Sunday, March 3, 2013

ഗ്രീന്‍ മുബാസ്സറ

ജബല്‍ ഹാഫിത്- യുഎഇയുടെ "കണ്ണാ"യ അല്‍ ഐനിലാണ് രാജ്യത്തെ ഏറ്റവും ഉയരംകൂടിയ ഈ പര്‍വതം. സമുദ്രനിരപ്പില്‍നിന്ന് 4100 അടിയോളം ഉയരത്തില്‍ ചാരനിറമുള്ള മണ്‍കൂനകളും പാറക്കെട്ടുകളും. മഴ പെയ്യാത്ത ഈ നാട്ടില്‍ മറ്റെന്ത് പ്രതീക്ഷിക്കാനാണ് എന്നാണ് ചോദ്യമെങ്കില്‍ തെറ്റി. ജബല്‍ ഹാഫിതിന്റെ അടിവാരമായ മുബാസ്സറയിലെ മടുപ്പിക്കുന്ന നരച്ച മൊട്ടക്കുന്നുകള്‍ മാറിക്കഴിഞ്ഞു. പ്രകൃതിയുടെ കാഠിന്യത്തെ വിനീതമായി വെല്ലുവിളിച്ചുകൊണ്ട് മരുഭൂമിയെ ഹരിതാഭമാക്കാന്‍ നിശ്ചയാര്‍ഢ്യത്തോടെ മനുഷ്യന്‍ നടത്തിയ പരിശ്രമങ്ങള്‍ സാര്‍ഥകം. ഇവിടം ഇപ്പോള്‍ ഗ്രീന്‍ മുബാസ്സറ. കണ്ടുകണ്ടങ്ങിരിക്കുന്ന കാടുകള്‍ ദിനങ്ങള്‍കൊണ്ട് കണ്ടില്ലെന്നു വരുത്തുന്ന മലയാളിക്ക് ഒരു പാഠമാണ് മുബാസ്സറ.

വനവിസ്തൃതിയും നെല്‍പ്പാടങ്ങളും കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ പകുതിയാക്കി മാറ്റിയവരാണ് നമ്മള്‍. ഫലമോ ഈ സീസണില്‍ മഴയിലുണ്ടായ കുറവ് ഏകദേശം 35 ശതമാനം. ജനുവരിയില്‍ത്തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു- കേരളം വരള്‍ച്ചബാധിത പ്രദേശം. ഭൗമശാസ്ത്ര പഠനങ്ങള്‍ വെളിപ്പെടുത്തുന്നു- ഹരിത കേരളത്തിന്റെ മൂന്നില്‍രണ്ടുഭാഗം മരുഭൂമിയാകുന്നതിന്റെ ലക്ഷണങ്ങള്‍. കുടിവെള്ളം കിട്ടാതെ തൊണ്ടപൊട്ടി ചാവുന്ന കാലം വിദൂരത്തല്ലെന്ന് വിദഗ്ധര്‍. ഇങ്ങനെ സ്വയംകുഴിച്ച ആര്‍ത്തിയുടെ കുഴിയില്‍ വീണുകിടക്കുന്ന മലയാളി കാണണം, കടുത്ത വേനലും പൊടിക്കാറ്റും പിന്നെ കഠിനശൈത്യവും മാത്രമുള്ള ഒരു പ്രദേശത്തെ എങ്ങനെ മാറ്റിത്തീര്‍ത്തിരിക്കുന്നുവെന്ന്. നമ്മുടെ നാട്ടിലെ വനവല്‍ക്കരണംപോലൊരു പരിപാടിയായിരുന്നില്ല മുബാസ്സറയില്‍ നടന്നത്. വെറുതെ നട്ടുവച്ചതുകൊണ്ടുമാത്രം വൃക്ഷങ്ങള്‍ വളരുന്ന കാലാവസ്ഥയുമല്ലല്ലോ ഇവിടെ. വര്‍ഷത്തില്‍ ഏതാനും ദിവസം മഴ ലഭിച്ചെങ്കിലായി. അതിനാല്‍, വര്‍ഷം മുഴുവന്‍ ജലസേചനം നടത്തണം. കടുത്ത വേനലും കൊടും ശൈത്യവും- ഇതാണ് ഗള്‍ഫില്‍ പ്രകടമായ ഋതുക്കള്‍. മെയ് മുതല്‍ സെപ്തംബര്‍വരെ ഉഷ്ണകാലം. ഒക്ടോബര്‍മുതല്‍ ഫെബ്രുവരിവരെ എല്ലുതുളയ്ക്കുന്ന തണുപ്പ്. അതിനിടയിലെവിടെയോ ജനുവരിയുടെ ഒടുവില്‍ ഒരു നീര്‍ച്ചാലുപോലെ ഏതാനും ആഴ്ചകള്‍മാത്രമുളള വസന്തം. അപ്പോഴാണ് ഈന്തപ്പനകള്‍ പൂക്കുന്നത്. ജൂണ്‍, ജൂലൈ ആകുമ്പോഴേക്കും അന്തരീക്ഷത്തില്‍ ഈന്തപ്പഴത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധം നിറയും. അത് വിളവെടുപ്പിന്റെ നാളുകള്‍. നവംബര്‍ പിറന്നാല്‍ ദേശാടനപ്പക്ഷികള്‍ കൂട്ടമായി ചിറകടിച്ചെത്തും. ഫെബ്രുവരിവരെ കടല്‍ത്തീരങ്ങളിലും തടാകക്കരയിലും പാര്‍ക്കുകളിലും ഗ്രേറ്റ്ഗള്‍, ബ്ലാക്ക് ഹെഡഡ്ഗള്‍ എന്നീ ഇനത്തില്‍പ്പെട്ട കടല്‍കാക്കകള്‍ പറന്നിറങ്ങും. കേരളത്തില്‍ വന്നുപോകുമായിരുന്ന സൈബീരിയന്‍ കൊക്കുകളെയാണ് ഈ കടല്‍കാക്കകളെ കാണുമ്പോള്‍ നാമോര്‍ക്കുക. ആയിരക്കണക്കിനു കിലോമീറ്ററുകള്‍ കടന്ന് നമ്മുടെ വയലുകളും കൊറ്റിത്താവളങ്ങളും തേടി അവ ഇപ്പോള്‍ വരാറുണ്ടോ?

സമുദ്രജലമുപയോഗിച്ചാണ് മലമ്പ്രദേശമായ മുബാസ്സറയില്‍ ജലസേചനം നടത്തുന്നത്. കടല്‍വെള്ളത്തിലെ ഉപ്പ് നീക്കംചെയ്തശേഷമാണ് ഉപയോഗിക്കുന്നത്. ഉപയോഗം കഴിഞ്ഞശേഷം ഒഴുക്കിക്കളയുന്ന ജലവും ഡ്രെയിനേജ് ജലവും സംസ്കരിച്ച് ഉപയുക്തമാക്കാറുണ്ട്. മലമുകളിലെങ്ങും നെടുകെയും കുറുകെയും കിടക്കുന്ന ചെറിയ ജലസേചന പൈപ്പുകള്‍ സൂക്ഷ്മനിരീക്ഷണത്തിലേ കാണാനാകൂ. ഇതാണ് ജലസേചനത്തിന്റെ ധമനികള്‍. ചില മരങ്ങള്‍ വലുതായി കഴിഞ്ഞാല്‍ പിന്നെ ജലസേചനം നിര്‍ബന്ധമില്ല. കാഫ് മരങ്ങള്‍ അത്തരത്തില്‍ പെട്ടതാണ്. എന്നാല്‍, ഇത് അപൂര്‍വമായി കാണപ്പെടുന്ന മരുപ്പച്ചകളില്‍പ്പെട്ട സസ്യമാണ്. വംശനാശം നേരിടുന്ന സസ്യയിനത്തില്‍പ്പെട്ടത്. കാഫ് കൂടാതെ വിവിധയിനം അക്കേഷ്യകളും വിവിധയിനം പുല്ലുകളും നന്നായി പിടിപ്പിച്ചിട്ടുണ്ട്.

കനത്ത വേനലാകുമ്പോള്‍ പലപ്പോഴും സസ്യങ്ങള്‍ ഉണങ്ങാന്‍ തുടങ്ങും. പുല്ലുകളാണ് ആദ്യം കരിഞ്ഞുപോകുക, വേണ്ട ശുശ്രൂഷ നല്‍കിയും പുതിയവ നട്ടുപിടിപ്പിച്ചും ഈ ഹരിതസമ്പത്ത് നിലനിര്‍ത്താന്‍ ഇവിടത്തെ ജനത നടത്തുന്ന പരിശ്രമം കണ്ട് നാം ലജ്ജിക്കണം. അബുദാബി ടൂറിസംവകുപ്പും നഗരസഭയും ജനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന അശ്രാന്ത പരിശ്രമത്തിന്റെ പരിണതഫലമാണ് ഗ്രീന്‍ മുബാസ്സറ. ഒരു ജനതയുടെ ഹരിത സ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരം അസാധ്യമല്ലെന്നതിന്റെ അടയാളം. ഗ്രീന്‍ മുബാസ്സറയില്‍ പല കുന്നുകളും ഭാഗികമായി പച്ചപുതച്ചു കഴിഞ്ഞു. ക്രമേണ മുഖഛായതന്നെ മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഒമാനോട് അതിരിട്ടു കിടക്കുന്ന ജബല്‍ ഹാഫിതും ഹരിതാഭമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചില ഭാഗങ്ങളില്‍ ഇപ്പോള്‍ത്തന്നെ മരങ്ങളും പുല്ലും പിടിപ്പിച്ചിട്ടുണ്ട്. ജബല്‍ ഹാഫിതിന്റെ 4000 അടി ഉയരത്തില്‍വരെ സഞ്ചരിക്കാന്‍ നല്ല റോഡുണ്ട്. മലമുകളില്‍ റിസോര്‍ട്ടുകളും ഹോട്ടലുകളുമുണ്ട്. ഏറ്റവും മുകളില്‍നിന്ന് ഗ്രീന്‍ മുബാസ്സറയിലേക്കുള്ള കാഴ്ച അതിമനോഹരമാണ്. മലമുകളില്‍ കഫെറ്റീരിയയുണ്ട്. അവിടെയും മലയാളികളുണ്ട്.

കൊടും തണുപ്പുള്ള ജനുവരിയിലാണ് ഒടുവില്‍ ഞങ്ങള്‍ ജബല്‍ ഹാഫിത് സന്ദര്‍ശിച്ചത്. മൃഗങ്ങളും പക്ഷികളും ജബല്‍ ഹാഫിത് മലയില്‍ ഉണ്ടെങ്കിലും ഒന്നിനെയെങ്കിലും കാണാത്ത സങ്കടത്തിലായിരുന്നു ഞങ്ങള്‍. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ചുവന്ന ചെറിയ ഒരിനം കുറുക്കന്‍- ചെവിക്ക് അല്‍പ്പം നീളംകൂടും, ഗസല്‍ മാന്‍, താര്‍ (ഒരിനം കാട്ടാട്), ഉടുമ്പുകള്‍, മുയലുകള്‍, വിവിധയിനം പാമ്പുകള്‍ മുതലായവയുമുണ്ട്. തലയില്‍ ഒറ്റക്കൊമ്പോടുകൂടിയ ഒരിനം പാമ്പ് ഉഗ്രവിഷമുള്ളവയാണ്. മഞ്ഞ കലര്‍ന്ന ചുവപ്പ് നിറമുള്ള ഇവ മണല്‍പ്രദേശങ്ങളിലും പര്‍വതങ്ങളിലും വസിക്കുന്നു. അധിവസിക്കുന്ന പ്രദേശത്തെ ചുറ്റുപാടുകളിലെ നിറങ്ങളില്‍നിന്ന് ഇവയെ തിരിച്ചറിയുക എളുപ്പമുള്ള കാര്യമല്ല. മണലിലാണെങ്കില്‍ ഇഴഞ്ഞ പാടുനോക്കി വേണം കണ്ടെത്താന്‍. മലമ്പ്രദേശത്ത് അതും സാധ്യമല്ല. ഇവ കൂടാതെ ഈജിപ്തുകാരായ പരുന്തുകള്‍, ഫാല്‍ക്കന്‍, ചെറിയ ഇനം അറേബ്യന്‍ മൂങ്ങകള്‍, സാന്‍ഡ് പാട്രിഡ്ജ് (തവിട്ടുനിറത്തിലുള്ള വലിയ ഒരിനം കാട), ഹൌബറ മുതലായവയുമുണ്ട്. ഹൌബറ മിക്കവാറും ദേശാടനക്കാലം കഴിയുമ്പോള്‍ മടങ്ങിപ്പോകും. കുരുവികള്‍, ബുള്‍ബുള്‍, അരിപ്രാവുകള്‍ മുതലായവയും ഇവിടെ കാണപ്പെടുന്നു. ബുള്‍ബുള്‍, അരിപ്രാവുകള്‍, ഫാല്‍ക്കന്‍ മുതലായവയെ യാത്രയ്ക്കിടെ ഞങ്ങള്‍ കണ്ടിരുന്നു. ജബല്‍ ഹാഫിതും ഗ്രീന്‍ മുബാസ്സറയും ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളാണ് ഇപ്പോള്‍. ഒരു കാലത്ത് ഈ മലനിരകള്‍ വൃക്ഷനിബിഡമായിരുന്നെന്നും ഭൂമിയുടെ പാളികളിലുണ്ടായ ചലനങ്ങള്‍മൂലം ഇവിടം വെള്ളത്തിനടിയിലായതാണെന്നും ചില ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഏറെക്കാലം വെള്ളത്തിനടിയിലായിരുന്നതിന്റെ ലക്ഷണങ്ങള്‍ ആര്‍ക്കും നിരീക്ഷിക്കാം. പവിഴപ്പുറ്റുകളുടെ അവശിഷ്ടങ്ങളും കക്കകളുടെയും ശംഖുകളുടെയും മറ്റ് ജലജീവികളുടെയും ഫോസിലുകളും ഇവിടെ കാണാം. മരുഭൂമലകള്‍തന്നെ പുരാതന ജീവികളുടെ അസ്ഥിപഞ്ജരങ്ങളെ ഓര്‍മിപ്പിക്കും. വനനിബിഡമായ പവര്‍വതപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുകയും നൂറ്റാണ്ടുകളുടെ ജൈവ പരിണാമങ്ങളിലൂടെ ഇവിടെ പെട്രോളിയം രൂപപ്പെടുകയും ചെയ്തതായി പഠനങ്ങള്‍ തെളിയിക്കുന്നു. യുഎഇയിലെ പ്രമുഖ പെട്രോളിയം കമ്പനിയായ അഡ്നോക്കിലെ ചില വിദ്യാര്‍ഥികളും പ്രൊഫസര്‍മാരും ബ്രിട്ടീഷ് വിദഗ്ധരും ചേര്‍ന്ന് കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ ഗവേഷണം ഈ നിരീക്ഷണത്തെ സാധൂകരിക്കുന്നുണ്ട്. അബുദാബി സര്‍ക്കാരിന്റെ ചില രേഖകളും ഇത് ശരിവയ്ക്കുന്നതാണ്. പുരാതന ഗുഹാമനുഷ്യര്‍ നിവസിച്ച ഗുഹകളുടെ ശേഷിപ്പുകളും ഇത്തരം മലകളില്‍ കണ്ടെത്തിയതായി പറയപ്പെടുന്നു. ചരിത്രവും പ്രകൃതിയും സംയോജിക്കുകയാണ് ഗ്രീന്‍ മുബാസ്സറയില്‍. യുഎഇ ലോകത്തിനുമുന്നില്‍വയ്ക്കുന്ന മാതൃകയായി ഇവിടം മാറുന്നു. * അല്‍ ഐന്‍ എന്നാല്‍ അറബിയില്‍ കണ്ണ് എന്നാണ് അര്‍ഥം, ജബല്‍ എന്നാല്‍ പര്‍വതമെന്നും.

പച്ചത്തുരുത്തുകള്‍ പിന്നെയും...

ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും ഹരിതാഭമായ നഗരമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞ അല്‍ ഐന്‍ അബുദാബി പ്രവിശ്യയിലാണ്. ഈ പാതപിന്തുടര്‍ന്ന് യുഎഇയിലെ ഇതര പ്രവിശ്യകളും മരുഭൂമി ഹരിതവല്‍ക്കരിക്കാനുള്ള കഠിനപരിശ്രമത്തിലാണ്. ദുബായില്‍ ഭരണാധികാരികള്‍ ശ്രദ്ധചെലുത്തുന്നത് കൂടുതലും ക്ലസ്റ്റര്‍ പാര്‍ക്കുകള്‍ നിര്‍മിക്കുന്ന കാര്യത്തിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍മാത്രം നിരവധി പാര്‍ക്കുകള്‍ ഇത്തരത്തില്‍ നിര്‍മിച്ചു. അതില്‍ പ്രധാനപ്പെട്ടതാണ് സഅബീല്‍ പാര്‍ക്കും നാദ് അല്‍ ഹമര്‍ പാര്‍ക്കും. കൂടാതെ നിരവധി ചെറുപാര്‍ക്കുകളും. അബുദാബിയിലെ കണ്ടല്‍ക്കാടുകള്‍, ദുബായിലെ റാസ് അല്‍ ഖോര്‍ നീര്‍ത്തടം, കല്‍ബയിലെ കണ്ടല്‍ക്കാടുകള്‍ എന്നിവ അതത് പ്രവിശ്യ സര്‍ക്കാരിന്റെ പ്രത്യേക സംരക്ഷണത്തിന്‍ കീഴിലാണ്. കഴിഞ്ഞവര്‍ഷംവരെയും ഒരു നിയന്ത്രണവും കൂടാതെ സന്ദര്‍ശകര്‍ എത്തിക്കൊണ്ടിരുന്ന കല്‍ബയിലെ മുന്നൂറോളം ഹെക്ടര്‍വരുന്ന കണ്ടല്‍ക്കാടുകളില്‍ 2012 ഒടുവില്‍ ഷാര്‍ജ സര്‍ക്കാര്‍ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. വലിയ തടാകത്തിനു ചുറ്റും സ്ഥിതിചെയ്യുന്ന ഈ കണ്ടല്‍വനങ്ങള്‍ക്ക് അതിരിട്ടു കിടക്കുന്നത് ഖോര്‍ഫക്കാന്‍ മലനിരകളാണ്. കൂടുതല്‍ സൗകര്യങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ട് ഈ പ്രദേശത്തേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം വൈകാതെ സാധ്യമാക്കുമെന്ന് അധികൃതര്‍ പറയുന്നു. ഇപ്പോള്‍ അങ്ങോട്ടുള്ള പാലം അടയ്ക്കുകയും സെക്യൂരിറ്റി പോസ്റ്റ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


*
പുന്നയൂര്‍ക്കുളം സെയ്നുദീന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ്

No comments: