Thursday, January 10, 2013

പ്രവാസി ഭാരതീയ ദിവസ്: കബളിപ്പിക്കലിന്റെ കലാമേള

മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ പ്രവാസി ഇന്ത്യക്കാരുടെ ഒരു പ്രശ്നവും ഗൗരവമായി പരിഗണിക്കാത്ത മാമാങ്കമായാണ് കൊച്ചിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് പരിണമിച്ചത്. ഗള്‍ഫ് മലയാളികളടക്കമുള്ളവരുടെ നീറുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാര നിര്‍ദേശങ്ങള്‍ക്ക് കാതോര്‍ത്തിരുന്ന കേരളത്തിനുമുമ്പില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് നടത്തിയത് സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുള്ള വാചാടോപം! പ്രവാസികളെക്കുറിച്ചുള്ള കരുതലില്ലായ്മയുടെ വിളംബരമാണ് യുപിഎ സര്‍ക്കാര്‍ പ്രവാസി ഭാരതീയ ദിവസില്‍ യഥാര്‍ഥത്തില്‍ നടത്തിയത്. കേരളീയരുടെ പൊള്ളുന്ന പ്രശ്നങ്ങളെയെല്ലാം അവഗണിച്ച് കേരളത്തിന്റെ മണ്ണില്‍ വന്നുനിന്ന് ഇത്തരത്തില്‍ പ്രസംഗിക്കണമെങ്കില്‍ അസാമാന്യമായ രാഷ്ട്രീയ ധാര്‍ഷ്ട്യമോ ജനത്തോടുള്ള പുച്ഛമോ വേണം. ഇത് രണ്ടുമാണ് പ്രധാനമന്ത്രി പ്രസംഗത്തിന്റെ അന്തര്‍ധാര എന്നത് പറയാതെവയ്യ.

എന്തെല്ലാം അടിയന്തര പ്രശ്നങ്ങളാണ് പ്രവാസിസമൂഹം ഈ പ്രധാനമന്ത്രിക്കും അദ്ദേഹം നയിക്കുന്ന യുപിഎ മന്ത്രിസഭയ്ക്കും മുമ്പില്‍ വച്ചത്. തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ കഴിയുന്ന നൂറുകണക്കിനു മലയാളികളെ രക്ഷിക്കാന്‍ നടപടിവേണം. നിയമസൗകര്യംപോലും നിഷേധിക്കപ്പെട്ട് നീതികിട്ടാതെ വലയുന്ന അവര്‍ക്കുവേണ്ടി ഇടപെടണം. ഇങ്ങനെ വിഷമിക്കുന്നവര്‍ എത്രയുണ്ടെന്ന് കൃത്യമായി കണക്ക് എടുക്കുകയെങ്കിലും വേണം. ഇതില്‍ ഏതെങ്കിലും ഒന്നിനെക്കുറിച്ച് ഈ പ്രധാനമന്ത്രി ഒന്ന് പരാമര്‍ശിക്കുകയെങ്കിലും ചെയ്തോ?

എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കുന്നുകൂട്ടുന്ന ആയിരക്കണക്കിനു കോടികളുടെ ഒരു ചെറുഭാഗമെങ്കിലും അവരുടെ ക്ഷേമത്തിനായുള്ള പദ്ധതി പ്രഖ്യാപിച്ച് വിനിയോഗിക്കണം. രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തെ സ്വന്തം വിയര്‍പ്പൊഴുക്കി ശക്തിപ്പെടുത്തുന്ന ഗള്‍ഫ് മലയാളികള്‍ക്കായി ഒരു പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം. കമ്യൂണിറ്റി ബനവലന്റ് ഫണ്ടിന്റെ ഒരു ഭാഗം പ്രവാസി രക്ഷാകാര്യങ്ങള്‍ക്കായി നീക്കിവയ്ക്കണം. ഇതില്‍ ഏതെങ്കിലും ഒന്ന് കേട്ടതായി നടിച്ചോ?

എംബസികളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വയ്ക്കണം. വൈഷമ്യത്തില്‍പ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ രക്ഷയ്ക്കായി ഫലപ്രദവും സമയോചിതവുമായി ഇടപെടുന്ന വിധത്തില്‍ എംബസികളെ കാര്യക്ഷമമാക്കണം. മലയാളം മാത്രമറിയാവുന്ന ആയിരക്കണക്കിനാളുകളുള്ള ഗള്‍ഫ് നാടുകളിലെങ്കിലും മലയാളഭാഷ മനസ്സിലാകുന്ന ഒരു നയതന്ത്ര ഉദ്യോഗസ്ഥനെ വയ്ക്കണം. വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ പ്രവാസി സംഘടനകള്‍ മുന്‍കൈയെടുത്ത് ശ്രമിക്കുമ്പോള്‍ അതിന് അനുകൂലമായ നിലപാടെടുക്കുകയെങ്കിലും വേണം എംബസി. ഇത്തരം കാര്യങ്ങളിലെങ്കിലും ഒരു വാക്കുകൊണ്ടെങ്കിലും പ്രതികരിച്ചോ?

അതിരൂക്ഷമായ യാത്രാക്ലേശം ലഘൂകരിക്കാനെങ്കിലും നടപടിയുണ്ടാകണം. വിമാനക്കമ്പനികളുടെ നിര്‍ദയമായ ചൂഷണത്തിന് പ്രവാസികളെ വിട്ടുകൊടുക്കരുത്. എയര്‍ഇന്ത്യാ വിമാനങ്ങള്‍ സമയവും തീയതിയുംവരെ തെറ്റിച്ച് പറത്തി പ്രവാസികളുടെ ജോലി നഷ്ടപ്പെടുത്തരുത്. (വിസ കാലാവധി തീരുംമുമ്പ് എത്തേണ്ട ഗള്‍ഫ് മലയാളിയെ വിമാന സര്‍വീസ് റദ്ദാക്കി വിസ കാലാവധിക്കുശേഷം ഗള്‍ഫിലെത്തിച്ച് ഉള്ള ജോലികൂടി നഷ്ടപ്പെടുത്തിയ എത്രയോ ഉദാഹരണങ്ങളുണ്ട്.) കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് ലഭ്യത ഇല്ലാതാക്കുക, സാധാരണക്കാരനുവേണ്ടി തുടങ്ങിയത് എന്നുപറയുന്ന എയര്‍ഇന്ത്യാ എക്സ്പ്രസിനെക്കൊണ്ടുപോലും സാധാരണക്കാരനെ പിഴിയുക തുടങ്ങിയ പരിപാടികള്‍ നിര്‍ത്തലാക്കണം. ഇങ്ങനെയുള്ള ആവശ്യങ്ങളിലേതിലെങ്കിലും പ്രധാനമന്ത്രി ഒരു വാക്കെങ്കിലും പറഞ്ഞോ?

ഗള്‍ഫ് മലയാളികളുടെയും സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും ഓഹരി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഗള്‍ഫ് മലയാളി പുനരധിവാസ പാക്കേജ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മുമ്പ് സമര്‍പ്പിച്ചിരുന്നു. അത് ഇപ്പോഴും യുപിഎ മന്ത്രിസഭയുടെ ശീതസംഭരണിയിലുണ്ട്. അതൊന്ന് പുറത്തെടുക്കണമെന്ന് എത്രയോ കാലമായി കേരളം ആവശ്യപ്പെടുന്നു. അനുകൂലമായി ഒരു ചെറുവിരലെങ്കിലും ഈ പ്രധാനമന്ത്രി അനക്കിയോ? കേരളത്തിന്റെയും പ്രവാസി സമൂഹത്തിന്റെയും ഒരു ആവശ്യത്തോടുപോലും പ്രതികരിക്കാതെ ജിഡിപി നിരക്കിനെക്കുറിച്ച് കൊച്ചി പ്രവാസി ദിവസ് പരിപാടിയില്‍ വന്നുനിന്ന് പ്രസംഗിച്ച പ്രധാനമന്ത്രിയെ നിര്‍വികാരതയുടെ മൂര്‍ത്തീഭാവം എന്നല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്. ഈ നിര്‍വികാരത നാടിനോടും ജനങ്ങളോടും ഉത്തരവാദിത്തമുള്ള ജനാധിപത്യവ്യവസ്ഥയിലെ ഭരണാധികാരികള്‍ക്ക് ചേര്‍ന്നതല്ല എന്നുമാത്രം പറയട്ടെ. എമര്‍ജിങ് കേരള പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലും ഇതേ നിര്‍വികാര സമീപനമാണ് പ്രധാനമന്ത്രി പുലര്‍ത്തിയത്. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കുമുമ്പില്‍ കണ്ണുപൂട്ടി ചെവി കൊട്ടിയടച്ച് വായ തുറക്കാതിരിക്കുന്ന ഒരു രൂപമായി പ്രധാനമന്ത്രി അന്നും അവതരിച്ചു.

കേരളത്തിലെ ഭരണാധികാരികള്‍ വായ്കൈപൊത്തി അദ്ദേഹത്തിന്റെ മുമ്പില്‍ ദാസ്യമനോഭാവത്തോടെ നിന്നു. പ്രധാനമന്ത്രിയുടെ നിസ്സംഗതയും കേരളത്തിലെ യുഡിഎഫ് മന്ത്രിസഭയുടെ ഓച്ഛാനിച്ചു നില്‍ക്കുന്ന ദാസ്യമനോഭാവവും ചേര്‍ന്ന് കേരളത്തിനും പ്രവാസി സമൂഹത്തിനും കിട്ടേണ്ട അര്‍ഹതപ്പെട്ടവയൊക്കെ നഷ്ടപ്പെടുത്തുകയാണ്. നട്ടെല്ല് നിവര്‍ത്തിനിന്ന് ചോദിക്കാനും വാങ്ങിയെടുക്കാനും കഴിവില്ലാത്തവര്‍ ഭരണാധികാര സ്ഥാനങ്ങളിലിരിക്കരുത്; കേരളത്തിന്റെ അര്‍ഹതപ്പെട്ടതൊക്കെ നഷ്ടപ്പെടുത്തരുത്. പ്രവാസി ഭാരതീയ ദിവസ് സാധാരണക്കാരായ ഗള്‍ഫ് മലയാളികളെയും അവരുടെ പ്രാതിനിധ്യമുള്ള സംഘടനകളെയും വകഞ്ഞുമാറ്റി പ്രവാസിവരേണ്യരുടെ മാമാങ്കമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ചെയ്തത്. സാധാരണക്കാരുടെ പ്രശ്നങ്ങളാകെ അവഗണിക്കപ്പെട്ടു. യാത്രാക്ലേശം പേരിനൊന്ന് ചര്‍ച്ചചെയ്തു. എന്നാല്‍, ആ സെഷനില്‍ മറുപടി പറയുന്ന കാര്യം പോകട്ടെ, പ്രശ്നങ്ങള്‍ കുറിച്ചെടുക്കാന്‍പോലും ബന്ധപ്പെട്ട വകുപ്പിന്റെ മന്ത്രിയില്ല; സഹമന്ത്രിപോലുമില്ല. തിരുവായ്ക്കെതിര്‍വായ മിണ്ടിക്കൂടാ എന്നതായിരുന്നു സെഷനുകളിലെ സ്ഥിതി. വിമര്‍ശിച്ചവരുടെ മൈക്ക് ഓഫാക്കുന്ന പണിയായിരുന്നു മന്ത്രി വയലാര്‍ രവിക്ക്. ഗള്‍ഫ് മലയാളി പുറത്തുനില്‍ക്കട്ടെ. യൂറോപ്യന്‍ മലയാളിമാത്രം വരട്ടെ എന്ന മനോഭാവമായിരുന്നു സംഘാടകരില്‍ ചിലര്‍ക്ക്. കോട്ടും സ്യൂട്ടുമിട്ടവരെമാത്രം സ്വീകരിച്ചിരുത്തുന്ന മാമാങ്കമായി മാറിയ പരിപാടിയില്‍ പണ്ട് പ്രഖ്യാപിച്ച ചില പദ്ധതികളുടെ ആവര്‍ത്തനംമാത്രം പ്രധാനമന്ത്രി നടത്തി. ചുരുക്കത്തില്‍ കബളിപ്പിക്കലിന്റെ കലാമേളയായി മാറി ഈ മാമാങ്കം.

*
ദേശാഭിമാനി മുഖപ്രസംഗം 10 ജനുവരി 2013

No comments: