Saturday, September 25, 2010

ശുചി@സ്‌കൂള്‍

പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശികവികസനഫണ്ടിന്റെ വിനിയോഗം ഇന്നു നാടിന്റെ വികസനപ്രക്രിയയില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. രണ്ടു കോടി രൂപയാണ് ഒരു എംപിക്ക് ഒരു വര്‍ഷം ഈയിനത്തില്‍ അനുവദിക്കുന്നത്. ലോക്‌സഭാംഗങ്ങള്‍ സ്വന്തം മണ്ഡലത്തില്‍ മാത്രമേ ഫണ്ട് വിനിയോഗിക്കാവൂ. രാജ്യസഭാംഗങ്ങളുടെ മണ്ഡലം സംസ്ഥാനമാണല്ലോ. അതുകൊണ്ട് പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനത്താകെ ഈ ഫണ്ട് ഉപയോഗിച്ച് വികസനപ്രവര്‍ത്തനം നടത്താം. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കാണെങ്കില്‍ രാജ്യത്താകെ ഈ ഫണ്ട് വിനിയോഗിക്കാനുള്ള അവകാശമുണ്ട്. എല്ലാ അംഗങ്ങള്‍ക്കും ഒരു നോഡല്‍ ജില്ല നിര്‍ബന്ധമാണ്. ആ ജില്ലയിലെ കലക്‌ടറുടെ പേരിലാണ് ഫണ്ട് വരുന്നത്. പാര്‍ലമെണ്ട് അംഗങ്ങള്‍ നിര്‍ദേശിക്കുന്ന പദ്ധതികള്‍ക്കാണ് പണം അനുവദിക്കുന്നത്.

രണ്ടു കോടിയില്‍നിന്നും പത്തുകോടിയായി എംപിഎല്‍എഡി ഫണ്ട് വര്‍ധിപ്പിക്കണമെന്ന് പല അംഗങ്ങളും ബജറ്റ് ചര്‍ച്ചയില്‍ ആവശ്യപ്പെടുകയുണ്ടായി. സാധാരണ ഒരു ലോക്‌സഭാമണ്ഡലത്തില്‍ ഏഴു നിയമസഭാമണ്ഡലങ്ങള്‍ ഉള്‍പ്പെടാറുള്ളതുകൊണ്ട് ഏഴുകോടിയെങ്കിലും അനുവദിക്കണമെന്ന ന്യായമായ ആവശ്യവും ഉയര്‍ന്നു. യഥാര്‍ഥത്തില്‍ ഇങ്ങനെ പ്രത്യേകം ഫണ്ടിന്റെ ആവശ്യമുണ്ടോയെന്ന ചോദ്യവും പ്രസക്തം. ഇതിനുപകരം കേന്ദ്രാവിഷ്‌കൃതപദ്ധതികളില്‍ നിശ്ചിത തുകയ്‌ക്കുള്ളത് നിര്‍ദേശിക്കാന്‍ എംപിമാര്‍ക്ക് അവകാശം നല്‍കിയാല്‍ മതിയെന്ന അഭിപ്രായവുമുണ്ട്. എന്തായാലും ഇത്തവണ ഫണ്ടില്‍ വര്‍ധനയൊന്നും പ്രഖ്യാപിച്ചില്ല. ചില സംസ്ഥാനങ്ങളില്‍ ഇതിന്റെ വിനിയോഗത്തിലും അഴിമതി നടക്കുന്നുണ്ട്. സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമുള്ള ട്രസ്‌റ്റുകള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും കോടികള്‍ അനുവദിച്ച എംപിമാരുമുണ്ട്. പാര്‍ലമെന്റ് അംഗങ്ങളുടെ കമ്മിറ്റി എംപിഎല്‍എഡി ഫണ്ടിന്റെ വിനിയോഗം പരിശോധിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനതലത്തിലും പരിശോധനാസംവിധാനമുണ്ട്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ലഭിച്ച എന്റെ മണ്ഡലവികസനഫണ്ട് പ്രധാനമായും എറണാകുളം ജില്ലയിലാണ് ചെലവഴിച്ചത്. അതു മുഖ്യമായും ആരോഗ്യമേഖലയിലാണ്. എറണാകുളം ജില്ലയില്‍ പൊതുമേഖലയില്‍ ഒറ്റ ഡയാലിസിസ് യൂണിറ്റുമില്ല. സ്വകാര്യആശുപത്രികളെത്തന്നെ ആശ്രയിക്കേണ്ട സ്ഥിതി. ഓരോ ഡയാലിസിസിനും ആയിരങ്ങളാണ് ചെലവഴിക്കേണ്ടി വരുന്നത്. ഈ പ്രശ്‌നം പലരും പലപ്പോഴും ഉന്നയിക്കാറുണ്ട്. എംപി ഫണ്ടിന്റെ നല്ലൊരു പങ്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനായി മാറ്റിവെക്കാന്‍ തീരുമാനിച്ചു. പാര്‍ടി കമ്മിറ്റിയിലും മറ്റും ചര്‍ച്ച ചെയ്‌ത് ആലുവ ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചത്. ഇതിനായി അമ്പതുലക്ഷം രൂപവരെ ചെലവഴിക്കാമെന്നായിരുന്നു ധാരണ. ആലുവ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയില്‍ ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ചുചേര്‍ത്തു. അത്ഭുതകരമായ പ്രതികരണമാണ് ഉണ്ടായത്. ഒമ്പത് ഡയാലിസിസ് യൂണിറ്റുകള്‍ സംഭാവന നല്‍കാന്‍ പല സംഘടനകളും മുന്നോട്ടുവന്നു. വെള്ളം ശുദ്ധീകരിക്കുന്ന പ്ളാന്റും ആവശ്യമായ എയര്‍ കണ്ടീഷനറുകളും മനുഷ്യസ്‌നേഹിയായ ഒരു വ്യക്തി വാഗ്‌ദാനം ചെയ്‌തു. ഇതിനായി എയര്‍കണ്ടീഷന്‍ഡ് ആബുലന്‍സ് ആലുവയിലെ പ്രധാന സ്വകാര്യവ്യവസായസ്ഥാപനം വാഗ്‌ദാനം ചെയ്‌തു. നെഫ്രോളജിസ്‌റ്റിന്റെ സേവനവും മറ്റു സൌകര്യങ്ങളും ഐഎംഎയും ഉറപ്പുനല്‍കി. അതുകൊണ്ട് എംപിയുടെ ഉത്തരവാദിത്തം ഇരുപതുലക്ഷത്തില്‍ ഒതുങ്ങി. സമൂഹത്തിനു ഗുണമുള്ള പദ്ധതികളെ സഹായിക്കാന്‍ ജനം സ്വയംസന്നദ്ധമാകുമെന്നതിന്റെ അനുഭവമായിരുന്നു അത്. കേരളത്തില്‍ മെഡിക്കല്‍ കോളേജുകളിലല്ലാതെ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ അനുമതിക്ക് പല കടമ്പകളും ഉണ്ടായിരുന്നു. എന്നാല്‍, എല്ലാ ഘട്ടത്തിലും നേരിട്ട് ഇടപെട്ട് ശ്രീമതിടീച്ചര്‍ അനുമതി നല്‍കി. കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിന് നല്‍കിയ ട്രോമാകെയര്‍ ആംബുലന്‍സ് നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങി.

ഈ വര്‍ഷം ഒരു കോടി രൂപയാണ് എറണാകുളം ജില്ലയില്‍ ചെലവഴിക്കുന്നത്. വിദ്യാഭ്യാസമേഖലയിലെ ശുചിത്വപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പ്രത്യേക പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിച്ചത്. ആശയം പങ്കുവച്ചപ്പോള്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എല്ലാ പിന്തുണയും നല്‍കി. എറണാകുളം ജില്ലാകമ്മിറ്റിയും അംഗീകാരം നല്‍കിയതോടെ ശുചി@ സ്‌കൂള്‍ എന്ന പദ്ധതി രൂപംകൊണ്ടു. കൊച്ചി സര്‍വകലാശാലയിലെ മുന്‍കാല എസ്എഫ്ഐ പ്രവര്‍ത്തകരായ അജിത്തും കൃഷ്‌ണകുമാറും മറ്റും പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചു. ജില്ലയിലെ എല്ലാ സ്‌കൂളിലും വൃത്തിയുള്ള വിദ്യാര്‍ഥി സൌഹാര്‍ദ ടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്നതാണ് പദ്ധതിയിലെ പ്രധാനഭാഗം. പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ സൌകര്യങ്ങളോടെയുള്ള ടോയ്‌ലറ്റുകളും വിഭാവനം ചെയ്യുന്നുണ്ട്. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വികലാംഗരായ കുട്ടികള്‍ക്ക് ആവശ്യമായ പ്രത്യേക സൌകര്യങ്ങളുള്ള ഒരു ടോയ്‌ലറ്റ് ബ്ളോക്കും ഈ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്കായി സാനിറ്ററി നാപ്‌കിന്‍ വെന്‍ഡിംഗ് മെഷീനും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു.

ഇതിനായി കണക്ക് ശേഖരിച്ചപ്പോഴാണ് അത്ഭുതകരമായ പല സംഗതികളും മനസ്സിലായത്. കേരളത്തില്‍ സൌകര്യങ്ങളുടെ കുറവുണ്ടെങ്കിലും മാധ്യമങ്ങള്‍ പെരുപ്പിക്കുന്നതില്‍നിന്നും വ്യത്യസ്‌തമാണ് യാഥാര്‍ഥ്യം. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൌകര്യങ്ങളുടെ കാര്യത്തില്‍ കേരളം അഖിലേന്ത്യാശരാശരിയേക്കാളും മുന്നിലാണ്. ഡിഐഎസ്ഇ സര്‍വേ പ്രകാരം കേരളത്തില്‍ 83 ശതമാനം സ്‌കൂളുകളിലും പൊതുശുചിത്വസൌകര്യങ്ങളുണ്ട്. ദേശീയ ശരാശരി കേവലം 67 ശതമാനം മാത്രം. എന്നാല്‍, കേരളം ഇക്കാര്യത്തിലും നൂറുശതമാനത്തിലേക്ക് ഉയരേണ്ടതാണ്. ഇവിടെ സര്‍ക്കാര്‍ സ്‌കൂളുകളാണ് പ്രാഥമിക സൌകര്യങ്ങളുടെ കാര്യത്തില്‍ ഏറെ മെച്ചപ്പെട്ടുനില്‍ക്കുന്നത്. എയ്‌ഡഡ് സ്‌കൂളുകളുടെ സ്ഥിതിയാണ് പരിതാപകരം. പുതിയ ആവശ്യക്കാരില്‍ 67 ശതമാനവും സ്വകാര്യ എയ്‌ഡഡ് സ്‌കൂളുകളാണ്. ടേയ്‌ലറ്റുകളുടെ മാത്രം കാര്യമെടുത്താല്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ ആവശ്യം അഞ്ചുശതമാനത്തില്‍ ഒതുങ്ങും. എയ്‌ഡഡ് സ്‌കൂളുകള്‍ക്ക് സഹായം നല്‍കേണ്ടതുണ്ടോയെന്ന പ്രശ്‌നം പ്രത്യേകം ചര്‍ച്ച ചെയ്‌തു. കേരളത്തില്‍ എയ്‌ഡഡ് സ്‌കൂളുകളും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് പരിഗണിക്കപ്പെടുന്നത്. സാധാരണഗതിയിലുള്ള മെയ്ന്റനന്‍സ് ഗ്രാന്റ്കൊണ്ട് പുതിയ മാനദണ്ഡമനുസരിച്ചുള്ള സൌകര്യം ഏര്‍പ്പെടുത്തുക അസാധ്യം. എന്നാല്‍, മാനേജ്‌മെന്റുകളുടെ ഉത്തരവാദിത്തം കാണാതിരുന്നുകൂടാ. അതുകൊണ്ട് ഈ പദ്ധതിയില്‍നിന്നും 70 ശതമാനം പണം എയ്‌ഡഡ് സ്‌കൂളുകള്‍ക്ക് നല്‍കുമ്പോള്‍ 30 ശതമാനം മാനേജ്‌മെന്റ് വഹിക്കണമെന്ന വ്യവസ്ഥ വച്ചു. അപേക്ഷ നല്‍കിയ സ്‌കൂളുകളുടെ പേര് വെബ്‌സൈറ്റില്‍ നല്‍കാനും പരാതികളുണ്ടെങ്കില്‍ അത്തരം സ്ഥാപനങ്ങളുടെ കാര്യം പ്രത്യേകം പരിശോധിക്കാനും തീരുമാനിച്ചു.

ഒരുകോടി രൂപകൊണ്ട് മാത്രം ജില്ലയില്‍ പൂര്‍ണമായും ഈ പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ല. വിവിധ സര്‍ക്കാര്‍ ശുചിത്വപദ്ധതികളുടെ ഫണ്ട് ഇതുമായി സംയോജിപ്പിക്കാന്‍ കലക്‌ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. കേന്ദ്ര- സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളും സ്വകാര്യവ്യവസായസ്ഥാപനങ്ങളും പല സംഘടനകളും ഈ പദ്ധതിയില്‍ പങ്കാളിത്തം വഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

സൌകര്യങ്ങളുടെ നിര്‍മാണത്തിനപ്പുറത്ത് പൊതുശുചിത്വബോധം കുട്ടികളില്‍ രൂപപ്പെടുത്തുന്നതിനുള്ള പദ്ധതികളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിലെ വീടുകളില്‍ ഏറ്റവും വൃത്തിയുള്ള കക്കൂസും കുളിമുറിയുമാണുള്ളത്. എന്നാല്‍, പൊതുഇടങ്ങളിലെ സൌകര്യങ്ങളുടെ വൃത്തിയില്‍ മലയാളിയുടെ സ്ഥിതി ലജ്ജാകരമാണ്. അതുകൊണ്ട് കുട്ടികളില്‍തന്നെ ശുചിത്വബോധം വളര്‍ത്തിയെടുക്കാന്‍ കഴിയേണ്ടതുണ്ട്. വൃത്തിയുള്ള വിദ്യാലയങ്ങളും ശുചിത്വബോധമുള്ള കുട്ടികളും എന്ന മുദ്രാവാക്യം മുന്നോട്ടുവെയ്‌ക്കുന്ന ശുചി @ സ്‌കൂള്‍ പദ്ധതിയിലൂടെ പുതിയ മാതൃക സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നത്.

*****

പി രാജീവ്, കടപ്പാട് :ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...