Thursday, April 24, 2014

എന്‍പിള്ള നയം

കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്നാണല്ലോ ചൊല്ല്! പഴഞ്ചൊല്ലിലാണെങ്കില്‍ പതിനൊന്നും ഉണ്ടാവാറുമില്ലല്ലോ. അത് എന്തുതന്നെയായാലും നമ്മുടെ കോട്ടയം റബ്ബറ് അമ്മച്ചിക്ക് പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞ് സ്വന്തം പൊന്‍കുഞ്ഞ് തന്നെന്നതിന് പക്ഷാന്തരമില്ല. കുഞ്ഞൂഞ്ഞിനെ തൊട്ടുകളിക്കാന്‍ ആര് ധൈര്യം കാട്ടിയാലും, അതേത് കൊമ്പത്തെ ജഡ്ജിയായാലും "മനോരമ" അങ്ങനെയങ്ങ് വിട്ടുകളയില്ല. ആവണടത്തോളം പണി കൊടുത്തതുതന്നെ. ചിലപ്പോള്‍ പണി പാളുമെന്നേയുള്ളൂ! എന്നാലും ഉടുതുണി ഉരിഞ്ഞ് തലേല്‍കെട്ടിനിന്ന് ഉറഞ്ഞുതുള്ളാനും ലവലേശം മടിക്കില്ല. "മനോരമ" മാത്രമല്ല, കുഞ്ഞൂഞ്ഞ് സേവയ്ക്ക് ഓടിക്കൂടണത്, എല്ലാ മുഖ്യധാരന്മാരേം അതില് കാണാം. എന്നാലും നമ്മളെ കോട്ടയം റബറിന്റെ കാര്യം ഇമ്മിണി കടുപ്പം തന്നാണേയ്!

ഉല്ലാസയാത്രയിലെ ജസ്റ്റിസ്!

10-ാം തീയതി "മനോരമ"യുടെ 9-ാം പേജില്‍ ഒരു റിപ്പോര്‍ട്ട്: ""ഉല്ലാസയാത്രയില്‍ കരിമീനൊപ്പം ഹാറൂണ്‍ അല്‍ റഷീദ്"". ""ഉല്ലാസയാത്രയുടെ വീഡിയോ പുറത്തുവിട്ടത് അജ്ഞാതന്‍."" "മനോരമ" കുട്ട്യോള്‍ടെ ഉള്ളിലിരുപ്പ് ഈ സങ്കതി ഒന്നാം പേജില്‍ കലക്കണമെന്നു തന്നേരുന്നൂന്ന് വ്യക്തം. അത് പറ്റാത്തോണ്ട് പ്രത്യേക അറിയിപ്പായി, 9-ാം പേജ് സ്റ്റോറീടെ ടൈറ്റില്‍ ഒന്നാം പേജില് കണ്ണില്‍ പിടിക്കണ മട്ടില് കൊടുത്തിട്ടുണ്ട്!

9-ാം തീയതി വീഡിയോ ക്ലിപ്പിങ് സഹിതം ചാനലുകളില്‍ അലക്കി കാറ്റുപോയ ബലൂണ് പോലെ ആയതാണ് സാധനം. സ്രഷ്ടാക്കള്‍പോലും കഥയില്ലാത്തതാണ് എന്ന് സമ്മതിച്ച് പിന്മാറിയ സാധനം. എന്നാലും കുഞ്ഞൂഞ്ഞിനെതിരായി വിധിയെഴുതിയ ഹാറൂണ്‍ ജഡ്ജിക്കിട്ട് ഒരു പണികൊടുക്കതന്നേന്ന് "മനോരമേ"ടെ അന്തര്‍ഗതം. എന്താ സംഭവം? സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എളമരം കരീം വ്യവസായ മന്ത്രിയായിരിക്കെ തേക്കടി സന്ദര്‍ശിക്കാനിടയായി. ഭാര്യയുമൊത്ത് അദ്ദേഹം ബോട്ട് യാത്രക്കെത്തി. അവിടുണ്ടായിരുന്ന, അന്ന് കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും കുടുംബവും മന്ത്രിയും കുടുംബവും ഒരേ ബോട്ടില്‍ തേക്കടിയില്‍ കറങ്ങി തിരികെപ്പോന്നു. ഇത് 2008ല്‍ നടന്ന സംഭവമെന്ന് ചാനലുകളും നമ്മുടെ "മനോരമേം" സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് "അജ്ഞാതന്‍" പുറത്തുവിട്ടത്. തികച്ചും യാദൃച്ഛികമായി ജഡ്ജിയും മന്ത്രിയും കണ്ടുമുട്ടിയതും ഒരേ ബോട്ടില്‍ ഉല്ലാസയാത്ര നടത്തിയതും കാത്തിരുന്ന് സാഹസികമായി ചിത്രീകരിച്ചതിനു പിന്നിലെ കഥ അതിലെ വില്ലനോ നായകനോ അതോ രണ്ടും കൂടിയോ ആയ പി സി ജോര്‍ജെന്ന ചീഫ് വിപ്പ് തന്നെ പറയുന്നു: മന്ത്രിയും ജഡ്ജിയും ചില സ്ത്രീകളുമൊത്ത് തേക്കടിയില്‍ ബോട്ടില്‍ കാനന മധ്യേയുള്ള വനം വകുപ്പ് മന്ദിരം ലക്ഷ്യമിട്ട് നീങ്ങിയതായി ഏതോ അജ്ഞാതന്‍ ജോര്‍ജാശാനെ അറിയിച്ചത്രെ! അദ്യേം അപ്പോ തന്നെ തന്റെ സില്‍ബന്ധികളായ ചാനലുകാരേം പത്രക്കാരേം തെര്യപ്പെടുത്തി. അവരില്‍ ചിലര്‍ പാഞ്ഞെത്തി, പടമെടുത്ത് ജോര്‍ജാശാന് എത്തിച്ചുകൊടുത്തു. അദ്യേം പരിശോധിച്ചപ്പോളാണ് സങ്കതി വലിയ സ്ക്കോപ്പില്ലാത്തതാണെന്ന് പിടികിട്ടിയത്. മന്ത്രിക്കും ജഡ്ജിക്കും ഒപ്പമുണ്ടായിരുന്നത് അവരുടെ കുടുംബങ്ങള്‍ തന്നെയായിരുന്നെന്ന് അറിയാമായിരുന്ന ജോര്‍ജ് സാറ് അത് അപ്പള് പുറത്തുവിടാതെ കോള്‍ഡ് സ്റ്റോറേജിലേക്ക് മാറ്റി. അതാണ് ഇപ്പള് അജ്ഞാതന്‍ പുറത്തുവിട്ടത്. "മാതൃഭൂമി" പത്രം 10-ാം തീയതി ഈ വിഷയം അവതരിപ്പിക്കുന്നതിങ്ങനെ. ""ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും എളമരം കരീമും ഒന്നിച്ചുള്ള ഉല്ലാസ യാത്രാ ദൃശ്യം പുറത്ത്"" എന്ന ശീര്‍ഷകത്തിനുകീഴില്‍ വായിക്കൂ - ""ഒരു ബോട്ടില്‍ യാത്ര നടത്തി ഒന്നിച്ചു നടന്നുവരുന്ന ഇരുവരും വ്യത്യസ്ത കാറുകളില്‍ തിരിച്ചുപോകുന്നതായും ദൃശ്യങ്ങളിലുണ്ട്"". ഇതെന്തായാലും ഭയങ്കരന്‍ അവിഹിതം തന്നെ! ജഡ്ജിയും മന്ത്രിയും ഒരേ ബോട്ടില്‍ യാത്ര, പുറത്തിറങ്ങി രണ്ടു കാറില്‍ മടക്കം! ഭാവന കാടുകയറുന്നേ...

ഇനി ഒരു ടിപ്പണീം കൂടി "മാതൃഭൂമി" ഒരുക്കുന്നു - ""കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജഡ്ജിയായിരുന്നു ഹാറൂണ്‍ അല്‍ റഷീദ്"". ജഡ്ജിമാരുടെ നിയമനത്തെക്കുറിച്ച് "വീരഭൂമി"ക്കാര്‍ക്ക് അപാരമായ ജ്ഞാനം തന്നെ. പത്രത്തിന്റെ ജുഡീഷ്യറിയോടുള്ള ആദരവ് അതിലും കെങ്കേമം! എന്താ ഇപ്പം കാര്യം? ഒന്ന് ജഡ്ജീം സിപിഐ എം നേതാക്കളും തമ്മില്‍ ചിരപുരാതനകാലം മുതലേ ഭയങ്കരബന്ധമാണെന്ന് സ്ഥാപിക്കല്. അതിന്റൊരു ടിപ്പണിയുംകൂടി റബറ് പത്രം കൊടുത്തിട്ടുണ്ട്. നോക്കൂ. 1987ല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍, 1991ല്‍ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍, 2007 ഓഗസ്തില്‍ അഡീഷണല്‍ ജഡ്ജി, 2009ല്‍ സ്ഥിരം ജഡ്ജി. ആ കാലങ്ങള്‍ നോക്കിയേ. എല്ലാം ഇടതുഭരണകാലം. അതും "മനോരമ" കുട്ടികള്‍ പഷ്ടായിട്ടു തന്നെ പറഞ്ഞുവച്ചിട്ടുണ്ട്. "മനോരമ" മാത്രം വായിച്ച് ഏതാണ്ട് ഫിറ്റായിരിക്കണ മന്ദന്മാര്‍ കരുതിക്കോട്ടെ, ഈ ജഡ്ജിയദ്യേം തനി ഇടതന്‍തന്നേന്ന്. അതാണ് മനോരമ സ്റ്റൈല്‍. ഗവണ്‍മെന്‍റ് പ്ലീഡര്‍മാരെല്ലാം രാഷ്ട്രീയ നിയമനത്തിലൂടെ വരുന്നവരായിരിക്കണമെന്നില്ലെന്നും ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് സംസ്ഥാന സര്‍ക്കാരല്ലെന്നും അറിയാത്തവരല്ല "മനോരമ"ക്കാര്‍. അപ്പോള്‍ ജനത്തിന്റെമേല്‍ ആശയക്കുഴപ്പോണ്ടാക്കാന്‍ അറിഞ്ഞോണ്ടുള്ള ഒരു കളി! എന്നാലേ, ജഡ്ജിയുടെ പൂര്‍വാശ്രമ, കുടുംബ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് മിണ്ടാട്ടോമില്ല!

ഇനി, രണ്ടാമതൊരു സങ്കതികൂടിയുണ്ട്. ഈ സങ്കതി "അജ്ഞാതന്‍" സാറ് പുറത്തുവിടുന്നതിന് രണ്ടീസം മുന്നാലെ കൈരളി ചാനലും ദേശാഭിമാനി പത്രവും മറ്റൊരു ഫോട്ടോ പുറത്തുവിട്ടിരുന്നു - ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലേം കുപ്രസിദ്ധ കള്ളക്കടത്തുകാരന്‍ ഫയാസും കോണ്‍ഗ്രസ് വക്താവ് ഹസനും ഒന്നിച്ച് നില്‍ക്കണ പടം. അതങ്ങ് ഗള്‍ഫില്. അതും 2007ല്. അന്ന് ചെന്നിത്തല കെപിസിസിന്റെ അധ്യക്ഷന്‍. ഗള്‍ഫില് പോയത് ഫണ്ട് പിരിവിന്. അതിന് കൂട്ടുപിടിച്ചത് ഗള്‍ഫിലുള്ള കോണ്‍ഗ്രസ് സംഘടനക്കാരെ ആരേമല്ല. കള്ളക്കടത്തുകാരനെ തന്നെ. ഫോട്ടോം പൊറത്തായപ്പോള് പറയണത് ഫയാസ് അന്ന് കള്ളക്കടത്ത് തൊടങ്ങീട്ടില്ല, ഫോട്ടോം വെറുതേ എടുത്തതേയുള്ളൂ എന്നൊക്കെയാണ്. അപരിചിതനായ ഒരാളുമായി ചേര്‍ന്ന് പൊതുസ്ഥലത്തുവെച്ച് എടുത്തതല്ല ഫോട്ടോ എന്ന് വ്യക്തം. രമേശും ഫയാസും ഒരേ നാട്ടുകാരുമല്ല. രമേശുമായി പരിചയമായശേഷമായിരിക്കുമോ ചില്ലറ തരികിട മാത്രമായിരുന്ന ഫയാസ് കള്ളക്കടത്തുദാദാ ആയത്. അതാണല്ലോ ഫോട്ടോ പുറത്തുവിട്ട കൈരളി ഫയാസ് ചെന്നിത്തലേടെ പാവം പയ്യനാണെന്ന് പറഞ്ഞത്. കുഞ്ഞൂഞ്ഞിനുകൂടി ഈ പാവം പയ്യനെ കണക്ട് ചെയ്തു കൊടുത്തതും ചെന്നിത്തല തന്നെയത്രെ! കുഞ്ഞൂഞ്ഞും ഫയാസും തമ്മിലുള്ള ഇരുപ്പുവശം എങ്ങനെയെന്ന് നേരത്തെ സംസ്ഥാനം ഭരിക്കുന്ന മുഖ്യനും അന്താരാഷ്ട്ര കള്ളക്കടത്തുകാരനും അടച്ചിട്ട കാറില്‍ പെരുവഴിയില്‍ ദീര്‍ഘനേരം നടത്തിയ സംഭാഷണ വിവരം പുറത്തുവന്നതോടെ തെളിഞ്ഞതാണ്. ഈ പടം പുറത്തുവിട്ടത് അജ്ഞാതനല്ല. കൈരളി ചാനല്‍ അന്വേഷിച്ച് കണ്ടെത്തി പുറത്തുവിട്ടതാണ്. ഫോട്ടോ കൈവശമുണ്ടായിരുന്ന വ്യക്തി തന്നെ ചെന്നിത്തലേം ഫയാസും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് സാക്ഷ്യം പറയുന്നുമുണ്ട്. എന്നാല്‍ അജ്ഞാതെന്‍റ തരികിടയെ ആഘോഷമാക്കിയ മുഖ്യധാരാ ചാനലുകാരോ പത്രശിങ്കങ്ങളോ കൈരളിയിലൂടെ പുറത്തുവന്ന പടത്തെക്കുറിച്ച് മിണ്ടിയതേയില്ല, അറിഞ്ഞ മട്ടു തന്നെയില്ല. എന്നിട്ടോ? ജഡ്ജിയുടെയും എളമരത്തിന്റെയും ഒന്നിച്ചുള്ള ദൃശ്യം പ്രസിദ്ധീകരിച്ച് ഇതുപോലെയാണ് ചെന്നിത്തലേം ഫയാസും തമ്മിലുള്ള ഫോട്ടോയും എന്ന് ചാനലില്‍ ചര്‍ച്ചേം. എങ്ങനെ സാറേ പൊരുത്തപ്പെടണത്? ഇത് ജഡ്ജിയെ കള്ളക്കടത്തുകാരനോട് ഉപമിക്കുന്നതിന് തുല്യമല്ലേ!

കൈരളിയും ദേശാഭിമാനിയും ചെന്നിത്തല - ഫയാസ് പടം കൊടുത്തതോണ്ട് ബദലുക്ക് ബദല്‍ പ്രയോഗം. നമ്മള ചാനലുകാരുടേം പത്രങ്ങളുടേം ഒരു "നിഷ്പക്ഷത" നോക്കണേ! മുന്‍പ് ഒരു ഹൈക്കോടതി ചീഫ് ജസ്റ്റീസ് സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കനുകൂലമായി വിധിയെഴുതി പ്രഖ്യാപനം നടത്തിയിട്ട് അന്നുതന്നെ അവരുടെ അതിഥിയായി കൊച്ചിക്കായലില്‍ ഉല്ലാസയാത്രയും സദ്യയും ആഘോഷവും നടത്തിയ ദൃശ്യം ഉള്‍പ്പെടെ പുറത്തായിട്ടും അതിനെതിരെ പ്രതികരിക്കുന്നത് ജുഡീഷ്യറിയെ അവഹേളിക്കലാണെന്ന് പറയുകയും ജഡ്ജിയുടെ അധാര്‍മികമായ ആ നടപടിക്കെതിരെ പ്രതികരിച്ചവര്‍ക്കുനേരെ കുരച്ചുചാടുകയും ചെയ്തവരാണ് ഇപ്പോള്‍ ജഡ്ജിമാരുടെ ബന്ധവും പരിചയവും തേടി നടക്കുന്നത്! ജുഡീഷ്യറിയോട് അവര്‍ക്ക് എന്തൊരു പ്രേമം! സത്യമേവ ജയതേ!

ഏപ്രില്‍ 11െന്‍റ "മനോരമ"യുടെ ഒന്നാം പേജിലെ പോക്കറ്റ് കാര്‍ട്ടൂണിലെ (കുഞ്ചുക്കുറുപ്പ്) അടിക്കുറിപ്പ് : ""ഇന്നുമുതല്‍ നേതാക്കള്‍ക്ക് സത്യം പറയാമല്ലോ"". തിരഞ്ഞെടുപ്പ് കാലം സകലമാന രാഷ്ട്രീയ നേതാക്കളും കള്ളം പറയും കാലം, ഇനിയെങ്കിലും സത്യത്തിലേക്ക് തിരിഞ്ഞൂടേ എന്ന് വ്യംഗ്യം. കള്ളം പറഞ്ഞു മാത്രം നിലനില്‍ക്കാനാവുന്ന ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ കുഴലൂത്തുകാരായ "മനോരമ"യ്ക്ക് രാഷ്ട്രീയത്തെയാകെ ആ കളത്തില്‍ തളയ്ക്കേണ്ടത് സ്വന്തം നിലപാടുതറ ഉറപ്പിക്കാന്‍ അനിവാര്യം.

വലതുപക്ഷ രാഷ്ട്രീയം മാത്രമല്ല, വലതുപക്ഷ മാധ്യമ പ്രവര്‍ത്തനവും കള്ളവും കാപട്യവും വക്രീകരണവും നിറഞ്ഞതാണെന്ന യാഥാര്‍ഥ്യം "മനോരമ" കണ്ണടച്ചതുകൊണ്ടില്ലാതാവില്ല. ചില വസ്തുതകള്‍ക്കുനേരെ, വാര്‍ത്തകള്‍ക്കുനേരെ കണ്ണടയ്ക്കുന്നതും അപ്രധാനമായി തള്ളുന്നതും വക്രീകരിക്കുന്നതുമെല്ലാം കള്ളം പറയുന്നതിനു സമം തന്നെ. 12-ാം തീയതി "കേരള കൗമുദി"യില്‍ എക്സ്ക്ലൂസീവായി ഒരു ഇന്‍റര്‍വ്യൂ ഒന്നാം പേജില്‍. കോണ്‍ഗ്രസ് നേതാവും നിലവില്‍ ഇടുക്കി എംപിയുമായ പി ടി തോമസ് തൃശ്ശൂരില്‍ രോഗശയ്യയില്‍നിന്ന് നല്‍കിയതാണ് ആ അഭിമുഖ സംഭാഷണം. "കേരള കൗമുദി" അതിനു നല്‍കിയ ശീര്‍ഷകം: ""സീറ്റ് തെറിപ്പിച്ചത് അമേരിക്കന്‍ പണം : പി ടി. ഇടുക്കിയില്‍ ഹൈറേഞ്ച് സമിതിയും മാഫിയയും കൈകോര്‍ത്തു"". അഭിമുഖത്തിലെ ശ്രദ്ധേയമായ ഒരു വാചകം ഇങ്ങനെ - ""ഒടുവില്‍ തന്നെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ഇടുക്കി ബിഷപ്പ് നിലപാട് എടുത്തതോടെ ഇടുക്കി സീറ്റില്‍നിന്ന് ഞാന്‍ പുറന്തള്ളപ്പെടുകയായിരുന്നു - പി ടി തോമസ് പറഞ്ഞു"".

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും നേരെ ഇതിലും വലിയൊരു വിമര്‍ശനം ഒരു കോണ്‍ഗ്രസ് എംപിയില്‍നിന്ന് ഉയരാനില്ലല്ലോ. സംസ്ഥാനത്താണെങ്കില്‍ ആദര്‍ശത്തിന്റെ ആള്‍രൂപമായി മാധ്യമ വിശേഷണത്തിനര്‍ഹത നേടിയ സാക്ഷാല്‍ സുധീരന്‍ജിയാണ് അധ്യക്ഷജിയായി ആസനസ്ഥനായിരിക്കുന്നത്. ഹൈക്കമാന്‍ഡാണെങ്കില്‍ അഴിമതി, മാഫിയ, അമേരിക്ക എന്നൊക്കെ കേള്‍ക്കണതേ അലര്‍ജിയായിട്ടുള്ള രാഹുലജിയും പിന്നെ മമ്മിജിയും കൂട്ടത്തില് ബഹന്‍ജിയും. ആ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില് അമേരിക്കന്‍ പണം പറ്റണ മാഫിയകളും പള്ളീം പട്ടക്കാരും ഇടപെട്ടെന്നും ഇടുക്കി ബിഷപ്പിെന്‍റ തീട്ടൂരമാണ് തോമസിന് സീറ്റ് നിഷേധിക്കുന്നതിനു മാത്രമല്ല, ഇടുക്കീന്നു തന്നെ നാടുകടത്തുന്നതിന് ഇടയാക്കിയതെന്നും അദ്ദേഹം "കേരള കൗമുദി"യോട് മനസ്സു തുറക്കുമ്പോള്‍ സത്യമാകാതെ തരമില്ല. കാരണം, കേരളത്തില്‍ സിറ്റിങ് എംപിമാരില്‍ രണ്ടുപേര്‍ക്കേ സീറ്റ് നിഷേധിക്കപ്പെട്ടുള്ളൂ. ഒന്നു പി ടി തോമസിനും മറ്റൊന്ന് കൊല്ലത്തെ കുറുപ്പിനും. കൊല്ലത്ത് ആറെസ്പിയെ വിലയ്ക്കെടുക്കുന്നതിലെ ഉപാധിയായി കുറുപ്പ് ഔട്ട്! ശ്വേതാ ടച്ചിങ്സാണ് കാര്യമെന്ന് ധരിക്കുന്നവര്‍ക്ക് തെറ്റി. അങ്ങനെ നോക്കിയാല്‍ തിരോന്തരം മുതല്‍ കാസര്‍കോടുവരെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ പുറത്തുകാണിക്കാന്‍ പറ്റിയ വഹ എത്രയെന്ന് സുധീരന്‍ജിക്കുപോലും ഉറപ്പില്ല. പി ടി തോമസാണെങ്കില്‍ അങ്ങനെയൊള്ള ഏടാകൂടത്തിലൊന്നും ചാടിയതായി പുറമേക്കറിയില്ലെന്നു മാത്രമല്ല, കേരളത്തീന്നുള്ള കോണ്‍ഗ്രസ് എംപിമാരില്‍ എംപി പണി മോശമല്ലാതെ ചെയ്ത ഏകയാള്‍ എന്ന് "മനോരമ" കണ്ടെത്തിയതും ടിയാനെ (ഇടതുപക്ഷത്തുനിന്ന് അഞ്ചാമതൊരാള്‍ ഉണ്ടായിരുന്നെങ്കില്‍ തോമാച്ചന് ആ സ്ഥാനം ഉണ്ടാകുമായിരുന്നോ എന്നത് വേറെ കാര്യം). അപ്പോള്‍ "കേരള കൗമുദി" എക്സ്ക്ലൂസീവ് സ്ഫോടനാത്മകം തന്നെ. അപ്പോള്‍ പിറ്റേന്നത്തെ മറ്റു പത്രങ്ങള്‍ക്കും അത് വലിയ വാര്‍ത്തയാകേണ്ടതുമാണ്. എന്നാല്‍ സംഭവിച്ചതോ? 13-ാം തീയതി "മാതൃഭൂമി" സംഭവം അറിഞ്ഞ മട്ടേയില്ല. "വീക്ഷണ"ത്തെയും കടത്തിവെട്ടുന്ന വീരന്‍ പത്രത്തിന് പകര്‍ത്താന്‍ പറ്റിയ സാധനം "ക്രൈമി"ല്‍ നിന്നായിരിക്കും ലഭിക്കുക.

"മനോരമ" 9-ാം പേജില്‍ ""കസ്തൂരി രംഗന്‍: കോണ്‍ഗ്രസ് നിലപാട് വിമര്‍ശിച്ച് പി ടി തോമസ്"" എന്ന ഒറ്റക്കോളം സാധനം നല്‍കിയിരിക്കുന്നു. സംഭവത്തിന്റെ സത്ത തന്നെ ചോര്‍ത്തി വികലമാക്കിയിരിക്കുന്നു. പത്തനംതിട്ട, ഇടുക്കി സീറ്റുകളില്‍ ഉള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയും പരസ്പരമുള്ള പാരവെയ്പുകളെക്കുറിച്ചുമുള്ള യുഡിഎഫിലെ തമ്മില്‍തല്ല് വാക്പയറ്റിനപ്പുറം തെരുവുയുദ്ധമായി മാറിയിട്ടും "മനോരമ"യും "മാതൃഭൂമി"യും കണ്ണുപൊത്തിക്കളി തുടരുകയാണ്. 12-ാം തീയതി "മനോരമ" 15-ാം പേജില്‍ ""പ്രചാരണം പാളിയെന്നു പി സി ജോര്‍ജ്, ജോര്‍ജ് ചതിച്ചെന്നു ആന്റോ ആന്‍റണി"" എന്ന് ഒതുക്കിയിരിക്കുന്നു. ഒപ്പം ഒരു ബോക്സും: ""ജോര്‍ജ് ഇത് നേരത്തെ പറയണമായിരുന്നു: സുധീരന്‍"". "മാതൃഭൂമി"യും ഇതേ മട്ടു തന്നെ. ഇതു താന്‍ എന്‍പിള്ള നയം! ഇനിയും എത്ര വേണമെങ്കിലും ഉണ്ട് സമാനമായ ഉദാഹരണങ്ങള്‍, നിത്യേന.

*
ഗൗരി ചിന്ത വാരിക

No comments: