Sunday, March 31, 2013

പ്രത്യാശയുടെ സന്ദേശം

പുനരുത്ഥാനം പല വീക്ഷണകോണിലൂടെയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു ക്രിസ്തീയ ദര്‍ശന സമസ്യയാണ്. ശാരീരികവും സാമ്പത്തികവും സാമൂഹ്യവും മറ്റുമായി വ്യക്തിജീവിതത്തിലോ കുടുംബത്തിലോ സംഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും തിരിച്ചടികള്‍ക്കും ലഭിക്കുന്ന ആത്മീയ പരിഹാരമായി പലരും പുനരുത്ഥാനത്തെ വ്യാഖ്യാനിക്കാറുണ്ട്. യേശുവിന്റെ ജീവിതം നമുക്ക് പക്ഷേ മറ്റൊരു സന്ദേശമാണ് നല്‍കുന്നത്? പീഡാനുഭവത്തെയും ഉയിര്‍പ്പിനെയും കുറിച്ച് യേശു ശിഷ്യന്മാരോട് ഇങ്ങനെ പറയുന്നു. "ഇതാ നാം ജെറുശലേമിലേക്കാണ് പോകുന്നത്. അവിടെവച്ച് മനുഷ്യപുത്രന്‍ മുഖ്യപുരോഹിതന്മാരുടേയും വേദജ്ഞരുടേയും കൈകളില്‍ ഏല്‍പ്പിക്കപ്പെടും. അവര്‍ അവന്് മരണശിക്ഷ വിധിക്കും. അവനെ വിജാതീയര്‍ക്ക് ഏല്‍പ്പിച്ച് കൊടുക്കും. അവര്‍ അവനെ പരിഹസിക്കും. അവന്റെ മേല്‍ തുപ്പും. അവനെ ചാട്ടകൊണ്ട് അടിക്കും, കൊല്ലും. മൂന്നു ദിവസം കഴിഞ്ഞ് അവന്‍ ഉയിര്‍ത്തെഴുനേല്‍ക്കും" (മര്‍ക്കോസ് 10:33-34) പിന്നീട് എന്താണ് സംഭവിച്ചതെന്ന് പുതിയ നിയമത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

"പട്ടാളക്കാര്‍ അവനെ ഒരു ചെങ്കുപ്പായം ധരിപ്പിച്ചു. മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞുണ്ടാക്കി അവര്‍ അത് അവന്റെ തലയില്‍ വച്ചു. യഹൂദരുടെ രാജാവേ ജയിച്ചാലും എന്നു പറഞ്ഞ് അവര്‍ അവനെ വന്ദിക്കാന്‍ തുടങ്ങി. അവര്‍ ഞാങ്ങണ കൊണ്ട് അവന്റെ ശിരസ്സില്‍ അടിക്കയും അവന്റെ മുഖത്ത് തുപ്പുകയും മുട്ടുകുത്തി അവനെ നമസ്കരിക്കയും ചെയ്തു. ഇങ്ങനെ പരിഹസിച്ചശേഷം അവര്‍ ചെങ്കുപ്പായം അഴിച്ചുമാറ്റി അവനെ സ്വന്തം വസ്ത്രം തന്നെ ധരിപ്പിച്ചു. പിന്നെ അവര്‍ അവനെ ക്രൂശിക്കാന്‍ കൊണ്ടുപോയി". (മര്‍ക്കോസ് 15:16-20)."ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഉയിര്‍ത്തെഴുന്നേറ്റ യേശു ആദ്യം മഗ്ദലമറിയത്തിന്നു പ്രത്യക്ഷനായി" (മാര്‍ക്കോസ് 16:9) ബൈബിളില്‍ വചനങ്ങളുടെ ശ്രദ്ധാപൂര്‍വമായ വായന പുനരുത്ഥാനം ഒറ്റപ്പെട്ട ഒരു അത്ഭുതസംഭവമല്ലെന്ന് വെളിപ്പെടുത്തുന്നുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പ്പിനു മുന്‍പ് നടന്ന സംഭവപരമ്പരകളുടെ തുടര്‍ച്ചയും അവയോടുള്ള ധാര്‍മിക പ്രതികരണവും കൂടിയാണത്.

നീതിക്കുവേണ്ടി യേശുനടത്തിയ പ്രബോധനങ്ങള്‍ ഫരിസേയരെയും സദ്ദൂക്കിയരെയും വേദജ്ഞരെയും പ്രകോപിപ്പിക്കുന്നതുകൊണ്ടാണ് യേശുവിന് കുരിശിലേക്കുള്ള യാത്ര ആരംഭിക്കേണ്ടിവരുന്നത്. അതിക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി രണ്ട് കൊള്ളക്കാരോടൊപ്പം കുരിശുമരണം വരിച്ചതിനെ തുടര്‍ന്നാണ് പുനരുത്ഥാനവും തുടര്‍ന്ന് സ്വര്‍ഗാരോഹണവും സംഭവിക്കുന്നതെന്നാണ് ബൈബിളിന്റെ ശ്രദ്ധാപൂര്‍വമായ വായന വെളിപ്പെടുത്തുന്നത്. നീതിക്കുവേണ്ടിയുള്ള നിര്‍ഭയമായ പോരാട്ടം, ഭരണകൂടം, പൗരോഹിത്യം തുടങ്ങിയ വ്യവസ്ഥാപിത അധികാര സ്ഥാപനങ്ങളുമായുള്ള ഏറ്റുമുട്ടല്‍, ഭരണകൂടത്തിന്റെ നീതിരഹിതമായ ഇടപെടല്‍, വിചാരണ, അനീതിയാണെന്നറിഞ്ഞുകൊണ്ട് തന്നെയുള്ള ശിക്ഷവിധിക്കല്‍, അതിഭീകരമായ പീഡനം, ക്രൂശിക്കല്‍ ഇവയെല്ലാം അടങ്ങിയ പരസ്പര ബന്ധിതങ്ങളായ സംഭവങ്ങളുടെ ആകെത്തുകയാണ് ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കുന്നതെന്ന് കാണാന്‍ കഴിയും. ഒന്നിനെ മറ്റൊന്നില്‍ നിന്നും മാറ്റി നിര്‍ത്തി പുനരുത്ഥാനത്തിന്റെ ആന്തരികാര്‍ഥം മനസ്സിലാക്കാനാകില്ല. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ് പുനരുത്ഥാനത്തിന്റെ തുടക്കം. യേശു പറയുന്നുണ്ട്: "നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ സൗഭാഗ്യവാന്മാര്‍; അവര്‍ സംതൃപ്തിയടയും" (മത്തായി 5:6). "നീതിക്കുവേണ്ടി പീഡനമനുഭവിക്കുന്നവര്‍ സൗഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്" (മത്തായി 5:10) അമൂര്‍ത്തമായി നടത്താവുന്ന ഒന്നല്ല നീതിക്കുവേണ്ടിയുള്ള പോരാട്ടം. ആരുടെ പക്ഷത്തുനിന്നാണ്, ആര്‍ക്കുവേണ്ടിയാണ്, ആരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് യേശു ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. യേശു പറയുന്നു: "അധ്വാനിക്കുന്നവരെ, കനത്ത ഭാരം ചുമക്കുന്നവരെ, നിങ്ങള്‍ ഏവരും എന്റെയടുക്കല്‍ വരിക" (മത്തായി 11:28). അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും സ്വര്‍ഗരാജ്യം മാത്രമല്ല നീതിയിലും തുല്യതയിലും അധിഷ്ഠിതമായ ഇഹലോകജീവിതവും നേടിക്കൊടുക്കുന്നതിനുള്ള പോരാട്ടമാണ് യേശുവിനെ കുരിശുമരണത്തിലേക്ക് നയിച്ചത്. താന്‍ മരിച്ചവരുടെ ദൈവമല്ല ജീവിക്കുന്നവരുടെ ദൈവമാണെന്ന് യേശു പറയുന്നുണ്ട് (മത്തായി 22:32). അദ്ദേഹം മാമോനെ (ധനദേവത) തിരസ്കരിച്ച് ദരിദ്രരും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുമായ മനുഷ്യരുടെ പക്ഷം ചേര്‍ന്നാണ് നിലയുറപ്പിച്ചത്. യേശുവിന്റെ പുനരുത്ഥാനം പ്രത്യാശയുടെ സന്ദേശമാണ് ദരിദ്രര്‍ക്കുവേണ്ടി പോരാടുന്നവര്‍ക്കെല്ലാം നല്‍കുന്നത്.

ഭരണകൂട മര്‍ദനോപകരണങ്ങളാല്‍ പീഡിപ്പിക്കപ്പെട്ടാലും കൊലചെയ്യപ്പെട്ടാലും ദരിദ്രപക്ഷ പ്രത്യയശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും വീണ്ടും ഉയിര്‍ത്തെഴുനേല്‍ക്കപ്പെടുമെന്ന് സമീപകാല ലോകാനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ലാറ്റിനമേരിക്കന്‍ ജനങ്ങളുടെ പക്ഷം ചേര്‍ന്ന് പോരാടി വീരചരമമടഞ്ഞ ഫാദര്‍ കാമിലോ ടോറസ്സും ഏണസ്റ്റോ ചെഗുവേരയും പ്രതിനിധാനം ചെയ്ത ആശയങ്ങള്‍ക്ക് ഉയിര്‍ത്തെഴുനേല്‍പ്പ് സംഭവിച്ചുകൊണ്ടിക്കുന്നത് ഒരു ലോകയാഥാര്‍ഥ്യമാണ്. അതുകൊണ്ടു കൂടിയാണ് ലാറ്റിനമേരിക്കയിലെ ഏകാധിപത്യ ഭരണകൂടങ്ങളുടെ സ്ഥാനത്ത് ജനങ്ങളോട് പ്രതിബന്ധതയും ഉത്തരവാദിത്വവുമുള്ള ജനകീയ ഭരണകൂടങ്ങള്‍ അധികാരത്തിലെത്തിയിട്ടുള്ളത്. വ്യക്തിജീവിതത്തിലും പൊതുരംഗത്തുമെല്ലാം നീതിക്കുവേണ്ടി പോരാടുകയും അധികാരസ്ഥാപനങ്ങളോട് ഏറ്റുമുട്ടി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നവര്‍ക്കെല്ലാം പ്രത്യാശയുടെ സന്ദേശം നല്‍കുന്ന സന്ദര്‍ഭമാണ് ക്രിസ്തുവിന്റെ ഉയര്‍ത്തെഴുനേല്‍പ്പിനെ ഓര്‍മിച്ചുകൊണ്ടെത്തുന്ന ഈസ്റ്റര്‍ ദിനം.

ലാറ്റിനമേരിക്കയില്‍ നിന്നുള്ള പുതിയ മാര്‍പ്പാപ്പ പുനരുത്ഥാനത്തിന്റെ ഈ ലാറ്റിനമേരിക്കന്‍ മാതൃകള്‍ തന്റെ ഈസ്റ്റര്‍ പ്രഭാഷണങ്ങളില്‍ സൂചിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. * ഫാദര്‍ കമെലൊ ടോറസ്സ് റെസ്ട്രിപോ (1929-66): കൊളംബിയയിലെ വിപ്ലവകാരിയായ കത്തോലിക്കാ പുരോഹിതന്‍. ദേശീയ വിമോചനസേനയില്‍ അംഗമായി കൊളംബിയയിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ പോരാടി വീരമൃത്യ വരിച്ചു.

*
ഡോ. ബി. ഇക്ബാല്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 31 മാര്‍ച്ച് 2013

No comments: