Sunday, April 13, 2014

ചോദ്യങ്ങൾ മാറുന്നു, ഉത്തരങ്ങളും

ഇലത്താളം കലാകാരനായ കല്ലൂർബാബുവിനെ പരാമർശിച്ച്‌ കഴിഞ്ഞ പരീക്ഷക്ക്‌ ഉണ്ടായ ചോദ്യം പുതിയ തലമുറയെ ചിന്തിപ്പിക്കുന്നതായിരുന്നു. എട്ടാം ക്ളാസിലെ മലയാളം പരീക്ഷയ്‌ക്കായിരുന്നു ചോദ്യം. ബാബുവിനെ ഒഴിവാക്കിയ വാർത്ത, ചോദ്യമാകുന്നതിന്‌ മുന്നോടിയായി അയിത്തത്തിനെതിരെ അതിശക്തമായി പ്രതികരിച്ച മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ വരികളും ചേർത്തിരുന്നു. “നീചനാരിതൻ കയ്യാൽ ജലം വാങ്ങിയാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ” എന്ന സൂര്യതേജസുള്ള വരികൾ.

ജാതീയമായ വേർതിരിവുകൾ ഇന്നും നമ്മുടെ നാട്ടിൽ നിലനിൽക്കുന്നുവോ? പ്രതികരിക്കുക-ഇതായിരുന്നു ആറുമാർക്കിന്റെ ചോദ്യം. നിയമസഭയിലെ മന്ത്രിയുടെ പരാമർശം മുതൽ അയ്യൻകാളിയുടെയും അയ്യാവൈകുണ്ഠരുടെയും ആറാട്ടുപുഴ വേലായുധപ്പണിക്കരുടെയും നാരായണഗുരുവിന്റെയും ആനന്ദതീർഥന്റെയും ബ്രഹ്‌മാനന്ദ ശിവയോഗിയുടെയും കാലത്തെവരെ ഒരുനിമിഷം കൊണ്ട്‌ കുട്ടികൾ ഓർത്തിട്ടുണ്ടാകും. പരീക്ഷാഹാളിൽ ഒരുനിമിഷം കൊണ്ട്‌ ചിന്തയുടെ സുഗന്ധം നിറഞ്ഞിട്ടുണ്ടാകും.

ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇങ്ങനെ ഒരു ചോദ്യത്തിന്‌ ഇടമുണ്ടായി എന്നത്‌ ഞെട്ടിപ്പിക്കുന്ന കാര്യമാണ്‌. പുരോഗമനാശയങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട്‌ പഴയകാലം തിരിച്ചുവരുന്നു എന്നതിന്റെ സൂചനയാണ്‌ ഈ ചോദ്യം.

ഭൂമി എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന്‌ വളരെക്കാലം ഭൂമിയെ ദൈവം സൃഷ്‌ടിച്ചു എന്നായിരുന്നു ഉത്തരം. ദൈവത്തെ മനുഷ്യൻ സൃഷ്‌ടിച്ചു എന്ന ഉത്തരം ഉണ്ടായതോടുകൂടി ഹൃദയത്തിൽ വെളിച്ചം നിറയുകയും ചിന്തയ്‌ക്ക്‌ തീപിടിക്കുകയും ചെയ്‌തല്ലൊ. പരീക്ഷാഹാളിൽ നിന്ന്‌ ഇരുട്ട്‌ ഇറങ്ങിപ്പോവുകയും അറിവിന്റെ കുളിർകാറ്റു വീശുകയും ചെയ്‌തല്ലോ.

പക്ഷേ, കേരളം തിരിച്ചുപോകുന്നു. ഒരു ചോദ്യത്തിന്റെ പേരിൽ അധ്യാപകന്റെ ചോറുണ്ണാനുള്ള കൈ വെട്ടിയെറിഞ്ഞത്‌ ഇവിടെയാണല്ലോ. കൺമുമ്പിൽ വച്ചുണ്ടായ ആ മതദൈവനീതിനിർവഹണം പിന്നീട്‌ ഗുരുപത്‌നിയുടെ സ്വയംഹത്യയിൽ കലാശിച്ചതും ഇവിടെയാണല്ലോ. അതുവഴി മതം സ്‌നേഹമാണ്‌, ത്യാഗമാണ്‌, ക്ഷമയാണ്‌, മാപ്പാണ്‌ എന്നെല്ലാമുള്ള വ്യാജപ്രചരണങ്ങൾ തകർന്ന്‌ പോയതും ഇവിടെയാണല്ലൊ.

എട്ടാം ക്ളാസിലെ പാഠപുസ്‌തകം തയ്യാറാക്കിയ മാഷുമാർ ഇന്ത്യൻ ഭരണഘടനയെ ആദരിക്കുന്നവരാണ്‌. പൗരന്മാരുടെ മൗലിക കർത്തവ്യങ്ങളിൽ ശാസ്‌ത്രീയമായ കാഴ്‌ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്‌ക്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കണമെന്ന്‌ പറഞ്ഞിട്ടുണ്ടല്ലൊ. പാഠപുസ്‌തകത്തിലെ ഒരു യൂണിറ്റ്‌ അന്ധവിശ്വാസ ദൂരീകരണത്തിനായി മാറ്റിവച്ചിട്ടുണ്ട്‌. നാരായണഗുരു കുട്ടിച്ചാത്തനു കത്തുകൊടുത്തതും സഞ്‌ജയന്റെ സ്വാമിജി എന്ന കഥയും മറ്റുമാണ്‌ വെളിച്ചത്തിനെന്തൊരു വെളിച്ചം എന്നു പേരിട്ടിട്ടുള്ള ഈ യൂണിറ്റിലുള്ളത്‌. ക്ളാസുകളിൽ അന്ധവിശ്വാസം സംബന്ധിച്ച ചർച്ചകളും നടക്കാറുണ്ട്‌. ചോദ്യപേപ്പറിൽ ഇക്കുറി ജോത്സ്യൻ എന്ന നഗ്ന കവിത ചേർത്തിട്ടുണ്ട്‌. ഈ കവിതയുടെ സാമൂഹ്യപ്രസക്തി, ആസ്വാദനഭംഗി ഇവ വിലയിരുത്തി ആസ്വാദനക്കുറിപ്പ്‌ തയ്യാറാക്കാനായിരുന്നു ചോദ്യം.

ജോത്സ്യൻ

ജോത്സ്യന്റെ ഭാര്യയെ
കാണ്മാനില്ല
ചന്ദ്രൻ അപഹരിച്ചോ
രാഹുവോ കേതുവോ
തെക്കോട്ടു നടത്തിച്ചോ
ചൊവ്വ പിടിച്ചോ
ശനി മറച്ചോ
അയാൾ
കവടി നിരത്തിയതേയില്ല
നേരേ നടന്നു
പൊലീസ്‌ സ്റ്റേഷനിലേക്ക്‌

ആസ്വാദനക്കുറിപ്പ്‌ തയ്യാറാക്കി, പരീക്ഷക്കാലവും മറന്നപ്പോഴാണ്‌ ഈ ചോദ്യം ജോത്സ്യന്മാരുടെ ശ്രദ്ധയിൽപ്പെടുന്നത്‌. കേരള ഗണക കണിശ സഭ മലപ്പുറത്തുകൂടി, കളരിക്കുറുപ്പടക്കമുള്ള സമുദായങ്ങളെ അവഹേളിക്കുകയാണെന്നും ഉടൻ നടപടി വേണമെന്നും പ്രമേയം പാസാക്കി മുഖ്യമന്ത്രിക്കയച്ചു. ഇപ്പോഴും അവർ കവടിനിരത്താതെ പരാതിയുമായി അധികൃതകേന്ദ്രത്തിലേക്ക്‌ പോയല്ലോ എന്നു പറഞ്ഞു ചിരിക്കുന്നവരെ എന്തുചെയ്യാനാണ്‌.

*
കുരീപ്പുഴ ശ്രീകുമാർ

No comments: