16-ാം ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുദിവസംമാത്രം അവശേഷിക്കെ കേരളമെങ്ങും എല്‍ഡിഎഫ് തരംഗം പ്രകടമാണ്. സംസ്ഥാനത്തെ 16 ലോക്സഭാ മണ്ഡലങ്ങളില്‍ രണ്ടാഴ്ചയിലേറെ സഞ്ചരിക്കുകയും അറുപതിലേറെ പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇതു പറയുന്നത്. 3000 കിലോമീറ്ററിലേറെ സഞ്ചരിച്ച് അഞ്ചുലക്ഷത്തിലേറെ വോട്ടര്‍മാരുമായി നേരിട്ട് സംവദിക്കാന്‍ ഇക്കാലത്ത് സാധിച്ചു. ഓരോ യോഗത്തിലും തടിച്ചുകൂടുന്ന ജനക്കൂട്ടം, അവരുടെ ആവേശം, ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളിലും നടത്തുന്ന പ്രവര്‍ത്തനങ്ങളിലും കാണിക്കുന്ന ആത്മാര്‍ഥതയും പ്രതിജ്ഞാബദ്ധതയും, പ്രസംഗങ്ങളില്‍ ഉയര്‍ത്തിയ രാഷ്ട്രീയപ്രശ്നങ്ങളോടു കാട്ടുന്ന പ്രതികരണങ്ങള്‍ എല്ലാം വലിയൊരു മാറ്റത്തിന്റെ കാഹളം ഉയര്‍ത്തുകയാണ്. അഴിമതി, വിലക്കയറ്റം, സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍, മറ്റ് ജനദ്രോഹനടപടികള്‍ എന്നിവയിലെല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള വിചാരണകളായിരുന്നു പ്രചാരണയോഗങ്ങള്‍ ഓരോന്നും.
സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇതേവരെ കാണാത്ത കടുത്ത അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം പലപ്പോഴും രാഷ്ട്രീയവിശ്വാസങ്ങളുടെ അതിരുകള്‍ക്കും അപ്പുറമായിരുന്നു. പെട്രോള്‍- ഡീസല്‍- പാചകവാതക വിലവര്‍ധന, അനുബന്ധമായി നിത്യോപയോഗ സാധനങ്ങള്‍ക്കുണ്ടായ ഭീമമായ വിലക്കയറ്റം, കോര്‍പറേറ്റ് ശക്തികള്‍ക്ക് ലക്ഷക്കണക്കിനു കോടി രൂപയുടെ നികുതിയിളവുകള്‍ നല്‍കുകയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും സബ്സിഡിപോലും ഇല്ലാതാക്കുകയുംചെയ്യുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇരട്ടത്താപ്പ്, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കള്ളക്കളികള്‍, കേന്ദ്രപദ്ധതികള്‍ കേരളത്തിന് നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ വിവേചനം, വിഴിഞ്ഞം തുറമുഖവും പാലക്കാട് കഞ്ചിക്കോട് ഫാക്ടറിയുമടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രം കാണിച്ച നിഷേധാത്മക നിലപാട്, നിസ്സഹായനായ എ കെ ആന്റണിയുടെ പൊള്ളവാക്കുകള്‍, സോളാര്‍ അഴിമതിയും സലിംരാജിന്റെ ഭൂമി തട്ടിപ്പും, ഇവയ്ക്കു രണ്ടിനും കൂട്ടുനിന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനവിരുദ്ധത, മോഡിയുടെ വര്‍ഗീയ അജന്‍ഡ ഉയര്‍ത്തുന്ന വെല്ലുവിളി, ഇടതുപക്ഷ- മതനിരപേക്ഷപ്രസ്ഥാനം തിളക്കമാര്‍ന്ന വിജയം നേടേണ്ടതിന്റെ അനിവാര്യത തുടങ്ങിയ വിഷയങ്ങളാണ് പ്രചാരണയോഗങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടത്. കേരളത്തിലെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി നേര്‍ബന്ധമുള്ള പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ജനങ്ങളുമായി പങ്കുവച്ചത്. ജനങ്ങളുടെ ജീവിതസ്പര്‍ശിയായ വിഷയങ്ങളാണ് ഇവയെല്ലാം എന്നതുകൊണ്ടുതന്നെ ജനങ്ങള്‍ അഹമഹമികയാ യോഗങ്ങളില്‍ തടിച്ചുകൂടി. ഈ രാഷ്ട്രീയ പ്രചാരണങ്ങളുടെയെല്ലാം വസ്തുതകള്‍ ജനം ഹൃദയത്തില്‍ ഏറ്റുവാങ്ങി.
കഴിഞ്ഞ 10 വര്‍ഷം രാജ്യം ഭരിച്ചുമുടിച്ച കേന്ദ്ര യുപിഎ സര്‍ക്കാരിനെ താഴെയിറക്കാനും മൂന്നുവര്‍ഷമായി കേരളജനതയുടെ ജീവിതം വഴിമുട്ടിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ശക്തമായ താക്കീതു നല്‍കാനും കിട്ടിയ നല്ല അവസരമായാണ് 16-ാം ലോക്സഭാ തെരഞ്ഞെടുപ്പിനെ ബഹുഭൂരിപക്ഷം ജനങ്ങളും കാണുന്നത്. ഈയൊരു കാഴ്ചപ്പാട് നെഞ്ചേറ്റിയാണ് ഗൗരിയമ്മയുടെ നേതൃത്തിലുള്ള ജെഎസ്എസും എം വി രാഘവന്റെ നേതൃത്വത്തിലുള്ള സിഎംപിയും മറ്റും എല്‍ഡിഎഫിനൊപ്പം അണിനിരക്കുന്നത്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനുവേണ്ടി ലീഗിന്റെയും കോണ്‍ഗ്രസിന്റെയും അണികള്‍വരെ പരസ്യമായി പ്രചാരണത്തിനിറങ്ങുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് ആദ്യമേ പറഞ്ഞത്.
എല്‍ഡിഎഫ് ഉയര്‍ത്തുന്ന ഗൗരവതരമായ രാഷ്ട്രീയപ്രശ്നങ്ങളോടോ, ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വികസന- ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചോ യുക്തിസഹമായ ഒരു മറുപടിയും പറയാന്‍ കഴിയാത്ത കോണ്‍ഗ്രസ്- യുഡിഎഫ് നേതൃത്വം തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങള്‍ ആവര്‍ത്തിച്ചുപറഞ്ഞ് പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ആന്റണിയടക്കമുള്ള യുഡിഎഫ് നേതാക്കളുടെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും മാത്രമല്ല ഇത്തരം പുകമറ അടങ്ങിയിരിക്കുന്നത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഴുതിയ ലേഖനവും ഈ രൂപത്തില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നതാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരെയാണ് തങ്ങള്‍ എന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിലാണ് ഉമ്മന്‍ചാണ്ടി ലേഖനം എഴുതിയത്. തന്റെതന്നെ അനുഗ്രഹാശിസുകളോടെ അരങ്ങേറിയ സോളാര്‍ തട്ടിപ്പ്, സലിംരാജിന്റെ ഭൂമി തട്ടിപ്പ്, ഇവയെല്ലാം തേച്ചുമാച്ചുകളയാന്‍ സ്വന്തം ഓഫീസിനെമാത്രമല്ല പൊലീസിനെയും കോടതിയെയുംവരെ സ്വാധീനിച്ചത് എന്നിവയെപ്പറ്റിയൊക്കെ ഉമ്മന്‍ചാണ്ടി മൗനം ഭജിക്കുകയാണ്. ആകെ ഉരുവിടുന്നത് കൊലപാതക രാഷ്ട്രീയം എന്ന പല്ലവിമാത്രം. കൊലപാതക രാഷ്ട്രീയം കരുവാക്കി സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും താറടിക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടിയും യുഡിഎഫും കോണ്‍ഗ്രസുകാര്‍ നടത്തിയ പൈശാചിക കൊലപാതകങ്ങളെപ്പറ്റി പരാമര്‍ശിക്കുകപോലും ചെയ്യാത്തത് എന്താണ്? ഗ്രൂപ്പുവൈരത്തിന്റെ തിമിരം ബാധിച്ച് സ്വന്തം അനുയായികളെത്തന്നെ പരസ്പരം വെട്ടിനുറുക്കിയ കൊലപാതകങ്ങളെപ്പറ്റി ഉമ്മന്‍ചാണ്ടി അറിഞ്ഞിട്ടില്ലേ? കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസുകാര്‍തന്നെ വെട്ടിയും കുത്തിയും അരുംകൊല ചെയ്താല്‍ അത് കൊലപാതകം അല്ലാതാകുമോ? അങ്ങനെ കോണ്‍ഗ്രസുകാര്‍തന്നെ വെട്ടിക്കൊന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഭാര്യയും കുഞ്ഞുങ്ങളുമൊക്കെയില്ലേ? അവരുടെ വൈധവ്യവും കണ്ണീരും കുഞ്ഞുങ്ങളുടെ അനാഥത്വവും ഒന്നും എന്തേ ഉമ്മന്‍ചാണ്ടി കാണാതെ പോകുന്നു?
കഴിഞ്ഞ ജൂണ്‍ ഒന്നിനല്ലേ കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറിയും ഐ&ൃെൂൗീ;ഗ്രൂപ്പുകാരനുമായ മധു ഈച്ചരത്തിനെ ക്ഷേത്രവളപ്പില്‍ ഭാര്യയുടെ മുന്നില്‍വച്ച് 27 വെട്ട് വെട്ടി എതിര്‍ഗ്രൂപ്പുകാര്‍ കൊലപ്പെടുത്തിയത്? ഇതിനു പ്രതികാരമായി രണ്ടുമാസത്തിനുള്ളില്‍ കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം വൈസ് പ്രസിഡന്റും കെപിസിസി ന്യൂനപക്ഷവകുപ്പ് ജില്ലാ കണ്‍വീനറുമായ ലാല്‍ജി കൊള്ളന്നൂരിനെ എതിര്‍ഗ്രൂപ്പുകാരന്‍ കൊലപ്പെടുത്തി. ഇവിടങ്ങള്‍ ഒന്ന് സന്ദര്‍ശിക്കാന്‍പോലും ഉമ്മന്‍ചാണ്ടിയോ ആന്റണിയോ സുധീരനോ തയ്യാറായോ?
മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന നിലമ്പൂരിലെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍വച്ചല്ലേ അവിടത്തെ ജീവനക്കാരി രാധയെ ക്രൂരമായി ബലാത്സംഗംചെയ്യുകയും കൊന്ന് ചാക്കില്‍കെട്ടി കുളത്തില്‍ താഴ്ത്തുകയും ചെയ്തത്? ആര്യാടന്റെ പിഎ ആയ ഒരാളല്ലേ ഇതിലെ മുഖ്യപ്രതി? കൊലപാതകരാഷ്ട്രീയത്തിന്റെ പേരില്‍ കണ്ണീര്‍വാര്‍ക്കുന്ന ഉമ്മന്‍ചാണ്ടി ഈ കേസ് തെളിയിക്കാന്‍ എന്തുചെയ്തു?
കോണ്‍ഗ്രസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ നിലമ്പൂരിലെ കുഞ്ഞാലിയെ ഉമ്മന്‍ചാണ്ടിയും ആര്യാടനും മറന്നുപോയോ? അഴീക്കോടന്‍ രാഘവനെ തൃശൂര്‍ ചെട്ടിയങ്ങാടിയില്‍ അരുംകൊല ചെയ്തത് ഉമ്മന്‍ചാണ്ടിക്ക് അറിയില്ലെന്നുണ്ടോ? കോണ്‍ഗ്രസിനോട് വിടപറഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ വെടിവച്ചുകൊന്ന എറണാകുളത്തെ പി കെ അബ്ദുള്‍ ഖാദറിനെ ഉമ്മന്‍ചാണ്ടി അറിയുമോ? കേരളത്തിന്റെ ഭാവി വാഗ്ദാനങ്ങളായിരുന്ന കലാലയങ്ങളിലെ അഷ്റഫും കൊച്ചനിയനും അനീഷ്രാജനും അടക്കം എത്ര എസ്എഫ്ഐ പ്രവര്‍ത്തകരുടെ തീക്ഷ്ണയൗവനമാണ് കെഎസ്യുവിന്റെയും കോണ്‍ഗ്രസിന്റെയും ഗുണ്ടാപ്പട തല്ലിക്കെടുത്തിയത്?
കേരളരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് കാപാലികതയുടെ ചോര കിനിയുന്ന കൊലപാതകങ്ങളാണ് ഇവയൊക്കെ. ഇതൊക്കെ തെരഞ്ഞെടുപ്പില്‍ അലോഹ്യമുണ്ടാകുമെന്നു കരുതി ഉമ്മന്‍ചാണ്ടിക്ക് വേണമെങ്കില്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കാം. പക്ഷേ, ഉമ്മന്‍ചാണ്ടിയടക്കം ഓതിക്കൊടുത്തും ഒത്താശകള്‍ചെയ്തും നടത്തിയ കൊലപാതകങ്ങളാണ് ഇവയൊക്കെ. കൊലപാതക രാഷ്ട്രീയത്തെപ്പറ്റി വേവലാതി കൊള്ളുകയും അഹിംസാമന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്യുമ്പോള്‍ ഉമ്മന്‍ചാണ്ടി ഇതുകൂടി ഓര്‍ക്കണമെന്നുമാത്രം. ഉമ്മന്‍ചാണ്ടി ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചാലും രാഷ്ട്രീയചരിത്രമറിയുന്ന കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് ഇതൊക്കെ നന്നായി അറിയാം.
ഇവിടെ ജനങ്ങളുടെ നിത്യജീവിത പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് പ്രധാനപ്രശ്നം. അതില്‍ ഭരണാധികാരികള്‍ എന്ത് നിലപാടെടുത്തു, ആര്‍ക്കൊപ്പം നിന്നു എന്നതാണ് പ്രധാനം. അത് മുഖ്യപ്രശ്നമാകുമ്പോഴാണ് കോണ്‍ഗ്രസ് ഒറ്റപ്പെടുന്നതും കൂടുതല്‍ ജനവിഭാഗങ്ങള്‍ എല്‍ഡിഎഫിന്റെ കൊടിക്കീഴില്‍ അണിനിരക്കുന്നതും. അതുതന്നെയാണ് എല്‍ഡിഎഫ് വിജയത്തിന്റെ ചൂണ്ടുപലകയും.
*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി
No comments:
Post a Comment