Saturday, February 20, 2010

അമേരിക്കന്‍സാമ്പത്തിക രംഗം പിന്നെയും പകല്‍ക്കൊള്ള

2007 ഡിസംബറിലാണ് അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ സൂചനകള്‍ കാണാന്‍ തുടങ്ങിയത്. അന്ന് അതാരും അത്ര കാര്യമായി എടുത്തില്ല. കാലാവസ്ഥ മാറുമ്പോള്‍ മനുഷ്യരില്‍ പ്രത്യക്ഷപ്പെടാറുള്ള 'നീരിളക്കപ്പനി'യായി മാത്രം കണ്ടാല്‍ മതിയെന്ന് പറഞ്ഞ് ഇതിനെ പല പ്രമുഖ പത്രങ്ങളിലെയും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോളമെഴുത്തുകാര്‍ നിസ്സാരമായി ചിത്രീകരിച്ചു. പനി നീണ്ടുനിന്നാല്‍ ന്യൂമോണിയ ആകാമെന്നും അത് രോഗിയുടെ അന്ത്യം കുറിക്കുമെന്നും അന്ന് ആരും വിചാരിച്ചില്ല. ഒമ്പതുമാസം പിന്നിട്ടപ്പോള്‍ 2008 സെപ്തംബറില്‍ പത്തുദിവസം നീണ്ടുനിന്ന, ലോക സാമ്പത്തികസ്ഥിതിയെ ആകെ കീഴ്മേല്‍ മറിച്ച, സാമ്പത്തികമാന്ദ്യം രൂപംകൊണ്ടു. ഇത്തരം ഒരു പ്രതിസന്ധി ആസന്നമായിരിക്കുന്നുവെന്ന് പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നു. അവരെയെല്ലാം ഇടതുപക്ഷരോഗം പിടിപെട്ടവരെന്നും ദോഷൈകദൃക്കുകളെന്നും അധിക്ഷേപിച്ച് നിശ്ശബ്ദരാക്കാന്‍ കൂട്ടായ ശ്രമം പല ഭാഗത്തുനിന്നും ഉണ്ടായി.

അമേരിക്കയില്‍ സാമ്പത്തികമാന്ദ്യം വരുത്തിവച്ച വിന വിവരണാതീതമാണ്. പേരുകേട്ട രണ്ടു വന്‍കിട സാമ്പത്തിക സ്ഥാപനങ്ങളായ ഫാനിമെയുടെയും ഫ്രെഡിമാക് ന്റെയും പതനത്തോടെയാണ് ഈ സാമ്പത്തിക സുനാമി ആരംഭിച്ചത്. മനസ്സില്ലാമനസ്സോടെയാണെങ്കിലും ഈ രണ്ടു സ്ഥാപനങ്ങളും പൂര്‍ണമായി ഫെഡറല്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലാക്കി. തകര്‍ച്ചയുടെ വക്കിലെത്തിയ, മറ്റൊരു സാമ്പത്തിക ഭീമനെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന, മെറില്‍ലിഞ്ച് നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ പാപ്പര്‍ ഹര്‍ജി നല്‍കാനൊരുങ്ങി. ഗവണ്‍മെന്റ് ഇടപെട്ട് മെറില്‍ ലിഞ്ച്, ബാങ്ക് ഓഫ് അമേരിക്കയുമായി സംയോജിപ്പിച്ചു. ഈ നടുക്കങ്ങളില്‍നിന്നെല്ലാം കരകയറുംമുമ്പെ ലെമാന്‍ ബ്രദേഴ്സ് അന്ത്യശ്വാസം വലിക്കുകയാണെന്ന വാര്‍ത്ത വന്നു. അവിടെയും 'ബെയ്ലൌട്ട്' എന്ന മൃതസഞ്ജീവനിയുമായി ഗവണ്‍മെന്റ് ഓടിയെത്തി. ഇതിനു ശേഷമാണ് ലോകജനതയെ മുഴുവന്‍ നടുക്കിയ, നാല്‍പ്പത്തിനാലിലധികം രാജ്യങ്ങളില്‍ ശാഖകളുള്ള അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ തകര്‍ച്ചയുടെ വാര്‍ത്ത വന്നത്.

തകര്‍ന്ന ബാങ്കുകളെയും മറ്റു ധനകാര്യ സ്ഥാപനങ്ങളെയും കരകയറ്റുവാന്‍ 4.7 ട്രില്യന്‍ (ഒരു ട്രില്യന്‍- ഒരു ലക്ഷം കോടി) ഡോളര്‍ ചെലവാക്കിക്കഴിഞ്ഞു. 800 ശതലക്ഷം ഡോളര്‍ അടുത്ത രണ്ട് കൊല്ലത്തേക്ക് നീക്കിവച്ചിട്ടുമുണ്ട്. അമേരിക്കയില്‍ എണ്ണായിരത്തി അഞ്ഞൂറിലേറെ വരുന്ന ബാങ്കുകളില്‍ നൂറ്റിയൊമ്പത് ബാങ്കുകള്‍ ഈ കാലയളവില്‍, സാധാരണക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍, പൊളിഞ്ഞുപാളീസായി. നിരവധി ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും ഭാവി ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്.

അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ തകര്‍ച്ച ഏല്‍പ്പിച്ച ആഘാതത്തില്‍നിന്ന് അമേരിക്കന്‍ ജനത ഇനിയും മുക്തമായിട്ടില്ല. എത്ര ഉയരുന്നുവോ അത്രതന്നെ ഭീകരമായിരിക്കും പതനവുമെന്ന ചൊല്ല് തികച്ചും അന്വര്‍ഥമാക്കുന്നതായിരുന്നു എ ഐ ജിയുടെ തകര്‍ച്ച. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ സാമ്പത്തിക സമനിലയാണ് ഈ വമ്പന്റെ വീഴ്ചകൊണ്ട് താറുമാറായത്.

ആസൂത്രിത സാമ്പത്തിക തിരിമറികളും അനിയന്ത്രിത സാമ്പത്തിക ഇടപാടുകളും ധൂര്‍ത്തും പാഴ്ച്ചെലവുകളും ആണ് എ ഐ ജി അടക്കമുള്ള ധനകാര്യസ്ഥാപനങ്ങളുടെ തകര്‍ച്ചക്ക് കാരണമെന്ന് അമേരിക്കന്‍ സെനറ്റിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മുതലാളിത്ത സാമ്പത്തിക ക്രമത്തില്‍ ഇത്തരത്തിലുള്ള പതനങ്ങളും പ്രതിസന്ധികളും അനിവാര്യമാണെന്ന വിശദീകരണങ്ങളുമായി ചില സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ടുവന്നിരുന്നു. ഇതിനു മുമ്പും ഇത്തരത്തിലുള്ള സാമ്പത്തികമാന്ദ്യം ലോകത്തുണ്ടായിട്ടുണ്ടെന്ന, പലരും പലപ്പോഴും പറഞ്ഞുപഴകിയ, ബാലിശമായ വാദഗതികള്‍ പക്ഷേ ജനങ്ങളുടെ ഇടയില്‍ വിലപ്പോയില്ല. ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ തങ്ങളുടെ സര്‍വസ്വവുമായ പെന്‍ഷന്‍ ഫണ്ടും ഇന്‍ഷുറന്‍സ് സംരക്ഷണവും നഷ്ടപ്പെടുത്തുവാന്‍ അമേരിക്കയിലും വിദേശരാജ്യങ്ങളിലുമുള്ള ലക്ഷക്കണക്കിന് നിക്ഷേപകര്‍ തയാറായിരുന്നില്ല. ഇതിന് ഉത്തമനിദര്‍ശനമായിരുന്നു വിദഗ്ധരുടെ അഭിപ്രായം പ്രസിദ്ധപ്പെടുത്തിയ വാള്‍സ്ട്രീറ്റ് ജര്‍ണലിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയ വന്‍ ജനക്കൂട്ടം. ഡൌണ്‍ വിത്ത് കാപ്പിറ്റലിസം, ഡൌണ്‍ വിത്ത് എ ഐ ജി മാനേജ്മെന്റ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ കൂറ്റന്‍ പ്ളക്കാര്‍ഡുകളും അവര്‍ കൈയിലേന്തിയിരുന്നു. ഏതെങ്കിലും ഒരു സംഘടനയുടെയോ വ്യക്തിയുടെയോ ആഹ്വാനമനുസരിച്ചല്ല ഇത്രയധികം ജനങ്ങള്‍ വാര്‍ത്ത വന്ന പിറ്റേന്ന് രാവിലെ വാള്‍സ്ട്രീറ്റില്‍ തടിച്ചുകൂടിയത്. കാര്‍ന്നുതിന്നുന്ന കൊടുംതണുപ്പും ആഞ്ഞടിച്ചുകൊണ്ടിരുന്ന ശീതക്കാറ്റും വകവെക്കാതെ കൈക്കുഞ്ഞുങ്ങളെയും കൈയിലേന്തിവന്ന വീട്ടമ്മമാരും, വീല്‍ചെയറില്‍ വന്നെത്തിയ വിവശരായ വികലാംഗരും, വാര്‍ധക്യത്തിന്റെ അവശതകള്‍ വകവയ്ക്കാതെ എത്തിയ വൃദ്ധജനങ്ങളും ഈ വന്‍ ജനാവലിയില്‍ ഉള്‍പ്പെട്ടിരുന്നു.

ബുഷ് ഭരണകൂടത്തിന്റെ അന്ത്യനാളുകളില്‍ പ്രഖ്യാപിച്ച ബെയ്ലൌട്ട് പദ്ധതി ഒന്നുകൊണ്ടുമാത്രമാണ് എ ഐ ജി കടത്തിന്റെ കയത്തില്‍പ്പെട്ട് മുങ്ങിത്താഴാതിരുന്നത്. ജനങ്ങളുടെ കുറച്ച് കാശ് നഷ്ടമാകുന്നതില്‍ നിങ്ങളെന്തിനാണിത്ര ബേജാറാവുന്നതെന്ന് രഹസ്യമായി ചോദിച്ച റിപ്പബ്ളിക്കന്‍ പാര്‍ടിയിലെ തീവ്ര വലതുപക്ഷക്കാരെ സമാധാനിപ്പിക്കുവാന്‍ ബുഷ് വളരെ പാടുപെട്ടു എന്ന വാര്‍ത്ത അക്കാലത്ത് പരന്നിരുന്നു. തീവ്ര വലതുപക്ഷത്തിന്റെ വക്താവ് അന്നത്തെ വൈസ് പ്രസിഡന്റ് ഡിക്ചെനിയല്ലാതെ മറ്റാരുമായിരുന്നില്ല. റിപ്പബ്ളിക്കന്‍ പാര്‍ടിയിലെ മിതവാദികള്‍ക്ക് സമ്പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് ഡമോക്രാറ്റിക് പാര്‍ടിയും അവരുടെ പ്രസിഡന്റ്സ്ഥാനാര്‍ഥി ബറാക് ഒബാമയും മുന്നോട്ടുവന്നപ്പോള്‍ സെനറ്റിലെ പിന്തിരിപ്പന്‍ ലോബിയുടെ അണിയറയിലെ അട്ടിമറിനീക്കങ്ങള്‍ പൊളിഞ്ഞു. സെനറ്റില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ഒബാമയുടെ വാക്കുകള്‍ക്ക് മറ്റുള്ളവരില്‍നിന്ന് ഏറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു: "ആഴമേറിയ ഈ സാമ്പത്തിക പ്രതിസന്ധിയുടെ ദുരിതം മുഴുവന്‍ സാധാരണക്കാരായ ലക്ഷക്കണക്കിന് അമേരിക്കന്‍ ജനതയുടെ മേലാണ് അന്തിമമായി പതിക്കാന്‍ പോകുന്നത്. അവരുടെ രക്ഷക്കായി എത്തേണ്ടത് നമ്മുടെ ധാര്‍മിക കടമയാണ്. തടസ്സവാദങ്ങള്‍ക്കൊന്നും ഇവിടെ ഒരു പ്രസക്തിയുമില്ല.'' ഈ ആശ്വാസവചനങ്ങള്‍ ജനങ്ങളില്‍ പ്രതീക്ഷ ഉണര്‍ത്തിയെന്ന് പറയേണ്ടതില്ലല്ലോ. അവരുടെ സ്നേഹാദരങ്ങള്‍ തെരഞ്ഞെടുപ്പില്‍ വേണ്ടുവോളം പ്രതിഫലിക്കുകയും ചെയ്തു. അമേരിക്കന്‍ ചരിത്രത്തിലാദ്യമായി ഒരു കറുത്ത വര്‍ഗക്കാരന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

മൂലധനശക്തികള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ അടിയറവുപറഞ്ഞ് അടങ്ങിയിരിക്കുകയില്ലെന്ന സത്യം നാം മറന്നുകൂടാ. ഏത് സാഹചര്യത്തിലും എവിടെയും തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുവാനും പിടിമുറുക്കുവാനും ജനങ്ങളെ ചൂഷണം ചെയ്ത് ലാഭം കൊയ്യാനും അവര്‍ മുതിരും. ചരിത്രത്തിന്റെ താളുകള്‍ തന്നെ ഇതിന് സാക്ഷി. ഇപ്പോള്‍ എ ഐ ജി അതിന് പ്രത്യക്ഷോദാഹരണമായി മാറിയിരിക്കുന്നു. എ ഐ ജിയിലെ ഉന്നതര്‍ക്ക് 198 ദശലക്ഷം ഡോളറാണ് മാനേജ്മെന്റ് ബോണസ് എന്ന ഓമനപ്പേരിട്ട് നല്‍കിയിരിക്കുന്നത്. ലാഭത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ബോണസ്സാണിതെന്ന് തെറ്റിദ്ധരിക്കണ്ട. ബെയ്ലൌട്ട് പദ്ധതി നിലവില്‍ വരുന്നതിനുമുമ്പ് എ ഐ ജി മാനേജ്മെന്റ് ഇന്‍ഷ്വറന്‍സ് ബിസിനസുമായി ബന്ധപ്പെട്ടുണ്ടാക്കിയ ചില കരാറുകളുടെ പിന്‍ബലത്തിലാണ് ഈ വന്‍കൊള്ളയ്ക്ക് അവര്‍ മുതിര്‍ന്നത്. ഫെഡറല്‍ റിസര്‍വും ട്രഷറിയും ഇത് ബെയ്ലൌട്ട് നിബന്ധനകള്‍ക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് അവ ഉടന്‍ പിന്‍വലിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. ട്രഷറി സ്പെഷ്യല്‍ മാസ്റ്റര്‍ ഫോര്‍ കോമ്പന്‍സേഷന്‍ കെന്നത്ത് ഫീന്‍ബര്‍ഗ് ശക്തമായ ഭാഷയില്‍ പരസ്യമായി മാനേജ്മെന്റിന്റെ ഈ നീക്കത്തെ അപലപിക്കുകയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ താക്കീത് ചെയ്യുകയും ചെയ്തു. ഉല്‍പ്പാദനത്തിനുള്ള പ്രോത്സാഹനം എന്ന പേരില്‍ നല്‍കുന്ന ഈ ബോണസ്സിന്റെ തൊണ്ണൂറ്റൊമ്പത് ശതമാനവും ചെന്നെത്തുന്നത് എ ഐ ജിയുടെ പതനത്തിന് കാരണക്കാരായ പഴയ കറുത്ത ശക്തികളുടെ കൈകളില്‍ത്തന്നെയാണ്. തങ്ങളുടെ നിക്ഷേപത്തിന് ഒന്നുംതന്നെ തിരികെ കിട്ടാന്‍ വഴിയില്ലാതെ നട്ടംതിരിയുന്ന ലക്ഷോപലക്ഷം അമേരിക്കക്കാരുടെ കടുത്ത രോഷവും പ്രതിഷേധവും എ ഐ ജി മാനേജ്മെന്റിനെതിരെ ഉയര്‍ന്നു. ആളിക്കത്തുന്ന ജനരോഷം കണ്ടില്ലെന്ന് നടിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് ഒബാമയുടെ സാമ്പത്തിക ഉപദേഷ്ടാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെഡറല്‍ സാമ്പത്തിക കാര്യങ്ങളുടെ പ്രത്യേക ചുമതലക്കാരനായ കെന്നത്ത് ഫീന്‍ബര്‍ഗ് വളരെ കര്‍ക്കശക്കാരനാണ്. ഫെഡറല്‍ ഫണ്ടില്‍നിന്ന് സഹായം നേടി നടത്തുന്ന ഒരു സ്ഥാപനമെന്ന നിലയ്ക്ക് ബെയ്ലൌട്ട് പദ്ധതിയുടെ നിയമങ്ങള്‍ ലംഘിക്കുവാന്‍ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ബോണസ് എന്ന ഓമനപ്പേരിട്ട് എ ഐ ജി ഉന്നതര്‍ തട്ടിയെടുത്ത മുഴുവന്‍ തുകയും അടിയന്തരമായി തിരിച്ചടയ്ക്കുവാന്‍ അദ്ദേഹം ഉത്തരവിട്ടിരിക്കുകയാണ്. എല്ലാവിധ അധികച്ചെലവുകളും ധൂര്‍ത്തും അവസാനിപ്പിക്കുവാനുള്ള നീക്കവും ആരംഭിച്ചുകഴിഞ്ഞു. ഇപ്പോള്‍ എഐജിയുടെ തലപ്പത്തിരിക്കുന്ന റോബര്‍ട് ബെന്‍ മോഷെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പല പേരും പറഞ്ഞ് കീശയിലാക്കുന്ന വന്‍ തുകകള്‍ക്കും കടിഞ്ഞാണിട്ടുകഴിഞ്ഞു. എ ഐ ജി ഫിനാന്‍ഷ്യല്‍ പ്രോഡക്ട്സ് എന്ന സ്ഥാപനത്തിലെ ഉന്നതരായ ഉദ്യോഗസ്ഥര്‍ക്ക് മികച്ച പ്രകടനത്തിന് പ്രഖ്യാപിച്ചിട്ടുള്ള ദശലക്ഷക്കണക്കിന് ഡോളര്‍ ആനുകൂല്യവും ഇതോടെ പിന്‍വലിക്കേണ്ടിവരും.

ഇത്തരം നിബന്ധനകള്‍ എഐജിക്ക് മാത്രമായിട്ടല്ല നടപ്പിലാക്കുന്നത്. ബെയ്ലൌട്ട് പദ്ധതിയിലൂടെ ജീവശ്വാസം തിരികെ ലഭിച്ച മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. ഇതനുസരിച്ച് അഞ്ചുലക്ഷത്തിന് മുകളിലുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനു മുമ്പ് ഫീന്‍ബര്‍ഗിന്റെ സൂക്ഷ്മപരിശോധനക്ക് സര്‍പ്പിക്കണം. അവ സ്വീകരിക്കാനും തിരസ്കരിക്കാനും ഗവണ്‍മെന്റ് അദ്ദേഹത്തിന് പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ട്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ സാമ്പത്തികസഹായം ലഭിച്ച ബാങ്കുകളും മറ്റു സാമ്പത്തിക സ്ഥാപനങ്ങളും പഴയപടി കൊള്ള തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായത്.

കഴിഞ്ഞവര്‍ഷം 180 ശതകോടി ഡോളറാണ് സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ എഐജിക്ക് മാത്രം ഫെഡറല്‍ ഗവണ്‍മെന്റ് നല്‍കിയത്. സ്വകാര്യഉടമയിലുള്ള കമ്പനികളുടെ മേല്‍ ഗവണ്‍മെന്റ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ കാലത്താണ് സെനറ്റ് ഈ വായപ് അനുവദിച്ചത്. ഇത് സ്വകാര്യസ്ഥാപനങ്ങളെ ദേശസാല്‍ക്കരിക്കുന്നതിന് തുല്യമാണെന്നും, പിന്‍വാതിലിലൂടെ യൂറോപ്പില്‍ പരീക്ഷിച്ച് പരാജയപ്പെട്ട സോഷ്യലിസ്റ്റ് മാതൃക നടപ്പാക്കാനുളള തന്ത്രമാണെന്നും ചില യാഥാസ്ഥിതിക സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇവരുടെ അഭിപ്രായങ്ങളെ ഊതിവീര്‍പ്പിച്ച് ഫോക്സ് ചാനലും വാള്‍സ്ട്രീറ്റ് ജര്‍ണലും നല്ല പ്രചാരണവും നടത്തി. സ്വയം വരുത്തിവച്ച വീഴ്ചയില്‍നിന്ന് കരകയറുവാന്‍ സ്വകാര്യമേഖലക്ക് പൊതുഖജനാവില്‍നിന്ന് ധനസഹായം നല്‍കേണ്ട കാര്യമില്ലെന്നായിരുന്നു അവരുടെയെല്ലാം വാദം. എന്നാല്‍ കോടിക്കണക്കിന് ജനങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടാതിരിക്കാനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് ഈ നടപടിയെന്ന യാഥാര്‍ഥ്യം ഏറെ താമസിയാതെ എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. പ്രശ്നബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും എണ്ണം ഇനിയും കൂടുമെന്നാണ് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ പ്രവചനം.

ഒബാമയുടെ മുഖ്യ സാമ്പത്തികോപദേഷ്ടാവ് ലോറന്‍സ് സമ്മേഴ്സിന്റെ വാക്കുകള്‍ തന്നെ ഇവിടെ ഉദ്ധരിക്കാം: "..... ഫലപ്രദമായ സാമ്പത്തിക പരിഷ്കാരങ്ങള്‍കൊണ്ടുവരാതെ നമുക്ക് ഒരു നിര്‍വാഹവുമില്ല. അല്ലെങ്കില്‍ ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും ഇപ്പോള്‍ നടത്തിയ സാഹസങ്ങളേക്കാള്‍ വലിയവയ്ക്ക് മുതിരുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ കുറെ മാസങ്ങള്‍ക്കിടെ ഉണ്ടായ അനുഭവങ്ങളില്‍നിന്ന് നാം ഉള്‍ക്കൊള്ളേണ്ട വ്യക്തമായ ചില പാഠങ്ങളുണ്ട്. സ്വകാര്യ ബാങ്കുകളും സാമ്പത്തികസ്ഥാപനങ്ങളും ജനങ്ങളുടെ പണംകൊണ്ട് ചൂതാട്ടം നടത്തുന്നു. എപ്പോഴും വിജയം അവരുടെ പക്ഷത്താണ്. നഷ്ടത്തിന്റെ ഭാരം വന്നു വീഴുന്നതാകട്ടെ സാധാരണ ഉപഭോക്താക്കളായ നമ്മുടെ തലയിലും. ഇനിയിത് തുടരുവാന്‍ അനുവദിച്ചുകൂടാ.....''

ലഭ്യമായ കണക്കുകള്‍ പ്രകാരം 6.7 ദശലക്ഷം തൊഴിലാളികള്‍ക്കാണ് അമേരിക്കയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടമായത്. നിത്യേന ശരാശരി 11,600 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നുവെന്നാണ് അമേരിക്കന്‍ ലേബര്‍ ബ്യൂറോവിന്റെ കണക്കുകള്‍ നല്‍കുന്ന സൂചന. അടുത്ത സാമ്പത്തിക വര്‍ഷം മൂന്നില്‍ രണ്ടുപേര്‍ക്ക് പൂര്‍ണമായോ, ഭാഗികമായോ തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അതായത് ചുരുങ്ങിയത് 50 ദശലക്ഷം തൊഴിലാളികള്‍ വഴിയാധാരമാകും. അമേരിക്കന്‍ സമൂഹത്തില്‍ ഇത് സൃഷ്ടിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ നിസ്സാരമാകില്ല, തീര്‍ച്ച.

വാല്‍ക്കഷ്ണം: ടെക്സാസിലെ മോട്ടോര്‍ തൊഴിലാളികളുടെ യോഗത്തില്‍ രോഷാകുലനായ ഒരു തൊഴിലാളി വിളിച്ചുപറഞ്ഞത്- "നമ്മുടെ തലപ്പത്തിരിക്കുന്നവര്‍ കൂടുതല്‍ ത്യാഗങ്ങള്‍ക്ക് തയാറാകൂ എന്ന് നമ്മെ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ എല്ലാം കൈവശം അടക്കിവച്ച് വാഴുന്നവര്‍ക്ക് നേരെ ഇവര്‍ കണ്ണടയ്ക്കുന്നു. നേതാക്കളേ, ഞാനെന്തിനാണ് ഈ സമരം ചെയ്യുന്നതെന്ന് വിശദീകരിക്കാമോ? ഇവിടെ നടമാടുന്നത് ജനാധിപത്യമോ, മുതലാളിത്ത കൊള്ളയടിയോ......''

അമേരിക്കയില്‍ നിന്നാണ് ഈ ശബ്ദം ഉയര്‍ന്നുകേട്ടതെന്ന് വിശ്വസിക്കുവാന്‍ കഴിയുന്നില്ല, അല്ലെ?

*
എന്‍ കെ കണ്ണന്‍ മേനോന്‍

5 comments:

വര്‍ക്കേഴ്സ് ഫോറം said...

2007 ഡിസംബറിലാണ് അമേരിക്കയില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ സൂചനകള്‍ കാണാന്‍ തുടങ്ങിയത്. അന്ന് അതാരും അത്ര കാര്യമായി എടുത്തില്ല. കാലാവസ്ഥ മാറുമ്പോള്‍ മനുഷ്യരില്‍ പ്രത്യക്ഷപ്പെടാറുള്ള 'നീരിളക്കപ്പനി'യായി മാത്രം കണ്ടാല്‍ മതിയെന്ന് പറഞ്ഞ് ഇതിനെ പല പ്രമുഖ പത്രങ്ങളിലെയും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോളമെഴുത്തുകാര്‍ നിസ്സാരമായി ചിത്രീകരിച്ചു. പനി നീണ്ടുനിന്നാല്‍ ന്യൂമോണിയ ആകാമെന്നും അത് രോഗിയുടെ അന്ത്യം കുറിക്കുമെന്നും അന്ന് ആരും വിചാരിച്ചില്ല. ഒമ്പതുമാസം പിന്നിട്ടപ്പോള്‍ 2008 സെപ്തംബറില്‍ പത്തുദിവസം നീണ്ടുനിന്ന, ലോക സാമ്പത്തികസ്ഥിതിയെ ആകെ കീഴ്മേല്‍ മറിച്ച, സാമ്പത്തികമാന്ദ്യം രൂപംകൊണ്ടു. ഇത്തരം ഒരു പ്രതിസന്ധി ആസന്നമായിരിക്കുന്നുവെന്ന് പല സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നു. അവരെയെല്ലാം ഇടതുപക്ഷരോഗം പിടിപെട്ടവരെന്നും ദോഷൈകദൃക്കുകളെന്നും അധിക്ഷേപിച്ച് നിശ്ശബ്ദരാക്കാന്‍ കൂട്ടായ ശ്രമം പല ഭാഗത്തുനിന്നും ഉണ്ടായി.

*free* views said...

Even in this dire circumstance if you read the annual report of comapnies you will be surprised to see the higher executive pay, forget fixed pay, look at their variable pay. These are companies that squeeze out the bonus from employees with reasons of bad performance. Compensation given to higher ups is vulgar and shocking. Our poor capitalist, democratic sheep cannot see that injustice and want to live in an illusion that they are the upper crust.

When I see the root cause of the crisis, I do not just see the failure of free market, but I see the manipulation of the markets by the government and more than all fiat currencies and availability of cheap money by govt. When stock markets rise and when property prices rise, governments and media cries about economic growth. I never could understand that phenomenon of debt driven growth. I do not see free markets working well for the poor, but I can very well see that the current economic system - a combination of free market and pure government manipulation - failing miserably.

Even in these times a person who talks about the foolishness in this market he is called a communist - in some cultures it is a bad thing and you can be a pariah - and ridiculed. It is sad, for me it is crystal clear and luckily we see more mainstream economists like George soros talking about the stupidity of the current economic system.

Obama wants a change, a change to restrict executive pay and reduce the size of big banks. I do not see a future for Obama presidency, those who do not believe in conspiracy theories, you can be surprised.

Like during the WW2 times, world can move in two directions - Left or extreme right. During a time of economic crisis extreme right becomes active in all parts of the world. I am saddened that left movement is not picking up steam. But I am sure business as usual cannot move ahead more than 6 months. May god give better sense to world leaders.

Hows the party using this big historic event to educate people? Or is it still concentrating on Munnar, Pinarayi-VS, Manoj, Shivraman, wayanad, etc?

Unknown said...

"Even in these times a person who talks about the foolishness in this market he is called a communist - in some cultures it is a bad thing and you can be a pariah'

what "culture" ? Are you confused or lost ?

"I do not see a future for Obama presidency,.."

ha ha ha..obama will be there 8 years(two terms maximum), then you are talking about what "future' ?

"I am saddened that left movement is not picking up steam."

you are 'sad' because you are foolish. Right is an emotion and Left is a politics associated with hard truth. Emotion "pick up" in no time...

Madison the 4th President and main architect of American constitution famously/in famously said once: The wealth/property of minority(read as small amount of big business) shall be protected from majority public...so America is not a democracy, it is a polyarchy.
One who know this reality can not be 'surprised' like you.

"is it still concentrating on Munnar, Pinarayi-VS, Manoj, Shivraman, wayanad, etc?"

Again yoour stupidity..all these tensions of manoj/shivaraman are for you and right wing media.so for some time get rid of these 'tesnsions' from your inner self.

*free* views said...

Isn't there someone to rein in this bully? Only thing he does is personal abuse. Or is it that forum owners want people to stop discussing and only have this bully as reader?

Unknown said...

Not long back, there was a cartoon in which a dog's body and the face of E.M.S fused together and posted in the front page of Mathrubhumi. It was MV Deavan's cartoon. By your yard stick, they would have closed down Mathrubhumi..

Oh, man which word/sentence is abusive? Please send me your dictionary.why are you so vulnerable to even soft critisism?