Friday, April 25, 2014

തെലങ്കാന സംസ്ഥാന രൂപീകരണവും ഇടതുപക്ഷത്തിന്റെ കടമകളും

2014 ജൂണ്‍ രണ്ടോടുകൂടി തെലുങ്കു സംസാരിക്കുന്ന ജനങ്ങളുള്ള രണ്ട് സംസ്ഥാനങ്ങളുണ്ടാകും. ശക്തമായ സമരത്തെതുടര്‍ന്ന് ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട രാജ്യത്തെ ആദ്യ സംസ്ഥാനമായിരുന്നു ആന്ധ്രാപ്രദേശ്. ഇപ്പോള്‍, ഇന്ത്യന്‍ യൂണിയനിലെ 29-ാമത് സംസ്ഥാനമായി പ്രത്യേക തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണത്തോടുകൂടി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കംകുറിക്കുകയാണ്. ഈ രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലും ഇവയ്ക്കോരോന്നിനും ഉള്ളിലും പുതിയ സംഘര്‍ഷങ്ങളും വൈരുദ്ധ്യങ്ങളും ഉയര്‍ന്നുവരാനുള്ള വ്യക്തമായ സാധ്യതകളുമുണ്ട്. ഈ പശ്ചാത്തലത്തില്‍ ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ക്ഷേമം, പ്രശ്നങ്ങള്‍, നയങ്ങള്‍ എന്നിവയെക്കുറിച്ച് തീരുമാനിക്കേണ്ടതും പ്രക്ഷോഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതും അവിടത്തെ ജനങ്ങളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും ഉത്തരവാദിത്വമാണ്. പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിച്ചാല്‍ മാത്രമേ തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടൂ എന്ന ആശയം തെലങ്കാന പ്രദേശത്തെ വലിയ വിഭാഗം ജനങ്ങളുടെ മനസ്സില്‍ ആഴത്തില്‍ വേരൂന്നിയതാണ്. തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) ഈ അവസരത്തെ പ്രയോജനപ്പെടുത്തി. സിപിഐ എം ഒഴികെ മറ്റ് ഇടതുപക്ഷ പാര്‍ടികള്‍ ഉള്‍പ്പെടെ മറ്റു മിക്ക പാര്‍ടികളും ഈ ആവശ്യത്തിന് പിന്തുണ നല്‍കുകയായിരുന്നു. എന്നാല്‍ തെലങ്കാന മേഖലയിലെ ജനങ്ങളുമായി ഒരു ഏറ്റുമുട്ടലിന് പോകാതെതന്നെ അവരോട് സ്വന്തം നിലപാട് വിശദീകരിക്കുകയെന്ന നയമാണ് സിപിഐ എം സ്വീകരിച്ചത്.

തെലങ്കാന മേഖലയില്‍ പാര്‍ടിയും ബഹുജന സംഘടനകളും ബുദ്ധിമുട്ടുകളെയെല്ലാം ഉയര്‍ന്ന രാഷ്ട്രീയബോധത്തോടെ ധീരമായി നേരിട്ടു; ചില പ്രദേശങ്ങളില്‍ കടുത്ത അടിച്ചമര്‍ത്തലുകളും ഒറ്റപ്പെടുത്തലുകളും നേരിട്ടുകൊണ്ടുതന്നെ തങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തെലങ്കാനയിലെ അധ്വാനിക്കുന്ന ജനങ്ങള്‍ സിപിഐ എമ്മിന്റെയും മറ്റ് ഇടതുപക്ഷ പാര്‍ടികളുടെയും ആവശ്യകത അംഗീകരിക്കുകയുണ്ടായി. സിപിഐ എമ്മിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളിലെല്ലാം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സിപിഐ എമ്മിനെ പിന്തുണച്ചതില്‍ ഇത് പ്രകടമാണ്. സിപിഐ എം മാത്രമാണ് സംയുക്ത ആന്ധ്രാപ്രദേശിനായി ഉറച്ച നിലപാടെടുത്തത്. വിഭജനത്തോട് ചായ്വുള്ള നിലപാട് സ്വീകരിച്ച പാര്‍ടികള്‍തന്നെ ഐക്യത്തിനായുള്ള സീമാന്ധ്രയിലെ (തെലങ്കാനയെ ഒഴിവാക്കിയശേഷമുള്ള ആന്ധ്രാപ്രദേശിന് നല്‍കിയ പേര്) ജനങ്ങളുടെ വികാരത്തെ പ്രയോജനപ്പെടുത്തുന്നതിനായി അവസരവാദപരമായി പെരുമാറി. ആ മേഖലയിലെ മറ്റു പാര്‍ടികളുടെ നടപടികളുമായി സിപിഐ എം യോജിച്ചില്ല. ഐക്യത്തിന്റെ പ്രശ്നത്തെ ഒരു പ്രദേശത്തിന്റെ പ്രശ്നം എന്ന നിലയിലല്ല സിപിഐ എം കണ്ടത്. അഖിലേന്ത്യാടിസ്ഥാനത്തിലുള്ള നയപരമായ ഒരു വിഷയം എന്ന നിലയിലാണ് പാര്‍ടി ഈ പ്രശ്നത്തെ പരിഗണിച്ചത്.

രണ്ടു പ്രദേശങ്ങളിലും മറ്റു പാര്‍ടികള്‍ തികച്ചും പരസ്പരവിരുദ്ധമായ അവസരവാദ നിലപാട് സ്വീകരിച്ചുകൊണ്ട് ജനങ്ങളെ വഞ്ചിച്ചപ്പോള്‍, രണ്ടു പ്രദേശങ്ങളിലും തത്വാധിഷ്ഠിതമായ സ്വന്തം നിലപാട് ഉയര്‍ത്തിപ്പിടിച്ച് സ്വതന്ത്രമായി നില്‍ക്കുകയായിരുന്നു സിപിഐ എം. അതേസമയംതന്നെ രണ്ടു പ്രദേശങ്ങളിലും പാര്‍ടി ജനകീയ പ്രക്ഷോഭത്തിനൊപ്പം നില്‍ക്കുകയുമുണ്ടായി. താല്‍ക്കാലിക നേട്ടങ്ങളുടെ വലയില്‍പെട്ടുപോകാതെ, ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി സംയുക്ത സമരങ്ങളിലേര്‍പ്പെടേണ്ടതിന്റെ അനിവാര്യതയെ സംബന്ധിച്ച് രണ്ട് മേഖലകളിലേയും ജനങ്ങളോട് പാര്‍ടി തറപ്പിച്ചു പറഞ്ഞു. ഈ കാര്യത്തില്‍ സിപിഐ എം സീമാന്ധ്രാമേഖലയിലും അതിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചു. അവസാന നിമിഷംവരെ വേലിക്കുമുകളിലിരുന്ന ബിജെപി, സിപിഐ എമ്മിനുനേരെ വിമര്‍ശനമഴിച്ചുവിട്ടു. ബൂര്‍ഷ്വാപാര്‍ടികളുടെ അവസരവാദപരമായ ദുഷ്ടതന്ത്രങ്ങള്‍ക്ക് ഒപ്പം നില്‍ക്കാത്തതുകൊണ്ടാണ് സിപിഐ എം ആക്രമിക്കപ്പെട്ടത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും മറ്റെല്ലാ പാര്‍ടികളുടെയും വഞ്ചനാപരവും അവസരവാദപരവുമായ നിലപാടുകള്‍ തുറന്നുകാണിക്കപ്പെട്ടു. സിപിഐ എമ്മിന്റെ തത്വാധിഷ്ഠിതമായ ഉറച്ച നിലപാട് സുവ്യക്തമാക്കപ്പെടുകയുമുണ്ടായി. സംസ്ഥാനത്തെ പ്രമുഖ പാര്‍ടികളായ കോണ്‍ഗ്രസും ടിഡിപിയും ഒരേപോലെ പ്രാദേശികാടിസ്ഥാനത്തില്‍ നെടുകെ പിളര്‍ന്നു. ജനങ്ങള്‍ക്കുമേലുള്ള തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനും സീമാന്ധ്രയിലെ രാഷ്ട്രീയ താല്‍പര്യങ്ങളും ഹൈദരാബാദിലെ സമ്പത്തും സംരക്ഷിക്കുന്നതിനുമായിരുന്നു ഈ പിളര്‍പ്പ്. ഈ രണ്ട് നിലപാടുകളും തമ്മിലുള്ള (സിപിഐ എമ്മിന്റെ തത്വാധിഷ്ഠിത നിലപാടും ബൂര്‍ഷ്വാ പാര്‍ടികളുടെ അവസരവാദവും) വ്യത്യാസം ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അധ്വാനിക്കുന്ന ജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്ത്, ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട സംസ്ഥാനങ്ങള്‍ വിഭജിക്കാന്‍ പാടില്ലെന്ന തത്വാധിഷ്ഠിത നിലപാട് സിപിഐ എം കൈക്കൊണ്ടു. ഇതില്‍നിന്ന് വ്യത്യസ്തമായി, തങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനായി ജനങ്ങളുടെ വികാരങ്ങളെ ഇളക്കിവിടുകയാണ് മറ്റുപാര്‍ടികള്‍.

ഹൈദരാബാദിനെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റാനുള്ള തിരക്കിട്ട നീക്കത്തിലാണ്, ചിലര്‍. തങ്ങളുടെ നിക്ഷേപങ്ങള്‍ സംരക്ഷിക്കലാണ് അവരുടെ ലക്ഷ്യം. മറ്റുചിലരാകട്ടെ ഓഫീസുകളുടെ അന്വേഷണത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ഇവ പരസ്പരവിരുദ്ധമായ നിലപാടുകളാണ്. ഈ വിധത്തില്‍ സിപിഐ എം നിലപാടിന്റെ പൊരുളും പ്രാധാന്യവും ഇരു പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഒരേപോലെ വ്യക്തമായിരിക്കുകയാണ്. തൊഴിലാളിവര്‍ഗ കാഴ്പ്പാടിന്റെ അടിസ്ഥാനത്തില്‍ തത്വാധിഷ്ഠിത നിലപാട് കൈക്കൊള്ളുന്നതിന്റെ ഉദാഹരണമാണിത്. ജനകീയപ്രശ്നങ്ങള്‍ കഴിഞ്ഞ നാലുവര്‍ഷമായി ജനകീയ പ്രശ്നങ്ങള്‍ അവഗണിക്കപ്പെട്ടിരിക്കുകയാണ്. ജനങ്ങള്‍ക്കുമേല്‍ ഒട്ടനവധി ഭാരങ്ങള്‍ അടിച്ചേല്‍പിക്കപ്പെട്ടുകൊണ്ടിരുന്നപ്പോഴും ഒരു പ്രതിഷേധ ശബ്ദവും ഉയര്‍ത്തപ്പെട്ടില്ല. ഈ സാഹചര്യം മുതലെടുത്തുകൊണ്ട്, ഭരണാധികാരികള്‍ ജനങ്ങള്‍ക്കുമേല്‍ പിന്നെയും കൂടുതല്‍ ബാധ്യതകള്‍ അടിച്ചേല്‍പിക്കുകയാണ്. നിയമസഭയില്‍ ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ഒരു പരാമര്‍ശംപോലും ഉണ്ടാകുന്നില്ല. രണ്ടു മേഖലകളിലേയും നേതാക്കന്മാര്‍ ഒന്നുപോലെ പരസ്പരം ചെളിവാരിയെറിയുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ദിവസങ്ങളോളം നിയമസഭാ സമ്മേളനങ്ങള്‍ നടത്താനായില്ല. ഭരണം എന്ന ഒന്നുതന്നെ ഇല്ലാത്ത അവസ്ഥയായിരുന്നു. ജനങ്ങളെ അവരുടെ വിധിക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. തൊഴിലാളികള്‍, കര്‍ഷകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, കര്‍ഷകത്തൊഴിലാളികള്‍, കൈത്തൊഴിലുകാര്‍ തുടങ്ങി വ്യത്യസ്ത വര്‍ഗങ്ങളിലും വിഭാഗങ്ങളിലുംപെട്ട ജനങ്ങള്‍ നിസ്സഹായാവസ്ഥയില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യങ്ങളില്‍ സിപിഐ എമ്മാണ് അവരോടൊപ്പം നിന്നത്.

വിഭജനപ്രക്രിയ നടന്നുകൊണ്ടിരുന്നപ്പോഴും സിപിഐ എം പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. മുനിസിപ്പല്‍ തൊഴിലാളികളും അംഗന്‍വാടി ജീവനക്കാരും അധ്യാപകരും മറ്റു വിവിധ വിഭാഗം ജനങ്ങളും അതാത് വിഭാഗത്തിന്റെ സംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ തൊഴിലാളിവര്‍ഗ പാര്‍ടി എന്ന നിലയില്‍ സിപിഐ എം അവയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുകയുണ്ടായി. ഇപ്പോള്‍ തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണം തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. തെലങ്കാന മേഖലയിലെ ജനങ്ങള്‍ സന്തുഷ്ടരായിരിക്കെത്തന്നെ, മറുഭാഗത്തുള്ള ജനങ്ങള്‍ ദുഃഖിതരുമാണ്. വിഭജനം കാരണം തങ്ങള്‍ക്ക് നഷ്ടം സംഭവിച്ചുവെന്ന ചിന്ത സീമാന്ധ്രാ മേഖലയിലെ ജനങ്ങളുടെ മനസ്സില്‍ വലിയ ആഘാതമേല്‍പിക്കുകയുണ്ടായി. സംസ്ഥാന വിഭജനത്തോടുകൂടി തെലങ്കാന മേഖലയുടെ പ്രശ്നങ്ങളാകെ പരിഹരിക്കപ്പെട്ടുവെന്ന് പറയാനാവില്ല. ഒട്ടേറെ പ്രശ്നങ്ങള്‍ പ രിഹരിക്കപ്പെടാതെ അവശേഷിക്കുന്നു; പുതിയ ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യും. വിഭവങ്ങളുടെ വിതരണത്തിന്റെ കാര്യം വളരെ വലിയ വികാര പ്രകടനങ്ങള്‍ക്കിടയാക്കും. രണ്ടു മേഖലകളിലെയും രാഷ്ട്രീയ നേതാക്കാള്‍ ഒരേപോലെ തങ്ങളുടെ സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഈ വികാരങ്ങള്‍ ആളിക്കത്തിച്ചുകൊണ്ടിരിക്കുകയാണ്. വികാരങ്ങള്‍ ഇളക്കിവിടുകയെന്ന അപകടം തെലങ്കാനയും സീമാന്ധ്രയും തമ്മില്‍ മാത്രമല്ല, ഈ ഓരോ മേഖലയ്ക്കുള്ളിലും നിലനില്‍ക്കുന്നുണ്ട്. സീമാന്ധ്രയില്‍തന്നെ പുതിയ തലസ്ഥാനം എവിടെയായിരിക്കണമെന്നതിന്റെപേരില്‍ പുതിയ വിവാദത്തിന് ഇതിനകംതന്നെ തിരികൊളുത്തിക്കഴിഞ്ഞിരിക്കുന്നു.

ജനങ്ങള്‍ക്കിടയില്‍ പരസ്പരവിദ്വേഷം സൃഷ്ടിക്കപ്പെടുന്നില്ല എന്നുറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനുണ്ട്. ഇടതുപക്ഷത്തിന് പുതിയ വെല്ലുവിളികള്‍ രണ്ടു സംസ്ഥാനങ്ങള്‍ നിലവില്‍വരുന്നതോടെ ഒരു പുതിയ സാഹചര്യം സൃഷ്ടിക്കപ്പെടുകയാണ്. രാഷ്ട്രീയ സമവാക്യങ്ങളിലെ മാറ്റത്തോടെ ഇടതുപക്ഷപ്രസ്ഥാനം പുതിയ വെല്ലുവിളികള്‍ നേരിടാന്‍പോവുകയാണ്. തെലങ്കാനയില്‍ തങ്ങള്‍ക്കനുകൂലമായി സൃഷ്ടിക്കപ്പെട്ട അന്തരീക്ഷം മുതലെടുത്തുകൊണ്ട് ശക്തിയാര്‍ജിക്കാന്‍ ബിജെപിയും മറ്റു മൗലികവാദ ശക്തികളും ശ്രമിക്കുകയാണ്. തങ്ങള്‍ മാത്രമാണ് ഏക ബദല്‍ എന്ന് സ്വയം ഉയര്‍ത്തിക്കാണിക്കുകയായിരിക്കണം സംഘപരിവാറിന്റെ തന്ത്രം. ഈ സാഹചര്യത്തെ സ്വന്തം നേട്ടത്തിനായി മാറ്റിയെടുക്കുന്നതിനാണ് ബിജെപി നോക്കുന്നത്. സ്വയം ശക്തിയാര്‍ജിക്കുന്നതിന് വര്‍ഗീയ നയപരിപാടികള്‍ക്കുപുറമെ ബിജെപി പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണയാര്‍ജിക്കാന്‍ മോഡിയുടെപേരും ഉപയോഗിക്കുകയാണ്. ഈ വിഭാഗങ്ങള്‍ക്കിടയിലുള്ള തങ്ങളുടെ അടിത്തറ ദുര്‍ബലമാകാതിരിക്കാനാണ് ടിഡിപി, ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയത്. ഇപ്പോള്‍ താല്‍ക്കാലികമായ ചില തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ അതുമൂലമുണ്ടാകാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടിഡിപിയെ സംബന്ധിച്ചിടത്തോളം അത് മരണമണി മുഴക്കമായിരിക്കും എന്നുറപ്പാണ്. തെലങ്കാനയില്‍ ബിജെപി ഉയര്‍ത്തുന്ന ഭീഷണി ചൂണ്ടിക്കാണിച്ചുകൊണ്ട് മുസ്ലീം മൗലികവാദ സംഘടനകളും ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. നൈസാം ഭരിച്ചിരുന്ന ഹൈദരാബാദ് സ്റ്റേറ്റിന്റെ തുടര്‍ച്ചയാണ് തെലങ്കാന എന്ന ശക്തമായ പ്രചാരണവും ചില മുസ്ലീം നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്. ഈ രണ്ട് അപകടങ്ങളെയും അല്‍പവും കുറച്ചുകാണാനാവില്ല.

പുരോഗമനവാദികളായ ചില വ്യക്തികളും സംഘടനകളും സാമാജിക തെലങ്കാനയെക്കുറിച്ച് (സാമൂഹ്യനീതിയുള്ള തെലങ്കാന) സംസാരിക്കുന്നുണ്ട്. തെലങ്കാനയിലെ തൊഴില്‍രഹിതരായ യുവാക്കളാകട്ടെ തങ്ങള്‍ക്ക് ഉടന്‍ ജോലികിട്ടുമെന്ന വ്യാമോഹത്തിലുമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്, ഇന്ത്യന്‍ സമ്പദ്ഘടന തളര്‍ച്ചയിലായിരിക്കെ, ആസന്നമായ ദിനങ്ങളില്‍തന്നെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നില്ലെങ്കില്‍ അതുമൂലമുണ്ടാകുന്ന അസംതൃപ്തി എന്തെല്ലാം പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് സങ്കല്‍പിക്കാന്‍ പ്രയാസമില്ല. ഇടതുപക്ഷ പാര്‍ടികള്‍ ശക്തിപ്പെടുന്നതിലൂടെ മാത്രമേ ഇത്തരം വെല്ലുവിളികളെ നേരിടാനാകു എന്ന് പുരോഗമന ശക്തികള്‍ മനസ്സിലാക്കണം.

അതേപോലെതന്നെ, സീമാന്ധ്രയില്‍ പുതിയ ജാതി സമവാക്യങ്ങള്‍ നിലവില്‍ വരികയാണ്. മുന്നോക്ക ജാതിക്കാരിലെ മേധാവിത്വം വഹിക്കുന്ന വര്‍ഗങ്ങള്‍ തങ്ങളുടെ സ്വാധീനം സംരക്ഷിക്കുന്നതിനായി പല പാര്‍ടികളുടെയും പിന്നില്‍ അണിനിരക്കുകയാണ്. ചില പാര്‍ടികളാകട്ടെ തങ്ങളുടെ സ്വാധീനം സംരക്ഷിക്കാനായി ജാതിസമവാക്യങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. ഇതിനകംതന്നെ ദേശീയ സമ്പദ്ഘടനയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ളള സീമാന്ധ്രയിലെ ഒരു ചെറിയ വിഭാഗം മുതലാളിമാര്‍ തങ്ങളുടെ മൂലധനത്തിന് കൂടുതല്‍ വ്യാപനമുണ്ടാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്. അവര്‍ ഈ മേഖലയില്‍ ഒരു മൂലധന നിക്ഷേപവും നടത്തിയിട്ടുമില്ല. നേരെമറിച്ച് അവര്‍ ഈ മേഖലയില്‍നിന്ന് മൂലധന സമാഹരണം നടത്തുകയും രാജ്യത്ത് മറ്റിടങ്ങളിലും മറുനാട്ടിലുമായി നിക്ഷേപിക്കുകയുമാണ്. തങ്ങള്‍ നേരിടുന്ന ധനപ്രതിസന്ധി മറികടക്കുന്നതിന് കേന്ദ്രം പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഉപയോഗിക്കുകയാണ് അവരുടെ ലക്ഷ്യം. നേതാക്കന്മാര്‍ ഒരു പാര്‍ടിയില്‍നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കുകയാണ്. ആര് ഏതു പാര്‍ടിയിലായിരിക്കും എന്നതിന് ഒരു വ്യക്തതയുമില്ല. സീമാന്ധ്രയില്‍ കോണ്‍ഗ്രസ് ഏറെക്കുറെ തുടച്ചുനീക്കപ്പെട്ടുവെന്നാണ് പല സര്‍വെകളും സൂചിപ്പിക്കുന്നത്. തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിന് പല പാര്‍ടികളും ദളിതരെയും ഗിരിവര്‍ഗക്കാരെയും ദുര്‍ബല വിഭാഗങ്ങളെയുംപോലും ഭിന്നിപ്പിക്കുകയാണ്. ബഹുജനപ്രസ്ഥാനങ്ങളുടെ പുരോഗതിക്ക് ഒരു തടസ്സമായി മാറുകയാണ്. സംസ്ഥാനത്തെ സാമൂഹിക സ്വത്വ പ്രസ്ഥാനങ്ങള്‍ മേധാവിത്വം വഹിക്കുന്ന ജാതികളും വര്‍ഗങ്ങളും നയിക്കുന്ന പ്രാദേശിക പ്രസ്ഥാനങ്ങളുമായി കൂട്ടുചേരുകയാണ്; അങ്ങനെ മേല്‍ജാതിക്കാരുടെ മേധാവിത്വത്തെ സഹായിക്കുകയാണ്. അവര്‍ക്കിടയിലെ ജനാധിപത്യശക്തികള്‍ ദുര്‍ബലമായിവരുന്നു. സര്‍ക്കാരിന്റെയും ഭരണകക്ഷികളുടെയും സഹായത്തോടെ വളരാന്‍ ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍ ശക്തിപ്പെടുകയാണ്. സാമൂഹിക പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഒരു പ്രശ്നമാണിത്. ഇത്തരമൊരു ദശാസന്ധിയില്‍ സാമൂഹിക പ്രസ്ഥാനങ്ങള്‍ ആരോടൊപ്പം ചേരും? ഭരണവര്‍ഗത്തോടൊപ്പമോ ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്കൊപ്പമോ?
സര്‍ക്കാരിന്റെ സഹായമില്ലാതെ യാതൊരു പുരോഗതിയും കൈവരിക്കാനാവില്ലെന്നാണ് ചില ആളുകള്‍ വിശ്വസിക്കുന്നത്. ഈ തരത്തിലുള്ള ചിന്താഗതി സാമൂഹിക പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനാണ് പോകുന്നത്. സ്വത്വപ്രസ്ഥാനങ്ങള്‍ ഇടതുപാര്‍ടികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണെങ്കില്‍ തെലങ്കാനാമേഖലയിലേയും സീമാന്ധ്രമേഖലയിലെയും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഒരേപോലെ കരുത്താര്‍ജിക്കും. പ്രത്യേക തെലങ്കാനയുടെ രൂപീകരണത്തിനര്‍ഥം പിന്നോക്ക മേഖലകളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്നല്ല. രണ്ടു സംസ്ഥാനങ്ങളിലും പിന്നോക്ക പ്രദേശങ്ങളുണ്ട്. ആസന്നമായ ദിനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ ഏത് ഭരണവര്‍ഗപാര്‍ടി വിജയിച്ചാലും ഈ അസമത്വങ്ങള്‍ വളരുകമാത്രമേയുള്ളൂ; അത് അല്‍പവും കുറയാനിടയില്ല. ഒന്നായിരുന്ന സംസ്ഥാനത്തിന്റെ അസമമായ വികസനത്തിന് കാരണമായ അതേ നവലിബറല്‍ നയങ്ങളാണ് അവയെല്ലാം പിന്തുടരുന്നത്. ഇതിനുപുറമെയാണ് സാമൂഹികമായ അസമത്വങ്ങള്‍. എല്ലാതരത്തിലുമുള്ള അസമത്വങ്ങള്‍ക്കുമെതിരെ സമരങ്ങള്‍ തുടരുകയാണ് ഇടതുപക്ഷപാര്‍ടികള്‍ക്കു മുമ്പിലുള്ള അടിയന്തിര കടമ. അവ സാമൂഹികവും സാമ്പത്തികവുമായ സമരങ്ങളുമായി ഒരേ സമയം മുന്നോട്ടുപോകണം; വര്‍ഗസമരം ശക്തിപ്പെടുത്തണം. തെലങ്കാന പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷപാര്‍ടികള്‍ക്കിടയില്‍ ഭിന്നതകള്‍ ഉടലെടുത്തു. ഇപ്പോള്‍ പ്രത്യേക സംസ്ഥാനത്തിന്റെ രൂപീകരണം നടന്നതോടെ ഇനി ഈ ഭിന്നതകള്‍ക്ക് പൂര്‍ണവിരാമമിടണം. തെലങ്കാനയിലെ സായുധ കര്‍ഷക സമരത്തിന്റെയും സീമാന്ധ്രയിലെ സാമ്രാജ്യത്വ വിരുദ്ധ, സെമിന്ദാരി വിരുദ്ധ സമരങ്ങളുടെയും പിന്‍മുറക്കാരായ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിനു മാത്രമേ ഈ മേഖലകളുടെ സമഗ്ര വികസനത്തിനായുള്ള സമരത്തിനോട് ഉറച്ച പ്രതിബദ്ധതയുണ്ടാകു. ഇതിനാവശ്യമായ തന്ത്രം കമ്യൂണിസ്റ്റുപാര്‍ടിക്കേ ഉണ്ടാകൂ. ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയുള്ള പാര്‍ടികളും ഇവയാണ്. ആ പൈതൃകം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. കൂട്ടായ സമരങ്ങളിലൂടെ മാത്രമേ ഇടതുപാര്‍ടികള്‍ക്ക് ഈ രണ്ട് സംസ്ഥാനങ്ങളിലും മുന്നേറാനാകു. വര്‍ഗീയ-ശിഥിലീകരണശക്തികള്‍ ശക്തിപ്പെടുന്നത് തടയുന്നതിനും ഇതാവശ്യമാണ്.

ഇടതു ജനാധിപത്യശക്തികളും വിവിധ വിഭാഗങ്ങളുടെ സാമൂഹിക പ്രസ്ഥാനങ്ങളും ഒരേ വേദിയില്‍ അണിനിരക്കേണ്ടത് ഇന്നത്തെ ചരിത്രപരമായ ഒരാവശ്യമായി മാറിയിരിക്കുന്നു. ദീര്‍ഘകാല താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലും ഇത് അനിവാര്യമാണ്. രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ഐക്യവും അവരുടെ ഭാവിയും ഉറപ്പാക്കാന്‍ അങ്ങനെ മാത്രമേ കഴിയൂ. ആയതിനാല്‍, രണ്ടു സംസ്ഥാനങ്ങളിലും ശക്തമായ ജനാധിപത്യ പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്ന ഉത്തരവാദിത്വം ഇടതുപക്ഷ ശക്തികളിലും പാര്‍ടികളിലും നിക്ഷിപ്തമാണ്.

*
വി ശ്രീനിവാസറാവു

No comments: