Thursday, April 17, 2014

മോര്‍ച്ചറിയല്ല കലാലയം

വിദ്യാര്‍ഥികളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല. ഇതിനായി നടപടി കൈക്കൊള്ളുമെന്ന സത്യവാങ്മൂലം, സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് ദിവസങ്ങള്‍ക്കുമുമ്പാണ്. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ സര്‍ക്കാര്‍നിലപാടിനെതിരെ വ്യാപക വിമര്‍ശമുയര്‍ന്നു. ജനകീയവിദ്യാഭ്യാസവും മതനിരപേക്ഷ കലാലയവും ഇവിടെ നിലനില്‍ക്കുന്നതിന്റെ കാരണം വിദ്യാര്‍ഥികളുടെ രാഷ്ട്രീയ പ്രബുദ്ധതയാണ്. സാമൂഹ്യപ്രതിബദ്ധതയും പൗരബോധവുമുള്ള തലമുറയാണ് ഇത്തരം കലാലയങ്ങളിലൂടെ വളര്‍ന്നുവരുന്നത്. പഞ്ചായത്തുമുതല്‍ പാര്‍ലമെന്റുവരെയുള്ള തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നവരാണ് കലാലയവിദ്യാര്‍ഥികള്‍. രാഷ്ട്രഭരണം നിര്‍ണയിക്കാന്‍വരെ അവകാശമുള്ള വിഭാഗത്തിന്റെ ക്യാമ്പസ് സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് പരിഹാസ്യമാണ്. ഒറ്റപ്പെട്ട ഏതെങ്കിലും സംഭവത്തെ മുന്‍നിര്‍ത്തി ക്യാമ്പസ് ജനാധിപത്യമാകെ തകരാറിലാണെന്ന് വാദിക്കുന്നത് ശരിയല്ല.

കേരളത്തിലെ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും സാങ്കേതിക വിദ്യാഭ്യാസകേന്ദ്രങ്ങളിലും സംഘടനാടിസ്ഥാനത്തിലാണ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്വാശ്രയകോളേജുകളില്‍ ചിലതിലെങ്കിലും ഇപ്രകാരം നടക്കുന്നു. യുവജനോത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള അതിവിപുലമായ സാംസ്കാരിക സംരംഭങ്ങളുടെ സംഘാടനം ഇത്തരം ജനാധിപത്യവേദികള്‍ക്കാണ്. അധ്യയനവര്‍ഷത്തിലെ കല- സാംസ്കാരിക- കായിക പരിപാടികളുടെയെല്ലാം മേല്‍നോട്ടം ഇവയ്ക്കുതന്നെ. ആകയാല്‍ സംഘടനാപ്രവര്‍ത്തനത്തെ നിയന്തിക്കാനുള്ള നീക്കം ലക്ഷക്കണക്കിനു വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണ്. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടക്കാരുടെയും മതമാനേജ്മെന്റുകളില്‍ ചിലരുടെയും ആഗ്രഹംമാത്രമാണ് പുതിയ നീക്കത്തിനുപിന്നില്‍. എസ്എഫ്ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥിസംഘടനകളെല്ലാം ഇതിനെ ശക്തിയായി എതിര്‍ത്തുകഴിഞ്ഞു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെമുതല്‍ വിദ്യാഭ്യാസ മാഫിയകള്‍ക്കെതിരെവരെ വിദ്യാര്‍ഥികള്‍ ഐതിഹാസികമായ പ്രക്ഷോഭം നടത്തി. മഹാത്മാഗാന്ധിയെപ്പോലുള്ളവര്‍ സ്വാതന്ത്ര്യസമരത്തില്‍ അണിചേരാന്‍ വിദ്യാര്‍ഥികളെ ആഹ്വാനംചെയ്തു. വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. ഒരുകാലത്ത് വിദ്യാര്‍ഥിപ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവര്‍ പില്‍ക്കാലത്ത് സാംസ്കാരികനായകരായും കലാപ്രതിഭകളായും ജനപ്രതിനിധികളായും മികവുറ്റ പ്രൊഫഷണലുകളായും ഉയര്‍ന്ന സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരായും പ്രശസ്തിനേടി. മികച്ച ന്യായാധിപന്മാരായി പേരെടുത്തവര്‍വരെ ഇതിലുണ്ട്.

വിദ്യാര്‍ഥികളാണ് സാമൂഹ്യ അനീതികളെ എക്കാലത്തും ചോദ്യംചെയ്തത്. ഭീമമായ ഫീസ്വര്‍ധനയും മെറിറ്റ് അട്ടിമറിയും സംവരണനിഷേധവും വിദ്യാഭ്യാസത്തെ കലുഷമാക്കിയപ്പോഴെല്ലാം പ്രതികരിച്ചത് വിദ്യാര്‍ഥിപ്രസ്ഥാനങ്ങളാണ്. അതിന്റെ നേട്ടങ്ങള്‍ വിദ്യാര്‍ഥിസമൂഹത്തിനാകെ ലഭിച്ചു. സ്കൂള്‍വിദ്യാഭ്യാസത്തിന്റെ നവീകരണംമുതല്‍ ഗവേഷണമേഖലയിലെ പ്രശ്നങ്ങള്‍വരെ ഏറ്റെടുത്തു. സ്കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍- ഇവയുടെ വര്‍ധനയും യാത്രാകണ്‍സഷന്‍, മറ്റു വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍- ഇവയെല്ലാം വിദ്യാര്‍ഥിസമരത്തിന്റെ ഫലമാണ്. സ്വാശ്രയ കോളേജുകളില്‍ ശേഷിക്കുന്ന മെറിറ്റ് സീറ്റുകളും നിയന്ത്രിത ഫീസ്ഘടനയും വിദ്യാര്‍ഥിസമരത്തിന്റെ വിജയമാണ്. സാധാരണക്കാര്‍ പഠിക്കാനെത്തുന്ന നൂറുകണക്കിനു പൊതുവിദ്യാലയങ്ങള്‍ ഇപ്പോഴും അടച്ചുപൂട്ടാത്തത് വിദ്യാര്‍ഥികളുടെ മുദ്രാവാക്യത്തിന്റെ കരുത്തിലാണ്. സിലബസ് പരിഷ്കരണത്തിനായും ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയര്‍ത്താനും സര്‍വകലാശാലാ സമിതികളില്‍ നിരന്തരം ശബ്ദിക്കുന്നത് വിദ്യാര്‍ഥികളാണ്.

2006ല്‍ സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം രൂപീകരിക്കപ്പെട്ട ജെ എം ലിങ്ദോ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥി യൂണിയനുകളുടെ പ്രസക്തി ചൂണ്ടിക്കാട്ടുന്നു. ക്യാമ്പസിലെ സംഘടനകളെ വിലക്കുന്ന നടപടിക്ക് ഒരു നിയമസാധുതയുമില്ല. ഭരണഘടനാലംഘനമാണിത്. ഭരണഘടനയുടെ അനുഛേദം പത്തൊമ്പത് പ്രകാരം ഇന്ത്യന്‍ പൗരന് നല്‍കപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യത്തിനായുള്ള അവകാശത്തെ ഹനിക്കലാണിത്. ഏതൊരു ഇന്ത്യന്‍ പൗരനും അഭിപ്രായപ്രകടനത്തിനുള്ള അവകാശം ഭരണഘടനാപരമാണ്. നിരായുധരായും സമാധാനപരമായും സംഘടിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിദ്യാര്‍ഥിസംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ക്യാമ്പയിനുകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍- ഇവയെല്ലാം ഈ അവകാശത്തിന്റെ ഭാഗംതന്നെ. ഏതൊരു പൗരനും സംഘടനകള്‍ രൂപീകരിക്കാനും അതില്‍ അംഗമാകാനുമുള്ള അവകാശവും ഭരണഘടനാപരമാണ്. ഏതോ ഒരു കോളേജില്‍ നടന്ന അനിഷ്ടസംഭവത്തിന്റെപേരില്‍ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ മൗലികാവകാശം നിഷേധിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസ-ഇതര മേഖലകളിലെ സര്‍ക്കാര്‍നയങ്ങളെല്ലാം അരാഷ്ട്രീയമായ ചര്‍ച്ചകളുടെയും അജന്‍ഡയുടെയും ഭാഗമാണ്. ആകയാല്‍ അതിന്റെ ഫലം അനുഭവിക്കുന്നവരോട് നിശബ്ദത പാലിക്കാന്‍ പറയുന്നത് ശരിയല്ല. അമുല്‍ബേബിമാരെയും അടിമകളെയും സൃഷ്ടിക്കലാണ് ഇതിനുപിന്നില്‍. അരാഷ്ട്രീയ കലാലയങ്ങള്‍ മനോഹരമാണെന്ന കുപ്രചാരണം ചിലര്‍ അഴിച്ചുവിടുന്നുണ്ട്. അവിടെയാണ് ഉന്നതഗുണനിലവാരമുള്ളതെന്ന വാദം അസംബന്ധമാണ്.

റാഗിങ്, ഗുണ്ട, മയക്കുമരുന്ന്, വാണിഭസംഘങ്ങള്‍ക്ക് എളുപ്പം കയറിപ്പറ്റാന്‍ കഴിയുന്നത് ഇവിടങ്ങളിലാണ്. ക്രിമിനല്‍സംഘങ്ങളായും ഗ്യാങ്ങുകളായും ഇവ മാറുന്നതിന്റെ തിക്തഫലം കുറച്ചൊക്കെ മലയാളിക്കും അറിയാം. ഇവിടങ്ങളില്‍ ഇന്റേണല്‍ അസസ്മെന്റ് പീഡനസാധ്യതയും വലുതാണ്. ഒളിക്യാമറ പ്രയോഗങ്ങള്‍പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ ചില പ്രൊഫഷണല്‍ മെഡിക്കല്‍കോളേജുകളില്‍ തീവ്ര മത-ജാതിശക്തികള്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളിലെയും ഉത്തരേന്ത്യയിലെയും അരാഷ്ട്രീയ ക്യാമ്പസുകളില്‍ നടക്കുന്ന അരാചകപ്രവണതകള്‍ ആരെയും ഞെട്ടിക്കുന്നതാണ്. തൂത്തുക്കുടിയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പലിനെ മാസങ്ങള്‍ക്കുമുമ്പ് വെട്ടിക്കൊന്നത് അവിടത്തെ വിദ്യാര്‍ഥികളാണ്. ഈറോഡിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥി കണ്ണൂരിലെ ദീപക്കിനെ വാഹനമിടിച്ച് കൊന്നത് സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ് പരാക്രമമാണ്. ബംഗളൂരുവിലെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥി തൃശൂര്‍ സ്വദേശി അഹാബ് ക്രൂരമായി കൊല്ലപ്പെട്ടു. വയനാട് സ്വദേശി മുഹമ്മദ് റാഫിയുടെ ചെവിയില്‍ തിളച്ച വെള്ളമൊഴിച്ചശേഷം മര്‍ദിച്ച് അവശനാക്കി. ഇതിനെല്ലാം പിന്നില്‍ അരാഷ്ട്രീയ ക്യാമ്പസിലെ ക്രിമിനല്‍ സംഘങ്ങള്‍തന്നെ. പണച്ചാക്കുകളായ രക്ഷിതാക്കളുടെ ഇടപെടലുകള്‍കൊണ്ട് അപരാധികള്‍ സുഖമായിരിക്കുന്നു. രാഷ്ട്രീയബോധമുള്ള വിദ്യാര്‍ഥികളല്ല ഇവിടെ പ്രതികളിലൊരാളും.

മനുഷ്യന്റെ വിമോചനം സാധ്യമാകുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്നും സംവാദമാണ് അതിനുള്ള മാര്‍ഗമെന്നും ലോകപ്രശസ്ത വിദ്യാഭ്യാസ വിചക്ഷണന്‍ പൗലോഫ്രയര്‍ പറയുന്നു. എല്ലാത്തരം ഭൃത്യതകളില്‍നിന്നുമുള്ള മോചനമാണ് വിദ്യാഭ്യാസമെന്ന് ഗാന്ധിജി. വിദ്യകൊണ്ട് പ്രബുദ്ധനാകാനും സംഘടനകൊണ്ട് ശക്തരാകാനും പ്രേരിപ്പിച്ചത് ഗുരുവാണ്.

ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാലും അന്തസ്സുള്ള ഏത് തൊഴിലെടുക്കുമ്പോഴും ജനാധിപത്യവാദിയാകാന്‍ ഒരുവന്‍ പഠിക്കുന്നത് ക്യാമ്പസില്‍നിന്നാണ്. മതനിരപേക്ഷ മാനവികമൂല്യങ്ങളുടെ വിത്തുമുളയ്ക്കുന്നത് അവിടെവച്ചാണ്. ഏതു ചോദ്യത്തിനും ഉത്തരമെഴുതുകമാത്രമല്ല, ചില ഉത്തരങ്ങളെ ചോദ്യംചെയ്യലാണ് തന്റെ കടമയെന്നും വിദ്യാര്‍ഥി തിരിച്ചറിയുന്നു. അക്കാരണത്താല്‍ കലാലയത്തെ മോര്‍ച്ചറിയുടെ നിശബ്ദതയിലേക്ക് വലിച്ചെറിയാന്‍ ആഗ്രഹിക്കുന്നവരോട് ശക്തിയായി കലഹിക്കേണ്ടിവരുന്നു. വിദ്യാര്‍ഥിരാഷ്രീയത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിന് വിഘാതം ഉണ്ടാകുകയാണെങ്കില്‍ വിദ്യാര്‍ഥികളുടെ യോജിച്ച പോരാട്ടമാണ് അഭികാമ്യം.

*
ഷിജൂഖാന്‍ (എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

No comments: