Saturday, April 5, 2014

കാവി പുതപ്പിക്കാന്‍ കുടപിടിച്ചത് കോണ്‍ഗ്രസ്

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലുടനീളം ഹിന്ദു വര്‍ഗീയശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞും വേഴ്ചയിലായിരുന്നു കോണ്‍ഗ്രസ്. ഇന്ദിര ഗാന്ധിയുടെ കാലംമുതല്‍ കോണ്‍ഗ്രസ് ആര്‍എസ്എസിനെ പരസ്യമായി പ്രോത്സാഹിപ്പിച്ചു. തെരഞ്ഞെടുപ്പുകളില്‍ ആര്‍എസ്എസ് വോട്ട് തട്ടാന്‍ പല അടവുകളും പയറ്റി. രാമജന്മഭൂമി പ്രസ്ഥാനത്തെ തുടക്കത്തിലേ കോണ്‍ഗ്രസ് വെള്ളവും വളവുംനല്‍കി വളര്‍ത്തി. ഇന്ദിര ഗാന്ധി വധത്തെതുടര്‍ന്ന് ഹിന്ദുവര്‍ഗീയത ഇളക്കിവിട്ടാണ് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് നേട്ടം കൊയ്തത്. ഡല്‍ഹിയില്‍ സിഖ് കൂട്ടക്കൊലയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നിട്ടിറങ്ങി.

അയോധ്യയും മഥുരയും കാശിയും വീണ്ടെടുക്കാന്‍ ഹിന്ദുക്കള്‍ ഉണരണമെന്ന് 1983 മാര്‍ച്ചില്‍ മുസഫര്‍നഗറില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദാവ് ദയാല്‍ ഖന്ന ആഹ്വാനം ചെയ്തു. രണ്ടുതവണ ഇടക്കാല പ്രധാനമന്ത്രിയായ കോണ്‍ഗ്രസ് നേതാവ് ഗുല്‍സാരിലാല്‍ നന്ദയെ സാക്ഷിനിര്‍ത്തിയായിരുന്നു ഇത്. തര്‍ക്കസ്ഥലത്ത് പൂജയ്ക്കും ശിലാന്യാസത്തിനും രാജീവ്ഗാന്ധി സര്‍ക്കാര്‍ 1986ല്‍ വിഎച്ച്പിക്ക് അനുമതി നല്‍കി. എല്‍ കെ അദ്വാനിയുടെ രക്തരൂഷിത രഥയാത്രകള്‍ തടയാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ശ്രമിച്ചില്ല. വിദ്യാഭ്യാസ-സാംസ്കാരികമേഖലകളെ കാവിവല്‍ക്കരിക്കാന്‍ 1998-2004 കാലത്തെ എന്‍ഡിഎ ഭരണം ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് ചെറുവിരലനക്കിയില്ല.

പാഠപുസ്തകങ്ങളിലും സാംസ്കാരികസ്ഥാപനങ്ങളിലും ചരിത്രഗവേഷണരംഗത്തും കാവി അജന്‍ഡ നടപ്പാക്കുമ്പോള്‍ കോണ്‍ഗ്രസ് കാഴ്ചക്കാരായി. കാവിവല്‍ക്കരണം ചെറുത്ത സാംസ്കാരികപ്രവര്‍ത്തകരെ ആര്‍എസ്എസ് ആക്രമിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ മാളത്തിലൊളിച്ചു. രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനവും അക്കാദമിക് സമൂഹവുമാണ് ഹിന്ദുത്വവര്‍ഗീയതയുടെ തേരോട്ടം പ്രതിരോധിച്ചത്. ഗുജറാത്തില്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ മുസ്ലിങ്ങളെ വംശഹത്യക്കിരയാക്കിയപ്പോള്‍ സംരക്ഷിക്കാനോ നിയമനടപടികള്‍ക്ക് സഹായം എത്തിക്കാനോ കോണ്‍ഗ്രസ് തയ്യാറായില്ല. നിര്‍ണായകവെളിപ്പെടുത്തലുകള്‍ നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വേട്ടയാടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ മൗനത്തിലായി. മോഡിസര്‍ക്കാരിനെതിരെ ജനാധിപത്യപരമായ പ്രക്ഷോഭത്തിനോ പ്രചാരണത്തിനോ കോണ്‍ഗ്രസ് മുതിര്‍ന്നില്ല. പകരം ഗുജറാത്തില്‍ മൃദുഹിന്ദുത്വനയം പയറ്റുകയാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ ലോക്സഭാതെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് പരാജയഭീതിയിലായ കോണ്‍ഗ്രസ് നേതാക്കള്‍ മോഡിക്കെതിരെ പ്രസംഗിക്കുന്നത്.

2004ല്‍ തെരഞ്ഞെടുപ്പിനുമുമ്പ് "ഇന്ത്യ തിളങ്ങുന്നു" പ്രചാരണത്തില്‍ ഭ്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി. എന്നാല്‍, യുപിഎ ഭരണത്തിലെത്തിയതോടെ പലരും തിരികെയെത്തി. ഇവരിപ്പോള്‍ ബിജെപിയിലേക്ക് വീണ്ടും പോകാനുള്ള തിരക്കിലാണ്. രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ ബിജെപിയിലെത്തി. പാര്‍ലമെന്റില്‍ ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തതിനും ഉദാഹരണങ്ങള്‍ ഏറെ. 2008ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ ആണവകരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ബിജെപിയുടെ 10 എംപിമാരാണ് സര്‍ക്കാരിനെ താങ്ങിനിര്‍ത്തിയത്. പെട്രോള്‍ വിലനിയന്ത്രണം നീക്കല്‍, ബാങ്ക് സ്വകാര്യവല്‍ക്കരണം, ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപപരിധി ഉയര്‍ത്തല്‍ എന്നീ പരിഷ്കാരങ്ങള്‍ക്കും ഇരുപാര്‍ടികളും ഒപ്പം നിന്നു. കൃഷ്ണ-ഗോദാവരി പ്രകൃതിവാതകം അഴിമതി, സഹാറ നിക്ഷേപത്തട്ടിപ്പ് എന്നിവയില്‍ കുറ്റക്കാരെ രക്ഷിക്കാനും ഇരുകക്ഷികളും പാര്‍ലമെന്റില്‍ ഒത്തുകളിക്കുകയായിരുന്നു.
*
ദേശാഭിമാനി

No comments: