Sunday, September 26, 2010

ആനന്ദിന്റെ നോവല്‍ഭാഷ

'അഭയാര്‍ഥികളെ' അടിസ്ഥാനമാക്കി ഒരു നിരീക്ഷണം

കാവ്യഭാഷ എന്ന ഒന്ന് ഉണ്ടെന്നും അതു കാവ്യപഠനത്തിന്റെ ഒരു തലമാണെന്നും മലയാളികള്‍ മുന്‍പേ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, മലയാളകവിത പഠനവിധേയമാക്കുമ്പോള്‍, അതിലെ ഭാഷ അപഗ്രഥനം ചെയ്‌തുപോരുന്നു. എഴുത്തുകാരന്റെ സര്‍ഗവ്യക്തിത്വത്തിന്റെ മുദ്ര അന്വേഷിക്കുന്ന നിരൂപണരീതി എന്ന നിലയില്‍ ശൈലീനിഷ്‌ഠ സമീപനത്തിന് വ്യാപകമായ പ്രഭാവം സിദ്ധിച്ചതോടെ കാവ്യഭാഷാപഗ്രഥനത്തിന് താത്വികവും സാങ്കേതികവും ആയ രീതിശാസ്‌ത്രവും കൈവന്നു. ഇത്രയൊക്കെയായിട്ടും നോവലിന്റെ ഭാഷ തുല്യപ്രധാന്യത്തോടെ പഠനവിധേയമാക്കേണ്ടതാണ് എന്ന് നമ്മുടെ വിമര്‍ശകര്‍ക്ക് അധികം തോന്നിയിട്ടില്ല. ആഖ്യാനഭാഷയ്‌ക്ക് പുതിയ താളം നല്‍കിയ 'മഞ്ഞും' 'ഖസാക്കിന്റെ ഇതിഹാസവും' ചില നല്ല നിരൂപകരെ സവിശേഷമായി ആകര്‍ഷിക്കുകയുണ്ടായെങ്കിലും, നോവല്‍ ഭാഷാപഠനത്തെ നിരന്തരമായി പ്രചോദിപ്പിച്ചില്ല എന്നതാണ് സത്യം. നോവലിന്റെ ഭാഷ ഗദ്യഭാഷയാണ് എന്നും അത് സാമാന്യവ്യവഹാരഭാഷയുടെ ഭാഗമാണ് എന്നതിനാല്‍ അതിന്റെ സര്‍ഗാത്മകതയുടെ തലം അന്വേഷിക്കേണ്ടതില്ല എന്നും ഉള്ള ഒരുതരം ലളിതവല്‍ക്കരണം സാഹിത്യപഠിതാക്കളെ സ്വാധീനിക്കുന്നതായി തോന്നുന്നു. ഗദ്യം ആശയപ്രധാനം, അഥവാ, വിചാരപ്രധാനം ആയതിനാല്‍ ഗദ്യസാഹിത്യത്തിന്റെ വിശകലനം ഉള്ളടക്കത്തില്‍ ഊന്നിക്കൊണ്ടേ വേണ്ടൂ എന്ന ധാരണ ഈ സമീപനത്തെ ദൃഢപ്പെടുത്തിയതായി തോന്നുന്നു. ഗദ്യഭാഷയുടെ വ്യത്യസ്‌തമായ ആവിഷ്‌കരണരീതികള്‍ വിശകലനംചെയ്യുന്ന 'സാഹിത്യസാഹ്യം' എന്ന ഗദ്യശാസ്‌ത്രഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിട്ട് (1911) നൂറുവര്‍ഷം തികയാന്‍ പോകുന്നു എന്ന കാര്യം ഇവിടെ ഓര്‍ക്കാവുന്നതാണ്.

രണ്ട്

നോവല്‍ വായനക്കാരന്റെ സംവേദനശീലത്തെ പിടിച്ചുലച്ച എഴുത്തുകാരനാണ് ആനന്ദ്. അദ്ദേഹത്തിന്റെ നോവലുകളുടെ കാണാമറയത്തു നിറഞ്ഞുനിന്ന സൌന്ദര്യത്തിന്റെ ശാദ്വലസ്ഥലികളെ സഹഭാവത്തോടെ, സാഹസികമായി പിന്തുടര്‍ന്ന ആധുനിക വായനക്കാര്‍ പുതിയ നോവല്‍ സങ്കല്‍പം സൃഷ്‌ടിച്ചെടുക്കുകയായിരുന്നു. ആ വായനക്കാര്‍ എണ്ണത്തില്‍ കുറവായിരുന്നില്ലതാനും. സ്വാഭാവികമായിത്തന്നെ അദ്ദേഹത്തിന് ഏറെ വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. ചിന്താഭാരംകൊണ്ട് തൂങ്ങുന്ന ശുഷ്‌കമായ പ്രബന്ധഭാഷയാണ് അദ്ദേഹത്തിന്റെ നോവലുകള്‍ക്കുള്ളത് എന്നതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്ന മുഖ്യ ദോഷം. പക്ഷേ ഭാഷയില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല ഈ വിമര്‍ശം. ആശയത്തിന്റെ അതിഭാരം അദ്ദേഹത്തിന്റെ നോവലുകളെക്കുറിച്ച് പൊതുവേ പറയാവുന്ന സ്വഭാവമാണ്. നോവലുകളില്‍ പല സന്ദര്‍ഭങ്ങളും പ്രബന്ധസ്വഭാവമുള്ള ചര്‍ച്ചയാണ്. നാം നോവലില്‍നിന്നും പ്രതീക്ഷിക്കുന്ന വൈകാരികോഷ്‌മളത അവ നല്‍ക്കുന്നില്ല; വ്യക്തിബന്ധങ്ങളെ അവയുടെ സഹജമായ വൈകാരികാവസ്ഥയില്‍ മുരടോടെ പറിച്ചെടുത്ത് അവയെ സുഘടിതവും മൂര്‍ത്തവുമായ ഇതിവൃത്തത്തില്‍ വിലയിപ്പിച്ച് ഏകീകൃതമായ അനുഭൂതി വായനക്കാരില്‍ സൃഷ്‌ടിക്കുന്നതില്‍ നോവലിസ്‌റ്റ് ശ്രദ്ധവയ്‌ക്കുന്നില്ല - ഇങ്ങനെ വിമര്‍ശനം നീണ്ടുപോകുന്നു. ഇതൊക്കെയും ശരിയാണ്, വിശേഷിച്ച് നമ്മുടെ നോവല്‍ വായനാപാരമ്പര്യത്തില്‍ ഉറച്ചുനിന്ന് വായനാസുഖം അനുഭവിച്ചുപോന്നവരെ സംബന്ധിച്ചിടത്തോളം. മറ്റൊരു ശരിയുമുണ്ട്. ഇതൊക്കെ അബദ്ധത്തില്‍ സംഭവിച്ചതല്ല എന്നതാണത്. ഈ വിമര്‍ശനങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങാന്‍ കാത്തുനില്‍ക്കുന്ന ഒരു കൃതിയെ മുന്‍നിറുത്തിയാകട്ടെ തുടര്‍ന്നുള്ള ചര്‍ച്ച: 'അഭയാര്‍ഥികള്‍' (1984) ആണ് ആ കൃതി. വസ്‌തുനിഷ്‌ഠമായി പറഞ്ഞാല്‍ മനുഷ്യവര്‍ഗത്തെക്കുറിച്ചുള്ള തന്റെ പ്രിയപ്പെട്ട ചില ആശയങ്ങള്‍ സംവാദരൂപത്തില്‍ വ്യത്യസ്‌ത
സ്ഥലകാലങ്ങളുടെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുകയാണ് ആനന്ദ് ഈ നോവലില്‍ ചെയ്യുന്നത്. ഗംഗാതീരത്ത് നടക്കുന്ന കനാല്‍ നിര്‍മാണത്തില്‍ പങ്കാളികളായ കൂലിപ്പണിക്കാരുടെ കൂട്ടത്തില്‍പ്പെട്ട ഗൌതമന്‍ എന്ന വ്യക്തിയെ കേന്ദ്രസ്ഥാനത്തു നിറുത്തിക്കൊണ്ട് നോവല്‍ ആഖ്യാനം ചെയ്യപ്പെടുന്നു. ഗൌതമനെക്കൂടാതെ സുമന്‍, മഹേഷ്, ഹരിദാസ് എന്നിവരുമായുള്ള സംവാദവും അനുഭവകഥനവും ആഖ്യാനത്തെ മുന്നോട്ടു നയിക്കുന്നു. കൂടാതെ, ഇടയ്‌ക്ക് പ്രത്യക്ഷപ്പെടുന്ന മാഥുര്‍, മേജര്‍ മിശ്ര, ഭൂപതി, മേജര്‍ സന്ധു, കേണല്‍ രാം സിംഗ്, കാസിം തുടങ്ങിയവരും ആഖ്യാനത്തില്‍ പങ്കാളികളാവുന്നു.
അടിയന്തിരാവസ്ഥയ്‌ക്ക് ശേഷമുള്ള ഭാരതത്തില്‍ നിന്നുകൊണ്ട് നോവലിന്റെ ക്രിയാകാലം ആവിഷ്‌കൃതമാവുന്നുവെങ്കിലും സൈന്ധവസംസ്‌കാരത്തിന്റെ ഉദയം തൊട്ടുള്ള ചരിത്രകാലഘട്ടം ഇതില്‍ നിവര്‍ത്തിക്കാട്ടുന്നുണ്ട്. അതുപോലെ, കല്‍ക്കത്തയും പുരിയും ബോംബയും കഥാപാത്രങ്ങളില്‍ ആശയങ്ങള്‍ നിറയ്‌ക്കുന്ന ആഖ്യാനവേദികളായി സ്ഥാനം കൈയാളുന്നു. ഇങ്ങനെ വ്യത്യസ്‌ത സ്ഥലകാലങ്ങളില്‍ ഉന്മീലിതമാകുന്ന ആശയങ്ങള്‍ക്ക് ഒരു കേന്ദ്രബിന്ദു കണ്ടെത്താം. ചരിത്രത്തിന്റെ തിരശ്ശീലകള്‍ നിവര്‍ത്തുമ്പോള്‍ നോവലിസ്‌റ്റ് എത്തിച്ചേരുന്ന നിഗമനം ഈ കേന്ദ്രബിന്ദു ഏതെന്ന് സൂചിപ്പിക്കുന്നു. "എത്ര തവണ കണ്ടുനോക്കാം ഈ തീരശ്ശിലകള്‍? എത്ര തവണ നോക്കിയാലും അതേ കഥ!'' ചരിത്രം ആവര്‍ത്തിക്കുന്നു എന്ന ഈ ആശയം ഇങ്ങനെ സംക്ഷേപിക്കാം: പീഡിതരും നിസ്വരുമായ സാധാരണക്കാര്‍ എക്കാലത്തും ഒരു വര്‍ഗമെന്ന നിലയില്‍ വഞ്ചിക്കപ്പെടുന്നു; സ്വയം ഒരുക്കുന്ന അടിമച്ചങ്ങലയെക്കുറിച്ച് ബോധമില്ലാതെ അവര്‍ മോചനസ്വപ്‌നം കാണുകയും, മര്‍ദകര്‍ പല പ്രത്യയശാസ്‌ത്രങ്ങളുടെയും പരിവേഷത്തില്‍ തിളങ്ങിനിന്നുകൊണ്ട് അവരെ മര്‍ദിച്ചൊതുക്കുകയും ചെയ്യുന്നു. ഈ നിസ്വര്‍ക്ക് അനുഭവപ്പെടാത്ത ജനാധിപത്യം ജനാധിപത്യമോ, സ്വാതന്ത്ര്യം സ്വാതന്ത്ര്യമോ അല്ല. ഇതൊക്കെ വ്യാമോഹം മാത്രമാണ് എന്ന തിരിച്ചറിയുന്നവരാണ് ഗൌതമനും സുമനും മഹേഷും ഹരിദാസും. ഇവരുടെ അസ്വാസ്ഥ്യം ആണ് യാഥാര്‍ഥത്തില്‍ നോവലിന്റെ വൈകാരികതലം രൂപപ്പെടുത്തുന്നത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, സഹജീവികളോടുള്ള ശുദ്ധവും ഉദാരവുമായ കാരുണ്യത്താല്‍ സ്‌പന്ദിക്കുന്ന ഹൃദയത്തിന്റെ താളം ഈ നോവലിന്റെ പശ്ചാത്തലസംഗീതമാണ്. ഈ പശ്ചാത്തലത്തില്‍ നിന്നാണ് മതങ്ങളെയും ജനാധിപത്യത്തെയും ഗാന്ധിസത്തെയും മാര്‍ക്സിസത്തെയും കുറിച്ചുള്ള സംവാദങ്ങള്‍ ജനിക്കുന്നത്. ഇവയെക്കുറിച്ചുള്ള ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകുന്നത്, പീഡിതര്‍ക്ക് ആശ്വാസം നല്‍കാന്‍ ഒരു പ്രത്യയശാസ്‌ത്രത്തിനും കഴിയുന്നില്ലല്ലോ എന്ന നിസ്സഹായതയാര്‍ന്ന നെടുവീര്‍പ്പില്‍ നിന്നാണ്.

ഇതിലെ ഓരോ സംവാദത്തിന്റെയും കേന്ദ്രബിന്ദു ഓരോ ആശയമാണ്. വ്യത്യസ്‌ത സ്ഥലകാലങ്ങളില്‍ കഥാപാത്രങ്ങള്‍ പങ്കിടുന്ന അനുഭവങ്ങള്‍ അവശേഷിപ്പിക്കുന്നതാണ് ഓരോ ആശയവും. ഈ ആശയത്തെ പിന്തുടരുന്ന ചിന്ത ഓരോന്നും സ്വയംപൂര്‍ണവും മറ്റൊന്നിലേക്ക് പടരാതെ അതില്‍ത്തന്നെ ലയിക്കുന്നതും ആണ്. ഇങ്ങനെ ഒറ്റപ്പെട്ട, ശിഥിലമായ ചിന്തകള്‍ വായനക്കാരന്റെ മനസ്സില്‍ വിചാരത്തിന്റെ കൊച്ചുകൊച്ചു തുരുത്തുകള്‍ സൃഷ്‌ടിക്കുന്നു. ഇത് ഫലത്തില്‍, അനുക്രമം വികസിക്കുന്ന ഇതിവൃത്തം എന്ന സങ്കല്‍പത്തെ നിരാകരിക്കുകയും നോവലിന്റെ ക്രിയാംശത്തിന് നിശ്ചിത ലക്ഷ്യകേന്ദ്രിതത്വം നഷ്‌ടപ്പെടുകയും ചെയ്യുന്നു.

സംവാദരൂപത്തിലുള്ള ആശയാവതരണം മലയാള നോവല്‍ വായനക്കാര്‍ക്ക് അപരിചിതമല്ല. ലക്ഷണമൊത്ത ആദ്യനോവലില്‍ത്തന്നെ അതിന്റെ പതിനെട്ടാമധ്യായത്തില്‍ മതം, ഈശ്വരന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നിവയെ സംബന്ധിച്ച ചര്‍ച്ച കാണാം. 'അഭയാര്‍ഥികളി'ല്‍ ഇന്ത്യനവസ്ഥയുടെ നീറുന്ന പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. ഒരു നാട്ടിന്റെ അവസ്ഥ ചിത്രീകരിക്കുന്നതിന് ഊന്നല്‍ നല്‍കുന്ന നോവല്‍ എന്ന നിലയില്‍ 'അഭയാര്‍ഥികള്‍' എച്ച്.ജി. വെല്‍സിന്റെ 'ടോണോ ബങ്കേ' (Tono Bungay) നോവലുമായി സമാനത പുലര്‍ത്തുന്നു. ഇതിനെ നല്ല നോവലായി പലരും കരുതാറില്ല എന്ന കാര്യം സൂചിപ്പിച്ചുകൊണ്ടുതന്നെ, അതിലെ ഭാഷ, ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍, ഭാവനാത്മകമായ ഊര്‍ജം പ്രസരിപ്പിക്കുന്ന കലാസൃഷ്‌ടിയാണെന്നും അതു മികച്ച നോവല്‍ തന്നെയാണെന്നും ഡേവിഡ് ലോഡ്‌ജ് അഭിപ്രായപ്പെടുന്നു (Language of Fiction, P. 215). രാഷ്‌ട്രതന്ത്രവും സാമ്പത്തികശാസ്‌ത്രവും ചരിത്രവും സാമൂഹ്യശാസ്‌ത്രവും ചര്‍ച്ചചെയ്യുന്ന ആ നോവല്‍ ഇംഗ്ളണ്ടിന്റെ അവസ്ഥയുടെ സാമൂഹ്യമായ അപഗ്രഥനമാണ് എന്നും അദ്ദേഹം പറയുന്നുണ്ട് (പു. 218).

മൂന്ന്

'അഭയാര്‍ഥി'കളുടെ മേല്‍ വിവരിച്ച സ്വഭാവം അതിലെ ഭാഷയെ എങ്ങനെ രൂപപ്പെടുത്തിയിരിക്കുന്നു എന്ന് പരിശോധിക്കാം.

നോവലിന്റെ ആരംഭം ഇങ്ങനെയാണ്.

"തലയും ചെവിയും മൂടിയ പുതപ്പിനുള്ളില്‍ ഒതുങ്ങിക്കൂടി, കൂടാരങ്ങള്‍ക്കിടയിലൂടെ വിറച്ചുവിറച്ചു നടന്ന് മേസ്‌തിരിമാര്‍ അവരവരുടെ സംഘങ്ങളെ ഒച്ചവച്ച് ഉണര്‍ത്താന്‍ തുടങ്ങി. അവരുടെ വിളികേട്ട് പണിക്കാര്‍ ഓരോരുത്തരായി ഇപ്പോള്‍ കൂടാരങ്ങള്‍ക്കകത്തുനിന്നു കണ്ണുതിരുമ്മി കോട്ടുവായിട്ടു പുറത്തുവരും. ഇത്തിരിനേരം അവര്‍ ഉറക്കം തെളിയാത്ത കണ്ണുകളുമായി, ഇരുട്ടില്‍നിന്ന് ഇനിയും വിടുതി നേടിയിട്ടില്ലാത്ത നദിയുടെ ജലപ്പരപ്പിനെ നോക്കിനില്‍ക്കും. പിന്നീട് ചലിക്കാന്‍ തുടങ്ങും, ഒറ്റയ്‌ക്കൊറ്റയായും. തമ്മില്‍ ഒരു വാക്ക് ഉരിയാടുകയോ, പരിചയം കാണിക്കുകയോയെങ്കിലും അവര്‍ ചെയ്യുകയില്ല. എന്നിട്ടും അവരുടെ വഴികള്‍ വേറെയല്ല. ഒരേ വഴിയിലൂടെ ചലിക്കുന്ന അതേ മനുഷ്യരാണ് അവരെല്ലാം.''

തെളിഞ്ഞ, സജീവമായ ആഖ്യാനഭാഷയാണിത്. നോവലിസ്‌റ്റുകള്‍ സാമാന്യമായി ആഖ്യാനത്തിന് സ്വീകരിക്കുന്നതാണ് ഈ ഭാഷ. വിവരണസന്ദര്‍ഭങ്ങളിലെല്ലാം ഈ രീതിയാണ് ആനന്ദ് പിന്തുടരുന്നത്. ചരിത്രത്തിന്റെ അധ്യായ മടക്കുകള്‍ ഓരോന്നായി നിവര്‍ത്തിനോക്കി മനുഷ്യന്‍ സംഭരിച്ച നാഗരിക സമ്പന്നത പരിശോധിക്കുമ്പോഴും ഈ ഭാഷ സ്വീകരിക്കുന്നു:

"ആയിരം നാഴിക നീളത്തില്‍ ആയിരമടി മാത്രം താഴുന്ന പച്ചച്ച ഗംഗാസമതലത്തിലൂടെ ആക്രമണത്തിനിറങ്ങുന്ന ചക്രവര്‍ത്തിമാര്‍ തങ്ങളുടെ കുതിരകളുടെ കാലുകളെ വിശ്രമിക്കാന്‍ അനുവദിക്കാതെ ഓടിച്ചുപോയി. ഗംഗാസമതലത്തില്‍ ആഘോഷങ്ങളുടെ ആഡംബരത്തോടെ സാമ്രാജ്യങ്ങള്‍ സാമ്രാജ്യങ്ങളുമായി ഇടഞ്ഞു. കോട്ടകള്‍ ഇടിച്ചുതകര്‍ക്കപ്പെടുകയും ബസാറുകള്‍ കവര്‍ച്ച ചെയ്യപ്പെടുകയും ചെയ്‌തു. നഗരങ്ങള്‍ കത്തി. പുരുഷന്മാര്‍ തലകളും സ്‌ത്രീകള്‍ മാനവും കൈവെടിഞ്ഞു. നിയമം ലംഘിക്കുന്ന സത്യാഗ്രഹികള്‍ ലാഠിയും വെടിയുണ്ടകളും ഏറ്റുവാങ്ങി.''

ഇവിടെ ചരിത്രഘോഷയാത്രയുടെ താളം തുടിക്കുന്ന ഭാഷ കണ്ടെത്താം. ഒപ്പം ചരിത്രപ്രയാണം നോക്കിനില്‍ക്കുന്ന വ്യക്തിയുടെ ഗദ്ഗദത്തിന്റെ പതിഞ്ഞ താളം ഇതിനോട് കലരുന്നു. "ദുഃഖിതനെ സ്വയമേവ ഒറ്റപ്പെടുത്തുന്നതായി എന്തോ ഒന്നുണ്ട് ദുഃഖത്തില്‍. അത് അവനെ അവന്റെ വേദനകളുടേതായ ഒരു സ്വകാര്യലോകത്തിലേക്ക് വലിയാന്‍ പ്രേരിപ്പിക്കുന്നു. ദുഃഖം സ്വയം ഒരു മതിലാണ്. അത് ദുഃഖിതന് ചുറ്റും ഒരു ക്രിസലിസ് പോലെ വളരുകയും അവനെ അതിന്റെ തടവുകാരനാക്കുകയും ചെയ്യുന്നു. ദുഃഖത്തിന്റെ തോതു കൂടുംതോറും ഈ ചുമരിന് വണ്ണം കൂടും... സുഖത്തില്‍ മനുഷ്യന്‍ ഒരു സമുദായമാകുന്നു. എന്നാല്‍ ദുഃഖത്തില്‍ അവന്‍ ഏകനാണ്.'' ഇവിടെ, ലഘുവാക്യങ്ങള്‍ വിഷാദത്തെ ആവാഹിക്കാന്‍ പര്യാപ്‌തമായിരിക്കുന്നു.

പ്രബന്ധഭാഷ സ്വീകരിച്ച സന്ദര്‍ഭങ്ങള്‍ ധാരാളമാണ്. ഗൌതമന്‍ രചിച്ച ദീര്‍ഘപ്രബന്ധം തന്നെ നോവലിലുണ്ട്. സ്വന്തം ആശയം സമര്‍ഥിക്കുന്നതിലെ യുക്തിഭദ്രത പ്രബന്ധഭാഷയില്‍ തെളിഞ്ഞുകാണാം.

I.

"ക്രിസ്‌തുമതം പലതായി പിരിഞ്ഞ്, അന്ധമായ ആചാരാനുഷ്‌ഠാനങ്ങളിലും ആത്മീയതയുടെ പേരില്‍ വ്യര്‍ഥമായ വാഗ്വാദങ്ങളിലും മുഴുകുക കാരണം വെറും ശാരീരികമായ നിലനില്‍പ് ഉറപ്പിക്കുന്നതിനു വേണ്ടിയെങ്കിലും മനുഷ്യന് അലസമായ തത്ത്വചിന്തയില്‍നിന്നും മിസ്‌റ്റിസിസത്തില്‍നിന്നും മോചനം തേടേണ്ടത് ആവശ്യമായി. ഇതാണ് ഇസ്ളാമിന് നിറവേറ്റേണ്ടിയിരുന്ന ചുമതല. ആ ചുമതല അതു സമര്‍ഥമായിത്തന്നെ നിറവേറ്റുകയും ചെയ്‌തു. ദൈവം ഒന്നേയുള്ളൂ, എല്ലാം ദൈവത്തിന്റെ സൃഷ്‌ടികള്‍. മുഹമ്മദ് ദൈവത്തിന്റെ പ്രവാചകന്‍ എന്ന വെളിപാട് ഒന്നുകൊണ്ടു മാത്രം അതു ധാര്‍മികമായ എല്ലാ തര്‍ക്കങ്ങളെയും വാദങ്ങളെയും തള്ളിമാറ്റി.''

II.

"സ്വാതന്ത്ര്യത്തില്‍നിന്നും ചുമതലയില്‍ നിന്നും ഒളിക്കുവാനുള്ള പോംവഴികളില്‍ ഏറ്റവും പ്രധാനവും സാധാരണവുമായതാണ് മതമെന്ന് തോന്നുന്നു. രാഷ്‌ട്രീയമായ സര്‍വാധിപത്യങ്ങളും അവന് നീട്ടിക്കാണിക്കുന്നത് ഇത്തരം പോംവഴികളാണ്. ചരിത്രത്തിന്റെ ചില പ്രത്യേകഘട്ടങ്ങളില്‍ ഇത്തരം പലായനം വ്യാപകമായ ഫാഷനായിത്തീരുന്നു. ഒരുവിധത്തില്‍, മനുഷ്യന്റെ പല പ്രവൃത്തികളും സ്വാതന്ത്ര്യത്തെ അഭിമുഖീകരിക്കുമ്പോള്‍ അവന്‍ കൈക്കൊള്ളുന്ന പദ്ധതിയുടെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയുമെന്നാണ് എനിക്കു തോന്നുന്നത്. സ്വാതന്ത്ര്യത്തില്‍ നിന്നുള്ള പലായനം പൊതുവേ ആത്മീയതയായി വ്യാഖ്യാനിക്കപ്പെടുന്നു.''

III.

"മുതലാളിത്തവ്യവസ്ഥിതി സാഹചര്യങ്ങള്‍ക്കനുസരിച്ച് നിറം മാറുന്നതും, സാമ്പത്തികാധികാരം കുറച്ച് വ്യക്തികളില്‍നിന്ന് കൂടുതല്‍ വിശാലമായ ഒരു തലത്തിലേക്ക് ഇറങ്ങിവരുന്നതുമാണ് മാര്‍ക്സിനു ശേഷമുള്ള ലോകം കണ്ടത്. താഴെനിന്ന് ട്രേഡ് യൂണിയനുകളുടെ വളര്‍ച്ചയും മുകളില്‍നിന്ന് ജനാധിപത്യക്ഷേമരാഷ്‌ട്രങ്ങളുടെ ഉദയവുമാണ് ഈ മാറ്റം കൈവരുത്തിയത്. യൂണിയനുകളിലൂടെ തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താമെന്ന് കണ്ടറിഞ്ഞ തൊഴിലാളികള്‍ക്ക് വിപ്ളവം ആവശ്യമില്ലാതായി. ഒരു വിപ്ളവവര്‍ഗമല്ലാതാകുകയും ചെയ്‌തു!''

യുക്തിപ്രധാനമായ ആഖ്യാനത്തിന് ഉചിതമായ ഭാഷാരീതിയാണ് ആനന്ദ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. വൈകാരികാംശത്തെ ആവാഹനം ചെയ്യുന്ന ആഖ്യാനരീതിക്ക് കീഴ്പ്പെടുന്നതായിരിക്കും നോവലില്‍ ആമൂര്‍ത്താശയങ്ങളുടെ ആഖ്യാനം. എന്നാല്‍ 'അഭയാര്‍ഥി'കളില്‍ കേവലാശയങ്ങള്‍ പല സന്ദര്‍ഭങ്ങളിലും പ്രാധാന്യം നേടുന്നുണ്ട്. അതിനാല്‍ ഭാഷയുടെ ധ്വനനശക്തി, വേണ്ടവിധത്തില്‍ നോവലിസ്‌റ്റ് പ്രയോജനപ്പെടുത്തുന്നില്ല എന്ന തോന്നല്‍ വായനക്കാരില്‍ അവശേഷിക്കുന്നു. എന്നാല്‍, സവിശേഷമായ വൈകാരികാവസ്ഥയില്‍ കുടുങ്ങിപ്പോയ മനുഷ്യന്റെ ദൈന്യം അവതരിപ്പിക്കുമ്പോള്‍ മനസ്സിന്റെ വിങ്ങല്‍ ഏറ്റെടുക്കാന്‍ ഭാഷയ്‌ക്ക് കഴിയുന്നുണ്ട്.

I.

അങ്ങനെയൊരു പ്രഭാതത്തിലാണ്, വിറങ്ങലിപ്പിക്കുന്ന മഞ്ഞില്‍ ഒരിടത്ത് ഒരു ചിതയ്‌ക്കരികെയിരുന്ന് രണ്ടു സാധുക്കള്‍ തീ കായുന്നതു തങ്ങള്‍ കണ്ടത്. നിര്‍ജനമായ നദീതീരം. കനം കുറഞ്ഞിട്ടില്ലാത്ത ഇരുട്ട്. കെടാന്‍ തുടങ്ങിയ ചിതയ്‌ക്കു നേരെ കാണിച്ചു കൈകള്‍ ചൂടുപിടിപ്പിക്കുന്ന സാധുക്കള്‍. തങ്ങള്‍ അതുതന്നെ നോക്കിനിന്നു. വേറെയെല്ലാം തല്‍ക്കാലത്തേക്ക് അപ്രസക്തമായതുപോലെ. തങ്ങളുടെ മുന്‍പില്‍ അപ്പോള്‍ അതു മാത്രമായി - കറുത്ത ചാരം മൂടിത്തുടങ്ങിയ ചുവന്ന കനലുകളും കാഷായവസ്‌ത്രത്തില്‍ പൊതിഞ്ഞ ഇരുണ്ട മനുഷ്യരും. അന്ന് തങ്ങള്‍ ഒന്നും സംസാരിക്കാതെ വളരെ നേരം നടന്നു.

II.

തന്നെ ഭയന്ന അഴിമതിക്കാരായ ചില ഭരണകര്‍ത്താക്കള്‍ തനിക്കെതിരെ പടച്ചൂകൂട്ടിയ ഒരു കള്ളക്കേസില്‍ പ്രതിയായി സ്വയം വാദിക്കുകയായിരുന്നു ഹരിദാസ്. പെട്ടെന്നാണ് അതുണ്ടായത്. അയാള്‍ക്കൊപ്പം പണ്ട് ജയിലില്‍ക്കിടന്ന വയസ്സനായ ഒരു പഴയ പോരാളി കോടതിയില്‍ പ്രത്യക്ഷപ്പെട്ടു, ഗവണ്‍മെന്റ് ഭാഗത്തെ സാക്ഷിയായി. ഹരിദാസ് വിസ്‌മയിച്ചു നില്‍ക്കേ, അയാള്‍ തത്തപറയുംപോലെ പറയാന്‍ തുടങ്ങി, താന്‍ മോഷ്‌ടിക്കുന്നതും ഓടുന്നതും കളവുമുതല്‍ ഒരിടത്ത് കുഴിച്ചിടുന്നതുമെല്ലാം. അയാള്‍ സ്വന്തം കണ്ണാല്‍ കണ്ട കഥ. അതുകേട്ടപ്പോള്‍ ഹരിദാസ് തന്റെ വാദം നിറുത്തി. സാക്ഷിയെ എതിര്‍ വിസ്‌തരിക്കുന്നതിനു പകരം ആ മനുഷ്യന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് ഏറ്റുപറഞ്ഞു. താന്‍ മോഷ്‌ടാവാണെന്നും കുറ്റവാളിയാണെന്നും സമ്മതിച്ചു ശിക്ഷ ഏറ്റുവാങ്ങി. 'എന്റെ നേരെ നോക്കാനാകാതെ അപ്പോള്‍ ആ മനുഷ്യന്‍ മുഖം പൊത്തി കരയുന്നത് ഞാന്‍ കണ്ടു. ജയിലില്‍ കഴിഞ്ഞുപോയ രണ്ടുകൊല്ലം മുഴുവന്‍ അയാളുടെ ആ കരയുന്ന മുഖം ഓരോ രാത്രിയും എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്റെ ഉറക്കം നഷ്‌ടപ്പെടുത്തി. ഒരു ഭീകര കടംകഥയായിരുന്ന അത് എന്നെ ഭ്രാന്തനാക്കി. എന്തിനാണ് അയാള്‍ അങ്ങനെ ചെയ്‌തത് ?

III.

ശാന്തി ഒരു കഥ പറയാന്‍ തുടങ്ങി. 'നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ മുറിയിലെത്തിയ ഒരു യുവതിയെ ഒരു ഭ്രാന്തന്‍ ആക്രമിച്ചു. അവളുടെ കരച്ചില്‍ കേട്ട് അയല്‍പക്കത്തുള്ള സ്‌ത്രീകളും പുരുഷന്മാരുമായ മുപ്പത്തിയെട്ടുപേര്‍ അവരുടെ ഫ്ളാറ്റുകളില്‍നിന്നും മുറികളില്‍നിന്നും പുറത്തുവന്ന് അവളുടെ ജനലുകളില്‍ വന്നുനിന്ന് ആ കാഴ്‌ച കണ്ടു. അവളെ കൊല്ലുന്നതില്‍ ആ ഭ്രാന്തന്‍ ഒരു മണിക്കൂറിലധികം സമയം എടുത്തുവെങ്കിലും, അത്രയുംനേരം അവള്‍ സഹായത്തിനു വേണ്ടി കരഞ്ഞുകൊണ്ടിരുന്നുവെങ്കിലും, ആ മുപ്പത്തിയെട്ടുപേരും സ്‌തബ്‌ധരായി ആ കാഴ്‌ച കണ്ട് നിന്നതേയുള്ളൂ. ഒരാള്‍ക്കെങ്കിലും ഉള്ളില്‍ക്കടന്ന് അവളെ രക്ഷിക്കാനോ പോലീസിനെ വിളിക്കാനെങ്കിലുമോ തോന്നിയില്ല.'

പലപ്പോഴും തത്ത്വചിന്താഭരിതമാവുന്ന ഭാഷ ചിലപ്പോള്‍ പ്രവാചകസ്വരം ഉള്‍ക്കൊള്ളുന്നു:

"കാലത്തെ ബന്ധിക്കാനാവില്ല. കാരണം, കാലം യാത്രയാണ്. യാത്രയെ ബന്ധിക്കുന്നവന്‍ യാത്രക്കാരനല്ലാതാകുന്നു.

കാലത്തെ പ്രതിഷ്‌ഠിക്കാനാവില്ല. കാരണം കാലം സൃഷ്‌ടിയാണ്. സൃഷ്‌ടിയെ പ്രതിഷ്‌ഠയാക്കുന്നവന്‍ സ്രഷ്‌ടാവല്ലാതാകുന്നു.

നീ ആരുടെ വിളികേട്ടു പിന്നാലെ ഇറങ്ങിത്തിരിച്ചുവോ, ആ കാലം ഹേ പഥികാ, നിനക്ക് വെളിയിലല്ല, ഉള്ളില്‍ തന്നെയാകുന്നു. കാലം ഉള്ളില്‍ പ്രവേശിച്ച പ്രകൃതിയാണ് പഥികന്‍. സമയം ഉള്ളില്‍ അവതരിച്ച വസ്‌തുവാണ് പഥികന്‍.''

തന്റെ ആഖ്യാനഭാഷയുടെ ഏകതാനതയെക്കുറിച്ച് ആനന്ദിനു തന്നെ ബോധ്യമുണ്ടെന്നു തോന്നുന്നു. അതില്‍ നിന്നുള്ള മോചനത്തിന് അദ്ദേഹം ചില സന്ദര്‍ഭങ്ങളില്‍ ശ്രമിക്കുന്നതായി കാണാം. ഭിന്നമായ ആശയഗതികളെ പരസ്‌പരവിരുദ്ധമായ താല്‍പര്യങ്ങളായി മുഖാമുഖം നിറുത്തി സംഘര്‍ഷാത്മകമായ അന്തരീക്ഷം സൃഷ്‌ടിക്കുന്ന രീതി നോവലിസ്‌റ്റ് കൈക്കൊണ്ടിട്ടുണ്ട്. അങ്ങനെ ആഖ്യാനസന്ദര്‍ഭത്തിന് നാടകീയത കൈവരുത്തുന്നുണ്ട്, അദ്ദേഹം. നാലു സന്ദര്‍ഭങ്ങളില്‍ അദ്ദേഹം നാടകഭാഷ സ്വീകരിക്കുകയും ആഖ്യാനസ്ഥലത്തെ രംഗവേദിയാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.

ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ അപചയമാണ് സന്ദര്‍ഭം. ഇത് രണ്ട് ഹ്രസ്വരംഗങ്ങളായി നോവലിസ്‌റ്റ് നാടകവല്‍ക്കരിക്കുന്നു. ആദ്യം മഹാത്മാവിന്റെ അന്തേവാസികളും, ദേവാലയവും അതില്‍ ഗാന്ധിജിയെ പ്രതിഷ്‌ഠിക്കാന്‍ പ്രതിമകള്‍ നിര്‍മിക്കുന്ന ശില്‍പികളും തമ്മിലുള്ള സംഭാഷണമാണ്. തുടര്‍ന്ന്, മഹാത്മാവിന്റെ സാക്ഷികളും ചരിത്രകാരന്മാരും തമ്മിലുള്ള വാഗ്വാദവും. തനത് നാടകത്തിലെ സംഭാഷണ ശൈലിയെയാണ് നോവലിസ്‌റ്റ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

ചരിത്രകാരന്മാര്‍: സഭ്യതവിട്ട് സംസാരിക്കുകയും നാണം മറയ്‌ക്കാതെ നടക്കുകയും ചെയ്യുന്ന മനുഷ്യരേ, നിങ്ങളാര് ? അത്താണിയിലും ആല്‍ത്തറയിലും നിന്ന് നിങ്ങള്‍ വിളിച്ചു പറഞ്ഞതെന്ത് ?

സാക്ഷികള്‍: അസഭ്യമല്ല, സത്യമത്രേ ഞങ്ങള്‍ വിളിച്ചുപറയുന്നു. നാണത്തെയല്ല, നുണകളെയല്ലോ ഞങ്ങള്‍ മറനീക്കുന്നു. ഞങ്ങള്‍ സാക്ഷികള്‍. കാണുകയും കേള്‍ക്കുകയും ഓര്‍മിപ്പിക്കുകയും ഞങ്ങളുടെ തൊഴില്‍. അത്താണിയില്‍ നിന്നുപോരാ, ആല്‍ത്തറയില്‍ നിന്നുപോരാ, പെരുവഴിയില്‍ നിന്നും പുരപ്പുറത്തു നിന്നും ഞങ്ങളത് ഘോഷിക്കും.

ചരിത്രകാരന്മാര്‍: വിഡ്ഢികളായ സാക്ഷികളേ, സത്യത്തിന്റെ കോവില്‍ വഴിക്കവലയോ പുരപ്പുറമോ അല്ല, കാഴ്‌ചബംഗ്ളാവും ഗവേഷണശാലയും ആകുന്നു. വഴിയിലും വെളിയിലും വലിച്ചിഴച്ചല്ല, കോവിലില്‍ കൊണ്ടുവന്നു വാഴിച്ചു പൂജിച്ചല്ലോ അതിനെ മാനിക്കേണ്ടൂ. അങ്ങനെയാകുന്നു സത്യം ചരിത്രമാകുന്നത്. സത്യത്തെ ചരിത്രമാക്കി മാറ്റുന്ന ചരിത്രകാരന്മാര്‍ ഞങ്ങള്‍.

സാക്ഷികള്‍ : സത്യത്തെ വാഴിച്ചു പൂജിച്ച് ചരിത്രമാക്കി മാറ്റുകയോ? സത്യമല്ലാതെ ചരിത്രമെന്ത് ? സത്യാന്വേഷികളല്ലാതെ ചരിത്രകാരന്മാര്‍ ആര് ? ന്യായസിംഹാസനത്തില്‍ കയറിയിരിക്കുന്നവരേ, നിങ്ങള്‍ തിരയുന്നത് സത്യമാണെങ്കില്‍ ഈ കാഴ്‌ചബംഗ്ളാവും ഗവേഷണശാലയും വിട്ട് വെളിയിലിറങ്ങുവിന്‍. അമ്പലങ്ങളായ അമ്പലങ്ങളിലും വീടുകളായ വീടുകളിലും നടക്കുന്ന മന്ത്രവാദവും ആഭിചാരവും കാണുവിന്‍. ഒരിടത്തും രണ്ടിടത്തുമല്ല ആയിരമിടങ്ങളിലല്ലോ മഹാത്മാവ് വധിക്കപ്പെടുന്നു.''

ചരിത്രകാരന്മാര്‍ സാക്ഷികളെ വിലങ്ങുവയ്‌ക്കുന്നതും, കളവും ചതിയും തൊഴിലാക്കിയ തസ്‌കരവര്‍ഗം ഭരിക്കുന്ന നഗരത്തില്‍ മഹാത്മാവിനെ അന്വേഷിക്കുന്ന അന്തേവാസികള്‍ ജമീന്താര്‍മാരുമായും തസ്‌കരന്മാരുമായും സംവാദത്തിലേര്‍പ്പെടുന്നതും, ക്ഷേത്രഗുഹ വിട്ടിറങ്ങിവന്ന അന്തേവാസികള്‍ മതിലിന്റെ പടികളില്‍നിന്നും ഒന്നൊന്നായി പിടഞ്ഞു താഴേയ്‌ക്ക് പതിക്കുന്നതും ചരിത്രകാരന്മാര്‍ സാക്ഷികളെ വിചാരണ ചെയ്‌തു പ്രതിമകളാക്കി മാറ്റുന്നതും ആയ രംഗങ്ങള്‍ വികാരതീവ്രമായ നാടകഭാഷയില്‍ നോവലിസ്‌റ്റ് ആവിഷ്‌കരിക്കുന്നുണ്ട്. ആഖ്യാനഭാഷയുടെ സമുചിതമായ വിനിയോഗത്തിന്റെ സാഫല്യമാണ് ഈ ഭാഗങ്ങളില്‍ കാണാന്‍ കഴിയുന്നത്.

ഗദ്യഭാഷയുടെ പ്രസന്നവും ഗംഭീരവുമായ മുഖം 'അഭയാര്‍ഥികളി'ല്‍ കാണാം. അഭ്യസ്‌തവിദ്യരും ചിന്താശീലരുമായ വ്യക്തികളുടെ മാനസികമായ വളര്‍ച്ചയെ ദ്യോതിപ്പിക്കുന്ന ഭാഷ ആനന്ദ് കണ്ടെത്തിയിരിക്കുന്നു. ആംഗലപദങ്ങളുടെ ആധിക്യം അത്തരത്തില്‍ ന്യായീകരിക്കപ്പെടാവുന്നതാണ്. എന്നാല്‍ എത്രയോ ഇംഗ്ളീഷ് വാക്യങ്ങളും, ചിലപ്പോള്‍ കവിതാഭാഗങ്ങളും, കൂട്ടത്തില്‍ സ്ഥാനംപിടിച്ചിരിക്കുന്നത് അസ്വാരസ്യം ഉണ്ടാക്കുന്നുണ്ട്.

കാവ്യഭാഷയ്‌ക്ക് എന്നപോലെ ഗദ്യഭാഷയ്‌ക്കും താളമുണ്ട് - നോവലിലും ചെറുകഥയിലും ഈ താളം പ്രാധാന്യമര്‍ഹിക്കുന്നു. അതു രചനയില്‍ ആവിഷ്‌കൃതമാവുന്ന വൈകാരികാംശത്തിന്റെ സൂക്ഷ്‌മസ്വഭാവം പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പലതരം താളങ്ങള്‍ 'അഭയാര്‍ഥികളി'ല്‍ കാണാം. സംവാദത്തിന്റെ ഭാഷയ്‌ക്ക് സമര്‍ഥനത്തിന്റെ ഊര്‍ജസ്വലതയാണുള്ളത്. അവിടെ നീണ്ട വാക്യങ്ങള്‍ കാണുന്നു. സമര്‍ഥനസ്വഭാവമില്ലാതെ ചരിത്രകഥനം നിസ്സംഗമായി അവതരിപ്പിക്കുന്ന ഭാഗങ്ങളില്‍ ലഘുവാക്യങ്ങളാണ് കാണുന്നത്. വികാരഭരിതമായ സന്ദര്‍ഭങ്ങളില്‍ ആഖ്യാതാവിന്റെ ശ്വാസഗതിയെപ്പോലും അനുഭവിക്കാന്‍ വായനക്കാര്‍ക്ക് കഴിയുന്നു. സന്ദര്‍ഭമനുസരിച്ച് ഭാഷ മാറുന്നു എന്നതുകൊണ്ടുതന്നെ വളരെ നിഷ്‌കര്‍ഷയോടെയാണ് ആനന്ദ് ആഖ്യാനഭാഷ തയ്യാറാക്കിയിരിക്കുന്നത് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.

'അഭയാര്‍ഥികള്‍' ശ്രദ്ധാപൂര്‍വം വായിക്കേണ്ട നോവലാണ്. നോവല്‍ കഥ വായിച്ചു തീര്‍ക്കാനുള്ള ആഖ്യാനരൂപമാണ് എന്ന ധാരണ തിരുത്തി മനസ്സു പൂര്‍ണമായും അതില്‍ മുഴുകിയാലേ അതിന്റെ ഭാവസാന്ദ്രത അനുഭവിക്കാനാവുകയുള്ളൂ. ശുഷ്‌കഭാഷയുടെ തോടു പൊട്ടിച്ച് അകം പരിശോധിച്ചാല്‍ അതില്‍ അനുഭൂതിയുടെ ആര്‍ദ്രത സ്‌പന്ദിക്കുന്നതായി കണ്ടെത്താം. തന്റെ ഷഷ്‌ടിപൂര്‍ത്തിവേളയില്‍ ലഭിച്ച മംഗളപത്രത്തിന് മറുപടി പറഞ്ഞ കേസരി ബാലകൃഷ്‌ണപിള്ള തന്റെ ഗവേഷണത്തിന്റെ പേരില്‍ ഉണക്കശാസ്‌ത്രിയായി കരുതുന്നുണ്ടെന്നും എന്നാല്‍ ഉണക്കഗവേഷണത്തിനകത്ത് പച്ചയായ ചിലതുണ്ട് എന്നും പറയുന്നുണ്ട്. ആനന്ദിനും തന്റെ നോവലുകളെക്കുറിച്ച് ഇങ്ങനെ പറയാന്‍ അവകാശമുണ്ട്.

*****

ഡോ.എന്‍. മുകുന്ദന്‍, കടപ്പാട് : ഗ്രന്ഥാലോകം ആഗസ്റ്റ് 2010

അധിക വായനയ്‌ക്ക് :

1. ചരിത്രരഹിതര്‍, ഈ ശരണാര്‍ഥികള്‍
2. മനസ്സാക്ഷിയുടെ താരസ്വരം
3. ആനന്ദിന്റെ നോവല്‍ഭാഷ
4. എഴുത്ത്, ചരിത്രം, സംസ്‌കാരം
5. ആനന്ദ് : എഴുത്തുകളും എഴുത്തുകാരനും
6. ആനന്ദ് എം. ഗോവിന്ദന് അയച്ച കത്തുകള്‍
7. ആനന്ദിന്റെ ആശയപ്രപഞ്ചം
8. എതിര്‍ദിശാസഞ്ചാരം
9. സ്വാതന്ത്ര്യം: മിഥ്യയും യാഥാര്‍ഥ്യവും
10. അപഹരിക്കപ്പെട്ട നീതിശാസ്‌ത്രം
11. ദാര്‍ശനികതയുടെ മൂലകങ്ങള്‍
12. നീതിയും ചരിത്രവും- ആനന്ദിന്റെ അന്വേഷണങ്ങള്‍
13. കഥയിലെ സംവാദസ്ഥലങ്ങള്‍

No comments: