Monday, April 21, 2014

ഇന്ത്യയുടെ ആണവനയം: ബിജെപി തെരഞ്ഞെടുപ്പു പത്രികയിൽ അപകടസൂചനകൾ

“ഇന്ത്യയുടെ ആണവനയം പുനരവലോകനം ചെയ്യും”; ലോക്‌സഭാ തെരഞ്ഞെടുപ്പു പത്രികയിൽ ബിജെപി പ്രസ്‌താവിക്കുന്നു, എന്താണ്‌ ഇതിന്റെ വിവക്ഷകൾ?

ആണവനയത്തിന്‌ പ്രതിരോധ വിദേശകാര്യ പ്രതിമാനങ്ങളുണ്ട്‌. ഇതിന്റെ പുനരവലോകനം സാർവദേശീയ ശ്രദ്ധയാകർഷിക്കും.

ആണവനയത്തിന്‌ ആധാരം ആണവസിദ്ധാന്തമാണ്‌. ഇന്ത്യയുടെ ആണവ സിദ്ധാന്തത്തിന്‌ രൂപംനൽകിയത്‌ ബിജെപി നേതൃത്വത്തിലുളള എൻഡിഎ ഗവൺമെന്റാണ്‌. ഈ സിദ്ധാന്തം അതേപടി പിന്തുടരുകയായിരുന്നു യുപിഎ സർക്കാരുകൾ.

ആദ്യം മുതൽ തന്നെ അവ്യക്തതകളും വൈരുധ്യങ്ങളും നിറഞ്ഞതാണ്‌ ഇന്ത്യയുടെ ആണവസിദ്ധാന്തം. ഇന്നും നിലവിലുള്ളത്‌ 1999 ൽ രൂപംനൽകിയ ഒരു നക്കൽ ആണവസിദ്ധാന്തമാണ്‌. അതേ, ഇപ്പോഴും നക്കൽ തന്നെ. 1999 ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ ബിജെപി നേതൃത്വത്തിലുളള കാവൽ മന്ത്രിസഭ ഇത്‌ പ്രസിദ്ധീകരിച്ചത്‌ തെരഞ്ഞെടുപ്പ്‌ അജണ്ടയിൽ ആണവായുധ പരിപാടിക്ക്‌ ഒരു പ്രമുഖ സ്ഥാനം നൽകാനായിരുന്നു.

കോൺഗ്രസ്‌ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഇതിനെ വിമർശിച്ചു. രേഖയിലുള്ള നിരുത്തരവാദപരമായ“ നിരീക്ഷണങ്ങൾ ഒരു ആണവായുധ മത്സരത്തിന്‌ തുടക്കംകുറിക്കുമെന്ന ”ഭീതി കോൺഗ്രസ്‌ പ്രകടിപ്പിച്ചു. വിശ്വസനീയമായ `ഡിറ്ററൻസ്‌` എന്നു പറഞ്ഞു ജനങ്ങളെ കളിപ്പിക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ കോൺഗ്രസ്‌ വക്താവ്‌ പ്രണബ്‌ മുഖർജി പ്രസ്‌താവിച്ചു. (ഇതേ സിദ്ധാന്തത്തെയാണ്‌ യുപിഎ ഗവൺമെന്റിന്റെ പ്രതിരോധ മന്ത്രിയായും പിന്നീട്‌ വിദേശകാര്യ മന്ത്രിയായും മുഖർജി ആലിംഗനം ചെയ്‌തത്‌).

ബിജെപി സർക്കാർ ആണവായുധ പരീക്ഷണം നടത്തുമ്പോൾ, അതിന്റെ പിന്നിൽ ഒരു ആണവ സിദ്ധാന്തവും ഇല്ലായിരുന്നു. എന്തിനാണ്‌ ആണവായുധങ്ങൾ ഉണ്ടാക്കുന്നതെന്ന്‌ വ്യക്തമല്ലായിരുന്നു. എന്തായിരിക്കണം ഇന്ത്യയുടെ ആണവ സിദ്ധാന്തം എന്നതിനെപ്പറ്റി ഒരു സമവായം ഉണ്ടാക്കാൻ ശ്രമം നടത്തിയതുമില്ല.

ആണവ സിദ്ധാന്തത്തെപ്പറ്റി ദീർഘകാലം മൗനം പാലിച്ച ശേഷം സിദ്ധാന്തം പ്രവർത്തനരൂപത്തിലാക്കുന്നതിനെപ്പറ്റി, സുരക്ഷക്കായുള്ള കാബിനറ്റ്‌ സമിതിയുടെ അവലോകനം ഒരു പത്രക്കുറിപ്പിലൂടെ. 2003 ജനുവരി നാലിന്‌ “പൊതുജനങ്ങളുമായി പങ്കുവച്ചു.”

പത്രക്കുറിപ്പിൽ പറഞ്ഞ പ്രധാനകാര്യങ്ങൾ ഇവയാണ്‌.

വിശ്വാസജനകമായ ഒരു “മിനിമം ഡിറ്ററൻസു”ണ്ടാക്കി നിലനിർത്തുക.

“ആദ്യ ഉപയോഗമില്ലാ നിലപാട്‌”, ഇന്ത്യയുടെ പ്രദേശത്തോ, എവിടെയെങ്കിലും ഇന്ത്യൻ സേനകൾക്കെതിരെയോ ആണവാക്രമണം ഉണ്ടായാൽ അതിന്‌ പ്രതിക്രിയയായി മാത്രമെ ആണവായുധങ്ങൾ ഉപയോഗിക്കുകയുള്ളു.

ഇന്ത്യയുടെ മേലുള്ള ആദ്യപ്രഹരത്തിനെതിരെയുള്ള ആണവ പ്രതിക്രിയ, പ്രതിയോഗിക്ക്‌ വൻതോതിലുള്ള, അസ്വീകാര്യമായ നാശമുണ്ടാക്കുന്നതായിരിക്കും.

ആണവായുധങ്ങളില്ലാത്ത രാജ്യങ്ങൾക്കെതിരെ ആണവായുധങ്ങൾ ഉപയോഗിക്കുകയില്ല.

എന്നാൽ ഇന്ത്യക്കെതിരെയോ, എവിടെയെങ്കിലും ഇന്ത്യൻ സേനകൾക്കെതിരെയോ ജൈവായുധമോ, രാസായുധമോ ഉപയോഗിക്കപ്പെട്ടാൽ ആണവായുധങ്ങൾ കൊണ്ടു തിരിച്ചടി നൽകുവാനുള്ള അവകാശം ഇന്ത്യക്കുണ്ടായിരിക്കും.

കാബിനറ്റ്‌ തലത്തിൽ ആണവ സിദ്ധാന്തം എത്തിയപ്പോഴേക്കും അതിന്റെ അപാകതകളും വൈരുധ്യങ്ങളും വർധിച്ചതായി തോന്നി. കൂടുതൽ അക്രമോത്സുകവും.
ആണവായുധങ്ങൾ ഉപയോഗിച്ച്‌ ഒരുരാജ്യം നൽകുമെന്ന്‌ ഉറപ്പായ തിരിച്ചടിയുടെ ഭീഷണിമൂലം അതിനെതിരെ ആക്രമണം ഉണ്ടാകയില്ലെന്ന വിശ്വാസമാണ്‌ `ഡിറ്ററൻസ്‌`. ഇന്ത്യയെ ഏതെങ്കിലും രാജ്യം ആണവായുധങ്ങൾകൊണ്ട്‌ ആക്രമിച്ചാൽ ഉടനടി ആണവായുധം ഉപയോഗിച്ച്‌ കൂടുതൽ ശക്തമായ തിരിച്ചടി നൽകുവാനുള്ള കഴിവാണ്‌ `ഡിറ്ററൻസി`ന്‌ ആവശ്യം. ഇതിന്‌ രണ്ടാം പ്രഹരശക്തിയും ഏതൂനിമിഷത്തിലും ആണവായുധം പ്രയോഗിക്കാനുള്ള സന്നദ്ധതയും തയാറെടുപ്പും വേണം.

ആണവായുധങ്ങളുള്ള ഒരു രാഷ്‌ട്രവും അതിന്റെ ശേഖരം മിനിമം തലത്തിന്‌ ഉപരിയാണെന്ന്‌ സമ്മതിച്ചിട്ടില്ല. മിനിമത്തിന്റെ പരിധികളെ തുടർച്ചയായിമാറ്റുന്ന ദൂരവ്യാപകവും തുറസായതുമായ ആണവായുധവൽക്കരണത്തിനുള്ള സിദ്ധാന്തമാണ്‌ ഇന്ത്യയുടേത്‌. `ഡിറ്ററൻസ്‌` എന്നത്‌ ഒരേസമയം മിനിമവും വിശ്വാസജനകവുമായിരിക്കുകയില്ല. ഇന്ത്യയുടെ മിനിമം, പാകിസ്ഥാന്റെയും ചൈനയുടെയും മിനിമത്തിനുള്ള പ്രതികരണമാണ്‌. അങ്ങനെ ആണവപന്തയത്തിനുള്ള പാതയാണ്‌.

ആദ്യം പ്രയോഗിക്കുകയില്ലെന്ന നയത്തിന്‌ രണ്ട്‌ വശങ്ങളുണ്ട്‌: ഒന്ന്‌, ആണവായുധങ്ങൾ ഇല്ലാത്ത രാജ്യത്തിനെതിരെ ഒരു സാഹചര്യത്തിലും ആണവായുധങ്ങൾ ഉപയോഗിക്കുകയില്ല. രണ്ട്‌, ആണവായുധമുള്ള രാജ്യത്തിനെതിരെ, ആ രാജ്യത്തിൽ നിന്ന്‌ ആണവായുധാക്രമണം ഉണ്ടായശേഷമെ ആണവായുധം പ്രയോഗിക്കുകയുളളു.

ആണവ സിദ്ധാന്തം, ക്യാബിനറ്റ്‌ തലത്തിൽ എത്തിയപ്പോൾ ഈ നിലപാടിന്‌ ഉപാധികൾ വയ്‌ക്കുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌. `രാസായുധങ്ങളോ, ജൈവായുധങ്ങളോ ഇന്ത്യക്കെതിരെയോ, എവിടെയെങ്കിലും ഇന്ത്യൻ സേനകൾക്കെതിരെയോ, പ്രയോഗിച്ചാൽ ഇന്ത്യ പ്രതിക്രിയക്കു ആണവായുധങ്ങൾ ഉപയോഗിക്കുമെന്നാണ്‌ സിദ്ധാന്തത്തിന്റെ പരിഷ്‌കരിച്ച രൂപം. ഇതിന്റെ അർഥം ആണവായുധങ്ങൾ ഇന്ത്യ പ്രയോഗിക്കുന്നത്‌ വേറൊരു രാജ്യത്തുനിന്ന്‌ ആണവായുധാക്രമണം ഉണ്ടായശേഷമായിരിക്കണമെന്നില്ല. ആണവായുധങ്ങളില്ലാത്ത രാഷ്‌ട്രങ്ങൾക്കെതിരെ ഇന്ത്യ ആണവായുധങ്ങൾ ഉപയോഗിക്കുകയില്ലെന്ന നയവും ഉപേക്ഷിക്കപ്പെടുന്നു.

കാബിനറ്റ്‌ തലത്തിൽ ആണവസിദ്ധാന്തം പരിഗണിച്ചപ്പോൾ ഏറ്റവം അധികം സ്വാധീനം ചെലുത്തിയ ഒരു രേഖയുമ​‍ുണ്ട്‌- അമേരിക്കയുടെ “ആണവനിലപാട്‌ പുനരവലോകനം” (ന്യൂക്ളയിർ പോയിറ്റർ റിവ്യു 2002) ഉപാധികൾ വച്ചതോടെ ഇന്ത്യ ആദ്യ പ്രയോഗമില്ലെന്ന നയം ഉപേക്ഷിക്കുകയും അമേരിക്കയുടേതുമായി സാധർമ്യമുള്ള ഒരു ആണവ സിദ്ധാന്തം സ്വീകരിക്കുകയും ചെയ്‌തു.
കാബിനറ്റ്‌ സമിതിയുടെ തലത്തിൽ എത്തിയപ്പോൾ ആണവസിദ്ധാന്തത്തിൽ ശ്രദ്ധേയമായ ഒരു ഭേദഗതി കൂടെ വരുത്തി. സിദ്ധാന്തത്തിന്റെ പരിഷ്‌കരിച്ച രൂപത്തിൽ രണ്ടിടത്ത്‌ “എവിടെയെങ്കിലും ഇന്ത്യൻ സേനകൾക്കെതിരായോ” എന്ന പ്രയോഗമുണ്ട്‌. യുദ്ധത്തിലേർപ്പെടാൻ സാധ്യതയുണ്ടെന്നാണ്‌ ഇതിന്റെ അർഥം. ഏതായാലും ഇത്‌ യുഎൻ സമാധാനസേനകളിൽ ഇന്ത്യ പങ്കെടുക്കുന്നതിനെപ്പറ്റിയല്ല. പ്രത്യുത അമേരിക്കയുമായുള്ള സൈനിക സഖ്യത്തിന്റെ ഭാഗമായി, അമേരിക്കയുടെ താൽപര്യങ്ങൾക്കായി എവിടെയെങ്കിലും ഇന്ത്യൻ സേന യുദ്ധം ചെയ്യുന്നതിനെപ്പറ്റിയാണ്‌.

യുപിഎ സർക്കാർ എൻഡിഎയുടെ ആണവനയം പുനരവലോകനം ചെയ്‌തില്ല. 1994 ലെ നക്കൽ ആണവ സിദ്ധാന്തത്തിന്‌ അന്തിമരൂപം നൽകാൻപോലും ശ്രമിച്ചിട്ടില്ല. അമേരിക്കയുടെ നേതൃത്വത്തിലുള്ള ആണവായുധ ക്ളബിൽ അംഗത്വം നേടാനായിരുന്നു മൻമോഹൻസിങിന്റെ ശ്രമം. ഇതിൽ ഭാഗികമായി വിജയിക്കുകയും ചെയ്‌തു.

എന്താണ്‌ ആണവസിദ്ധാന്തത്തിന്റെ അവലോകനം എന്ന്‌ പ്രകടനപത്രികയിൽ വ്യക്തമല്ല. 2009 ലെ പ്രകടനപത്രികയിൽ ബിജെപി പുനരവലോകനത്തെപ്പറ്റി പറഞ്ഞിരുന്നില്ല.
ആണവ സിദ്ധാന്ത പുനരവലോകനത്തിൽ ഏറ്റവും പ്രധാനം “ആദ്യ ഉപയോഗമില്ലാ” എന്നത്‌ ഉപേക്ഷിക്കുകയാണെന്ന്‌ കരുതപ്പെടുന്നു. ഇപ്പോൾ ചില ഉപാധികളോടെയാണ്‌ ഈ സിദ്ധാന്തം എന്ന്‌ നാം കണ്ടു. അങ്ങനെയൊരു സിദ്ധാന്തമേ വേണ്ടയെന്ന അത്യന്തം അപകടകരമായ ഒരു നിലപാടിലേക്കാണ്‌ ബിജെപി നീങ്ങുന്നതെന്ന്‌ അനുമാനിക്കപ്പെടുന്നു. ആണവയുദ്ധം ആരംഭിക്കാനുള്ള അവകാശമാണ്‌ പുതിയ സിദ്ധാന്തം. ആണവായുധങ്ങളില്ലാത്ത രാജ്യത്തിനെതിരെയും ആണവ യുദ്ധമാകാം.

സുദീർഘമായ ഒരു ചരിത്രമാണ്‌ ഇന്ത്യക്ക്‌ ആണവനിരായുധീകരണകാര്യത്തിൽ. തത്വദീക്ഷിതമായ ഒരു നിലപാടും ബിജെപിയുടെ 1994 ലെ ആണവ പരീക്ഷണംവരെ നിലനിന്നിരുന്നു. ആണവായുധ നിരായുധീകരണമെന്നത്‌ രക്ഷയും സമാധാനവും നടപ്പാക്കാനുള്ള ഒരു ധാർമികശാസനം കൂടെയാണെന്ന്‌ ഇന്ത്യയുടെ നേതാക്കൾ വ്യക്തമാക്കിയിരുന്നു.

ദക്ഷിണേഷ്യയിൽ ആണവ പന്തയത്തിന്റെ ആക്കം കൂട്ടാനും സംഘർഷങ്ങൾ വർധിപ്പിക്കാനും ആണവ യുദ്ധഭീതി വളർത്താനുമേ ബിജെപി ലക്ഷ്യമിടുന്ന പുതിയ സിദ്ധാന്തം സഹായിക്കുകയുള്ളു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു.

*
നൈനാൻ കോശി Janayugom

No comments: