Sunday, February 28, 2010

ഉദാരവല്‍ക്കരണത്തിന്റെ പുതിയ ഘട്ടം

ക്ഷമകെടുത്തുന്നതും ശ്രദ്ധതിരിച്ചുവിടാനായി അപ്രധാന വിശദാംശങ്ങള്‍പോലും ഉള്‍പ്പെടുത്തിയ പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി അവകാശപ്പെട്ടത് വളര്‍ച്ച ലക്ഷ്യമാക്കിയുള്ളതും എന്നാല്‍ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതുമായ ബജറ്റാണ് അവതരിപ്പിക്കുന്നത് എന്നാണ്. നവഉദാരവല്‍ക്കരണത്തിന്റെ പുതിയ ഘട്ടം ഉദയം ചെയ്യുന്നതിന്റെ സൂചനയാണ് ഇതു നല്‍കുന്നത്. ഇടപെടുന്ന സര്‍ക്കാരിനു പകരം 'സാധ്യമാക്കുന്ന' സര്‍ക്കാരിലേക്കുള്ള വ്യതിയാനത്തിന് സമയമായെന്ന് സാമ്പത്തിക സര്‍വേ മുന്‍കൂട്ടി വാദിച്ചിരുന്നു. 'സ്വയം മെച്ചപ്പെടാന്‍ കഴിവില്ലാത്ത ദരിദ്രര്‍ക്കുവേണ്ടി ചില പ്രത്യേക പദ്ധതികളുമായി' മൂലധനത്തിനനുകൂലമായ, പരിമിത തോതിലുള്ള ഭരണത്തിലേക്ക് മാറണമെന്നാണ് വാദം. ഈ പ്രക്രിയയുടെ ഭാഗമായി ധനമൂലധനത്തിനു ഗുണംചെയ്യുന്ന തരത്തില്‍ ധനക്കമ്മിയും കുറയ്ക്കണമെന്നു പറയുന്നു. പക്ഷേ, ജനസംഖ്യയുടെ 40-50 ശതമാനത്തോളം ദരിദ്രരുള്ള രാജ്യത്ത് സര്‍ക്കരിന്റെ കുറഞ്ഞതോതിലുള്ള ഇടപെടലുകള്‍ക്കുപോലും ഗണ്യമായ പണം വേണമെന്നതാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. കൂടാതെ, ധനപരമായ യാഥാസ്ഥിതികത്വത്തിന്റെ ഫലമായി ഉത്തേജനപാക്കേജ് പിന്‍വലിക്കാനും ധനക്കമ്മി കുറയ്ക്കാനും സര്‍ക്കാര്‍ ആഗ്രഹിച്ചാല്‍ വരുമാനം കാര്യമായി ഉയര്‍ത്തേണ്ടിവരും.

അതിനാല്‍ രണ്ടു ചോദ്യം ഉയരുന്നു.

ചെലവുകള്‍ നിലനിര്‍ത്തുന്നതിലും കൂടുതല്‍ സമഗ്രമായ വളര്‍ച്ചയെന്ന തന്റെ ലക്ഷ്യം കൈവരിക്കുന്നതിലും ധനമന്ത്രി എത്രമാത്രം മുന്നോട്ടുപോയി? ഇതിനാവശ്യമായ വിഭവങ്ങള്‍ അദ്ദേഹം എങ്ങനെ കണ്ടെത്തും, അതിന്റെ പരിണതഫലം എന്തായിരിക്കും?

ബജറ്റിലെ മൊത്തം ചെലവ് പരിശോധിക്കാം. കേവലം 8.5 ശതമാനം മാത്രമാണ് വര്‍ധന, ഇതു നാമമാത്രമാണ്. പണപ്പെരുപ്പം പരിഗണിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ ചെലവിന്റെ കാര്യത്തില്‍ സ്തംഭനമാണ്. ശമ്പളക്കമീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയതും മാന്ദ്യം നേരിടാന്‍ ധനഉത്തേജന പാക്കേജ് കൊണ്ടുവന്നതും കാരണം 2009-10 ഗണ്യമായി ചെലവ് ഉയര്‍ന്ന സാമ്പത്തികവര്‍ഷമായിരുന്നു. അതിനാല്‍ യഥാര്‍ഥ ചെലവിന്റെ സ്തംഭനം അപര്യാപ്തമെന്ന്മാത്രം പറഞ്ഞ് അവസാനിപ്പിക്കാന്‍ കഴിയില്ല. കൂടാതെ, രണ്ടു സാമൂഹ്യ മേഖലകളിലെ-വിദ്യാഭ്യാസം, ആരോഗ്യം-കേന്ദ്ര പദ്ധതിവിഹിതവും മൊത്തം ചെലവും പരിശോധിച്ചാല്‍ (ഇവയിലേക്ക് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ശ്രദ്ധക്ഷണിച്ചിരുന്നു), ഇവ രണ്ടും വന്‍തോതില്‍ ഉയര്‍ത്തിയെന്ന പ്രതീതി സൃഷ്ടിച്ചിരിക്കുന്നു. സാക്ഷരത, സ്കൂള്‍ വിദ്യാഭ്യാസമേഖലയില്‍ മൊത്തം ചെലവ് 39,553 കോടി രൂപയില്‍നിന്ന് 47,773 കോടിയായും ഉന്നത വിദ്യാഭ്യാസമേഖലയിലെ ചെലവ് 14,376 കോടിയില്‍നിന്ന് 16,690 കോടി രൂപയായും ഉയര്‍ത്തിയിരിക്കുന്നു. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പദ്ധതിവിഹിതം 18,283 കോടിയില്‍നിന്ന് 22,230 കോടി രൂപയായും വര്‍ധിപ്പിച്ചു. പക്ഷേ, ഇതിനുള്ള പ്രധാന കാരണം ചെലവുകള്‍ പുനര്‍ക്രമീകരിച്ചതാണ്. എല്ലാ സാമൂഹ്യമേഖലകള്‍ക്കുമുള്ള പദ്ധതിയിതര ചെലവ് 35,146 കോടിയില്‍നിന്ന് 29,483 കോടിരൂപയായി വെട്ടിക്കുറച്ചു. 5,500 കോടിയില്‍പ്പരം രൂപയാണ് കുറച്ചത്.

ദരിദ്രരെയും കാര്‍ഷികമേഖലയെയും കൂടുതല്‍ ദുരിതത്തിലാക്കുന്ന തരത്തില്‍ ഭക്ഷ്യ, വളം സബ്സിഡി ആസൂത്രിതമായി കുറച്ചതും ബജറ്റ് കണക്കുകളില്‍ പ്രതിഫലിച്ചിട്ടുണ്ട്. എന്നാല്‍, മൊത്തം ചെലവില്‍ ബജറ്റ് നാമമാത്രമായ വര്‍ധന വിഭാവനചെയ്തിട്ടുള്ളത് വാസ്തവമാണ്. ആദായനികുതി സ്ളാബുകള്‍ കൂടുതല്‍ ഉദാരമാക്കിയും കമ്പനികളുടെ സര്‍ച്ചാര്‍ജ് കുറച്ചും പ്രത്യക്ഷനികുതിയില്‍ ചില സൌജന്യങ്ങള്‍ നല്‍കിയതിനൊപ്പമാണ് ഈ വര്‍ധന. എന്നിട്ടും റവന്യൂകമ്മി ആഭ്യന്തരമൊത്തം വരുമാനത്തിന്റെ 5.3 ശതമാനത്തില്‍നിന്ന് നാലു ശതമാനമായും ധനക്കമ്മി 6.7 ശതമാനത്തില്‍നിന്ന് 5.5 ശതമാനമായും കുറയുമെന്ന് ബജറ്റ് പ്രതീക്ഷിക്കുന്നു.

ഈ മാറ്റം എങ്ങനെയാണ് ധനമന്ത്രി സാധ്യമാക്കുന്നത്?

2009-10ലെ പുതുക്കിയ കണക്കും 2010-11ലെ ബജറ്റ് അടങ്കലും താരതമ്യം ചെയ്യുമ്പോള്‍ ആദായനികുതി ഇളവുകള്‍ വഴി പ്രത്യക്ഷനികുതി വരുമാനത്തില്‍ 4,400 കോടി രൂപയുടെ കുറവുണ്ടാകുമെന്നു കാണുമ്പോള്‍തന്നെ കമ്പനി നികുതി 46,255 കോടി രൂപയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കോര്‍പ്പറേറ്റ് നികുതിയുടെ സര്‍ച്ചാര്‍ജ് പത്തില്‍നിന്ന് 7.5 ശതമാനമായി കുറച്ചശേഷമാണ് ഇങ്ങനെ സംഭവിക്കുന്നത്. കമ്പനി നികുതി വരുമാനത്തിലുണ്ടാകുന്ന ഗണ്യമായ വര്‍ധന രണ്ടു രീതിയില്‍ വിശദീകരിക്കാം. ഒന്ന്, കുറഞ്ഞ ബദല്‍നികുതി 15ല്‍നിന്ന് 18 ശതമാനമായി ഉയര്‍ത്തിയതിലൂടെ കമ്പനിനികുതി വരുമാനത്തിലുണ്ടാകുന്ന വര്‍ധന. രണ്ട്, മാന്ദ്യം അതിജീവിച്ചശേഷം കമ്പനികളുടെ ലാഭത്തിലുണ്ടായ ശക്തമായ കുതിപ്പ്. പക്ഷേ, ധനമന്ത്രിയുടെ 'നേട്ടങ്ങള്‍' വിശദീകരിക്കാന്‍ കമ്പനി നികുതിയിലെ വര്‍ധനകൊണ്ടുമാത്രം കഴിയില്ല.

ബജറ്റിന്റെ മറ്റു രണ്ടു സവിശേഷതയും പ്രസക്തമാണ്. ആദ്യമായി, എല്ലാ പെട്രോളിയംഇതര ഉല്‍പ്പന്നങ്ങളുടെയും തീരുവ വര്‍ധിപ്പിച്ചും ഇറക്കുമതി തീരുവകള്‍ പുനര്‍ക്രമീകരിച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തിയും സേവന നികുതിമേഖല വ്യാപിപ്പിച്ചും ധനമന്ത്രി 70,000 കോടി രൂപയുടെ അധിക പരോക്ഷനികുതി വരുമാനം പ്രതീക്ഷിക്കുന്നു. പരോക്ഷനികുതികളെ അപേക്ഷിച്ച് പ്രത്യക്ഷനികുതികളെ കൂടുതലായി ആശ്രയിക്കുന്ന സമീപകാല പ്രവണതയില്‍നിന്നുള്ള തിരിച്ചുപോക്കാണ് ഇത്. പരോക്ഷനികുതികള്‍ പണപ്പെരുപ്പം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്, ആത്യന്തികമായി ഇതു ദരിദ്രരെയാണ് പ്രതികൂലമായി ബാധിക്കുക. ഇത് ബജറ്റ് സമഗ്രവളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന വാദത്തിനുനിരക്കുന്നതല്ല. സത്യത്തില്‍, ആഭ്യന്തരമൊത്ത വരുമാന വളര്‍ച്ച വീണ്ടെടുക്കുന്നതായി അവകാശപ്പെടുന്ന ബജറ്റ് നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നമാണ് 20 ശതമാനത്തോളമായ ഭക്ഷ്യ പണപ്പെരുപ്പം. പണപ്പെരുപ്പം സൃഷ്ടിക്കുന്ന പരോക്ഷനികുതികളെ ആശ്രയിക്കാനുള്ള തീരുമാനം വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കും, ബജറ്റിലും സാമ്പത്തികസര്‍വേയിലും പ്രഖ്യാപിച്ച സമഗ്രവളര്‍ച്ചയെന്ന ലക്ഷ്യം പാളും. ഭക്ഷ്യ, വളം സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്ന സാഹചര്യത്തില്‍ ഈ നിഗമനം കൂടുതല്‍ ശരിയാകുന്നു.

'മറ്റു പദ്ധതിയിതര വരുമാനം' എന്ന കണക്കില്‍ 2009-10ലെ പുതുക്കിയ കണക്കും 2010-2011 ലെ ബജറ്റ് അടങ്കലും തമ്മിലുള്ള വ്യത്യാസം 36,845 കോടിയില്‍നിന്ന് 75,571 കോടിയായി വര്‍ധിക്കുന്ന അസാധാരണ പ്രതിഭാസമാണ് രണ്ടാമത്തെ ശ്രദ്ധേയ കാര്യം. 'മറ്റു വിവരവിനിമയ സേവനങ്ങള്‍' എന്ന സ്രോതസ്സില്‍നിന്നാണ് ഈ വന്‍വരുമാനം. ടെലികോം സേവനദാതാക്കളില്‍നിന്നുള്ള ലൈസന്‍സ് ഫീസും സ്പെക്ട്രം ഉപയോഗത്തിനുള്ള നിരക്കുകളും ഇതില്‍പ്പെടുന്നു. 2009-10ല്‍ ഈ അക്കൌണ്ടില്‍ 48,335 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിച്ചത്, കിട്ടിയത് 13,795 കോടി മാത്രം. സ്പെക്ട്രം ലേലത്തില്‍നിന്നുള്ള വരുമാനമായി 2010-11ല്‍ 49,780 കോടി രൂപ ലഭിക്കുമെന്ന് ബജറ്റില്‍ പറയുന്നു. ഇങ്ങനെയാണ് കാര്യമെങ്കില്‍, ഇതിനെ വരുമാനമാര്‍ഗമായി കാണുന്നത് ശരിയാകില്ല. അങ്ങനെ വന്നാല്‍, റവന്യു, ധനക്കമ്മികള്‍ കുതിച്ചുയരുകയും ചെയ്യും.

അവസാനമായി, 'പലവക മൂലധന വരുമാനമായി' 2010-11ല്‍ ബജറ്റ് 40,000 കോടി രൂപ വിഭാവനചെയ്യുന്നു. ഓഹരി വിറ്റഴിക്കലും സ്വകാര്യവല്‍ക്കരണവുമാണ് ഇവിടെ അര്‍ഥമാക്കുന്നത്. 2009-10ല്‍ ഈ അക്കൌണ്ടില്‍ 26,000 കോടി രൂപ സമാഹരിച്ചതായി പറയുന്നു. ഇത്തരത്തില്‍ പൊതുസ്വത്ത് വിറ്റഴിച്ചും കടം വാങ്ങിയും സര്‍ക്കാരിന്റെ ചെലവുനടത്തുന്നത് ഭാവിയില്‍ പലിശയിനത്തിലും തിരിച്ചടവായും ഭാരിച്ച ബാധ്യതയുണ്ടാക്കും. സമഗ്രവളര്‍ച്ചയുടെ കാര്യത്തിലെന്നപോലെ സാമ്പത്തിക അച്ചടക്കം എന്ന ധനമന്ത്രിയുടെ അവകാശവാദവും ഇവിടെ പൊളിയുന്നു. ചുരുക്കത്തില്‍ പണപ്പെരുപ്പം സൃഷ്ടിക്കുന്ന നികുതിചുമത്തലും വരുമാനത്തെക്കുറിച്ചുള്ള അമിതശുഭാപ്തി വിശ്വാസവും ധനമന്ത്രിയുടെ അവകാശവാദങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കുന്നു. യഥാര്‍ഥചിത്രം വ്യക്തമാകാന്‍ അടുത്തവര്‍ഷം പുതുക്കിയ കണക്കുകള്‍ വരുംവരെ കാത്തിരിക്കേണ്ടതില്ല.

*
സി പി ചന്ദ്രശേഖര്‍ കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ക്ഷമകെടുത്തുന്നതും ശ്രദ്ധതിരിച്ചുവിടാനായി അപ്രധാന വിശദാംശങ്ങള്‍പോലും ഉള്‍പ്പെടുത്തിയ പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി അവകാശപ്പെട്ടത് വളര്‍ച്ച ലക്ഷ്യമാക്കിയുള്ളതും എന്നാല്‍ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതുമായ ബജറ്റാണ് അവതരിപ്പിക്കുന്നത് എന്നാണ്. നവഉദാരവല്‍ക്കരണത്തിന്റെ പുതിയ ഘട്ടം ഉദയം ചെയ്യുന്നതിന്റെ സൂചനയാണ് ഇതു നല്‍കുന്നത്. ഇടപെടുന്ന സര്‍ക്കാരിനു പകരം 'സാധ്യമാക്കുന്ന' സര്‍ക്കാരിലേക്കുള്ള വ്യതിയാനത്തിന് സമയമായെന്ന് സാമ്പത്തിക സര്‍വേ മുന്‍കൂട്ടി വാദിച്ചിരുന്നു. 'സ്വയം മെച്ചപ്പെടാന്‍ കഴിവില്ലാത്ത ദരിദ്രര്‍ക്കുവേണ്ടി ചില പ്രത്യേക പദ്ധതികളുമായി' മൂലധനത്തിനനുകൂലമായ, പരിമിത തോതിലുള്ള ഭരണത്തിലേക്ക് മാറണമെന്നാണ് വാദം. ഈ പ്രക്രിയയുടെ ഭാഗമായി ധനമൂലധനത്തിനു ഗുണംചെയ്യുന്ന തരത്തില്‍ ധനക്കമ്മിയും കുറയ്ക്കണമെന്നു പറയുന്നു. പക്ഷേ, ജനസംഖ്യയുടെ 40-50 ശതമാനത്തോളം ദരിദ്രരുള്ള രാജ്യത്ത് സര്‍ക്കരിന്റെ കുറഞ്ഞതോതിലുള്ള ഇടപെടലുകള്‍ക്കുപോലും ഗണ്യമായ പണം വേണമെന്നതാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. കൂടാതെ, ധനപരമായ യാഥാസ്ഥിതികത്വത്തിന്റെ ഫലമായി ഉത്തേജനപാക്കേജ് പിന്‍വലിക്കാനും ധനക്കമ്മി കുറയ്ക്കാനും സര്‍ക്കാര്‍ ആഗ്രഹിച്ചാല്‍ വരുമാനം കാര്യമായി ഉയര്‍ത്തേണ്ടിവരും.