Sunday, January 13, 2013

ജനവിരുദ്ധ സാമ്പത്തിക നയങ്ങളും ദുര്‍ബലമായ രാഷ്ട്രീയ മണ്ഡലവും

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അഴിമതി ആരോപണങ്ങളുടെ നിഴലിലാണ് 2012 ആരംഭിച്ചത്. 2012 അവസാനിക്കുമ്പോള്‍ പാര്‍ലമെന്‍റിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന് ഡല്‍ഹിയിലെ പെണ്‍കുട്ടിയുടെ കൂട്ടബലാല്‍സംഗമായിരുന്നു. ഇന്ത്യയെ പൊതിഞ്ഞിരിക്കുന്ന സാമൂഹ്യ സാമ്പത്തികബന്ധങ്ങളുടെ ജീര്‍ണ രൂപങ്ങളുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഈ വര്‍ഷത്തിലുടനീളം പ്രകടമായിരുന്നു. 2012െന്‍റ ആദ്യം അന്നാ ഹസാരെയും കൂട്ടരും ("ടീം" എന്ന കോര്‍പറേറ്റ് മാനേജ്മെന്‍റ് പദം രാഷ്ട്രീയരംഗത്ത് ഉപയോഗിക്കപ്പെട്ടത് അപ്പോഴായിരിക്കും) അഴിമതിയ്ക്കെതിരായ സമരത്തെ രാഷ്ട്രീയ ധാര്‍മികതയ്ക്കുവേണ്ടിയുള്ള സമരമായാണ് കണ്ടത്.

അന്നാഹസാരെ തെന്‍റ ജന്‍ ലോക്പാലിനു വേണ്ടിയുള്ള ആവശ്യം വീണ്ടും ഉന്നയിക്കുകയും അതിനുവേണ്ടി ഉപവാസമടക്കമുള്ള സ്ഥിരം പ്രതിഷേധ രൂപങ്ങള്‍ ആരംഭിക്കുകയും ചെയ്തുവെങ്കിലും പഴയതുപോലെ മാധ്യമങ്ങളുടെ വീരനായകനാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഹസാരേ ടീമില്‍ വിള്ളല്‍ വരുന്നുവെന്ന സൂചനയായിരുന്നു അത്. കനിമൊഴിയടക്കം 2ജി സ്പെക്ട്രം അഴിമതിയിലെ രാഷ്ട്രീയ പങ്കാളികള്‍ മുഴുവന്‍ വലിയ ആഘോഷത്തോടെയും അല്‍പം മെലോഡ്രാമയുടെ സഹായത്തോടെയും ജയിലിലടയ്ക്കപ്പെടുകയും കൂട്ടത്തില്‍ ജയിലിലടയ്ക്കപ്പെട്ട കോര്‍പറേറ്റ് കുത്തക പ്രതിനിധികളെല്ലാം വലിയ പരിക്കൊന്നുമില്ലാതെ പുറത്തുപോരികയും ചെയ്തത് മാധ്യമങ്ങളെയും ഹസാരെ ടീമിെന്‍റ സ്പോണ്‍സര്‍മാരെയും ആശ്വസിപ്പിച്ചിരിക്കാം. ഏതായാലും അന്നാഹസാരേയുടെ "ധാര്‍മിക സമരം" രാഷ്ട്രീയ രൂപം കൈവരിച്ചത് വളരെ വേഗമായിരുന്നു.

2ജി സ്പെക്ട്രത്തിനു പിറകെ കല്‍ക്കരി ഖനികളുടെ ലൈസന്‍സ് നല്‍കുന്നതില്‍ ഖനി മന്ത്രാലയം കാണിച്ച അഴിമതി കംപ്ട്രോളര്‍ ആന്‍റ് ആഡിറ്റര്‍ ജനറല്‍ പുറത്തുകൊണ്ടുവന്നതോടെ വീണ്ടും രാഷ്ട്രീയരംഗം പ്രക്ഷുബ്ധമായി. ഖനികള്‍ നല്‍കുന്നതില്‍ സ്വീകരിച്ച നടപടിക്രമത്തെ പൂര്‍ണമായി ന്യായീകരിച്ചുകൊണ്ട് പ്രധാനമന്ത്രി രംഗത്തുവരികയും വകുപ്പുമന്ത്രിയായ സുബോധ്കാന്ത്സഹായ് തെന്‍റ സഹോദരന്‍ മാനേജ്മെന്‍റ് പ്രതിനിധിയായ ഒരു കമ്പനിയ്ക്ക് വഴിവിട്ട് ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. ""കോള്‍ഗേറ്റ്"" എന്നു മാധ്യമങ്ങള്‍ വിളിച്ച ഈ അഴിമതിക്കഥയും കുറെനാള്‍ കഴിഞ്ഞ് കെട്ടടങ്ങുന്ന കാഴ്ചയാണ് നാം കണ്ടത്. ലൈസന്‍സ് നല്‍കപ്പെട്ട ഒരു കുത്തകയ്ക്കും ഒരു പോറല്‍ പോലുമേറ്റില്ല. പക്ഷേ, രാഷ്ട്രീയരംഗം പ്രക്ഷുബ്ധമായി. അഴിമതിക്കഥകള്‍ നിരവധി പുറത്തുവരാനാരംഭിച്ചതോടെ കേന്ദ്ര ഗവണ്‍മെന്‍റ് കടുത്ത സമ്മര്‍ദ്ദത്തെ നേരിട്ടു. ഇതിനിടയിലാണ് അന്നാഹസാരേ ടീമംഗവും ""സന്നദ്ധ"" പ്രവര്‍ത്തകനുമായ അരവിന്ദ് കേജ്രിവാള്‍ സുപ്രീംകോടതി അഭിഭാഷകരും അച്ഛനും മകനുമായ ശാന്തിഭൂഷെന്‍റയും പ്രശാന്ത് ഭൂഷെന്‍റയും സഹായത്തോടെ ഒരു അഴിമതിവിരുദ്ധ രാഷ്ട്രീയ സംഘടന (ഇന്ത്യാ എഗന്‍സ്റ്റ് കറപ്ഷന്‍) ഉണ്ടാക്കിയത്.

കേജ്രിവാള്‍ നിരവധി മന്ത്രാലയങ്ങള്‍ക്കെതിരെയും മുന്‍ ഹിമാചല്‍ മുഖ്യമന്ത്രിയായ വീരഭദ്രസിംഗിന് എതരെയും അഴിമതി ആരോപണങ്ങളും നിരവധി ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകളുടെ കഥ പുറത്തുകൊണ്ടുവന്നു. ഈ കഥകള്‍ ഉയര്‍ത്തിയ ജനവികാരമാണ് ഇന്ത്യ ഈ വര്‍ഷം കണ്ട രാഷ്ട്രീയ നാടകങ്ങളിലാദ്യത്തേതിലേക്ക് നയിച്ചത്. മമതാബാനര്‍ജി തെന്‍റ പാര്‍ടിയിലെ മന്ത്രിമാരെ പിന്‍വലിച്ചുകൊണ്ട് നടത്തിയ നാടകമായിരുന്നു അത്. മമതയുടെ ഈ നാടകം പുതിയ രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമാക്കിയുള്ളതായിരുന്നില്ല. അത്തരത്തില്‍ ഒരു രാഷ്ട്രീയ വേര്‍തിരിവും പിന്നീട് നടന്നുമില്ല. പക്ഷേ മൂന്ന് തൃണമൂല്‍ മന്ത്രിമാര്‍ രാജിവെച്ചത് മന്‍മോഹന്‍സിംഗിനു മുഖം രക്ഷിക്കാനുള്ള തന്ത്രമായിരുന്നു. കേജരിവാള്‍ ലക്ഷ്യമിട്ട മന്ത്രിമാരിലൊരാളായ എസ് എം കൃഷ്ണയും സുബോധ്കാന്ത് സഹായ് അടക്കം മറ്റു ചില മന്ത്രിമാരും രാജിവെച്ചു. പ്രധാനമായും അടുത്ത പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മന്ത്രിസഭാ പുനഃസംഘടന നടത്താനും ഇത് പ്രധാനമന്ത്രിയെ സഹായിച്ചു. കൂട്ടത്തില്‍ കൊടിക്കുന്നില്‍ സുരേഷും കേന്ദ്ര മന്ത്രിസഭയില്‍ കടന്നുകൂടി. കേന്ദ്ര മന്ത്രിസഭയിലെ ദളിതരുടെയും മുസ്ലീങ്ങളുടെയും സ്ത്രീകളുടെയും ചേരുവ കൂടാതെ ശതകോടീശ്വരന്മാരുടെ ചേരുവയും മന്ത്രിസഭാ പുനഃസംഘടനയില്‍ നിലനിര്‍ത്തപ്പെട്ടു. ഈ മാറ്റങ്ങളില്‍ അധികമൊന്നും ശ്രദ്ധിക്കപ്പെടാത്ത മറ്റൊരു മാറ്റമുണ്ട്. എല്ലാ കാലത്തും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശ്വസ്തരില്‍ അഗ്രഗണ്യനും നെഹ്റു യുഗത്തിന്റെ സാമ്പത്തിക ക്രമത്തില്‍നിന്ന് നവലിബറല്‍ സാമ്പത്തിക ക്രമത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ പൂര്‍ണമായ വിധേയത്വത്തോടെയുള്ള പങ്കു വഹിച്ചയാളുമായ പ്രണബ്കുമാര്‍ മുഖര്‍ജി ഇന്ത്യന്‍ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു ഭരണമാറ്റം വന്നാല്‍പോലും കോണ്‍ഗ്രസിനും നവലിബറല്‍ സമ്പദ്വ്യവസ്ഥയ്ക്കും പൂര്‍ണമായി ആശ്രയിക്കാവുന്ന രാഷ്ട്രത്തലവനെയാണ് കിട്ടിയത്. അതിനോടൊപ്പം അദ്ദേഹത്തിനുണ്ടായ സെക്കുലര്‍ മുഖമുദ്ര ജനാധിപത്യവാദികളില്‍ ചിലരെയെങ്കിലും ആശ്വസിപ്പിച്ചു.

2012ലെ രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നും അഖിലേന്ത്യാതലത്തിലുള്ള രാഷ്ട്രീയ ചേരുവകളില്‍ കാര്യമായ മാറ്റം വരുത്തിയില്ല. അതേസമയം ഭരണകക്ഷികളായ യുപിഎയുടെ, പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ ജനസ്വാധീനം കുറയുകയായിരുന്നു. എന്‍ഡി ടിവി നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പ് കാണിച്ചത് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസിന് 125ല്‍പരം സീറ്റ് കിട്ടാനിടയില്ലെന്നായിരുന്നു. യുപിഎയുടെ സീറ്റുകള്‍ 200ല്‍ പരമാകാനും സാധ്യതയില്ലെന്നും വിലയിരുത്തപ്പെട്ടു. അതേസമയം, ബിജെപിയ്ക്കോ മറ്റേതെങ്കിലും മുന്നണിയ്ക്കോ ഒറ്റയ്ക്കു വിജയം നേടാനും സാധ്യത കുറവായിരുന്നെന്നായിരുന്നു വിലയിരുത്തല്‍. അടുത്തകാലത്തെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ""താരോദയ""മായി കണക്കാക്കപ്പെട്ടിരുന്ന രാഹുല്‍ഗാന്ധി ഉദിച്ചുയരാന്‍ വളരെയധികം പ്രയാസപ്പെടുന്നതുപോലെ തോന്നിച്ചു. രാഹുല്‍ഗാന്ധിയുടെ വിജയഭേരിയായി കോണ്‍ഗ്രസുകാരെങ്കിലും കരുതിയ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയെ തറപറ്റിച്ചുകൊണ്ട് സമാജ്വാദി പാര്‍ടി വിജയിക്കുകയും മുലായംസിങ് യാദവിെന്‍റ മകനായ അഖിലേഷ് യാദവ് മുഖ്യമന്ത്രിയാവുകയും ചെയ്തതോടെ രാഹുല്‍ഗാന്ധിയുടെ ഉദയത്തിന് ഇനിയും സമയം വേണ്ടിവരുമെന്ന് വ്യക്തമായി. അതിനിടയ്ക്ക് ചില കോണ്‍ഗ്രസുകാരെങ്കിലും രാഹുലിനുപകരം സഹോദരി പ്രിയങ്ക വദേരയെ കൊണ്ടുവരാന്‍ ശ്രമിച്ചു. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദേരയുടെ ഭൂമി കച്ചവടം കേജ്രിവാളും കൂട്ടരും പുറത്തുകൊണ്ടുവന്നത് അത്തരക്കാര്‍ക്ക് തിരിച്ചടിയായി. ഇതിന്റെ ഫലമായി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു സാധ്യതകള്‍ ഇപ്പോഴും മുന്നോട്ടുവരുന്നില്ല. അടുത്തുനടന്ന തെരഞ്ഞെടുപ്പുകളില്‍ ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് വിജയിച്ചതു മാത്രമായിരുന്നു ആശ്വാസം. പക്ഷേ, ഹിമാചല്‍ ഒരിക്കലും കോണ്‍ഗ്രസിനെ സ്ഥിരമായി പിന്തുണച്ചിട്ടില്ലാത്തതുകൊണ്ട് എത്രമാത്രം ആത്മവിശ്വാസം അത് കോണ്‍ഗ്രസുകാര്‍ക്കു നല്‍കുമെന്ന് പറയാനാവില്ല.

കോണ്‍ഗ്രസിനെ കേന്ദ്ര ഭരണത്തില്‍ പിടിച്ചുനിര്‍ത്തുന്ന ഘടകം പ്രതിപക്ഷത്തിന്റെ കെട്ടുറപ്പില്ലായ്മയാണ്. കോണ്‍ഗ്രസുകാര്‍ക്കെതിരായ അഴിമതിയടക്കമുള്ള എല്ലാ വിമര്‍ശനങ്ങളും ബിജെപിയ്ക്കും ബാധകമാണ്. ബിജെപിയിലെ ""യുവതലമുറ""യായ പ്രസിഡണ്ട് നവീന്‍ ഗഡ്കരിക്കെതിരായി അഴിമതിയാരോപണം ഉയര്‍ന്നതും കര്‍ണാടകത്തിലെ ശക്തനായ മുഖ്യമന്ത്രി യെദ്യൂരപ്പ ഭൂമി കച്ചവടത്തില്‍ അഴിമതി നടത്തിയതിന്റെ പേരില്‍ പുറത്തു പോകേണ്ടിവന്നതും ഉദാഹരണമാണ്. യെദ്യൂരപ്പയെ പുറത്താക്കാന്‍ ബിജെപി തീരുമാനിച്ചപ്പോള്‍ അദ്ദേഹവും അനുയായികളും പുതിയ പാര്‍ടിയുണ്ടാക്കി വെല്ലുവിളി നടത്തുകയാണ്. ഇതുകൊണ്ടുതന്നെ യുപിഎയ്ക്കെതിരെ സംഘടിതമായ വെല്ലുവിളി നടത്താന്‍ ബിജെപിയ്ക്കു കഴിയുന്നില്ല. ബിജെപി സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഹിന്ദുത്വ പ്രചരണം വിലപ്പോവുന്നുമില്ല. പാകിസ്ഥാന്‍ ചാരനെന്നാരോപിക്കപ്പെട്ട അമീര്‍ കസബിനെ തൂക്കിക്കൊന്ന് ""അന്താരാഷ്ട്ര"" ബന്ധങ്ങളില്‍ ചരിത്രം സൃഷ്ടിക്കുന്നതില്‍ യുപിഎ സര്‍ക്കാരും കോടതിയും വിജയിച്ചതോടെ ദേശാഭിമാനത്തിന്റെ കാര്യത്തിലും തങ്ങള്‍ ഒട്ടും പിറകിലല്ലെന്നു കോണ്‍ഗ്രസ് ഗവണ്‍മെന്‍റിനും തെളിയിക്കാന്‍ കഴിഞ്ഞു. രാഹുല്‍ഗാന്ധിയെപ്പോലുള്ള ""ഹൈ-ടെക്"" നേതൃത്വം വളര്‍ന്നുവരാത്തതുകൊണ്ടായിരിക്കാം, അദ്വാനിയടക്കമുള്ള വന്ദ്യവയോധികരെത്തന്നെ ബിജെപിയ്ക്ക് ആശ്രയിക്കേണ്ടിവരുന്നു. അവര്‍ക്കാശ്വാസം നല്‍കുന്നത്, ഇന്ത്യയില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ക്കും ശകാരവര്‍ഷത്തിനും വിധേയനായിട്ടും മൂന്നാംവട്ടം ഗുജറാത്തില്‍ ഭരണത്തില്‍ വന്ന നരേന്ദ്രമോഡി തന്നെയാണ്. ഗുജറാത്ത് കലാപം രാജ്യത്തിലെ ജനതയില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കിയിട്ടും അതിന്റെ സൂത്രധാരന് വിജയിക്കാന്‍ കഴിയുന്നത് ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയുടെ സ്വഭാവത്തെ വ്യക്തമാക്കുന്നു. മറ്റു പ്രതിപക്ഷ പാര്‍ടികള്‍ക്ക് രാഷ്ട്രീയമായോ മറ്റു രീതികളിലോ ഏകീകൃതമായ വിമര്‍ശനം ഉയര്‍ത്താന്‍ കഴിയുന്നില്ല. ഇതിലേറ്റവും പ്രകടമായത് തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ടി, ബിഎസ്പി എന്നിവരുടെ പ്രകടനമാണ്.

പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തെ തകര്‍ക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ഭരണത്തില്‍വന്ന തൃണമൂല്‍ കോണ്‍ഗ്രസ് തികഞ്ഞ വൈര്യനിര്യാതന ബുദ്ധിയോടെ ഇടതുപക്ഷ വേട്ട തുടരുകയാണ്. സിപിഐ എമ്മിന്റെ നൂറുകണക്കിനു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സ്വന്തം ഭരണത്തിനെതിരായ ഒരു ചെറുവിമര്‍ശനംപോലും പൊറുക്കാന്‍ കഴിയാത്ത ഭരണാധികാരിയാണ് താന്‍ എന്ന് മമതാ ബാനര്‍ജി അനുദിനം തെളിയിക്കുകയാണ്. തനിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ച യാദവ്പൂര്‍ സര്‍വകലാശാല പ്രൊഫസര്‍ക്കെതിരെയെടുത്ത നടപടി ഇതിന് വ്യക്തമായ ഉദാഹരണവുമാണ്. തന്നെ ഭരണത്തില്‍ കൊണ്ടുവരാന്‍ ഒത്താശ ചെയ്ത മാവോയിസ്റ്റുകള്‍ക്കും മറ്റു ഗ്രൂപ്പുകള്‍ക്കുമെതിരായും മമത തിരിഞ്ഞുകഴിഞ്ഞു. അഖിലേന്ത്യാതലത്തില്‍ യുപിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ആ സഖ്യം വിട്ടെങ്കിലും മറ്റൊരു സഖ്യത്തിലേക്ക് ഇതുവരെ വന്നിട്ടില്ല. സമാജ്വാദി പാര്‍ടിയും ബിഎസ്പിയും കോണ്‍ഗ്രസ് നയങ്ങളെ പരസ്യമായി വിമര്‍ശിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനെയോ അതിന്റെ നവലിബറല്‍ സമീപനത്തെയോ തള്ളിപ്പറയാന്‍ തയ്യാറില്ല. അതുകൊണ്ടുതന്നെ, ചില്ലറ വ്യാപാരമേഖലയിലെ പ്രത്യക്ഷ വിദേശ നിക്ഷേപത്തെ പാര്‍ലമെന്‍റില്‍ പരസ്യമായി വിമര്‍ശിച്ചിട്ടുപോലും വോട്ടെടുപ്പില്‍ വിട്ടുനിന്നും കോണ്‍ഗ്രസിനെ പിന്തുണച്ചും ഈ കക്ഷികള്‍ കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തിയത് ഇവരുടെയെല്ലാം അവസരവാദപരമായ സമീപനത്തിന് പ്രകടമായ തെളിവായിരുന്നു. കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധത്തിനു പാര്‍ലമെന്‍റിനകത്തും പുറത്തും തയ്യാറായത് സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം മാത്രമായിരുന്നു. അഴിമതി, ഇസ്രയേലിനോടുള്ള സമീപനമടക്കം വിദേശനയത്തിലെ അപാകതകളും അമേരിക്കന്‍ വിധേയത്വവും നവലിബറല്‍ നയങ്ങള്‍, വിലക്കയറ്റം, പാചകവാതക പ്രതിസന്ധി, പ്രത്യക്ഷ വിദേശ നിക്ഷേപം, ദരിദ്രവല്‍ക്കരിക്കപ്പെടുന്ന ജനസാമാന്യത്തിനെതിരായ കടന്നുകയറ്റങ്ങള്‍ തുടങ്ങി ഇന്ത്യയില്‍ ചര്‍ച്ച ചെയ്ത എല്ലാ പ്രശ്നങ്ങളിലും ഭരണകൂടനയങ്ങള്‍ക്കെതിരായി ശക്തമായ നിലപാടുകള്‍ കൈക്കൊണ്ടത് ഇടതുപക്ഷമായിരുന്നു. പാര്‍ലമെന്‍റിനുപുറത്ത് ഭരണകൂടനയങ്ങള്‍ക്കെതിരായി നിരവധി പ്രക്ഷോഭങ്ങളും ഇടതുപക്ഷം സംഘടിപ്പിച്ചു. പക്ഷേ, പാര്‍ലമെന്‍റിലെ അംഗസംഖ്യയിലെ കുറവും പ്രതിപക്ഷകക്ഷികളില്‍ പൊതുവെ പ്രത്യക്ഷപ്പെട്ട അവസരവാദപരമായ ചാഞ്ചാട്ടങ്ങളും കാരണം ഇത്തരം പ്രതിരോധ രൂപങ്ങളെ സമഗ്രമായ പൊതുജനമുന്നേറ്റങ്ങളാക്കി മാറ്റാന്‍ ഇടതുപക്ഷത്തിനു സാധിച്ചില്ല. ഇടതുപക്ഷം നയിച്ച ബഹുജനമുന്നേറ്റങ്ങളെക്കാള്‍ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ വിമര്‍ശകര്‍ക്കും താല്‍പര്യം അരവിന്ദ് കേജ്രിവാളിനെപ്പോലുള്ള മദ്ധ്യവര്‍ഗബുദ്ധിജീവികള്‍ നടത്തിയ പ്രതിഷേധങ്ങളോടായിരുന്നു. പാചകവാതക പ്രതിസന്ധിയെയും പൊതുവിതരണ സമ്പ്രദായത്തിലെ അപാകതയെയും ചൂണ്ടിക്കാട്ടി സിപിഐ എം ഡല്‍ഹി ബോട്ട് ക്ലബില്‍ നടത്തിയ ഒരാഴ്ച നീണ്ട പ്രതിഷേധം തമസ്കരിച്ച മാധ്യമങ്ങള്‍ അരവിന്ദ് കേജ്രിവാളിെന്‍റ അനുയായികള്‍ നടത്തിയ ചെറുപ്രകടനങ്ങളെ പോലും പര്‍വതീകരിച്ചു. പാചകവാതക പ്രതിസന്ധിയെ മുന്‍നിര്‍ത്തി കേരളത്തിലെ പതിനായിരക്കണക്കിനു കുടുംബങ്ങള്‍ അണിനിരന്ന അഗ്നിശൃംഖലയെ ഏതാനും നേതാക്കന്മാരുടെ ഭാര്യമാര്‍ നടത്തിയ പാചകമേളയായി കേരളത്തിലെ മാധ്യമങ്ങള്‍ ക്ഷുദ്രവല്‍ക്കരിച്ചതും ഇവിടെ ഓര്‍ക്കേണ്ടതാണ്. ഇത്തരത്തിലുള്ള തമസ്കരണവും ക്ഷുദ്രവല്‍ക്കരണവും ഇടതുപക്ഷത്തിനെതിരായ കുതിരകയറ്റം മാധ്യമങ്ങളും ഭരണവര്‍ഗങ്ങളും തുടരുന്നുവെന്നതിന്റെ തെളിവുമാണ്.

ഇടതുപക്ഷത്തിനെതിരായ ആക്രമണം ഭരണവര്‍ഗങ്ങള്‍ അനുസ്യൂതമായി തുടരുന്നുവെന്നതിനും തെളിവുകള്‍ ധാരാളമാണ്. കേരളത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധത്തിനുശേഷം ഏതാണ്ട് 3-4 മാസക്കാലം തുടര്‍ച്ചയായി സിപിഐ എമ്മിനെ ആക്രമിക്കുന്നതില്‍ തന്നെ വ്യാപൃതരായിരുന്നു കേരളത്തിലെ മാധ്യമങ്ങള്‍. ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയ കൊലപാതകത്തിനും ലഭിക്കാത്തത്ര മാധ്യമ പ്രാധാന്യം ചന്ദ്രശേഖരന്‍ വധത്തിനു ലഭിച്ചു. ബംഗാളില്‍ നൂറുകണക്കിനു സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതു തമസ്കരിക്കാനും ഈ തന്ത്രം ഉപകരിച്ചു. കേന്ദ്ര തലത്തില്‍ യുപിഎ ഭരണകൂടം തുടര്‍ച്ചയായി നേരിട്ട പ്രതിസന്ധിയെ മറച്ചുപിടിക്കാനും ഇതു സഹായിച്ചു. ഭരണകൂടനയങ്ങള്‍ക്കെതിരായി വളര്‍ന്നുവന്ന പ്രതിഷേധത്തിന് നല്‍കേണ്ടിവരുന്ന ഊന്നലിന്റെ ദിശ മാറ്റാനായി മാധ്യമങ്ങള്‍ കണ്ടെത്തിയ ഒരു സേഫ്റ്റി വാല്‍വായിരുന്നു കേജ്രിവാള്‍ സംഘത്തിനു നല്‍കിയ ശ്രദ്ധ. രാഷ്ട്രീയമായി അപ്രസക്തമായ ഒരു സംഘത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതുവഴി വിജയിക്കുന്നത് ഭരണകൂടനയങ്ങളാണ്. മേല്‍ സൂചിപ്പിച്ച പൊതുപ്രവണതകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗൗരവമേറിയ മാറ്റങ്ങളെ ചൂണ്ടിക്കാണിക്കുന്നവയാണ്. ഇന്ത്യയുടെ സാമൂഹ്യ സാമ്പത്തിക ജീവിതത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ഇവയ്ക്ക് പ്രാധാന്യമേറുന്നു.

അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളെല്ലാം ആസൂത്രണം ചെയ്യുന്നത് സ്വന്തമായി പാര്‍ലമെന്‍റിലെ ഒരു സഭയിലും ഭൂരിപക്ഷമില്ലാത്ത ഒരു രാഷ്ട്രീയ പാര്‍ടിയുടെ നേതൃത്വത്തില്‍ പ്രത്യേകിച്ച് കെട്ടുറപ്പ് അവകാശപ്പെടാന്‍ കഴിയാത്ത ഒരു രാഷ്ട്രീയ മുന്നണിയാണെന്നതാണ്. തൃണമൂല്‍, ബിഎസ്പി, എസ്പി തുടങ്ങിയ പ്രതിപക്ഷ പാര്‍ടികളും ഡിഎംകെപോലുള്ള എങ്ങോട്ടു വേണമെങ്കിലും ചായാവുന്ന ഭരണപക്ഷ പാര്‍ടികളുമാണ് കോണ്‍ഗ്രസ് ഭരണത്തെ താങ്ങിനിര്‍ത്തുന്നത്. ഇത്തരത്തിലുള്ള ഞാണിന്മേല്‍ക്കളി സാധ്യമാകുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും പൊതുമണ്ഡലത്തിന്റെയും മറ്റൊരു സ്വഭാവംകൊണ്ടാണ്. ഇടതുപക്ഷ രാഷ്ട്രീയ പാര്‍ടികളും ഒരു ചെറു ന്യൂനപക്ഷം ബുദ്ധിജീവികളും ഒഴികെ ഇന്ന് ഇന്ത്യ പിന്തുടരുന്ന നവലിബറല്‍ ഉദാരവല്‍ക്കരണനയങ്ങളെ കാര്യകാരണബദ്ധമായി വിമര്‍ശിക്കാന്‍ തയ്യാറുള്ള രാഷ്ട്രീയ സമൂഹം ഇന്ത്യയില്‍ നിലവിലില്ല. ഇന്ത്യയെ നിരീക്ഷിച്ച ഒരു പ്രസിദ്ധ ചരിത്ര പണ്ഡിതന്‍ അടുത്തകാലത്ത് അഭിപ്രായപ്പെട്ടതുപോലെ, ഇന്ത്യയിലെ ബുദ്ധിജീവികളെല്ലാം ഏതെങ്കിലും വിധത്തില്‍ ഭരണകൂടത്തിന്റെ വിമര്‍ശകരാണ്. പക്ഷേ, അവരുടെ വിമര്‍ശനങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളിലോ നയരൂപീകരണത്തിലോ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല. വിമര്‍ശനങ്ങളെയെല്ലാം അവഗണിച്ച് മുന്നോട്ടുപോകാന്‍ ഇന്ന് ഭരണകൂടത്തിന് സാധിക്കുന്നത് അതിന്റെ ജനാധിപത്യവിരുദ്ധ സ്വഭാവംകൊണ്ടാണ്. ഏറ്റവും വിപുലമായ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്നുവെന്നവകാശപ്പെടുന്ന രാഷ്ട്രത്തിലെ ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ സ്വഭാവം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരിമിതികളിലേക്കു വിരല്‍ചൂണ്ടുന്നു. ഒരു പ്രാവശ്യം ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സാമാജികര്‍ക്ക് അഞ്ചുവര്‍ഷക്കാലത്തേക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ലഭിക്കുന്നത്. പാര്‍ലമെന്‍റ് സമ്മേളനങ്ങള്‍ അടിക്കടി നടപ്പിലാക്കുന്ന ശമ്പളവര്‍ദ്ധന കൂടാതെ, എംപി ഫണ്ട് മുതലായ ധനഉപാധികള്‍, സബ്കോണ്‍ട്രാക്ടിംഗ് കേന്ദ്ര വികസന പദ്ധതികളില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യം തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് ഇന്നു ലഭിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന സാമാജികരില്‍ നല്ലൊരു ഭാഗം ശതകോടീശ്വരന്മാര്‍ കൂടിയാകുമ്പോള്‍ സാമാജികര്‍ക്ക് അവരുടെ നിയോജകമണ്ഡലങ്ങള്‍ ഒരു തരം പ്രൈവറ്റ് എസ്റ്റേറ്റ് പോലെയാവുകയാണ്. (റായ്ബറേലി നെഹ്റു കുടുംബത്തിന്റെ പ്രൈവറ്റ് എസ്റ്റേറ്റ് ആയതുപോലെയാണിത്). രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈവന്‍റ് മാനേജ്മെന്‍റ് - കോര്‍പറേറ്റ് തന്ത്രങ്ങള്‍ കൂടി ചേരുമ്പോള്‍ നിയമസഭാ - പാര്‍ലമെന്‍റ് സാമാജികര്‍ ഒരു സംഘം നവതലമുറ രാഷ്ട്രീയ മാനേജര്‍മാര്‍ ആയി മാറുകയാണ്. ഇവര്‍ക്ക് രാഷ്ട്രീയ വാദപ്രതിവാദങ്ങളിലും നയരൂപീകരണ ചര്‍ച്ചകളിലും ഏറെ താല്‍പര്യമുള്ളത് പുതിയ നയങ്ങള്‍ വഴി ലഭിക്കുന്ന ആനുകൂല്യങ്ങളും കമ്മീഷനും കൈവശത്തിലാക്കുന്നതിലാണ്. രാജമാരെയും കനിമൊഴിമാരെയും സുബോധ്കാന്ത് സഹായ്മാരെയും സ്വിസ് ബാങ്ക് നിക്ഷേപകരായ എംപിമാരെയും മന്ത്രിമാരെയും സൃഷ്ടിക്കുന്ന ഇത്തരം രാഷ്ട്രീയത്തിലാണ് നവലിബറലിസത്തിന് ഏറെ താല്‍പര്യം. ഇവിടെ അഴിമതിയുടെ പ്രശ്നം ധാര്‍മികതയോ ഏതാനും രാഷ്ട്രീയക്കാരുടെ കൊള്ളരുതായ്മകളോ അല്ല, ബൂര്‍ഷ്വാ വ്യവസ്ഥയുടെ പ്രവര്‍ത്തനമാണ്. രാഷ്ട്രീയം പരാജയപ്പെടുന്ന ഇടത്ത് വിപണനതന്ത്രങ്ങളും അതിലെ ചില്ലറ നേട്ടങ്ങളും വിജയിക്കുന്നു. രാഷ്ട്രീയത്തിനു സംഭവിച്ചിരിക്കുന്ന ഉപരിപ്ലവതയും ദൗര്‍ബല്യവുമാണ് നവലിബറല്‍ നയങ്ങളെ വിജയിപ്പിക്കുന്നത്. 2012െന്‍റ മദ്ധ്യത്തില്‍ നടത്തിയ സാമ്പത്തിക അവലോകനത്തില്‍ സാമ്പത്തികമാന്ദ്യം ഇന്ത്യയെയും ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ വ്യാവസായികോല്‍പാദനത്തില്‍ നാമമാത്രമായ വര്‍ദ്ധനയാണുണ്ടായത്. കാര്‍ഷികോല്‍പാദനം ഭീമമായി ഇടിഞ്ഞിരുന്നു. ഇന്ത്യയിലെ നവലിബറല്‍ വ്യവസ്ഥയുടെ വളര്‍ച്ചയെ നിലനിര്‍ത്തിപ്പോന്ന സര്‍വീസ് മേഖലയിലും മുരടിപ്പിെന്‍റ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. ഉദാഹരണത്തിന്, ഐടിമേഖലയിലേക്കുള്ള റിക്രൂട്ട്മെന്‍റുകള്‍ ഏതാണ്ട് നിലച്ച മട്ടാണ്.

കാര്‍ഷികത്തകര്‍ച്ചമൂലം പുറത്താക്കപ്പെടുന്ന ജനത മറ്റു പ്രദേശങ്ങളിലേക്കെത്തിച്ചേരുന്നത് ഇന്ന് ഇന്ത്യയൊട്ടാകെ നടക്കുന്ന പ്രതിഭാസമാണ്. അതിന്റെ ഒരു രൗദ്രരൂപം അസം താഴ്വരകളില്‍ ഖാസി - ഗാരോ വിഭാഗങ്ങളും മുസ്ലിം ""കുടിയേറ്റ""ക്കാരും തമ്മിലുള്ള സംഘര്‍ഷമായി മാറുകയും ഇന്ത്യയൊട്ടാകെയുള്ള വടക്കുകിഴക്കന്‍ പ്രവിശ്യക്കാരില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. ഇന്ത്യയൊട്ടാകെ വളര്‍ന്നുവരുന്ന അരക്ഷിതാവസ്ഥയുടെയും തകര്‍ച്ചയുടെയുമായ അന്തരീക്ഷത്തിനു മറുപടിയായി ഇപ്പോഴും സര്‍ക്കാര്‍ നവലിബറല്‍ ""ധനപ്രേരണാ"" നടപടികളെ താലോലിക്കുകയാണ്. ഭരണകൂടം ചെയ്യേണ്ടുന്ന എല്ലാ പ്രവര്‍ത്തനങ്ങളും കമ്പോളത്തെ കൊണ്ടു ചെയ്യിക്കുക എന്നതാണ്. ഇതിനുവേണ്ട റോഡ്, ഗതാഗതം, ഊര്‍ജ്ജം മുതലായ പശ്ചാത്തല സൗകര്യമൊരുക്കുക സംസ്ഥാന ഗവണ്‍മെന്‍റുകളുടെ ചുമതലയുമായി. എണ്ണ വിലയുടെ നിയന്ത്രണം എണ്ണക്കമ്പനികളെ ഏല്‍പിക്കുക, പാചകവാതക സിലിണ്ടറിന്റെ എണ്ണം വെട്ടിക്കുറയ്ക്കുകയും കമ്മി സൃഷ്ടിക്കുകയും ചെയ്യുക തുടങ്ങിയവയില്‍നിന്ന് ആരംഭിച്ച ഈ തന്ത്രം നിത്യോപയോഗ വസ്തുക്കളുടെ വിപണനം കമ്പോളത്തിനു വിട്ടുകൊടുക്കുന്നതു വഴി ബോധപൂര്‍വമായി വിലക്കയറ്റം സൃഷ്ടിക്കുന്നതിലെത്തിച്ചേര്‍ന്നു. ഭരണകൂടം കമ്പോള ഉല്‍പന്നങ്ങള്‍ക്ക് നല്‍കിപോന്ന എല്ലാവിധ സബ്സിഡികളില്‍നിന്നും പിന്മാറുന്നതിന്റെ മറ്റൊരു രൂപമായാണ് ഇപ്പോള്‍ ബാങ്ക് വഴി സബ്സിഡിപ്പണം എത്തിക്കുന്ന തന്ത്രം പയറ്റുന്നത്. ഒരു വശത്ത് എല്ലാവിധ ഉല്‍പന്ന സബ്സിഡികളില്‍നിന്നും സര്‍ക്കാര്‍ പിന്മാറുന്നതിനോടൊപ്പം മറുവശത്ത് ഉല്‍പന്നത്തിന് ബിപിഎല്‍ വിഭാഗങ്ങള്‍ പൊതുവിപണിയില്‍ നല്‍കേണ്ടിവരുന്ന വിലയുടെ ഒരു പങ്ക് ബാങ്ക് വഴി നല്‍കുകയെന്ന തന്ത്രം ജനങ്ങള്‍ക്ക് ""ജീവകാരുണ്യ""പരമായ ധനവിതരണ രൂപം മാത്രമല്ല. തെരഞ്ഞെടുപ്പിനുമുമ്പ് വോട്ട് നേടാന്‍ പണം വിതരണം ചെയ്യുന്ന സൂത്രവും മാത്രമല്ല.

ഇന്ത്യയിലെ തുച്ഛം ഗ്രാമങ്ങളില്‍ മാത്രമേ ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ബാക്കിയുള്ള എല്ലാ ഗ്രാമങ്ങളിലും ബാങ്കുകളുടെ കമ്മീഷന്‍ ഏജന്‍സികള്‍ പ്രവര്‍ത്തിപ്പിക്കുകയും അതുവഴി ""രാഷ്ട്രീയ സ്വാധീനം"" കൂടിയുള്ള കമ്മീഷന്‍ ഏജന്‍റുമാരുടെ ഒരു വിഭാഗം സൃഷ്ടിക്കുക എന്നതു കൂടിയാണ് ലക്ഷ്യം. (ഇതു നിര്‍ദ്ദേശിച്ചവരാരായാലും സാമ്പത്തിക വക്രബുദ്ധിയ്ക്ക് ഒരു നോബല്‍ സമ്മാനം നേടാന്‍ അര്‍ഹതയുള്ളവരാണവര്‍). ഇത്തരത്തില്‍ ജീവകാരുണ്യം വിതരണം ചെയ്യുന്ന അതേ സ്പീഡിലാണ് ഇന്ത്യയിലേക്ക് വാള്‍മാര്‍ട്ട് പോലുള്ള ചില്ലറക്കച്ചവട ഭീമന്മാരെ ക്ഷണിച്ചുവരുത്തുന്നതും അവര്‍ക്ക് വിപണനശൃംഖലകള്‍ മുഴുവനും സമ്മാനിക്കുന്നതും.

ജനജീവിതത്തെ മുഴുവന്‍ കോര്‍പറേറ്റ് ഭീമന്മാരുടെ നിയന്ത്രണത്തിലാക്കാന്‍ മറ്റൊരു ഫലപ്രദമായ മാര്‍ഗമില്ല. പൊതുവിതരണത്തില്‍നിന്ന് ഭരണകൂടം പൂര്‍ണമായി പിന്മാറി ജീവകാരുണ്യം നടത്തുന്ന അവസ്ഥയാണ് കോര്‍പറേറ്റുകള്‍ക്ക് എപ്പോഴും നല്ലത്. ഇതേ തന്ത്രങ്ങളാണ് മറ്റെല്ലാ മേഖലകളിലും പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയിലെ ബാങ്കിംഗ് ശൃംഖല മുഴുവനും സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ പടിപടിയായി നടക്കുകയാണ്. ഊര്‍ജ്ജം, ഖനി, ഘനവ്യവസായങ്ങള്‍ തുടങ്ങിയവയിലും വിദേശമൂലധനവും ടെക്നോളജിയും കടന്നുവരുന്നു. അടുത്തകാലത്ത് ആളിക്കത്തിയ ആണവ റിയാക്ടറുകളെ സംബന്ധിച്ച വിവാദം സൃഷ്ടിക്കപ്പെട്ടതു തന്നെ വിദേശ സാങ്കേതിക വിദ്യകളുടെ കടന്നുവരവുമായി ബന്ധപ്പെട്ടതാണ്. പരിസ്ഥിതി സംരക്ഷണത്തിനായി നിര്‍ദേശിക്കപ്പെട്ട പ്രദേശങ്ങളില്‍പോലും ""ഹരിത - നീല"" സ്വഭാവമുള്ള കോര്‍പറേറ്റ് സാങ്കേതിക വിദ്യകള്‍ക്ക് പ്രവേശനമുണ്ട്. ഇതെല്ലാം കൂടാതെ ഇന്‍ഷുറന്‍സ്, പ്രോവിഡന്‍റ് ഫണ്ട് തുടങ്ങി ഏറ്റവുമവസാനം കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍വരെ വിവിധ രീതികളില്‍ തൊഴിലെടുക്കുന്നവരില്‍നിന്ന് വീണ്ടും പണം ""കൊള്ളസമാഹരണം"" നടത്തി ധനമൂലധനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ വേറെയാണ്.

കേന്ദ്ര ഗവണ്‍മെന്‍റ് ജീവനക്കാര്‍ അനുക്രമമായി ഇത്തരം സമാഹരണ രൂപങ്ങളിലേക്കു മാറുന്നു. മറ്റുള്ള ജീവനക്കാരും ഇതിലേക്കു നീങ്ങുമെന്ന അവസ്ഥയിലാണ്. കാര്‍ഷികമേഖലയില്‍നിന്ന് ജനങ്ങള്‍ ആട്ടിയോടിക്കപ്പെടുമ്പോള്‍ അത്തരം പ്രദേശങ്ങളും കോര്‍പറേറ്റുകളുടെ കയ്യിലൊതുങ്ങുന്നു. ഇത്തരം മാറ്റങ്ങളെക്കുറിച്ചൊന്നും കാര്യമായ ചര്‍ച്ചകള്‍ പൊതുമണ്ഡലത്തില്‍ നടക്കുന്നില്ല. ഇടതുപക്ഷമാധ്യമങ്ങളും പ്രചരണ രൂപങ്ങളും മാത്രമാണ് പൊതുതലത്തില്‍ ഇത്തരം പ്രശ്നങ്ങളുയര്‍ത്തുന്നത്. മറ്റുള്ളവരാരും പ്രശ്നങ്ങളുയര്‍ത്തുന്നില്ലെന്നല്ല. പക്ഷേ, അവര്‍ പ്രശ്നങ്ങള്‍ സമഗ്രമായി കാണാന്‍ തയ്യാറാകുന്നില്ല. അതിനുപകരം സ്വന്തം സമുദായത്തെ, വിഭാഗത്തെ, പ്രദേശത്തെ ബാധിക്കുന്ന പ്രശ്നങ്ങളുടെ തലം മാത്രമേ അവരുടെ ശ്രദ്ധയില്‍പെടുന്നുള്ളൂ. നവലിബറല്‍ മുതലാളിത്തത്തിന് ഇത്തരം ഭേദങ്ങളില്ലെന്നും, ഒന്നുകില്‍ പൂര്‍ണമായ അംഗീകാരം, അല്ലെങ്കില്‍ സമൂഹത്തില്‍നിന്നു പുറന്തള്ളല്‍ എന്ന വേര്‍തിരിവു മാത്രമേ ഉള്ളു എന്ന വസ്തുതയും അവര്‍ വിസ്മരിക്കുന്നു. ഇതുകൊണ്ടുതന്നെ ബൂര്‍ഷ്വാ നയങ്ങള്‍ക്കെതിരായ ശക്തമായ വിമര്‍ശനം വളര്‍ത്തിയെടുക്കാന്‍ പ്രതിപക്ഷ രാഷ്ട്രീയകക്ഷികളില്‍ ഭൂരിഭാഗത്തിനും കഴിയുന്നില്ല. ശേഷിക്കുന്നവര്‍ ഇന്നത്തെ മാനേജ്മെന്‍റ് - കോര്‍പ്പറേറ്റ് രീതികളുടെ വക്താക്കളാകുകയും ചെയ്യുന്നു.

ശക്തമായ വിമര്‍ശനമുയര്‍ത്താന്‍ തയ്യാറുള്ള ഇടതുപക്ഷം പൂര്‍ണമായി ഒറ്റപ്പെടുന്ന അവസ്ഥയും ഇന്നുണ്ട്. ഇത്തരത്തില്‍ രാഷ്ട്രീയ സമൂഹത്തില്‍ സംഭവിക്കുന്ന ദൗര്‍ബല്യം നവലിബറല്‍ നയങ്ങളെ കൂടുതല്‍ ശക്തിപ്പെടുന്നതിലേക്കാണ് നയിക്കുന്നത്. ഇന്നത്തെ പാര്‍ലമെന്‍റിനെയും മറ്റു ജനാധിപത്യ സംവിധാനങ്ങളെയും മറികടക്കുകയും തൃണവല്‍കരിക്കുകയും ചെയ്തുകൊണ്ട് നവലിബറല്‍ നയങ്ങളുമായി മുന്നോട്ടുപോകുന്നതിന് നേതൃത്വം നല്‍കുന്നത് പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റ് തന്നെയാണ്. മറ്റു കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത അവസ്ഥയാണിത്. തുടര്‍ച്ചയായ കേന്ദ്ര സ്കീമുകള്‍ക്കും സ്വകാര്യ മൂലധനത്തിനും ആവശ്യമായ ""പശ്ചാത്തലസൗകര്യ""ങ്ങള്‍ ഒരുക്കുകയല്ലാതെ വേറൊന്നും ചെയ്യാനില്ലാത്ത ഏജന്‍സികളായി സംസ്ഥാന ഗവണ്‍മെന്‍റുകള്‍ അധഃപതിക്കുന്നു. കമ്പോളവല്‍കൃതമായ മൂലധനവ്യവസ്ഥയെ നിത്യജീവിതത്തിനു വകയില്ലാത്ത ഭൂരിപക്ഷത്തിനുമേല്‍ ഒരു ദാക്ഷിണ്യവുമില്ലാതെ അടിച്ചേല്‍പിക്കുന്ന ക്രൂരതാണ്ഡവമാണ് നാം ഇന്ന് അഖിലേന്ത്യാതലത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരായി ഒരു ബദല്‍ മുന്നണിയ്ക്ക് രൂപം കൊടുക്കണം എന്ന സിപിഐ എം ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായം ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ഇപ്പോഴുള്ള ബൂര്‍ഷ്വാ രാഷ്ട്രീയം ഏതാണ്ട് പൂര്‍ണമായി നവലിബറല്‍ നയങ്ങള്‍ക്കുമുമ്പില്‍ അടിയറവു പറഞ്ഞിരിക്കുകയാണ്. അവരില്‍ പ്രതിരോധമുയര്‍ത്തുന്നവരുടെയും ശബ്ദം ദുര്‍ബലമാണ്. അതുകൊണ്ട്, ജനങ്ങളുടെ നിലനില്‍പിനുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു പുതിയ രാഷ്ട്രീയ ഐക്യമുന്നണി ഉയര്‍ന്നുവരികയാണ്.

ദുര്‍ബലവും വികലവുമായ രാഷ്ട്രീയാന്തരീക്ഷത്തെ സജീവമാക്കാനും ഇന്ന് അടിച്ചേല്‍പിക്കപ്പെടുന്ന നയങ്ങള്‍ക്കെതിരെ പ്രതിരോധം സൃഷ്ടിക്കാനുമുള്ള ഏകമാര്‍ഗം അതിന് ഇപ്പോഴും സാധ്യതയുള്ള രാഷ്ട്രീയശക്തി ഇടതുപക്ഷമാണ്. ആ ലക്ഷ്യം മുന്‍നിര്‍ത്തി അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് ഇന്നത്തെ ആവശ്യവുമാണ്. അടിക്കുറിപ്പ് ഈ ലേഖനം അവസാനിപ്പിക്കുമ്പോഴാണ് ഡല്‍ഹിയിലെ കൂട്ടമാനഭംഗം ഉയര്‍ത്തിവിട്ട വിദ്യാര്‍ഥി പ്രക്ഷോഭം ഇന്ത്യാ ഗേറ്റിലും ബോട്ട് ക്ലബ് പരിസരങ്ങളിലും അലയടിക്കുന്നത്. ഇന്ത്യയുടെ തലസ്ഥാന നഗരം ക്രിമിനല്‍ മാഫിയകളുടെ പിടിയിലാണെന്നത് പരസ്യമായ രഹസ്യമാണ്. നിരവധി തവണ ക്രൂരമായ മാനഭംഗകേസുകളും കൊലപാതകങ്ങളും ഡല്‍ഹിയില്‍ തന്നെ അരങ്ങേറിയിട്ടുണ്ട്. അപ്പോഴൊക്കെ കേന്ദ്ര ഭരണകൂടവും ഡല്‍ഹി ഭരണകൂടവും പലവിധ ഉറപ്പുകളും നല്‍കാറുണ്ട്. ഇപ്പോള്‍ ഉറപ്പുനല്‍കപ്പെട്ട ഫാസ്റ്റ്ട്രാക്ക് കോടതികള്‍ അതിലൊന്നു മാത്രമാണ്.

പക്ഷേ, തലസ്ഥാനഗരിയില്‍ പെണ്‍കുട്ടികള്‍ക്ക് ധൈര്യമായി ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ നമ്മുടെ സമൂഹത്തെ കാര്‍ന്നുതിന്നുന്ന മഹാരോഗത്തെയാണ് കാണിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും എസ്എഫ്ഐ പോലുള്ള സംഘടനകളുടെ നേതൃത്വത്തിലും സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ യുവാക്കള്‍ പങ്കെടുത്തത് ഇന്നത്തെ അരക്ഷിതാവസ്ഥയെക്കുറിച്ച് അവരുടെ അവബോധം കാണിക്കുന്നു. ഇത്തരം പ്രക്ഷോഭങ്ങളുടെ ആകസ്മികതയ്ക്കപ്പുറം വെളിവാകുന്ന വൈരുദ്ധ്യങ്ങളുണ്ട്. അത്തരം പ്രക്ഷോഭങ്ങളെ നേരിടാനുള്ള പ്രാഥമികമായ കഴിവുപോലും നമ്മുടെ ദുര്‍ബലമായ രാഷ്ട്രീയ വ്യവസ്ഥയ്ക്കില്ലെന്നതും പ്രകടമാണ്. അതുകൊണ്ടാണ് അവര്‍ക്ക് പൊലീസ് മുറകളുടെ പിന്നില്‍ അഭയം പ്രാപിക്കേണ്ടി വരുന്നത്. ഇനി അരങ്ങേറാന്‍ പോകുന്ന സംഘര്‍ഷങ്ങളുടെ നാന്ദിയായി ഇതിനെ കരുതുന്നതില്‍ അപാകതയുണ്ടാകില്ല.

*
ഡോ. കെ എന്‍ ഗണേശ് ചിന്ത വാരിക

No comments: