ഇരുപതാം നൂറ്റാണ്ട് വിവര സാങ്കേതികവിദ്യയുടേതെങ്കില്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് ജനിതക സാങ്കേതികവിദ്യയുടേതാകുമെന്ന പ്രവചനം ശരിവയ്ക്കുന്ന കുതിച്ചുചാട്ടമാണ് ജൈവസാങ്കേതിക വിദ്യാമേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. മനുഷ്യജീനോം പ്രോജക്ട് പ്രതീക്ഷിച്ചതിലും നേരത്തെ 2003ല്‍ പൂര്‍ത്തിയായതോടെ രോഗനിര്‍ണയത്തിലും പ്രതിരോധത്തിലും ചികിത്സയിലുമെല്ലാം വലിയ സാധ്യതകള്‍ തുറന്നിരിക്കയാണ്. ആരോഗ്യത്തിനു പുറമെ, കൃഷി, വ്യവസായം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ഒട്ടനവധി മേഖലകളില്‍ ജനിതക സാങ്കേതികവിദ്യ സമീപഭാവിയില്‍ത്തന്നെ വന്‍ മാറ്റങ്ങള്‍ വരുത്തും. ഇതിനകം പ്രയോഗത്തിലുള്ള അത്യുല്‍പ്പാദനശേഷിയുള്ള വിത്തുകള്‍ക്കു പുറമെ കീടപ്രതിരോധശേഷിയും ഗുണമേന്മയുമുള്ള വിത്തുകള്‍ക്ക് രൂപകല്‍പ്പന നല്‍കാനും ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പന്നമികവും വര്‍ധിപ്പിക്കാനും ജനിതക സാങ്കേതികവിദ്യാരീതികള്‍ സഹായിക്കും. രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കിയുള്ള ജൈവ കാര്‍ഷികരീതികളെ ശക്തിപ്പെടുത്താന്‍ ജനിതകവിദ്യകള്‍ക്ക് കഴിയുമെന്നു കരുതപ്പെടുന്നു. എന്നാല്‍, വളരെ ശ്രദ്ധയോടെ പ്രയോഗിച്ചില്ലെങ്കില്‍ ഒട്ടനവധി പ്രതിസന്ധികള്‍ക്കും ജനിതക കാര്‍ഷികരീതികള്‍ കാരണമാകാമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജനിതക സാങ്കേതികവിദ്യയിലൂടെ രൂപകല്‍പ്പന ചെയ്യുന്ന വിത്തുകള്‍ വ്യാപകമായി ഉപയോഗിക്കുമ്പോള്‍ നമ്മുടെ തനത് നാടന്‍ വിത്തിനങ്ങള്‍ക്ക് വംശനാശം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നതാണ് പ്രധാന അപകടം. ജനിതക വൈവിധ്യം സംരക്ഷിക്കപ്പെടാതെപോയാല്‍ ഭാവിയില്‍ നമ്മുടെ ഭക്ഷ്യസുരക്ഷ അപകടത്തിലാവുകയും വിത്തുകള്‍ക്കായി അവ ഉല്‍പ്പാദിപ്പിക്കുന്ന വന്‍കിട കമ്പനികളെ പൂര്‍ണമായി ആശ്രയിക്കേണ്ടിവരികയും ചെയ്യും. ജനിതകമാറ്റങ്ങളിലൂടെ കൃഷിചെയ്യുന്ന ചെടികളില്‍നിന്ന് ജനിതക വസ്തുക്കള്‍ മറ്റു ചെടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടാനും അവയുടെ നൈസര്‍ഗികമായ ഘടന നഷ്ടപ്പെടുത്താനും സാധ്യതയുണ്ട്. ഇതിനെ ജനിതക മലനീകരണം (Genetic Pollution) എന്നാണ് വിശേഷിപ്പിക്കുക. മാത്രമല്ല, ജനിതകവിത്തിനങ്ങള്‍ ഉപയോഗിച്ച് കൃഷിചെയ്ത് ഉല്‍പ്പാദിപ്പിക്കുന്ന ഫലങ്ങളില്‍നിന്നുള്ള ചില ആഹാരപദാര്‍ഥങ്ങള്‍ (Genetically Modified Foods - GM Foods) ആരോഗ്യത്തിന് ഹാനികരമാകാമെന്നും കണ്ടെത്തയിട്ടുണ്ട്. ചില രാജ്യങ്ങളില്‍ ഇക്കാരണംകൊണ്ട് മദ്യത്തിന്റെ കാര്യത്തിലും മറ്റും ചെയ്യാറുള്ളതുപോലെ ആരോഗ്യത്തിന് ദൂഷ്യംചെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പോടെയാണ് ജനിതക ആഹാരപദാര്‍ഥങ്ങള്‍ (GM Foods) മാര്‍ക്കറ്റ് ചെയ്യാറുള്ളത്. യൂറോപ്പിയന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളില്‍ ജനിതക ഭക്ഷ്യവസ്തുക്കള്‍ നിരോധിച്ചിരിക്കുകയുമാണ്.
ഇതെല്ലാം പരിഗണിച്ച് വളരെ സൂക്ഷിച്ചും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചും ഹ്രസ്വ- ദീര്‍ഘകാല പഠനങ്ങള്‍ നടത്തി ജൈവസുരക്ഷ ഉറപ്പുവരുത്തിയിട്ടുംവേണം ജനിതക കൃഷി നടത്താന്‍. വികസിതരാജ്യങ്ങള്‍ പിന്തുടര്‍ന്നുവരുന്ന സുരക്ഷാ നിയമങ്ങള്‍ ഒട്ടും പാലിക്കാതെയാണ് ഔഷധമാര്‍ക്കറ്റിങ്ങിന്റെ കാര്യത്തിലും മറ്റും കാണുന്നതുപോലെ ലാഭക്കൊതിമൂത്ത മൊസാന്റോ, ഫൈസര്‍, ഡ്യൂപോഡ്, കാര്‍ഗില്‍ തുടങ്ങിയ വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റുചെയ്യുന്നത്. ബിടി വഴുതനങ്ങയുടെ കാര്യത്തില്‍ ഇപ്പോഴുണ്ടായിട്ടുള്ള വിവാദങ്ങള്‍ ഈ പശ്ചാത്തലത്തില്‍ വേണം പരിശോധിക്കാന്‍.
സാര്‍വദേശീയമായിത്തന്നെ ബിടി വഴുതനങ്ങ മനുഷ്യശരീരത്തിലും പരിസ്ഥിതിയിലും പ്രതികൂലമായ ഫലങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് നിരവധി പഠനം സൂചിപ്പിച്ചിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ ബിടി വഴുതനങ്ങ വിത്തിനങ്ങളുടെ നിര്‍മാണത്തില്‍ കുത്തകയുള്ള അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ മൊസാന്റോയും ഇന്ത്യന്‍ കുത്തകയായ മഹികോയും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ജനിതക സുരക്ഷാപരിശോധന ഏജന്‍സിയായ ജനറ്റിക് എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റി ബിടി വഴുതനങ്ങയുടെ വിത്ത് വ്യാപരാടിസ്ഥാനത്തില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ അനുമതി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കംകുറിച്ചത്. തുറിന്‍ജിയെന്‍സിസ് എന്ന മണ്ണിലെ ബാക്ടീരിയയില്‍നിന്ന് വഴുതനച്ചെടിയെ ആക്രമിക്കുന്ന ചിലതരം കീടങ്ങളെ നശിപ്പിക്കുന്നതിനുള്ള വിഷജീന്‍ വേര്‍തിരിച്ചെടുത്ത് ബിടി വഴുതനങ്ങജീനോട് ജനിതക എന്‍ജിനിയറിങ് വഴി കൂട്ടിച്ചേര്‍ത്താണ് ബിടി വഴുതനങ്ങ വിത്തുണ്ടാക്കുന്നത്. ബിടി വഴുതനങ്ങ കഴിക്കുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന വിഷജീന്‍ വിഷവസ്തുവായി പ്രവര്‍ത്തിച്ച് മനുഷ്യശരീരത്തിന് ഹാനികരമാകുമെന്നതാണ് ഒരു പ്രധാന ദോഷമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. ചില കീടങ്ങളെ പ്രതിരോധിക്കുമെങ്കിലും മറ്റു ചില കീടങ്ങളുടെ ആക്രമണത്തിന് ബിടി വഴുതനങ്ങ കൂടുതലായി വിധേയമാകാന്‍ സാധ്യതയുണ്ട്. ബിടി വഴുതനങ്ങ കൃഷിയിടങ്ങളില്‍നിന്ന് ജനിതക വസ്തുക്കള്‍ എതിര്‍ പരാഗണത്തിലൂടെ നാടന്‍ വിത്തുപയോഗിക്കുന്ന കൃഷിസ്ഥലത്തെ ചെടികളില്‍ ജനിതകമാറ്റം ഉണ്ടാക്കിയെന്നുവരാം. തന്മൂലം നമ്മുടെ നാടന്‍വിത്തുകളുടെ സ്വഭാവത്തില്‍ മാറ്റം വരാനിടയുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ ജനിതക വൈവിധ്യമുള്ള വഴുതനങ്ങകളുടെ കലവറയാണ് ഇപ്പോള്‍ ഇന്ത്യ. ഈ മികവ് നമ്മുക്ക് നഷ്ടപ്പെടുകയും നമ്മുടെ ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കയും ചെയ്യും. നാടന്‍ വിത്തിനങ്ങള്‍ നഷ്ടപ്പെട്ട് ബിടി വഴുതനങ്ങ വിത്തിനായി വന്‍കിട കമ്പനികളെ ആശ്രയിക്കേണ്ടിവരുന്നതോടെ ഇപ്പോള്‍ത്തന്നെ ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്ന വഴുതനങ്ങക്കൃഷിക്കാരുടെ ഉപജീവനമാര്‍ഗം അടയും. യുഎസ് എയ്ഡ് പ്രോഗ്രാമിന്റെ കാര്‍ഷിക ജൈവസാങ്കേതിക വിദ്യാപരിപാടിയുടെ ഭാഗമായി മൊസാന്റോ, മഹികോ എന്നീ കമ്പനികള്‍ വാരണാസിയിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിള്‍ റിസര്‍ച്ച്, ദര്‍വാഡിലെയും കോയമ്പത്തൂരിലെയും കാര്‍ഷിക സര്‍വകലാശാലകള്‍ എന്നീ ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് ഇന്ത്യന്‍ ബിടി വഴുതനങ്ങ വിത്തുകള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
ബിടി വഴുതനങ്ങയുടെ പാര്‍ശ്വഫലങ്ങള്‍ പഠിക്കുന്നതിനായി നടത്തിയ കൃഷിപരീക്ഷണങ്ങള്‍ ശാസ്ത്രീയ പരീക്ഷണങ്ങളനുസരിച്ചല്ലെന്ന വിമര്‍ശവും ഉയര്‍ന്നുവന്നിട്ടുണ്ട്. കുത്തക കമ്പനികളുടെ സാമ്പത്തിക താല്‍പ്പര്യം സംരക്ഷിക്കാന്‍ ഗവേഷണസ്ഥാപനങ്ങളിലെ ചില ഗവേഷകരും ജനറ്റിക് എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റിയിലെ ചില ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നെന്ന ആരോപണം ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കമ്പനികളും ഗവേഷണസ്ഥാപനങ്ങളും തമ്മിലുള്ള വിത്തിന്റെ മേലുള്ള ബൌദ്ധിക സ്വത്തവകാശ കരാറോ റോയല്‍റ്റി കരാറോ എന്തൊക്കെയെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. നേരത്തെ ബിടി പരുത്തി വിത്തിനങ്ങള്‍ അമിതവിലയ്ക്ക് വില്‍ക്കാന്‍ മൊസാന്റോയെ അനുവദിച്ചതിന്റെ അനുഭവവും നമ്മുടെ മുന്നിലുണ്ട്. ആന്ധ്രപ്രദേശ് സര്‍ക്കാര്‍ മൊസാന്റോയുടെ വിപണനരീതി പരിശോധിക്കാന്‍ കുത്തകവ്യാപാര നിയന്ത്രണ കമീഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കേരളത്തെ സംബന്ധിച്ച് പറഞ്ഞാല്‍ നമ്മുടെ നാടന്‍ വിത്തിനങ്ങള്‍ ഉപയോഗിച്ച് ജൈവകാര്‍ഷികരീതിയും സമഗ്ര കീട പ്രതിരോധരീതികളും പിന്തുടര്‍ന്നാല്‍ ഉല്‍പ്പാദനക്ഷമതയും ഗുണമേന്മയുമുള്ള വഴുതനങ്ങ കൃഷിചെയ്തെടുക്കാമെന്ന് മാരാരിക്കുളത്തെ കൃഷിക്കാര്‍ തെളിയിച്ചിട്ടുണ്ട്. കേരളസര്‍ക്കാരും സാമൂഹ്യ പ്രതിബദ്ധതയുള്ള ശാസ്ത്രകാരന്മാരും ആവശ്യപ്പെട്ടിട്ടുള്ളതുപോലെ ബിടി വഴുതനങ്ങക്കൃഷി നിര്‍ത്തിവച്ച് നിഷ്പക്ഷവും ശാസ്ത്രീയവുമായ പഠനത്തിനുള്ള നടപടി സ്വീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടത്. സ്വകാര്യ കുത്തകകമ്പനികളെ പൂര്‍ണമായും ഒഴിവാക്കി കൃഷിക്കാരുടെ സംഘടനകളെയും ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളെയും സഹകരിപ്പിച്ചുകൊണ്ടുള്ള പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താന്‍ ഗവേഷണസ്ഥാപനങ്ങള്‍ തയ്യാറാവുകയും വേണം. തീര്‍ച്ചയായും ജൈവസാങ്കേതികവിദ്യയുടെ അപാരസാധ്യതകള്‍ പ്രയോജനപ്പെടുത്തി കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കാര്‍ഷികരീതികള്‍ കൂടുതല്‍ ശാസ്ത്രീയവും ഫലപ്രദവുമാക്കാനും നാം ശ്രമിക്കേണ്ടതാണ്. എന്നാല്‍, നമ്മുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടും ദേശീയ ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷണസാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടും വേണം ഇക്കാര്യത്തില്‍ പദ്ധതി തയ്യാറാക്കാന്‍.
ദേശീയ- വിദേശീയ കുത്തകകളുടെ താല്‍പപ്പര്യങ്ങള്‍ക്ക് ഇന്ത്യന്‍ കൃഷിക്കാരെയും നമ്മുടെ ജൈവവൈവിധ്യത്തെയും കീഴ്പ്പെടുത്തണോ വേണ്ടയോ എന്ന വിശാലമായ രാഷ്ട്രീയ- സാമൂഹ്യ പ്രശ്നമാണ് ബിടി വഴുതനങ്ങയുടെ വിപണനവുമായി ബന്ധപ്പെട്ടുയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങള്‍ ഉയര്‍ത്തുന്നത്.
*
ഡോ. ബി ഇക്ബാല്‍ ദേശാഭിമാനി ദിനപ്പത്രം ഫെബ്രുവരി 2, 2010
Subscribe to:
Post Comments (Atom)
1 comment:
ദേശീയ- വിദേശീയ കുത്തകകളുടെ താല്‍പപ്പര്യങ്ങള്‍ക്ക് ഇന്ത്യന്‍ കൃഷിക്കാരെയും നമ്മുടെ ജൈവവൈവിധ്യത്തെയും കീഴ്പ്പെടുത്തണോ വേണ്ടയോ എന്ന വിശാലമായ രാഷ്ട്രീയ- സാമൂഹ്യ പ്രശ്നമാണ് ബിടി വഴുതനങ്ങയുടെ വിപണനവുമായി ബന്ധപ്പെട്ടുയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങള്‍ ഉയര്‍ത്തുന്നത്.
Post a Comment