ഇന്ത്യയിലെ കവികള്‍ അടിയന്തിരാവസ്ഥയോട് പ്രതികരിച്ച രീതി സവിശേഷമായ പഠനം അര്‍ഹിക്കുന്ന ഒന്നാണ്. ദേശീയതലത്തില്‍ നോക്കിയാല്‍ മൂന്നു വിധത്തില്‍ പ്രതികരിച്ചവരെ കാണാം. ഒന്ന് : സ്വേച്ഛാധിപത്യ വാഴ്ചക്കെതിരെ പൊട്ടിത്തെറിച്ചവര്‍. രണ്ട്: ആ ജനാധിപത്യവിരുദ്ധ വാഴ്ച്ചയെ പരസ്യമായിത്തന്നെ വാഴ്ത്തിപ്പാടിയവര്‍. മൂന്ന്: അങ്ങോട്ടും ഇങ്ങോട്ടും വ്യാഖ്യാനിക്കാന്‍ പാകത്തില്‍ മെയ് വഴക്കത്തോടെ എഴുതിയവര്‍.
ദേശീയതലത്തില്‍ കവിതയില്‍ പ്രകടമായ മൂന്നു പ്രവണതകളും അന്നു കേരളത്തിലും കണ്ടു. 'ഇരുപതു തിരിയിട്ട മണിവിളക്കും നീട്ടി ഇതിഹാസ രൂപിണി വന്നു' എന്ന് ഇരുപതിനപരിപാടിയെയും അതിന്റെ ആവിഷ്കാരകയായ ഇന്ദിരാഗാന്ധിയെയും വാഴ്ത്തിപ്പാടിക്കൊണ്ട് ഇവിടെയും പ്രമുഖരായ ചില കവികള്‍ പോലും കവിതയെഴുതി. അതേസമയം തന്നെ 'ഇരുപതു കഴുതകള്‍ കെട്ടിവലിക്കുന്നു പെരുമന്തുകാലിനെ' എന്ന് അതിനിശിതമായി ആക്രമിക്കുന്ന കവിതകളും ഇവിടെയുണ്ടായി.
ഏതായാലും കവിതയില്‍ അടിയന്തിരാവസ്ഥയുടേതായ നീക്കിയിരിപ്പ് അമര്‍ഷത്തിന്റെ കനലുപാറുന്ന ഒരുപിടി കവിതകള്‍ തന്നെയാണ്. ഇവയില്‍ ഏറിയകൂറും രചിച്ചതാവട്ടെ, അന്നത്തെ പുതുമുറക്കവികളാണ്. എന്‍.വി.കൃഷ്ണവാരിയര്‍, പി.ഭാസ്കരന്‍ എന്നിങ്ങനെ ചില വളരെ പ്രമുഖരായ കവികള്‍, ഒരു പക്ഷെ, തെറ്റിദ്ധരിച്ചാവാം, അടിയന്തിരാവസ്ഥയെ വാഴ്ത്തി. എന്നാല്‍, അതേ തലമുറയില്‍പ്പെട്ട മഹാകവി വൈലോപ്പിള്ളി പച്ചയായിത്തന്നെ അടിയന്തിരാവസ്ഥയെ എതിര്‍ത്ത് എഴുതി.
അന്നത്തെ ജനാധിപത്യധ്വംസനത്തിന്റെ അവസ്ഥ എന്തായിരുന്നു എന്നറിയാന്‍ വൈലോപ്പിള്ളിയുടെ കവിതകളിലൂടെ കടന്ന് പോയാല്‍ മതി.
തിരുവായ്ക്കെതിര്‍വായ
മിണ്ടുകില്‍ കേള്‍ക്കാം രാവില്‍
പുരവാതിലില്‍ അങ്ങേ-
ക്കിങ്കരര്‍ മുട്ടും ശബ്ദം !
യാത്ര ചോദിക്കാന്‍ പോലുമാവാതെ
അവരെത്തും
കാത്തുനിന്നിടും; കഴു-
വിങ്കലോ തുറുങ്കിലോ ?
അടിയന്തിരാവസ്ഥയിലെ മനുഷ്യത്വരഹിതമായ, കിരാതമായ ഭേദ്യം ചെയ്യലുകള്‍ പുറത്തുവരുന്നതിനു മുമ്പുതന്നെ വൈലോപ്പിള്ളി അതു കണ്ടു; കവിതയിലേക്കു പകര്‍ന്നുവെച്ചു. തിരുവായ്ക്ക് എതിര്‍വായ മിണ്ടിക്കൂടാത്ത ഏകശാസനത്തിന്റെ കാലമായിരുന്നു അത്. പുരവാതിലില്‍ അര്‍ദ്ധരാത്രികളില്‍ അധികാരത്തിന്റെ കിങ്കരന്മാര്‍ മുട്ടുന്ന കാലം. യുവാക്കളെ തുറുങ്കിലേക്കും കഴുവിലേക്കും കൂട്ടിക്കൊണ്ടു പോവുന്ന കാലം. വൈലോപ്പിള്ളി വരച്ചുവെച്ച കാലംതന്നെയായിരുന്നു കൃത്യമായും അത് എന്നു കേരളം അറിഞ്ഞത് പിന്നീടാണ്. വരാന്‍ പോവുന്നതു മുന്‍കൂട്ടി പറഞ്ഞു കവി.
അങ്ങുതാന്‍ നീതിന്യായം
അങ്ങുതാന്‍ വാര്‍ത്താകേന്ദ്രം
അങ്ങുതാന്‍ രാജ്യം
അങ്ങുതാന്‍ സമസ്തവും
എന്നു വൈലോപ്പിള്ളി എഴുതിയപ്പോള്‍ അധികാരമെല്ലാം ജനാധിപത്യവിരുദ്ധമായി ഇന്ദിരാഗാന്ധി എന്ന ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നതിന്റെ, സമസ്തസ്വഭാവവും ആ വാക്കുകളില്‍ പ്രതിഫലിക്കുകയായിരുന്നു.
ഭാരതം ഒരു രോഗാലയമാവുന്നതിന്റെ സങ്കടവും അമര്‍ഷവും അന്നു തന്നെ പകര്‍ന്നുവെച്ച കവിയാണ് ഒ.എന്‍.വി.
ജാലകമിതു വലിച്ചടയ്കായ്ക, ഈ ആതു-
രാലയത്തിലേയ്ക്കല്‍പം കാറ്റു വന്നോട്ടെ
എന്ന് ഒ.എന്‍.വി എഴുതിയപ്പോള്‍ രാഷ്ട്രഗോത്രത്തിലെ രോഗാണുസഞ്ചാരമാണ് ആ കവിതയില്‍ നിഴലിച്ചു നിന്നത്. അവസാനത്തെ ജാലകവും അടച്ച് ശ്വാസം മുട്ടിക്കുന്നതിന്റെ, മനുഷ്യധ്വംസനത്തിന്റെ ചിത്രമാണ് ആ വരികളില്‍ വന്നു തെളിഞ്ഞത്.
ഒരു ജനതയെയാകെ ബൗദ്ധികമായും സാംസ്കാരികമായും വന്ധീകരിക്കുന്നതിനെതിരായ പ്രതിഷേധമായിരുന്നു അയ്യപ്പപ്പണിക്കര്‍ 'കടുക്ക' എന്ന കവിതയിലൂടെ പങ്കുവെച്ചത്.
അടിച്ചല്ലേ, പിടിച്ചല്ലേ, കടുപ്പം കാട്ടല്ലേ- ഈ
കടുക്കാ ഞാന്‍ കുടിച്ചേക്കാം
കയിപ്പെന്നും പറേത്തില്ല - ഈ
കടുക്കാ ഞാന്‍ കുടിച്ചേക്കാം
എന്ന് അയ്യപ്പപ്പണിക്കര്‍ കുറിച്ചുവെച്ചപ്പോള്‍ ഒരു ജനതയെയാകെ കടുക്കാനീര്‍ കുടിപ്പിക്കുന്ന സ്വേച്ഛാചാരിണിയുടെ ചിത്രമാണ് തെളിഞ്ഞുവന്നത്. ഒപ്പം അകര്‍മ്മണ്യതയിലാണ്ടുപോവുന്ന, പ്രതികരിക്കാന്‍ മടിക്കുന്ന ഒരു ജനതയുടെ നിര്‍വികാരതയും അതില്‍ നിഴലിച്ചുനിന്നു.
കടമ്മനിട്ടയുടെ 'കണ്ണൂര്‍ക്കോട്ട'യും സച്ചിദാനന്ദന്റെ നാവുമരവും ആ കാലത്തിന്റെ ഇടിമുഴക്കങ്ങളാണ്.
'എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും
എല്ലാ പീരങ്കികളും നിശബ്ദമായി തുരുമ്പിക്കും
എല്ലാ സുല്‍ത്താന്മാരും വെളിച്ചം കടക്കാത്ത
ഗുഹയിലൂടെ ഒളിച്ചോടും'
എന്ന് കണ്ണൂര്‍ക്കോട്ടയില്‍ കടമ്മനിട്ട എഴുതി. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകള്‍ക്കുശേഷം രാജ്യം കണ്ടത് കടമ്മനിട്ട പകര്‍ന്നുവെച്ച പ്രത്യാശ സത്യമാവുന്നതാണ്.
നാവുമരത്തില്‍ സച്ചിദാനന്ദന്‍ അടിയന്തരാവസ്ഥയെ നടപ്പുദീനമായാണ് ചിത്രീകരിച്ചത്. ആ കവിതയിലെ നാട്ടമ്മയായ നല്ലതേവി ഇന്ദിരാഗാന്ധിയാണ്.
നടവഴിയില്‍, നാലുകെട്ടില്‍
നാട്ടിലെല്ലാം നടപ്പുദീനം.
നാട്ടമ്മ, നല്ലതേവി
കോട്ടയില്‍ നിന്നരുള്‍ ചെയ്തു
തട്ടകത്തെ നാവെല്ലാം
കെട്ടിയിട്ടു കുരുതി ചെയ്യാന്‍.
സത്യം പറയാന്‍ ഒരുങ്ങുന്ന നാവുകളെല്ലാം അറുത്തെടുത്തു കുരുതി ചെയ്യാന്‍ കല്‍പിക്കുന്ന ആ നല്ലതേവി അടിയന്തരാവസ്ഥയിലെ ഇന്ദിരാഗാന്ധിയുടെ സര്‍വ്വ നൃശംസതകളും ഉള്‍ച്ചേരുന്ന നല്ല പ്രതിരൂപമാവുന്നുണ്ട്. കവിത പ്രത്യയശാസ്ത്രത്തിന്റെ ആയുധമാവുന്നതിന്റെ നല്ല ഉദാഹരണമായി നാവുമരം.
അടിയന്തരാവസ്ഥക്കവിതകളെക്കുറിച്ച് എഴുതുമ്പോള്‍ ആദ്യം പറയേണ്ടത്, പക്ഷെ, ഇവരുടെയൊന്നും പേരുകളല്ല. വൈലോപ്പിള്ളിയുടെ പേരു പോലുമല്ല. പിന്നെയോ, എം.കൃഷ്ണന്‍കുട്ടിയുടെ പേരാണ്. കവിത എഴുതിയതിന്റെ പേരില്‍ അടിയന്തരാവസ്ഥക്കാലത്തു മുഴുവന്‍ വിചാരണ പോലുമില്ലാതെ തടങ്കലിലടയ്ക്കപ്പെട്ട എം.കൃഷ്ണന്‍കുട്ടി.
അടിയന്തരാവസ്ഥയുടെ ആദ്യനാളുകളില്‍ത്തന്നെ ചിതറിത്തെറിക്കുന്ന കനല്‍ച്ചീളുകള്‍ പോലുള്ള വാക്കുകള്‍ കൊണ്ട് അതിനെതിരായി പ്രതികരിച്ച കവിയാണ് എം.കൃഷ്ണന്‍കുട്ടി. ഡിഫന്‍സ് ഓഫ് ഇന്ത്യാ റൂള്‍സ് പ്രകാരം കൃഷ്ണന്‍കുട്ടി അറസ്റ്റ് ചെയ്യപ്പെട്ടു. വ്യവസ്ഥാപിതമായ നിയമസംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്രഗവണ്മെന്റിന്റെ ഭരണനടത്തിപ്പിനെതിരെ ജനരോഷം വളര്‍ത്തി എന്നതായിരുന്നു പോലീസ് ഭാഷയില്‍ കൃഷ്ണന്‍കുട്ടി ചെയ്ത കുറ്റം. ഗവണ്മെന്റിന്റെ ആഭ്യന്തരസുരക്ഷിതത്വത്തിനു ഹാനി സംഭവിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ കവിത എഴുതി എന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
ആത്മഗാഥ എന്ന കവിത എഴുതി പ്രസിദ്ധീകരിച്ചതിനാണ് കൃഷ്ണന്‍കുട്ടിയെ തടങ്കലിലാക്കിയത്. കൃഷ്ണന്‍കുട്ടിക്കെതിരായ കുറ്റപത്രത്തില്‍ ഉദ്ധരിച്ചു ചേര്‍ത്ത, കൃഷ്ണന്‍കുട്ടിയുടെ കവിതാഭാഗം ഇതാണ്.
അധികാരിവര്‍ഗമേ നീ ചരിത്രത്തിന്റെ
ഇതളുകളൊന്നു മറിച്ചു നോക്കൂ.
അതിരറ്റ മര്‍ദ്ദകാഹന്തകള്‍ ചാമ്പലായ്
പുകയുന്ന ചിതകള്‍ ചികഞ്ഞുനോക്കൂ.
അതു കാണ്‍കിലെങ്കിലും നിന്റെ നെറികെട്ട
കുടിലതന്ത്രങ്ങള്‍ നിറുത്തിയെങ്കില്‍
ലഹരി പിടിച്ചു സമനില തെറ്റിയ
തലയില്‍ കൊടുങ്കാറ്റടങ്ങിയെങ്കില്‍...
ഇതു വായിച്ചപ്പോള്‍ സ്വാഭാവികമായും അധികാരികള്‍ക്ക് തോന്നി ഇത് ഇന്ദിരാഗാന്ധിയെക്കുറിച്ചല്ലാതെ വരാന്‍ തരമില്ല എന്ന്. കൃഷ്ണന്‍കുട്ടിയോട് ചോദിച്ചപ്പോള്‍ കൃഷ്ണന്‍കുട്ടി നിഷേധിച്ചുമില്ല. അറസ്റ്റു ഭയന്ന് വാക്കു മാറ്റാന്‍ കവിക്കു കഴിയില്ല.
അടിമുടി ആയുധം ചാര്‍ത്തിയാലും നിന-
ക്കൊരു നാളുമില്ല വിജയപീഠം
വെടിയുണ്ടകള്‍ക്കീ വിമോചനപ്പട്ടാള
നിരകള്‍ പിളര്‍ക്കുവാനാവുകില്ല.
..........................................
..........................................
ഇടിമുഴങ്ങീടുന്ന ചക്രവാളത്തില്‍ നി-
ന്നൊരു വെള്ളിടിവാള്‍ പിറന്നുവീഴും
മദകുരു പൊട്ടിയ നിന്റെ തലക്കുമേല്‍
അതുവന്നു വീണു പിളര്‍ന്നു വാഴും.
എന്നിങ്ങനെ പൊള്ളിക്കുന്നതും മുറിവേല്‍പ്പിക്കുന്നതുമായ വാക്കുകള്‍ വീശിയുള്ള കടുത്ത ആക്രമണം തന്നെയാണ് കൃഷ്ണന്‍കുട്ടി കവിതകൊണ്ടും നടത്തിയത്. അത് കൊള്ളേണ്ടിടത്ത് കൊണ്ടു എന്നതിന്റെ സ്ഥിരീകരണമായിരുന്നു അറസ്റ്റും തടങ്കല്‍ പാര്‍പ്പും. കവിത സമൂഹത്തില്‍ സഫലമാവുന്നതിന്റെ വഴി തുറന്നുകാട്ടിയ രചനയായിരുന്നു കൃഷ്ണന്‍കുട്ടിയുടെ ആത്മഗാഥ. ഇന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്ച്യുതാനന്ദന്‍ പത്രാധിപരായ കര്‍ഷകത്തൊഴിലാളി മാസികയിലാണ് ആ കവിത വന്നത്. വി.എസ്. മിസ പ്രകാരം നേരത്തെത്തന്നെ തടങ്കലിലായിരുന്നു. പ്രിന്ററായിരുന്ന പി.കെ.കുഞ്ഞച്ചന്‍ ഒളിവിലും. അതുകൊണ്ട് കവിത മുന്‍നിര്‍ത്തി മൂന്നു പേര്‍ക്ക് അറസ്റ്റുവാറന്റുണ്ടായിരുന്നുവെങ്കിലും അറസ്റ്റ് കൃഷ്ണന്‍കുട്ടിയിലൊതുങ്ങി.
അടിയന്തരാവസ്ഥയുടെ വന്യവും കിരാതവുമായ ന്യായപ്രമാണങ്ങള്‍ക്കെതിരെ വാക്കുകള്‍ കൊണ്ട് അഗ്നി പടര്‍ത്തിയ കവിയാണ് ഏഴാച്ചേരി രാമചന്ദ്രന്‍.
ശിലകളിലഗ്നി വിടര്‍ത്തിയും
പൂക്കളില്‍ കുരുതിക്കളനിറം തൂകിയും
പര്‍വ്വതമുടികള്‍ കുലുക്കിയും
ഇടിമുഴക്കത്തോടൊത്തുള്ള ഒരു വരവിനെ ഏഴാച്ചേരി രാമചന്ദ്രന്‍ തന്റെ കവിതയില്‍ ചിത്രീകരിച്ചിട്ടുണ്ട്. നിസ്സംസതയും നിര്‍വ്വികാരതയും നാട്ടുനടപ്പായ ഒരു കാലത്ത് ആ അകര്‍മ്മണ്യതയുടെ നെഞ്ചുപിളര്‍ക്കുന്ന കര്‍മ്മധീരതയുടെ വാഴ്ത്തുപാട്ടാണ് ഏഴാച്ചേരി പാടിയത്.
ഈ നാടിന്റെ പൂര്‍വ്വരാഷ്ട്രീയത്തെയും സംസ്കൃതിയെയും കുറിച്ചു പറഞ്ഞാല്‍ അതുപോലും അടിയന്തരാവസ്ഥക്കെതിരാണെന്നു വ്യാഖ്യാനിച്ചിരുന്ന കാലമായിരുന്നു അത്. ആ കാലത്തെ അതിന്റെ സകല ഭാവതീഷ്ണതയോടെയും പകര്‍ന്നുവെയ്ക്കുകയാണ് അന്നു പഴവിള രമേശന്‍ ചെയ്തത്.
പഴയ കഥയിതു കേള്‍ക്കരുത്
ചെവിയോര്‍ക്കരുത്
ഇമ ചിമ്മരുത്
ഇനി നോക്കരുത്
'ഉരിയാടരുതൊരു വാക്കും' എന്ന പഴവിളയുടെ കവിതയില്‍ അതിന്റെ ശീര്‍ഷകത്തില്‍ പറയുന്ന അമര്‍ഷമാകെ വിസ്‌ഫോടനശേഷിയോടെ ത്രസിച്ചുനിന്നു.
എന്തിനെക്കുറിച്ചു പാടിയാലും അത് അടിയന്തരാവസ്ഥക്കെതിരെയാണ് എന്ന് വ്യാഖ്യാനിച്ചിരുന്ന ഒരു കാലം. അപ്പോള്‍ എന്തിനെക്കുറിച്ചു പാടും ? അത്തരമൊരു ചോദ്യത്തിന്റെ മുന്നില്‍ നിന്നുകൊണ്ടാണ് പുനലൂര്‍ ബാലന്‍ ശീമക്കൊന്നയെക്കുറിച്ച് പാടിയത്.
മറ്റൊന്നും പാടാനില്ല, പാടട്ടെ
നിന്നെപ്പറ്റി നിന്‍ മഹത്വത്തെപ്പറ്റി
എന്നാണ് ആ കവിത തുടങ്ങുന്നത്. ഒന്നിനും കൊള്ളായ്കയുടെ പ്രതീകമായ ശീമക്കൊന്നയെ മുന്‍നിര്‍ത്തി എല്ലാം പറഞ്ഞുവെയ്ക്കുന്ന ഒരു രീതി പുനലൂര്‍ ബാലന്‍ അടിയന്തരാവസ്ഥയില്‍ പരീക്ഷിച്ചു.
പറയേണ്ടത് പറയേണ്ടപോലെ പറയാന്‍ കഴിയാതാവുമ്പോള്‍ കവിത പറച്ചിലിന്റെ പുതുരൂപം തേടും. അങ്ങനെയാണ് അടിയന്തരാവസ്ഥയില്‍ കാര്‍ട്ടൂണ്‍ കവിത വ്യാപകമായി പരീക്ഷിക്കപ്പെട്ടത്. ആധുനികനായ അയ്യപ്പപ്പണിക്കരും ആധുനികനല്ലാത്ത വൈലോപ്പിള്ളിയും കാര്‍ട്ടൂണ്‍ രൂപകങ്ങള്‍ സൃഷ്ടിച്ച് കവിതകളുണ്ടാക്കി. എല്ലാം കുറിക്കു കൊണ്ടു. വൈലോപ്പിള്ളിയുടെ പശുവും കിടാവും ഈ രംഗത്ത് സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി. അന്നത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പൊതുവിലും ഇന്ദിരാ-സഞ്ജയരുടെ വിശേഷിച്ചും ചിത്രം അതില്‍ തെളിഞ്ഞുവന്നു. കവിത ആവിഷ്കാരത്തിന്റെ പുതുരൂപങ്ങള്‍ തേടാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു അന്ന്. അങ്ങനെയാണ് അയ്യപ്പപ്പണിക്കരുടെ സമാചാരം പോലുള്ളവയുമുണ്ടായത്.
എന്തൊക്കെ സമാചാരം
എല്ലാം നമുക്കു ചാരം ?
എന്ന് അയ്യപ്പപ്പണിക്കര്‍ പറഞ്ഞപ്പോള്‍ വാര്‍ത്ത ഭസ്മമാവുന്ന സെന്‍സര്‍ഷിപ്പിന്റെ കാലത്തെ അതു മൂര്‍ച്ചയോടെ ചിത്രീകരിക്കുന്നതായി അനുവാചകര്‍ക്ക് അനുഭവപ്പെട്ടു.
എം.ഗോവിന്ദന്‍ ചോദിച്ചതുപോലെ 'എഴുത്തോ നിന്റെ കഴുത്തോ ഏറെക്കൂറ് ഏതിനോട് ' എന്ന് അധികാരികള്‍ കവികളോട് ചോദിച്ച കാലമായിരുന്നു അത്. എഴുത്തിനോടു കൂറു പ്രഖ്യാപിച്ചു ജയിലിലേക്കു പോയവരും കഴുത്തിനോടു കൂറു പ്രഖ്യാപിച്ചു വൈതാളികവൃന്ദത്തില്‍ ചേര്‍ന്നവരുമുണ്ട് എഴുത്തുകാര്‍ക്കിടയില്‍.
ശിവരാമകാരന്ത്, ദുര്‍ഗാഭഗവത്, ദാണ്ഡേക്കര്‍, ഉമാശങ്കര്‍ ദീക്ഷിത് എന്നിങ്ങനെ എത്രയോ പ്രമുഖന്മാര്‍ എഴുത്തിനോടു കൂറു പ്രഖ്യാപിച്ച കാലമാണത്.
ലങ്കേഷ് (കന്നഡ), സുനില്‍ ഗംഗോപാധ്യായ, ദേവപ്രസാദ് മുഖോപാധ്യായ, മണിക് ചക്രവര്‍ത്തി (ബംഗാളി), ഓം പ്രകാശ് നിര്‍മല്‍, സുരേന്ദ്ര ചതുര്‍വേദി(ഹിന്ദി), എസ്.ഗണേശന്‍, അറിവന്‍ (തമിഴ്), എസ്.മനോഹരന്‍, അശോക് (തെലുങ്ക്), അക്തറുള്‍ ഇമാം (ഉര്‍ദു), വിഷ്ണു ശ്രീറാം കലാല്‍ (ഗുജറാത്തി) എന്നിങ്ങനെ ഇന്ത്യയുടെ പലഭാഗത്തായി അടിയന്തരാവസ്ഥയെ വെല്ലുവിളിച്ച് സാഹിത്യരചന നടത്തിയ നിരവധിപ്പേരുണ്ട്.
ആ പേരുകളോട് ചേര്‍ത്തുവെയ്ക്കാന്‍ നമുക്ക് മലയാളക്കരയിലും കുറേ കവികളുണ്ടായി എന്നത് അഭിമാനകരമാണ്. വിഷ്ണുനാരായണന്‍ നമ്പൂതിരി, കക്കാട്, സി.പി.അബൂബക്കര്‍, മുല്ലനേഴി, കുഞ്ഞപ്പ പട്ടാനൂര്‍, പി.നാരായണക്കുറുപ്പ്, പി.ഉദയഭാനു തുടങ്ങിയവരൊക്കെയുണ്ട് ആ നിരയില്‍.
അന്ന് എഴുത്തിന്റെ പ്രാരംഭഘട്ടത്തില്‍ നിന്നിരുന്നവരും എഴുത്തിലൂടെ അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ചു. കരിവെള്ളൂര്‍ മുരളി, കവിയൂര്‍ രാജഗോപാലന്‍, ഉമേഷ് ബാബു കെ.സി, ഹിരണ്യന്‍, എന്നിവരൊക്കെ അതില്‍പെടും.
പൊതുവെ മലയാള കാവ്യരംഗം ധീരവും ആദര്‍ശോജ്ജ്വലവുമായ രീതിയിലാണ് അടിയന്തരാവസ്ഥയോടു പ്രതികരിച്ചത്. എന്‍.വി.യെയും പി.ഭാസ്കരനെയും പോലെ അത്യപൂര്‍വ്വം ചിലര്‍ ആ പൊതുരീതിക്ക് അപവാദമായി എന്നത് സത്യമാണ്. ട്രെയിന്‍ സമയത്ത് ഓടുന്നുവെന്നും ജീവനക്കാര്‍ സമയത്ത് ഓഫീസിലെത്തുന്നുവെന്നും ഒക്കെ പ്രചരിപ്പിച്ച് അടിയന്തരാവസ്ഥ ശ്രേഷ്ഠമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭരണാധികാരികള്‍ നടത്തിയ പ്രചാരണത്തില്‍ അവര്‍ ഒരു പക്ഷെ ഒഴുകിപ്പോയതാവാം.
എന്നാല്‍ ഈ പ്രചാരണത്തിന്റെ മറയിട്ടുകൊണ്ട് പൗരസ്വാതന്ത്ര്യവും ജനാധിപത്യസ്വാതന്ത്ര്യവുമെല്ലാം നിശ്ശേഷം ഇല്ലായ്മ ചെയ്യുകയായിരുന്നു അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധി. നൂറുകണക്കിനു യുവാക്കളാണ് കേരളത്തിലെ വിവിധ ഭേദ്യ അറകളില്‍ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെട്ടത്. എത്രയോ പേര്‍ കൊല്ലപ്പെട്ടു. അതെല്ലാം പതിയെപ്പതിയയാണ് പുറത്ത് വന്നത്.
മഴ കഴിഞ്ഞിട്ടും മരം പെയ്യുന്നുണ്ടല്ലോ. അതുപോലെ, അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ട ശേഷവും അന്നത്തെ ദുരനുഭവങ്ങള്‍ മുന്‍നിര്‍ത്തിയുള്ള കവിതകള്‍ വന്നുകൊണ്ടിരുന്നു.
എല്ലാത്തിനും മൂകസാക്ഷിയായി മുഖ്യമന്ത്രിക്കസേരയില്‍ അക്കാലത്ത് ഇരുന്ന സി. അച്ച്യുതമേനോനോട് 'മിണ്ടുക മഹാമുനേ....' എന്ന് വൈലോപ്പിള്ളി കവിതയിലൂടെ പറഞ്ഞു.
അരിയവെള്ളരി കണികാണേണ്ടുന്നിടത്ത്
ഒരു കിശോരന്റെ മൃതദേഹം
എന്ന് വിഷുക്കണി എന്ന കവിതയില്‍ വൈലോപ്പിള്ളി എഴുതി. തീവ്രമായ അനുഭവങ്ങള്‍ വാറ്റി കവിതയുണ്ടാക്കുന്നത് എങ്ങനെ എന്നതിന് ഉദാഹരണമായി അവ.
*
ശ്രീ പ്രഭാവര്‍മ്മ. കടപ്പാട് : സ്റ്റുഡന്റ് മാഗസിന്‍
(അടിയന്തരാവസ്ഥക്കാലത്ത് എസ്.എഫ്.ഐയുടെ ചെങ്ങന്നൂര്‍ താലൂക്ക് സെക്രട്ടറിയായിരുന്നു പ്രഭാവര്‍മ്മ)
അധിക വായനയ്ക്ക്
Memories Of a Father - ടി വി ഈച്ചരവാരിയര്‍
Subscribe to:
Post Comments (Atom)
6 comments:
ഇന്ത്യയിലെ കവികള്‍ അടിയന്തിരാവസ്ഥയോട് പ്രതികരിച്ച രീതി സവിശേഷമായ പഠനം അര്‍ഹിക്കുന്ന ഒന്നാണ്. ദേശീയതലത്തില്‍ നോക്കിയാല്‍ മൂന്നു വിധത്തില്‍ പ്രതികരിച്ചവരെ കാണാം. ഒന്ന് : സ്വേച്ഛാധിപത്യ വാഴ്ചക്കെതിരെ പൊട്ടിത്തെറിച്ചവര്‍. രണ്ട്: ആ ജനാധിപത്യവിരുദ്ധ വാഴ്ച്ചയെ പരസ്യമായിത്തന്നെ വാഴ്ത്തിപ്പാടിയവര്‍. മൂന്ന്: അങ്ങോട്ടും ഇങ്ങോട്ടും വ്യാഖ്യാനിക്കാന്‍ പാകത്തില്‍ മെയ് വഴക്കത്തോടെ എഴുതിയവര്‍.
ശ്രീ പ്രഭാവര്‍മ്മ എഴുതിയ ലേഖനം.
ആരോക്കെ എന്തൊക്കെ കവിത എഴുതിയാലും ഇല്ലെങ്കിലും ഇവിടെ കേരളത്തില്‍ അടിയന്തരാവസ്ഥ ഒരു നല്ല കാലം ആയിരുന്നു പോലീസിനെ കല്ലെറിയാനും നക്സലിസം ഊണ്ടാക്കാനും പോയവറ്‍ക്കല്ലാതെ സാമാന്യ ജനത്തിനൊന്നും ഒരു കുഴപ്പവും ഉണ്ടായില്ല ഇടുക്കി ഡാം പോലെയുള്ള വാന്‍ പ്റൊജക്ടുകള്‍ സമയ ബന്ധിതമായി തീറ്‍ന്നു, ഓഫെസുകള്‍ സമയത്തു പ്റവറ്‍ത്തിച്ചു ഉദ്യോഗസ്ഥറ്‍ ജോലി ചെയ്തു അതുകൊണ്ടാണല്ലോ വാന്‍ ഭൂരിപക്ഷത്തില്‍ കരുണാകരനും യൂ ഡീ എഫും ജയിച്ചത് ഇപ്പോള്‍ അതിനേക്കാള്‍ വലിയ ഫാസിസ്ം ആണൂ നടക്കുന്നത് പക്ഷെ ആരും കവിത എഴുതുന്നതു കാണുന്നില്ല, സുകുമാര്‍ അഴീക്കോടും എം മുകുന്ദനും ഒക്കെ ഡിഫി ഗുണ്ടകളെ പോലെ ആണു പറയുന്നതും പ്റവറ്‍ത്തിക്കുന്നതും സമരം ചെയ്യുന്നവരെ പോലീസിനെക്കാള്‍ എസ് എഫ് ഐ ഡിഫി ഗുണ്ടകള്‍ ആണു മറ്‍ദ്ദിക്കുന്നത് സാംസ്കാരിക രംഗം ആകെ എം എ ബേബിയുടെ പിണിയാളുകള്‍ ക്കും ഓശാന പാടുന്നവറ്‍ക്കും അക്കാഡമി ഫെലോഷിപ് എന്നിവ നല്‍കുന്നു കരുണാകരനും ആണ്റ്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിക്കുമ്പോള്‍ മാത്റമേ സാംസ്കാരിക നായകന്‍മാറ്‍ക്കു നാവുള്ളു ഈ അഞ്ചു വറ്‍ഷം അവരെ വരി ഉടച്ചിട്ടിരിക്കുകയാണു നക്സലിസ്ം വേരോടെ പിഴുതു കളഞ്ഞതും അടിയന്തരാവസ്ഥയുടെ നേട്ടം ആണൂ
അനോണി, ആസനത്തിലെ ആലിന്റെ തണല്‍ നല്ല സുഖമുള്ളാതണല്ലേ.................?!
നന്ദി
അടിയന്തിരാവസ്ഥയുടെ വാര്‍ഷിക ദിനമാണെന്നോര്‍മ്മിപ്പിച്ചതിന്
നന്ദി
അടിയന്തിരാവസ്ഥയുടെ വാര്‍ഷിക ദിനമാണെന്നോര്‍മ്മിപ്പിച്ചതിന്
തിരുവായ്ക്കെതിര്‍വായ
മിണ്ടുകില്‍ കേള്‍ക്കാം രാവില്‍
പുരവാതിലില്‍ അങ്ങേ-
ക്കിങ്കരര്‍ മുട്ടും ശബ്ദം !
യാത്ര ചോദിക്കാന്‍ പോലുമാവാതെ
അവരെത്തും
കാത്തുനിന്നിടും; കഴു-
വിങ്കലോ തുറുങ്കിലോ ?
ആ അവസ്ഥ, അടിയന്തരാവസ്ഥ ഇനി വരാതിരിക്കട്ടെ...
Post a Comment