Wednesday, April 23, 2014

അബ്കാരി അഴിമതി അതിവേഗം

"നിലവാരമില്ലാത്ത" ബാറുകളുടെ ലൈസന്‍സുമായി ബന്ധപ്പെട്ട അറുപതോളം കേസ് വിധിപറയാനിരിക്കെ ജഡ്ജിക്ക് പിന്മാറേണ്ടിവന്നത് അസാധാരണ അനുഭവമാണ്. കോണ്‍ഗ്രസ് നേതാവുകൂടിയായ അഭിഭാഷകന്‍ വീട്ടിലെത്തി സംസാരിച്ചതാണ് പിന്മാറ്റത്തിനുകാരണം. കോടതിയെ സ്വാധീനിച്ചും ഇതില്‍ പലതും നേടാന്‍ കോണ്‍ഗ്രസിനു താല്‍പ്പര്യമുണ്ട്. എക്സൈസ് വകുപ്പ് ഭരണകക്ഷിയുടെ അത്തരം താല്‍പ്പര്യങ്ങളുടെ കൂത്തരങ്ങാണ്.

സംസ്ഥാനത്തെ 418 ബാര്‍ അടഞ്ഞുകിടക്കുന്നു. "നിലവാരമില്ലാ"ത്തതാണ് കാരണം. അടഞ്ഞതിനേക്കാള്‍ നിലവാരം കുറഞ്ഞ നിരവധി ബാറുകള്‍ കൊയ്ത്തുനടത്തുന്നു. അവയില്‍ സംസ്ഥാനമന്ത്രിയടക്കമുള്ളവരുടെ ബാറുകളുണ്ട്. ആരാണ് നിലവാരം പരിശോധിച്ചത്? എന്നാണത് സംഭവിച്ചത്? എന്തായിരുന്നു മാനദണ്ഡം? ഈയടുത്തകാലത്തൊന്നും അങ്ങനെയൊരു പരിശോധനയും പട്ടികതയ്യാറാക്കലും നടന്നിട്ടില്ല. എക്സൈസ് മന്ത്രി കെ ബാബു പറയുന്നു: ""418 ഹോട്ടലുകളുടെ ലിസ്റ്റ് തയ്യാറാക്കിയത് ഈ ഗവണ്‍മെന്റ് അല്ല. കഴിഞ്ഞ ഗവണ്‍മെന്റിന്റെ എക്സൈസ് കമീഷണര്‍ സുബ്ബയ്യ ആയിരുന്നു ലിസ്റ്റ് കൊടുത്തത്. അതിനകത്ത് ഈ ഗവണ്മന്റിന് യാതൊരു ബന്ധവുമില്ല.""

മൂന്നുകൊല്ലംമുമ്പ് ഉണ്ടാക്കിയ ലിസ്റ്റ് ഇന്ന് നിലനില്‍ക്കുന്നതോ അല്ലയോ എന്നുപോലും പരിശോധിക്കാനുള്ള ഉത്തരവാദിത്തം തനിക്കില്ലെന്ന് എക്സൈസ് മന്ത്രി ആണയിടുമ്പോള്‍ ഉയരുന്ന അടുത്ത ചോദ്യം, പിന്നെന്തിന് താങ്കള്‍ മന്ത്രിപദവിയില്‍ ഇരിക്കുന്നു എന്നതാണ്. "ലൈസന്‍സ് പുതുക്കിനല്‍കാത്ത ഹോട്ടലുകളില്‍ നിലവാരമുള്ളതും പുതുക്കിനല്‍കിയതില്‍ നിലവാരം ഇല്ലാത്തതും ഉണ്ടെന്ന്" സമ്മതിക്കുന്ന മന്ത്രി, താനിരിക്കുന്നത് അഴിമതിയുടെ മഹാപര്‍വതത്തിനുമുകളിലാണെന്നു സമ്മതിക്കുകയാണ്. തെരഞ്ഞെടുപ്പുഘട്ടത്തില്‍ പണക്കൊയ്ത്തിനുള്ള വിളഞ്ഞപാടമായാണ് ബാര്‍ലൈസന്‍സിനെ സര്‍ക്കാര്‍ കണ്ടത്. രൂപപ്പെടുത്തിയ പിരിവുപദ്ധതി ഉചിതസമയത്ത് പ്രയോഗത്തില്‍ വരുത്താന്‍ കഴിയാഞ്ഞതാണ് പ്രശ്നം.

എന്താണ് എക്സൈസ്വകുപ്പില്‍ നടക്കുന്നതെന്നു മനസ്സിലാക്കാന്‍ ഒരുദാഹരണംമതി. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴഗ്രാമത്തിലുള്ള എലഗന്‍സ് എന്ന ഹോട്ടലിന് വിദേശമദ്യവില്‍പ്പന ലൈസന്‍സ് നല്‍കിയതിലെ അമ്പരപ്പിക്കുന്ന വേഗം "സ്വാധീ"മുള്ളവര്‍ക്ക് എന്തും നടത്താവുന്ന കച്ചവടശാലയാണ് കെ ബാബു ഭരിക്കുന്ന വകുപ്പ് എന്ന വസ്തുത ആവര്‍ത്തിച്ചുറപ്പിക്കുന്നു. എല്ലാ മാനദണ്ഡവും പാലിച്ച് നല്‍കുന്ന അപേക്ഷകള്‍ "അജ്ഞാത കാരണം" കൊണ്ട് മാറ്റിവച്ച് മാസങ്ങള്‍ താമസിപ്പിക്കുകയും അത് തുടര്‍ച്ചയായ കോടതിവ്യവഹാരങ്ങള്‍ക്കും ഖജനാവ് ചോര്‍ച്ചയ്ക്കും വഴിവയ്ക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് എലഗന്‍സ് ഹോട്ടല്‍ 17 ദിവസംകൊണ്ട് എല്ലാ അനുമതിയും വാങ്ങി മദ്യഷാപ്പ് ലൈസന്‍സ് നേടിയത്.

2012 ഒക്ടോബര്‍ 22ന് ആദ്യ അപേക്ഷ നല്‍കിയ ഈ ഹോട്ടലിന് നവംബര്‍ എട്ടിന് 22 ലക്ഷം രൂപ ഫീസൊടുക്കി ലൈസന്‍സ് നേടാനായത് എക്സൈസ് വകുപ്പിന്റെ ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത വേഗമാണ്. പുതിയ നിയമം, മദ്യനിയന്ത്രണം, നിരോധനമെന്നൊക്കെ നാഴികയ്ക്ക് നാല്‍പ്പതുവട്ടം തത്വംപറയാറുള്ള ഖദര്‍ധാരികള്‍ക്ക് അബ്കാരി പണത്തിന്റെ ചൂരടിക്കുമ്പോള്‍ ആവേശം കയറും. ഇനി മൂന്നു നക്ഷത്രങ്ങള്‍ക്ക് ബാറില്ല, നാലു നക്ഷത്രമില്ലെങ്കില്‍ ബാര്‍ അനുവദിക്കുന്ന പ്രശ്നമില്ല എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്സൈസ് മന്ത്രി ബാബുവും പറയുന്നത്. പക്ഷേ, എലഗന്‍സിനുവേണ്ടി അപേക്ഷ നല്‍കുമ്പോള്‍ ആ ഹോട്ടലിന് ക്ലാസിഫിക്കേഷന്‍ കിട്ടിയിരുന്നില്ല.

തളിപ്പറമ്പ് എക്സൈസ് സിഐക്ക് ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ നല്‍കിയ അപേക്ഷ ചട്ടപ്രകാരം അവിടെവച്ചുതന്നെ നിരസിക്കപ്പെടേണ്ടതായിരുന്നു. നാലു നക്ഷത്രപദവി ഇല്ലാതിരുന്നിട്ടും "എല്ലാ പരിശോധനകള്‍ക്കുംശേഷം" തൊട്ടടുത്ത ദിവസം അദ്ദേഹം അപേക്ഷ എക്സൈസ് കണ്ണൂര്‍ ഡെപ്യൂട്ടി കമീഷണര്‍ക്ക് കൈമാറി. ഡെ. കമീഷണര്‍ക്കും ക്ഷമയുണ്ടായില്ല. ഒരു ദിവസംകൊണ്ട് അദ്ദേഹം ഹോട്ടലില്‍ നേരിട്ടുചെന്ന് പരിശോധിച്ച് തൃപ്തിപ്പെട്ടു. ഒക്ടോബര്‍ 25ന് അദ്ദേഹം "അപേക്ഷയോടൊപ്പം ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ല; അടുത്ത ദിവസം സമര്‍പ്പിക്കാമെന്ന് ഏറ്റിട്ടുണ്ട്" എന്ന കുറിപ്പോടെ കോഴിക്കോട്ടേക്ക് ഫയല്‍ അയക്കുന്നു. അതിനര്‍ഥം, ഈ രണ്ട് ഉദ്യോഗസ്ഥരും വിദേശ മദ്യഷാപ്പ് അനുവദിക്കുന്ന ചട്ടവും യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത അബ്കാരി നയവും നഗ്നമായി ലംഘിച്ചാണ് അപൂര്‍ണ അപേക്ഷ മുകളിലേക്കയച്ചത് എന്നാണ്.

ഹോട്ടലുടമയുടെ അടുത്ത കളിക്കളം ഡല്‍ഹിയാണ്. ഒക്ടോബര്‍ 31ന്, കേന്ദ്ര ടൂറിസംമന്ത്രാലയത്തിലെ മെമ്പര്‍ സെക്രട്ടറി ഹോട്ടലിന് നാലു നക്ഷത്രപദവി നല്‍കുന്ന ഉത്തരവില്‍ ഒപ്പുവയ്ചു. ആ സര്‍ട്ടിഫിക്കറ്റ് അന്നുതന്നെ സ്പീഡ് പോസ്റ്റില്‍ മെമ്പര്‍ സെക്രട്ടറി എലഗന്‍സ് ഹോട്ടലിന്റെ ജനറല്‍മാനേജര്‍ക്ക് അയക്കുന്നു. അതേദിവസംതന്നെ 2300 കിലോമീറ്റര്‍ താണ്ടി കണ്ണൂരേക്കും അവിടെനിന്ന് 60 കിലോമീറ്റര്‍ അകലെ ചെറുപുഴയിലെ ഹോട്ടലിലേക്കും എത്തുന്നു. പ്രത്യേക വിമാനത്തില്‍ അയച്ചാല്‍പ്പോലും സാധ്യമല്ലാത്ത മാന്ത്രികവേഗത്തില്‍ സര്‍ട്ടിഫിക്കറ്റിന് നോട്ടറിയുടെ സാക്ഷ്യത്തോടെ അതേദിവസം കണ്ണൂരിലെ എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ മേശപ്പുറത്തേക്ക് സ്ഥലംമാറ്റം. പിറ്റേന്ന് കോഴിക്കോട് ഉത്തരമേഖലാ ജോയിന്റ് കമീഷണര്‍ക്ക് ഫയല്‍ കിട്ടുന്നു. ഫയല്‍ കിട്ടിയ ഉടനെ ജോയിന്റ് എക്സൈസ് കമീഷണര്‍ ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള ശുപാര്‍ശയുമായി തിരുവനന്തപുരത്തേക്ക് അയക്കുന്നു. രണ്ടാംദിവസം എക്സൈസ് കമീഷണര്‍ അത് നികുതിവകുപ്പ് സെക്രട്ടറിക്ക് കൊടുക്കുന്നു. എക്സൈസ്മന്ത്രിയുടെ അംഗീകാരത്തോടെ നവംബര്‍ എട്ടിന് ടാക്സ് സെക്രട്ടറി ബാര്‍ ലൈസന്‍സ് അനുവദിക്കുന്നു. 22 ലക്ഷം രൂപ ഫീസ് ഒടുക്കി ഹോട്ടല്‍ അധികൃതര്‍ അന്നുതന്നെ ലൈസന്‍സ് കൈപ്പറ്റുന്നു. അതായത്, ഫോര്‍സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ഡല്‍ഹിയില്‍നിന്ന് ലഭിച്ചതിന്റെ എട്ടാംദിവസം എലഗന്‍സ് ഹോട്ടലിന് ബാര്‍ ലൈസന്‍സ്. ചട്ടവിരുദ്ധമായി സമര്‍പ്പിക്കപ്പെട്ട അപേക്ഷ അതിവേഗം ബഹുദൂരം സഞ്ചരിച്ച് ലക്ഷ്യം കാണുന്നു. ഇതാണ് സാമ്പിള്‍. ഇതേ തരത്തില്‍ ബാര്‍ലൈസന്‍സിന് അപേക്ഷിച്ച മറ്റു ചിലര്‍ "പ്രീതിക്കുപാത്രമാകാത്തതിനാല്‍" ഇപ്പോഴും കോടതികയറിയിറങ്ങുകയാണ്. നാനൂറ്റി പതിനെട്ട് ബാറിന്റെ പ്രവര്‍ത്തനം തടയാന്‍ ആധാരമാക്കിയത് മൂന്നുകൊല്ലംമുമ്പത്തെ പട്ടികയാണെന്നു പറയുന്നതുതന്നെ അഴിമതിയുടെ മികച്ച ദൃഷ്ടാന്തമാണ്. ഹോട്ടലിന് നക്ഷത്രപദവി നല്‍കുന്നത് ഇന്ത്യാ ഗവണ്‍മെന്റിന്റെ ടൂറിസംവകുപ്പാണ്. സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അഞ്ചുവര്‍ഷത്തേക്ക്. അഞ്ചുവര്‍ഷംമാത്രം വിലയുള്ള സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ മൂന്നുകൊല്ലംമുമ്പുണ്ടാക്കിയ ലിസ്റ്റുവച്ച് ഇപ്പോള്‍ തീരുമാനമെടുക്കുന്നതിന്റെ യുക്തി ബാറുടമകളുടെ പണപ്പെട്ടിയുടെ കണക്കുകൊണ്ടേ അളക്കാനാകൂ. മൂന്നുകൊല്ലത്തിനുള്ളില്‍ പഴയ ലിസ്റ്റിലെ എത്രയെണ്ണം നിലവാരം മെച്ചപ്പെടുത്തി, ലിസ്റ്റിനു പുറത്തുള്ള എത്രയെണ്ണത്തിന്റെ നിലവാരം തകര്‍ന്നു എന്ന പ്രാഥമിക പരിശോധന നടത്തിയാണ് ഈ നാടകമെങ്കില്‍ സര്‍ക്കാരിന്റെ വാദത്തിന് നേരിയ സാധൂകരണമെങ്കിലും അവകാശപ്പെടാമായിരുന്നു.

രണ്ടു ലക്ഷ്യങ്ങളാണ്, തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പത്തെ ബാര്‍നാടകത്തിനുണ്ടായത്. ആദ്യത്തേത് അബ്കാരി ഫണ്ടുതന്നെ; സംസ്ഥാനത്തെ മുഴുവന്‍ ബാറുകളെയും ബാധിക്കുന്ന പ്രശ്നത്തില്‍ മറിഞ്ഞെത്തുന്ന കോടികള്‍. രണ്ടാമത്തേത്, തെരഞ്ഞെടുപ്പുരംഗത്ത് ഒറ്റപ്പെട്ട കോണ്‍ഗ്രസിനും കെപിസിസി പ്രസിഡന്റിനും താല്‍ക്കാലികമായി "മദ്യവിരുദ്ധ പരിവേഷം" സൃഷ്ടിക്കല്‍. 418 ബാര്‍ പൂട്ടാന്‍ "ധീരമായ തീരുമാ"മെടുത്ത സുധീരന്‍ എന്ന ആഘോഷവചനങ്ങള്‍ വോട്ടെടുപ്പിനുമുമ്പ് കേട്ടിരുന്നു- ഏശിയില്ല എന്നുമാത്രം. ചുരുക്കത്തില്‍ ബാറുകളടപ്പിച്ച് രാഷ്ട്രീയക്കളിക്കിറങ്ങിയവര്‍ പുലിവാല്‍പിടിച്ചിരിക്കുന്നു. നിരുപാധികം ബാറുകള്‍ തുറക്കാന്‍ അനുമതികൊടുത്താല്‍ ഉമ്മന്‍ചാണ്ടിയോടും കെ ബാബുവിനോടുമൊപ്പം ജനങ്ങള്‍ക്കുമുന്നില്‍ നാണംകെട്ടുനില്‍ക്കുന്ന വി എം സുധീരനെ കാണാം. മറിച്ചാണ് തീരുമാനമെങ്കില്‍, പണവും പോകും; കോടതിക്കുമുന്നില്‍ തീരുമാനത്തിന്റെ നിയമസാധുത തെളിയിക്കേണ്ടിയും വരും. ഇരുപത്തയ്യായിരത്തോളം തൊഴിലാളികുടുംബങ്ങളുടെ ജീവിതംകൊണ്ടാണ് കളിക്കുന്നത് എന്നത് ആദര്‍ശ കാപട്യങ്ങള്‍ക്കോ ധനമോഹികള്‍ക്കോ വിഷയമാകുന്നില്ല എന്നതാണ് ഇതിന്റെ മറ്റൊരുവശം. എന്തായാലും "ബാര്‍വിവാദം" എക്സൈസ്വകുപ്പിലെ അഴിമതിയിലേക്കും കുഴപ്പങ്ങളിലേക്കുമുള്ള വാതിലാണ്.

*
പി എം മനോജ്

No comments: