Saturday, April 26, 2014

അധ്യാപകപാക്കേജിന്റെ ബാക്കിപത്രം

പൊതുവിദ്യാഭ്യാസവകുപ്പിലെ ഭരണപരമായ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാനമാണ് വിദ്യാലയങ്ങളിലെ തസ്തികനിര്‍ണയം. 2011 മെയില്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ കൊട്ടിഘോഷിക്കപ്പെട്ട അധ്യാപകപാക്കേജിന്റെ പേരില്‍ ഓരോ കാരണംപറഞ്ഞ് വിദ്യാലയങ്ങളിലെ തസ്തികനിര്‍ണയം കഴിഞ്ഞ മൂന്നുവര്‍ഷമായി നടത്തിയിട്ടില്ല. കേരള വിദ്യാഭ്യാസചട്ടങ്ങളെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ഉത്തരവുകളിറക്കി 2010-11 വര്‍ഷത്തെ തസ്തികനിര്‍ണയം 2011-12ലേക്കും പിന്നീട് 2012-13ലേക്കും ബാധകമാക്കി. തുടര്‍ന്ന് 2013-14ലെ തസ്തികനിര്‍ണയം നടത്താന്‍ 2013 നവംബര്‍ 29ന് വികലമായ ഒരു ഉത്തരവിറക്കിയെങ്കിലും അധ്യയനവര്‍ഷം അവസാനിച്ച് എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടും 2013-14ലെ തസ്തികനിര്‍ണയം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇതെല്ലാം കൊട്ടിഘാഷിച്ച് വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ക്കുള്ള ഒറ്റമൂലിയെന്നു പറഞ്ഞ് നടപ്പാക്കിയ അധ്യാപകപാക്കേജിന്റെ പേരിലാണെന്നുകൂടിയാകുമ്പോള്‍ ചിത്രം കുറെക്കൂടി വ്യക്തമാകുന്നു.

എന്തായിരുന്നു അധ്യാപകപാക്കേജ്. 2005 ആഗസ്ത് 17ന് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ 2006-07 മുതല്‍ അധിക ഡിവിഷന്‍ ഒഴിവുകളിലെ അധ്യാപകനിയമനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഈ ഉത്തരവ് അവഗണിച്ച് നിരവധി എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ അധിക ഡിവിഷന്‍ ഒഴിവുകളില്‍ അധ്യാപകരെ നിയമിച്ചു. ഇപ്രകാരം നിയമിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നിയമനാഗീകാരം നല്‍കിയിരുന്നില്ല. ഇവര്‍ക്ക് നിയമനാംഗീകരം നല്‍കണമെന്ന നിരന്തരമായ അഭ്യര്‍ഥനകള്‍ പരിഗണിച്ച് 2010 ജനുവരി 10ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അതുവരെ നിയമനം ലഭിച്ച അധ്യാപകരുടെ തത്തുല്യമായ എണ്ണം പ്രൊട്ടക്ടഡ് അധ്യാപകരെ 2010-11 മുതല്‍ അതേ സ്കൂളില്‍ ഉണ്ടാകുന്ന പുതിയ ഒഴിവുകളില്‍ നിയമിക്കാമെന്ന് സമ്മതിച്ചുള്ള സമ്മതപത്രം മാനേജര്‍മാര്‍ സമര്‍പ്പിച്ചാല്‍ അധിക ഡിവിഷന്‍ ഒഴിവുകളില്‍ നിയമിക്കപ്പെട്ടവരുടെ നിയമനം അംഗീകരിക്കാന്‍ ഉത്തരവായി. ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ 1:1 എന്ന ക്രമത്തില്‍ പ്രൊട്ടക്ടഡ് അധ്യാപകര്‍, പുതുതായി നിയമിക്കപ്പെടുന്ന അധ്യാപകര്‍ എന്ന മുറയ്ക്ക് നിയമനം നടത്തണമെന്നും നിഷ്കര്‍ഷിച്ചു. ഇതനുസരിച്ച് ധാരാളം പുതിയ നിയമനങ്ങള്‍ അംഗീകരിക്കുകയുണ്ടായി. എന്നാല്‍, മാനേജര്‍മാര്‍ സമ്മതപത്രം നല്‍കാതിരുന്ന സ്കൂളുകളില്‍ നിയമനം അംഗീകരിക്കപ്പെടാതെ അധ്യാപകര്‍ ശമ്പളം ലഭിക്കാതെ തുടരുകയുംചെയ്തു. ഇങ്ങനെ ശമ്പളം ലഭിക്കാതെ തുടര്‍ന്ന 3389 അധ്യാപകരുടെ നിയമനം 2011 ജൂണ്‍ ഒന്നുമുതല്‍ അംഗീകരിച്ച് ശമ്പളം നല്‍കുന്നതിനും 1997 മുതല്‍ 2010 വരെ കുട്ടികളുടെ കുറവുമൂലം പുറത്തായ അധ്യാപകരെ സംരക്ഷിക്കുന്നതിനും ഉദ്ദേശിച്ച് കൊണ്ടുവന്ന 2011 ഒക്ടോബര്‍ ഒന്നിലെ ഉത്തരവാണ് അധ്യാപകപാക്കേജായി പ്രഖ്യാപിക്കപ്പെട്ടത്.

2011 ഒക്ടോബര്‍ ഒന്നിലെ ഉത്തരവുപ്രകാരം തസ്തിക നിര്‍ണയിക്കുന്നതിനായി കേരള വിദ്യാഭ്യാസചട്ടങ്ങള്‍ അധ്യായം 23ല്‍ അനുശാസിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ 2011-12 മുതല്‍ നടപ്പാക്കേണ്ടെന്നും യുഐഡി/ ഇഐഡി നമ്പര്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭിച്ചശേഷംമാത്രം അതിന്റെ അടിസ്ഥാനത്തില്‍ തസ്തികനിര്‍ണയം നടത്തിയാല്‍ മതിയെന്നുമാണ് ഉത്തരവായത്. 2006 മുതല്‍ നിയമനാംഗീകാരം ലഭിക്കാതെ അധിക ഡിവിഷനുകളില്‍ തുടര്‍ന്ന അധ്യാപകരുടെ 2011 മെയ് 31 വരെയുള്ള ശമ്പളം തടഞ്ഞുവച്ച് 2011 ജൂണ്‍ ഒന്നുമുതല്‍ ശമ്പളം നല്‍കാനാണ് ഉത്തരവായത്. 2011 മെയ് 31 വരെയുള്ള ശമ്പളം പിന്നീട് പരിശോധിച്ച് നല്‍കുന്നതാണെന്നും വ്യക്തമാക്കി. സംരക്ഷിത അധ്യാപകരെ ഉള്‍പ്പെടുത്തി "അധ്യാപകബാങ്ക്" രൂപീകരിക്കുന്നതിനും തീരുമാനമായി. സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ നിയമനം ഇനിമേല്‍ പിഎസ്സി വഴിയായിരിക്കുമെന്നും ഉത്തരവായി. 2011-12 മുതലുള്ള അധിക ഡിവിഷനുകളിലെ നിയമനങ്ങള്‍ തല്‍ക്കാലം ദിവസവേതനത്തിലും 2013-14ല്‍ ഇവരുടെ നിയമനം സ്ഥിരം സ്വഭാവത്തില്‍ അംഗീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും വ്യക്തമാക്കുകയുണ്ടായി. അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:30/1:35 എന്ന ക്രമത്തില്‍ കണക്കാക്കി പുതുതായി നിയമിക്കപ്പെട്ട അധ്യാപകരെയും ചട്ടം 51 എ അവകാശികളെയും കുട്ടികളുടെ കുറവുമൂലം പുറത്തായ അധ്യാപകരെയും അധ്യാപകബാങ്കില്‍നിന്ന് ഒരാളെയും ഉള്‍ക്കൊള്ളിക്കാന്‍ ആവശ്യമായ തസ്തിക അനുവദിക്കാമെന്നുംകൂടി ഉത്തരവായി. 2011 ഒക്ടോബര്‍ ഒന്നിന് ഇറക്കിയ ഉത്തരവില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ക്ക് നിയമപ്രാബല്യംവരുത്താന്‍ രണ്ടരവര്‍ഷം കഴിഞ്ഞിട്ടും കേരള വിദ്യാഭ്യാസചട്ടങ്ങള്‍ ഭേദഗതിചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പ്രഖ്യാപിച്ച കാര്യങ്ങള്‍ മുഴുവന്‍ നടപ്പാക്കാനും ശ്രദ്ധിച്ചില്ല. അങ്ങനെ അധ്യാപകപാക്കേജ് പാതിവഴിയിലുപേക്ഷിച്ചു എന്നതാണ് വസ്തുത. ഇതിന്റെ ഭാഗമായി ധാരാളം പുതിയ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു.

തസ്തികനിര്‍ണയം ഒരു വിഭാഗം സ്കൂളുകള്‍ക്ക് 1:30/ 1:35ഉം മറ്റു വിഭാഗത്തിന് 1:45 ആക്കിയതിനുമെതിരെ പരക്കെ ആക്ഷേപം ഉയര്‍ന്നു. അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:30/ 1:35 എന്നത് ക്ലാസ് തലത്തിലല്ല, സ്കൂള്‍തലത്തിലാണ് നടപ്പാക്കേണ്ടത് എന്ന വ്യവസ്ഥയും കേരളത്തിലെ സ്കൂളുകളുടെ ഇപ്പോഴത്തെ ഘടനയില്‍ ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല. ഒന്നുമുതല്‍ നാലുവരെ പ്രൈമറിയും അഞ്ചുമുതല്‍ ഏഴുവരെ അപ്പര്‍ പ്രൈമറി എന്നതും ഒന്നുമുതല്‍ അഞ്ചുവരെയും ആറുമുതല്‍ എട്ടുവരെയും എന്നാക്കുന്ന ഘടനാപരമായ മാറ്റം നടപ്പാക്കാതെ സ്കൂള്‍തല അധ്യാപക- വിദ്യാര്‍ഥി അനുപാതം നടപ്പാക്കാന്‍ കഴിയില്ല. പ്രധാനാധ്യാപകനെ ക്ലാസ് ചാര്‍ജില്‍നിന്ന് ഒഴിവാക്കുമെന്ന പ്രഖ്യാപനവും ജലരേഖയായി. സര്‍ക്കാര്‍ സ്കൂളിന് ബാധകമാക്കി, എയ്ഡഡ് സ്കൂളിനു ബാധകമല്ല. ഇതുവഴിയുണ്ടാകുന്ന അധികബാധ്യത കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നുണ്ടുതാനും. കുട്ടികളുടെ എണ്ണം കണക്കാക്കി അധിക അധ്യാപകര്‍ക്കുള്ള ശമ്പള ഇനത്തിലുള്ള തുക കേന്ദ്രസര്‍ക്കാരില്‍നിന്ന് ഗ്രാന്റായി വാങ്ങി വകമാറ്റി ചെലവഴിക്കുന്നു എന്ന ആരോപണവും നിലനില്‍ക്കുന്നു. എങ്കിലും തങ്ങളുടെ പ്രഖ്യാപനം നടപ്പാക്കാന്‍ സര്‍ക്കാര്‍ വൈമുഖ്യം കാട്ടുകയാണ്. 2011-12ല്‍ അധിക ഡിവിഷന്‍ ഒഴിവുകളില്‍ നിയമിക്കപ്പെട്ട ആയിരക്കണക്കിന് അധ്യാപകരുടെ ഭാവിയെന്തെന്നത് വ്യക്തമാകാതെ അവര്‍ അലയുന്നു. 2012-13ലും 2013-14ലും നിയമിക്കപ്പെട്ടവരുടെയും സ്ഥിതി മറിച്ചല്ല. 2010-11നുശേഷം അവധി ഒഴിവില്‍ നിയമിക്കപ്പെട്ട് അംഗീകാരം സിദ്ധിക്കപ്പെട്ട് തുടരുന്നവര്‍ സംരക്ഷിക്കപ്പെടില്ലെന്നാണ് ഇപ്പോഴത്തെ നിലപാട്. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും അധ്യാപകബാങ്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. സ്പെഷ്യലിസ്റ്റ് അധ്യാപകനിയമനം 2012-13 മുതല്‍ അനിശ്ചിതമായി മാറി. ചിലരെല്ലാം അംഗീകാരം വാങ്ങിയപ്പോള്‍ ചിലരെല്ലാം അംഗീകാരം ലഭിക്കാതെ തുടരുന്നു. 2006 മുതല്‍ നിയമിക്കപ്പെട്ട് 2011നു മുമ്പ് കുട്ടികളുടെ എണ്ണംകുറവുവന്നതിനാല്‍ പുറത്തായ അധ്യാപകരുടെ നിയമനാംഗീകാരം പരിഗണിച്ചില്ല. 2006-07 മുതല്‍ നിയമനം ലഭിച്ച് 2011 മെയ് 31 വരെയുള്ള ശമ്പളം തടഞ്ഞുവച്ച് 2011 ജൂണ്‍ ഒന്നുമുതല്‍ ശമ്പളം ലഭിച്ചവരുടെ തടഞ്ഞുവച്ച ശമ്പളം പരിശോധിച്ച് തീരുമാനമെടുക്കമെന്ന വാഗ്ദാനം മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ല.

2006 മുതല്‍ 2011 വരെ അംഗീകാരം ലഭിക്കാതെ തുടര്‍ന്ന 3389 അധ്യാപകരുടെ പ്രശ്നപരിഹാരത്തിനായി രൂപം നല്‍കിയ അധ്യാപകപാക്കേജ് പൂര്‍ണമായി നടപ്പാക്കിയില്ലെന്നു മാത്രമല്ല, 2011 ജൂണ്‍ കഴിഞ്ഞ് മൂന്നുവര്‍ഷമായി നിയമനം ലഭിച്ച അധിക ഡിവിഷന്‍ ഒഴിവുകളില്‍ തുടരുന്ന നാലായിരത്തോളം പുതിയ അധ്യാപകരുടെ നിയമനാംഗീകാരത്തിന് ഒരു പരിഹാരവും ഇതേവരെ നിര്‍ദേശിക്കപ്പെട്ടിട്ടില്ല. 2011 ജൂണ്‍ ഒന്നുമുതല്‍ അംഗീകാരം നല്‍കിയ 3389 അധ്യാപകരുടെ തടഞ്ഞുവച്ച 2011 മെയ് 31 വരെയുള്ള അഞ്ചുവര്‍ഷത്തെ ശമ്പളം നല്‍കാനും തയ്യാറായിട്ടില്ല. 2013 മെയ് 20ന് അധ്യാപകപ്രക്ഷോഭത്തെതുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ക്ലാസ് തലത്തില്‍ ഭേദഗതിചെയ്ത അധ്യാപക- വിദ്യാര്‍ഥി അനുപാതം നടപ്പാക്കുമെന്നതും വഴിയില്‍ ഉപേക്ഷിച്ച് വാഗ്ദാനലംഘനത്തിന്റെ വിശ്വരൂപം കാട്ടുകയാണ് സര്‍ക്കാര്‍. ഫലമോ പൊതുവിദ്യാഭ്യാസമേഖലയില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്; അധ്യാപകന്റെ സ്ഥിതി ദയനീയവും.

*
അഡ്വ. വി രാജശേഖരന്‍നായര്‍

No comments: