Friday, January 11, 2013

കൂടുതല്‍ കരുത്തോടെ മുന്നോട്ട്

അമേരിക്കയില്‍ 2008ല്‍ ആരംഭിച്ച സാമ്പത്തികത്തകര്‍ച്ച ലോകത്തെ ഒട്ടുമുക്കാലും രാജ്യങ്ങളെ ബാധിച്ചു. അതില്‍നിന്നും കരകയറാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ സ്വീകരിച്ച മാര്‍ഗം, തകര്‍ച്ചയ്ക്കുത്തരവാദികളായ വന്‍കിട ബാങ്കുകളെയും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളെയും ജനറല്‍ മോട്ടോഴ്സ് പോലുള്ള കൂറ്റന്‍ വ്യവസായങ്ങളെയും രക്ഷിക്കുന്നതിന് പാക്കേജുകള്‍ നടപ്പാക്കുകയായിരുന്നു. ഇതിനാവശ്യമായ പണം കണ്ടെത്തിയതാവട്ടെ അമേരിക്കല്‍ ഫെഡറല്‍ ബാങ്കില്‍നിന്നും. ഫെഡറല്‍ബാങ്കില്‍ സ്വരൂപിക്കപ്പെട്ട പണം മുതലാളിമാരുടെയോ സമ്പന്നവര്‍ഗങ്ങളുടെയോ ആയിരുന്നില്ല. തൊഴിലാളികളും ഇടത്തരക്കാരും കഠിനാധ്വാനത്തിലൂടെ നേടിയതും നിക്ഷേപമായും നികുതികളായും പൊതുഖജനാവില്‍ എത്തിച്ചതായിരുന്നു. ഇതേത്തുടര്‍ന്ന് നല്ലൊരുഭാഗം തൊഴിലാളികള്‍ തൊഴില്‍രഹിതരും ഭവനരഹിതരുമായി.

സ്വന്തം രാജ്യത്ത് ഈ വിധത്തില്‍ ജനവിരുദ്ധമായ നയം നടപ്പാക്കിയ അമേരിക്കല്‍ സാമ്രാജ്യത്വം അന്യരാജ്യങ്ങളുടെമേല്‍ പിടിമുറുക്കുകയും തങ്ങളുടെ നയത്തിനുസൃതമായ സാമ്പത്തിക നയത്തിനും രാഷ്ട്രീയ നിലപാടുകള്‍ക്കും സമ്മര്‍ദം ചെലുത്തുകയും ചെയ്തു. അമേരിക്കയേയും യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ള രാജ്യങ്ങളെയും തൊഴിലില്ലായ്മ, വിലക്കയറ്റം, വേതനംചുരുക്കല്‍, സാമൂഹ്യക്ഷേമപരമായ നടപടികള്‍ നിര്‍ത്തലാക്കല്‍ തുടങ്ങിയവയിലേക്കാണ് സാമ്പത്തിക തകര്‍ച്ച നയിച്ചത്. ചെലവുചുരുക്കി ഈ സ്ഥിതിയില്‍നിന്നും രക്ഷനേടാനുള്ള ഉപദേശവും സമ്മര്‍ദവുമാണ് മറ്റു രാജ്യങ്ങളുടെമേല്‍ അമേരിക്ക അടിച്ചേല്‍പ്പിക്കുന്നത്. സ്വാഭാവികമായും ഇത് അധ്വാനിക്കുന്ന വിഭാഗങ്ങളെയും താഴേത്തട്ടിലെ ജനങ്ങളെയും ശക്തമായ ചെറുത്തുനില്‍പ്പിലേക്കു നയിച്ചു. ലോകത്തിലെ ഏറ്റവും വലിയ കമ്പോളങ്ങളില്‍ ഒന്നായ ഇന്ത്യ ഇന്ന് സാമ്രാജ്യത്വ നയങ്ങള്‍ അതേപടി സ്വീകരിക്കുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഈ നയത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു. പൊതുമേഖല ഇല്ലാതാക്കുന്നതും ജനങ്ങളുടെ താല്‍പ്പര്യത്തെ മുന്‍നിര്‍ത്തി നടപ്പില്‍വരുത്തിയ എല്ലാവിധ സര്‍ക്കാര്‍ നിയന്ത്രണങ്ങളും ഉപേക്ഷിക്കുന്നതും ഈ നയത്തിന്റെ ഭാഗമാണ്. എല്ലാം കമ്പോളവ്യവസ്ഥയ്ക്ക് വിധേയമാക്കുക എന്നതാണ് ഈ നയത്തിന്റെ കാതല്‍. ഇന്ത്യന്‍ സര്‍ക്കാര്‍ അതാണിപ്പോള്‍ നടപ്പാക്കുന്നത്. സാമ്പത്തികരംഗത്ത് ശക്തമായ സ്വന്തം അടിത്തറ സൃഷ്ടിച്ചു മാത്രമേ ഒരു രാജ്യത്തിന് അതിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ കഴിയൂ. നമ്മുടെ രാജ്യം സ്വാതന്ത്ര്യാനന്തരം വ്യാവസായിക- കാര്‍ഷികരംഗത്ത് ഊന്നല്‍ നല്‍കി അംഗീകരിച്ച പഞ്ചവല്‍സര പദ്ധതികള്‍, കുറവുകള്‍ പലതും കാണാമെങ്കിലും ആ വഴിക്കുള്ളതായിരുന്നു. രാജ്യത്തിന്റെ സ്വന്തം വ്യവസായത്തിനും വാണിജ്യരംഗത്തിനും സംരക്ഷണം നല്‍കാന്‍ ശ്രദ്ധിച്ചുപോന്നു. എന്നാല്‍, അതെല്ലാം അതിവേഗം ഇല്ലായ്മ ചെയ്യുകയാണ്. വ്യവസായ, ബാങ്കിങ്, ഇന്‍ഷുറന്‍സ്, ചില്ലറവ്യാപാരം തുടങ്ങി എല്ലാമേഖലകളെയും വിദേശ മൂലധനം അധീനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. തുറമുഖം, ടൂറിസം, വിമാനസര്‍വീസ് തുടങ്ങി സര്‍വമേഖലകളിലേക്കും അതു വ്യാപിക്കുകയാണ്. വിദ്യാഭ്യാസ- സാംസ്കാരിക രംഗങ്ങളും കൈപ്പിടിയിലാക്കുന്നു. ഇതിനെല്ലാം കൂട്ടുനില്‍ക്കുകയോ സംരക്ഷണം നല്‍കുകയോ ചെയ്യുന്ന ഉപകരണമായി അധഃപതിക്കുകയാണ് ഇന്ത്യന്‍ ഭരണകൂടം.

ഇതിന്റെയെല്ലാം ഫലമായി തൊഴില്‍രഹിതരുടെ എണ്ണം പെരുകുന്നു; വില കുതിച്ചുയരുന്നു. ഇതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പും പോരാട്ടവുമാണ് ഇന്ത്യയില്‍ നടക്കുന്നത്. ഈ പോരാട്ടങ്ങളില്‍ മുമ്പൊരുകാലത്തും ഇല്ലാത്തവിധത്തിലുള്ള ഐക്യം അധ്വാനിക്കുന്ന വര്‍ഗങ്ങളുടെ ഇടയില്‍ ശക്തിപ്രാപിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നയത്തോടൊപ്പമോ, മുന്നിലോ ആണ് യുഡിഎഫ് സര്‍ക്കാര്‍ അതിന്റെ നയങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ജനാനുകൂല നയങ്ങളെല്ലാം ഉപേക്ഷിച്ചു. വിലക്കയറ്റം തടയുന്നതിന് വിവിധ രൂപത്തിലുള്ള പൊതുവിതരണ സമ്പ്രദായം ഫലപ്രദമായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി. യുഡിഎഫ് സര്‍ക്കാരിനുകീഴില്‍ അവ മിക്കവാറും ഇല്ലാതായി. തൊഴില്‍ചെയ്യുന്ന എല്ലാവിഭാഗത്തിനും സംരക്ഷണം നല്‍കാനുള്ള ക്ഷേമപദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും അവയെല്ലാം ഇപ്പോഴത്തെ സര്‍ക്കാര്‍ ഇല്ലാതാക്കുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിറ്റഴിക്കാന്‍ തീരുമാനിച്ച പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ നിലനിര്‍ത്തുക മാത്രമല്ല, നഷ്ടത്തിലായിരുന്നവയെ ലാഭകരമാക്കി മാറ്റാനും എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു. പുതിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങാനും നടപടിയെടുത്തു. വിദ്യാഭ്യാസരംഗം ഉള്‍പ്പടെ വിവിധ രംഗങ്ങളില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. എല്ലാ മേഖലയും ലാഭക്കച്ചവടത്തിനുള്ളതാക്കി മാറ്റുകയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍. ഇതിനെതിരെ പോരാട്ടം നടത്തുന്ന വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് പിന്തിരിപ്പിക്കാനാണ് "എമര്‍ജിങ് കേരള" പോലുള്ള ചെപ്പടിവിദ്യകള്‍ നടത്തുന്നത്.

ഭരണംതന്നെ ഇല്ലാത്ത അവസ്ഥയാണ് ഇന്ന് കേരളത്തില്‍. ഭരണത്തിന് നേതൃത്വംനല്‍കുന്ന മുന്നണിയില്‍ ഐക്യമില്ല. മുന്നണിയിലെ ഘടക കക്ഷികളില്‍ തര്‍ക്കവും ഭിന്നതയും രൂക്ഷമാണ്. ഈ സ്ഥിതിയില്‍നിന്ന് സംസ്ഥാനത്തെ കരകയറ്റാനുള്ള മുഖ്യചുമതല തൊഴിലാളിവര്‍ഗത്തിനാണ്. നേടിയെടുത്തവ സംരക്ഷിക്കാനും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനും മുന്‍നിരയില്‍ നിലയുറപ്പിച്ച് പ്രവര്‍ത്തിക്കുകയാണ് സിഐടിയു. സിഐടിയു തനിച്ച് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍പോലെതന്നെ ട്രേഡ് യൂണിയന്‍ രംഗത്തെ ഐക്യത്തിനും പരമപ്രധാന്യം നല്‍കിയാണ് മുന്നോട്ടുപോകുന്നത്. ഈ സവിശേഷ സാഹചര്യത്തിലാണ് സിഐടിയുവിന്റെ 12-ാമത് സംസ്ഥാനസമ്മേളനം 12,13,14 തീയതികളിലായി കാസര്‍കോട് നടക്കുക. 11-ാം സമ്മേളനത്തിനുശേഷം അംഗസംഖ്യയിലും പ്രവര്‍ത്തനക്ഷമതയിലും കാര്യക്ഷമതയും വളര്‍ച്ചയും കൈവരിച്ചാണ് സംസ്ഥാനസമ്മേളനത്തിലേക്ക് എത്തുന്നത്.

*
എം എം ലോറന്‍സ് ദേശാഭിമാനി 11 ജനുവരി 2013

No comments: