Monday, April 7, 2014

ഉഗ്ര ദുര്‍ഗന്ധവാഹകര്‍

വോട്ടെടുപ്പിനുള്ള കാത്തിരിപ്പ് ദിവസങ്ങളില്‍നിന്ന് മണിക്കൂറുകളിലേക്ക് ചുരുങ്ങുമ്പോള്‍ അപവാദപ്രചാരണത്തിന്റെയും അവിഹിത സ്വാധീനത്തിന്റെയും ആയുധങ്ങള്‍ വലതുപക്ഷം പുറത്തെടുക്കുകയാണ്. കേരളത്തിലെ യുഡിഎഫ് പ്രതിരോധത്തിലായതും ജനങ്ങളില്‍നിന്നകന്നതും സ്വയംകൃതാനര്‍ഥംകൊണ്ടാണ്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്നത് അമ്പരപ്പിക്കുന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ആ സര്‍ക്കാര്‍ നിരന്തരം ഏര്‍പ്പെടുന്നതും അത് നീതിപീഠത്തിനുമുന്നില്‍പോലും അനാവൃതമാകുന്നതുംകൊണ്ടാണ്. തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കുമാത്രമായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അതല്ല എല്ലാവര്‍ക്കുമാണെന്ന് കെപിസിസി പ്രസിഡന്റും ആവര്‍ത്തിച്ചു പറയുന്നത്, വലിയ തോല്‍വിതന്നെ അവര്‍ പ്രതീക്ഷിക്കുന്നതുകൊണ്ടാണ്. പ്രചാരണഘട്ടത്തിലുടനീളം, സ്വയം ന്യായീകരിക്കാനാണ് യുഡിഎഫിന് സമയംകണ്ടെത്തേണ്ടിവന്നത്. അവസാന നിമിഷത്തിലും അവര്‍ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രശ്നങ്ങളിലല്ല, ഇടതുപക്ഷത്തിനെതിരായ അപവാദപ്രചാരണത്തിലാണ് ഊന്നുന്നത്. അതുകൊണ്ടാണ്, കോടതിയില്‍ എന്നോ സമര്‍പ്പിക്കപ്പെട്ട രേഖകളില്‍നിന്ന് ഒരെണ്ണം വലിയ കണ്ടുപിടിത്തമെന്നമട്ടില്‍ അവതരിപ്പിച്ച് അതില്‍നിന്ന് ഒരു നമ്പര്‍ പൊക്കിയെടുത്ത്, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെടാനുള്ള അധമനിലവാരത്തിലേക്ക് അവര്‍ എത്തിയത്.

നേര്‍ക്കുനേര്‍ യുദ്ധം അസാധ്യമാകുമ്പോള്‍ മാന്താനും പിച്ചാനും കൊഞ്ഞനംകുത്താനും ചിലര്‍ തയ്യാറാകും. മുല്ലപ്പള്ളി രാമചന്ദ്രന് നേരിട്ട് അതിനുപോലും ശേഷിയില്ല. അതുകൊണ്ട് കൊഞ്ഞനം കുത്തിന്റെ ക്വട്ടേഷന്‍ ആര്‍എംപിക്ക് കൊടുത്തിരിക്കുന്നു. അല്ലെങ്കിലും ആര്‍എംപി എന്ന "ഠ"വട്ട ആള്‍ക്കൂട്ടം യുഡിഎഫിന്റെ കൂലിത്തല്ലുകാരാണ്. അവശേഷിക്കുന്ന ഏക ദൗത്യം കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ആജ്ഞാനുവര്‍ത്തികളും പാദസേവകരുമായി നാളുനീക്കല്‍ മാത്രം. നൈരാശ്യത്തിന്റെ പടുകുഴിയിലായ അത്തരക്കാര്‍ക്ക് എന്തും വിളിച്ചുപറയാനും ചെയ്യാനും തോന്നും. വടകര മണ്ഡലത്തില്‍ എതിരാളിയെ ബഹുകാതം പിന്നിലാക്കിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീര്‍ മുന്നേറുന്നത്. അനിതരസാധാരണമായ സ്വീകാര്യതയാണ് അവിടെ ഷംസീറിന്. വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ രംഗത്തിറങ്ങുന്നു. തെറ്റിദ്ധാരണയില്‍പെട്ട് പൊതുരംഗത്തുനിന്ന് മാറിനിന്നവരുള്‍പ്പെടെ വിവിധ വിഭാഗം ജനങ്ങള്‍ വലിയ ആവേശത്തോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായിരിക്കുന്നു. അഞ്ചുകൊല്ലംമുമ്പ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ തട്ടിയെടുത്തത് തിരിച്ചുപിടിച്ച് യഥാര്‍ഥ ജനപ്രതിനിധിയെ സന്തോഷപൂര്‍വം തെരഞ്ഞെടുക്കാനുള്ള വടകര മണ്ഡലത്തിലെ ജനങ്ങളുടെ തീരുമാനത്തിന്റെ പ്രതീകമായി ഷംസീര്‍ ഉയര്‍ന്നിരിക്കുന്നു.

ഈ യാഥാര്‍ഥ്യം ദഹിക്കാത്തതാണ് ആര്‍എംപിയുടെ പ്രശ്നം; വലതുപക്ഷ മാധ്യമങ്ങളുടെ പ്രശ്നം. വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ഏതുവിധേനയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്താന്‍ അവര്‍ ഗൂഢാലോചന നടത്തിയത് അതുമൂലമാണ്. പലപല മാര്‍ഗങ്ങള്‍ ആരാഞ്ഞു. ഷംസീറിന്റെ ശബ്ദം അനുകരിച്ച് വ്യാജസംഭാഷണമുണ്ടാക്കി ചാനലുകളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചു. വര്‍ഗീയച്ചുവയുള്ള പ്രചാരണം നടത്തി. ഒന്നും ഏശാതെ വന്നപ്പോഴാണ്, മാസങ്ങളായി പൊതുരേഖയായി ജനങ്ങള്‍ക്ക് മുന്നിലുള്ള ഒരു ഫോണ്‍ കോള്‍ ലിസ്റ്റുകളിലെ ആയിരക്കണക്കിന് നമ്പരുകളില്‍നിന്ന് ഷംസീറിന്റെ നമ്പര്‍ തപ്പിയെടുത്ത് മഹാകാര്യമായി അവതരിപ്പിച്ചത്. യുഡിഎഫ് സ്പോണ്‍സര്‍ ചെയ്ത ആര്‍എംപിയുടെ ഈ അധമനാടകം അപ്പോള്‍ത്തന്നെചീറ്റി. നിങ്ങള്‍ എന്തുകൊണ്ട് ഇത്രയുംകാലം ഇത് പറഞ്ഞില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. ആ കോള്‍ലിസ്റ്റുകളില്‍ കോണ്‍ഗ്രസിന്റെയും ആര്‍എംപി നേതാക്കളുടെയും നമ്പരുകളുണ്ട്. പൊലീസ് തിരിച്ചും മറിച്ചും അന്വേഷിച്ച് തീര്‍പ്പാക്കിയ കേസില്‍, ആര്‍എംപി സ്വന്തം നിലയില്‍ "അന്വേഷണം" നടത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പേര് വലിച്ചിഴച്ചത്, മുല്ലപ്പള്ളിക്കുവേണ്ടിയുള്ള കര്‍സേവയല്ലാതെ മറ്റൊന്നുമല്ല എന്ന് കേട്ടുനിന്ന മാധ്യമപ്രവര്‍ത്തകര്‍തന്നെ വിധിയെഴുതി. അതുകൊണ്ടുതന്നെ, ഒരുമാതിരി അന്തസ്സുള്ള വാര്‍ത്താ ചാനലുകളിലൊന്നും അത് ശ്രദ്ധിക്കുന്ന വാര്‍ത്തയായില്ല.

പക്ഷേ, യുഡിഎഫ് വിലാസം പത്രങ്ങള്‍ക്ക് ഏതുമാലിന്യക്കുളത്തിലും നീന്തിത്തുടിക്കാനുള്ള ചര്‍മശേഷിയുണ്ട്. മനോരമയും മാതൃഭൂമിയുമടക്കമുള്ള പത്രങ്ങള്‍ ആര്‍എംപിയുടെ പിറുപിറുക്കല്‍ കേരളത്തിലെ പ്രധാന വാര്‍ത്തയായാണ് അവതരിപ്പിച്ചത്. (ഈ പറഞ്ഞ നമ്പര്‍ കേസിലെ പ്രതിയുടേതല്ല എന്ന വെളിപ്പെടുത്തല്‍ ഏറ്റവുമൊടുവില്‍ വന്നിരിക്കുന്നു-ഇനി എന്തു പറയുമോ ആവോ.) ഇത്തരം അഭ്യാസങ്ങള്‍കൊണ്ട് വടകരയില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇതിനേക്കാള്‍ നെറികെട്ട ആക്രമണങ്ങള്‍ നേരിട്ടും അതിജീവിച്ചുമാണ് അവിടെ ഇടതുപക്ഷ ജനാധിപത്യമുന്നണി അപ്രതിരോധ്യമായ മുന്നേറ്റമുണ്ടാക്കുന്നത്. ഇനി പറയാനുള്ള നുണകളൊന്നും വലതുപക്ഷം ബാക്കിവച്ചിട്ടില്ലാത്തതുകൊണ്ട് ചെറുനുണകള്‍ നഞ്ഞ പടക്കത്തിന്റെ ഫലംപോലും ചെയ്യുകയില്ല. എ എന്‍ ഷംസീറിന്റെ ജനപിന്തുണയ്ക്കും സ്വീകാര്യതയ്ക്കും ഒരു പോറല്‍പോലുമേല്‍പ്പിക്കാന്‍ കഴിയുകയുമില്ല. അതാണ് ആര്‍എംപിയുടെയും മുല്ലപ്പള്ളിയുടെയും പൊതുപ്രശ്നം.

മുല്ലപ്പള്ളിയുടെ കുതന്ത്രങ്ങളോ ആര്‍എംപിയോ അല്ല ഇവിടെ ചര്‍ച്ചചെയ്യുന്ന വിഷയം-നമ്മുടെ മാധ്യമങ്ങളുടെ വിശ്വാസ്യതയാണ്. കെ കെ രമ വാര്‍ത്താസമ്മേളനം നടത്തിയ അതേ ദിവസം തിരുവനന്തപുരത്ത് മറ്റൊരു വാര്‍ത്താസമ്മേളനം നടന്നു. മോഹന്‍കുമാര്‍ എന്ന അഭിഭാഷകന്റേത്. അവിടെ അദ്ദേഹം ഒരു കത്ത് വിതരണംചെയ്തു. ജയിലില്‍ കഴിയുന്ന ബിജു രാധാകൃഷ്ണന്‍ കോടതിയുടെ സമ്മതത്തോടെ തന്റെ രണ്ട് അഭിഭാഷകര്‍ക്ക് നല്‍കിയ ആ കത്തില്‍ കേരള രാഷ്ട്രീയത്തിലെ ഞെട്ടിക്കുന്ന പല അണിയറക്കഥകളുമുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥികളായി മത്സരരംഗത്തുള്ള പലരും തനിക്കൊപ്പം ജയിലില്‍ കിടക്കേണ്ടവരാണ് എന്ന് അതില്‍ ബിജു രാധാകൃഷ്ണന്‍ പറയുന്നു. അയാളെ ഇപ്പോള്‍ കോടതിയില്‍ കൊണ്ടുപോകുന്നില്ല. കോടതിയോട് സത്യങ്ങള്‍ വിളിച്ചുപറയുമോ എന്ന ഭയം. പൂജപ്പുര ജയിലില്‍നിന്ന് മറ്റു പല പ്രതികളെയും നിത്യേന കോടതിയില്‍ എത്തിക്കുന്നുണ്ട്-പക്ഷേ ബിജുവിനെ കൊണ്ടുപോകാന്‍ മാത്രം "എസ്കോര്‍ട്ട്" ഇല്ലത്രെ. പറഞ്ഞുവന്നത് അക്കാര്യമല്ല-ആ കത്തിലെ ഒരു വരിപോലും വാര്‍ത്തയാക്കാന്‍ ഈ മാധ്യമങ്ങള്‍ക്ക് തോന്നിയില്ല എന്നതാണ്.

പകരം അവര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗത്തില്‍നിന്ന് ഒരു വാക്ക് ചൂഴ്ന്നെടുത്ത് വിവാദം വേവിക്കാന്‍ തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയത്തില്‍ ഒരിക്കലും പാടില്ലാത്ത നാറ്റമാണ് ആര്‍എസ്പിയുടെ കൂറുമാറ്റത്തിലും കച്ചവടത്തിലും ഉണ്ടായത്. അതിന്റെ ചുക്കാന്‍ പിടിച്ചവരെ പരമനാറികള്‍ എന്നു വിളിക്കുന്നത് ഏറ്റവും കുറഞ്ഞ വിശേഷണം മാത്രം. പരമനാറികളെ ഉഗ്ര ദുര്‍ഗന്ധവാഹകര്‍ എന്ന് വിളിക്കാനുള്ള സംസ്കൃതപാണ്ഡിത്യമുണ്ടെങ്കിലേ രാഷ്ട്രീയനേതാവാകാന്‍ പാടുള്ളൂ എന്ന ഫത്വയും ഇവര്‍ ഇറക്കിയേക്കും-തെരഞ്ഞെടുപ്പുകാലത്ത് എല്ലാറ്റിനും ഡോസ് കൂടുമല്ലോ.

*
പി എം മനോജ്

No comments: