Wednesday, January 16, 2013

സാന്ത്വന പരിചരണം

കേരളത്തില്‍ ഏറ്റവുമധികം രക്തദാന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ്. സിപിഐ എം തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടിയാണ്. അപകടത്തില്‍പെട്ടോ അസുഖം ബാധിച്ചോ രക്തം വേണ്ടിവരുന്ന ഘട്ടത്തില്‍ ഏതുരാഷ്ട്രീയക്കാരനായാലും സിപിഐ എമ്മിന്റെയോ വിവിധ വര്‍ഗ-ബഹുജന സംഘടനകളുടെയോ പ്രവര്‍ത്തകരെ സമീപിക്കുന്നതും ഓഫീസുകളിലേക്ക് കടന്നുചെല്ലുന്നതും സര്‍വസാധാരണമാണ്. എല്ലാത്തരത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായിത്തന്നെ കാണാന്‍ കഴിയുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. എങ്ങെങ്ങ് മനുഷ്യര്‍ ദുരിതമനുഭവിക്കുന്നുവോ അങ്ങോട്ടേയ്ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി എത്തേണ്ടവരാണ്; എത്തുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. കേരളത്തിന്റെ ചരിത്രമെടുത്താല്‍, കമ്യൂണിസ്റ്റ് പാര്‍ടിയുടെ തുടക്കംമുതല്‍തന്നെ, രോഗബാധയേറ്റും പട്ടിണികിടന്നും കഷ്ടപ്പെടുന്നവര്‍ക്ക് സ്വയംമറന്ന് സാന്ത്വനമേകിയതിന്റെ ചരിത്രവും തെളിഞ്ഞുകാണാം. മാരകമായ വസൂരിരോഗം നാട്ടിലാകെ പടര്‍ന്നുപിടിച്ചപ്പോള്‍ അടുത്ത ബന്ധുക്കള്‍പോലും ഭയന്ന് രോഗികളില്‍നിന്ന് അകന്നുനിന്ന ഒരു കാലമുണ്ടായിരുന്നു. അന്ന്, കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ വീടുകളില്‍പോയി രോഗികളെ ശുശ്രൂഷിക്കാനും ഭക്ഷണം നല്‍കാനും മുന്നിട്ടിറങ്ങി. അതിനിടെ വസൂരി ബാധിച്ച് മരണമടഞ്ഞ കമ്യൂണിസ്റ്റുകാരുടെ കഥകള്‍ പഴയ തലമുറയുടെ ഓര്‍മയില്‍ തിളങ്ങിനില്‍പ്പുണ്ട്. വായനശാലകളും ഗ്രന്ഥാലയങ്ങളും ആര്‍ട്സ് ക്ലബ്ബുകളും സാംസ്കാരിക സ്ഥാപനങ്ങളും പ്രാദേശികതലത്തില്‍ രൂപീകരിച്ച് ജനങ്ങളുടെയാകെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ തയ്യാറായത് പ്രസക്തമായ മറ്റൊരനുഭവമാണ്. അന്യമായ ഈ മാതൃകകളാണ് കേരളത്തിലെ ജനങ്ങളില്‍ വലിയൊരു വിഭാഗത്തിന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അചഞ്ചലമായ കൂറും സ്നേഹവും ഉണ്ടാകാനുള്ള ഘടകങ്ങളില്‍ മുഖ്യമായ ഒന്ന്.

പി കൃഷ്ണപിള്ളയടക്കമുള്ള പാര്‍ടി സ്ഥാപകര്‍ തെളിച്ച അതേ വഴിയിലൂടെയാണ് കമ്യൂണിസ്റ്റ് പാര്‍ടി പില്‍ക്കാലത്തും സഞ്ചരിച്ചത്. ചികിത്സാരംഗത്ത് വന്‍തോതില്‍ കച്ചവടവല്‍ക്കരണം നടക്കുകയും നവലിബറല്‍ നയങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളെ നശിപ്പിക്കാനൊരുങ്ങുകയും ചെയ്തപ്പോള്‍ സഹകരണമേഖലയില്‍ മികച്ച ചികിത്സാസംവിധാനം ഒരുക്കിയത് മറ്റൊരിടപെടലാണ്. പാലിയേറ്റീവ് കെയര്‍ദിനമായ ചൊവ്വാഴ്ച തുടക്കംകുറിച്ച സിപിഐ എമ്മിന്റെ സാന്ത്വന പരിചരണ പ്രവര്‍ത്തനം അതേ വഴിയിലെ മറ്റൊരു സുപ്രധാന ചുവടുവയ്പാണ്.

രോഗം ശമിപ്പിക്കാനുള്ള ചികിത്സ ആധുനിക വൈദ്യശാസ്ത്രം നല്‍കുന്നു. എന്നാല്‍, മരുന്നുകളും ചികിത്സയാകെയും നിഷ്ഫലമാകുന്ന ഘട്ടങ്ങളുണ്ട്. അങ്ങനെയുള്ള രോഗികള്‍ വേദനതിന്നാണ് മരണത്തിലേക്ക് പോവുക. അവരില്‍ മഹാഭൂരിപക്ഷത്തിനും ശുശ്രൂഷയോ മനസ്സ് ശാന്തമാക്കാനുള്ള സാന്ത്വനമോ ലഭിക്കുന്നില്ല. ഭരണകൂടങ്ങളുടെ വിമുഖതയും നവലിബറല്‍ നയങ്ങളുടെ ഭാഗമായുള്ള മുന്‍ഗണനകളിലെ വ്യത്യാസവും കമ്പോളവല്‍ക്കരണവുമടക്കം പല കാരണങ്ങളുണ്ടിതിന്. ജീവിതാന്ത്യത്തില്‍ കഠിന ദുരിതമനുഭവിക്കുന്ന രോഗികളുടെ ജീവിതം കുറെക്കൂടി മെച്ചപ്പെട്ടതാക്കാന്‍ ആസൂത്രിതമായ ഇടപെടല്‍ വേണ്ടിവരുന്നത് ഈ സാഹചര്യത്തിലാണ്. ശാസ്ത്രവും മനുഷ്യസ്നേഹവും ഒത്തുചേരുന്ന അത്തരം ഇടപെടലിന്റെ പ്രാധാന്യം പാലിയേറ്റീവ് കെയര്‍ മുന്‍കൈകളിലൂടെ തെളിയിക്കപ്പെട്ടതാണ്. കേരളത്തിലുടനീളം വളന്റിയര്‍മാരെ പരിശീലിപ്പിച്ച് വിന്യസിച്ചാണ് സിപിഐ എം സമാനതകളില്ലാത്ത ഇടപെടലിന് തുടക്കമിടുന്നത്. ഇത് പുതിയ പരീക്ഷണമല്ല, ഇന്നുവരെ സിപിഐ എം നടത്തിയ ഇടപെടലുകളുടെ ആവേശകരമായ പുത്തന്‍ അധ്യായമാണെന്നര്‍ഥം.

സിപിഐ എമ്മിന്റെ ഇരുപതാം കോണ്‍ഗ്രസിനു മുന്നോടിയായി തിരുവനന്തപുരത്തു നടന്ന സംസ്ഥാന സമ്മേളനമാണ്, ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിതമായി, സന്നദ്ധഭടന്മാരെ നിയോഗിച്ച് നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ദുരിതമനുഭവിക്കുന്ന രോഗികളില്‍ 82 ശതമാനത്തിനും സാന്ത്വന പരിചരണ സംവിധാനങ്ങള്‍ അപ്രാപ്യമായ ഇക്കാലത്ത്, സിപിഐ എമ്മിന്റെ ഈ തീരുമാനം അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ജാതിയുടെയും ഉപജാതിയുടെയും അതിര്‍വരമ്പുകള്‍ക്കുള്ളില്‍ സങ്കുചിതമായ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ജാതിയുടെയും കക്ഷിയുടെയും പരിഗണനകളില്ലാതെ അര്‍ഹിക്കുന്നവര്‍ക്ക് സാന്ത്വന പരിചരണം നല്‍കാന്‍ കേരളത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമായ സിപിഐ എമ്മിനു മാത്രമേ കഴിയൂ. പരിചരണത്തിനു പുറമെ ചികിത്സാ സഹായവും കൗണ്‍സലിങ്ങും മരുന്നിന്റെ ലഭ്യത ഉറപ്പാക്കലും പ്രാദേശികതലത്തില്‍ രൂപീകരിച്ച വളന്റിയര്‍സേനയ്ക്ക് കഴിയും. സിപിഐ എം കാണിക്കുന്ന ഈ മാതൃക ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കക്ഷികള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍, കേരളത്തിന്റെ യശസ്സ് ഇനിയും ഉയരുകയേ ഉള്ളൂ.

*
ദേശാഭിമാനി മുഖപ്രസംഗം 16 ജനുവരി 2013

1 comment:

INTLMOVER said...

this post is bookmarked here

http://meetpals.net/bookmarks/view/469/സാന്ത്വന-പരിചരണം