Sunday, September 12, 2010

എല്ലാം സ്വന്തം കാവ്യജീവിതത്തിനുവേണ്ടി

'കുറച്ചറിയുക, ഏറെ വിശ്വസിക്കുക' എന്നൊരു ചൊല്ലുണ്ടല്ലോ. വൈലോപ്പിള്ളി മറിച്ചായിരുന്നു. 'ഏറെ അറിയുക, കുറച്ചു വിശ്വസിക്കുക.' ഇതായിരുന്നു എന്റെ അനുഭവത്തില്‍ അദ്ദേഹത്തിന്റെ സ്വഭാവം. എത്രനേരം വേണമെങ്കിലും അദ്ദേഹത്തോട് സംസാരിച്ചിരിക്കാം. പക്ഷേ അതെല്ലാം സംസാരകര്‍ത്താവിനെ ശരിക്കു പഠിക്കുന്നതിനു വേണ്ടിയായിരിക്കും. അതു കഴിഞ്ഞാല്‍ പിന്നീട് സ്വീകരണത്തിന്റെ രീതി മനസ്സിലാക്കി നാം പെരുമാറണം. പരിചയപ്പെടുന്നതിനു മുമ്പ് ആരോടും വാചാലമായി സംസാരിക്കുകയില്ല. സംസാരിക്കുന്നതു തന്നെ അദ്ദേഹത്തിന് ഇഷ്‌ടപ്പെട്ടെങ്കില്‍ മാത്രമേയുള്ളൂ. അല്ലെങ്കില്‍ പടിക്കല്‍ വച്ചുതന്നെ ആളെ പറഞ്ഞുവിടും. ചിലപ്പോള്‍ പൂമുഖത്തു വച്ചുതന്നെ. അകത്തു കയറ്റിയിരുത്തി സംസാരിക്കണമെങ്കില്‍ നമ്മെക്കുറിച്ച് ഏറെ അറിയണം. പത്തുപതിനെട്ടു വര്‍ഷക്കാലത്തെ നിരന്തരമെന്നു പറയാവുന്ന അടുപ്പവും അറിവും ഉണ്ടായിട്ടുകൂടി മരിക്കുന്നതിന് ഒന്നുരണ്ടാഴ്‌ചകള്‍ക്കു മുമ്പുവരെയും ഞാന്‍ അദ്ദേഹത്തിന് അപരിചിതനായിരുന്നു. എന്നിരിക്കിലും ഞാന്‍ അദ്ദേഹത്തെക്കൊണ്ട് അദ്ദേഹത്തിന്റെ 'കാവ്യലോകസ്‌മരണകള്‍' എഴുതിച്ചു.

വയലാര്‍ രാമവര്‍മയുടെ മാതാവ് മരിച്ച ദിവസം അവിടെയെത്തിയ ഡോ. പുതുശ്ശേരി സന്ദര്‍ഭവശാല്‍ എന്നെ അഭിനന്ദിച്ചു; "വൈലോപ്പിള്ളിയെയും അദ്ദേഹത്തിന്റെ കാവ്യജീവിതത്തെയും വരുംതലമുറയ്‌ക്കു കൂടി അറിയാന്‍ പാകത്തില്‍ ആ സ്‌മരണകള്‍ എഴുതിച്ചതിന് കുറുപ്പിനോടുള്ള കടപ്പാട് നിസ്സീമമാണ്.''

എനിക്കപ്പോള്‍ അതെഴുതിക്കാനും എഴുതിയെടുക്കാനും ഞാന്‍ സഹിച്ച മാനസികസമ്മര്‍ദത്തെക്കുറിച്ചാണ് ഓര്‍മ വന്നത്. എത്രയെത്ര കുറിപ്പുകളാണ് ഇതിനുവേണ്ടി എഴുതിയത്. എല്ലാം ഉപേക്ഷിക്കാന്‍ പറയും. അഭിമുഖസംഭാഷണമാവട്ടെ എന്നു നിശ്ചയിക്കും. അതും കഴിയുമ്പോള്‍ അതും ഉപേക്ഷിക്കും. എന്നിട്ട്, ഇതെല്ലാം വച്ച് എഴുതാന്‍ പറയും. അതു വായിച്ചു കേള്‍പ്പിക്കുമ്പോള്‍ നിര്‍ദാക്ഷിണ്യം നിരസിക്കും. എങ്കിലും ആ കുറിപ്പുകളും ആ അഭിമുഖസംഭാഷണങ്ങളും ആധാരപ്പെടത്തി കാവ്യലോക സ്‌മരണകളുടെ പത്തിരുപത്തിയഞ്ച് ചെപ്പുകളെങ്കിലും ഒടുവില്‍ പുറത്തിറക്കാന്‍ കഴിഞ്ഞതിലുള്ള എന്റെ ചാരിതാര്‍ഥ്യം പ്രകടിപ്പിക്കാന്‍ അന്നും, ഇന്നും വാക്കുകളില്ല.

ജീവിതകഥയെഴുതാന്‍ വേണ്ടി മാത്രമാണ്, ദേശാഭിമാനി വാരിക ആപ്പീസില്‍നിന്ന് ഞാന്‍ തൃശൂര്‍ക്ക് ചെന്നുകൊണ്ടിരിക്കുന്നത്. നിരന്തരമായ എന്റെ യാത്രയും സ്‌നേഹസമ്മര്‍ദങ്ങളും സഹിക്കവയ്യാതായപ്പോള്‍ ഒരിക്കല്‍ അല്‍പം ശുണ്ഠിയോടെ ചോദിച്ചു:

"കുടിയൊഴിക്കല്‍ വായിച്ചിട്ടില്ലേ?''

"ഉണ്ട്.''

"അതിന്റെ അഞ്ചാംഭാഗത്തില്‍ എന്റെ ജീവിതത്തെക്കുറിച്ച് ഞാന്‍ പാടിയിട്ടുണ്ട്.''

"ഞാന്‍ ഓര്‍ക്കുന്നില്ലല്ലോ മാസ്‌റ്ററേ''

അടുക്കളയുടെ തെക്കേ മുറിയില്‍ കൂട്ടിയിട്ടിരിക്കുന്ന പുസ്‌തകക്കൂമ്പാരത്തില്‍നിന്ന് പഴയ ഒരു കുടിയൊഴിക്കല്‍ എടുത്തുകൊണ്ടു വന്ന് എന്നെ ഏല്‍പിച്ചു. എന്നിട്ട് അതു കണ്ടുപിടിക്കാന്‍ പറഞ്ഞു. ഒടുവില്‍ ആ വരികളില്‍ ഞാന്‍ ചെന്ന് ഉടക്കിനിന്നു.

"വായിച്ചോളൂ''

"കെട്ട ജീവിതം, ഉണ്ടെനിക്കെന്നാല്‍
മറ്റൊരു കാവ്യജീവിതം മന്നില്‍.''

വൈലോപ്പിള്ളി കുലുങ്ങിച്ചിരിച്ചു. ഞാന്‍ ചോദിച്ചു:

"കെട്ട ജീവിതമോ? അതു കുടിയൊഴിക്കലിലെ കവിയെക്കുറിച്ച് നാട്ടുകാര്‍ വെറുതെ പറഞ്ഞതല്ലേ?''

എന്റെ ചോദ്യം വൈലോപ്പിള്ളി കേട്ടതായി ഭാവിക്കുകയോ അതിനൊരു മറുപടി നല്‍കുകയോ ചെയ്‌തിട്ടില്ല. അന്നും അതിനുശേഷവും വൈലോപ്പിള്ളിയുടെ കാവ്യേതര ജീവിതത്തെക്കുറിച്ച് ഞാന്‍ പഠിച്ചുകൊണ്ടിരുന്നു. അത്തരമൊരു ജീവിതം ഉണ്ടായിരുന്നെങ്കില്‍ പോലും രാപ്പകല്‍ കാവ്യജീവിതത്തിലായിരുന്നു വൈലോപ്പിള്ളിയുടെ മുഴുവന്‍ വ്യാപാരവും. കുടുംബജീവിതത്തെക്കാള്‍ ഭദ്രതരവും ആഹ്ളാദകരവും സംതൃപ്തവുമായിരുന്നല്ലോ അദ്ദേഹത്തിന്റെ കാവ്യജീവിതം. ഈ ഒരു വൈരുധ്യം ഇല്ലായിരുന്നെങ്കില്‍ നമ്മുടെ കാവ്യ കൈരളിക്ക് ഇങ്ങനെയൊരു മഹാകവിയെ കിട്ടുമായിരുന്നോ?

പ്രശസ്‌ത സാഹിത്യകാരനും സാഹിത്യ വിമര്‍ശകനുമായ കെ. സുരേന്ദ്രന്‍ എഴുതി:

"ഉള്ളില്‍ അടക്കാവുന്നതിലുമധികം ഊറിവരുന്ന ഹൃദയമുള്ളവനാണവന്‍. അബോധമനസ്സില്‍ അടിഞ്ഞുകിടക്കുന്ന മൂകസ്വപ്‌നത്തെപ്പോലും തട്ടിയുണര്‍ത്തി അതിന് ഇരമ്പുന്ന ശബ്‌ദശക്തി കൊടുക്കുന്നവനാണവന്‍. എല്ലാറ്റില്‍ നിന്നും വ്യത്യസ്‌തമായി തന്റെ ആത്മാവ് പോറ്റിവളര്‍ത്തുന്ന ആശയങ്ങളില്‍ മാത്രം വിശ്വസിക്കുന്നവനാണവന്‍ - അതിനുവേണ്ടി എന്തിനോടും വിയോജിക്കുകയും വേണ്ടിവന്നാല്‍ എല്ലാറ്റിനെയും എതിര്‍ക്കുകയും ചെയ്യുന്നവനാണവന്‍...''

"മനുഷ്യജീവിതത്തിലെ ആന്തരിക സമരത്തില്‍ വച്ച് ഏറ്റവും തീക്ഷ്‌ണവും നിരന്തരവും ധര്‍മസങ്കടം നിഞ്ഞതുമായ ഒന്നാണ് പ്രതിഭയുടെ നിര്‍മാണേച്‌ഛയും ജീവിത്തിന്റെ നിര്‍മാണേച്‌ഛയും തമ്മിലുള്ളത്...'' ബര്‍നാഡ്‌ ഷാ 'മാന്‍ ആന്റ് സൂപ്പര്‍മാന്‍' എന്ന തന്റെ നാടകത്തില്‍ പറഞ്ഞിട്ടുണ്ട്, വിവാഹം തുടങ്ങിയതിനുശേഷം കലാകാരന്‍ എന്നും ദുഷ്‌ടനായ ഒരു ഭര്‍ത്താവായാണ് അറിയപ്പെടുന്നതെന്ന്. എന്തെന്നാല്‍ പിന്നെ ഒരു കലാകാരന്‍ ഭാര്യയെ പട്ടിണിക്കിടും. കുട്ടികളെ നഗ്നരായി നടത്തും. അമ്മയെ അറുപതാം വയസ്സിലും ദാസ്യവേലയ്‌ക്കു വിടും. എന്നാലും തന്റെ കലയ്‌ക്കു വേണ്ടിയല്ലാതെ മറ്റൊന്നിനു വേണ്ടിയും അവന്‍ പണിയെടുക്കുകയില്ല.

"ഇത് കലാസൃഷ്‌ടിയെപ്പറ്റി ഉള്‍ക്കാഴ്‌ചയോടെ ആലോചിച്ചിട്ടില്ലാത്തവര്‍ക്കു വേണ്ടത്ര മനസ്സിലാകുമോ എന്നു ഞാന്‍ സംശയിക്കുന്നു. ഒരു സന്ന്യാസിയോ ഒരു രാഷ്‌ട്രീയ വിപ്ളവകാരിയോ വീടും കൂടും വിട്ടു നടക്കുന്നുവെന്നു വന്നാല്‍ അത് ആദരവു മാത്രമേ ജനിപ്പിക്കൂ. ഒരു ന്യായാധിപന്‍ സ്വന്തം മകനെ തൂക്കിക്കൊല്ലാന്‍ വിധിച്ച് മനഃസാക്ഷിയെ രക്ഷിച്ചാലും മഹാനെന്ന വിശേഷണം നാം പ്രയോഗിക്കും. എന്നാല്‍ ഇത്രയ്‌ക്കോ ഇതിനെക്കാളുമോ പ്രബലമായ ഒരന്തശ്‌ചോദനയാണ് കലാകാരന്മാരെയും ഭരിക്കുന്നതെന്നു പറഞ്ഞാല്‍ പലരും അവിശ്വാസത്തോടെ നെറ്റി ചുളിച്ചേക്കാം. കലാസൃഷ്‌ടി ഒരു സാമൂഹ്യസ്ഥാപനമെന്ന നിലയില്‍ ഇനിയും അര്‍ഹിക്കുന്ന സ്ഥാനം നേടിയിട്ടില്ലെന്നതാണ് കാരണം.'' (അവതാരിക, തെരഞ്ഞെടുത്ത കഥകള്‍ - ലളിതാംബിക അന്തര്‍ജനം).

വൈലോപ്പിള്ളിയുടെ കാവ്യേതര ജീവിതത്തെക്കുറിച്ച് ഇതുതന്നെയാണ് എന്റെയും അഭിപ്രായം. അതുകൊണ്ട് അദ്ദേഹത്തിന്റെ കുടുംബജീവിതം അഭദ്രമായിരുന്നു എന്നല്ല. കുട്ടികളോടും ഭാര്യയോടും വാല്‍സല്യവും കൂറുമുള്ള ഒരു കുടുംബനാഥന്‍ കൂടിയായിരുന്നു അദ്ദേഹം. പക്ഷേ കുടുംബനാഥന്‍ എന്ന വാക്കിന്റെ നാം വിശ്വസിക്കുന്ന അര്‍ഥം വൈലോപ്പിള്ളിക്ക് അപരിചിതമായിരുന്നു. തന്റെ കാവ്യപ്രേയസിയോടൊത്ത്, അവളില്‍ പിറന്ന കവിതാസന്താനങ്ങളുമായി സാഹ്ളാദം അദ്ദേഹം തൃശൂരിലെ ദേവസ്വം കോളനിയിലെ ആ വാടകമുറിയില്‍ കഴിച്ചുകൂട്ടി, മരണം വരെ. ഈ ഏകാന്തവാസത്തെയല്ലേ,

"... ഉണ്ടെനിക്കെന്നാല്‍
മറ്റൊരു കാവ്യജീവിതം മന്നില്‍''

എന്ന് മഹാകവി ചിത്രീകരിച്ചത്? അതുകൊണ്ട് വിവാഹം, വിവാഹജീവിതം, കുടുംബബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് വൈലോപ്പിള്ളി കുറച്ചു മാത്രമേ പറയുകയുണ്ടായിട്ടുള്ളൂ.

ഒരിക്കല്‍ അവിവേകമെന്നു തോന്നാവുന്ന ഒരു ചോദ്യം പോലും ഞാന്‍ ചോദിച്ചു:

'ജീവിതത്തില്‍ ഏതെങ്കിലും യുവതിയെ പ്രണയിച്ചിട്ടുണ്ടോ?'

വൈലോപ്പിള്ളി നിസ്സംശയം ഉത്തരം നല്‍കി.

"ഉവ്വ്. അതു പക്ഷേ കവിതയ്‌ക്കു വേണ്ടിയായിരുന്നു. അതു കഴിഞ്ഞപ്പോള്‍ ആ പ്രണയവും മറന്നു. എന്റെ കാവ്യജീവിതവുമായി ബന്ധപ്പെട്ടതിനാല്‍ നമുക്കതു കാവ്യലോകസ്‌മരണകളില്‍ ചേര്‍ക്കാവുന്നതാണ്.''

ആ പ്രണയകഥ കാവ്യലോകസ്‌മരണകളില്‍ അല്‍പം വിസ്‌തരിച്ചു തന്നെ പറഞ്ഞിട്ടുണ്ട്. കഥാനായിക ഒരു കവിയുടെ മകളാണ്. ഈ കവിയെ സ്വന്തം കവിതകള്‍ വായിച്ചു കേള്‍പ്പിക്കുന്നതിനും തിരുത്തിക്കുന്നതിനുമാണ് വൈലോപ്പിള്ളി അവിടെ ചെന്നത്. പക്ഷേ പ്രോല്‍സാഹിപ്പിക്കുന്നതിനുപകരം നിശിത വിമര്‍ശനമാണ് ആ കവിയില്‍നിന്നു ലഭിച്ചത്. കുറ്റിപ്പുറത്തു കേശവന്‍ നായര്‍ പ്രശംസിച്ച കവിതപോലും, ഈ കവി അംഗീകരിച്ചില്ല. വിമര്‍ശനം കൊണ്ട് വൈലോപ്പിള്ളി മടുത്തു. പിന്നീട് ഒന്നും വായിച്ചു കേള്‍പ്പിക്കാതെയായി. എങ്കിലും ആ കവി അദ്ദേഹത്തിന്റെ കവിത ചൊല്ലി കേള്‍പ്പിക്കാന്‍ ഉല്‍സുകനായിരുന്നു. "പക്ഷേ രസിക്കാനുള്ള യുവസദസ്സ് ചുരുങ്ങിച്ചുരുങ്ങിവന്നു. കവിതയിലേക്കാള്‍ കൌതുകം അവര്‍ക്കു കവിപുത്രിയിലായിരുന്നു. ഇതറിഞ്ഞിട്ടോ എന്തോ ഒരിക്കല്‍ ആ കവി 'ഭര്‍ത്തൃപരിത്യക്തയായ ശകുന്തള' എന്ന സ്വന്തം ഖണ്ഡകാവ്യം ആവര്‍ത്തിച്ചു വായിക്കുമ്പോള്‍ ഇങ്ങനെ ഗര്‍ജിച്ചു: "യുവതീയുവാക്കള്‍ തോന്നിയതുപോലെ പ്രേമത്തിന്റെ പേരില്‍ കുത്തഴിഞ്ഞു നടക്കാന്‍, ഉത്തരവാദിത്തമുള്ള മാതാപിതാക്കന്മാരോ കാരണവന്മാരോ സമ്മതിക്കുമെന്നാണോ വിചാരം?''

"ഇതു കേട്ടും കേട്ടവര്‍ കേള്‍പ്പിച്ചും കാമുകവലയം തുലോം നേര്‍ത്തുവന്നു. സ്ഥിരം കാമുകന്‍ മാത്രം അചഞ്ചലനായി വര്‍ത്തിച്ചു. ഒടുവില്‍ എന്തോ, അയാളും കൈവിട്ട് ഉയര്‍ന്ന ചില്ലകളിലേക്കു പൂ തേടിപ്പോയി. ആ സാധു കുട്ടി സ്വന്തം വീട്ടിലിരുന്നു ദുഃഖിച്ചു.''

ഇത്രയും എഴുതിയപ്പോള്‍ ഞാന്‍ ചിരിച്ചുപോയി.

"എന്തു പറ്റി?'' വൈലോപ്പിള്ളി ചോദിച്ചു.

"ഉയര്‍ന്ന ചില്ലകളിലേക്ക് പൂ തേടിപ്പോയി എന്ന പ്രയോഗം കേട്ടു ചിരിച്ചു പോയതാണ്.''

"പൂ എന്ന് ഞാന്‍ ഉദ്ദേശിച്ചത് കവിതയെയാണ്.''

ശരിയാണ്, കാവ്യമേഖലയുടെ ഉയര്‍ന്ന പരപ്പുകളില്‍ പുതിയ പുതിയ പൂവിറുക്കാന്‍ വൈലോപ്പിള്ളി സഞ്ചരിക്കുകയായിരുന്നു.
വൈലോപ്പിള്ളിയുമായുള്ള എന്റെ അടുപ്പത്തെക്കുറിച്ചും ലയിച്ചു ചേരലിനെക്കുറിച്ചും തായാട്ടു ശങ്കരനും എരുമേലിയും വൈലോപ്പിള്ളി രാമന്‍കുട്ടിയും പലപ്പോഴും വിസ്‌മയത്തോടുകൂടി എന്നോടു പറഞ്ഞിട്ടുണ്ട്. എനിക്കാണെങ്കില്‍ ആ താദാത്മ്യം ഒരു 'നിര്‍വാണ സുഖ'മായിരുന്നു. ശകാരങ്ങളും അധിക്ഷേപങ്ങളും ദുശ്ശാഠ്യങ്ങളും എത്രയാണ് ഞാന്‍ അനുഭവിച്ചിട്ടുള്ളത്. അപ്പോഴും ആ മഹാകവി സ്‌നേഹവാല്‍സല്യത്തോടെ എന്നെ പരിചരിക്കുമായിരുന്നു. മഹാകവി സ്വയം പാക ചെയ്‌ത ചോറും കറിയും ഉപ്പുമാവും കാപ്പിയും അദ്ദേഹത്തിന്റെ കവിതപോലെ ആസ്വാദ്യകരമാണ്. രാത്രി അസമയത്തു കയറിച്ചെന്നാലും എനിക്കുവേണ്ടി അദ്ദേഹം അടുക്കളയില്‍ കയറും. രാത്രിയില്‍ എന്നെ ഒറ്റയ്‌ക്കു വിടാന്‍ സമ്മതിക്കുകയില്ല. പ്രഭാതയാത്രയാണ് ആരോഗ്യപ്രദം, അദ്ദേഹം ഉപദേശിക്കും. ഇങ്ങനെയുള്ള വൈലോപ്പിള്ളിയുടെ സ്വഭാവവൈരുധ്യത്തെക്കുറിച്ച് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അന്യരുടെ കുറവുകള്‍ പെട്ടെന്ന് അദ്ദേഹം കണ്ടുപിടിക്കും. അതു മറച്ചുവയ്‌ക്കുകയില്ല. മുഖത്തുനോക്കി പറയുകയും ചെയ്യും. ഇതേക്കുറിച്ച് വൈലോപ്പിള്ളി തന്നെ രേഖപ്പെടുത്തിയിട്ടുള്ളതു നോക്കൂ:

"കുറ്റം കാണാനും ഏതു വമ്പനായാലും അതേപ്പറ്റി ചോദ്യംചെയ്യാനുമുള്ള ഒരു ഉള്‍ക്കനമോ ഉള്‍ക്കനമില്ലായ്‌മയോ എന്റെ ഒരു മാനസികഘടകമായി പലരെയും ഇന്നോളം മുഷിപ്പിച്ചു പോന്നിട്ടുണ്ട്. ആളുകള്‍ തമ്മില്‍ ഒരു താരതമ്യഭേദം പാലിച്ചു ശീലിക്കുവാന്‍ എനിക്കു കഴിയാറില്ല. വകതിരിവുകേട് എന്നാണ് കാരണവന്മാര്‍ ഇതിനെക്കുറിച്ചു പറയുക.''

വള്ളത്തോളിനോടും ജി. ശങ്കരക്കുറുപ്പിനോടും വൈലോപ്പിള്ളി മുഷിഞ്ഞിട്ടുണ്ട്. കാവ്യലോകസ്‌മരണകളില്‍ ഇതിനു ദൃഷ്‌ടാന്താങ്ങളുണ്ട്. ജി. ശങ്കരക്കുറുപ്പിനോടുള്ള വൈലോപ്പിള്ളിയുടെ മനോഭാവത്തിന്റെ രസകരമായ ഒരു പ്രകടനമാണല്ലോ 'കയ്‌പവല്ലരി' എന്ന കവിതയില്‍ ദൃശ്യമാകുന്നത്. ഇതൊക്കെയാണെങ്കിലും ജി. ശങ്കരക്കുറുപ്പിനോട് വൈലോപ്പിള്ളിക്ക് സ്‌നേഹവും ആദരവും ഉണ്ടായിരുന്നു. വള്ളത്തോളിനെക്കാള്‍ വൈലോപ്പിള്ളി ബഹുമാനിച്ചത് കുറ്റിപ്പുറത്തു കേശവന്‍ നായരെയാണ്. ഗുരുസ്ഥാനീയത്വമാണ് കുറ്റിപ്പുറത്തിനു നല്‍കിയിട്ടുള്ളത്. നേരുപറഞ്ഞാല്‍ വൈലോപ്പിള്ളിയുടെ കാവ്യവല്ലരി നേരെ പടര്‍ന്നേറാന്‍ കുറ്റിപ്പുറം ആദ്യകാലത്തു തന്നെ ശ്രദ്ധിച്ചിരുന്നു. വൈലോപ്പിള്ളി അത് അംഗീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

*****

എം.എന്‍. കുറുപ്പ്,കടപ്പാട് : ഗ്രന്ഥാലോകം ജൂണ്‍ 2010

അധിക വായനയ്‌ക്ക് :

1.
മൃതസഞ്ജീവനി
2. ചരിത്രം - കവിതയ്‌ക്ക് ചൈതന്യത്തിന്റെ ഒരു സ്രോതസ്സ്
3. വൈലോപ്പിള്ളിക്കവിതയിലെ അന്തഃസംഘര്‍ഷങ്ങള്‍'
4. എന്നുടെയൊച്ച കേട്ടുവോ വേറിട്ട് ?'
5. വൈലോപ്പിള്ളിയുടെ സ്‌ത്രീസങ്കല്പം
6. വൈലോപ്പിള്ളിക്കവിതയുടെ സാമൂഹിക ഭൂമിക
7. `കവിതക്കാര'ന്റെ ഓര്‍മകളിലൂടെ
8. വൈലോപ്പിള്ളി - മലയാളത്തിലെ 'റിയലിസ്‌റ്റ് ' മഹാകവി
9. പ്രകൃതിപാഠങ്ങള്‍

No comments: