വസന്തനീലിമയില്‍നിന്ന് വരണ്ട മണ്ണിലേക്കു പതിച്ച ഒരു പ്രണയ പുഷ്പമാണ് ഞാന്‍. അലങ്കാരങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരു സ്ത്രീയാണെന്ന് കരുതിയേക്കാം. അനുഭവത്തില്‍ മറിച്ചാണ്, പുരുഷന്‍. ആണുങ്ങളെ പൂക്കളുമായി ഉപമിക്കാത്തതിന്റെ കുഴപ്പമാണിത്. ആണുങ്ങള്‍ക്ക് പറ്റിയ എത്ര പൂക്കളുണ്ട് ഈ ഭൂമിയില്‍. എന്നിട്ടും ഒരെണ്ണം പൊട്ടിച്ച് ഇതുവരെ പുരുഷന്റെ പേരില്‍ എഴുതിയില്ല.
പോട്ടെ, ക്ഷമിക്കാം.
ഇപ്പോള്‍ ഞാന്‍ പീഡനക്കേസിലെ ഒന്നാം പ്രതിയാണ്. കാമുകസ്ഥാനത്തുനിന്ന് പ്രതിസ്ഥാനത്തേക്കുള്ള പരിവര്‍ത്തനം. പ്രണയത്തിന്റെ അരുണവര്‍ണം മാറിമാറി ഉമ്മവെച്ച എന്റെ കവിള്‍ത്തടത്തില്‍ ഇപ്പോള്‍ പൊലീസുകാരന്റെ തഴമ്പിച്ച വിരലിന്റെ പാടാണ്. പ്രണയ ദുരന്തത്തിന്റെ നീര്‍ക്കെട്ട്.
പക്ഷേ, ഞാന്‍ കുറ്റക്കാരനല്ല!
എന്റെ ഈ കണ്ണീരില്‍ കുതിര്‍ന്ന ജീവിതകഥ കേള്‍ക്കൂ. ഇത് എന്റെ മാത്രം കഥയല്ല. അപമാനഭാരത്താല്‍ പട്ടുതൂവാലകൊണ്ട് മുഖംപൊത്തി പോകുന്ന മുഴുവന്‍ പ്രതികളുടെയും കഥയാണ്.
പ്രേമിക്കേണ്ട സമയമായപ്പോള്‍ പതിവുപോലെ ഞാനും പ്രേമിച്ചു. സാധാരണ കാണപ്പെടുന്ന പരിശുദ്ധ, ദിവ്യ ഇനത്തില്‍പ്പെട്ട വിത്ത് തന്നെയാണ് കൃഷി ചെയ്തത്. ചാണകവും ചാരവും പച്ചിലകളും മാത്രം ഉപയോഗിച്ചുള്ള ഒരു നാടന്‍കൃഷി. നാടന്‍ വളങ്ങള്‍ തന്നെയാണ് പ്രേമത്തിന് നല്ലത്. ചെലവും കുറവ് ! വിലക്കൂടുതലുള്ള സാധാനങ്ങള്‍ ഉപയോഗിക്കുന്നതിലല്ല കാര്യം. കൃത്യസമയത്ത് വേണ്ടത് ചെയ്യുന്നതാണ് സാമര്‍ഥ്യം. വിത്തിറക്കുന്നതും കൊയ്യുന്നതുമൊക്കെ തക്കസമയത്തായിരിക്കണം. ഇല്ലെങ്കില്‍ പെഴയ്ക്കും. അറുപത് കഴിഞ്ഞിട്ട് ഐസ്ക്രീം മേടിച്ചുകൊടുത്തിട്ട് എന്താ കാര്യം!
എന്റെ കാമുകിയുടെ പേര് ഞാന്‍ പറയുന്നില്ല. എന്റെ പ്രണയം എന്റെ മാത്രം കാര്യമാണ്. അതില്‍ സമൂഹം ഇടപെടേണ്ടതില്ല. 'സാമൂഹ്യ നവോത്ഥാനവും എന്റെ കാമുകിയും' എന്ന വിഷയത്തിന് പ്രസക്തിയില്ല. പിന്നെ എല്ലാ
കാമുകന്മാരും കാമുകിക്ക് സ്വന്തംനിലയില്‍ ഒരു പേര് കണ്ടെത്തിയിട്ടുണ്ടാവും. എന്നാലും ചിലരൊക്കെ ഇപ്പോഴും
വോട്ടേഴ്സ് ലിസ്റ്റിലെ പേരുമാത്രം വിളിച്ച് പ്രേമിക്കുന്നുണ്ട്. അവര്‍ ഭാവനയില്ലാത്തവരാണ്. അവരെ വിട്ടേക്കു.
എന്റെ കാമുകിയെ 'അവള്‍' എന്നാണ് തല്‍ക്കാലം ഞാന്‍ പറയുന്നത്. എല്ലാ 'അവള്‍'മാര്‍ക്കും ഒരേ മുഖമാണ്, ഒരേ ശരീരമാണ്. ഡെഡ്‌ഡമോണയുടെ സൌന്ദര്യമാണ്.
ഞാന്‍ അവളെ പ്രേമിച്ചത് യാദൃച്ഛികമായിരുന്നില്ല. യാദൃച്ഛികം എന്നൊന്നില്ല. വിജയിക്കുന്നവര്‍ വിനയത്തില്‍ പൊതിഞ്ഞുവെച്ചിരിക്കുന്ന അഹങ്കാരമാണ് അത്. കൂട്ടലും കിഴിക്കലും മാത്രമേ ജീവിതത്തിലുള്ളു. ഓരോ സന്ദര്‍ഭവും കൂട്ടാനും കിഴിക്കാനുമുള്ള അവസരമാണ്. കണക്കു കൃത്യമായാല്‍ മിടുക്കന്‍, കണക്കു പെഴച്ചാല്‍ വിഷമിക്കേണ്ട. കണ്ണീരും കൈയുമായി ഒരു ആദര്‍ശധീരന്‍. പ്രേമം പുരുഷന് ആനയാണ്. നിന്നാലും ചരിഞ്ഞാലും പന്തീരായിരം.
എന്റെ കണക്ക് തെറ്റിയില്ല. എന്നിട്ടും എന്നെ മിടുക്കന്‍ എന്ന് അഭിസംബോധന ചെയ്യാതെ പീഡനക്കേസിലെ ഒന്നാം
പ്രതിയാക്കി തടവുമുറിയില്‍ തള്ളിയിരിക്കുന്നു. കാപട്യം നിറഞ്ഞ ലോകം!
കൃത്യം പറഞ്ഞാല്‍ 2003 മെയ് 15ന് പകല്‍ 11.15 നാണ് എന്റെ പ്രണയം ആരംഭിക്കുന്നത്. ഒരു മിന്നല്‍ പണിമുടക്കായിരുന്നു സന്ദര്‍ഭം. നഗരത്തില്‍ അത്യാവശ്യമായി എത്തേണ്ട ഞാന്‍ ഒന്നൊന്നര മണിക്കൂറായി ബസ് കാത്തുനില്‍ക്കുന്നു. ബസ് വരുന്നില്ല. മിന്നല്‍ പണിമുടക്ക്.
ഞാന്‍ ഓട്ടോ വിളിച്ചു.
അപ്പോഴാണ് അവളെ കണ്ടത്. അവളും നഗരത്തിലേക്കുതന്നെയാണ്. അവള്‍ക്കും എന്തോ അത്യാവശ്യമുണ്ടെന്ന് മുഖം കണ്ടാല്‍ അറിയാം.
ഞാന്‍ ക്ഷണിച്ചു.
അവള്‍ കയറി.
അപ്പോള്‍ ഞാന്‍ സമയം നോക്കി. നേരത്തെ പറഞ്ഞ 11.15.
അവള്‍ അറിയാതെ ഞാന്‍ കുറെനാളായി അവളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിന്റെ മറ്റൊരു ഘട്ടമായിരുന്നു ഈ ക്ഷണം. അല്ലാതെ വെറും മനുഷ്യസ്നേഹം മാത്രമായിരുന്നില്ല അത്. അങ്ങനെയെങ്കില്‍ ചുമച്ചുകുരച്ച് നില്‍ക്കുന്ന ഒരു വല്യമ്മയെയാണ് ഞാന്‍ കൊണ്ടുപോവേണ്ടത്. അവര്‍ ആശുപത്രിയില്‍ പോകാന്‍ നില്‍ക്കുകയാണ്. ഇങ്ങനെ ഓരോ യാത്രക്കാര്‍ക്കും ഓരോ ആവശ്യം കാണും. അവരെയെല്ലാം ഞാന്‍ ഒഴിവാക്കി അവളെമാത്രം ക്ഷണിച്ചു.
എന്താണ് കാരണം?
അതാണ് പരിശുദ്ധവും ദിവ്യവുമായ പ്രണയം! ഓരോന്നോരോന്ന് വിദഗ്ദ്ധമായി ഒഴിവാക്കുമ്പോള്‍ അവശേഷിക്കുന്നതെന്താണോ അതാണ് യഥാര്‍ഥ പ്രേമം.
അങ്ങനെ ഐഎസ്ഐ മാര്‍ക്കുള്ള ഒരു പ്രേമിതനാണ് ഞാന്‍. ഓട്ടോ നഗരത്തിലെത്തി. ഞാന്‍ ഇറങ്ങി. പുറകെ അവളും.
അവള്‍ തിരിച്ചുനിന്ന് നന്ദി പറഞ്ഞു. നന്ദിയില്‍ ഒരു നദി ഒഴുകുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.
ഓട്ടോക്കാരന്‍ 70 രൂപ വാങ്ങി. പ്രണയത്തിന്റെ കണക്കുപുസ്തകത്തിലെ ചെലവുകോളത്തില്‍ ഞാന്‍ എഴുതി 70 രൂപ.
ഏത് സംരംഭവും തുടങ്ങുമ്പോള്‍ ആദ്യം കുറച്ചു പൈസ ചെലവാകും. റിട്ടേണ്‍ ഉണ്ടാവില്ല. പയ്യത്തിന്നാലേ പന തിന്നാനാവു. ഞാന്‍ രണ്ടുമാസത്തെ കണക്കുനോക്കി. സാമാന്യം നല്ല തുക ചെലവായിട്ടുണ്ട്. എസ്റ്റാബ്ളിഷ്‌മെന്റ കോസ്റ്റ് വിചാരിച്ചിടത്ത് നിന്നില്ല.
പറയുന്നത് വിശ്വാസമാവുന്നില്ലെങ്കില്‍ കണക്ക് ഹാജരാക്കാം.
പ്രണയസംബന്ധമായ യാത്ര(ബസ്, ഓട്ടോ, ടാക്സി) ഇനത്തില്‍ 2030.00
ഉച്ചഭക്ഷണം(ഇതില്‍ ഒരു ബിരിയാണിയുംപെടും) 260.00
മൊബൈല്‍ ഫോണ്‍ 1740.00
വഴിയിലെ കോയിന്‍ ബോക്സ് വകയില്‍ 31.00
ചായ,കാപ്പി 154.00
ഐസ്ക്രീം, ഫ്രൂട്ട് സലാഡ് 870.00
ഒരു ചുരിദാര്‍ 930.00
സിനിമ 350.00
സി ഡി 120.00
പലവക 78.20
ആകെ 6563.20
അഭ്യസ്തവിദ്യനും തൊഴില്‍രഹിതനുമായ ഒരു യുവാവിന് പ്രണയസംബന്ധമായി രണ്ടുമാസം ചെലവായ തുകയാണിത്. എനിക്ക് എങ്ങനെ ഈ പൈസ കിട്ടി എന്ന് സംശയിക്കണവരുണ്ടാകാം.
അവരോടൊന്നു പറഞ്ഞേക്കാം. നല്ലവരുടെ കാലം കഴിഞ്ഞിട്ടില്ല! എന്റെ അനുഭവമാണിത്.
പുതിയ സംരംഭകരെ സഹായിക്കാന്‍ അവര്‍ തയാറാണ്. രാജ്യം വികസിക്കണം. നാടിനും നാട്ടാര്‍ക്കും ഗുണമുണ്ടാവണം അത്രമാത്രം!
പ്രണയം ഒരു പ്രാവിനെപ്പോലെ കുറുകുമ്പോള്‍ ഞാന്‍ അവളോട് പറയുമായിരുന്നു.
'...തിന്മകള്‍ മാത്രമല്ല.. നന്മകള്‍കൂടി നിറഞ്ഞതാണ് ലോകം... എത്രയോ നല്ല മനുഷ്യര്‍ ഇവിടെയുണ്ട്. പക്ഷേ അവരെ നമ്മള്‍ കാണാതെ പോകുന്നു..'
അവളുടെ കണ്ണുകള്‍ അടഞ്ഞു. കണ്‍പീലികള്‍ക്കിടയില്‍ ഒരു നേരിയ നനവ്. തിരയിറങ്ങിപ്പോയ ഒരു കടല്‍.
ആത്മീയ സംഘര്‍ഷങ്ങള്‍ക്കിടയിലും മനശ്ശാന്തി തേടുന്ന പുരോഹിതന്‍, സമ്മര്‍ദം നിറഞ്ഞ ജോലിക്കിടയില്‍ സ്വച്ഛത തേടുന്ന പൊലീസ് ഉദ്യോഗസ്ഥന്‍, കണക്കുകളുടെ സംഘട്ടനങ്ങള്‍ക്കിടയില്‍ നിന്നു മുക്തിതേടാന്‍ കൊതിക്കുന്ന ബിസിനസ്സുകാരന്‍, പ്രശസ്തിയുടെ ആള്‍ത്തിരക്കിനിടയില്‍നിന്ന് അല്പം മാറി നടക്കാന്‍ ആഗ്രഹിക്കുന്ന താരം.
നോക്കു... ഓരോരുത്തരുടേയും ജീവിതം എത്ര പ്രാരബ്ധങ്ങളുടേതാണെന്ന്.
എന്നിട്ടും അവര്‍ മനസ്സില്‍ സ്നേഹം സൂക്ഷിക്കുന്നു. നിര്‍വ്യാജമായ സ്നേഹം.
ഞാന്‍ അവളോട് പറഞ്ഞു.
"സ്നേഹം കൊതിക്കുന്നവര്‍ക്ക് നീ അത് പകര്‍ന്നു കൊടുക്കണം. അതാണ് മനഷ്യത്വം, ധര്‍മം, നീതി... മര്യാദ...''
അവള്‍ സമ്മതിച്ചില്ല. സമൂഹത്തിന്റെ നന്മയെ കരുതി ഞാന്‍ നിര്‍ബന്ധിച്ചു.
അതിന് എനിക്ക് പണികിട്ടി. ഞാന്‍ റിമാന്‍ഡിലായി.
ലോകം ഇനി എന്നാണ് അതിന്റെ പുണ്യവാന്മാരെ തിരിച്ചറിയുന്നത്?
*
എം എം പൌലോസ്
Subscribe to:
Post Comments (Atom)
4 comments:
വസന്തനീലിമയില്‍നിന്ന് വരണ്ട മണ്ണിലേക്കു പതിച്ച ഒരു പ്രണയ പുഷ്പമാണ് ഞാന്‍. അലങ്കാരങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ ഒരു സ്ത്രീയാണെന്ന് കരുതിയേക്കാം. അനുഭവത്തില്‍ മറിച്ചാണ്, പുരുഷന്‍. ആണുങ്ങളെ പൂക്കളുമായി ഉപമിക്കാത്തതിന്റെ കുഴപ്പമാണിത്. ആണുങ്ങള്‍ക്ക് പറ്റിയ എത്ര പൂക്കളുണ്ട് ഈ ഭൂമിയില്‍. എന്നിട്ടും ഒരെണ്ണം പൊട്ടിച്ച് ഇതുവരെ പുരുഷന്റെ പേരില്‍ എഴുതിയില്ല.
പോട്ടെ, ക്ഷമിക്കാം.
ഇപ്പോള്‍ ഞാന്‍ പീഡനക്കേസിലെ ഒന്നാം പ്രതിയാണ്. കാമുകസ്ഥാനത്തുനിന്ന് പ്രതിസ്ഥാനത്തേക്കുള്ള പരിവര്‍ത്തനം. പ്രണയത്തിന്റെ അരുണവര്‍ണം മാറിമാറി ഉമ്മവെച്ച എന്റെ കവിള്‍ത്തടത്തില്‍ ഇപ്പോള്‍ പൊലീസുകാരന്റെ തഴമ്പിച്ച വിരലിന്റെ പാടാണ്. പ്രണയ ദുരന്തത്തിന്റെ നീര്‍ക്കെട്ട്.
പക്ഷേ, ഞാന്‍ കുറ്റക്കാരനല്ല!
എം.എം.പൌലോസിന്റെ നര്‍മ്മഭാവന
"Yes, there is nothing as 'free lunch'"
Kollam
sathyathil kutti koduppayirunnille vaan kidillam ayirunnu
Post a Comment