പു മുദ്രാവാക്യം "വികസനവും സദ്ഭരണ"വുമാണെന്ന് കോര്‍പറേറ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുമ്പോഴും മോഡി ഊന്നുന്നത് ആര്‍എസ്എസിന്റെ മുസ്ലിംവിരുദ്ധ കാഴ്ചപ്പാടില്‍ത്തന്നെയാണ്. ബിഹാറിലും മറ്റു പ്രദേശങ്ങളിലും മോഡി പറഞ്ഞത് യുപിഎ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ച "പിങ്ക് വിപ്ലവ"ത്തെക്കുറിച്ചാണ്. പോത്തിറച്ചി കയറ്റുമതിയെ ബീഫ് കയറ്റുമതിയായി ചിത്രീകരിച്ച് ആര്‍എസ്എസിന്റെ ഇഷ്ടയിനമായ ഗോവധനിരോധനത്തെക്കുറിച്ച് മോഡി സംസാരിച്ചു. തന്റെ രാഷ്ട്രീയ വാചാടോപത്തെ താങ്ങിനിര്‍ത്തുന്നതിന് ശ്രീരാമന്റെയും ശിവന്റെയും ഒക്കെ പേരില്‍ ഉത്തര്‍പ്രദേശില്‍ അഭ്യര്‍ഥന നടത്തുകയുംചെയ്തു മോഡി. പശ്ചിമബംഗാളിലും അസമിലും "ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തെ"ക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. മെയ് 16ന് ശേഷം ഈ നുഴഞ്ഞുകയറ്റക്കാര്‍ ബാഗുമെടുത്ത് ബംഗ്ലാദേശിലേക്ക് പോകേണ്ടിവരുമെന്നും പ്രഖ്യാപിച്ചു.

ബംഗാളി മുസ്ലിങ്ങളുടെ കൂട്ടക്കൊല

ബംഗാളി മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ചുള്ള പ്രചാരണത്തിന്റെ പരിണതഫലമാണ് അസമില്‍ കണ്ടത്. ആരെയും ഞെട്ടിക്കുംവിധം ബോഡോ തീവ്രവാദികള്‍ 38 പേരെയാണ് കൂട്ടക്കൊലചെയ്തത്. ബംഗാളി മുസ്ലിങ്ങളായ സ്ത്രീകളും കുട്ടികളുമായിരുന്നു പ്രധാന ഇര. ഏപ്രില്‍ 24ന് തെരഞ്ഞെടുപ്പ് നടന്ന ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ ഏരിയയിലായിരുന്നു ആക്രമണം. രണ്ടുവര്‍ഷംമുമ്പ് ഇതേ മേഖലയില്‍ത്തന്നെയാണ് "വംശീയ ശുദ്ധീകരണ"ത്തിന്റെ ഭാഗമായി നൂറിലധികംപേരെ കൊലപ്പെടുത്തിയത്. കലാപത്തിന്റെ ഇരകളെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ച് ആ സമയത്തും കടുത്ത വര്‍ഗീയപ്രചാരണമാണ് ബിജെപിയും ആര്‍എസ്എസും നടത്തിയത്. മുസ്ലിംസംഘടനകളുടെ പ്രതിഷേധത്തെ മറികടക്കാന്‍ വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും 2012 ആഗസ്തില്‍ ബന്ദുപോലും നടത്തി. "ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍"ക്കെതിരെ വീണ്ടും പ്രചാരണം ആരംഭിച്ചതോടെയാണ് ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങള്‍ക്കെതിരെ ബോഡോ തീവ്രവാദികള്‍ അക്രമം ആരംഭിച്ചത്. ബിജെപി നേതൃത്വത്തിലുള്ള കൂട്ടുകെട്ട് അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ മതസൗഹാര്‍ദത്തിനും ജനങ്ങളുടെ ഐക്യത്തിനും എന്താണ് സംഭവിക്കുക എന്നതിന്റെ ഭയാനകമായ മുന്നറിയിപ്പാണ് അസമിലെ കൂട്ടക്കൊല.

പശ്ചിമ ബംഗാളിലെ ഫാസിസ്റ്റ് ആക്രമണം

മറ്റൊരു പ്രധാന സംഭവവികാസം, സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെ പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടാനുള്ള തൃണമൂല്‍കോണ്‍ഗ്രസിന്റെ ഫാസിസ്റ്റ് ശ്രമങ്ങളാണ്. ബംഗാളിലെ ഒമ്പതു മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്നാംഘട്ടത്തില്‍ പോളിങ് ബൂത്തുകളില്‍ വ്യാപകമായ കൃത്രിമം നടന്നു. വോട്ടര്‍മാര്‍ക്കെതിരെ ഭീഷണിയും അക്രമവും ഉണ്ടായി. 1300 ബൂത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച തൃണമൂല്‍ ഗുണ്ടകള്‍ വോട്ടെുപ്പിനെ അവിഹിതമായി സ്വാധീനിച്ചു. ബംഗാളി മാധ്യമങ്ങള്‍ ഇത്തരം ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു. എന്നാല്‍, ഇത്തരം ഭീഷണികള്‍ക്കും ഭയപ്പെടുത്തലുകള്‍ക്കും വഴങ്ങാതെ പതിനായിരക്കണക്കിന് വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ജനാധിപത്യാവകാശം വിനിയോഗിക്കാന്‍ ശഠിച്ച പലരും ആക്രമണത്തിന് വിധേയരായി. നിരവധിപേര്‍ക്ക് പരിക്കേറ്റു.

ആധിപത്യം നിലനിര്‍ത്തുന്നതില്‍ ആശയറ്റ തൃണമൂല്‍കോണ്‍ഗ്രസ് ഇത്തരം ശ്രമങ്ങള്‍ നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പു കമീഷന്‍ ചുമതലപ്പെടുത്തിയ ചില ഉദ്യോഗസ്ഥര്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് കൂട്ടുനിന്നതും ചില കേസുകളില്‍ അധികൃതര്‍ കാട്ടിയ നിസ്സംഗതയും അത്ഭുതപ്പെടുത്തുന്നതാണ്. എല്ലാ തെളിവും മാധ്യമറിപ്പോര്‍ട്ടുകളും അവഗണിച്ച് തെരഞ്ഞെടുപ്പിന് നിയോഗിച്ച ഒരു പ്രത്യേക നിരീക്ഷകന്‍ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് നീതിപൂര്‍വകമാണെന്നും പരാതികള്‍ അടിസ്ഥാനരഹിതമാണെന്നുമാണ്. ഇതില്‍ ഇടപെട്ട് റീപോളിങ്ങിന് ഉത്തരവിടുന്നതില്‍ തെരഞ്ഞെടുപ്പു കമീഷന്‍ കാണിച്ച കഴിവില്ലായ്മ ഞെട്ടിക്കുന്നതും വേദനാജനകവുമാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന് അനിവാര്യമായ ഒരു സ്ഥാപനത്തിന്റെ വിശ്വാസ്യതയെയും ആര്‍ജവത്തെയും ഇത് ദോഷകരമായി ബാധിക്കും. സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റിലും പോളിങ് നടക്കുന്ന അടുത്ത രണ്ടുഘട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടായിസത്തെയും ഭീഷണിയെയും തള്ളി പശ്ചിമബംഗാളിലെ ജനങ്ങള്‍ അവരുടെ അവകാശം വിനിയോഗിക്കുകതന്നെചെയ്യും. ജനാധിപത്യ സംരക്ഷണത്തിനും അവകാശസംരക്ഷണത്തിനുമായി പൊരുതുന്ന ജനങ്ങള്‍ക്കൊപ്പമായിരിക്കും സിപിഐ എമ്മും ഇടതുപക്ഷവും. പശ്ചിമബംഗാളിലെ ജനാധിപത്യ സംവിധാനത്തിനെതിരെയുള്ള ആക്രമണം ഇടതുപക്ഷത്തെ അടിച്ചമര്‍ത്തുക ലക്ഷ്യമാക്കിയുള്ളതാണ്. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ശക്തമായ തിരിച്ചുവരവ് ജനകീയസമരങ്ങള്‍ക്ക് തുടക്കമാകുമെന്ന് തൃണമൂല്‍കോണ്‍ഗ്രസിനും പിന്തിരിപ്പന്‍ശക്തികള്‍ക്കും നന്നായി അറിയാം. തൃണമൂലിന്റെ ഭരണത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ ശ്വാസംമുട്ടുകയാണുതാനും.

നിഴല്‍യുദ്ധം

നിലവില്‍ ബിജെപിയും തൃണമൂല്‍കോണ്‍ഗ്രസും ഒരു നിഴല്‍യുദ്ധത്തിലാണ്. തങ്ങളുടെ അടിത്തറ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ ഭൂരിപക്ഷ സമുദായങ്ങളിലെ മത-വര്‍ഗീയ നേതാക്കളെ പ്രോത്സാഹിപ്പിക്കുന്ന വര്‍ഗീയരാഷ്ട്രീയമാണ് തൃണമൂല്‍കോണ്‍ഗ്രസ് പിന്തുടരുന്നത്. ഈ മത്സരാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മറുവശത്താണ് ബിജെപി. ന്യൂനപക്ഷസമുദായത്തെ പ്രീണിപ്പിക്കുകയാണ് മമത ബാനര്‍ജിയും തൃണമൂല്‍കോണ്‍ഗ്രസും ചെയ്യുന്നതെന്ന് ബിജെപി പറയുന്നു. മമത ബാനര്‍ജിയെ വിമര്‍ശിക്കുമ്പോള്‍ത്തന്നെ അവരുടെ പിന്തുണയാകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ് ബിജെപിയുടെ നയമെന്ന് രാജ്നാഥ്സിങ്ങിന്റെയും മോഡിയുടെയും പ്രസംഗങ്ങള്‍ വ്യക്തമാക്കുന്നു.

മുന്‍ സഖ്യകക്ഷിയായ തൃണമൂല്‍കോണ്‍ഗ്രസിന് ബിജെപി നല്‍കുന്ന സന്ദേശം വ്യക്തമാണ്. തെരഞ്ഞെടുപ്പിനുശേഷം ഞങ്ങള്‍ക്കൊപ്പം ചേരുക എന്നതാണ് ആ സന്ദേശം. തെരഞ്ഞെടുപ്പിനുശേഷം ജനങ്ങളുടെ രണ്ട് കൈവശവും രസഗുളയുണ്ടാകുമെന്ന മോഡിയുടെ പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്. ബിജെപിക്കും അവരുടെ തീവ്രഹിന്ദുത്വ അജന്‍ഡയ്ക്കുമെതിരെ രാജ്യമൊട്ടാകെയുള്ള പോരാട്ടവും പശ്ചിമബംഗാളില്‍ ഇടതുപക്ഷവും ജനാധിപത്യശക്തികളും നടത്തുന്ന പോരാട്ടവും പരസ്പരബന്ധിതമാണ്. ദേശീയതലത്തില്‍ ബിജെപിയെ തോല്‍പ്പിക്കേണ്ടത് അനിവാര്യമാണ്; അതുപോലെ, കമ്യൂണിസ്റ്റ് വിരുദ്ധ പിന്തിരിപ്പന്‍ശക്തിയായ തൃണമൂല്‍കോണ്‍ഗ്രസിനെ പശ്ചിമബംഗാളിലും.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി

No comments: