Saturday, May 10, 2014

ഒരു ഇന്ത്യന്‍ ചുഴലിദീനക്കാരന്റെ പ്രാര്‍ഥന

വില്ലനും കോമാളിക്കുമിടയില്‍ ദയനീയമായൊടുങ്ങുമെങ്കിലും
ഇന്ത്യന്‍ ജനാധിപത്യമെന്ന ഈ തമാശനാടകം
പുലരുംവരെയിരുന്ന് ഞാന്‍ കണ്ടുതീര്‍ക്കും...
ഇടയ്ക്കുകയറി
ഇടപെട്ടേക്കാവുന്ന കാണികളെ
മയക്കിക്കിടത്താനുള്ള അജ്ഞാതനായ സംവിധായകന്റെ
എല്ലാ ശ്രമങ്ങളേയും അതിജീവിക്കേണ്ടതുണ്ട്.

ഓര്‍മകളെ ഇല്ലാതാക്കുന്ന തമാശകള്‍
ഇടയ്ക്കു വിളമ്പുന്ന വിഷമിഠായികള്‍
ഭാരങ്ങളെ ഇക്കിളിയാക്കുന്ന കണ്‍കെട്ടുവിദ്യകള്‍
മന്ദഹാസങ്ങളെ ചോര്‍ത്തിയെടുക്കുന്നത്
വികസനമെന്ന് വിളിച്ചുപറയിക്കുന്ന ഭ്രാന്തിന്റെ
വിത്തുകള്‍ വിശപ്പിനേക്കാള്‍ വലിയ ആഭിജാത്യക്കണ്ണടകള്‍
ബലേ ഭേഷ് ബലേ ഭേഷ് എന്നു തലകുലുക്കുമ്പോള്‍
കാണികളുടെ പൊട്ടിയ കണ്ണുകള്‍
രണ്ടുപേരുടെ പെട്ടിയിലും സമാസമം വീഴുന്നു...
പിന്നെയും പിന്നെയും വിഷം തീറ്റിക്കാന്‍ നടന്മാര്‍ക്ക്
മാറിമാറി അവസരം ലഭിക്കുന്ന ഈ നാടകം അവസാനിപ്പിക്കാന്‍
എവിടെനിന്നെങ്കിലും ഒരു പൊടിക്കാറ്റു
വരുമെന്ന് വെറുതെ സ്വപ്നംകാണാന്‍ തോന്നുന്നു...

നൂറ്റാണ്ടുകളിലൂടെ കാളകളെ തെളിച്ചുനടക്കുന്ന
ആ ചുക്കിച്ചുളിഞ്ഞ മനുഷ്യരെങ്കിലും മുന്‍വിധികളെ
തകര്‍ക്കാന്‍ എന്തെങ്കിലും കരുതിവച്ചിട്ടുണ്ടാകും
രഹസ്യത്തിന്റെ വിത്തുകള്‍കൊണ്ട്
യുദ്ധങ്ങളെ തുന്നിച്ചേര്‍ത്തവരുടെ കൈയില്‍
മറവിക്കുള്ള ഒറ്റമൂലികളുണ്ടാകണം...
കാണികള്‍ക്കും അവസരങ്ങളുള്ള ഈ നാടകത്തില്‍
ഉരുവിട്ടു പഠിച്ച വാക്കുകള്‍ക്കപ്പുറം എന്തെങ്കിലും പറയാന്‍
മയക്കുവെടിയേറ്റ നഗരത്തിന് സാധിക്കുമെന്ന് തോന്നുന്നില്ല...
കാരണം, കലാപങ്ങളും ഉത്സവങ്ങളും തമ്മിലുള്ള വ്യത്യാസം
മനസ്സിലാകാത്തവരെയാണ്
ഇന്ത്യയില്‍ നാഗരികര്‍ എന്നു വിളിക്കുന്നത്...
അല്ലെങ്കില്‍ എന്റെയുള്ളില്‍നിന്ന്,
ഓരോ എന്റെയും ഉള്ളില്‍നിന്ന് ഒരു ചുഴലി പുറപ്പെടണം....!

*
വി അബ്ദുള്‍ ലത്തീഫ്

No comments: