Saturday, September 11, 2010

മിഴിവുള്ളസ്‌മരണകള്‍

മലയാളത്തില്‍ ഇത് വാരികത്താളുകളിലാകെ ഓര്‍മകള്‍ തിരതല്ലുന്ന കാലമാണ്. പൊള്ളുന്നതും മധുരം തികട്ടുന്നതുമായ ഓര്‍മകള്‍. വ്യക്ത്യനുഭവവും സാമൂഹികാനുഭവവും ഒന്നായിത്തീര്‍ന്ന അവിസ്‌മരണീയസന്ദര്‍ഭങ്ങളെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളാണവയിലേറെയും. ചിലതാകട്ടെ തീര്‍ത്തും വ്യക്തിനിഷ്‌ഠമായ അനുഭവങ്ങളുടെ വീണ്ടെടുപ്പിലൂടെ ഒരു കാലഘട്ടത്തിന്റെ ജീവിതക്രമത്തെയും വിശ്വാസാചാരങ്ങളെയും മനുഷ്യബന്ധങ്ങളെയുമെല്ലാം കുറിച്ച് പുത്തന്‍ തിരിച്ചറിവുകള്‍ തരുന്നവയും. ആയിരത്തിത്തൊള്ളായിരത്തിനാൽ‌പതുകളില്‍ അറിവുകളിലേക്കും തിരിച്ചറിവുകളിലേക്കും അനുഭവങ്ങളിലേക്കും കണ്ണുതുറന്നവരുടെ ഓര്‍മക്കുറിപ്പുകളാണ് നാമിന്നു വായിക്കുന്നവയില്‍ ഭൂരിപക്ഷവും.

കേവലമനുഷ്യരെ അമാനുഷരാക്കാന്‍ പോന്ന കാലമായിരുന്നു അത്. മുന് ‍- പിന്‍ നോക്കാതെ സ്വാതന്ത്ര്യസമരത്തിലേക്കും വിപ്ളവ പ്രവര്‍ത്തനത്തിലേക്കും എടുത്തുചാടിയ ആയിരക്കണക്കിനുനു മനുഷ്യരുടെ കാലം. എഴുത്തിലും വരയിലും രംഗകലകളിലും സിനിമയിലും കളിക്കളങ്ങളിലുമെല്ലാം മായമുദ്രകള്‍ പതിപ്പിച്ചവരുടെ കാലം. ചെറിയകാര്യങ്ങളുടെ, ഒതുങ്ങിക്കൂടലുകളുടെ ഇന്നില്‍ നിന്ന് നോക്കുമ്പോള്‍ ഒരു 'വലിയ' കാലം. ഇന്ന് വായിക്കുകയും എഴുതുകയുമൊക്കെ ചെയ്യുന്നവരുടെ സജീവമായ ഓര്‍മകളില്‍ ജീവിക്കുന്ന കടന്നു പോയി എന്ന് ഇനിയും പറയാനാവാത്ത ആ കാലത്തിന്റെ ഓര്‍മകള്‍ താന്‍ കണ്ടവരും അടുത്തറിഞ്ഞവരുമായ കുറെ വലിയ - ചെറിയ മനുഷ്യരുടെ വ്യക്തിചിത്രങ്ങളിലൂടെ കോറിയിടുകയാണ് 'എന്റെ പ്രദക്ഷിണ വഴികള്‍' എന്ന സ്‌മൃതിചിത്രസമാഹാരത്തിലൂടെ കേരളം കണ്ട മികച്ച പത്രാധിപന്മാരില്‍ ഒരാളായ എസ്. ജയചന്ദ്രന്‍ നായര്‍.

ഈ സമാഹാരത്തിന് ജയചന്ദ്രന്‍ നായര്‍ നല്‍കിയിരിക്കുന്ന പേരില്‍ത്തന്നെ ഒരു ജീവിതദര്‍ശനത്തിന്റെ സൂചനയുണ്ട്. ഒരു പക്ഷേ, ജയചന്ദ്രന്‍ നായരുടെ വ്യക്തിസത്തയെ വെളിവാക്കുന്ന സൂചന. സഞ്ചാരങ്ങള്‍ ലക്ഷ്യരഹിതമായി നീളുന്ന ഒന്നല്ല ജയചന്ദ്രന്‍ നായര്‍ക്ക്. അത് നിരന്തരമായ മടങ്ങിവരവുകളുടെയും ആവര്‍ത്തനങ്ങളുടെയും ഒരു പരമ്പരയാണ്. അതിനുമപ്പുറം, തന്റെ മനസ്സിനെ സ്വാധീനിച്ച കുറെയേറെ മനുഷ്യവ്യക്തിത്വങ്ങള്‍ക്ക് ചുറ്റും നടന്ന് അവരിലെ അവരെ തിരിച്ചറിയാനുള്ള പരിശ്രമമാണ്. സ്‌നേഹവും ആദരവും ചില നിമിഷങ്ങളിലെങ്കിലും തികട്ടിവരുന്ന കവര്‍പ്പുമെല്ലാം ഇടകലര്‍ന്ന ഒരന്വേഷണപ്രദക്ഷിണം. താന്‍ പത്രപ്രവര്‍ത്തന ജീവിതമാരംഭിച്ച അമ്പതുകള്‍ മുതല്‍ രണ്ടായിരത്തിന്റെ ഏതാണ്ട് ഇങ്ങേയറ്റം വരെ നീളുന്ന കാലയളവിലേതാണ് ഈ സഞ്ചാരം. തന്റെ വ്യക്തിപരിചയത്തിനപ്പുറം നിന്നിരുന്ന/നില്‍ക്കുന്ന ആരെയോ പറ്റിയല്ല ജയചന്ദ്രന്‍ നായര്‍ എഴുതുന്നത്. മറിച്ച്, തന്റെ ജീവിതവഴിയില്‍ കണ്ടുമുട്ടുകയും ഏതോ ചില കാരണങ്ങളാല്‍ തന്റെ മനസ്സിന്റെ കോണില്‍ ചിരസ്ഥാനം നേടുകയും ചെയ്‌ത മനുഷ്യരെക്കുക്കുറിച്ചാണ്.

തങ്ങള്‍ ജീവിച്ച കാലത്തെ തങ്ങളുടെ വ്യക്തിസത്തയിലൂടെ പ്രതിനിധീകരിക്കുന്ന നിരവധി പ്രമുഖര്‍ ഈ രേഖാചിത്രങ്ങളിലൂടെ കടന്നുന്നുവരുന്നുണ്ട്. വി.ടിയെപ്പോലെ, എന്‍. ശ്രീകണ്‌ഠന്‍ നായരെപ്പോലെ, എം. എന്‍. ഗോവിന്ദന്‍ നായരെയും എന്‍. ഇ. ബാലറാമിനെയും പോലെയുള്ളവര്‍. എന്നാല്‍ ഈ പുസ്‌തകം ഒട്ടാകെ എടുത്താല്‍ ജയചന്ദ്രന്‍ നായര്‍ക്ക് വലുപ്പച്ചെറുപ്പമൊന്നും ഒരു പ്രശ്‌നമല്ലെന്ന് വ്യക്തമാകും. 'അരക്കയ്യന്‍ ഷര്‍ട്ടും മുട്ടുവരെയുള്ള മുണ്ടുമായി' തന്റെ വീട്ടുമുറ്റത്ത് നിന്ന് 'കുറ്റിത്താടിയെ പ്രഭാപൂരമാക്കുന്നക്കു മന്ദഹാസം' പൊഴിക്കുന്ന വി.ടിയും, 'മെതിക്കളത്തില്‍ ഒരു വശത്ത് കൂട്ടിയിട്ടിരുന്ന കറ്റകളുടെ കൂമ്പാരത്തില്‍ ചാരിക്കിടക്കുകയായിരുന്ന ' തകഴിച്ചേട്ടനും, 'മകുടു' എന്ന വിളിപ്പേരില്‍ കെ. ബാലകൃഷ്‌ണന്റെ പേട്ടയിലെ 'കൌമുദി' ഓഫീസില്‍ ലഹരിപകര്‍ച്ചകാരനായി നിന്ന് എങ്ങോ പോയി മറഞ്ഞ തങ്കപ്പനും ഈസ്‌മരണകളില്‍ ഒരേ ആര്‍ദ്രതയോടെ ഓര്‍മിക്കപ്പെടുന്നു. ആ കാലത്തിന്റെ ഈ രണ്ട് അതിരുകള്‍ക്കിടയില്‍ നില്‍ക്കുന്ന മറ്റ് നിരവധിപേര്‍. എല്ലാം പത്രപ്രവര്‍ത്തനത്തിന്റെ പ്രദക്ഷിണവഴിയില്‍ ജയചന്ദ്രന്‍ നായര്‍ ചില നിമിഷത്തേക്കോ ഒരായുസ്സിലേക്ക് തന്നെയോ കണ്ടവരും അറിഞ്ഞവരും സ്‌നേഹിച്ചവരും കലഹിച്ചവരും.

ആകസ്‌മികമായ കണ്ടുമുട്ടലുകള്‍ ഒരനുഭവമായും ഒരു വ്യക്തിയെയോ കാലത്തെയോ കുറിച്ചുള്ള തിരിച്ചറിവായും മാറുന്നത് ഈ കുറിപ്പുകളില്‍ കാണാം. ബന്ധനൈരന്തര്യങ്ങള്‍ രൂപപ്പെട്ടതിന്റെയും കണ്ണിമുറിഞ്ഞതിന്റെയും തെളിച്ചവും നനവുമുള്ള ചെറുവിവരണങ്ങളാണ് ഈ ഓര്‍മക്കുറിപ്പുകള്‍. ഒരു പാടെഴുതപ്പെട്ടവരെക്കാള്‍ ഈ പുസ്‌തകം മുന്നിലേക്ക് കൊണ്ടുവന്നത് ഒട്ടും എഴുതപ്പെടാതെപോയവരെയാണെന്നത് സ്വന്തം വ്യക്തിജീവിതത്തില്‍ അരികിലേക്കും വേദികളില്‍ നിന്നകലേക്കും മാറിനില്‍ക്കുന്ന ജയചന്ദ്രന്‍ നായരുടെ ജീവിതനിലപാടിനെത്തയൊണ്. അതില്‍തന്നെയും ഏറ്റവും ശ്രദ്ധേയം പത്രപ്രവര്‍ത്തനരംഗത്ത് തന്നോടൊപ്പം നിന്നവരുടെ നഖചിത്രങ്ങളാണ്. 'പത്രാധിപര്‍' കെ. സുകുമാരനും, എം. എസ്. മണിയും, കെ. സി. സെബാസ്‌റ്റ്യനും, കെ. വിജരാഘവനും, ജി. വേണുഗോപാലും, അദ്ദേഹത്തിന്റെ സഹോദരന്‍ ജി. യദുകുല കുമാറും, എന്‍. ആര്‍. എസ്. ബാബുവും, കെ. വേലപ്പനുമെല്ലാം കടന്നുവരുന്നുണ്ട് ഈ കുറിപ്പുകളില്‍. ചരിത്രത്തിന്റെ ദിനസരിക്കുറിപ്പുകള്‍ രചിക്കുകയും ചരിത്രത്തില്‍ നിന്ന് മാഞ്ഞുപോകുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യരുടെ ഓര്‍മച്ചിത്രങ്ങള്‍.

എല്ലാ ആത്മകഥകള്‍ക്കും ഓര്‍മക്കുറിപ്പുകള്‍ക്കും ഒരു അടിസ്ഥാനപ്രശ്‌നമുണ്ട്. അത് ആ ആത്മകഥയിലേയോ ഓര്‍മക്കുക്കുറിപ്പിലേയോ അനുഭവങ്ങളിലൂടെ ജീവിച്ച ആളല്ല യഥാര്‍ഥത്തില്‍ എഴുതുന്നത് എന്നതാണ്. അനുഭവ സന്ദര്‍ഭത്തില്‍ നിന്ന് ഏറെ ദൂരം സഞ്ചരിച്ചശേഷം നടത്തുന്ന തിരിഞ്ഞുനോട്ടമാണത്. അനുഭവമെന്ന ചൂടുള്ള, പലപ്പോഴും പൊള്ളുന്ന, യാഥാര്‍ഥ്യത്തെ ഓര്‍മയുടെ ചില്ലുജാലകത്തിലൂടെ കാണുമ്പോള്‍ കാണുന്ന കാഴ്ച യാഥാര്‍ഥ്യത്തിന്റെ അരികുകളും മുനകളും ചെത്തിമിനുക്കപ്പെട്ട ഒന്നാവാനുള്ള സാധ്യത ഏറെയാണ്. ഇവിടെയാണ് ജയചന്ദ്രന്‍ നായരുടെ ഓര്‍മക്കുറിപ്പുകള്‍ വ്യത്യസ്‌തമാകുന്നത്. ഈ പുസ്‌തകത്തിലെ എല്ലാസ്‌മൃതിചിത്രങ്ങളും കാലപ്പഴക്കത്തിന്റെ വര്‍ണം ചാലിക്കപ്പെടാത്തവയാണെന്നല്ല. അതങ്ങനെയാവുക സാധ്യവുമല്ലായിരിക്കാം. ഈ പുസ്‌തകത്തിന്റെ പ്രത്യേകത താന്‍ കണ്ട മനുഷ്യരുടെ ഭാഗധേയങ്ങളെക്കുറിച്ചുള്ള ജയചന്ദ്രന്‍ നായരുടെ മനസ്സില്‍ നിന്നൂറി വരുന്ന ആകുലതകളും ആഹ്ളാദങ്ങളുമാണ്. ഈ ഓര്‍മക്കുറിപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന പലരും അവരര്‍ഹിക്കുന്ന ഇടങ്ങളില്‍ എത്താതെ പോയവരാണെന്നുകൂടി ഓര്‍ക്കുമ്പോള്‍ പിന്നിലെ മനസ്സിന്റെ ഒരു നേര്‍ച്ചിത്രം കൂടെ അവ നല്‍കുന്നുണ്ട്. 'കുപ്പിച്ചില്ലുകള്‍' കഴിയുന്നത്ര പാറ്റിക്കൊഴിച്ച് 'റോസാദലങ്ങള്‍' മാത്രമാകുന്ന ഒരു മനസ്സിന്റെ ചിത്രം.

പക്ഷേ ഒരു ചോദ്യം. എന്തുകൊണ്ടാണ് ഈ പുസ്‌തകം ഒരു പുരുഷലോകത്തെ മാത്രം കാട്ടുന്നത്? ഈ താളുകളില്‍ സ്‌ത്രീകള്‍ തീരെ സ്‌മരിക്കപ്പെടുന്നില്ലെന്നല്ല. സ്‌ത്രീകള്‍ ഈ പുസ്‌തകത്തിലേക്ക് കടന്നുവരുന്നുണ്ട്. 117 പേർക്കിടയിൽ കൃത്യമായി പറഞ്ഞാല്‍ മൂന്നേ മൂന്ന് സ്‌ത്രീകള്‍: മന്ദാകിനി നാരായണന്‍, മാധവിക്കുട്ടി, തെരേസാ വിജയന്‍ എന്നിവര്‍. പിന്നെ ചില രേഖാചിത്രങ്ങളില്‍ അവിടവിടെ മിന്നിമറയുന്ന ചിലരും ഈ പുസ്‌തകം സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ജയചന്ദ്രന്‍ നായരുടെ പത്നി സരസ്വതി അമ്മയും. ഇതൊരു കാലഘട്ടത്തിന്റെ ബന്ധവ്യവസ്ഥയുടെ അടയാളമോ അതോ ജയചന്ദ്രന്‍ നായരെ മനുഷ്യവ്യക്തിയുടെ അനുഭവപരിസരത്തിന്റെ സൂചകമോ? രണ്ടായാലും അതൊരു കുറവു തന്നെയാണ്. ഓര്‍ക്കപ്പെടാന്‍ അര്‍ഹരായ ഒരുപാട് സ്‌ത്രീകള്‍ കേരളസമൂഹത്തിന്റെ ഹൃദയസ്ഥാനത്ത് നിന്നിരുന്ന/നില്‍ക്കുന്ന കാലത്ത് ജീവിച്ച/ജീവിക്കുന്ന ജയചന്ദ്രന്‍ നായര്‍ അവരെക്കുറിച്ച് തന്റെ വാരികാ പംക്തിയില്‍ എഴുതാതെ പോയതോ അതോ ഈ പുസ്‌തകത്തിനായുള്ള തെരഞ്ഞെടുപ്പില്‍ അവര്‍ അരികുകളിലേക്ക് തള്ളിമാറ്റപ്പെട്ടതോ? ഇതിലേതായാലും അതിനൊരു പ്രതിവിധിയേ ഉള്ളൂ: ഇതുപോലെ കാലത്തെയും ജീവിതത്തെയും പ്രതിഫലിപ്പിച്ച/പ്രതിഫലിപ്പിക്കുന്ന സ്‌ത്രീചിത്രങ്ങളുടെ മറ്റൊരോര്‍മപ്പുസ്‌തകം.

ഈ പുസ്‌തകത്തിന്റെ അവതാരികയില്‍ പ്രഗല്‍ഭപത്രപ്രവര്‍ത്തകന്‍ ടി. ജെ. എസ്. ജോര്‍ജ് ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട്. എങ്ങനെയാണ് ഈ ഓര്‍മച്ചിന്തുകള്‍ ഒരു കാലഘട്ടത്തിന്റെ സത്തയെ ആവാഹിച്ചെടുത്തിരിക്കുന്നത് എന്നതാണത്. ചരിത്രത്തോട് തീരെ മമതയില്ലാത്ത ജനത എന്ന പഴി മലയാളികള്‍ പലപ്പോഴും കേട്ടിട്ടുണ്ട്. അതിന് തന്റേതായ രീതിയില്‍ മറുപടി പറയുകയാണ് ജയചന്ദ്രന്‍ നായര്‍ ഈ പുസ്‌തകത്തിലൂടെ ചെയ്‌തിരിക്കുന്നത്. ചെറിയ-വലിയ ജീവിതങ്ങളും അനുഭവങ്ങളും അവയുടെ ഭിന്നവര്‍ണസമ്മേളനവും അതിലൂടെ തെളിയുന്ന കാലവുമില്ലാതെ എന്ത് ചരിത്രം?

*****

സി. ഗൌരീദാസന്‍ നായര്‍, കടപ്പാട് : ഗ്രന്ഥാലോകം ജൂൺ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഈ പുസ്‌തകത്തിന്റെ അവതാരികയില്‍ പ്രഗല്‍ഭപത്രപ്രവര്‍ത്തകന്‍ ടി. ജെ. എസ്. ജോര്‍ജ് ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട്. എങ്ങനെയാണ് ഈ ഓര്‍മച്ചിന്തുകള്‍ ഒരു കാലഘട്ടത്തിന്റെ സത്തയെ ആവാഹിച്ചെടുത്തിരിക്കുന്നത് എന്നതാണത്. ചരിത്രത്തോട് തീരെ മമതയില്ലാത്ത ജനത എന്ന പഴി മലയാളികള്‍ പലപ്പോഴും കേട്ടിട്ടുണ്ട്. അതിന് തന്റേതായ രീതിയില്‍ മറുപടി പറയുകയാണ് ജയചന്ദ്രന്‍ നായര്‍ ഈ പുസ്‌തകത്തിലൂടെ ചെയ്‌തിരിക്കുന്നത്. ചെറിയ-വലിയ ജീവിതങ്ങളും അനുഭവങ്ങളും അവയുടെ ഭിന്നവര്‍ണസമ്മേളനവും അതിലൂടെ തെളിയുന്ന കാലവുമില്ലാതെ എന്ത് ചരിത്രം?