Thursday, November 18, 2010

സച്ചിദാനന്ദന്

കെ.ജി. ശങ്കരപ്പിള്ള എഴുതിയ കവിത

എന്റെ കൈ കൊണ്ട് നട്ട വാഴ കുലച്ചത്
വിളയാറായത് വിട്ട്
ജനിച്ച വീടു വിട്ട്
നാടു വിട്ട്
പോണ്ടാ പോണ്ടാ ന്ന
വിലക്കുകള്‍ വിട്ട്
അമൃതിന്റെ പൌരാണിക അകിടുകള്‍ വിട്ട്
തിരുത്തല്‍വാദ/തീവ്രവാദ
വീരവാദങ്ങള്‍ വിട്ട്
മുപ്പത്തിമുക്കോടി നേതാക്കളെ വിട്ട്
നീറിച്ചുഴിയും ടെന്‍ഷന്‍ വിട്ട്
പുതിയ കൂട്ടുകൂടി ഞാന്‍
ബുദ്ധനിലേക്ക് പുറപ്പെട്ടു.

2

നാല്‍ക്കൂട്ടപ്പെരുവഴിയില്‍
കടംകഥയുമായി വന്നു
ഈഡിപ്പസിനെ ഇന്റര്‍വ്യൂ ചെയ്‌ത
അതേ സ്‌ഫിങ്ക്സ്:
"കടംകഥയുടെ ഉത്തരം നീ പറയും;
അത് ചോദിക്കുന്നില്ല.
സത്യം പറ.
രാജാവിനെ കൊല്ലാനല്ലേ
അധികാരം കൊയ്യാനല്ലേ
രാജ്ഞിയെ കെട്ടാനല്ലേ
നിന്റെ വരവ് ?
നക്‌സലല്ലേ ഡാ നീയ്യ് ?
സത്യം പറ.''
"അധികാരം അരിവാള്‍ കൊണ്ട്
കൊയ്യാനാവാത്ത ലോഹവിളയാക്കി
അടിയന്തരാവസ്ഥ.
ഉന്മൂലനമാര്‍ഗം ഞങ്ങളന്നേ വിട്ടു
ഹിംസയുടെ രാഷ്‌ട്രീയമേ വിട്ടു
ഇനി വരും കാലം ബുദ്ധന്‍ ശരണം
പ്രകൃതി ശരണം
ദൈവത്തേക്കാള്‍ സര്‍വവ്യാപിയായ
ബോധം ശരണം.
കാറ്റിനേക്കാള്‍ നല്‍കുന്നവരെത്തിരയും
ഭിക്ഷു ശരണം.
മഴയേക്കാള്‍ ദാഹികളെത്തിരയും
കരുണ ശരണം.
കരുണയേ നീതി.
അഭിവന്ദ്യ കമ്മീഷണര്‍ സ്‌ഫിങ്ക്സേ,
എമിഗ്രേഷന്‍ അധിപരേ,
വിട്ടയയ്‌ക്കേണമേ ഞങ്ങളെ
ഞങ്ങടെ ബുദ്ധനിലേക്ക്.''
"ബുദ്ധനിലേക്ക് വഴിയില്ല.''
"അറിയാം,
തീവണ്ടി ഗയയിലേക്കുണ്ട്
ബുദ്ധനിലേക്കില്ല.
കപ്പല്‍
കൊളംബോയിലേക്കുണ്ട്
ബുദ്ധനിലേക്കില്ല.
വിമാനം
ബീജിംഗിലേക്കുണ്ട്
ബുദ്ധനിലേക്കില്ല.
റോപ്‌കാര്‍
പോലിനിലേക്കുണ്ട് *
ബുദ്ധനിലേക്കില്ല.
വാഹനമില്ല
വഴികളേയുള്ളൂ
ബുദ്ധനിലേക്ക്;
മനസ്സിലേക്കും.''

3

സ്‌ഫിങ്ക്സിനെ
ഇടയ്‌ക്കൊന്ന് മുടങ്ങും
ഹൃദയമിടിപ്പിനെ,
വളരാന്‍ മണ്ണ് തേടിയലയും നീതിയെ,
സ്വന്തം ചാരത്തില്‍ നി-
ന്നുയിര്‍ത്തെണീക്കും പ്രണയത്തെ
എതിര്‍ജപമെരിയും ഭക്തിയെ
പഴയ ജനാലയ്‌ക്കല്‍ വന്ന്
പൊട്ടിച്ചിരിച്ച് ഞെട്ടിക്കും ഭ്രാന്തിയെ
മണ്ണാങ്കട്ടേ നീ മണ്ണാകുന്നു എ-
ന്നവസാനിപ്പിക്കും പെരുമഴയെ
ഗ്രാമവിധവ തല മൂടിയ ഇലയില്‍
പേമഴ മുഴക്കും സഹനത്തെ
ഇലകളില്‍ തുള്ളും
മഞ്ഞിന്‍ തുള്ളികളുടെ
കുഞ്ഞിച്ചിലങ്കയെ
മനസ്സില്‍
ഭൂമി കൊട്ടും കാലങ്ങളെ
കേട്ടു കേട്ട്
ഈ നേരമെല്ലാം നിന്റെ കവിതയിലിരുന്ന
കാട്ടുകിളി വിളിച്ചു:
"പോരൂ ബുദ്ധനിലേക്ക്,
നടന്നു നടന്ന്.
ഓരോ വഴിയില്ലായ്‌മയിലും
തെളിഞ്ഞു വരും
ഒരുപാട് വഴികള്‍, നാം
നടന്നു തുടങ്ങിയാല്‍.
കൂടിനും കൂരമ്പിനുമിടയിലാണ്
ഏത് കുയിലിനും ആകാശം.
മധ്യേയങ്ങനെ വിരിയും വഴിയേ
പോവുകയൊന്നേ ജീവിക്കല്‍.
പോരൂ
അവരവരിലെ ബുദ്ധനിലേക്ക്.
മനസ്സ് തുഴഞ്ഞ്.
ബുദ്ധനിലേക്ക് നീളും വഴിയില്‍
പൊള്ളിയുദിക്കും

ബുദ്ധനെയറിയും കഥകള്‍.
കഥയിലുദിക്കും
മുക്തിപ്പൊരുളുകള്‍.
കൂടെക്കൂട്ടാ-
മവയെ.
ലാപ്‌ടോപ്പിന്റെ
കീബോഡ് പോലവ
ഒരോ ഫെദര്‍ടച്ചിലും തുറന്ന് കാണിക്കും
അജന്ത എല്ലോറ ഭാവി ഗുഹകളും
തീരാത്ത സ്വത്വ/സൈബര്‍ഗുഹകളും
അവയിലെ അനന്തബുദ്ധന്മാരെയും.
അവയുടെയെല്ലാം വെളിയില്‍
നാം നട്ട വാഴ കുലച്ചത്
നമുക്കായി വിളയുന്നതും.''

*
കെ.ജി. ശങ്കരപ്പിള്ള
36/2572, വാരിയം ലെയിന്‍
തൃശ്ശൂര്‍ - 1

കടപ്പാട്: ഗ്രന്ഥാലോകം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കെ.ജി. ശങ്കരപ്പിള്ള എഴുതിയ കവിത