Monday, March 11, 2013

ഡാനിയേലിനോടും റോസിയോടും നമ്മള്‍ ചെയ്തത്

കമാലുദ്ദീന്‍ മുഹമ്മദ് ജലീലില്‍നിന്ന് കമലിലേക്കുള്ള ദൂരം കടുത്ത ആഗ്രഹങ്ങളുടേതാണ്. മലയാളത്തിന്റെ പ്രിയനടന്‍ ബഹദൂറിന്റെയും, മുസ്ലിം സമൂഹത്തിന്റെ ജീവിതത്തെ ആദ്യമായി വെള്ളിത്തിരയിലേക്ക് കൊണ്ടുവന്ന കുഞ്ചാക്കോയുടെ ആദ്യ ചിത്രം "ഉമ്മ"യുടെ കഥയെഴുതിയ മൊയ്തു പടിയത്തിന്റെയും പിന്മുറക്കാരന് സിനിമ ഉള്ളിലെവിടെയോ ഉറപൊട്ടിയ ഒരു തെളിനീരായിരുന്നു സ്കൂള്‍ കാലം മുതല്‍. പ്രേംനസീറിനെ കിനാവുകണ്ട നാളുകള്‍. പിന്നെ വഴിമാറാന്‍ തുടങ്ങിയത് മറ്റൊരു അമ്മാവനായ പടിയന്റെ പ്രേരണയിലൂടെയാണ്. പ്രേംനസീറിനും ഷീലക്കുമപ്പുറം മറ്റൊരു സിനിമയുണ്ടെന്നും സാഹിത്യമെന്നത് മറ്റു ചിലതാണെന്നും പറഞ്ഞു കൊടുത്തത് പടിയന്‍. പിന്നെയത് ഹരമായി. ഒടുവില്‍ 1981ലെ ത്രാസത്തിന്റെ തിരക്കഥ മുതല്‍ സിനിമയില്‍ ചരിത്രമാകാനിരിക്കുന്ന സെല്ലുലോയ്ഡ് വരെ നാല്‍പ്പത്തിമൂന്നോളം സിനിമകള്‍.

കാല്‍പനികമെന്നു ചിലര്‍ ഒളിഞ്ഞും തെളിഞ്ഞും കമല്‍ സിനിമകളെ അമ്പെയ്യുമ്പോഴും തന്റെ സിനിമകളില്‍ ചിലതൊന്നും പാടില്ലെന്നും തന്റെ കഥപറച്ചിലിന് ചിലതെല്ലാം നിര്‍ബന്ധമാണെന്നും അതെന്റെ ശരിയെന്നും പറയുന്നു കമല്‍. സമൂഹത്തിന് നിരക്കാത്തതൊന്നും സ്വന്തം സിനിമക്കും വേണ്ടെന്നത് കമലിന്റെ ആദ്യ വാശി. ഒടുവില്‍ മലയാള സിനിമയുടെ ചരിത്രം തുടങ്ങുന്ന മുനമ്പിലേക്ക് ഒരെത്തിനോട്ടത്തോടെ ഒരു നാഴികക്കല്ലുകൂടി സ്ഥാപിക്കുന്നു.
 
സെല്ലുലോയ്ഡ് പലതുമാണ്. ഒരു സിനിമ മാത്രമല്ല; ബോക്സോഫീസ് വിജയവും അവാര്‍ഡും മാത്രമല്ല; അത് ചരിത്രത്തിലൂടെ സ്വന്തം നിലയിലുള്ള കടന്നുപോക്കാണ്. ബ്യൂറോക്രസിയും ജാതീയതയും കലയോട് എങ്ങിനെയായിരുന്നുവെന്ന വിളിച്ചുപറയലാണ്. സമകാലീന കേരളത്തിന്റെ സാംസ്കാരിക ദുര്‍മേദസ്സുകളെ വെളിച്ചത്തു കൊണ്ടുവരലാണ്. ഒടുവില്‍ കാര്യങ്ങള്‍ അത്രയും മോശമാകുന്നുവെന്ന് സമൂഹത്തിന് തെളിയിച്ചു കൊടുക്കലുമായി അത്. സെല്ലുലോയ്ഡിന്റെ വിജയത്തിനും അവാര്‍ഡിനും ശേഷം, വിലയുള്ളവന്റെയും വിവരമില്ലാത്തവന്റെയും വിവാദങ്ങള്‍ക്കുശേഷം കമല്‍ ദേശാഭിമാനിക്കായി മാറ്റിവെച്ച അല്‍പ്പ നിമിഷങ്ങള്‍.

തന്റെ സിനിമയെക്കുറിച്ച്, സ്വപ്നങ്ങളെക്കുറിച്ച്, ജീവിതത്തെക്കുറിച്ചും, ഒടുവില്‍ സെല്ലുലോയ്ഡിനെക്കുറിച്ചും.

കമലിന്റെ സിനിമ

എന്റെ സിനിമ തീര്‍ച്ചയായും ആത്മരതിയല്ല. അത് സമൂഹത്തിനു വേണ്ടിത്തന്നെയാണ്. ഞാന്‍ ചില മൂല്യങ്ങളില്‍ വിശ്വസിക്കുന്നുണ്ട്. പറയുന്നത് സമൂഹത്തിനുവേണ്ടിയാണ്. ജീവിതത്തിലും സാമൂഹ്യപ്രതിബദ്ധത വേണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. നന്മയുണ്ടാകണം കലയില്‍. കലാകാരന്‍ നന്മയുടെ പക്ഷത്ത് നില്‍ക്കുന്നവനാകണം.

കമല്‍ കാല്‍പനികതക്കു പുറകെയെന്ന വിമര്‍ശനം

അതു ശരിയാണ്, ബോധപൂര്‍വമാണ്. എന്റെ സിനിമകളെക്കുറിച്ചുള്ള വിമര്‍ശനത്തെ അംഗീകരിക്കുന്നു. കലാകാരന്‍ അല്‍പം കാല്‍പനികനാവണം എന്നാണ് എന്റെ കാഴ്ചപ്പാട്. യാഥാര്‍ഥ്യങ്ങളെ കാല്‍പനികതയോടെ പറയാനാണെനിക്കിഷ്ടം. കവികളും അങ്ങനെയാണല്ലോ. കാല്‍പനികതക്ക് ഒരു ഭംഗിയുണ്ട്. എന്റെ എല്ലാ സിനിമകളും അങ്ങനെയാണ്.

പുതുതലമുറ സിനിമകള്‍

കാലത്തിനനുസരിച്ച് വഴിമാറി നടക്കല്‍ നല്ലതാണ്. അത് പുതിയ കുട്ടികള്‍ ചെയ്യുന്നുണ്ട്. പരമ്പരാഗത രീതി വിട്ട് നടക്കല്‍ സ്വാഗതം ചെയ്യപ്പെടണം, സിനിമയിലായാലും ജീവിതത്തിലായാലും. കഥയിലും പറയുന്ന രീതിയിലും ഗാനത്തിലും അഭിനയത്തിലും സാങ്കേതികതയിലുമെല്ലാം ഈ പുതിയ രീതിയുണ്ട്. പുതുതലമുറ പുതിയ കാര്യമല്ല പുതുതലമുറ സിനിമയെന്നത് ഇപ്പോഴുണ്ടായതല്ല. അത് എല്ലാകാലത്തും അതാതു കാല ഘട്ടത്തിന്റെ കാഴ്ചക്കും അവസ്ഥക്കുമനുസരിച്ചുണ്ടായിട്ടുണ്ട്. ന്യൂ ജനറേഷന്‍ സിനിമയെന്നത് ഇപ്പോഴുണ്ടായ പ്രതിഭാസമാണെന്ന് പാടിത്തകര്‍ക്കുന്നത് മാധ്യമങ്ങളാണ്. അത് തെറ്റാണ്. കഴിഞ്ഞുപോയ കാലത്തെ നിരാകരിക്കരുത്. മുന്‍പേ പോയവരും വഴിമാറി നടന്നവരാണ്. വലിയ മാറ്റങ്ങള്‍ സിനിമയില്‍ വരുത്തിയവരാണവര്‍. വിഷയത്തിലും അവതരണത്തിലും എല്ലാം പുതുമകള്‍ പണ്ടേ മലയാള സിനിമയിലുണ്ടായിട്ടുണ്ട്. അല്ലെങ്കില്‍ പ്രേം നസീറില്‍തന്നെ മലയാളസിനിമ കുരുങ്ങുമായിരുന്നല്ലോ. ഓരോ കാലത്തും ന്യൂ ജനറേഷന്‍ കല ഉണ്ടായിട്ടുണ്ട്. അതിന് നേതൃത്വം നല്‍കിയവരുമുണ്ടായിട്ടുണ്ട്.

പുതിയ പരീക്ഷണങ്ങള്‍

പുതിയ പരീക്ഷണങ്ങള്‍, അഭിനയത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച്, നേരത്തെ ഉണ്ടായിട്ടുണ്ടല്ലോ. പ്രേംനസീറും ജയനും നിറഞ്ഞാടുമ്പോഴല്ലെ മധ്യവയസ്കനായ കൊടിയേറ്റം ഗോപിയെ മലയാള സിനിമ ധീരമായി പരീക്ഷിച്ചത്. ഇടക്കാല ത്തും ഉണ്ടായിട്ടുണ്ട്. സൂപ്പര്‍സ്റ്റാറുകളായി മമ്മൂട്ടിയും മോഹന്‍ലാലും മാറുകയും സിനിമയുടെ അള്‍ട്ടിമേറ്റ് ഹീറോ ഇമേജിലേക്ക് അവര്‍ വരികയും ചെയ്തപ്പോള്‍ പലരും അതിലൊതുങ്ങിപ്പോയി. അക്കാലത്തും മികച്ച നടന്മാര്‍ മലയാളത്തിലേക്ക് വന്നു. ഇപ്പോഴും അവര്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷെ സൂപ്പര്‍സ്റ്റാറിന്റെ നിഴലിലേക്ക് ഒതുക്കപ്പെട്ടു എന്നതായിരുന്നു ദുരന്തം. ശ്രീനിവാസന്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുകയല്ലേ. പാട്ടുകാരുടെ കാര്യത്തില്‍ കുറവായിരുന്നു. മലയാളി യേശുദാസിന്റെ ശബ്ദത്തിന് അടിമയായിരുന്നു. പ്രതിഭയുടെ വറ്റല്‍ ഒരുറവ വറ്റുമ്പോഴാണ് അങ്ങോട്ട് മറ്റൊരുറവ ഒഴുകിയെത്തുന്നത്. അടുത്തകാലം വരെ മലയാളത്തില്‍ പ്രതിഭയുടെ ധാരാളിത്തം ഉണ്ടായിരുന്നു. ഇപ്പോള്‍ എവിടെയോ വരള്‍ച്ച കാണാന്‍ തുടങ്ങി. അതിലേക്കാണ് പുതിയവര്‍ ഒഴുകിയെത്തുന്നത്. അതിങ്ങനെ സംഭവിച്ചുകൊണ്ടിരിക്കും.

തിരികെ കമലിലേക്ക്

സിനിമ കുട്ടിക്കാലം മുതലേ കൗതുകമായിരുന്നു. ബന്ധുവായ ബഹദൂറും മൊയ്തു പടിയത്തും അതിനൊരു കാരണമായിട്ടുണ്ട്.പ്രേം നസീറിനെ മനസ്സില്‍ കൊണ്ടുനടക്കുന്ന കാലം. ആദ്യം അഭിനയവും പിന്നെ സംവിധാനവുമൊക്കെയാണ് മനസ്സില്‍. അതിനെ വഴിതിരിച്ചു വിടുന്നത് മറ്റൊരു അമ്മാവന്‍ പടിയനാണ്. വക്കീലായിരുന്ന അദ്ദേഹമാണ് പുതിയ സിനിമകളെക്കുറിച്ചും പുതിയ സംവിധായകരെക്കുറിച്ചും പുതിയ വായനയെക്കുറിച്ചും പറഞ്ഞു തരുന്നത്. അങ്ങനെയാണ് ഒ വി വിജയനെയും മറ്റും വായിക്കാന്‍ തുടങ്ങിയത്. ബാപ്പയും മികച്ച വായനക്കാരനായിരുന്നു. അക്കാലത്തെ മികച്ച പ്രസിദ്ധീകരണങ്ങള്‍ വീട്ടിലുണ്ടായിരുന്നു. പടിയന്റെ പ്രേരണ കൂടിയായപ്പോള്‍ ഫിലിം സൊസൈറ്റികളുടെ പ്രദര്‍ശനങ്ങളിലൂടെ പഥേര്‍ പാഞ്ജാലിയും അപൂര്‍ സന്‍സാറും മണിക് കൗളും ബര്‍ഗ്മാനും കാണാന്‍ തുടങ്ങി.

ആദ്യ സിനിമ

ത്രാസം ചെറുപ്പത്തില്‍ എഴുതുമായിരുന്നു. കോളേജ് മാഗസിനില്‍ ഒരു കഥയെഴുതി. മരണത്തെ ചങ്ങാതിയാക്കിയ ഒരാളെക്കുറിച്ച്. മതില കത്തെ ക്രിസ്ത്യന്‍ പള്ളിയിലെ സെമിത്തേരി കാവല്‍ക്കാരന്‍. മരണം നടക്കുന്ന ദിവസങ്ങളില്‍ അത്യാഹ്ലാദവാനാകുന്ന ഒരാള്‍. രാത്രി മുഴുവന്‍ ഇയാള്‍ ആരുമായോ സംസാരിക്കുമായിരുന്നു. ഒരിക്കല്‍ ആരോടാണ് സംസാരിക്കു ന്നത് എന്നാരാഞ്ഞപ്പോള്‍ "അതു നമ്മുടെ ചങ്ങാതിയോട്-മരണത്തോട്" എന്നായിരുന്നു മറുപടി. ഈ കഥാപാത്രമാണ് കഥയായത്. കഥ വായിച്ച പടിയന്‍ അതു സിനിമയാക്കാന്‍ താല്‍പര്യപ്പെട്ടു. തിരക്കഥ ഞാന്‍ തന്നെ. സഹസംവിധായകനുമായി. 1981ലാണത്. മദ്രാസിലേക്ക് തുടര്‍ന്ന് സിനിമ പഠിക്കാന്‍ കോടമ്പാക്കത്തെത്തി. സിനിമാജീവിതം നേരില്‍ക്കണ്ട കാലം. ഒരു പാട് പഴയ സിനിമാക്കാരുമായി കണ്ടുമുട്ടി. പി എന്‍ മേനോനുള്‍പ്പെടെയുള്ളവരുടെ കൂടെ പ്രവര്‍ത്തിച്ചു. പിന്താങ്ങിയവര്‍ ഒരു പാടുപേരുണ്ട്. എന്നാല്‍ മറക്കാനാവാത്തത് ജോണ്‍ പോളിനെയാണ്. സ്വതന്ത്ര സംവിധായകനാക്കുന്നതില്‍ അദ്ദേഹത്തിന്റെ താല്‍പര്യവും സഹായവും തന്നെയാണ് മുഖ്യം ആദ്യ ചിത്രം വിവാഹം കഴിഞ്ഞു. ഭാര്യക്ക് പൊന്നാനി എംഇഎസ് കോളേജില്‍ ജോലി. താമസം പൊന്നാനിയില്‍. ഒരു ദിവസം ജോണ്‍ പോളിന്റെ ടെലഗ്രാം. ശ്രീ സായി പ്രൊഡക്ഷന്‍സിന്റെ ആര്‍ എസ് ശ്രീനിവാസ് കൊച്ചിയിലെത്തുന്നു. നേരില്‍ കാണാന്‍. പക്ഷെ ഞാനെത്തിയപ്പോഴേക്കും വൈകി. അദ്ദേഹം കാത്തിരുന്നു മടുത്ത് തിരികെ വിമാനം കയറി. അന്ന് ജോണിന്റെ വക വഴക്ക്. എങ്കിലും ജോണ്‍ വീണ്ടും അദ്ദേഹവുമായി ബന്ധപ്പെട്ടു. പദ്ധതിയില്‍ മാറ്റമില്ല. നേരില്‍ കാണല്‍ പിന്നീടാവാം എന്നു മറുപടി.

കോരയുടെ ചീട്ട്

സിനിമാക്കാര്‍ പ്രത്യേകിച്ച് നിര്‍മാതാക്കള്‍ വലിയ വിശ്വാസികളായിരുന്നു. കൊച്ചിയില്‍ കോര എന്നൊരാളുണ്ടായിരുന്നു. അയാള്‍ ചീട്ടിട്ട് നിശ്ചയിക്കും നടനാര്, സംവിധായകനാര് എന്നൊക്ക. അന്ന് സിനിമ കോരയുടെ ചീട്ടിന്‍ തുമ്പത്തായിരുന്നു. പുതിയ സംവിധായകനെ വെച്ച് പടം ചെയ്യാന്‍ ശ്രീ സായ് പ്രൊഡക്ഷന്‍ തീരുമാനിച്ചപ്പോള്‍ ചീട്ടു വീണത് എന്റെ പേരിലാണ്. അങ്ങിനെയാണ് നിര്‍മ്മാതാവ് ശ്രീനിവാസന്‍ എന്നെ വിടാതെ പിടിച്ചത്. ശ്രീനിവാസന്റെ മരണം ഒരു ദിവസം പത്രത്തില്‍ വാര്‍ത്ത, കുമരകത്ത് ബോട്ടപകടത്തില്‍ ശ്രീനിവാസന്‍ മരിച്ചു.അതോടെ സംവിധാന സ്വപ്നം പൊലിഞ്ഞു. ജോണ്‍ പോള്‍ ആശ്വസിപ്പിച്ചു, "വേറെ നോക്കാം".

മിഴിനീര്‍ പൂക്കള്‍

പൊന്നാനിയില്‍ ഇ കെ ഇമ്പിച്ചിബാവയുടെ വീട്ടിലെ നമ്പറാണ് അന്ന് എല്ലാവര്‍ക്കും നല്‍കിയിരുന്നത്. അതിനടുത്താണ് താമസം. ഒരു ദിവസം ജോണിന്റെ ഫോണ്‍. ഉടന്‍ മദ്രാസിലെ ത്തുക. മദ്രാസില്‍ ശ്രീനിവാസിന്റെ മക്കള്‍, കുട്ടികള്‍ എന്നു വിളിക്കാവുന്നവര്‍ പടം തുടരാന്‍ തീരുമാനിച്ചു. സംവിധാനം എന്നെത്തന്നെ ഏല്‍പ്പിക്കാനും. അങ്ങിനെയാണ് 1986ല്‍ മിഴിനീര്‍പൂക്കളുണ്ടായത്.

ഭാഗ്യം വരുന്ന വഴി

ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് നായകനായ മോഹന്‍ലാല്‍ സ്വയം എനിക്ക് ഡേറ്റു തരുന്നു. നിര്‍മാണവും ഏറ്റെടുക്കുന്നു. ഒരു പുതിയ സംവിധായകനു കിട്ടാവുന്ന മഹാ സൗഭാഗ്യമാണത്. ആദ്യപടം ഇറങ്ങും മുമ്പേ അന്നത്തെ പ്രിയ നടന്‍ മുന്നോട്ടു വരിക. അപൂര്‍വഭാഗ്യം. അതാണ് "ഉണ്ണികളേ ഒരു കഥ പറയാം". തുടര്‍ന്നിങ്ങോട്ട് മുടക്കില്ലാതെ സെല്ലുലോയ്ഡ് വരെ. എങ്ങിനെയാണ് സെല്ലുലോയ്ഡ് കുറേ വര്‍ഷമായി മനസ്സില്‍ കൊണ്ടുനടന്ന പദ്ധതിയാണ് സെല്ലുലോയ്ഡായത്. മലയാള സിനിമയുടെ പിതാവിനെക്കുറിച്ചുള്ള സിനിമ. പിന്നീടാണ് വിനു എബ്രഹാമിന്റെ പുസ്തകം വായിക്കുന്നത്. പിന്നെ അതിലേക്കു വരുന്നു.

എന്തുകൊണ്ട് ഡാനിയേല്‍

ഡാനിയേല്‍ ഒന്നും മലയാള സിനിമക്ക് സംഭാവനചെയ്തിട്ടില്ല. ഒരു സിനിമ നിര്‍മിച്ചു എന്നതു മാത്രം. അതല്ലെങ്കില്‍ മറ്റൊരാളുണ്ടാകുമായിരുന്നു. പക്ഷെ ഇങ്ങനെയൊരു മാധ്യമത്തെക്കുറിച്ച് കേട്ടറിഞ്ഞ് ജീവിതസൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് സിനിമയെ പഠിക്കുകയും അതിനായി എല്ലാം നഷ്ടപ്പെടുത്തുകയും ചെയ്ത ഒരാള്‍. മലയാള സിനിമ കുതിക്കുമ്പോള്‍ ഈ മനുഷ്യന്‍ ഒതുക്കപ്പെട്ടു. ആ വേദനകളില്‍ നിന്നാണ് ഡാനിയേലിന്റെ കഥയിലേക്കെത്തുന്നത്. ചരിത്രത്തില്‍ പരാജയപ്പെട്ട ഒരാള്‍ വീണ്ടും വീണ്ടും പരാജയമേറ്റു വാങ്ങുന്നു. ജീവിതത്തിലും അങ്ങനെയാണല്ലോ. ഒരിക്കല്‍ പരാജയമായാല്‍ പിന്നെയും പിന്നെയും പരാജയങ്ങള്‍. സിനിമയില്‍ അതുകൂടുതലാണ്. വളരെ പെട്ടെന്ന് വിസ്മൃതിയിലാവുന്നു. എത്ര വലിയ സംഭാവന നല്‍കിയ ആളും മറവിയിലേക്ക് പോവുന്നു. പ്രേം നസീര്‍ വലിയ അഭിനയപ്രതിഭയല്ലെങ്കിലും മലയാള സിനിമയെ ഒരു കാലഘട്ടത്തില്‍ വ്യവസായമാക്കി നിലനിര്‍ത്തിയതില്‍ വലിയ പങ്കുണ്ട്. അദ്ദേഹത്തെ പോലും മറന്നു. ചില ബിംബങ്ങള്‍ മാത്രം നില്‍ക്കുന്നു ഭരതനെയും പത്മരാജനെയും ഓര്‍ക്കുന്ന നമ്മള്‍ പി എന്‍ മേനോനെ മറന്നു. ജീവിച്ചിരുന്നിട്ടും കെ എസ് സേതുമാധവനെ മറന്നു. അവര്‍ നല്‍കിയ സംഭാവന മറന്നു. ഐ വി ശശി ഇപ്പോഴും വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നു. എന്നിട്ടും നല്ലതാവട്ടെ, മോശമാവട്ടെ മലയാള സിനിമയെ നിലനിര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവന പലരും ഓര്‍ക്കുന്നില്ല. ചില ബിംബങ്ങളെ മാത്രം ഓര്‍ക്കുകയും വാഴ്ത്തുകയും ചെയ്യുന്നു. അതില്‍ നിന്നാണ് ഞാന്‍ ഡാനിയേലിനെക്കുറിച്ച് ആലോചിച്ചത്. നിര്‍മാതാവിനെ കിട്ടാന്‍ എനിക്കിപ്പോള്‍ ബുദ്ധിമുട്ടില്ല. പക്ഷെ ഡാനിയേലിന്റെ കഥ സിനിമയാക്കുമ്പോള്‍ ആരും മുന്നോട്ടു വന്നില്ല. പണം പോകുമോ എന്ന ഭയമായിരുന്നു. അങ്ങിനെയാണ് സുഹൃത്തായ ഉബൈദ് ഒരു ഉപാധിയുമില്ലാതെ മുന്നോട്ടു വന്നത്.

ചരിത്രം പറച്ചിലായിരുന്നോ


ഒരിക്കലുമല്ല. അതൊരു ഡോക്യുമെന്ററിയല്ല. ചരിത്രത്തെ അപ്പാടെ രേഖപ്പെടുത്തലുമല്ല. എന്റെ മാത്രം കാഴ്ചപ്പാടിലൂടെ ഡാനിയേലിന്റെ ജീവിതം പറയലായിരുന്നു. ചേലങ്ങാടിന്റെ രചനയോ വിനുവിന്റെ നോവലോ അതില്‍ പൂര്‍ണമായി ഇല്ല. കഥാചിത്രമാണത്, പൂര്‍ണ്ണമായും. ആധികാരിക രേഖയായി സെല്ലുലോയ്ഡിനെ കാണരുത്. ലിങ്കണെ സ്പില്‍ബര്‍ഗും ഗാന്ധിയെ അറ്റന്‍ബറോയും വായിച്ചത് അവരുടെ കണ്ണിലൂടെയാണ്. അതു തന്നെയാണ് ഞാന്‍ ചെയ്തത്. ഫിക്ഷനും ചരിത്രവും കൂടിക്കുഴഞ്ഞ ഒരു കഥ മാത്രമാണ് സെല്ലുലോയ്ഡ്. പുറകെ വന്ന വിവാദങ്ങള്‍ അതു സിനിമ കാണാത്തതുകൊണ്ടുണ്ടായതാണ്. ചില വര്‍ത്തമാനങ്ങള്‍ വിവരക്കേടു കൊണ്ടും ചിലത് ബ്യൂറോക്രാറ്റിക് താല്‍പര്യം കൊണ്ടുമാണ്. ഡാനിയേലിനെ മലയാള സിനിമയുടെ പിതാവായി അംഗീകരിച്ചിട്ട് അധികം വര്‍ഷമായിട്ടില്ലല്ലോ. മഹാനടന്‍ മധുവിന് പത്മാ ബഹുമതി ലഭിക്കാന്‍ വൈകിയതെന്തുകൊണ്ട്. അതിനേക്കാള്‍ ചെറിയവര്‍ക്ക് അതു ലഭിച്ചുകഴിഞ്ഞല്ലോ. എന്നിട്ടും നല്‍കിയത് പത്മശ്രീ മാത്രമാണ്. ഇതിനു പുറകിലൊക്കെ ഒരു തരം ബ്യൂറോക്രാറ്റിക് താല്‍പര്യം മാത്രമാണ്. അത് അന്നും ഇന്നുമുണ്ട്. ഇതൊക്കെ ചേര്‍ന്നാണ് അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിവിട്ടത്.

നമ്മുടെ സമൂഹം പുറകോട്ടു പോവുന്നുണ്ടോ

പണ്ട് ഡാനിയേലിനോടും റോസിയോടും ചെയ്തത് ചില ആചാരങ്ങള്‍ മാത്രമാണ്. ജാതീയതയും പ്രാമാണിത്തവും കൊടികുത്തിയ കാലത്ത് നടത്തിയ ആചാരം. അവര്‍ക്ക് അന്നത് അനാചാരമായിരുന്നില്ല. എന്നാല്‍ ആ കാലത്തേക്കല്ല നമ്മുടെ സമൂഹം നടക്കുന്നത്. അതിനേക്കാള്‍ അപകടകരവും പിന്തിരിപ്പനുമായ കാലത്തേക്കാണ്. കമല്‍ഹാസന്റെ വിശ്വരൂപത്തോടുള്‍പ്പടെ കാണിച്ച അസഹിഷ്ണുത കലാകാരന്മാരെയാകെ ഭയപ്പെടുത്തുന്നുണ്ട്. ഫാസിസത്തിന്റെ ഭയാനക കാഴ്ചകളിലേക്കാണ് ഓരോ ദിവസവും നാം നടന്നു കയറുന്നത്. ചിന്തിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം എടുത്തുമാറ്റുകയാണ് ചിലര്‍. ചിന്തയെ ഭയപ്പെടുന്നവരാണത്. വരും തലമുറയെ ചിന്താശേഷിയില്ലാത്തവരാക്കലാണ് ലക്ഷ്യം. പുതിയ പദ്ധതികള്‍ ആലോചനയിലുണ്ട്. ഒന്നും പ്രഖ്യാപിക്കാറായിട്ടില്ല കുടുംബം ഭാര്യ സാബുറാബി കൊടുങ്ങല്ലൂര്‍ എംഇഎസ് അസ്മാബി കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയാണ്. മകന്‍ ജാനൂസ് ഇംഗ്ലണ്ടില്‍ എംബിഎ പഠനവും അവിടെത്തന്നെ സിനിമാപഠനവും കഴിഞ്ഞ് എന്നോടൊപ്പമുണ്ട്; സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പില്‍. മകള്‍ ഹന്ന എംബിഎ വിദ്യാര്‍ഥിനിയാണ്. വിവാഹിതയാണ്.

*
കമല്‍/കെ ഗിരീഷ്
 
ദേശാഭിമാനി 10 മാര്‍ച്ച് 2013

No comments: