ടെലിവിഷന്‍ പരിപാടികളില്‍ ലേഖകന്റെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന പരിപാടികളിലൊന്ന് വീടുകളെ പരിചയപ്പെടുത്തുന്ന പ്രോഗ്രാമാണ്. എല്ലാ ചാനലിലും അത്തരം ഒരെണ്ണം അത്യന്താപേക്ഷിതമാണ്. സ്വപ്നഭവനം, എന്റെ വീട്, വീട്ടുവിശേഷം, വാസ്തുവിശേഷം...തുടങ്ങിയ മട്ടിലുള്ള ഒരു പേരോടുകൂടിയാണ് ടി പ്രോഗ്രാം പ്രത്യക്ഷപ്പെടുക. നമുക്ക് എളുപ്പത്തില്‍ നിര്‍മ്മിക്കാന്‍ സാധിയ്ക്കുന്ന ഭവനങ്ങള്‍ എങ്ങനെ സാക്ഷാത്കരിക്കാം എന്നുള്ളതിന്റെ സോദാഹരണ ക്ലാസാണ് അത്തരം പരിപാടികള്‍.
അവതാരകന്‍, ഗൃഹനാഥന്‍ (ചിലപ്പോഴൊക്കെ ഗൃഹനാഥയും), എഞ്ചിനീയര്‍ അല്ലെങ്കില്‍ ആര്‍ക്കിടെക്ട് ഇവരാണ് ഇതിലെ പ്രധാനകഥാപാത്രങ്ങള്‍. "ലളിതഭവനം പരിപാടിയിലേക്ക് സ്വാഗതം. ഇന്ന് നമുക്ക്.....ഇന്നാരുടെ വീട്ടിലേക്ക് കടന്നുചെല്ലാം എന്ന മട്ടിലൊരു ആമുഖത്തോടെ അവതാരകന്‍ നമ്മെ മാതൃകാഭവനത്തിലേക്ക് നയിക്കുന്നു. ഗേറ്റ് തുറക്കപ്പെടുന്നു. അഞ്ചുലക്ഷത്തോളം രൂപ വില മതിക്കാവുന്ന ലളിതമായൊരു ഗേറ്റ് നമുക്കിപ്പോള്‍ കാണാം. രണ്ടേക്കര്‍ വരുന്ന വിശാലമായ ചുറ്റളവോടു കൂടിയ മുറ്റത്ത് പുല്‍ത്തകിടിയല്ല, പുല്‍മേടുതന്നെ വെട്ടിയൊരുക്കി ഇട്ടേയ്ക്കുകയാണ്. നീന്തല്‍ക്കുളം രണ്ട്. ഗൃഹനാഥന്‍ ആന്‍ഡ് സണ്‍സിന് ഒരെണ്ണം സര്‍വന്റ്സിന് മറ്റൊന്ന്......എല്ലാം ലളിതം. നമുക്ക് എളുപ്പത്തില്‍ പണിതെടുക്കാന്‍ സാധിക്കുന്നവ....
ആര്‍ക്കിടെക്ട് പറയുന്നു: "കെ കെ സാര്‍ എന്നോട് പറഞ്ഞു. എല്ലാ സൌകര്യങ്ങളും വേണം. എന്നാല്‍ ലളിതമായൊരു വീടായിരിക്കണം. എന്നാല്‍ പ്രകൃതിയോട് ഇണങ്ങിയതായിരിക്കണം. എന്നാല്‍ പ്രത്യക്ഷത്തില്‍ പഴഞ്ചനെന്ന് തോന്നാനും പാടില്ല.....അങ്ങനെയാണ് ഞാന്‍ ഇത്തരം ഒരു ഡിസൈന്‍ തീരുമാനിച്ചത്. വളരെ സിംപിളും ലളിതവുമായ ഡിസൈനാണിത്. (അതെ വളരെ സിംപിളായി ഒരു ആറുകോടി രൂപ. ഒന്നു ശ്രമിച്ചുനോക്കൂ സാര്‍...നിങ്ങള്‍ക്കും പണിയാം) ദാ.....ഈ പൂമുഖം...ഇതിന്റെ പ്രത്യേകത...ഇവിടെയിരുന്നാല്‍ തെക്കുപടിഞ്ഞാറന്‍ കാറ്റ് ദാ.. മുകളിലെ ബാല്‍ക്കണി വഴി അകത്തുപ്രവേശിച്ച് നേരെ ഗോള്‍മുറിയിലേക്ക് വന്ന് ഒന്നു വിശ്രമിച്ച് നേരെ ഇങ്ങോട്ടേയ്ക്കെത്തുമെന്നതാണ്. അങ്ങിനെയാണ് ഇതിന്റെ നിര്‍മ്മിതി. ഗോഥിക് ശൈലിയാണ് വാതില്‍. ജര്‍മ്മനിയില്‍ നിന്നാണ് ഫിറ്റിംഗ്സ്. വളരെ ലളിതം. വാതില്‍ ഫിറ്റിംഗ്സിന് പന്ത്രണ്ടുലക്ഷം രൂപയായി. ലളിതം വളരെ ലളിതം'' (എന്താ നാണയപ്പെരുപ്പം 11.05 ശതമാനത്തിലെത്തി അന്തം വിട്ടിരിക്കുകയാണെന്നോ? കെ കെ സാറും നാണയം പെരുകി ഇനി ഇതെവിടെകൊണ്ട് വയ്ക്കുമെന്ന് പിടികിട്ടാതെയാണ് ലളിതഭവനം നിര്‍മ്മിച്ചത്)
ഇതിനിടെ ഗൃഹനാഥനും തന്റെ സ്വപ്നഭവനത്തെക്കുറിച്ച് ചിലതൊക്കെ പറയും. "ദാ ഈ ആറുതൂണുകളും നല്ല വൈറ്റ് മാര്‍ബിള്‍ കൊണ്ടുള്ളതാകണമെന്നാണ് ഞാന്‍ ആദ്യം പ്ലാന്‍ ചെയ്തത്. പക്ഷെ വൈറ്റ് മാര്‍ബിള്‍ കിട്ടാഞ്ഞിട്ട് അല്‍പം യെല്ലോയിഷ് വൈറ്റുള്ള മാര്‍ബിള്‍ കൊണ്ടാണ് മേസ്തിരിമാര്‍ തൂണുകെട്ടിയത്. പക്ഷെ അതിന് ലാളിത്യം പോരായിരുന്നു. ആര്‍ഭാടം തോന്നിക്കും. ഞാന്‍ ആ നാലുതൂണും ഇടിപ്പിച്ചു. പന്ത്രണ്ടുലക്ഷം രൂപയുടെ മാര്‍ബിളാണ് പൊട്ടിച്ചത്. പക്ഷെ എന്നാലെന്താ ദാ ലളിതമായി ഇപ്പോഴത്തെ രീതിയില്‍ വൈറ്റ് മാര്‍ബിള്‍ തന്നെ സ്ഥാപിക്കാന്‍ സാധിച്ചല്ലോ...''
പ്രേക്ഷകനെ അവതാരകരും ആര്‍ക്കിടെക്ടുമൊക്കെ ഓരോ മുക്കിലും മൂലയിലും മുറിയിലും കൊണ്ടുചെല്ലും-ദാ കണ്ടില്ലേ കേരളീയ വാസ്തുമാതൃകയില്‍ അസ്സല്‍ തേക്കു കൊണ്ടുള്ള മച്ച്. അതാ ഡൈനിംഗ്റൂമിലെ ആ കസേരകള്‍. ആ കസേരകള്‍ ആ വിധത്തില്‍ ക്രമീകരിച്ചത് chair specialist കളാണ്. ആ പൂച്ചട്ടികള്‍ അവിടെ വെച്ചത് പ്രകാശസംതുലിതത്വത്തിനും കൂടി വേണ്ടീട്ടാണ്.-''
ചുരുക്കത്തില്‍ സാറെ ഈ മട്ടില്‍ കുറെ പ്രോഗ്രാം കണ്ടുകണ്ടാണ് അവസാനം എന്റെ വീടിനെക്കുറിച്ച് ഒരു പ്രോഗ്രാം എടുക്കണമെന്ന് ലേഖകനും തീരുമാനിച്ചത്. നമുക്കും ഇല്ലേ സാര്‍ ഓരോ ആശയും മോഹവുമൊക്കെ. കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ്. ഒരു ക്യാമറക്കാരനെ സംഘടിപ്പിച്ച് എന്റെ വീടിനെക്കുറിച്ച് ഞാനും ഷൂട്ട് ചെയ്തിട്ടുണ്ട്. എന്റെ എഞ്ചിനീയര്‍, ആര്‍ക്കിടെക്ട്...മേസ്തിരി...തുടങ്ങിയവരൊക്കെ പ്രത്യക്ഷപ്പെടുന്നുമുണ്ട്.
ഗേറ്റു തുറന്നുകൊണ്ടാണ് ചാനലുകളില്‍ വീട്ടിലേക്ക് കയറുന്നതെങ്കില്‍ ലേഖകന്റെ ഗൃഹത്തിലേക്ക് ലേഖകന്‍ നിയമിച്ച അവതാരകന്‍ നേരെ അങ്ങ് കയറുകയാണ് (കാരണം ഗേറ്റ് ഇട്ടിട്ടില്ല. ലോണെടുത്ത തുക പാലുകാച്ചിനും ഒരു മാസം മുമ്പേ തീര്‍ന്നു)
അവതാരകന്‍: പ്രിയപ്പെട്ടവരെ. ലളിതഭവനം പരിപാടിയിലേക്ക് സ്വാഗതം. ഇതാ നമ്മളിപ്പോള്‍ നില്‍ക്കുന്നത് ഇന്നാരുടെ വീടിനു മുന്നിലാണ്. മനോഹരമായ കേരളീയ ശില്‍പ്പശൈലിയില്‍ ചെയ്ത വീട്ടിലേക്ക് നമുക്കു കടന്നുചെല്ലാം- സാര്‍, സാധാരണ ഇത്തരം പ്രോഗ്രാമുകളില്‍ ആദ്യം മുറ്റമാണ് കാണിക്കുന്നത്. പുല്‍ത്തകിടി അഥവാ Lawn (അതില്‍ നിന്നാകും തുടക്കം)
ഞാന്‍: ഞാനും ലോണില്‍ നിന്നു തന്നെ തുടങ്ങിയത്. ന്യൂജനറേഷന്‍ ബാങ്കീന്നാണ് ലോണെടുത്തത്. നീ പെട്ടെന്ന് ഷൂട്ട് ചെയ്യ്. ഇത്തവണത്തെ ഗഡു മുടങ്ങിയതുകൊണ്ട് ബാങ്കിന്റെ ആള്‍ക്കാര്‍ ഇപ്പോള്‍ വരും.
(അവതാരകന്‍, ഞാന്‍, ആര്‍ക്കിടെക്ട് തുടങ്ങിയവര്‍ വീടിനുള്ളിലേക്ക്)
അവതാരകന്‍: ഈ ചുവരുകളില്‍ ചെറിയ ദ്വാരങ്ങള്‍ കാണുന്നുണ്ടല്ലോ. അത് ഏതു ശൈലിയാണ്.
ആര്‍ക്കിടെക്ട്: ഗോഥിക് ശൈലിയെന്നോ ക്ലാസിക് ശൈലിയെന്നോ പറയാം. പക്ഷെ സത്യസന്ധമായി പറയുകയാണെങ്കില്‍, വീട് വെയ്ക്കാന്‍ സാറ് ഒരുപാട് പേരില്‍ നിന്നും കടം വാങ്ങിച്ചിട്ടുണ്ട്. ഏതു മുറിയിലിരുന്ന് നോക്കിയാലും പുറത്തു കടക്കാര്‍ വരുന്നുണ്ടോ എന്നു കാണാന്‍ സാധിക്കണം. അതിനു വേണ്ടിയാണ്.
മേസ്തിരി ഇടയ്ക്കുകയറി: ദാ. എനിക്കു തന്നെ പറഞ്ഞ തുക മുഴുവനും തന്നിട്ടില്ല. അതുകൊണ്ടാണ് ഞാനും ആര്‍ക്കിടെക്ട് സാറുമൊക്കെ ഈ സാറിനെച്ചുറ്റിപ്പറ്റിത്തന്നെ നില്‍ക്കുന്നത്.
അവതാരകന്‍: അടുക്കളഭാഗത്തെ ആ ഓപ്പണ്‍സ്പേസ്....?
ഞാന്‍: കടക്കാര്‍ പെട്ടെന്ന് കടന്നുവന്നാല്‍ ഓടി രക്ഷപ്പെടാന്‍ വേണ്ടീട്ടാണ്.
(ക്യാമറ ഓപ്പണ്‍സ്പേസിനെ ഒപ്പിയെടുക്കുന്നു)
അവതാരകന്‍: ചാനലുകളിലെ ഭവനപരിപാടികളിലെ ഭവനങ്ങളില്‍ പുറത്തുനിന്നുള്ള വെളിച്ചം കടന്നുവരാന്‍ ചില ക്രമീകരണങ്ങളൊക്കെ ഉണ്ടാകും...ഇവിടെ അത് ഏതു തരത്തിലാണ്?
ആര്‍ക്കിടെക്ട്: കോര്‍പ്പറേഷന്റെ അനുവാദമില്ലാതെ ആ ഭാഗത്ത് ഒരു ജനല്‍ വെച്ചു. അവര്‍ വന്നു ഇടിച്ചുകളഞ്ഞു. ഇപ്പോള്‍ ഫുള്‍ വെളിച്ചവും അകത്തു കിട്ടും....
ഈ മട്ടിലാണ് ഞാന്‍ എന്റെ സ്വപ്നഭവനപ്രോഗ്രാം തയ്യാറാക്കുന്നത്. ആറുകോടിയുടെ ലാളിത്യമാണോ, അത്തപ്പാടിയുടെ ലാളിത്യമാണോ മനോഹരമെന്നറിയണമല്ലോ. എങ്കിലും സാറേ , ചാനലിലെ ചില സ്വപ്നഭവനങ്ങള്‍ എന്നെപ്പോലുള്ള ശരാശരിക്കാരനും അരപ്പട്ടിണിക്കാരനുമൊക്കെ പേടിസ്വപ്നഭവനങ്ങളാണ്.
*
ശ്രീ കൃഷ്ണപൂജപ്പുര, കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്
Subscribe to:
Post Comments (Atom)
8 comments:
ടെലിവിഷന്‍ പരിപാടികളില്‍ ലേഖകന്റെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന പരിപാടികളിലൊന്ന് വീടുകളെ പരിചയപ്പെടുത്തുന്ന പ്രോഗ്രാമാണ്. എല്ലാ ചാനലിലും അത്തരം ഒരെണ്ണം അത്യന്താപേക്ഷിതമാണ്. സ്വപ്നഭവനം, എന്റെ വീട്, വീട്ടുവിശേഷം, വാസ്തുവിശേഷം...തുടങ്ങിയ മട്ടിലുള്ള ഒരു പേരോടുകൂടിയാണ് ടി പ്രോഗ്രാം പ്രത്യക്ഷപ്പെടുക. നമുക്ക് എളുപ്പത്തില്‍ നിര്‍മ്മിക്കാന്‍ സാധിയ്ക്കുന്ന ഭവനങ്ങള്‍ എങ്ങനെ സാക്ഷാത്കരിക്കാം എന്നുള്ളതിന്റെ സോദാഹരണ ക്ലാസാണ് അത്തരം പരിപാടികള്‍.
ശ്രീ.കൃഷ്ണ പൂജപ്പുരയുടെ നര്‍മ്മഭാവന
അടിപൊളി
പൊങ്ങച്ചപ്രദര്‍ശനം എങ്ങിനെ വിനയപൂര്‍വ്വം കാണിക്കാം എന്ന്.
ഇടതുചാനല്‍ കൈരളിയിലും ഉണ്ട് ‘വാസ്തു’.
വാസ്തുവിദ്യ വന്‍ തട്ടിപ്പാണെന്നറിയാന്‍ മേലാഞ്ഞിട്ടാണോ കൈരളിയിങ്ങനെ.
ഇവിടെ
http://workersforum.blogspot.com/2008/05/blog-post_18.html
ഒരു കമന്റിട്ടിട്ടുണ്ട്, ശ്രദ്ധിക്കുമല്ലോ
വളരെ നല്ലത്.
“യെല്ലോയിഷ് വൈറ്റുള്ള മാര്‍ബിള്‍ കൊണ്ടാണ് മേസ്തിരിമാര്‍ തൂണുകെട്ടിയത്. പക്ഷെ അതിന് ലാളിത്യം പോരായിരുന്നു. ആര്‍ഭാടം തോന്നിക്കും. ഞാന്‍ ആ നാലുതൂണും ഇടിപ്പിച്ചു. പന്ത്രണ്ടുലക്ഷം രൂപയുടെ മാര്‍ബിളാണ് പൊട്ടിച്ചത്. പക്ഷെ എന്നാലെന്താ ദാ ലളിതമായി ഇപ്പോഴത്തെ രീതിയില്‍ വൈറ്റ് മാര്‍ബിള്‍ തന്നെ സ്ഥാപിക്കാന്‍ സാധിച്ചല്ലോ...”
ശരിയാണ്. എത്ര ലളിത.....
അട്ടഹസിക്കുന്ന നര്‍മം ..
koLLam...
:)
‘ലളിത ഭവനം’ഒരു ടോം& ജെറി കാണുന്നത് പോലെയാ എനിക്ക് തോന്നാറുല്ലു. പൊങ്ങച്ചത്തിന്‍ കയ്യും കാലും വച്ചാല്‍ എങ്ങനെയിരിക്കുമെന്ന് അവറ് നമുക്ക് നന്നായി വിവരിച്ചു തരുന്നു.
ടെലിവിഷന്‍ പരിപാടിക്കാരോട്:- നിങ്ങള്‍ ഇങ്ങനെയുള്ള പരിപാടികള്‍ കാണിച്ചില്ലെങ്കില്‍ ‘ഞങ്ങളുടെ അന്നം മുടങ്ങും’.
അസൂയ കൊണ്ട് പറയുകയാന്ന് തോന്നരുത്.
എങ്കിലും സാറേ , ചാനലിലെ ചില സ്വപ്നഭവനങ്ങള്‍ എന്നെപ്പോലുള്ള ശരാശരിക്കാരനും അരപ്പട്ടിണിക്കാരനുമൊക്കെ പേടിസ്വപ്നഭവനങ്ങളാണ്.
ഇത് പോലെ തന്നെയാണ് റിയല്‍ എസ്റ്റേറ്റ്‌കാരുടെ പരസ്യങ്ങളും. ലക്ഷ്വറി ഫ്ലാറ്റുകളും ഡീലക്സ് ലക്ഷ്വറി ഫ്ലാറ്റുകളും, വെറും അമ്പത് ലക്ഷം രൂപയ്ക്ക് നിങ്ങള്‍ക്ക് സ്വന്തമാക്കാം!
അല്ലെങ്കില്‍ സ്ക്വയര്‍ ഫീറ്റിന് വെറും രണ്ടായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റൊമ്പത് രൂപ മാത്രം!
സ്വപ്നഭവനങ്ങള്‍ എല്ലാം വെറും പൊങ്ങച്ചത്തിന്റെ സാക്ഷാത്കാരങ്ങള്‍ മാത്രം.സംബ്ത്ത് കുമിഞു കൂടുന്ന പലര്‍ക്കും ചിലവാക്കാന്‍ ഒരു മാര്‍ഗം. അത്രയെ ഉള്ളു അതിന്റെ കാര്യം.പഴയ ഗള്‍ഫുകാരുടെ വീടുകള്‍ കണ്ടിട്ടില്ലേ. പുതിയ പണക്കാര്‍ പുതിയ രീതിയില്‍ വലിയ വീടുകള്‍ കെട്ടുന്നു;കുറച്ചു കഴിഞ്ഞു തമസിക്കാന്‍ ആളില്ലതെ ചിതലരിക്കുന്നു.( ഒരു പക്ഷേ അവര്‍ രാജ്യത്തെ തൊഴിലില്ലായ്മ കുറക്കാന്‍ സഹായിക്കുന്നു എന്നു കരുതി അവരെ അഭിനന്ദിക്കുകയുമാകം.)
Post a Comment