Sunday, March 3, 2013

സാമൂഹ്യാവസ്ഥയുടെ ദളിത് കാഴ്ചകള്‍

മലയാള സാഹിത്യത്തില്‍ നോവലുകളുടെ ഇതിവൃത്തത്തില്‍ വളരെ കുറച്ചുമാത്രം വന്നിട്ടുള്ളവയാണ് ആദിവാസികളുടെയും ദളിതരുടെയും ജീവിതങ്ങള്‍. സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് അരികുകളിലേക്ക് മാറ്റപ്പെട്ട ഈ വിഭാഗങ്ങളെക്കുറിച്ചുള്ള രചനകള്‍ക്ക് മലയാള ഭാഷയില്‍ കിട്ടുന്ന പ്രോത്സാഹനവും കുറവുതന്നെ. ഇത്തരത്തിലുള്ള മികച്ച പല രചനകളും നിരൂപകരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കാതെ പോയതിന്റെ അനുഭവവും നിരവധി. ഈ സാഹചര്യത്തില്‍ മധ്യതിരുവിതാംകൂറിലെ പുലയ വിഭാഗത്തെക്കുറിച്ചുള്ള ചാവുതുള്ളല്‍ എന്ന നോവലിനെ (പ്രസാധനം ഡി സി ബുക്സ്) കുറിച്ച് എടുത്തുപറയേണ്ടിയിരിക്കുന്നു.

കാഞ്ഞിരപ്പള്ളിയിലെയും പരിസരത്തെയും പുലയരും ജന്മിമാരും തമ്മിലുള്ള ബന്ധമാണ് രാജു കെ വാസു എഴുതിയ നോവലിന്റെ തന്തു. ആദിവാസി വിഭാഗത്തില്‍പ്പെട്ട എഴുത്തുകാരനെന്ന നിലയില്‍ എനിക്ക് പുലയ വിഭാഗത്തിന്റെ സാമൂഹ്യസാഹചര്യങ്ങളെക്കുറിച്ച് നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും രചനാപരമായ സവിശേഷതകൊണ്ടുതന്നെ ഈ നോവല്‍ വളരെ ഹൃദ്യമായി തോന്നി. നോവലിന്റെ അന്ത്യംവരെ ആര്‍ക്കും മുഷിയാതെ വായിക്കാന്‍ കഴിയുമെന്നുറപ്പ്. ഇതുവരെ മലയാളസാഹിത്യത്തില്‍ കാര്യമായി സ്പര്‍ശിക്കപ്പെടാത്ത പുലയരുടെ ഭാഷയുടെ അഴകാണ് ചാവുതുള്ളലിനെ പ്രത്യേകമായി ഉയര്‍ത്തുന്നത്. രചനയിലുടനീളം പുലയഭാഷയുടെ ഭംഗി ചോരാതെ നിലനിര്‍ത്താന്‍ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. ഒരു ബദല്‍ സംസ്കാരം ഉയര്‍ത്തിപ്പിടിക്കാന്‍ ഇതിലൂടെ കഴിഞ്ഞിട്ടുമുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളിലെ ദളിതരുടെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ അവസ്ഥ ഈ ദളിത്പക്ഷത്തുനിന്ന് നോക്കിക്കാണുകയാണ് നോവലിസ്റ്റ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കാഞ്ഞിരപ്പള്ളി പ്രദേശത്തെ പുലയര്‍ നേരിട്ട ദുരിതങ്ങള്‍ നോവലില്‍ വായിക്കാം. ഇത് കേരളത്തിലാകമാനം ദളിതര്‍ക്കുണ്ടായ അനുഭവങ്ങളാണ്. ദുഷ്പ്രഭുത്വം കല്‍പ്പിച്ച തൊട്ടുകൂടായ്മയുടെ നിര്‍ബന്ധിത അകലങ്ങളില്‍ കഴിഞ്ഞവരാണവര്‍. ഉയര്‍ന്ന ജാതിക്കാരുടെ കണ്‍വെട്ടത്ത് നില്‍ക്കാന്‍ കഴിയാത്തവര്‍. ക്ഷേത്രത്തിലേക്കെന്നല്ല, ക്ഷേത്രവഴികളില്‍പ്പോലും പ്രവേശനമില്ലാത്തവര്‍. കിണറില്‍നിന്ന് വെള്ളം എടുക്കാന്‍ സ്വാതന്ത്ര്യമില്ലാത്തവര്‍. അരയ്ക്ക് മേല്‍പ്പോട്ട് നാണം മറയ്ക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത സ്ത്രീകള്‍. സാമ്പത്തികവും ലൈംഗികവുമായ കൊടിയ ചൂഷണത്തിന്റെ ഇരകള്‍. പുലയരെ തമ്പുരാക്കന്മാര്‍ കൊന്നാല്‍പ്പോലും ചോദിക്കാനും പറയാനും ആരുമില്ലാത്ത കാലം. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കേരളത്തിന്റെ സാമൂഹ്യഘടനയില്‍ വന്ന മാറ്റങ്ങളും നോവലില്‍ വായിച്ചെടുക്കാം. കുറുമ്പനെന്ന പുലയന്റെ ജീവിതാനുഭവങ്ങളിലൂടെയാണ് നോവല്‍ വളരുന്നത്.

കുറുമ്പന്റെ മക്കളാണ് നീലനും മയിലനും. മണ്‍ചിറ കെട്ടുമ്പോള്‍ എത്ര ശ്രമിച്ചിട്ടും കല്ലുറപ്പിക്കാന്‍ കഴിയാത്ത കുറുമ്പന് ഒടുവില്‍ കുലദൈവത്തിന്റെ സഹായത്തോടെ ചിറ കെട്ടാനാകുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ചിറ തകരുന്നതിനു കാരണം ആദ്യഭാര്യയുടെ മരണശേഷം കുറുമ്പന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ചെറുപ്പക്കാരിയായ രണ്ടാംഭാര്യ വള്ളിയുടെ വഴിവിട്ട ബന്ധംകൊണ്ടാണെന്ന് കുറുമ്പനും നാട്ടുകാരും വിശ്വസിക്കുന്നു. ചിറ തകര്‍ന്ന് അധികം കഴിയാതെ കുറുമ്പനും മരിക്കുന്നു. കുറുമ്പന്റെ മക്കളായ നീലന്റെയും മയിലന്റെയും ജീവിതത്തില്‍ പിന്നീടുണ്ടാകുന്ന അസാധാരണ സംഭവങ്ങളിലൂടെ നോവല്‍ സഞ്ചരിക്കുന്നു. മയിലന്റെ മകന്‍ ചിരുതയുടെ കൊലപാതകവും അതിനു കാരണമായ നമ്പൂതിരി ചെറുപ്പക്കാരനോടുള്ള പ്രതികാരവുമാണ് പിന്നെ. പുലയര്‍ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നതിന്റെയും പുതിയ മതത്തിലും അവര്‍ അനുഭവിക്കുന്ന തൊട്ടകൂടായ്മയുടെയും സങ്കീര്‍ണതകളും അന്നത്തെ സാമൂഹ്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.

നാരായന്‍

പച്ച മായുന്നതിന്റെ ആകുലതകള്‍

കേരളീയപ്രകൃതിയുടെ തനിമയാര്‍ന്ന പച്ചനിറം ഇനിയെത്രകാലമെന്ന ഉല്‍ക്കണ്ഠ കലാസ്വാദകരുമായി പങ്കുവയ്ക്കുന്നു മുരളി നാഗപ്പുഴയുടെ ചിത്രപ്രദര്‍ശനം "നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ലോകം" . പച്ചയിലേക്ക് തുറക്കുന്ന ഒരു കിളിവാതിലാണ് മുരളി നാഗപ്പുഴയുടെ ചിത്രങ്ങള്‍. ഹരിതപ്രകൃതിയുടെ സങ്കീര്‍ത്തനങ്ങളാണവ. കേരളത്തിന്റെ പ്രകൃതിലാവണ്യം അപൂര്‍വചാരുതയോടെയാണ് മുരളിയുടെ ക്യാന്‍വാസുകളില്‍ പ്രത്യക്ഷമാകുന്നത്. ഇലകളും പൂക്കളും കുഞ്ഞുങ്ങളും അപൂര്‍വ പ്രകൃതിജാലങ്ങളും ചേര്‍ന്ന ഹരിതലോകം. പച്ചയെന്ന നിറം ആഹ്ലാദത്തിന്റെ പര്യായമായാണ് ഈ ചിത്രങ്ങളില്‍ പ്രത്യക്ഷമാകുന്നത്. പച്ചയുടെ ഒറ്റനിറമല്ല, പച്ചയുടെ പലവിതാനങ്ങളില്‍ വാര്‍ന്നുവീഴുന്ന ദൃശ്യസൗഭഗമാണത്. സ്വപ്നസമ്മോഹന സദൃശമായ ഒരു കാഴ്ച. ഹെന്‍ട്രി റൂസ്സോയുടെ ചിത്രങ്ങളിലെന്നപോലെ പച്ചയുടെയും ഇലകളുടെയും പലവിതാനങ്ങളെ അസാമാന്യകൈയടക്കത്തോടെയാണ് മുരളി പരിചരിക്കുന്നത്. കവിതയിലെ ഛന്ദസ്സ് പോലെ, സംഗീതത്തിലെ രാഗങ്ങള്‍ പോലെ ചിത്രകലയില്‍ ഹരിതവര്‍ണങ്ങള്‍ ലയിപ്പിച്ചെടുക്കുകയാണ് ചിത്രകാരന്‍.

ഇലകളും പൂക്കളും മുരളിയുടെ ക്യാന്‍വാസില്‍ ത്രിമാനസ്വഭാവത്തോടെയാണ് വിരിയുന്നത്. പച്ചയിലൂടെ മുരളി കാണുന്ന സ്വപ്നങ്ങള്‍ക്ക് വലിയ വിസ്തൃതിയുണ്ട്. ആകാശംപോലെ, ആഴിപ്പരപ്പുപോലെ ആഴമേറിയ ആ സ്വപ്നങ്ങള്‍ നിറയെ പ്രകൃതിയെയും മനുഷ്യനെയും കുറിച്ചുള്ള പ്രതീക്ഷകളാണ്. കുഞ്ഞുങ്ങളെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള നിറമുള്ള സ്വപ്നങ്ങള്‍ പങ്കുവച്ച മുരളിയുടെ ആദ്യകാല ചിത്രങ്ങളില്‍ നിറഞ്ഞുനിന്നത് കുട്ടികളും പാപ്പാത്തികളും കുഞ്ഞുമാലാഖമാരും പറവകളും പൂക്കളുമെല്ലാമായിരുന്നു. ഫാന്റസിയുടെ കാല്‍പ്പനികതയില്‍നിന്ന് പുതിയ ലോകത്തിന്റെ യാഥാര്‍ഥ്യത്തിലേക്കാണ് പുതിയ ചിത്രങ്ങള്‍ കണ്‍തുറക്കുന്നത്. കവിതയിലൂടെയും കലാനുഭവങ്ങളിലൂടെയും ലോകം അടുത്തറിഞ്ഞ മലയാളവര്‍ണങ്ങള്‍ ആഗോളീകരണത്തിന്റെ ആസുരതയില്‍ നിറംമങ്ങുകയാണ്.മനുഷ്യന്റെ അത്യാചാരങ്ങള്‍ക്കിടയില്‍ ആസന്നമരണയായ പ്രകൃതി ഈ കലാകാരന്റെ മുറിവാണ്. പരിസ്ഥിതിനാശത്തിന്റെ ആദ്യ ഇരകള്‍ പൂക്കളും പറവകളും ചെറുജീവികളും ജന്തുജാലങ്ങളും ഇലച്ചാര്‍ത്തുകളുമെല്ലാമാണ്. നഷ്ടപ്രകൃതിയുടെ കാഴ്ചകള്‍ പകര്‍ത്തുമ്പോള്‍ എന്നെന്നേക്കുമായി കണ്ണടഞ്ഞേക്കാവുന്ന ആ സൗന്ദര്യങ്ങളെക്കുറിച്ചുള്ള ആകുലതകളാണ് പ്രേക്ഷകമനസ്സില്‍ നിറയുക.

ഇന്ത്യയിലെ വന്‍ നഗരങ്ങളിലും വിദേശത്തും പ്രദര്‍ശനം നടത്തിയ മുരളിയുടെ ചിത്രങ്ങള്‍ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ലണ്ടന്‍, ന്യൂയോര്‍ക്ക്, മോസ്കോ, ദുബായ് ഷോകള്‍ കഴിഞ്ഞതോടെ മുരളി നാഗപ്പുഴ എന്ന സിഗ്നേച്ചറിന്റെ വിപണിമൂല്യം കൂടി. ചിത്രങ്ങളുടെ വിപണിമൂല്യത്തെക്കാളേറെ പ്രേക്ഷകമനസ്സിന്റെ നന്മയിലൂന്നുന്ന മുരളി ചുറ്റുമുള്ള ലോകത്തോടുള്ള കാരുണ്യവും കരുതലും കൈവിടാതിരിക്കാനുള്ള പ്രവര്‍ത്തനമായാണ് ചിത്രകലയെ കാണുന്നത്. രാജ്യതലസ്ഥാനത്തെ മുരളിയുടെ പതിമൂന്നാമത്തെ പ്രദര്‍ശനം തിങ്കളാഴ്ച സമാപിക്കും. കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത സംരംഭമായ ക്രൈ  2012ല്‍ കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികസമാഹരണം നടത്താന്‍ ഇന്ത്യയിലെ രണ്ട് ചിത്രകാരന്മാരുടെ ചിത്രങ്ങളാണ് ഉപയോഗിച്ചത്. എം എഫ് ഹുസൈന്റേതും മുരളി നാഗപ്പുഴയുടേതും. ഒരു ഇന്ത്യന്‍ ചിത്രകാരന് ലഭിക്കാവുന്ന ഏറ്റവും മികച്ച അംഗീകാരമാണിത്.

നാരായണന്‍ കാവുമ്പായി

ഹെസ്സെല്‍ ചരിത്രം; തിരയടങ്ങില്ല

തൊണ്ണൂറ്റഞ്ചാം വയസ്സിനെ യൗവനമെന്നു വിളിക്കാമെങ്കില്‍ നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ യൗവനമായിരുന്നു സ്റ്റീഫന്‍ ഹെസ്സെല്‍. കഴിഞ്ഞ ബുധനാഴ്ച മരണത്തിനുമുന്നില്‍ അടിയറവുപറയുന്ന നിമിഷംവരെ തളരാത്ത പോരാട്ടവീര്യവുമായി ലോകമെങ്ങും യുവാക്കള്‍ക്ക് പ്രചോദനമായി അദ്ദേഹം. തൊള്ളായിരത്തി നാല്‍പ്പതുകളില്‍ ഹിറ്റ്ലറുടെ നാസിഭരണകൂടത്തിനും അവരുടെ പിണിയാളുകളായി ഫ്രാന്‍സില്‍ നിലനിന്ന വിക്കി സര്‍ക്കാരിനുമെതിരായ തീപ്പന്തമായിരുന്നു ഹെസ്സെല്‍. ചാള്‍സ് ഡിഗോളിനൊപ്പം ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനം സംഘടിപ്പിക്കുന്നതില്‍ മുന്നിട്ടുപ്രവര്‍ത്തിക്കുന്നതിനിടെ ജര്‍മന്‍ രഹസ്യപൊലീസായ ഗസ്റ്റപ്പോയുടെ പിടിയിലായി. പക്ഷേ, ബുച്ചന്‍വാദിലെയും ദോറയിലെയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലെ നിരന്തരം പീഡനത്തെ അതിജീവിച്ച നിശ്ചയദാര്‍ഢ്യംകൊണ്ട് പോരാളികളുടെ ആവേശമായി.

രണ്ടാം ലോകമഹായുദ്ധാനന്തരം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനം തയ്യാറാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ലോകത്തെ പ്രചോദിപ്പിച്ച ചിന്തകരുടെ പട്ടികയില്‍ ഇടംനേടി. മനുഷ്യനുമേല്‍ പണത്തെ പ്രതിഷ്ഠിക്കുന്ന മുതലാളിത്ത നിഷ്ഠുരതയ്ക്കും കമ്പോളത്തിന്റെ ദയാരാഹിത്യത്തിനുമെതിരെ പൊട്ടിപ്പുറപ്പെട്ട വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്റെ മാനിഫെസ്റ്റോയായി ഈ പുസ്തകം. 35 ഭാഷകളിലായി ഇതിന്റെ 45 ലക്ഷത്തോളം പ്രതികളാണ് വിറ്റഴിക്കപ്പെട്ടത്. ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെയും തത്വങ്ങളെയും ഓര്‍മിപ്പിച്ചുകൊണ്ട് അവയുടെ സമകാലീന പ്രസക്തി തന്റെ പുസ്തകത്തില്‍ ഹെസ്സെല്‍ എടുത്തുകാട്ടി. സമഗ്രമായ ഒരു സാമൂഹ്യസുരക്ഷാപദ്ധതിയാണ് പ്രസ്ഥാനക്കാര്‍ക്ക് ഭരണസ്വാധീനമുണ്ടായപ്പോള്‍ നടപ്പാക്കിയതെന്നും ഊര്‍ജ ഉറവിടങ്ങളുടെ ദേശസാല്‍ക്കരണം, ബാങ്കുകളെ പൊതുമേഖലയിലാക്കല്‍, സ്വതന്ത്ര പത്രപ്രവര്‍ത്തനം എന്നിവയെല്ലാം ഇതില്‍പ്പെട്ടിരുന്നതായും വിശദീകരിച്ചു. എന്നാല്‍, ഫ്രാന്‍സിലെ ഇന്നത്തെ ഭരണക്കാര്‍ ഇതെല്ലാം അട്ടിമറിച്ചു. പരിസ്ഥിതി ഉച്ചകോടിമുതല്‍ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങള്‍വരെ അന്താരാഷ്ട്രതലത്തില്‍ ആശാവഹമായ പല കാര്യങ്ങളും നടന്ന കഴിഞ്ഞ ദശകത്തില്‍ മൂല്യാധിഷ്ഠിതമായ,സൃഷ്ടിപരമായ സ്ഥിതി ഉണ്ടാക്കാന്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും എന്തുചെയ്തെന്ന് ശക്തമായ ഭാഷയില്‍ അദ്ദേഹം ചോദിച്ചു.

തകര്‍ന്നടിയുന്ന ഈ ലോകത്ത് അഹിംസയ്ക്കാണ് ഭാവി. പക്ഷേ, സാര്‍ത്ര് ചൂണ്ടിക്കാട്ടിയതുപോലെ ""ഏതു രൂപത്തിലുള്ള അക്രമവും പരാജയമാണ്. പക്ഷേ, ഈ പരാജയം അനിവാര്യം. കാരണം, നാം ജീവിക്കുന്നത് അക്രമത്തിന്റെ ലോകത്താണ്"" എന്ന് "ടൈം ഓഫ് ഔട്ട്റേജ്" വിവരിക്കുന്നു. തുടര്‍ന്ന് യുവാക്കളെ ആവേശത്തോടെ ആഹ്വാനംചെയ്യുന്നു- "സൃഷ്ടിക്കുക എന്നാല്‍ പ്രതിരോധിക്കലാണ് പ്രതിരോധിക്കലെന്നാല്‍ സൃഷ്ടിക്കലും" ലോകമെങ്ങും മുതലാളിത്തത്തിന്റെ മസ്തകത്തില്‍ ഈ ആഹ്വാനം ആഘാതമായി. ചൂഷിതരാണ് 99 ശതമാനവുമെന്ന തിരിച്ചറിവില്‍ സാധാരണക്കാര്‍ തെരുവിലിറങ്ങി പ്രതിരോധം സൃഷ്ടിക്കുകതന്നെചെയ്തു. പക്ഷേ, ചൂഷകരുടെ കോട്ടകൊത്തളങ്ങളെല്ലാം തകര്‍ന്നടിയുന്ന കാലത്തിനു സാക്ഷിയാകാതെ ഹെസ്സെല്‍ ചരിത്രത്തിലേക്ക് വിടവാങ്ങി; ആവേശത്തിന്റെ തിരയടങ്ങാത്ത കടല്‍ ബാക്കിയാക്കിക്കൊണ്ട്.

അബുരാജ്

കാവ്യശാസ്ത്രത്തിന് ഒരു വഴികാട്ടി

ഭരതമുനിയുടെ നാട്യശാസ്ത്രംമുതല്‍ ജഗന്നാഥ പണ്ഡിതരുടെ രസഗംഗാധരംവരെയുള്ള ആചാര്യന്മാരുടെ പ്രാമാണികഗ്രന്ഥങ്ങളെ മുന്‍നിര്‍ത്തി തയ്യാറാക്കിയിട്ടുള്ള ഡോ. ടി ജി ശൈലജയുടെ "ഭാരതീയ കാവ്യശാസ്ത്ര നിഘണ്ടു" ആ മേഖലയിലെ പഠിതാക്കള്‍ക്കും ഗവേഷകള്‍ക്കും അധ്യാപകര്‍ക്കും വളരെ ഉദാത്തമായ മാര്‍ഗദര്‍ശനമാണ്. സംസ്കൃതാലങ്കാരികന്മാര്‍ക്കു പുറമെ, ആറ്റൂര്‍ കൃഷ്ണപിഷാരടിയുടെ സംഗീതചന്ദ്രികയും രസിക രത്നവും എ ആര്‍ രാജരാജവര്‍മയുടെ ഭാഷാഭൂഷണവും ഈ നിഘണ്ടുവില്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ മൗലികകൃതികളെ തലങ്ങും വിലങ്ങും പരിശോധിച്ച് ഭാരതീയ കാവ്യശാസ്ത്രത്തിലെ ഓരോ സങ്കേതത്തെയും വ്യാഖ്യാന ഭേദങ്ങളോടെ അകാരാദി ക്രമത്തില്‍ ചിട്ടപ്പെടുത്തുകയെന്നത് വളരെ ശ്രമസാധ്യമായ ഒരു കാര്യമാണ്. നൂറ്റാണ്ടുകളായി ഭാരതീയ കാവ്യശാസ്ത്രത്തിലെ ചിന്തകന്മാരുടെയും സിദ്ധാന്തകാരന്മാരുടെയും വ്യാഖ്യാതാക്കളുടെയും മനസ്സിനെ മഥിച്ചതും ഇന്നും ലോകത്തെങ്ങുമുള്ള സൗന്ദര്യശാസ്ത്ര പഠിതാക്കള്‍ക്ക് വാക്കും വെളിച്ചവുമായിരിക്കുന്നതുമായ കാവ്യസങ്കേതങ്ങളെ അവയുടെ അര്‍ഥഗാംഭീര്യത്തോടെയും പ്രസക്തിയോടെയും ഈ നിഘണ്ടുവില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

കാവ്യശാസ്ത്രത്തിലെ സങ്കേതങ്ങള്‍ക്ക് ഓരോ ആചാര്യനും അവരുടെ കൃതിയില്‍ വ്യത്യസ്തമായ നിര്‍വചനങ്ങളും വിഭജനങ്ങളും ഉദാഹരണങ്ങളുമാണ് നല്‍കിക്കാണുന്നത്. എന്നാല്‍, കേന്ദ്ര ആശയത്തിന്റെ കാര്യത്തില്‍ സമാനതയും കാണുന്നുണ്ട്. ഇപ്രകാരം നാനാതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതും നിര്‍വചിക്കപ്പെട്ടിട്ടുള്ളതുമായ സാങ്കേതിക പദാവലികളെ ക്രോഡീകരിച്ച്, ആ വ്യത്യസ്തതകളുടെ അര്‍ഥസൗന്ദര്യങ്ങള്‍ അല്‍പ്പംപോലും ചോര്‍ന്നുപോകാതെ ഇണക്കിച്ചേര്‍ത്തതാണ് "ഭാരതീയ കാവ്യശാസ്ത്ര നിഘണ്ടു"വിന്റെ വിജയവും പ്രസക്തിയും. "അപ്രസ്തുതപ്രശംസ" എന്ന അലങ്കാരത്തെപ്പറ്റിയുള്ള ഒട്ടേറെ ലക്ഷണകല്‍പ്പനകള്‍ ആ പദത്തെ മുന്‍നിര്‍ത്തിക്കൊണ്ട് സൂചിപ്പിക്കുന്നു. ഒരു അര്‍ഥാലങ്കാരമാണെന്നു പറഞ്ഞശേഷം കാവ്യാലങ്കാരം (ഭാമഹന്‍), കാവ്യാദര്‍ശം (ദണ്ഡി), കാവ്യാലങ്കാരസൂത്രവൃത്തി (വാമനന്‍), കുവലയാനന്ദം (അയ്യപ്പദീക്ഷിതര്‍), സാഹിത്യദര്‍പ്പണം (വിശ്വനാഥന്‍) എന്നീ ഗ്രന്ഥങ്ങളില്‍നിന്ന് പ്രസ്തുത അലങ്കാരത്തെ സംബന്ധിച്ച ലക്ഷണകല്‍പ്പനകള്‍ ഉദ്ധരിക്കുന്നു. ഒപ്പംതന്നെ അപ്രസ്തുത പ്രശംസയുടെ പ്രകാരഭേദങ്ങളെയും പരാമര്‍ശിക്കുന്നു. ഇപ്രകാരം അലങ്കാരങ്ങളെ ഓരോന്നിനെയുംപറ്റി ഭാരതീയ കാവ്യശാസ്ത്രകാരന്മാരുടെ വിശദീകരണങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ട് ആ അലങ്കാരത്തിന്റെ സമഗ്രമായ ഒരുവിജ്ഞാനം ലഭിക്കത്തക്കവിധമാണ് കൈകാര്യംചെയ്തിട്ടുള്ളത്.

അലങ്കാരപദ്ധതിയിലെയും നാടകസങ്കല്‍പ്പത്തിലെയും ഓരോ ചെറിയ അംശത്തെപ്പോലും വിട്ടുകളയാതെ ഉള്‍ച്ചേര്‍ത്തിരിക്കുന്നതിലൂടെ സമഗ്രതയുടെ സാഫല്യം വായനക്കാര്‍ക്കും ലഭിക്കുന്നു. നാട്യശാസ്ത്രവുമായി ബന്ധപ്പെട്ട് നൂറ്റിയിരുപതില്‍പ്പരം പദങ്ങളാണ് ഈ നിഘണ്ടുവില്‍ കാണുന്നത്. ചലയിടങ്ങളിലെങ്കിലും ഈ നിഘണ്ടു ഒരു വിജ്ഞാനകോശത്തിന്റെ മേഖലയിലേക്ക് മാറുന്നുണ്ട്. ഉദാഹരണത്തിന്, "സൂത്രധാരന്‍" എന്ന പദത്തെ സംബന്ധിച്ചുള്ള വിവരണങ്ങള്‍ക്ക് ഈ നിഘണ്ടുവില്‍ മൂന്നുപേജ് നീക്കിവച്ചിരിക്കുന്നു. നാട്യസംഘത്തിലെ ഒരംഗം എന്ന പ്രാഥമികമായ ഒരര്‍ഥംകൊണ്ട് തൃപ്തിയടയാതെ സൂത്രധാരനെപ്പറ്റി നാട്യശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള ഗുണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ പത്തു ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നു. ഭാവപ്രകാശനം (ശാരദാതനയന്‍), കാവ്യേന്ദുപ്രകാശം (കാമരാജ ദീക്ഷിതര്‍) എന്നിവകളിലെ സൂത്രധാരസങ്കല്‍പ്പംകൂടി പരാമര്‍ശിച്ചുകൊണ്ടാണ് അത് അവസാനിപ്പിക്കുന്നത്.

ഇത്തരത്തില്‍ ഓരോ സംജ്ഞയ്ക്ക് അവശ്യംവേണ്ട വസ്തുതകളും വിവരണങ്ങളും പല മൗലികഗ്രന്ഥങ്ങളില്‍നിന്നായി തെരഞ്ഞുപിടിച്ച് ഒരിടത്ത് കൊണ്ടുവരുമ്പോള്‍ പഠിതാക്കള്‍ക്കു ലഭിക്കുന്ന ആശയവ്യക്തതയാണ് ഈ നിഘണ്ടുവിന്റെ ഏറ്റവും വലിയ സംഭാവന. അലങ്കാരം, ഗുണം, രീതി, ധ്വനി, അനുമാനം, വക്രോക്തി, ഔചിത്യം, രസം എന്നീ പദ്ധതികളിലായി പരന്നുകിടക്കുന്ന ബൃഹത്തായ കാവ്യമീമാംസാസമ്പ്രദായമാണ് ഭാരതത്തിനുള്ളത്. ഭാമഹന്‍, ദണ്ഡി, വാമനന്‍, ആനന്ദവര്‍ധനന്‍, മഹിമഭട്ടന്‍, ക്ഷേമേന്ദ്രന്‍, അഭിനവഗുപ്തന്‍, മമ്മട ഭക്തന്‍ തുടങ്ങിയ അസംഖ്യം ആചാര്യന്മാരുടെ ചിന്തകളുടെ ഈടുവയ്പുകളാണ് ഓരോ പ്രാമാണികഗ്രന്ഥവും. അവയെ സവിസ്തരം താരതമ്യംചെയ്ത് പഠിച്ച് കാവ്യസങ്കേതങ്ങളെ ഗുളികരൂപത്തിലാക്കി നിബന്ധിക്കുകയെന്ന യത്നം അഭിനന്ദനാര്‍ഹമാണ്.

ചായം ധര്‍മരാജന്‍

ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments: