Sunday, March 3, 2013

ഊര്‍ജസ്വലനായ ട്രേഡ്യൂണിയന്‍ നേതാവ്

അന്തര്‍ദേശീയ, ദേശീയ, ശാസ്ത്ര, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരന്തരം പഠനം നടത്തിയ ഊര്‍ജസ്വലനായ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു വി ബി ചെറിയാന്‍. മാര്‍ക്സിസം-ലെനിനിസത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന നേതാവ്. വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ക്കൂടിയാണ് സിപിഐ എമ്മിലേക്ക് അദ്ദേഹം എത്തിയത്. ഇലക്ട്രിക്കല്‍ എന്‍ജിനിയറായിരുന്ന ചെറിയാന്‍ ഫാക്ടിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ എന്‍ജിനിയറായി. ജോലിയിലിരിക്കുമ്പോഴും പാര്‍ടി പ്രവര്‍ത്തനത്തില്‍ സജീവമായി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജോലി രാജിവച്ചു. എറണാകുളത്തുനിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ജയിച്ചില്ല. ഇതോടെ അദ്ദേഹം പാര്‍ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായി. മന്ത്രി ടി കെ രാമകൃഷ്ണന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിതനായി. പിന്നീട് സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത അദ്ദേഹം ഈ കാലഘട്ടത്തിലാണ് ട്രേഡ്യൂണിയന്‍രംഗത്ത് കൂടുതല്‍ സജീവമായത്. ഷിപ്പ്യാര്‍ഡിലെ ട്രേഡ്യൂണിയന്‍ നേതാവായിരുന്നു. സിഐടിയുവിന്റെ അഖിലേന്ത്യാ സെക്രട്ടറിമാരില്‍ ഒരാളായി ഡല്‍ഹി കേന്ദ്രീകരിച്ച് കുറച്ചുകാലം പ്രവര്‍ത്തിച്ചു.

ക്യൂബയില്‍ നടന്ന അന്താരാഷ്ട്ര ട്രേഡ്യൂണിയന്‍ സമ്മേളനത്തില്‍ ചെറിയാനുമൊത്ത് പങ്കെടുത്തത് മറക്കാനാകാത്ത ഓര്‍മയാണ്. സമ്മേളനം കഴിഞ്ഞ് അമേരിക്ക സന്ദര്‍ശിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍, ക്യൂബയില്‍നിന്ന് നേരിട്ട് അമേരിക്കയിലേക്കുള്ള വിസ ലഭിക്കാത്തതിനാല്‍ കനഡയിലേക്ക് പുറപ്പെട്ടു. അവിടെ ബന്ധുക്കളോടൊപ്പം കുറച്ചുദിവസം താമസിച്ച് വിസ ശരിയാക്കി അമേരിക്കയിലേക്ക് പുറപ്പെടുകയായിരുന്നു.

ആഴത്തിലുള്ള പഠനവും വായനയും എഴുത്തും പ്രവര്‍ത്തനവും അദ്ദേഹത്തെ പാര്‍ടിയുടെ നേതൃത്വത്തിലേക്കുയര്‍ത്തി. 1991ല്‍ കോഴിക്കോട്ട് നടന്ന സിപിഐ എമ്മിന്റെ സംസ്ഥാനസമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. ചില വിഷയങ്ങളില്‍ പാര്‍ടിയുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. 96ല്‍ പാലക്കാട്ട് നടന്ന സിപിഐ എമ്മിന്റെ സംസ്ഥാന സമ്മേളനത്തെ തുടര്‍ന്ന് സേവ് ഫോറം എന്ന പേരില്‍ രേഖയുണ്ടാക്കി അണികള്‍ക്കിടയില്‍ വിതരണം ചെയ്തതായി പാര്‍ടി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെടുത്തത്. പാര്‍ടിയില്‍നിന്ന് പുറത്തായതിനുശേഷം ചെറിയാന്‍ മുന്‍കൈയെടുത്ത് മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ യുണൈറ്റഡ് എന്ന പേരില്‍ പുതിയ പാര്‍ടി രൂപീകരിക്കുയും സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയുമായിരുന്നു. "നവപഥം" എന്ന പേരില്‍ ആ പാര്‍ടിയുടെ മുഖപത്രം ആരംഭിച്ച് അതിന്റെ പത്രാധിപസ്ഥാനവും വഹിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക അസമത്വത്തെക്കുറിച്ചും ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചും മികച്ച ലേഖനങ്ങള്‍ അതില്‍ എഴുതി. കൂടംകുളം ആണവനിലയത്തെക്കുറിച്ചും ദൈവകണത്തെക്കുറിച്ചും അടുത്തകാലത്ത് അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ പരക്കെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ട്രേഡ്യൂണിയന്‍ ഐക്യത്തിനായി നിലകൊണ്ട അനുഭവവും വൈജ്ഞാനികസമ്പത്തുമുള്ള നേതാവിനെയാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ നഷ്ടമായത്.

*
എം എം ലോറന്‍സ്

No comments: